ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1






ഭാഗം 1(കേദാർനാഥ് വരെ)

ഹിമവാന്റെ മുകൾത്തട്ടിൽ - 
സമീപനവും പ്രാധാന്യവും 

രാജൻ കാക്കനാടൻ എഴുതിയ യാത്രാവിവരണമാണ് ഹിമവാൻ്റെ മുകൾത്തട്ടിൽ. മലയാളത്തിൽ യാത്രാവിവരണങ്ങൾ ആരംഭിക്കുന്നത് പാറേമ്മാക്കിൽ തോമാക്കത്തനാരുടെ വർത്തമാന പുസ്തകം എന്ന പതിനെട്ടാം നൂറ്റാണ്ടിലെ കൃതിയോടു കൂടിയാണ്. 1936 ലാണ് ഇത് പ്രസിദ്ധീകരിച്ചത്. വിജ്ഞാനപ്രദവും കൗതുകകരവുമായ പ്രതിപാദനമാകയാൽ യാത്രാ വിവരണങ്ങൾക്ക് ധാരാളം വായനക്കാരുണ്ട്. യാത്രാവിവരണങ്ങൾ ഭൂരിഭാഗവും വസ്തുനിഷ്ഠമായ അറിവുകളുടെയും ആത്മനിഷ്ഠമായ അനുഭവങ്ങളുടെയും കലവറയായിരിക്കും. സാഹസികതയും ആത്മാന്വേഷണവും സംയോജിച്ച വിവരണങ്ങൾക്കാണ് കുടുതൽ വായനക്കാർ. കണ്ട വസ്തുതകളെയും അനുഭവിച്ച ആനന്ദ / ദുരിതാദികളെയും വള്ളി പുള്ളി വിടാതെ എന്നാൽ അതിശയോക്തിയോ സ്ഥൂലതയോ ഇല്ലാതെ സമർത്ഥരായ എഴുത്തുകാർ ആഖ്യാനം ചെയ്യുന്നു. വായനക്കാരിൽ യാത്രാവിവരണകാരൻ്റെ കൂടെ സഞ്ചരിച്ച പ്രതീതിയുളവാക്കാൻ സാധിക്കണം. അറിവും അനുഭൂതിയും പകരുകയാണ് യാത്രാ വിവരണങ്ങളുടെ ലക്ഷ്യം. മലയാള യാത്രാവിവരണങ്ങളുടെ കുലപതി എസ്.കെ.പൊറ്റെക്കാടാണ്. ഹൃദയം കവരുന്ന അദ്ദേഹത്തിൻ്റെ പ്രതിപാദനരീതി യാത്രാവിവരണങ്ങളുടെ സുവർണ്ണ ഘട്ടമാണ്.


രാജൻ കാക്കനാടൻ ഹിമാലയമുടികളിലേക്ക് ഏകനായി നടത്തിയ യാത്രയാണ് ഹിമവാൻ്റെ മുകൾത്തട്ടിൽ. ഹിമാലയം സഞ്ചാരികളെ മോഹിപ്പിച്ച, വിസ്മയിപ്പിച്ച രത്നഖനിയാണ്. ഭാരതീയരൊക്കെ അതിൻ്റെ അതുല്യ പ്രഭാവത്തിൽ അത്ഭുത പരതന്ത്രരായിട്ടുണ്ട്‌. കാളിദാസനെപ്പോലുള്ള മഹാകവികളെ ആനന്ദതുന്ദിലരാക്കിയ ആ മഹാഭൂവിൻ്റെ ഉൾത്തുടിപ്പറിയാനും ആർഷഭാരതത്തിൻ്റെ ഹൃദയ രഹസ്യമറിയാനുമുള്ള മോഹം എല്ലാ ഭാരതീയരിലും എന്നും ഉണ്ടായിട്ടുണ്ട്. അതിനാൽ ഹിമവാൻ്റെ മുകൾത്തട്ടിലേക്കുള്ള യാത്ര ആവേശഭരിതവും സാഹസികവുമാണ്. ഹിമാലയാഖ്യാനങ്ങളോട് ആധുനിക കാലം വലിയ പ്രീതി കാട്ടിത്തുടങ്ങിയിരിക്കുന്നു. എന്നാൽ മിക്ക ഹിമാലയാഖ്യാനങ്ങളും സാമ്പ്രദായിക ശൈലിയിൽ എഴുതിയവയാണ്. സ്ഥലങ്ങൾ സന്ദർശിക്കുക, പുരാണം പറയുക, ഐതിഹ്യം പർവതീകരിക്കുക, ജീവിതരീതികൾ നോക്കിക്കാണുക ഈ മട്ടിലാണ് രചന. എന്നാൽ ഏകനായി, വേണ്ട കരുതലുകളില്ലാതെയാണ് രാജൻ കാക്കനാടൻ ഹിമാലയ യാത്ര നടത്തിയത്. കേദാർനാഥ്, തുംഗനാഥ്, ബദരീനാഥ് തുടങ്ങിയ ഹിമവൽ ഭക്തികേന്ദ്രങ്ങളിലേക്ക് ഏകനായി, കാൽനടയായി നടത്തിയ യാത്ര. ഹിമാലയ രചനകളുടെ സാമ്പ്രദായികതയെ ഉല്ലംഘിക്കുന്ന കൃതിയാണ് ഹിമവാൻ്റെ മുകൾത്തട്ടിൽ. അതിനാൽ സാഹസികമായ വൈയക്തികാനുഭവങ്ങൾക്കാണ് ഇതിൽ പ്രാധാന്യം. 1975 ൽ ഹിമാലയത്തിലേക്ക് നടത്തിയ യാത്രയാണ് ഈ കൃതിയുടെ ഉറവിടം.

