മരപ്പാവകൾ - കാരൂർ

 'മരപ്പാവകൾ' എന്ന കഥ സവിശേഷമായ ആഖ്യാനപശ്ചാത്തലമുള്ള മനോഹരമായ കഥയാണ്. മലയാള കഥാലോകത്ത് എഴുത്തുകാരൻ്റെ രചനാകൗശലം പൂർണ്ണമായും ഇതൾ വിരിഞ്ഞ അപൂർവം രചനകളിൽ ഒന്നാണിത്. തികച്ചും സംഭാഷണ പ്രധാനമായ കഥയാണ് മരപ്പാവകൾ. സംഭാഷണങ്ങളിലൂടെ ഒരു കലാകാരിയായ സ്ത്രീയുടെ ദയനീയ കഥ വികസിക്കുന്നു. അതോടൊപ്പം എഴുത്തുകാരൻ്റെ സാമുഹിക പ്രതിബദ്ധത - Social Commitment - പ്രകാശം ചൊരിയുകയും ചെയ്യുന്നു. വ്യക്തിയും ഭരണകൂടവും തമ്മിലുള്ള അജഗജാന്തരം, കലാകാരനും സമൂഹവും തമ്മിലുള്ള പാരസ്പര്യം, സ്ത്രീസ്വത്വത്തിൻ്റെ ഉണർവ് എന്നീ വിഷയങ്ങൾ ഈ കഥയിൽ കടന്നുവരുന്നു. നർമ്മത്തിൻ്റെ സമുചിതമായ പ്രയോഗം കഥാഗുണത്തിൻ്റെ മാറ്റ് വർദ്ധിപ്പിക്കുന്നു. ആശാരിപ്പറമ്പിൽ നളിനി എന്ന പ്രതിമ നിർമ്മാണ കലയിൽ അഗ്രഗണ്യയായ സാധാരണക്കാരിയും ജനസംഖ്യാ കണക്കെടുപ്പിന് വന്ന എന്യുമറേറ്ററും തമ്മിലുള്ള സംഭാഷണമാണ് മരപ്പാവകൾ എന്ന കഥയിലെ മുഖ്യവിഷയം. എന്യുമറേറ്റർ നിശ്ചയമായും സർക്കാർ ഉദ്യോഗസ്ഥനായിരിക്കുമല്ലോ. അപ്പോൾ, ഭരണകൂടത്തിൻ്റെ ഇടപെടലിനുള്ള ദല്ലാളാകുന്നു അയാൾ. അയാളിലൂടെ ഒരു സാധാരണവ്യക്തിയിൽ ഭരണകൂടത്തിൻ്റെ സ്വാധീനം സാദ്ധ്യമാകുന്നു.. 


നിരവധി ചുഴികളും മലരികളും നിറഞ്ഞ് കുത്തൊഴുക്കോടെ അപ്രവചനീയമായ വിധത്തിൽ കുതിക്കുന്നതാണ്  ജീവിതം. സാങ്കേതികതയിലും അതിരുകളിലും മനുഷ്യജീവിതത്തെ തളച്ചിടാനുള്ള പരിശ്രമമാണ് ഭരണകൂടം നടത്തുന്നത്. തങ്ങളുടെ ഇംഗിതങ്ങൾക്കനുസരിച്ച് വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും നിർവചിക്കുകയാണ് സർക്കാർ. എന്യുമറേറ്ററുടെ ചോദ്യങ്ങൾക്ക് കൃത്യമായി പ്രതികരിക്കേണ്ട ബാദ്ധ്യത സാധാരണക്കാരനുണ്ട്. എന്നാൽ ചോദ്യനിർണ്ണയനത്തിൽ അയാൾക്ക് ഒരു പങ്കുമില്ല. തെറ്റായ വിവരങ്ങൾ നല്കാൻ പാടില്ലെന്നുണ്ട്. പലപ്പോഴും നിരക്ഷരരായ സാധാരണക്കാരിലേക്ക് ഉദ്യോഗസ്ഥരായ എന്യുമറേറ്റർമാർ ഇറങ്ങിത്തിരിക്കുമ്പോൾ വല്ലാത്ത ആശങ്ക അവരിലുണ്ടാകാറുണ്ട്. അതിൻ്റെ സൂചനകൾ മരപ്പാവകൾ എന്ന കഥയിൽ കാണാം. സാധാരണക്കാരൻ്റെ ഉത്കണ്oയും നെടുവീർപ്പുകളും കേൾക്കേണ്ടി വരുന്നതും അനുഭവിക്കേണ്ടി വരുന്നതും എന്യുമറേറ്റർമാരാണ്.


