സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

 കുഞ്ചൻ നമ്പ്യാർ

മലയാളികൾക്കെല്ലാം സുപരിചിതനായ കവിയാണ് കുഞ്ചൻ നമ്പ്യാർ. മലയാളക്കരയെ പൊട്ടിച്ചിരിപ്പിച്ച, ചിന്തിക്കാനും പ്രതികരിക്കാനും പ്രോത്സാഹിപ്പിച്ച ശ്രേഷ്ഠകവിയാണ് അദ്ദേഹം. കവിതയെ ചാട്ടവാറാക്കിയ പടയണിക്കവിയെന്ന് കുഞ്ചൻ നമ്പ്യാർ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്. ആക്ഷേപഹാസ്യം ചാലിച്ച സാഹിത്യമധുരത്താൽ മലയാളികളെ വിരുന്നൂട്ടിയ കവി. അധികാരത്തിൻ്റെ അഹംഭാവത്തിനെതിരെ വാക്കുകളെ ചാട്ടുളിയാക്കി.  ഉള്ളുപൊള്ളയായ സാമൂഹികനീതികളെ നവീകരിക്കാൻ പ്രേരിപ്പിച്ചു. തൻ്റെ കവനസാമർത്ഥ്യവും കലാനൈപുണിയും പുതിയൊരു കലയുടെ സ്ഥാപനത്തിന് - തുള്ളൽ - ഹേതുവാക്കുകയും ചെയ്തു. മികച്ച ജനകീയ ദൃശ്യകലാരൂപമായി തുള്ളലിനെ മാറ്റാൻ കുഞ്ചൻ നമ്പ്യാർക്ക് സാധിച്ചു. അദ്ദേഹത്തിൻ്റെ അവതരണമികവുറ്റ ഒരു തുള്ളൽ കാവ്യമാണ് സഭാ പ്രവേശം.

ഭാഷയും മറ്റു സവിശേഷതകളും

ലളിതസുന്ദരമായ ഭാഷയാണ് തുള്ളലിൻ്റെ സവിശേഷത. വളരെ കഠിനങ്ങളായ സംസ്കൃതപദങ്ങളെ ഒഴിവാക്കി സരളങ്ങളായ ഭാഷാ പദങ്ങൾക്ക് പരമാവധി ഇടംനല്കി. പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, നാടൻ പ്രയോഗങ്ങൾ, ഗ്രാമ്യ പദങ്ങൾ മുതലായവ വേണ്ടുവോളം തുള്ളൽ കൃതികളിൽ കാണാം. കടുത്ത സംസ്കൃതത്തിൽ കഥ പറഞ്ഞാൽ ഭടജനങ്ങളാകുന്ന സാധാരണ പ്രേക്ഷകർ കണ്ടിരിക്കില്ലെന്ന് കുഞ്ചൻ നമ്പ്യാർക്കറിയാം. അതിനാൽ ലളിതവും കോമളവുമായ മലയാള ഭാഷയിലാണ് കഥകൾ അവതരിപ്പിച്ചത്. കുഞ്ചൻ നമ്പ്യാരുടെ ഈ ഭാഷാഭിമാനവും ഭാഷാബോധവും എന്നും മലയാളിക്ക് മാതൃകയാക്കാവുന്നതാണ്. സാക്ഷരരല്ലാത്ത സാമാന്യജനതയെപ്പോലും സാഹിത്യത്തിൻ്റെയും കലയുടെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്താനും അവരെ പൊതുബോധത്തിൻ്റെ വിഹായസ്സിലേക്ക് വളർത്താനും നമ്പ്യാർ പരിശ്രമിച്ചു. ഒരു കാലഘട്ടത്തിൽ കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹിക സ്ഥിതിഗതികളെ പ്രതിഫലിപ്പിച്ച കണ്ണാടിയായിരുന്നു നമ്പ്യാർ കൃതികൾ.

പുരാണകൃതികളിൽ പ്രതിപാദിക്കപ്പെട്ട കഥകളെ കാലാനുസൃതം പരിഷ്കരിച്ചു കൊണ്ടാണ് നമ്പ്യാർ തുള്ളലെന്ന ദൃശ്യകലയ്ക്ക് പുതിയ ഭാഷ്യം ചമച്ചത്. 


