പരിസ്ഥിതി പ്രക്ഷോഭങ്ങൾ: ലഘു കുറിപ്പ്

മൊഡ്യൂൾ 4 പാർട്ട് 08

കണ്ണൂർ സർവകലാശാല

കേരള സംസ്കാരം

ജനകീയ പരിസ്ഥിതി പ്രക്ഷോഭങ്ങൾ

നിരവധി പരിസ്ഥിതി സംരക്ഷണാർത്ഥമുള്ള സമരങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിൽ ഏറ്റവും സജീവമായ ചെറുത്തുനിൽപ്പാണ് സൈലൻ്റ് വാലിയിൽ നടന്നത്. അപൂർവയിനം പക്ഷികളും സിംഹവാലൻ കുരങ്ങുകളുമുള്ള ഇടം. പദ്ധതി നടപ്പിലാക്കിയാൽ ഉണ്ടാകുന്ന നേട്ടങ്ങളെക്കാളും കൂടുതൽ കോട്ടങ്ങളായിരുന്നു. ജൈവസമ്പത്തു നാശമടയാനും ഭാരതപ്പുഴ വറ്റിവരളാനും അപൂർവജീവികളുടെ നാശത്തിനും ഇതു വഴിയൊരുക്കും. എം.കെ പ്രസാദ്, ജോൺസി ജേക്കബ്, സുഗതകുമാരി എന്നിങ്ങനെ നിരവധി പേർ സൈലൻ്റ് വാലി സംരക്ഷിക്കാൻ രംഗത്തിറങ്ങി. 1984 നവംബർ 15 ന് പദ്ധതി റദ്ദാക്കിയതായി കേരളസർക്കാരിൻ്റെ അറിയിപ്പു വന്നു. 1985 സെപ്തംബറിൽ അതു ദേശീയോദ്യാനമായി പ്രഖ്യാപിച്ചു.

പരിസ്ഥിതിക്കുവേണ്ടി ജനവികാരത്തെ മാനിച്ച് ഒരു വികസന പദ്ധതി റദ്ദാക്കപ്പെടുന്നത് ആദ്യമായാണ്. 1980 കളുടെ അവസാനം പൂയംകുട്ടി സംരക്ഷിക്കാൻ പരിസ്ഥിതിപ്രവർത്തകരിറങ്ങി. നിർദ്ദിഷ്ട പെരിങ്ങോം 

ആണവനിലയ പദ്ധതിക്കെതിരെയും (1990) ജനങ്ങൾ സംഘടിച്ചു. ചാലിയാർ സംരക്ഷണത്തിനു വേണ്ടിയും ജനം കൈകോർത്തു. ഇവയൊക്കെ കേരളീയ സമൂഹത്തിൽ ശാസ്ത്രീയാവബോധവും പരിസ്ഥിതി പ്രാധാന്യവും അവശ്യഘടകങ്ങളാണെന്നു തെളിയിച്ച സംഭവങ്ങളായിരുന്നു.

ഈ സാഹചര്യത്തിൽ പ്ലാച്ചിമടയിലെ പ്രതിഷേധത്തിനും അതിയായ പ്രാധാന്യമുണ്ട്.

പ്ലാച്ചിമട പരിസ്ഥിതി സമരം

ആഗോള കുത്തകക്കമ്പനിയായ കൊക്കകോളയുടെ ജലചൂഷണത്തിനെതിരെയും പരിസ്ഥിതി മലിനീകരണത്തിനെതിരെയുമാണ് ജനങ്ങൾ പ്രതിഷേധിച്ചതും ചെറുത്തു തോൽപ്പിച്ചതും. പാലക്കാട്ടെ പെരുമാട്ടി പഞ്ചായത്തിലാണ് പ്ലാച്ചിമട. കൊക്കകോള കമ്പനി പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിൽ പ്രവർത്തനമാരംഭിക്കുന്നത് 2000 ജൂണിലാണ്. ഹിന്ദുസ്ഥാൻ കൊക്കകോള ബീവറേജസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്. 35 ഏക്കർ പാടശേഖരം നികത്തിയാണ് കമ്പനി സ്ഥാപിച്ചത്. ഓരോ ദിവസവും 15ലക്ഷം ലിറ്റർ വെള്ളം കമ്പനി ചൂഷണം ചെയ്തു. കമ്പനി കർഷകർക്ക് വളമെന്ന പേരിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്‌ടിക്കുന്ന മാലിന്യം വിതരണം ചെയ്തു. മാസങ്ങൾക്കുള്ളിൽ ജലക്ഷാമം നേരിട്ടു. കിണറുകളും ജലാശയങ്ങളും മാലിന്യഭരിതമായി. ജലത്തിൻ്റെ സ്വാദുമാറി.അരി വേവിക്കാനാകുന്നില്ല. കൈകാലുകൾ ചൊറിയുന്നു. വൃദ്ധയായ കുഞ്ചമ്മ മകൻ വേലൂർ സ്വാമിനാഥനോട് ഈ അവസ്ഥകൾ പറയുന്നതാണ് സമരത്തിൻ്റെ ആരംഭം. പ്രശ്നം വ്യാപകമാണെന്ന് ബോദ്ധ്യപ്പെട്ടു. കാഡ്മിയമെന്ന വിഷവസ്തു ഖരമാലിന്യത്തിൽ വൻതോതിലടങ്ങിയിരുന്നു. പെരുമാട്ടി ആദിവാസികൾ ഏറെ താമസിക്കുന്ന സ്ഥലം കൂടിയാണ്. 10 കോളനികളിലായി 30000 പേർ. ‘പോരാട്ടം’ സംഘടനയുടെ നേതാവ് ഹേമയായിരുന്നു പ്ലാച്ചിമടയിൽ സമരമാരംഭിച്ചത്. 