ആശാരിപ്പറമ്പിൽ എന്ന വീട്ടുപേരിൽ നിന്നും കുലത്തൊഴിൽ ആശാരിയാണെന്ന് സിദ്ധിക്കുന്നു. നളിനിയുടെ വ്യക്തിജീവിതം എന്യുമറേറ്ററുമായുള്ള സംഭാഷണത്തിലൂടെ അനാവൃതമാകുന്നു. കാരൂർ നീലകണ്ഠപ്പിള്ള മനുഷ്യഹൃദയത്തിലെ മൃദുലവികാരങ്ങളെ അതിൻ്റെ സ്നിഗ്ദതയോടെ അവതരിപ്പിക്കുന്നു. ദീർഘസംഭാഷണമാകയാൽ സംഭാഷണമദ്ധ്യേ എന്യുമറേറ്റർക്ക് നളിനിയോട് തോന്നുന്ന അഭിമതവും 'മരപ്പാവകൾ' എന്ന കഥയിൽ വരികൾക്കിടയിൽ തെളിയുന്നുണ്ട്. അതോടൊപ്പം തന്നെ ദമനം ചെയ്ത മൃദുലവികാരങ്ങളുടെ നിയന്ത്രണം വിടാത്ത പ്രകാശനവ്യം സംഭാഷണമുഹൂർത്തത്തിൽ പ്രത്യക്ഷമാകുന്നു. 'പൂവമ്പഴം' എന്ന കാരൂരിൻ്റെ കഥയും ഇത്തരമൊരവസ്ഥയുടെ പ്രതിഫലനം വഹിക്കുന്നു. അടക്കിവെച്ച ദുർബല വികാരങ്ങളുടെ തിരതള്ളൽ, നിയന്ത്രണരേഖ വിടാതെ ആ കഥയിൽ ആവിഷ്കൃതമാകുന്നു. അതുപോലെ തന്നെ മരപ്പാവകളിലും ആ വശം ഉജ്വലിക്കുന്നത് നമുക്ക് കാണാം.


സ്ത്രീ സ്വത്വം(സ്വത്വമെന്നത് ഐഡൻ്റിറ്റി തന്നെയാണ്- ഒന്ന് അതായിരിക്കുന്ന അവസ്ഥ) ശക്തമായി അവതരിപ്പിക്കുന്ന കഥയാണ് മരപ്പാവകൾ. നളിനി ദുർബലയല്ല. പ്രണയത്തിനും സ്നേഹത്തിനും വിധേയയാണവളെങ്കിലും നല്ല പ്രത്യുല്പന്നമതിത്വമുള്ളവളാണ്. ചങ്കൂറ്റവും ഇച്ഛാശക്തിയുമുള്ളവളാണ്. തൻ്റെ ലളിതമായ ചിന്തകളെയും ശങ്കകളെയും നിർഭയം അവതരിപ്പിക്കാൻ സാമർത്ഥ്യമുള്ളവളാണ് നളിനി. പുരുഷമേധാവിത്വത്തെ മറികടക്കാനുള്ള ഉപാധി സ്വായത്തമാക്കിയവളാണവൾ. സ്വാശ്രയത്വം. നല്ല പാവകളെയുണ്ടാക്കി വില്പനനടത്തിയുള്ള വരുമാനമാണ് നളിനിയെ പുരുഷാധിപത്യത്തിനെതിരെ പ്രതികരിക്കാൻ പ്രാപ്തയാക്കുന്നത്. ദുരിതം നിറഞ്ഞ ജീവിതഘട്ടങ്ങളെ തൻ്റേടത്തോടെ മറികടക്കാൻ പോന്ന മനോനിയന്ത്രണം അവൾക്കുണ്ടായത് പ്രതിസന്ധികളെ അഭിമുഖീകരിച്ച് ശീലം ഉള്ളതിനാലാണ്. അവളുടെ തൻ്റേടം കാരണം, പുരുഷനെ ആശ്രയിക്കാത്ത ജീവിതരീതി കാണുമ്പോൾ നാട്ടുകാരിൽ ചിലർ പതിവുപടി അവളിൽ വ്യഭിചാരമാരോപിക്കുന്നു. എന്നാൽ നളിനി അതിനെയും കുസുന്നില്ല. ധാർമ്മികതയ്ക്ക് നിരക്കാത്ത ഒന്നിനോടും വിട്ടുവീഴ്ചയില്ല. യഥാർത്ഥ കലാകാരിയുടെ സാമൂഹികബോധം ഇവിടെ പീലി വിടർത്തുന്നു.