കഥാപരിസരങ്ങൾ

പുരാണ കഥകളെ മലയാളീകരിക്കാനുള്ള വിരുത് പ്രകടിപ്പിക്കുന്ന ഇടത്താണ് കുഞ്ചൻ നമ്പ്യാർ ശ്രദ്ധാ കേന്ദ്രമാകുന്നത്. കഥ നടക്കുന്നത് പുരാണ പ്രസിദ്ധ സ്ഥലങ്ങളിൽ എവിടെയായാലും വായനക്കാരന് അത് മലയാളക്കരയിലെ അമ്പലപ്പുഴയായോ, വേണാടായോ കോഴിക്കോടായോ അനുഭവപ്പെടുന്ന താദാത്മീകരണ സൃഷ്ട്യുന്മുഖതയാണ് നമ്പ്യാരുടെ പ്രത്യേകത. കഥാപാത്രങ്ങളും അപ്രകാരം തന്നെ. നായർ പ്രമാണികളും സാധാരണ നായന്മാരും ഇതര മേൽ- കീഴ് ജാതികളുമായി നിഷ്പ്രയാസം ഭാവപ്പകർച്ച നേടി അവ അനുവാചകനിൽ വിസ്മയം സൃഷ്ടിക്കുന്നു. പദങ്ങൾ കൊണ്ട് മനോഹരങ്ങളായ വാങ്മയചിത്രങ്ങൾ സൃഷ്ടിക്കാനുള്ള സാമർത്ഥ്യവും എടുത്തു പറയേണ്ടതാണ്.


സഭാപ്രവേശം: ഇതിവൃത്തം.


സഭാപ്രവേശം എന്ന പദം കൊണ്ട് സഭയിലേക്കുള്ള പ്രവേശം എന്ന് അർത്ഥം പറയാം. സഭ എന്നത് ഒത്തുചേരുന്ന ഇടം. സമൂഹം എന്ന അർത്ഥവുമുണ്ട്. ഇവിടെ പാണ്ഡവർക്കു വേണ്ടി പുരാണ പ്രസിദ്ധ ശില്പിയായ മയൻ നിർമ്മിച്ച ഇന്ദ്രപ്രസ്ഥമെന്ന രാജധാനിയിലെ അതിമനോഹരമായ സഭയിലേക്കുള്ള പാണ്ഡവവിരോധികളായ ദുര്യോധനാദി കൗരവരുടെ കടന്നുവരവാണ് പ്രതിപാദിക്കുന്നത്. തങ്ങളുടെ അധികാരവും പ്രതാപവും കാട്ടാൻ, അഴകിയ രാവണന്മാരായെത്തിയ ദുര്യോധനനും കൂട്ടർക്കും പറ്റിയ അമളികളാണ് സഭാപ്രവേശത്തിലെ പ്രതിപാദ്യം. 


പട്ടന്മാരുടെ സല്ലാപം

വേഷം മാറി രാത്രിയിൽ സഞ്ചരിക്കുകയായിരുന്ന ദുര്യോധനനും കർണ്ണനും ശകുനിയും യദൃച്ഛയാ തങ്ങളുടെ രാജധാനിയായ ഹസ്തിനപുരത്തിലെ ഊട്ടുപുരയിൽ തമ്പടിച്ചിട്ടുള്ള സഞ്ചാരികളായ ബ്രാഹ്മണരുടെ സംസാരം കേൾക്കാൻ ഇടവരുന്നു. ഗോമായൂ(കുറുനരി)ക്കളെപ്പോലെ അവർ ഇരുട്ടിൽ പതുങ്ങിയിരുന്ന് പട്ടന്മാരുടെ സംസാരം കേൾക്കുകയാണ്. പട്ടന്മാർ സംസാരിച്ചത് പാണ്ഡവർക്ക് മയൻ നിർമ്മിച്ചുനല്കിയ വിശിഷ്ടമായ ഇന്ദ്രപ്രസ്ഥത്തെക്കുറിച്ചാണ്. അതിൻ്റെ ഐശ്വര്യം, ശോഭ, മണി മാളികകൾ, മനോഹരങ്ങളായ സ്തംഭങ്ങൾ, സഭയുടെ മാഹാത്മ്യം, ഗംഭീരമായ ഭക്ഷണ വിശേഷം, കലകൾ, കളികൾ, അവിടത്തെ സ്ത്രീ പുരുഷരുടെ ആകർഷകമായ പെരുമാറ്റം, ചുറ്റുപാടുകൾ എന്നിവയെ ഗംഭീരമായി വാഴ്ത്തിപ്പറഞ്ഞു. ഇടയ്ക്ക് ദുര്യോധനനും കൗരവർക്കും കൂട്ടാളികൾക്കും നല്ല കൊട്ടു കൊടുക്കാനും മറന്നില്ല. ഇതൊക്കെ ദുര്യോധനനും കൂട്ടരും ഒളിച്ചു കേൾക്കുന്നു. വർത്തമാന ശേഷം പട്ടന്മാർ ഉറങ്ങാൻ വട്ടംകൂട്ടി. അവരുടെ കൂർക്കം വലിയുയർന്ന  സന്ദർഭത്തിൽ അമർഷത്തോടെ ദുര്യോധനൻ കർണ്ണ, ശകുനി മാരോട് സംസാരിക്കുന്നിടത്താണ് പാoഭാഗം ആരംഭിക്കുന്നത്.