2002 ഏപ്രിൽ 15ന്. ആദിവാസികളായ നാട്ടുകാർ മുൻപന്തിയിൽ നിന്നു. ലോകഭൂമിദിനമായ ഏപ്രിൽ 22 ന് സമരം ശക്തമാക്കി. തുടർന്ന് പൊലീസ് ഇടപെടലും ലാത്തിച്ചാർജുമുണ്ടായി. പ്ലാച്ചിമട സംരക്ഷണ സമിതിയുടെ പേരിലാണ് സമരം. കൽപ്പം കഴിഞ്ഞപ്പോൾ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ അനുകൂലിച്ചു. വിളയോടി വേണുഗോപാൽ, മേലൂർ സ്വാമിനാഥൻ, സുന്ദർരാജ്, മയിലമ്മ, ആർ അജയൻ തുടങ്ങിയവരാണ് സമരത്തിനു നേതൃത്വം നൽകിയത്. കൊക്കോകോള കമ്പനിയെ കുറ്റവിചാരണ ചെയ്യുക, പ്ലാച്ചിമട ആവർത്തിക്കാതിരിക്കാൻ വേണ്ട നിയമങ്ങളിൽ വേണ്ട മാറ്റം വരുത്തുക മുതലായവയായിരുന്നു ആവശ്യങ്ങൾ. 2003 ഏപ്രിലിൽ കന്പനിയുടെ ലൈസൻസു റദ്ദാക്കി. തുടർന്ന് പല സന്ദർഭങ്ങളിലായി കേരളസർക്കാരും പഞ്ചായത്തും കോടതിയിലേറ്റുമുട്ടി. ഹൈക്കോടതി പഞ്ചായത്തിനനുകൂലമായ ഉത്തരവുകളാണിറക്കിയത്. ഭൂഗർഭജലം പൊതുസ്വത്താണെന്നും കമ്പനിക്ക് കൂടുതൽ ജലമനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി. 2004 ജനുവരിയിൽ ലോകജലസമ്മേളനം പ്ലാച്ചിമടയിൽ നടന്നു. വി. എസ്. അച്യുതാനന്ദൻ്റെ പിന്തുണ സമരത്തിനു വലിയ ഊർജ്ജം നൽകി. 2004 ഫെബ്രുവരി 7 ന് ലൈസൻസു പുതുക്കാൻ നൽകിയ അപേക്ഷ പഞ്ചായത്തു നിരസിച്ചു. പ്ലാച്ചിമടസമരം കേരളത്തിലെമ്പാടും ചലനമുണ്ടാക്കിയ പരിസ്ഥിതിസമരമായിരുന്നു. 

‘ജനങ്ങളുടെ കുടിവെള്ളവും തൊഴിലിടവും ജീവിതവും നാടിൻ്റെ സ്വാതന്ത്ര്യവും പണയപ്പെടുത്തി ബഹുരാഷ്ട്ര കുത്തകക്കമ്പനികൾക്കും കോർപ്പറേറ്റ് മൂലധനശക്തികൾക്കും ഒത്താശ ചെയ്യുന്ന ഭരണാധികാരികളുടെ രാജ്യദ്രോഹ സാമ്രാജ്യത്വ സേവയെ ജീവൻ കൊടുത്തും ചെറുക്കുമെന്ന’ പ്രഖ്യാപനത്തോടെ 2005 ഓഗസ്ത് 15 ന് CPI-ML രാമചന്ദ്രൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ കൊക്കകോള കമ്പനി പിടിച്ചെടുക്കൽ സമരവും എടുത്തു പറയേണ്ടതാണ്.

റഫ:

സമരകേരളം : ആർ കെ. ബിജുരാജ്


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മരപ്പാവകൾ - കാരൂർ

കരുണ - കുമാരനാശാൻ

സഞ്ചാരസാഹിത്യം സാമാന്യാവലോകനം