തൊഴിലാളി മുന്നേറ്റം

മൊഡ്യൂൾ 4 പാർട്ട് 08

കണ്ണൂർ സർവകലാശാല 

കേരള സംസ്കാരം

 തൊഴിലാളി മുന്നേറ്റം

‘കർഷകപ്രസ്ഥാനത്തോളം പഴക്കമില്ലെങ്കിലും കർഷകപ്രസ്ഥാനത്തിനു മുമ്പു തന്നെ സംഘടിതരൂപം കൈക്കൊണ്ട ഒന്നായിരുന്നു തൊഴിലാളിപ്രസ്ഥാന’മെന്ന് പി.കെ. ഗോപാലകൃഷ്ണൻ ‘കേരളത്തിൻ്റെ സാംസ്കാരിക ചരിത്ര’ത്തിലെഴുതുന്നു. കേരളത്തിലെ ആദ്യത്തെ തൊഴിലാളി യൂണിയൻ രൂപീകൃതമായത് ആലപ്പുഴയിലാണ്. തിരുവിതാംകൂർ ലേബർ അസോസിയേഷൻ. കയർഫാക്ടറി തൊഴിലാളികളുടെ സംഘടനയായിരുന്നു അത്. കൂടിയാലോചനകളിലൂടെ പ്രശ്നപരിഹാരം കാണുകയെന്ന സമീപനമാണ് ആദ്യം സ്വീകരിച്ചത്. 1934 ൽ മാത്രമാണ് അസോസിയേഷൻ നേരിട്ടൊരു പണിമുടക്കിന് നേതൃത്വം നൽകിയത്. കൊച്ചിയിലും മലബാറിലും തിരുവിതാംകൂറിൽ മറ്റിടങ്ങളിലും ഇതിനിടയിൽ കൊഴിലാളിസംഘടനകൾ രൂപം കൊണ്ടു. വടക്കേ മലബാർ തൊഴിലാളി യൂണിയൻ, കണ്ണൂർ കോമൺ വെൽത്ത് യൂണിയൻ, കോഴിക്കോട് നെയ്ത്തു തൊഴിലാളിയൂണിയൻ, ഫറോക്ക് ടൈൽ വർക്കേഴ്സ് യൂണിയൻ തുടങ്ങി പല യൂണിയനുകളും 1934 നു മുന്നേ രൂപം കൊണ്ടിട്ടുണ്ട്. കൊച്ചിയിൽ കൊച്ചിൻ ലേബർ യൂണിയൻ, കൊച്ചി ഓച്ചം തുരുത്ത് തൊഴിലാളി സംഘം, തൃശ്ശൂർ ലേബറേഴ്‌സ് ബ്രദർഹുഡ് തുടങ്ങിയ സംഘടനകൾ രൂപം കൊണ്ടു. തിരുവിതാംകൂറിൽ അഖില തിരുവിതാംകൂർ നാവികത്തൊഴിലാളി യൂണിയൻ, തിരുവനന്തപുരം പ്രസ്സ് വർക്കേഴ്‌സ് യൂണിയൻ, കൊല്ലം കശുവണ്ടിത്തൊഴിലാളി യൂണിയൻ മുതലായവയും രൂപീകൃതമായി. 1934 ൽ ഇടതുചിന്താഗതി കർഷകപ്രസ്ഥാനത്തിലെന്ന പോലെ തൊഴിലാളി പ്രസ്ഥാനത്തിലും കടന്നുവന്നു. തൊഴിലാളി പ്രസ്ഥാനത്തിൻ്റെയും നേതൃത്വം ഇടതുപക്ഷ ചിന്താഗതിയുള്ളവർ വഹിച്ചു. അങ്ങനെ പൂർണ്ണമായും തൊഴിലാളിയൂണിയനുകൾ സമരസംഘടനകളായി. തിരുവിതാംകൂറിലെ ഉത്തരവാദ പ്രക്ഷോഭണത്തിൽ ആലപ്പുഴയിലെ തൊഴിലാളികൾ വലിയ പങ്കു വഹിച്ചു. നിരവധി ത്യാഗോജ്ജ്വല സമരങ്ങൾ നയിക്കാൻ അക്കാലയളവിൽ രൂപം കൊണ്ട യൂണിയനുകൾക്ക് സാധിച്ചു. 1946 ലെ പുന്നപ്രവയലാർ സമരത്തിലും തൊഴിലാളികളുടെ ത്യാഗോജ്ജ്വലമായ പോരാട്ടം ജീവിതാവകാശങ്ങൾക്കും ദിവാൻ ഭരണം അവസാനിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു.

നിർദ്ദയചൂഷണത്തിനും മർദ്ദനത്തിനും ഇരകളായിരുന്ന തൊഴിലാളികൾക്ക് അവകാശങ്ങളെക്കുറിച്ചുള്ള ബോധവും ഒരുമയും സമരവീര്യവും പ്രദാനം ചെയ്യുന്നതിൽ യൂണിയനുകൾ വഹിച്ച പങ്ക് അതിരറ്റതാണ്. രാപ്പകൽ ജോലി ചെയ്യേണ്ടിവരിക, തുച്ഛമായ കൂലി മാത്രം ലഭിക്കുക, കൂലിയിൽ നിന്നു പോലും അനധികൃതമായ പിരിവുകൾ നടത്തുക മുതലായ അനീതികൾ അനുഭവിക്കുന്നതോടൊപ്പം സ്ത്രീതൊഴിലാളികൾക്ക് അവരുടെ ശരീരം പോലും ചൂഷണം ചെയ്യപ്പെടുന്ന നിലയുണ്ടായിരുന്നു. ഇതിനെതിരെ പോരാടാനുള്ള ഉണർവ് സംഘടനകൾ പകർന്നു. തൊഴിലാളിവർഗ്ഗം വളരെ വേഗത്തിൽ വിപ്ലവബോധമുള്ള വർഗ്ഗമായി മാറുകയും സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളുടെ നേതൃപദവി വഹിക്കുകയും ചെയ്തു.

റഫ:

കേരളത്തിൻ്റെ സാംസ്കാരിക ചരിത്രം- പി.കെ. ഗോപാലകൃഷ്ണൻ


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മരപ്പാവകൾ - കാരൂർ

കരുണ - കുമാരനാശാൻ

സഞ്ചാരസാഹിത്യം സാമാന്യാവലോകനം