ദുര്യോധനന്റെ ആവലാതി

ബ്രാഹ്മണരുടെ പാണ്ഡവ സ്തുതി കേട്ട് അസഹ്യതയാർന്ന ദുര്യോധനൻ അമ്മാവനായ ശകുനിയോട്:


അമ്മാവാ, അറിഞ്ഞില്ലേ, ഈ വിപ്രന്മാർ നമ്മെ ദുഷിക്കുകയാണ്. ഇവർ പറഞ്ഞതെല്ലാം ശുദ്ധ വിഡ്ഢിത്തമാണ്. പാണ്ഡവരാജധാനിയായ ഇന്ദ്രപ്രസ്ഥത്തിലെ സംഗതികളൊക്കെ അതിഗംഭീരമാണെന്നാണ് ഇക്കൂട്ടർ പറയുന്നത്. അവിടത്തെ ഭക്ഷണവും കലകളും മാളികകളും അറകളും ഒക്കെ ഗംഭീരമാണത്രെ. ഒന്നുപോലും അവിടെ മോശമായിട്ടില്ല. ഇത്തരം ദുരാത്മാക്കൾക്ക് (വഴിയാത്രക്കാരായ ബ്രാഹ്മണർക്ക്) ഇന്നതേ നല്ലതെന്നില്ല. പാണ്ഡവരോടുള്ള കൂറിനാൽ പറയുന്ന വാക്കുകൾക്ക് എന്ത് മറുപടിയാണ് നല്കുക? ഉണ്ട് സ്തുതിക്കുന്ന ചോളദേശക്കാരായ ഈ ബ്രാഹ്മണരെ, ബ്രാഹ്മണരെന്ന കാരണത്താൽ തല്ലാനും നിവൃത്തിയില്ല. മറ്റൊരുത്തനാണ് ഇപ്രകാരം പറയുന്നതെങ്കിൽ എറിഞ്ഞോടിച്ചേനെ. ചോറ് ഇവിടെയും കൂറ് അവിടെയുമാണ് ഇക്കൂട്ടത്തിന് . നമുക്കും നമ്മുടെ സഹോദരന്മാർക്കും നൂറായിരം തെറ്റുകൾ കാണുന്ന ഈ ദുഷ്ടന്മാർ പറയുന്ന വാക്കുകൾക്ക് വാലും തലയുമില്ല.''


ശകുനിയുടെ സാന്ത്വനം


ശകുനി മറുപടി പറഞ്ഞു:

ഉണ്ണി, അല്പം ക്ഷമിക്ക്. ഒളിച്ചു കേട്ടത് കേട്ടില്ലെന്ന് വെച്ചാൽ മതി. ഉറച്ച മനസ്സാണ് തൻ്റേടമുള്ളവർക്ക് ആവശ്യം. ലക്ഷ്യം കാണാൻ അല്പം മെനക്കെടണം. ഇല്ലെങ്കിൽ നാണക്കേടാകും ഫലം. ഇതുകൊണ്ട് നിനക്ക് ഒരു മന:പ്രയാസവും  വരാനില്ല. ശത്രുക്കളായ പാണ്ഡവരുടെ മാഹാത്മ്യം തീരെ സഹിക്കാത്തത് എനിക്കാണ്. സാവധാനത്തിലായാലും പാണ്ഡവരെ ഞാൻ ചതിക്കും. ചതിയിൽ എന്നെ വെല്ലാനാരുമില്ല. ശത്രുക്കളുടെ ക്ഷയം നോക്കി പ്രഹരിക്കാൻ മിടുക്കനാണ് ഞാൻ. അതിന് 18 വിധം മായാ പ്രയോഗങ്ങളും തനിക്കുണ്ടെന്ന് ശകുനി പറയുന്നു. പോയി ഉറങ്ങുക. ഉറങ്ങുമ്പോൾ ഇത്തരം പണികളില്ല. ഉറക്കറയിൽ എല്ലാവരും ഒരുപോലെ. 