യാത്ര - പ്രാരംഭം
തെക്കൻ രാജസ്ഥാനിലെ ആബു ശൃംഗം. അതിന് വടക്കു പടിഞ്ഞാറ് ഗണേശ് പോയിൻ്റ് എന്നൊരു സ്ഥാനമുണ്ട്. വളരെ പഴക്കമുള്ള ഗണപതി ക്ഷേത്രം കാരണമാണ് ഗണേശ് പോയൻറ് എന്ന പേരു വന്നത്. 4000 ത്തോളം അടി ഉയരത്തിലാണ് അത്. ഗണപതി ക്ഷേത്രത്തോടടുത്തുള്ള ഗുഹയിൽ പാർക്കുന്ന കൃഷ്ണശരൺ എന്ന സനാതന സന്യാസിയാണ്  ഹിമാലയ യാത്രയെ സംബന്ധിച്ച ചിന്തയുളവാക്കിയത്. അദ്ദേഹം തൻ്റെ ഗുരുവുമൊത്ത് കൈലാസയാത്ര നടത്തിയിട്ടുണ്ട്. ഹിമാലയത്തിൻ്റെ മുകൾത്തട്ടിൽ എത്തുന്നതു വരെ അതിനെക്കുറിച്ചുള്ള വിവരണങ്ങൾ കേൾക്കുകയെന്നത് അതിശയോക്തി നിറഞ്ഞതായിരിക്കും. ആബു പർവതത്തിൽ വെച്ചെടുത്ത തീരുമാനം പ്രാവർത്തികമാക്കാൻ നിശ്ചയിച്ചു. 1975 ജൂണിൽ കത്തിജ്വലിക്കുന്ന രാജസ്ഥാൻ മണൽക്കുന്നുകളിൽ നിന്നും രക്ഷപ്പെട്ട് ഡൽഹിയിലെത്തി. അവിടെ നിന്നും മൂന്നാം ദിവസം ഹരിദ്വാറിലേക്ക് വണ്ടി കയറി. ഈ ട്രെയിൻ യാത്രയെ രസകരമായി അദ്ദേഹം വർണ്ണിക്കുന്നു. ബോഗിയിലെ തിരക്കും, അതിനിടെ തിക്കിത്തിരക്കിക്കയറിയ ഗ്രാമീണ കുടുംബത്തിലെ കന്യക സാമീപ്യം കൊണ്ടു പകർന്ന അനുഭൂതിയെയും അദ്ദേഹം പരാമർശിക്കുന്നു. എന്നാൽ വളരെ പ്രതീക്ഷയോടെ ഹരിദ്വാറിലിറങ്ങിയ രാജൻ കാക്കനാടന് നിരാശ തോന്നി. ഹിമാലയത്തിൻ്റെ പൊടിപോലുമില്ല. ഹിമാലയം ഇവിടെ നിന്നും കാണാമെന്നാണ് പ്രതീക്ഷിച്ചത്. ഒരു ടോംഗോ വാലയോട് ചോദിച്ചു. ഹിമാലയമൊന്നും ഇവിടെയില്ല. ഉള്ളത് ഗംഗാജി (ഗംഗ) മാത്രമാണെന്ന മറുപടി കിട്ടി. താമസിക്കാനായി ഹരിദ്വാരിലെ അയ്യപ്പക്ഷേത്രത്തിനു മുന്നിലെത്തി. വാതിലുകൾ അടഞ്ഞിരുന്നു. പാർശ്വത്തിലുള്ള ചെറിയ വാതിൽ മുട്ടിയപ്പോൾ പൂണൂൽ ധാരിയായ മലയാളി ബ്രാഹ്മണൻ പുറത്തുവന്നു.

