ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ ,ഭാഗം2



രണ്ടാം ഭാഗം (തുടർച്ച)

തുംഗനാഥിലേക്ക്

കേദാർനാഥിൽ നിന്ന് ബദരീനാഥിലേക്കെത്തുക എളുപ്പമല്ല. കേദാരിൽ നിന്ന് കാൽനടയായി 200 കി.മീ. എങ്കിലും സഞ്ചരിച്ചാലേ ബദരിയിലെത്തു. എന്നാൽ പ്രാചീന കാലത്ത് (സത്യയുഗത്തിൽ) കേദാരിൽ പ്രഭാത പൂജ നടത്തിയ പൂജാരി മലയടിവാരത്തിലൂടെ സഞ്ചരിച്ച് ബദരിയിൽ സന്ധ്യാപൂജ നടത്തിയിരുന്നത്രെ. അത്തരം മാർഗ്ഗങ്ങൾ ഇന്നില്ല. വിചിത്രങ്ങളായ ഇത്തരം നിരവധി കഥകൾ കാക്കനാടൻ കേൾക്കാനിടയായി.
ബസ്സിലാണ് യാത്രയെങ്കിൽ 300 കി.മീ. സഞ്ചരിക്കേണ്ടതായി വരും. കേദാരിൽ രണ്ടു രാത്രിയും ഒരു പകലും ചെലവഴിച്ച ശേഷമാണ് അദ്ദേഹം അവിടെ നിന്നിറങ്ങിയത്. മലയിറങ്ങി സോനപ്രയാഗ് ലക്ഷ്യമാക്കി നടന്നു. .'നീ കണ്ടു കഴിഞ്ഞു. ഇനി നിൻ്റെ യാത്ര തുടരുക 'എന്ന അശരീരി കേട്ടു. ഗുപ്തകാശിയിലേക്ക് നടക്കുന്ന വേളയിൽ കണ്ട അതിമനോഹരിയായ ഗഡുവാളി യുവതിയെ ഓർത്തു. അവളുടെ സൗന്ദര്യത്തിൽ ലയിക്കെയാണ് ഇതിനു മുമ്പ് ഈ വാക്കുകൾ കേട്ടത്. യഥാർത്ഥത്തിൽ ലക്ഷ്യത്തെപ്പറ്റി ആർക്കാണ് നിയതമായ ബോദ്ധ്യമുള്ളത്? ലക്ഷ്യത്തെയും മാർഗ്ഗത്തെയും കുറിച്ച് ചില ദർശനങ്ങൾ ഇവിടെ കാക്കനാടൻ പങ്കുവെക്കുന്നു. ഉച്ചയ്ക്ക് മുമ്പെ ഗൗരീ കുണ്ഡിലെത്തി. (5000 അടി താഴെ) അത് പാർവതിയുടെ കുളിക്കടവായിരുന്നുവെന്ന് സങ്കല്പം.

കടുത്ത മൂടൽമഞ്ഞ്. സോനപ്രയാഗിലെത്തിച്ചേരാൻ പോകുന്നു. സോനപ്രയാഗ് തീർത്ഥാടക ബാഹുല്യത്താൽ നിറഞ്ഞിരുന്നു. രാത്രി കഴിയാൻ ഇടമന്വേഷിച്ച് ഉഴന്നു. മഞ്ഞുമഴ ശക്തിയായി പെയ്തു. കാക്കനാടൻ എഴുതുന്നു: "കോവർകഴുതകളുടെ കുളമ്പുകളും മനുഷ്യൻ്റെ പാദങ്ങളും മഴ പെയ്തു കുതിർന്ന ഭൂമി ഉഴുതുമറിച്ചു".
