ഓർമ്മയുടെ അറകൾ: വൈക്കം മുഹമ്മദ് ബഷീർ (സ്മരണകൾ)




ബഷീറിൻ്റെ ആത്മകഥയാണ് ഓർമ്മയുടെ അറകൾ. മലയാളത്തിലെ ആത്മകഥാ സാഹിത്യത്തിന് വേറിട്ടൊരു അനുഭവമാണ് ഓർമ്മയുടെ അറകൾ നല്കുന്നത്. ഋജുവായ ശൈലിയിൽ മതം, ജീവിതം, ചുറ്റുപാടുകൾ മുതലായവയെക്കുറിച്ചുള്ള, സരളമെങ്കിലും ഗഹനമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയാണ് അദ്ദേഹം. നിരീക്ഷണ പാടവവും ജീവിതത്തോടുള്ള ഹാസ്യാത്മക സമീപനവും ഓർമ്മയുടെ അറകളെ വ്യത്യസ്തമാക്കുന്നു. പൂർണ്ണമായ അർത്ഥത്തിലുള്ള ആത്മകഥയല്ല ഓർമ്മയുടെ അറകൾ. അനുഭവങ്ങളുടെ നുറുങ്ങുകളാണവ. പ്രകൃതിയിലേക്ക്, അതും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിലേക്ക് തൻ്റെ സാഹിത്യവും വീക്ഷണവും എപ്രകാരം എത്തിച്ചേർന്നുവെന്നതിൻ്റെ നിദർശനമാണ് ബഷീർ അവതരിപ്പിക്കുന്നത്.

ഓർമ്മയുടെ അറകൾ ഒരു തുറന്നെഴുത്താണ്. പരിസ്ഥിതിയുമായി മനുഷ്യന് ഹൃദയ ബന്ധം വേണമെന്ന് അതു സ്ഥാപിക്കുന്നു. താനുമായി നടത്തുന്ന ഒരു അഭിമുഖ സംഭാഷണത്തെ മുൻനിർത്തിയാണ് ആത്മകഥാംശമുള്ള ഈ കുറിപ്പ് ബഷീർ എഴുതുന്നത്. അനന്തമായ ശൂന്യതയിൽ നിന്നാണ് എല്ലാം ഉണ്ടായതെന്ന ദർശനം പ്രഖ്യാപിച്ചു കൊണ്ടാണ് ഓർമ്മയുടെ അറകൾ ആരംഭിക്കുന്നത്.ശ്രീധരൻ, ബി.എം.ഗഫൂർ, പി.കെ മുഹമ്മദ്, എം.എ. ഹക്കിം, കെ.കെ.ആമു, ഐ.വി.ശശി എന്നിവരും കൂടെ ഫോട്ടോ ഗ്രാഫറായ പുനലൂർ രാജനും വന്നിട്ടുണ്ട്. ബഷീർ ഇൻ്റർവ്യു നല്കുമ്പോൾ ബദ്ധശ്രദ്ധനാണ്. കാരണം, ബഷീറുമായി അഭിമുഖം നടത്താൻ വന്ന ഒരു പത്രക്കാർ ബഷീർ പറയാത്തതടക്കം എഴുതിച്ചേർത്ത് വിവാദമുണ്ടാക്കി. തകഴിയുമായി ബന്ധപ്പെട്ടായിരുന്നു വിവാദം.  ഈ അനുഭവത്തിനു ശേഷം തന്നോടു ചോദിക്കുന്നതും അതിനുള്ള മറുപടിയും സ്വയം എഴുതും. ഇതാണ് അഭിമുഖവുമായി ബന്ധപ്പെട്ടുള്ള ബഷീർ സ്റ്റൈൽ.