ഹൃഷീകേശ് - സഹജാനന്ദിനെ പരിചയപ്പെടുന്നു - ഏകാകിയായി കാൽനടയാത്ര തീരുമാനിക്കുന്നു.

മേൽശാന്തി ചില വിവരങ്ങൾ നല്കി. പെട്ടെന്ന് ഹൃഷികേശിലെത്തണം. മലമ്പാതകൾ ചീത്തയാവുകയാണ്. ബസ്സോ ട്രെയിനോ ഹൃഷികേശിലേക്ക് ഇല്ലാത്ത കാലമാണ്. അന്ന് തന്നെ ഹൃഷികേശിലെന്നണമെങ്കിൽ ടാക്സി മാത്രമാണ് രക്ഷ. ടാക്സിയിൽ വെച്ച് ബദരിയിലേക്ക് പുറപ്പെട്ട സഹജാനന്ദ് എന്ന സ്വാമിയെയും അദ്ദേഹം പരിചയപ്പെട്ടു. ഹിമാലയത്തിനുള്ളിലേക്കുള്ള വാതിൽ എന്നാണ് സഹജാനന്ദ് ഹൃഷികേശിനെ പരിചയപ്പെടുത്തിയത്. സഹജാനന്ദിൻ്റെ ക്ഷണം കാക്കനാടൻ സ്വീകരിച്ചു. ഒരു ആശ്രമത്തിലേക്ക് പുറപ്പെട്ടു. ഹൃഷികേശിൽ വലിയ തിരക്കു കണ്ടില്ല. മഞ്ഞിൽ തെന്നി വീഴാതിരിക്കാൻ നീണ്ട കമ്പുകൾ മിക്ക യാത്രികരും ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. ആന്ധ്രാ ആശ്രമത്തിലാണ് സഹജാനന്ദ് കൊണ്ടുചെന്നത്. ചായക്കുശേഷമുള്ള സംസാരം ഹൃദ്യമായി. പുലർച്ചെ ഗംഗയിലിറങ്ങി സ്നാനം ചെയ്തു. കാൽനടയായി കേദാരിലും ബദരിയിലും ഒക്കെ ദർശനം നടത്താനാണ് കാക്കനാടൻ്റെ പുറപ്പാടെന്നറിഞ്ഞപ്പോൾ മറ്റ് സ്വാമിമാർ അത്ഭുതപ്പെട്ടു. ഈ പുണ്യസ്ഥലഞൾ പരസ്പരം അകലെയാണ് സ്ഥിതി ചെയ്യുന്നതെന്ന് സഹജാനന്ദ് വ്യക്തമാക്കി. കേദാർ ഹൃഷികേശിൽ നിന്നും 300 കി.മീ അകലെയാണ്. ബദരി അതിലധികവും. ചിലപ്പോൾ യാത്രക്കിടയിൽ ഒരു വഴിയാത്രക്കാരനെപ്പോലും കണ്ടില്ലെന്നു വരാം. ഇപ്രകാരമൊരു യാത്ര ഈ കാലഘട്ടത്തിൽ ആരും നടത്താറില്ല. കാരണം, ഉത്തർഖണ്ഡ് യാത്രയ്ക്ക് ബസ്സുകൾ ഉണ്ട്. അവയെ ആശ്രയിച്ചാൽ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് 20-30 കി.മീ. മാത്രമേ നടക്കേണ്ടി വരൂ. കൂടെയുണ്ടായിരുന്ന വയോധികനായ സ്വാമിയും നടത്തം നിരുത്സാഹപ്പെടുത്തി. പക്ഷേ, കാൽനടയാത്രയെന്ന തൻ്റെ തീരുമാനം കാക്കനാടൻ പ്രഖ്യാപിച്ചു. മറ്റു രണ്ടു പേരും അനുഗ്രഹിക്കുകയും ആവശ്യമുള്ള വിവരങ്ങൾ നല്കുകയും ചെയ്തു.