സുന്ദരമാണ് അദ്ദേഹത്തിൻ്റെ ഭാഷ. സഞ്ചരിക്കുന്ന പ്രദേശം പോലെ ധവളാഭമാണ് ഭാഷയും. ഒരു സത്രത്തിൽ കയറിക്കൂടി. 70 വയസ്സ് പ്രായമുള്ള ഒരു സ്വാമി ചിലം നിറയ്ക്കുന്നുണ്ടായിരുന്നു. ഒരു ശൈവ സന്യാസി. പുകച്ച ശേഷം ബോലേ ബംബം വിളിച്ചു. ചിലം കൈമാറി കൈമാറി പോയി. കാക്കനാടനും വലിച്ചു തണുപ്പകറ്റി. തണുത്തു കുതിർന്ന അന്തരീക്ഷത്തിന് പുതിയ ജീവൻ കിട്ടി. മുകളിലേക്കാണോ എന്നൊരു തീർത്ഥാടകൻ. അല്ല,മുകളിൽ നിന്നാണ് എന്ന് മറുപടി പറഞ്ഞു. തീർത്ഥാടന കേന്ദ്രത്തിൽ നിന്നും വരുന്നവരേക്കാളും ആകാംക്ഷ പോകുന്നവർക്കായിരിക്കും. ഇതൊരു സാമാന്യസംഗതിയാണ്. ചിലമേന്തിയ സ്വാമി പാടാൻ ആരംഭിച്ചു. അതിനു ശേഷം തൻ്റെ അനുഭവങ്ങൾ വിവരിച്ചു. സ്വാമിയിൽ നിന്നാണ് ഗുപ്തകാശിയിൽ നിന്നും വഴി മാറി മന്ദാകിനി കടന്ന്, ഉഖിമഠ് വഴി തുംഗനാഥ് തരണം ചെയ്ത് ചമോളിയിൽ എത്തിച്ചേരാനുള്ള വഴി മനസ്സിലാക്കിയത്. 
സോനപ്രയാഗിൽ നിന്ന് ഫാട്ടയിലെത്തി. വിശ്രമിക്കെ പല ചിന്തകളും ഉണർന്നു. എന്തു കാരണത്താലാണ് മനുഷ്യൻ തീർത്ഥയാത്ര നടത്തുന്നത്? വെറും അന്ധവിശ്വാസം തന്നെയല്ലേ? ചില പണ്ഡിതർ അത് പാപം കഴുകിക്കളയാനാണെന്ന് പറയുന്നു. സാഹസിക പ്രവണതയാണെന്നും പറയുന്നവരുണ്ട്. ഭൗതികവാദത്തെയും ആത്മീയവാദത്തെയും വേർതിരിക്കുന്നത് എന്താണ്? എന്തായാലും യാത്ര മനസ്സിനും ശരീരത്തിന്നും ഉണർവും ഉന്മേഷവും പകരും. അക്കാര്യത്തിൽ എല്ലാവരും യോജിക്കുന്നു. 

മഴ നനഞ്ഞുകൊണ്ടാണ് ഫാട്ടായിൽ നിന്നും ഗുപ്തകാശിയിലെത്തിയത്. പോകുമ്പോൾ താമസിച്ച സത്രത്തിലെ വൃദ്ധൻ തിരിച്ചറിഞ്ഞു. മുറിയിൽ തണുപ്പകറ്റാനുള്ള വഴിയെന്തെന്ന് ആലോചിക്കെ, ഒരു വൃദ്ധ സ്വാമിയെ വാതിൽക്കൽ കണ്ടു.അദ്ദേഹത്തെ സ്വാഗതം ചെയ്തു. ഒരു വൈഷ്ണവ യോഗിയാണ്. U ആകൃതിയിലുള്ള കുറിയും അതിൻ്റെ നടുവിൽ കറുത്ത കുത്തും തെളിവാണ്. കറുത്ത കുത്തിന് ശ്യാശരീർ എന്നു പറയും. കൃഷ്ണനെ ഉപാസിക്കുന്നവർക്കേ അതു കാണൂ. സ്വാമി ബദരിക്കാണ്. തുംഗനാഥ് വഴി. അപ്പോൾ രണ്ടുപേർ കൂടി വന്നു. ഒരു വൃദ്ധ സ്വാമിയും പയ്യനും. അവർ മൂന്നു പേരും സഹയാത്രികർ കൂടിയാണ്. സ്വാമിയുടെ കയ്യിൽ ചിലം ഉണ്ടായിരുന്നു. അത്താഴം ഭിക്ഷുക്കളോടൊപ്പമാക്കി. സ്വാമിയുടെ കുടെയുള്ളത് (രണ്ടാമത് വന്നതിൽ പ്രായം ചെന്ന ആൾ) രാമാനന്ദ് ആണ്. രാമാനന്ദ് പോസ്റ്റൽ ക്ലാർക്കായി റിട്ടയർ ചെയ്തിട്ട് അധികമായില്ല. ഗൃഹസ്ഥാശ്രമിയുമാണ്. ചിലത്തിൽ ഉപയോഗിച്ച ഭാംഗ് ഒന്നാംതരമായിരുന്നു. ചപ്പാത്തിയെക്കാൾ കട്ടി കൂടിയ റൊട്ടിയായിരുന്നു അവരുണ്ടാക്കിയത്. അതിന് ബാട്ടി, ടിക്കട് എന്നൊക്കെ പറയും. ആഹാരത്തിന് ശേഷം വീണ്ടും ചിലം നിറച്ചു. എത്രപെട്ടെന്നാണ് സൗഹൃദങ്ങൾ ഉടലെടുക്കുന്നത്!  