ബഷീറിൻ്റെ ചെറുപ്പകാലത്തെക്കുറിച്ചറിയാൻ ഹക്കിം ഉത്സുകനായി. വാഴനാരു കൊണ്ട് സംഗീതം തീർത്ത കഥ ബഷീർ പറഞ്ഞു. അതോടൊപ്പം, നാട്ടിൽ ഏതു പാമ്പിനെയും പിടികൂടുന്ന ഒരു ബമ്പൻ ഉണ്ടായിരുന്നു. അദ്ദേഹത്തെപ്പോലെയാകണം എന്ന ആഗ്രഹവും ഉണ്ടായി. അപ്രകാരമാണ് ബഷീർ നീർനാഗത്തെ ബന്ധിച്ചത്‌. (നീർനാഗം എന്ന വാക്ക് കിട്ടിയത് ഒരു തമിഴ് പാമ്പുകളിക്കാരൻ്റെ ഗതികേടിൽ നിന്നാണ്.) പിടിച്ചത് ചെറിയൊരു നീർക്കോലിയെ. ഒരു പച്ച ഈർക്കിലെടുത്ത് കുരുക്കിൽ പെടുത്തുകയാണുണ്ടായത്. ഒരു ഹീറോ എന്ന മട്ടിൽ സകല സ്ഥലത്തും അതിനെ കൊണ്ടു നടന്നു. അവസാനം വീട്ടു വരാന്തയിൽ തൂക്കിയിട്ടു. ബാപ്പാ തടി കച്ചവടക്കാരനാണ്. എടാ എന്ന വിളി ഉയർന്നു. ബഷീർ വീട്ടിൽ ചെന്നു. ബാപ്പ ഉമ്മായെ വിളിച്ചു: എടീ. നീർക്കോലിക്കുഞ്ഞിനെ ചൂണ്ടി ബാപ്പ ചോദിച്ചു: ഇതെന്താണ്? നീർക്കോലിക്കുഞ്ഞാണെന്ന് ഉമ്മാ മറുപടി പറഞ്ഞു. എന്നാ കൊണ്ടുപോയി നീ മൊലകൊടുത്തു വളർത്തിക്കോ എന്നായി ബാപ്പ. അതിന് ഞാമ്പെറ്റതാണോ എന്നായി ഉമ്മ. സർപ്പായ സർപ്പങ്ങളൊക്കെ ഖദ്രു അമ്മയുടെ സന്താനങ്ങളത്രെ.

ഉപ്പായുടെ ശാസന ഉയർന്നു. ചൂരൽ വടി കൊണ്ട് 3 അടി കിട്ടി. നീർ നാഗത്തെ തോട്ടിലേക്ക് മോചിപ്പിച്ചു. ബാപ്പാ ഉപദേശിച്ചു: അല്ലാഹു വിൻ്റെ സൃഷ്ടികളിൽ ഒന്നിനെയും കാരണം കൂടാതെ ദ്രോഹിക്കരുത്. 

ബഷീർ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ എന്നതായിരുന്നു ഗഫൂറിൻ്റെ ചോദ്യം.
ബാപ്പായുടെ പേര് കായി അബ്ദുറഹിമാൻ. ഉമ്മായുടെ പേര് കുഞ്ഞാച്ചുമ്മ. രണ്ടു പേരും അല്ലാഹുവിൽ വിശ്വസിക്കുന്നവർ. അവരുടെ മൂത്ത മകനായ ബഷീർ എട്ടു വയസ്സായപ്പോഴേക്കും ഖുർ- ആൻ വായിച്ചു തീർന്നു. ഇവിടെ ബഷീർ തൻ്റെ ജീവിതത്തിൻ്റെ പൊരുളിലേക്ക് കടക്കുന്നു. മലയാളം സ്കൂളിൽ പഠിച്ചു കഴിഞ്ഞപ്പോൾ ഇംഗ്ലീഷ് സ്കൂളിലേക്ക് തന്നെ പഠിക്കാൻ അയച്ചുവെന്നത് തീർത്തും മാതൃകാപരമായിരുന്നു. പ്രത്യേകിച്ചും മുസ്ലീം സമുദായം വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലാണ്. കൂടുതൽ പഠിക്കാൻ അവസരം കിട്ടുകയെന്നത് മഹാഭാഗ്യമാണ്. വിശ്വാസത്തിലധിഷ്ഠിതമായ പൈതൃകവും ബഷീറിനുണ്ട്.