അവൾക്ക് ഉമ്മിണിയെന്നു പേരുള്ള അമ്മയുണ്ട്, പിന്നെ ഒരാങ്ങളയുമുണ്ട്. ഇപ്പോൾ അവരുടെയൊപ്പമാണ് കഴിയുന്നത്. വിവാഹം കഴിച്ചിരുന്നു. എന്നാൽ ഭർത്താവുമായി സ്വരച്ചേർച്ചയില്ലാത്തതിനാൽ അയാളെ വിട്ടു വന്നിരിക്കുകയാണ്‌. ഭർത്താവുണ്ടോ എന്ന ചോദ്യത്തിന് 'ഉണ്ടെന്നോ ഇല്ലെന്നോ എഴുതിക്കോളൂ' എന്നാണ് നളിനിയുടെ പ്രതികരണം. ഇത് ആദ്യവീക്ഷണത്തിൽ ആരെയും അമ്പരപ്പിക്കുന്നതാണ്. പിന്നീട് ഒന്നുകൂടി നളിനി വ്യക്തമാക്കുന്നു: 'ഭർത്താവൊണ്ട്;ഭർത്താവില്ല താനും,'. പിന്നെ, ഭർത്താവുപേക്ഷിച്ചവൾ എന്ന അർത്ഥത്തിൽ 'വിഭർത്തൃക' എന്ന് എഴുതാമെന്ന് എന്യുമറേറ്റർ പറയുന്നു. ആ പദത്തിൻ്റെ അർത്ഥം മനസ്സിലായില്ല നളിനിക്ക്. ആ വാക്കു കേട്ടിട്ട് എഴുതാമെന്ന് തോന്നുന്നു എന്ന് നളിനി പ്രതികരിക്കുന്നു. പിന്നെ, ഭർത്താവ് ഉപേക്ഷിച്ചതല്ലെന്ന് അവൾ വ്യക്തമാക്കുന്നു. ഉപേക്ഷിച്ചെങ്കിൽ അയാൾ എന്തിന് ദൂതുമായി ആളെ പറഞ്ഞു വിടുന്നു? മറ്റൊരു സന്ദർഭത്തിൽ എന്യുമറേറ്ററുടെ ചോദ്യം കച്ചേരീലെ ചോദ്യത്തിന് സമാനമാണെന്ന് അവൾ പറയുന്നു. കച്ചേരിയിൽ നിങ്ങളോട് ചോദിച്ചിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ, ആ ദ്രോഹി (ഭർത്താവ്) അതിനും ഇടവരുത്തിയെന്നാണ് നളിനിയുടെ മറുപടി. അവൾ രോഷത്തോടെ പറയുന്നു: 'അവനാ ഭർത്താവ് ! ഭർത്താവില്ലെന്നങ്ങെഴുതിയേക്കൂ...' തന്നെ കോടതി കയറ്റിയ ഭർത്താവിനോടുള്ള അമർഷം വ്യക്തം.

ഛിദ്രമുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഭർത്തൃഗൃഹത്തിൽ ചെന്ന് ആറുമാസം തികയുന്നതിനു മുമ്പേ ഛിദ്രം  തുടങ്ങിയെന്ന് അവൾ പറയുന്നു. നളിനി ഉദ്ദേശിച്ചത് ഭർത്തൃവീട്ടിലെ കലഹമാണ്. ഭർത്താവ് ഒരു മൃഗമാണെന്നാണ് അവളുടെ പക്ഷം. കള്ളുകുടിക്കും. അടിപിടിയുണ്ടാക്കും. കിടപ്പ് പോലീസ് സ്റ്റേഷനിൽ. ഒരു ദിവസം രാത്രി വൈകിയപ്പോൾ ഹെഡ്ഡങ്ങുന്നിൻ്റെ നിർദ്ദേശപ്രകാരം ഒരു പോലീസുകാരൻ വന്നു. നളിനി ചെന്നിട്ട് അയാളെ ജാമ്യത്തിലിറക്കണമെന്ന്. അത് നളിനി സമ്മതിച്ചില്ല. വെളുത്തിട്ട് വന്നാമതിയെന്ന് അവൾ പറഞ്ഞു. രാത്രിയിൽ ആരെങ്കിലും അതിക്രമം കാട്ടിയാൽ പരാതിയുമായി വരേണ്ടെന്ന് പോലീസുകാരൻ. അങ്ങനെ ആരെങ്കിലും വന്നാൽ എൻ്റെ തലയിണയ്ക്കടിയിൽ വീതുളിയാ ഉള്ളതെന്ന് നളിനി. പോലീസുകാരൻ പോയെങ്കിലും തൻ്റെ സുരക്ഷിതത്വം അപകടത്തിലാണെന്ന് നളിനി തിരിച്ചറിഞ്ഞു. നേരം വെളുത്തപ്പോൾ ഭർത്താവ് ആടിയാടി വന്നു. അപ്പോൾ തന്നെ അയാളോട് പറഞ്ഞ് നളിനി സ്വന്തം വീട്ടിലേക്ക് പുറപ്പെടുകയും ചെയ്തു. 