ചിലം വലിച്ചപ്പോൾ ഉന്മേഷം കൂടി. പുണ്യതീർത്ഥങ്ങളിൽ കാൽനടയായിത്തന്നെ പോകണമെന്നാണ് സ്വാമിയുടെ പക്ഷം. ആയാസപ്പെടാതെ മോക്ഷം നേടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇപ്പോൾ ദൈവഭക്തി വെറും പുറമോടി മാത്രമാണ്. കലിയുഗാവസാനത്തിൽ മനുഷ്യൻ ദൈവത്തിനു പകരം സ്വർണ്ണത്തെ ആരാധിക്കും. ക്ഷേത്രങ്ങൾ വെറും കച്ചവട സ്ഥലങ്ങളാണെന്നും സ്വാമി പറഞ്ഞു. മസ്തിഷ്കമാണ് അവതാരങ്ങളുടെ ജന്മഭൂമി. വളരെ നൂതനമായ ചില ചിന്തകളാണ് സ്വാമി അവതരിപ്പിച്ചത്. ബദരിയിലേക്കുള്ള വഴിയിൽ കാണാമെന്ന് സ്വാമി പറഞ്ഞു. 1971 ൽ ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര യോഗാ ദിനത്തിൽ തൻ്റേടത്തോടെ കടന്നു വന്ന്, എന്നാൽ സമ്മേളനത്തിനിരിക്കാതെ, നിലപാട് വ്യക്തമാക്കിയ ഒരു സ്വാമിയെ ഈ സന്ദർഭത്തിൽ ഓർമ്മ വന്നു.

ഉഖിമഠിലെ വിചിത്രാനുഭവം
ഉഖിമഠിൽ വെച്ച് വിചിത്രവും അധികാരത്തിൻ്റെ ഹുങ്ക് പ്രയോഗിക്കപ്പെട്ടതുമായ ഒരു സംഭവമുണ്ടായി. വരുമ്പോൾ തന്നെ ഉഖിമഠിൽ താമസിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. വഴിയിൽ ഇന്നലെ കൂടെയുണ്ടായ സ്വാമിമാർ ആഹാരം കഴിക്കാൻ ക്ഷണിച്ചെങ്കിലും നന്ദി പറഞ്ഞ് നടന്നു. വെയിൽ വർദ്ധിച്ചു വന്നു.ഉഖിമഠിൽ ഒരു ക്ഷേത്രവും ചില സർക്കാർ സംവിധാനങ്ങളുമുണ്ടെന്ന് അറിഞ്ഞിരുന്നു. ക്ഷേത്രത്തിൽ നിന്നും ശബ്ദഘോഷം കേട്ടു. തോരണങ്ങളാൽ പരിസരം അലങ്കരിച്ചിരുന്നു. കൊമ്പനാനയെ പൂമാലയണിയിച്ചും ഒരുക്കിയിരുന്നു. പോലീസുകാരുണ്ട്. നാട്ടുകാരുണ്ട്. ഗ്രാമീണ പെൺകൊടികളുണ്ട്. ആർക്കു വേണ്ടിയാണ് ഈ കാത്തിരിപ്പ്? ഈയുള്ളവനെ സ്വീകരിക്കാനാണോ? കതിനകൾ മുഴങ്ങി. പോലീസുകാർ അടുത്തുവന്നു. ബഹുമാന്യ അതിഥിയെന്ന മട്ടിൽ ക്ഷേത്രാങ്കണത്തിൽ നില്‌ക്കെ, പോലീസുകാർ കാക്കനാടനു നേരെ വടി വീശി. ഭ്രാന്താ കടന്നു പോ എന്ന് ആക്രോശിച്ചു. ഒന്നും മനസ്സിലാകാതെ അമ്പരന്നു നിന്നപ്പോൾ ഒരു പോലീസുകാരൻ കഴുത്തിന് പിടിച്ച് തളളി. വീഴാൻ പോയ കാക്കനാടനെ ശക്തമായ വൃദ്ധഹസ്തങ്ങൾ താങ്ങി. അദ്ദേഹം ഒരു ഗഡുവാളിയായിരുന്നു. കതിന മുഴങ്ങി. ക്ഷേത്രത്തിനുള്ളിൽ നിന്ന് ഗാന്ധിത്തൊപ്പിയണിഞ്ഞ നേതാവും സിൽബന്ദികളും പുറത്തിറങ്ങി. മുഖ്യമന്ത്രിയാണെന്ന് അറിഞ്ഞു. അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറായി നില്ക്കുമ്പോഴാണ് കാക്കനാടൻ എത്തിയത്. മുഖ്യമന്ത്രി, കലക്ടർ, മറ്റ് ഉദ്യോഗസ്ഥർ ഒക്കെ കൂടെയുണ്ട്. മുഖ്യമന്ത്രി രണ്ട് വാക്ക് സംസാരിച്ചു. റോഡ്‌ ശരിയാക്കിത്തരാമെന്ന് ഉറപ്പു നല്കി. കൂപ്പുകൈ അർപ്പിച്ച് സന്നാഹങ്ങൾ സ്ഥലം വിട്ടു. കാക്കനാടനെ താങ്ങിയ 80 വയസ്സു പ്രായമുള്ള വൃദ്ധൻ ജനങ്ങളോട് പറഞ്ഞു. ഇതെല്ലാം വെറും തട്ടിപ്പാണ്. വാഗ്ദാനം നടപ്പാക്കാൻ മന്ത്രിമാർ ശ്രമിക്കുന്നില്ല. അവർക്ക് വേണ്ടത് വോട്ടാണ്. വോട്ടില്ലെങ്കിൽ ഇവനൊന്നും മന്ത്രി ചമയാനാവില്ല. വൃദ്ധൻ രോഷത്തോടെ പറഞ്ഞു. ഉദ്യോഗസ്ഥരെ ശകാരിച്ചു. കൈക്കൂലി നല്കിയാലേ കാര്യം നടക്കു എന്നതാണ് ഇന്നത്തെ സ്ഥിതി. വൃദ്ധൻ ചായക്കടയിൽ കയറി. വൃദ്ധൻ പറയുന്നത് ആൾക്കാർ കേൾക്കുന്നു. നാടിൻ്റെ സ്ഥിതിഗതികൾ കാക്കനാടനും  പിടികിട്ടി. എന്ത് തെറ്റ് ചെയ്തിട്ടാണ് പോലീസുകാരൻ നിങ്ങളെ പിടിച്ചു തള്ളിയതെന്ന് വൃദ്ധൻ ചോദിച്ചു. ഉദ്യോഗസ്ഥരെ ശകാരിച്ചു. പ്രദേശത്തിൻ്റെ പിന്നോക്കാവസ്ഥ, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയൊക്കെ ചൂണ്ടിക്കാട്ടി. ഹിമാലയത്തിൻ്റെ മാസ്മരികതയിൽ ലയിച്ചു വരുന്ന ഒരാൾക്ക് യാഥാർത്ഥ്യബോധം പകരുന്ന വാക്കുകളായിരുന്നു, വൃദ്ധൻ്റെത്. ഈ സന്ദർഭത്തിൽ ജീവിതത്തിലെ ചില അവശമുഖങ്ങൾ മനസ്സിൽ തെളിഞ്ഞു. ഡൽഹിയിലും മറ്റ് നഗരങ്ങളിലുമൊക്കെ എച്ചിൽപ്പാത്രം കഴുകിയും കഠിനമായി വേല ചെയ്തും കുടുംബം പോറ്റാൻ മെനക്കെടുന്ന പാവങ്ങൾ. അവരെ ചൂഷണം ചെയ്യുന്ന ഉടമകൾ. ബച്ചൻ സിങ്ങിനെ ഓർമ്മ വന്നു. വിനയവിധേയനായ പാവം ബാലൻ. ചായയുമായി വരും. കീറിപ്പറിഞ്ഞ വേഷം. ഉടമ ഒരു മുരടനായ സർദാർജിയായിരുന്നു. ശമ്പളം ചോദിച്ചതിന് അവനെ അയാൾ അടിച്ചു. അവൻ്റെ തന്ത വാങ്ങിയ പൈസ തിരികെ തന്നില്ലെന്നതാണ് പറഞ്ഞ ന്യായം. 100 രൂപയാണ് പ്രശ്നവിഷയം. അടച്ചതിൻ്റെ ബാക്കി കാക്കനാടൻ നല്കി ഈ ബാദ്ധ്യതയിൽ നിന്നും അവനെ മോചിപ്പിക്കുകയായിരുന്നു. അയ്യഞ്ചു രൂപാ മാസം വെച്ച് ബച്ചൻ കാക്കനാടന് നല്കി കടം വീട്ടിക്കൊണ്ടിരുന്നു.