വൈക്കം ഇംഗ്ലീഷ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ മുസലിയാർ ബഷീറിനെ അറബിയിൽ ഉപരിപo നമെന്ന നിലയിൽ കിത്താബ് ഓതിച്ചിരുന്നു. അന്ന് ഇന്ത്യ അസ്വതന്ത്രമാണ്. ഒരിക്കൽ വൈക്കത്തു വന്ന ഗാന്ധിജിയെ ബഷീർ തൊട്ടു. വൈക്കം ഇംഗ്ലീഷ് ഹൈസ്കൂളിൽ ഫിഫ്ത്ത് ഫോമിൽ പഠിക്കുമ്പോൾ റംസാൻ മാസത്തിൽ എന്തോ കുറ്റത്തിന് ബാപ്പ ബഷീറിനെ അടിച്ചു. അന്ന് രാത്രി വീട് വിട്ടു. കോഴിക്കോട്ടെത്തി. കോഴികോട് കടപ്പുറത്ത് ഉപ്പു കുറുക്കി സമരം ചെയ്തു. പോലീസിൻ്റെ മർദ്ദനം ഏറ്റുവാങ്ങി. ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തോട് വിട പറഞ്ഞു. ചോരക്കടലാണ് മുന്നിൽ. തീവ്ര വിപ്ലവകാരികളോട് ബഷീറിന് ആഭിമുഖ്യം ഉണ്ടായി. ഭഗത് സിങ്ങ്, സുഖദേവ് , രാജ്ഗുരു മുതലായവരുടെ  ആരാധകനായി ബഷീർ. അവരെ തൂക്കിലേറ്റിയതിൻ്റെ പേരിൽ കണ്ണൂർ സെൻട്രൽ ജയിലിൽ പട്ടിണി കിടന്നു. തുടർന്ന് ഒരു കുഞ്ഞ് ഭഗത് സിങ്ങായി നാട്ടിലേക്ക് വന്നു... അതേ മീശ.

പിന്നെയും നാടുവിട്ടു. ഒരു ഭീകര സംഘവും പത്രവും രൂപം കൊണ്ടു. തീപ്പൊരി ചിതറുന്ന അക്ഷരങ്ങൾ. പൊലീസ് പത്രം കണ്ടു കെട്ടി. അറസ്റ്റ് വാറണ്ട് ഇറങ്ങി. നാടുവിട്ടു. ഒമ്പതു പത്തു കൊല്ലം ഭാരതം മുഴുവൻ സഞ്ചരിച്ചു. ഈ ലോകത്തിലെ സകല വിസ്മയങ്ങളും കാണാൻ സജ്ജനായി. പല മതങ്ങളുടെയും ആചാര്യന്മാരുമായി സംവദിച്ചു. എല്ലാത്തിൻ്റെയും പൊരുൾ ഒന്നു തന്നെയെന്ന് ഗ്രഹിച്ചു.

മതത്തെക്കുറിച്ചുള്ള നിലപാട് ബഷീർ വ്യക്തമാക്കി: അല്ലാഹു അല്ലാതെ വേറൊരു ദൈവമില്ല. താൻ സംശയരഹിതമായും ഇസ്ലാം മത വിശ്വാസിയാണെന്ന് ബഷീർ പ്രഖ്യാപിക്കുന്നു. ഇസ്ലാം മതം പുരാതനമാണ്. സൂര്യനെയും ചന്ദ്രനെയും ഭൂമിയെയും നക്ഷത്രങ്ങളെയും പോലെയാണത്. ഇസ്ലാം മതത്തെയല്ല ശുദ്ധി ചെയ്യേണ്ടത്; മുസ്ലീമാന്നെന്ന് പറഞ്ഞു നടക്കുന്ന സ്ത്രീ പുരുഷന്മാരെയാണ്. ഇസ്ലാം മതം യുക്തിവാദത്തിൻ്റെ മതമാണ്. ഇതാണ് ബഷീറിൻ്റെ നിലപാട്. ശരീര ശുചിത്വത്തിന് വലിയ പ്രാധാന്യം അതു നല്കുന്നു. മനുഷ്യരാകട്ടെ, ഭൂഗോളവും വായുവും ബഹിരാകാശവും ചന്ദ്ര മണ്ഡലവും ഒക്കെ വൃത്തികേടാക്കിയിരിക്കുന്നു. അതിനിടെ കേളു ആശാരിയെയും അദ്ദേഹത്തിന് ബഷീർ നല്കിയ കണ്ണടയെയും പ്രതിപാദിക്കുന്നു. ഇൻ്റർവ്യൂവിന് വന്ന ഓരോരുത്തരോടും ബഷീർ അവരുടെ ജീവചരിത്ര കുറിപ്പെഴുതാൻ പറഞ്ഞു. അവരെഴുതിയ ലഘു കുറിപ്പുകൾ ഇതിൽ ചേർത്തിട്ടുണ്ട്.