kedarnath
അളകനന്ദയുടെ കൂടെ എന്ന അദ്ധ്യായത്തിൽ തീർത്ഥാടക തിരക്ക് വിവരിക്കുന്നു. ബസ്റ്റാൻ്റിലുള്ള ഗൈഡ് മാപ്പിൽ നിന്ന് പുണ്യസ്ഥലങ്ങളിലേക്കുള്ള വഴിയും ദൂരവും രേഖപ്പെടുത്തിയത് മനസ്സിലാക്കി നടത്തം ആരംഭിച്ചു. ഹൃഷികേശിൽ നിന്നും വടക്കോട്ട് ആദ്യ പ്രധാന താവളം ദേവപ്രയാഗാണ്. ഒന്നാം ദിനം രാത്രി ചെലവഴിച്ചത് ഹൃഷികേശിൽ നിന്നും 30 കി.മീ. അകലെയുള്ള ഒരു ഗ്രാമത്തിൽ. ദേവപ്രയാഗിലേക്ക് നടക്കുമ്പോൾ മലകളുടെ ഉയരം കൂടിക്കൂടി വരുന്നു. ഭൂപ്രകൃതി രമണീയമായിരുന്നു. ദേവപ്രയാഗിൽ വെച്ചാണ് ഭാഗീരഥി (ഗംഗ) യും അളകനന്ദയും ഒന്നിച്ചു ചേരുനത്. ദേവപ്രയാഗിൽ നിന്നും വഴി രണ്ടായി തിരിയുന്നു. ഒരു വഴി ഗംഗോത്രിയിലേക്കാണ്. കേദാർ, ബദരീ വഴിയാണ് കാക്കനാടൻ തെരഞ്ഞെടുത്തത്. നടത്തം അളകനന്ദയുടെ കരയിലൂടെയായിരുന്നു.

ശ്രീനഗർ പട്ടണത്തിലെ അനുഭവം
നാലാം ദിവസം ഗഡുവാളിലുള്ള ശ്രീനഗർ എന്ന പട്ടണത്തിൽ എത്തിച്ചേർന്നു. അവിടെ ഒരു ചെറിയ ക്ഷേത്രം കണ്ടു. അവിടത്തെ വിഗ്രഹത്തിന് രൂപഭംഗി, ശില്പചാതുര്യം എന്നിവ ഇല്ലായിരുന്നു. അതിന് സമീപം കാലപ്പഴക്കം ചെന്ന അരയാൽ വൃക്ഷവും പൊളിഞ്ഞ തറയും ഉണ്ടായിരുന്നു. ആ ക്ഷേത്രത്തിണ്ണയിലിരിക്കുന്ന ഇരുപത് വയസ്സു വരുന്ന ബ്രാഹ്മണക്കൊച്ചൻ മറ്റ് രണ്ട് പേരോട് സംസാരിക്കുകയാണ്. ശ്രദ്ധിച്ചപ്പോൾ ബദരിയിലെ പൂജാരിമാരെക്കുറ്റം പറയുകയാണ്. അവിടത്തെ മൂർത്തിക്ക് തേജസ്സില്ലത്രെ. സംസാരിച്ചുകൊണ്ടിരികുന്ന പൂജാരിയുടെ സിഗരറ്റ് വലിയും മട്ടും ഭാവവും കാക്കനാടന് തീരെ പിടിച്ചില്ല. നിങ്ങൾ ഏതു ജാതിക്കാരനാണെന്ന അവൻ്റെ ചോദ്യവും അധിക്ഷേപാർഹമായിത്തോന്നി.