ഉഖിമഠിൽ നിന്ന് ഉച്ചക്കു ശേഷമുള്ള യാത്ര ആയാസമുള്ളതായിരുന്നു. മഞ്ഞ് നല്ലവണ്ണം പെയ്തു. രാത്രി ഒരു ഗുഹയിൽ കഴിച്ചുകൂട്ടി. മെഴുകുതിരി  കത്തിച്ചു. വിശപ്പാണെങ്കിൽ അസഹ്യവും. പ്രസ്തുത സന്ദർഭത്തിൽ ചില യോഗികളുടെ വാക്കുകളും ദർശന ശകലങ്ങളും ഓർമ്മിച്ചു. ആഗ്രഹങ്ങളെ കൈവെടിയാൻ എത്രപേർക്ക് സാധിച്ചിട്ടുണ്ടാക്കാം? അത് മനുഷ്യസാദ്ധ്യം തന്നെയോ? ഭൗതികവാദവും ആത്മീയ വാദവും ഒരേ കള്ളനാണയത്തിൻ്റെ വശങ്ങളാണോ? വിശപ്പാണ് പരമമായ സത്യം. വിശന്ന് വലഞ്ഞ് ഏകാന്തമായ ഒരിടത്ത് ഗുഹയ്ക്കുള്ളിൽ തണുത്ത് വിറച്ച് കഴിയുന ഒരാൾക്ക് വെളിച്ചവും ചൂടും ഭക്ഷണവുമാണ് വേണ്ടത്. വാദമുഖങ്ങളൊക്കെ അവന് അപ്രസക്തമാണ്. പ്രാണായാമത്തിൻ്റെ വിവിധ മാർഗ്ഗങ്ങളിലൂടെ ആരെങ്കിലും മോക്ഷപ്രാപ്തിയിൽ എത്തിയിട്ടുണ്ടോ? ഈ സന്ദർഭത്തിൽ പൂനയിലെ സന്യാസിയായ രജനീഷിനെ ഓർത്തു. എൻ്റെയടുത്ത് പാവപ്പെട്ടവർ വന്നാൽ, ഞാൻ അവരോടു പറയും, ധനികരായി തിരിച്ചുവരാൻ - പാവപ്പെട്ടവന് മോക്ഷമല്ല, ധനമാണ് വേണ്ടത്. ഇതാണ് രജനീഷിൻ്റെ വാദം. എന്നാൽ, ദരിദ്രനോമോ അതിനേക്കാളുമോ ദ്രവ്യാഗ്രഹം ധനികനുമുണ്ട്' മോഹങ്ങൾക്ക് സംയമനമാണ് ഉചിതമായ മാർഗ്ഗമെന്ന് ഒരു സ്വാമി ചാന്ദ്നി ചൗക്കിൽവെച്ച് പറഞ്ഞതോർമ്മ വന്നു. ഏതാണ് ശരി, ഏതാണ് തെറ്റ്? കാക്കനാടൻ ആശയക്കുഴപ്പത്തിലാണ്ടു.