'നിങ്ങൾക്ക് മാസം എന്തു വരവൊണ്ട്' എന്ന ചോദ്യത്തിന് 'ഞാൻ പണിക്ക് പോകാറില്ല' എന്നാണ് നളിനിയുടെ മറുപടി. അപ്പോൾ ആശ്രയിച്ചു കഴിയുന്നവൾ എന്ന് ചേർക്കാൻ എന്യുമറേറ്റർ ശ്രമിച്ചപ്പോൾ അവൾ ശക്തമായി എതിർക്കുന്നു. മാസം പതിനഞ്ച് രൂപയെങ്കിലും വരവുണ്ടെന്ന് അവൾ പറയുന്നു. തൊഴിൽ ചോദിച്ചപ്പോൾ പലതുമുണ്ടെന്നാണ് നളിനിയുടെ ന്യായം. തുടർന്ന് മൂന്നു പാവകൾ അവൾ കൊണ്ടുവരുന്നു. അവകണ്ട് 'നാലും ഒന്നുപോലെ' എന്ന് അത്ഭുതപ്പെടുകയാണ് എന്യുമറേറ്റർ.

തുടർന്ന് തൻ്റെ പാവനിർമ്മാണ കലാചരിത്രവും നളിനി വിളമ്പുന്നു. ഇതിലൂടെ എന്യുമറേറ്റർക്ക് അവളുമായി ഒരു ഹൃദയബന്ധം സാദ്ധ്യമാകുന്നു. നളിനിയുടെ ജീവിതത്തെ സംബന്ധിച്ച വ്യക്തമായ ഒരു ചിത്രമാണ് കഥാകൃത്ത് അവതരിപ്പിക്കുന്നത്. 


എന്യുമറേറ്റർക്ക് അവളുടെ കഥ കേൾക്കുമ്പോൾ, അവളോട് സംസാരിക്കുമ്പോൾ തൻ്റെ ഉള്ളിലെ ലോല വികാരങ്ങളുടെ ഇരമ്പം അനുഭവിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ അത് നിയന്ത്രണരേഖകളെ ഉല്ലംഘിക്കുന്നില്ല. 


പുറപ്പെടാൻ നേരത്ത് രൗദ്രഭാവമുള്ള ഒരു പ്രതിമ എന്യുമറേറ്റർക്ക് അവൾ സമ്മാനിക്കുന്നു. അതയാൾക്ക് അത്ര പിടിച്ചില്ല. അപ്പോഴേക്കും താൻ വരച്ച അവളുടെ ചിത്രം എന്യുമറേറ്റർ നല്കുന്നു. ആ പ്രതിമ തിരിച്ചു മേടിച്ച ശേഷം നളിനി പാർവതി തപസ്സു ചെയ്യുന്ന അല്പം വലിയ പ്രതിമ അയാൾക്കേകുന്നു.  ആനന്ദവും നന്ദിയും സ്ഫുരിക്കുന്ന ഭാവത്തോടെ അയാൾ മേടിച്ചു. അടുത്ത വീട്ടിലേക്ക് നടക്കുമ്പോൾ അയാളുടെ ഹൃദയത്തിൽ വീണക്കമ്പി മീട്ടിയാലുണ്ടാകുന്ന നാദം പ്രതിദ്ധ്വനിച്ചുകൊണ്ടിരുന്നുവെന്ന് കാരൂർ എഴുതുന്നു. അനശ്വരവും അഗാധവുമായ മൃദുലവികാരങ്ങളാകാം മനുഷ്യജന്മത്തിന് പൂർണ്ണത നല്കുന്നത്.


അഭിപ്രായങ്ങള്‍

  1. ഒന്നുകൂടെ ചുരുക്കി പറയാമോ

    മറുപടിഇല്ലാതാക്കൂ
  2. സാധാരണക്കാരനും ഭരണകൂടവും, സ്ത്രീ സ്വത്വം എന്നീ തലങ്ങൾ വിശദീകരിച്ചതിനാലാണ് അല്പം വലുപ്പം കൂടിയത്. ആവശ്യമുള്ളത് തിരഞ്ഞെടുത്തു വായിക്കാം.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