ഗഡുവാളികൾ
അടുത്ത ദിവസം രുദ്രപ്രയാഗ് ലക്ഷ്യമാക്കി നടന്നു. കൃഷിയും ഗ്രാമീണരും ശ്രദ്ധയിൽ പെട്ടു. രാത്രി ഒരു ഗുഹയിൽ തങ്ങി. ഉച്ചയ്ക്ക് രുദ്രപ്രയാഗിലെത്തി. രുദ്രപ്രയാഗിൽ വെച്ചാണ് അളകനന്ദയും മന്ദാകിനിയും പരസ്പരം ചേരുന്നത്. ഇവിടെ വെച്ച് പാത രണ്ടാകുന്നു. ഒന്ന്, അളകനന്ദയുടെ ഓരത്തുകൂടെ കർണ്ണപ്രയാഗ്, ചമോളി, ജോഷിമഠ് എന്നീ വഴി ബദരിയിലേക്കാണ്. മറ്റെ വഴി, മന്ദാകിനിയുടെ ഓരത്തു കൂടെ ഗുപ്തകാശി, ഫട്ടാ, സോനപ്രയാഗ് എന്നിവയിലൂടെ കേദാരിലേക്കാണ്. രണ്ടാമത്തെ വഴി കാക്കനാടൻ തെരഞ്ഞെടുത്തു. മലകൾ, താഴ്‌വാരങ്ങൾ, ഗർത്തങ്ങൾ, വനങ്ങൾ.. ആകർഷകമായ യാത്ര. തൻ്റെ വാഗ്വിലാസം കാക്കനാടൻ ഇവിടെ പ്രയോഗിക്കുന്നു. അവിടെ സന്ധ്യയ്ക്ക് ഒരു ചെറിയ ഗ്രാമത്തിലെ ഒരു ചായപ്പീടികയിൽ കയറി. ഒരു വൃദ്ധനും പതിന്നാല് വയസ്സ് പ്രായമുള്ള ബാലനും. ചായയും റൊട്ടിയും കഴിച്ചു. ബാലൻ്റെ സ്നേഹം നിറഞ്ഞ പെരുമാറ്റം കാക്കനാടനെ ആകർഷിച്ചു. ചിത്രകാരൻ കൂടിയായ കാക്കനാടൻ നല്കുന്ന ഒരു വാങ്മയ ചിത്രം രസകരമാണ്: "വെന്ത പരിപ്പിൻ്റെ ഗന്ധം അന്തരീക്ഷത്തിൽ ഉയർന്നു കൊണ്ടിരുന്നു. അടുപ്പിൽ നിന്നും ഉയർന്ന പുക ആ മാടം നിറഞ്ഞുനിന്നു. ആ പുകപടലങ്ങൾക്കിടയിലൂടെ ഒരു ക്ലാസ്സിക്കൽ പെയിൻ്റിങ്ങിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കത്തിക്കൊണ്ടിരിക്കുന്ന അടുപ്പും സമീപമിരിക്കുന്ന ബാലനെയും ഞാൻ കണ്ടു. അവൻ വീണ്ടും വിറകു കൊള്ളികൾ അടുപ്പിലേക്ക് നീക്കിവെച്ചു കൊടുത്തു കൊണ്ടിരിക്കയാണ്. അടുപ്പിലെ തീ അവൻ്റെ കണ്ണുകളിൽ തിളങ്ങി. അവനിൽ നിന്നും അല്പമകലെ തൂക്കിയിരുന റാന്തൽ മങ്ങിക്കത്തിയിരുന്നതിനാൽ, അതിനിടയിൽ ഇരുന്ന വൃദ്ധൻ്റെ രൂപം ചിത്രത്തിലെ അപ്രധാനഭാഗമായി കാണപ്പെട്ടു."
Rudraprayag

വൃദ്ധൻ തൻ്റെ ദയനീയാവസ്ഥ വിവരിച്ചു. ബാലൻ മകളുടെ മകനാണ്. അവൻ്റെ തന്ത ഉപേക്ഷിച്ചു പോയതാണ്. അയാൾ ബാലനെ കുറ്റപ്പെടുത്താൻ തുടങ്ങി. ഒരു പണിയുമെടുക്കില്ല. ഗഡുവാളികളുടെ ജീവിതാവസ്ഥയും വൃദ്ധനിൽ നിന്നു മനസ്സിലാക്കി. ആർമിയിലോ സർക്കാർ സ്ഥാപനങ്ങളിലോ ആണ് പലരും. ഹോട്ടൽ തൊഴിലിലും ഏർപ്പെടുന്നു. എന്നാൽ സാമ്പത്തികവും സാമൂഹികവുമായ ചൂഷണത്തിന് വിധേയരാണ് ഗഡുവാളി സമൂഹം. അന്ന് അവിടെ കിടന്നു. പുലർച്ചെ നടത്തം ആരംഭിച്ചു. യാത്രികരില്ലാത്ത പാത. പരിശ്രമശാലികളായ ഗഡുവാളികളെ കണ്ടു. അവർ പൊക്കം കുറഞ്ഞവരാണ്. പതിഞ്ഞ നാസിക, ഇളം മഞ്ഞ നിറം എന്നിവ ഉള്ളവരാണ്. ഞൊറിയുള്ള പാവാട ധരിക്കുന്ന സ്ത്രീകൾ കൈകളിലും കാലുകളിലും വെള്ളി കൊണ്ട് നിർമ്മിച്ച വലിയ വളയങ്ങൾ ധരിക്കുന്നവരാണ്. മൂക്കിലും കാതിലും വളയങ്ങൾ ധരിക്കുന്നു. വലിയ കമ്പിളി ഉടുപ്പ് മേൽ വസ്ത്രമായി ധരിക്കും. മുത്തുകോർത്ത, മടക്കുമാലകളാണ് അവർ ധരിക്കുന്നത്. പുരുഷന്മാർ കാക്കി സെറ്ററും കമ്പിളി കാലുറയും ധരിക്കുന്നു. നടത്തത്തിനിടയിൽ അത്യുന്നതവും ധവളമയവുമായ ഹിമാലയം ശ്രദ്ധയിൽ പെട്ടു. മനസ്സിന് തൃപ്തി തോന്നി. തുടർന്ന് ഗുപ്തകാശിയിലെത്തി. പരമേശ്വരൻ പാണ്ഡവ ദൃഷ്ടിയിൽ പെടാതെ ഒളിച്ചിരുന്ന ഇടമായതിനാലാണത്രെ, ഗുപ്തകാശി എന്ന പേരു വന്നത്. സമുദ്രനിരപ്പിൽ നിന്ന് 6000 അടി ഉയരെ. ചെറിയ ഗ്രാമം. ബസ്സുകൾ, ട്രക്കുകൾ ഒക്കെ പാർക്ക് ചെയ്തു കണ്ടു. അവിടെ നിന്നും 50 കി.മീ ദൂരം കേദാരിലേക്ക്.