കുറേ പാമ്പുകളും ഒരു സുന്ദരിയും എന്ന അധ്യായത്തിൽ പാമ്പുകളുമായുള്ള ചില ക്രിയാ ബന്ധങ്ങൾ ബഷീർ വിവരിക്കുന്നു. മൂവാറ്റുപുഴയാറിൻ്റെ തീരത്തുള്ള മണകുന്നത്താണ് ജനിച്ചത്. വളർന്നത് ആറ്റിനിക്കരെ തലയോലപ്പറമ്പിൽ. മലവെള്ളം ഒഴുകുമ്പോൾ നിരവധി പാമ്പുകൾ പുരയിടത്തിലേക്ക് കയറും. പാമ്പുകടിയേറ്റ് ചിലർ മരണപ്പെടാറുണ്ട്. ഒരു ദിവസം രാത്രി 11 മണിക്ക് ബഷീർ മൂത്രമൊഴിക്കാൻ എഴുന്നേറ്റു. ഉമ്മാ നെയ്യപ്പം ഉണ്ടാക്കുന്നു. ഉപ്പായും മറ്റും ഉറക്കമാണ്. ബഷീർ മൂത്രമൊഴിച്ചു വന്ന് ഒരു നെയ്യപ്പമെടുത്ത് കറു മുറെ ചവച്ചു തിന്നാൻ തുടങ്ങി.പെട്ടെന്ന് ബഷീർ സ്തബ്ധനായി. വലതുകാൽ മുട്ടിനടുത്ത് പാമ്പിൻ്റെ വാലനങ്ങുന്നു. കറുത്ത പാമ്പ്. സഹായത്തിന് വന്ന യുവതി സ്തംഭിച്ചു. ഉടൻ തന്നെ അലറിക്കരഞ്ഞു. ഉമ്മാ നിലവിളിച്ചു. ബാപ്പാ ഉണർന്നു. അയൽപക്കക്കാർ തയ്യാറായി. പാമ്പ് കാലിൽ ചുറ്റിയിരിക്കുന്നു. പാദത്തിൽ തല വെച്ചിരിക്കുന്നു. ഭയങ്കര വിഷമുള്ള പാമ്പാണ് ചുറ്റിയിരിക്കുന്നത്. ഒരഞ്ചു മിനുട്ടു കഴിഞ്ഞപ്പോൾ അത് കെട്ടഴിച്ച് ശൂ എന്ന് പാഞ്ഞു.
പിന്നെയും ചില സംഭവങ്ങൾ ബഷീർ വിശദീകരിക്കുന്നു. മൂർഖൻ പാമ്പെന് കരുതി സമീപത്തു ചെല്ലുമ്പോൾ വരാൽ മത്സ്യത്തെ കണ്ടതും പിടികൂടിയതും അതിലൊന്ന്. ഒരു പെൺകുട്ടി പറഞ്ഞപ്പോൾ കുട്ടയിൽ നിന്നും മൂർഖനെ പിടിച്ചതും പേടിച്ച് താഴെയിട്ട് ഓടിയതും സംഭവങ്ങൾ. കോഴിപ്പിടിയൻ പെരുമ്പാമ്പിനെ ഊരാക്കുടുക്കിട്ട് പിടിച്ചു. ബാപ്പാ വന്ന് ചെവിക്കു പിടിച്ചു. അതിനെ ഓടിച്ചു വിട്ടാൽ മതിയായിരുന്നല്ലോ.

എഴുത്തുകാരനായതിനു ശേഷം, ഒരു കൂട്ടം നമ്പൂതിരി യുവാക്കളുടെ കൂട്ടത്തിൽ താമസിക്കെ ഉണ്ടായ പ്രണയം. ബഷീറും നമ്പൂതിരിയെന്നാണ് അയൽക്കാർ കരുതിയത്. അവസാനം അവളെ കാര്യം ബോദ്ധ്യപ്പെടുത്തി. രാത്രിയിലായിരുന്നു സമാഗമം. അവിടത്തെ താമസം മതിയാക്കി മദ്രാസിലേക്ക് പോകുന്നു. അത് അവളെ അറിയിക്കാൻ രാത്രി അടുത്തടുത്ത് വേലിക്കൽ നില്‌ക്കെ ... ഉഗ്രൻ മൂർഖൻ പാമ്പ് പത്തി വിടർത്തി അരികിൽ… കുറച്ചു കഴിഞ്ഞ് അത് സ്വയമേവ പിന്തിരിഞ്ഞു.

