മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും
മൊഡ്യൂൾ 4
പാർട്ട് 07
കണ്ണൂർ സർവകലാശാല
കേരള സംസ്കാരം :
നവോത്ഥാന മുന്നേറ്റങ്ങൾ
മലയാളി മെമ്മോറിയൽ
തിരുവിതാംകൂർ സർക്കാർ സർവീസിലെ ഉയർന്ന ഉദ്യോഗങ്ങളൊക്കെ ലഭിച്ചിരുന്നത് പരദേശി ബ്രാഹ്മണർക്കും മറ്റുമായിരുന്നു. അന്ന് 500 രൂപയ്ക്കു മേൽ ശമ്പളമുള്ള ഉദ്യോഗങ്ങളൊന്നും നാട്ടുകാർക്ക് നൽകിയിരുന്നില്ല. ഇപ്രകാരം അവഗണിക്കുന്നതിലുള്ള ആശങ്കയും നീരസവുമാണ് മലയാളിമെമ്മോറിയലിൻ്റെ അടിസ്ഥാനകാരണം. തിരുവിതാംകൂർ സർക്കാർ സർവീസിലെ ഉയർന്ന ഉദ്യോഗങ്ങൾ വിദ്യാഭ്യാസയോഗ്യതയുള്ള നാട്ടുകാർക്കു നൽകണമെന്നതായിരുന്നു ആവശ്യം. 1891 ജനുവരി 1 ന് അന്നത്തെ മഹാരാജാവിനു മുന്നിൽ ഭീമഹരജി സമർപ്പിക്കുകയായിരുന്നു. ജി.പി. പിള്ളയെയാണ് മലയാളിമെമ്മോറിയലിൻ്റെ പ്രധാന സൂത്രധാരനായി കാണാവുന്നത്. സി.വി.രാമൻപിള്ള, സി.കൃഷ്ണപിള്ള, കെ.പി.ശങ്കരമേനോൻ എന്നിവരും നേതൃത്വം നൽകി. നായർ, ഈഴവർ, ക്രിസ്ത്യാനികൾ തുടങ്ങി 10037 പേർ നിവേദനത്തിൽ ഒപ്പിട്ടു. മദ്രാസിലെയും കൽക്കത്തയിലെയും ഇംഗ്ലീഷു പത്രങ്ങൾ ഇതിൻ്റെ പ്രസക്തിയെ പുകഴ്ത്തി. അങ്ങനെ ദേശീയ ശ്രദ്ധയും ലഭിച്ചു. അന്നത്തെ ദിവാൻ രാമറാവു സ്ഥാനമൊഴിഞ്ഞപ്പോൾ നാട്ടുകാരനായ ശങ്കര സുബ്ബയരെ ദിവാനായി നിയമിച്ചു കൊണ്ട് നാട്ടുകാരിൽ രാജവംശം പ്രതീക്ഷ ജനിപ്പിച്ചു. ഈഴവരുടെ അവശതകളും ഹരജിയിൽ വിവരിച്ചതിനാൽ ആ സമുദായക്കാരുടേയും ക്രിസ്ത്യാനികളുടെയും പിന്തുണ ഇതിനു ലഭിച്ചിരുന്നു. ജനങ്ങളുടെ രാഷ്ട്രീയാവബോധത്തെ ഉണർത്താൻ ഈ പ്രവർത്തനത്തിനു സാധിച്ചു.
ഈഴവ മെമ്മോറിയൽ
മലയാളി മെമോറിയൽ പോലെ, അതിൽ നിന്നും പ്രചോദനം നേടിയിട്ടാകണം 1896 ൽ ഈഴവരുടെ പ്രശ്നങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് തിരുവിതാംകൂർ മഹാരാജാവിന് നിവേദനം സമർപ്പിച്ചത്. സർക്കാർ സർവീസിലെ ഉദ്യോഗങ്ങളിൽ നാട്ടുകാരായ ഈഴവർക്കും അർഹമായ നിയമനം വേണം എന്നാണ് ആവശ്യപ്പെട്ടത്. 1896 സെപ്തംബർ 3 ന്, 13176 ഈഴവർ ഒപ്പിട്ട ഭീമഹർജി മഹാരാജാവിനു സമർപ്പിച്ചു. ഇതിന് നേതൃത്വം നൽകിയത് ഡോ. പൽപ്പുവായിരുന്നു. അന്ന് അഞ്ചുരൂപയിൽ കൂടുതൽ ശമ്പളമുള്ള ജോലികൾ ഈഴവർക്കു നൽകിയിരുന്നില്ല. ഈഴവർക്കും മറ്റു പിന്നോക്ക സമുദായക്കാർക്കും സ്കൂളുകളിലും സർക്കാർ ഉദ്യോഗങ്ങളിലും പ്രവേശനമുണ്ടായിരുന്നില്ല. ക്രിസ്തുമതത്തിലേക്കു മതംമാറിയവരായ ഈഴവർക്ക് ലഭിക്കുന്ന പരിഗണനയെങ്കിലും തങ്ങൾക്കു ലഭിക്കണമെന്ന് അവർ വാദിച്ചു. സാമൂഹികനീതിക്കു വേണ്ടിയുള്ള പ്രക്ഷോഭണങ്ങളുടെ പ്രാരംഭമായി ഇതിനെ കാണാവുന്നതാണ്.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