കാലികമ്പിളി ബാബ

കാലി കമ്പിളി ബാബയുടെ ധർമ്മശാലയിലാണ് രാത്രിയിൽ തങ്ങിയത്. ത്യാഗിയും ഉപകാരിയും എല്ലായ്പോഴും കറുത്ത കമ്പിളി ധരിച്ച് തീർത്ഥാടകർക്ക് മാർഗ്ഗ നിർദ്ദേശങ്ങളും മറ്റു സഹായങ്ങളും ചെയ്തു വന്ന ഒരു സന്യാസിയുടെ സ്മരണാർത്ഥമാണ് ആ പേര് വന്നു ചേർന്നത്. അദ്ദേഹത്തിൻ്റെ ശ്രമഫലമായിട്ടാണ് ഉത്തരാഖണ്ഡ് യാത്രയിലെ പ്രധാന താവളങ്ങളിലെല്ലാം ധർമ്മശാലകൾ നിർമ്മിക്കപ്പെട്ടത്. ഇത്തരം ധർമ്മശാലകൾ യാത്രികർക്ക് ആട്ടയും വിറകും ഒക്കെ നല്കുന്നു. ഹിമാലയത്തിലെ ആരാധനാകേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒട്ടും സുഗമമല്ലാത്ത വേളയിലാണ്
വാഹനങ്ങളില്ലാത്ത, കാൽനടയാത്ര പൂർണ്ണമായും ദുഷ്കര
മായിരുന്ന ഒരു സന്ദർഭത്തിലാണ് ഈ മഹത്തായ സേവനം കാലികമ്പിളി ബാബ നിർവഹിക്കുന്നത്.