ഇപ്രകാരം സംസാരിച്ച് മൂവരും (കർണ്ണനുമുണ്ട് കൂടെ ) ഉറങ്ങാൻ പോയി. എന്നാൽ ദുര്യോധനന് ഉറക്കം വന്നില്ല. ഇന്ദ്രപ്രസ്ഥം കാണണമെന്ന് ഉറപ്പിച്ചു. എഴുന്നേറ്റയുടനെ സഹോദരന്മാരെ വിളിച്ച് ആലോചന തുടങ്ങി. ധർമ്മപുത്രരുടെ വാസസ്ഥാനത്ത് മയൻ .ശില്പി അത്ഭുതം കാട്ടി പോൽ. വെണ്മഴു കൊണ്ട് ഒരു വെട്ട് വെട്ടിയപ്പോൾ അത്ഭുതകരമായ സഭാമണ്ഡപം ഉണ്ടായത്രെ. പോയിട്ടൊന്ന് കാണണം. വഴിപോക്കർ പറഞ്ഞത് മണ്ടത്തരമാണെന്നാണ് എൻ്റെ പക്ഷം. പറഞ്ഞു സമർത്ഥിക്കാൻ ബ്രാഹ്മണർക്കു തുല്യം ആരുമില്ല. കേമത്വം നടിക്കുന്ന അക്കൂട്ടരെ കണ്ടുവരണം. നമ്മുടെ ബന്ധുക്കളുമാണല്ലോ. എങ്കിലും ശത്രുക്കളുമാണ്. എല്ലാർക്കും ഇതറിയാം. പാണ്ഡവരിൽ ഏറ്റവും ദുഷ്ടൻ ഭീമസേനനാണ്. ഒരു നാണവും കൂടാതെ അവൻ നാം അവിടെച്ചെന്നാൽ അധിക്ഷേപിക്കും.