ഇപ്പോൾ താമസിക്കുന്ന വീടിൻ്റെ വരാന്തയിൽ അരമതിൽ കെട്ടിയതെന്തിനെന്ന് ബഷീർ വിശദമാക്കുന്നുണ്ട്. അതിലും മൂർഖൻ്റെ സാന്നിദ്ധ്യമാണ്. ബഷീറിൻ്റെ ബാപ്പായുടെയും ഉമ്മായുടെയും ശരിയായ ചിത്രം ബാല്യകാലസഖിയിൽ ഉണ്ടെന്ന് ബഷീർ രേഖപ്പെടുത്തുന്നു. ബാപ്പാ വളരെ കണിശക്കാരനായിരുന്നു. തെറ്റു കണ്ടാൽ ഉടൻ ശിക്ഷിക്കും. ഒരു പ്രാവശ്യം ബഷീർ ഒരു ഹിന്ദു മുസ്ലീം ബഹളവും സൃഷ്ടിച്ചു.നങ്ങേലിയുടെ മകനായ കൃഷ്ണൻകുട്ടിയുടെ മകനായ നത്ത് ദാമുവാണ് ഇതിലെ വില്ലൻ. അവന് ബഷീറിൻ്റെ വീട്ടിൽ വലിയ സ്വാതന്ത്ര്യമാണ്. ഏഷണി കൂട്ടുന്ന അവനെ ഒരു പാഠം പഠിപ്പിക്കാൻ ബഷീർ ഒരുങ്ങി. എവിടെയോ ഹിന്ദു മുസ്ലീം സംഘർഷം നടന്നത് ബഷീർ അപ്പോളാണ് അറിഞ്ഞത്. അതൊന്ന് പരീക്ഷിക്കാം. ചന്തയിൽ നിന്നും സാധനം മേടിച്ചു വരുന്ന ദാമുവിനെ ആരുമില്ലാത്ത സന്ദർഭം നോക്കി ഒരിടി കൊടുത്തു. നത്ത് ദാമു അലറിക്കരഞ്ഞു. പിടിച്ചോ എന്നും പറഞ്ഞ് ബഷീറിൻ്റെ പിന്നാലെ ഓടി. ബഷീർ ഓടി തട്ടുമ്പുറത്ത് കയറി. അവസാനം പുകയിട്ട് താഴെയിറക്കാൻ തീരുമാനിച്ചു. നത്തു ദാമു പുക ആഞ്ഞു വീശി. രക്ഷയില്ലാതെ ബഷീർ താഴെയിറങ്ങി. താഴെയിറങ്ങിയപ്പോൾ ഉമ്മ മരത്തിൽ കെട്ടിയിട്ടു തല്ലി. ഇതാണ് ബഷീർ സംഘടിപ്പിച്ച ഹിന്ദു - മുസ്ലീം ബഹളം. മുതിർന്നപ്പോൾ നത്ത് ദാമു രഹസ്യം വെളിപ്പെടുത്തി: അന്നിടിച്ചത് ദേഹത്ത് കൊണ്ടില്ല; കൊട്ടയ്ക്കാണ് കൊണ്ടത്!

ഇസ്ലാം മതത്തിൻ്റെ പ്രാമാണികതയെപ്പറ്റി വാചാലനാകുന്നെങ്കിലും മറ്റു മതങ്ങളെയും അംഗീകരിക്കാനും അതിൻ്റെ അന്തസ്സത്തയെ ഉൾക്കൊള്ളാനും ബഷീർ തയ്യാറായിരുന്നു. എല്ലാറ്റിലും ഉപരിയായി മാനവ സൗഹാർദ്ദത്തിൻ്റെ അമര സ്ഥാനത്താണ് ബഷീറും അദ്ദേഹത്തിൻ്റെ കൃതികളും നിലകൊള്ളുന്നത്. 







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