ഗുപ്തകാശിയിലെ രാത്രി പിന്നിട്ടു. തുടർന്ന് ഫട്ടാ എന്ന ഗ്രാമത്തിലെത്തി. ഉച്ചക്ക് ശേഷം തണുപ്പ് കൂടി. മഞ്ഞു പെയ്യാൻ തുടങ്ങി. അന്തരീക്ഷം ഇരുണ്ടിരുന്നു. വഴി ശൂന്യം. കണ്ണിൽ പുകപടലങ്ങൾ വന്ന് നിറയുന്നു. ഈ യാത്ര കാക്കനാടൻ ഇപ്രകാരമാണ് രേഖപ്പെടുത്തുന്നത്: " കണ്ണിൽ വന്ന് മുട്ടി നില്ക്കുന്ന പുകപടലങ്ങൾക്കിടയിലൂടെ നടന്നപ്പോൾ അത്, ഈ ഭൂമിയുടെ ഒരു ഭാഗമാണെന്നു തന്നെ തോന്നിയില്ല. നിർജീവമായ പുകപടലങ്ങൾ കൊണ്ടു പൊതിഞ്ഞ ഏതോ ഒരു ഗ്രഹം. അതിൽ ഏകനായി ഒരു പഥികൻ. " സോനപ്രയാഗ് പാതയുടെ ഇരുവശങ്ങളിലും വരിവരിയായി നില്ക്കുന്ന പുൽമാടങ്ങൾ. മഞ്ഞ് പെയ്യുന്നതിനാൽ എല്ലാവരും കടകളിൽ അഭയം പ്രാപിച്ചിരിക്കുന്നു. ഒരു വൃദ്ധനായ സന്യാസി ചിലം നിറയ്ക്കുന്നു. വലിച്ച ശേഷം മറ്റുള്ളവർക്ക് കൈമാറുന്നു. കാക്കനാടനും അതാസ്വദിച്ചു. മരം കോച്ചുന്ന തണുപ്പ് വിട്ടകന്നു. കേദാരിനെക്കുറിച്ചുള്ള ഐതിഹ്യം സ്വാമി പറഞ്ഞു: കുരുക്ഷേത്രയുദ്ധാനന്തരം പാണ്ഡവർ മോക്ഷത്തിന് ശിവനെ തേടിയിറങ്ങി. ഹൃഷികേശിൽ അന്വേഷിച്ചപ്പോൾ ശിവൻ ദേവപ്രയാഗിലെത്തി. പിന്നീട് രുദ്രപ്രയാഗിലും. അവിടെയും തേടിവന്ന പാണ്ഡവരിൽ നിന്നും കണ്ണുവെട്ടിച്ച് ഗുപ്ത കാശിയിൽ ഒളിച്ചിരുന്നു. ഉത്തരാഖണ്ഡ് മുഴുവൻ അലഞ്ഞ പാണ്ഡവർ ഗുപ്തകാശിയിലെത്തിയപ്പോഴേക്കും ശിവൻ കേദാരിലെത്തിയിരുന്നു. ഋഷിമാരുടെ സഹായത്തോടെ കേദാരിലേക്ക് പുറപ്പെട്ട പാണ്ഡവരെ ചെന്നായ്ക്കൾ ആക്രമിച്ചു. ഭീമൻ അവയെ വെട്ടിക്കൊന്നു. അവസാനം എത്തിയ വലിപ്പമുള്ള ചെന്നായ ശിവനായിരുന്നു. അത് ശിവനാണെന്നറിയാതെ ഭീമൻ ആഞ്ഞു വെട്ടി. അതിൻ്റെ ഉടൽ ഭൂമിയിൽ പതിച്ചെങ്കിലും തല ആകാശത്തേക്കുയർന്ന് മറഞ്ഞു. ഉടൽ വീണ സ്ഥലത്താണ് കേദാർനാഥ് ക്ഷേത്രം. തല കാട് മണ്ഡുവിൽ ചെന്നു വീണത്രെ. അവിടെയാണ് പശുപതിനാഥ് ക്ഷേത്രം നില്ക്കുന്നത്. കേദാരിലേക്ക് എത്തണമെങ്കിൽ ഉന്നതങ്ങളായ മലകൾ പിന്നിടണം. സോനാ പ്രയാഗിൽ വെച്ച് നിരവധി യാത്രാ സംഘങ്ങൾ സംഗമിക്കുന്നു. ദുർഘടമായ പാത പിന്നിടുമ്പോൾ കുത്തിയൊലിക്കുന്ന ഒരു കാട്ടാറു കണ്ടു. അതു തന്നെയാണ് മന്ദാകിനി. താഴ്‌വാരത്തിലെ താവളം ഗൗരികുണ്ഡ് ആണ്. ഒരു ഉഷ്ണ ജലപ്രവാഹം ഇവിടെ ഉണ്ട്. അതിപ്രാചീനമായ ഒരു ദേവീക്ഷേത്രവും. ടിബറ്റൻ വാസ്തുശില്പ ശൈലിയിലായിരുന്നു അത്. വളരെ പഴയ കാലഘട്ടം മുതലേ നിലവിലുള്ള താവളമായിരുന്നു ഗൗരികുണ്ഡ്. കേദാരിലേക്ക് നടന്നോ കുതിരപ്പുറത്തോ പല്ലക്കിലോ കുട്ടയിലോ സോന പ്രയാഗിൽ നിന്നു പോകാം. ഒരു മനുഷ്യൻ്റെ പുറത്തു ഘടിപ്പിച്ച കുട്ടയിൽ കയറി കേദാരിൽ പോയി തിരിച്ചെത്താൻ 100-150നല്കിയാൽ മതി. ഗഡുവാളികളാണ് ഈ ജോലി ചെയ്യുന്നത്. കാക്കനാടൻ വ്യക്തമാക്കുന്നു: "ഉപജീവനത്തിനു വേണ്ടി തന്നേക്കാൾ ഭാരം കൂടിയ മറ്റൊരു മനുഷ്യനെ മുതുകത്തു കയറ്റി ആ മഞ്ഞു വീഴുന്ന മലകളിൽ, വിയർത്തു കുളിച്ച് കുനിഞ്ഞു നടക്കുന്ന ആ കൊച്ചു മനുഷ്യരാണ് യഥാർത്ഥ തീർത്ഥാടകർ".