പിതാവിന്റെ ഉപദേശം
ദുര്യോധനൻ പറഞ്ഞു തീർന്നപ്പോൾ, പൊണ്ണനായ ഭീമനെ ആർക്കു പേടിയെന്ന് ദുശ്ശാസനൻ പ്രതികരിച്ചു. കർണ്ണനും ശകുനിയും യോജിച്ചതോടെ പിതാവിൻ്റെ, ധൃതരാഷ്ട്രരുടെ, യാത്രാനുമതി മേടിക്കാനായി പുറപ്പെട്ടു. പുത്രന്മാർ കൈകൂപ്പി ചുമച്ചു കൊണ്ട് വരവറിയിച്ചു. വിവരം ദുര്യോധനൻ അറിയിച്ചു. ഇന്ദ്രപ്രസ്ഥത്തിലെ രാജസഭ കാണാൻ അനുമതി വേണം. അതു കാണാത്തവരുടെ കണ്ണുകൾ വെറുതെയാണെന്ന് കണ്ടവർ പറയുന്നു. ഇത് കേട്ട് കൗരവപിതാവായ ധൃതരാഷ്ട്രർ പറഞ്ഞു: '' വേഗം പോയി കണ്ട് വന്നാലും. ശത്രുരാജ്യത്ത് ചെല്ലുമ്പോൾ ശങ്ക വേണം. നിങ്ങളെ അവർക്കാർക്കുമിഷ്ടമില്ല. അർജ്ജുനനും ഭീമനും ചതിക്കാം. അതിനേക്കാളും ദുർഘടമുണ്ട്. ഏഷണിക്കാരനായ, ഒപ്പം വലിയ അപകടകാരിയായ ഒരുത്തനുണ്ട്. ശത്രുക്കളിൽ ഏറ്റവും മിടുക്കുള്ളവൻ. നമ്മെ ചതിക്കുകയാണ് അവൻ്റെ ലക്ഷ്യം. സന്ദർഭം നോക്കി പ്രയോഗിക്കും. തനിക്കിതൊന്നും അറിയില്ലെന്ന്  ഭാവിക്കും. തൻ്റെ രൂപമോ സാന്നിദ്ധ്യമോ ഒരിടത്തും കാണുകയുമില്ല. ആകാശത്തു പറക്കുന്ന പരുന്തിനെപ്പോലെ മീനിനെ കൊക്കിലാക്കിക്കൊണ്ടുപോവുമ്പോൾ മാത്രമേ അറിയൂ. കക്കാനും മടിക്കാത്തവനാണ്. സുന്ദരികളെപ്പാട്ടിലാക്കും. കൊല്ലാനും മടിയില്ല. നമ്മളെ പെടാപ്പാട് പെടീക്കാനാണ് അവൻ ശ്രമിക്കുന്നത്. നല്ലതിനിറങ്ങി അബദ്ധം സംഭവിക്കരുത്. വെളിച്ചത്ത് അവനെ കാണില്ല. പിറകിൽ നിന്നൊരു വെടിയൊച്ച മാത്രമേ കേൾക്കൂ. ചത്തുവീഴുന്നതേ കാണൂ. അങ്ങനെയൊരാളവിടെ ഇരിക്കുമ്പോൾ (ശ്രീകൃഷ്ണൻ), ചതിമെനയുമ്പോൾ, മക്കളേ, നിങ്ങൾ അതിൽ പെടാൻ പാടില്ല. സജ്ജനങ്ങളുടെ (നല്ലവരുടെ) കൂട്ടത്തിലേ ചേരാവൂ. ദുർജ്ജനങ്ങളോട് ചേർന്നാൽ ദുഷിച്ചു പോകും. ഓടുപാത്രത്തിൽ പുളിച്ച തൈര് പോലെയാകും. അത് ആഹരിക്കാൻ കൊള്ളില്ലല്ലോ. കാട്ടിലെ മൂർഖൻ പാമ്പിനെ കൈ കൊണ്ട് തലോടി വശത്താക്കാനാകുമോ? ആ ചിന്ത മനുഷ്യർക്കുണ്ടാകാമോ? അങ്ങോട്ടും ഇങ്ങോട്ടുമുള്ള വൈരം ഒടുങ്ങാത്തതാണ്. ഒരു യോജിപ്പും ഉണ്ടാകാൻ പോകുന്നില്ല. അതിനുവേണ്ടിയുള്ള തൻ്റെ ശ്രമങ്ങൾ പാഴിലായതായി ധൃതരാഷ്ട്രർ പറയുന്നു. എലിയും പൂച്ചയും തമ്മിൽ ഒരിക്കലും സൗഹാർദ്ദമുണ്ടാകില്ല. അതുപോലെയാണ് കീരിയും സർപ്പവും തമ്മിൽ, കാക്കയും മൂങ്ങയും തമ്മിൽ. മുൻപല്ല് കാട്ടി പാണ്ഡവർ നമ്മെക്കണ്ടാൽ ചിരിക്കും. പക്ഷേ, അണപ്പല്ലിറുമ്മിയായിരിക്കും ആ ചിരി. തൂക്കിലേറ്റാൻ നില്ക്കുന്നവരുടെ ചിരിപോലെ. ഇതൊക്കെ അനുഭവിച്ചറിയാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ പോയി വരിക. എട്ടുദിവസത്തിനകം തിരിച്ചു വരണം. 

തയ്യാറെടുപ്പ്

ധൃതരാഷ്ട്രരുടെ വാക്കുകൾ കേട്ട് ദുര്യോധനൻ പരിവാരങ്ങളോടെ നടന്നു. ഗംഭീരമായ ആരവത്തോടെയും പ്രൗഢിയോടെയുമുള്ള ദുര്യോധനയാത്ര കുഞ്ചൻ നമ്പ്യാർ ഹൃദ്യമായും രസകരമായും വിവരിക്കുന്നു. ദുര്യോധനനും 99 സഹോദരന്മാരും. ശകുനിയും കർണ്ണനും. മുമ്പിൽ അകമ്പടി. പിന്നിൽ അകമ്പടി. പാട്ടുകാർ, ആട്ടക്കാർ, വാദ്യക്കാർ. കുടകൾ, ആലവട്ടം, വെഞ്ചാമരം. പടക്കങ്ങൾ, പെരുമ്പറകൾ. ദുര്യോധനൻ്റെ ഉദ്യമമറിഞ്ഞ് വലിയൊരു ജനക്കൂട്ടം തന്നെ കളിച്ചും ചിരിച്ചും ഉല്ലസിച്ചും പാടിയും ആടിയും നാഗകേതുവായ ദുര്യോധനൻ്റെ മുന്നിലെത്തി. അവരോട് ദുര്യോധനൻ പറഞ്ഞു തുടങ്ങി:

വളരെക്കുറച്ചു പേർ മാത്രമേ പോകുന്നുള്ളൂ. വൃദ്ധരും കുട്ടികളുമൊന്നും വരണ്ട. ഗുരുത്വദോഷമുള്ളവരും ആഭാസരും കൂട്ടത്തിലുണ്ടാകരുത്. മടിയരും മുടിയരും വേണ്ട. തള്ളയെ സ്നേഹിക്കാത്ത ഇരപ്പാളികളും വേണ്ട. 


കുടിയന്മാരും തടിയന്മാരും ഒരു വസ്തു ഗുണമില്ലാത്തവരും വേണ്ട. ചതിയനെ കൂട്ടുപിടിച്ച് നടക്കുന്ന പോറ്റിക്കും അനർത്ഥമുണ്ടാകും. വലിയവരെ/യജമാനന്മാരെ സംശയിക്കാത്ത മുട്ടാളന്മാർ മറ്റൊരു നാട്ടിലെത്താൻ അർഹതയില്ലാത്തവരാണ്. പെണ്ണുങ്ങൾ പറഞ്ഞതുകേട്ടു തുള്ളുന്നവരും വേണ്ട. ബ്രാഹ്മണരെ ആദരിക്കാത്തവരും വേണ്ട. ദുരഹങ്കാരികളും വേണ്ട. യജമാനൻ്റെ കല്പനകേൾക്കാൻ മടി കാട്ടുന്നവരും വേണ്ട. പടയ്ക്ക് പിന്നിലും തമ്പുരാൻ്റെ സദ്യയ്ക്ക് മുന്നിലും നില്ക്കുന്ന കൂട്ടരൊന്നും വരേണ്ട. ഈ നാട്ടുപട്ടന്മാർ ആയിരക്കണക്കായി വന്നതെന്തിന്? ഊട്ടിന് തിന്നാൻ പോകയല്ല. നമ്മുടെ പ്രഭുത്വം കാട്ടാനാണീ യാത്ര. ഭക്ഷണം എന്ന ചിന്തയല്ലാതെ ഭൂരിപക്ഷത്തിനും മറ്റൊരു ചിന്തയില്ല. കുഞ്ചൻ നമ്പ്യാർ വളരെ ഹാസ്യാത്മകമായാണ് ഈ ഭാഗം വർണ്ണിക്കുന്നത്. .


അവിടെ ഉണ്ണാനായിപ്പോകുന്നതല്ല. നമ്മുടെ പ്രഭുത്വത്തെ വിളംബരം ചെയ്യാനാണ് പോകുന്നത്. കാട്ടിലുള്ള ഫലമൂലാദികൾ ചുട്ടു തിന്നു കഴിയുന്ന കൂട്ടർക്ക് ഭക്ഷണമെന്ന ചിന്തയല്ലാതെ മറ്റൊന്നുമില്ല. നരവന്നവരും ചുളിവ് വന്നവരും കുരച്ചു നടക്കുന്നവരും കുരുടന്മാരും കുറുമ്പന്മാരും വെളുമ്പന്മാരും കഷണ്ടിക്കാരും കിഴവരും കാലു വയ്യാത്തവരും ഒക്കെ പുറപ്പെട്ട് ഇവിടെ വന്നു കൂടിയിരിക്കുന്നു. ഒരിക്കലും നടക്കാത്ത കൂട്ടർ പോലും വന്നിരിക്കുന്നു. അല്പം ചോറു കൊടുത്ത് ഇക്കൂട്ടരെ പറഞ്ഞയക്കുന്നതാണുചിതം. പക്ഷേ അവർക്ക് ഭക്ഷണം നല്കേണ്ടവർ പോലും പുറപ്പെടാനിരിക്കുകയാണ്. എവിടെ വസിച്ചാലും സാരമില്ല ഇക്കൂട്ടർ ഏഷണി പറഞ്ഞ് അച്ഛനെയും അമ്മയെയും വെറുപ്പിക്കാതിരുന്നാൽ മതി. വളരെ പെട്ടെന്ന് കൂട്ടം കൂടി പാണ്ഡവർ കഴിയുന്ന ഇടത്തേക്ക് ഞങ്ങൾ സഹോദരന്മാരെല്ലാം പുറപ്പെടുകയാണ്. പെരുമ്പറയും കൊമ്പ് കാളം താളം മേളം എന്നിവയും ഒന്നും വേണ്ട. അതില്ലാത്തതിനാൽ ഞങ്ങൾക്ക് ഒരു അഭംഗിയുമുണ്ടാകില്ല. ചാക്യാർക്കേ കോപ്പ് (ചമയം) വേണ്ടൂ. മേളമില്ലാത്തതിനാൽ ഒരു ദോഷവുമില്ല. ഞങ്ങൾ നൂറ് പേരും ഒരുപോലെ തമ്പുരാക്കന്മാരാണ്. 