ഹനുമാൻ ഘട്ടിൽ: നേരം വെളുത്തു. എഴുന്നേറ്റു നടക്കാൻ തീരുമാനിച്ചു. കാലുകൾ മരക്കഷണങ്ങൾ പോലെ തോന്നി. അള്ളിപ്പിടിച്ച് താഴേ റോഡിലേക്കിറങ്ങി. കഠിനമായ ദാഹത്തിന് മുകളിൽ നിന്ന് ചാടുന്ന വെള്ളത്തെ ആശ്രയിച്ചു. മുന്നോട്ട് നടന്നു. മൂന്നു നാഴിക നടന്നപ്പോൾ റോഡിനു കീഴെ -600 അടി ഇറങ്ങണം -കുറേ കല്ലു മേഞ്ഞ വീടുകൾ കണ്ടു. വിശപ്പ് അസഹ്യമായിരുന്നു. ഇറങ്ങി. ചായക്കടയൊന്നും അവിടെയില്ല. ഒരു. വീടിനു സമീപമെത്തി. ഒരു വൃദ്ധനും പെൺകുട്ടിയും വന്നു. വൃദ്ധൻ്റെ വിശ്വാസം പിടിച്ചു പറ്റണം. എന്നാലേ രക്ഷയുള്ളൂ. കാക്കനാടന് അത് സാധിച്ചു. ഗ്രാമത്തിൻ്റെ നടുക്കുള്ള ക്ഷേത്രത്തിലെ- ഹനുമാൻ ക്ഷേത്രം- പൂജാരിയായിരുന്നു അയാൾ. പണം കൊടുത്തപ്പോൾ വൃദ്ധൻ ആദ്യം സംശയിച്ചെങ്കിലും പിന്നെ മേടിച്ചു. ചായ കുടിക്കാൻ വൃദ്ധൻ ക്ഷണിച്ചു. പഴക്കം ചെന്ന ക്ഷേത്രമാണ് ഹനുമാൻ ഘട്ടിലേത്. പണ്ട് അതുവഴി തീർത്ഥാടകർ പോയിരുന്നെങ്കിലും, ഇപ്പോൾ ആരും പോകാറില്ല. തുംഗനാഥിലേക്ക് രണ്ടു പകൽ നടക്കണം. കുത്തനെയുള്ള കയറ്റമാണ്. വൃദ്ധനോട് യാത്ര ചോദിക്കെ, വഴിയിൽ വെച്ച് ആഹരിക്കാൻ ആവശ്യപ്പെട്ടതു പ്രകാരം ഭക്ഷണം തയ്യാറാക്കി നല്കി. യാത്ര ആരംഭിച്ചു. കുറേ നടന്നു. വൃദ്ധൻ്റെ കൊച്ചുമകൾ തയ്യാറാക്കി നല്കിയ റൊട്ടി കഴിച്ചു. തൃപ്തനായി. ഉറക്കം കണ്ണുകളെ തലോടി. ഉണർന്നപ്പോൾ മഴ ശക്തിയായി പെയ്യുന്നു. തുംഗനാഥിനെ ലക്ഷ്യമാക്കി നടന്നു. അങ്ങനെ നടക്കെ, ഏതാണ്ട് പത്തടി മുന്നിൽ ഒരു കൂറ്റൻ കല്ലു വന്നു വീണു. രക്ഷപ്പെട്ടത് അത്ഭുതം! ഹിമാലയ യാത്രയിൽ ഇത്തരം നിരവധി ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. കടുത്ത മഴ കാരണം മലവെള്ളം പൊട്ടിയിറങ്ങിയിരിക്കുന്നു. തുംഗനാഥിലേക്കുള്ള വഴി ഭാഗികമായി ദൃശ്യമായി. തീർത്തും സാഹസികമായ ഒരു കയറ്റം വേണ്ടി വന്നു. കാട്ടുചോലയും വഴുക്കലും പാറക്കെട്ടും അപകടസാദ്ധ്യതയും യാത്രയുടെ ഹരം വർദ്ധിപ്പിച്ചു. 
വീണും ഉയർന്ന് ചാടിയും പ്രതിസന്ധി തരണം ചെയ്തു. പക്ഷേ, കുറച്ചു നടന്നപ്പോൾ വീണ്ടും കയറ്റം.

കരടിയുടെ സങ്കേതത്തിൽ: വലിയ പാറക്കെട്ടുകളിൽ ചവിട്ടി മുകളിലേക്ക് കയറി. ആകാശം കാർമേഘാവൃതമായി. കാറ്റ് ചീറിയടിക്കാൻ തുടങ്ങി. V തിരിച്ചിടുന്ന മട്ടിൽ രണ്ടു പാറകൾ സംയോജിക്കുന്ന ഇടം കണ്ടു. അവിടെ അഭയം തേടാമെന്ന് ചിന്തിച്ചു. ഇത്തരം ഇടങ്ങൾ കരടിയെപ്പോലുള്ള ഹിംസ്ര ജീവികളുടെ താവളങ്ങൾ ആകാം. മെഴുകുതിരി കത്തിച്ച് ,കരുതിയിരുന്ന കത്തി കയ്യിലെടുത്ത്, ഗുഹയ്ക്കുള്ളിലൂടെ ശ്രദ്ധാപൂർവം നടന്നു. ഗുഹയ്ക്ക് രണ്ടു ഭാഗത്തും കവാടങ്ങൾ ഉണ്ടെന്നു കണ്ടു. തല്ക്കാലം ഹിംസ്രജന്തുക്കളൊന്നും ഉള്ളിലില്ലെന്ന് ബോദ്ധ്യപ്പെട്ടു. മെഴുകുതിരി കെടുത്തി സുഖമായി ഉറങ്ങാൻ തയ്യാറായി.