കേദാരിനോടടുക്കുന്തോറും പ്രകൃതിയുടെ മായിക സൗന്ദര്യം കൂടി. കാട്ടുചോലകൾ, വെള്ളച്ചാട്ടങ്ങൾ, മന്ദാകിനി, ധവള ഹിമാചലങ്ങൾ…. തീക്ഷ്ണസുഗന്ധമുള്ള ചെടികൾ... വഴിയിൽ ശിവൻ്റെ ദ്വാരപാലക ക്ഷേത്രം കണ്ടു. നടപ്പാത മഞ്ഞിനാൽ മൂടിയിരുന്നു. വഴിയിൽ ഒരു സ്വാമിയെ പരിചയപ്പെട്ടു. അദ്ദേഹത്തിൻ്റെ കയ്യിലുള്ള ചിലം ഉപകരിച്ചു. അദ്ദേഹം പല കാര്യങ്ങളും സംസാരിച്ചു. ഭാരതത്തിൽ ധർമ്മ സംരക്ഷണാർത്ഥമാണ് ശ്രീബുദ്ധനും വർദ്ധമാന മഹാവീരനും പ്രവർത്തിച്ചത്. എന്നാൽ അവരുടെ കാലശേഷം അനുചരന്മാർ ഹിന്ദു സന്യാസികൾക്കു നേരെയും ക്ഷേത്രങ്ങൾക്കു നേരെയും അതിക്രമം നടത്തി. ബദരീനാഥ്, കേദാർനാഥ് എന്നീ ക്ഷേത്രങ്ങൾ ബുദ്ധമതക്കാരാൽ തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. ശങ്കരാചാര്യർ ഹിന്ദു സന്യാസിമാരുടെ രക്ഷക്കിറങ്ങി. പുന:പ്രതിഷ്ഠകൾ നടത്തി. ഹിന്ദുസന്യാസിമാരുടെ രക്ഷയ്ക്ക് ഒരു പുതിയ വിഭാഗം സന്യാസികൾക്ക് രൂപം നല്കി. അവരാണ് നാഗാസ്വാമിമാർ. അതിലൊരാളാണ് മേലേ പ്രസ്താവിച്ച സ്വാമി.

കഠിനയാത്രയ്ക്കു ശേഷം കേദാർക്ഷേത്രത്തിന് മുമ്പിലെത്തി. പൗരാണിക വാസ്തുശില്പകലയല്ല, ഗ്രെക്കോ- റോമൻ ശൈലിയിലാണ് ക്ഷേത്ര നിർമ്മാണം നടന്നിട്ടുള്ളത്. നിരവധി തവണ ക്ഷേത്രം നശിപ്പിക്കപ്പെട്ടു. പുനർനിർമ്മാണവും അതുപോലെ നടന്നു. ക്ഷേത്രത്തിനുള്ളിൽ പാണ്ഡവരുടെയും പാഞ്ചാലിയുടെയും ശില്പങ്ങൾ. ശ്രീ കോവിലിൽ അനാദിയായ ശിവലിംഗം. മൂന്നു ശിഖരങ്ങളോടുകൂടിയ പാറ. നടുവിലുള്ള ശിഖരത്തിന് ഉയരം കൂടുതൽ. വർഷത്തിൽ 6 മാസം മാത്രമേ ക്ഷേത്രം തുറക്കൂ. മെയ് മുതൽ ഒക്‌ടോബർ വരെ.  രാത്രി ഒരു അത്ഭുത ദൃശ്യം തന്നെയാണ് കാക്കനാടൻ ആകാശത്ത് ദർശിച്ചത്. അദ്ദേഹം എഴുതുന്നു:

"ആകാശത്ത് പുകപടലങ്ങൾ പോലെ തോന്നിക്കുന്ന മഞ്ഞിനിടയിൽകൂടി ഉദിച്ചുനിൽക്കുന്ന ചന്ദ്രൻ. ചുറ്റിനുമുള്ള പർവതങ്ങൾ ധവളിമയിൽ മുങ്ങിനില്ക്കുന്നു. ചന്ദ്രൻ്റെ പ്രകാശം ആ ഗിരിനിരകളിൽ തട്ടി ഒരുതരം ദിവ്യശോഭ പരത്തുന്നു. എങ്ങും ശുഭ്ര നിറം. കൊടുമുടി. ധവളിമയാർന്ന മലഞ്ചെരിവുകളിൽ സ്വപ്നങ്ങളുടെ നിഴൽക്കൂത്ത്‌…."

അങ്ങനെ നില്ക്കുമ്പോൾ അവിടെ നടക്കുന്ന ഏതോ സ്വർഗ്ഗീയ നാടകം കാണാൻ എത്തിച്ചേർന്ന ദേവകൾ, ഋഷിവര്യന്മാർ, ദേവതകൾ എന്നിവ കൊണ്ട് നിറഞ്ഞ ഗാലറിയാണ് ചുറ്റുമുള്ള മാമലകളെന്നും, നാടകം നടക്കുന്ന വേദിയാണ് കേദാർനാഥ ക്ഷേത്രമെന്നും അദ്ദേഹത്തിനു തോന്നി.

(തുടരും... അടുത്ത ഭാഗം തുംഗനാഥിലേക്ക്..)
ഭാഗം 2 ലിങ്ക് ചുവടെ
നല്കുന്നു: 
https://pluttog.blogspot.com/2020/04/2.html







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