കയറ്റം, വീണ്ടും കയറ്റം: ഗുഹയിൽ നിന്നും പുറപ്പെട്ടു. മൂടൽ മഞ്ഞ് മാഞ്ഞു കൊണ്ടിരുന്നു. മൂന്നാമത്തെ തട്ടിൽ നിന്നും നാലാമത്തെ തട്ടിലെത്തിയപ്പോൾ നേരം പുലർന്നു. നാലിൽ നിന്നും അഞ്ചിലേക്കുള്ള കയറ്റം കുത്തനെയുള്ളതായിരുന്നു. അതു കയറിയപ്പോൾ കണ്ട ദൃശ്യം കമനീയമായിരുന്നു. അകലെ നിന്നും താഴേക്കിറങ്ങി ഒരാൾ വരുന്നു. ഏകനായി നടക്കുകയായിരുന്ന കാക്കനാടന് ഒരു മനുഷ്യരൂപം കാണുമ്പോഴേ സന്തോഷം തോന്നി. അത് ഒരു പാശ്ചാത്യനായിരുന്നു. അയാൾക്ക് കൊടുക്കാനുള്ള ഭക്ഷണം അല്പം മുമ്പേ തിന്നു പോയല്ലോ എന്നതോർത്ത് കാക്കനാടന് കുണ്ഠിതം തോന്നി. ബദരിയിൽ നിന്നും കാൽനടയായി വരുന്ന സായ്പ് ചമോളി വിട്ടതിനു ശേഷം കണ്ടുമുട്ടുന്ന ആദ്യ വ്യക്തി കാക്കനാടനാണ്. ധ്വരസ്വാമി തലേ ദിവസം രാത്രിയിലാണ് തുംഗനാഥിലെത്തിയത്. കൊടും തണുപ്പായിരുന്നു. ആഹാരം പോലുമില്ലാതെ ക്ഷേത്രത്തിണ്ണയിൽ കിടന്നുറങ്ങി. അഞ്ചാമത്തെ തട്ടിലെത്തി തിരിഞ്ഞു നോക്കിയപ്പോൾ പടിഞ്ഞാറൻ സ്വാമിയുടെ രൂപം ഒരു പൊട്ടു പോലെ കണ്ടു. കുറച്ചുനേരം വിശ്രമിച്ചു. അഞ്ചിൽ നിന്നും ആറിലേക്കുള്ള കയറ്റം ആരംഭിച്ചു. അന്തരീക്ഷം മൂടൽമഞ്ഞിനാലും മേഘങ്ങളാലും മൂടി. തുടർന്ന് മഴ പെയ്യാൻ തുടങ്ങി. ക്രമേണ ശക്തിയായി. കാറ്റ് വീശിയടിച്ചു. ശ്വാസോച്ഛ്വാസത്തിന് തടസ്സം നേരിട്ടു. മുന്നിൽ മഞ്ഞ് കട്ട പിടിച്ചു കിടക്കുന്നു. വീണാൽ അഗാധതയിലേക്ക് പതിക്കും. മഞ്ഞിൽ കൂടി മുകളിലേക്ക് കയറുകയെന്നത് ജീവൻ പണയം വെച്ചുകൊണ്ടുള്ളതാണ്. ഇടക്കിടെ കൊടുങ്കാറ്റടിച്ചു. ഈ നിസ്സഹായ നിമിഷങ്ങളെ രാജൻ കാക്കനാടൻ ഇപ്രകാരം രേഖപ്പെടുത്തുന്നു:
"അങ്ങനെ ആയാസപ്പെട്ട് ഓരോ ചുവടും ശ്രദ്ധയോടെ വെച്ചു മുന്നോട്ടു കയറുമ്പോൾ പിന്നിട്ട ജീവിതത്തിലെ ഒട്ടനേകം രംഗങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു. ജീവിത പന്ഥാവിൽ കണ്ടുമുട്ടിയ ഒട്ടനേകം മുഖങ്ങൾ ഒരു നിഴൽക്കൂത്തിലെന്ന പോലെ വരുകയും പോവുകയും ചെയ്തു. ജീവിതത്തിൽ വിജയിച്ചുവെന്നും പരാജയപ്പെട്ടുവെന്നും വീണ്ടും വിജയിച്ചുവെന്നും ധരിച്ച നിമിഷങ്ങൾ. വിജയോന്മാദത്തിൻ്റെ ലഹരിയിൽ ആർത്തട്ടഹസിച്ച വേളകൾ. പരാജയത്തിൻ്റെ പ്രഹരമേറ്റ് അവശനും ദു:ഖിതനുമായി ചെലവഴിച്ച ഏകാന്തനിമിഷങ്ങൾ. ആയിരം പൂക്കൾ വിടരുന്നതു കണ്ട നിമിഷങ്ങൾ…".

കയറിയിട്ടും കയറിയിട്ടും തീരുന്നില്ല. കാലുകൾ മരവിച്ചു തുടങ്ങി. മേഘപടലങ്ങൾ മാത്രം...അവസാനം തുംഗനാഥ് ക്ഷേത്രത്തിൻ്റെ കരിങ്കൽ പടികളിൽ പിടിച്ചു നിന്നപ്പോൾ ഒരു സിദ്ധി കൈവരിച്ചതായി രാജൻ കാക്കനാടനു തോന്നി.

കരിങ്കല്ലിൽ പണിത പുരാതനമായ ശിവക്ഷേത്രം. സർവത്ര ഇരുട്ട്. ശ്രീകോവിലിൽ കത്തിച്ചു വെച്ച കൽ വിളക്കിൽ നിന്നുള്ള  പ്രഭാപൂരം കണ്ടു. അതിപുരാതനമായ ആ ശിവലിംഗവും കണ്ടു. ശിവലിംഗത്തിന് പിന്നിൽ പത്തി വിരിച്ചു നില്ക്കുന്ന സുവർണ്ണ സർപ്പം. ബാക്കിയായത് നിശ്ചലവും നിശ്ശബ്ദവുമായ ശൂന്യത. ക്ഷേത്രത്തിന് തൊട്ടടുത്ത കെട്ടിടത്തിൽ പ്രധാന പൂജാരി കഴിയുന്നു. അവരുടെ അതിഥിയായി രാജൻ കാക്കനാടൻ. വൃദ്ധനായ മുഖ്യപൂജാരിക്കൊപ്പം ഒരു യുവ ബ്രാഹ്മണനും സഹായത്തിനുണ്ട്. തുംഗനാഥിൽ പൂജ നടത്താനവകാശമുള്ള ദേവപ്രയാഗികളായ ബ്രാഹ്മണരാണിവർ. കാക്കനാടൻ ഈ കൊടും മഞ്ഞിൽ എങ്ങനെയെത്തി എന്ന് അവർ അത്ഭുതപ്പെട്ടു. പുലർച്ചെ പ്രധാന പൂജയ്ക്ക് സാക്ഷിയായി. യുവബ്രാഹ്മണൻ പൂജാനന്തരം കാഴ്ചകൾ എങ്ങനെയുണ്ടെന്ന് ആരാഞ്ഞു. തുംഗനാഥിൽ നിന്നു കാണുന്ന കാഴ്ചകൾ മറ്റെവിടെയും കാണില്ല. നന്ദാദേവി,കാഞ്ചൻ ജംഗ, എവറസ്റ്റ് മുതലായ കൊടുമുടികൾ അയാൾ ചൂണ്ടിക്കാട്ടി. അതിനു ശേഷം ചായ കഴിച്ചു. തുംഗനാഥൻ്റെ ഗംഗയെ പരിചയപ്പെടുത്തി. ഇയാൾ വൃദ്ധബ്രാഹ്മണൻ്റെ ഏറ്റവും ഇളയ പുത്രിയുടെ സന്തതിയാണ്. ദർശനത്തിനു വേണ്ടി ജനം ആർത്തിരമ്പുന്ന ക്ഷേത്രങ്ങളുണ്ട്. എന്നാൽ അവയിൽ നിന്നും തുംഗനാഥിനെ വ്യത്യസ്തമാക്കുന്നത് അതിൻ്റേതായ ഒരു ശാന്തതയാണ്. അവരോട് യാത്ര പറഞ്ഞു കൊണ്ട് കാക്കനാടൻ ക്ഷേത്രത്തിൻ്റെ പടികളിറങ്ങി.

(തുടരും )
(ബദരിയിലേക്ക്... മൂന്നാം ഭാഗം കാണുക.
ബ്ലോഗിൽ എഴുതിയിട്ടുണ്ട്.)






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