ഒരു യുദ്ധത്തിന് ഞങ്ങൾ മാത്രം മതി. കുരുരാജാവിന്റെ ഭാഗ്യമെന്നേ പറയേണ്ടൂ. എവിടെയെത്താനും ഇപ്പോൾ ഒരു തടസ്സവുമില്ല. ഒരിടത്തും അവമാനിക്കപ്പെടാനുമില്ല. സകല പെട്ടികളും പെട്ടകങ്ങളും ചുമക്കാൻ പിള്ളേര് വേണം. കുട്ടിപ്പട്ടരും വെറ്റിലസഞ്ചിക്കാരനും കാര്യക്കാരും കുടക്കാർ എട്ടു പത്താളുകളും വരിയോലച്ചുമതലയുള്ള ഭടന്മാരും 1000 നായരും വേണം."- ദുര്യോധനൻ പറഞ്ഞു.


ദുര്യോധനാദികളുടെ പുറപ്പാട്


ഇപ്രകാരം പറഞ്ഞു കൊണ്ട് സഹോദരന്മാരോടൊത്ത് ദുര്യോധനൻ പുറപ്പെട്ടു. കർണ്ണനും ശകുനിയും പരിചാരകരും പടയാളികളും മറ്റ് അനുചരവൃന്ദവും കൂടെയുണ്ട്. ഉഗ്രനായ ഒരു കൊമ്പനാനത്തലവന്റെ കൊമ്പും മസ്തകവും അലങ്കരിച്ച് നെറ്റിപ്പട്ടം കെട്ടി അതിന്റെ പുറത്താണ് ദുര്യോധനന്റെ സഞ്ചാരം. മറ്റുള്ള സഹോദരരും ആനപ്പുറത്ത് കയറി. മുന്നിൽ മൂത്ത രാജാവായ ദുര്യോധനൻ. പിന്നിൽ സഹോദരന്മാർ. വശങ്ങളിൽ കർണ്ണനും ശകുനിയും. ഈ യാത്ര വീടുകളും പറമ്പും നാടും നഗരവുമൊക്കെ പിന്നിട്ട് പുഴയും മലയും കടന്ന് വിശ്രമിക്കാനായി അതിമനോഹരമായ ഒരിടത്ത് എത്തിച്ചേർന്നു. ഒരു പൊയ്കയുടെ തീരം. ശുദ്ധജലം. നല്ല ഇടം. ഇഷ്ടം പോലെ തണൽ.പൂക്കളുടെ ഗന്ധം. കൗരവർ മരത്തണലിൽ നിരന്നിരിക്കുന്ന സന്ദർഭത്തിൽ ഭടന്മാർ നായാട്ടിനിറങ്ങി.


ഭടന്മാരുടെ നായാട്ട്


മാനും പുലിയുമുള്ള മലയിൽ വല കെട്ടി തടുത്തും ആക്രമിച്ചും വില്ലെടുത്ത് തൊടുത്തും ഭടന്മാർ ഉഷാറാക്കാൻ തുടങ്ങി. അസ്ത്രം തീർന്നവർ വടികളേന്തി. പൊടി പറന്നു. പന്നിയും ആനയും പോത്തും നരിയും സിംഹവും ചാടി വീഴാൻ തുടങ്ങി. അവ ചാടിക്കടിക്കാനും തിരിച്ചാക്രമിക്കാനും തുടങ്ങി. അവയുടെ ശരീരം ലാക്കാക്കി ഭടന്മാർ ആയുധ പ്രയോഗം നടത്തി. മരിച്ചു വീഴുന്ന ജന്തുക്കളുടെ ശരീരങ്ങൾ ഭടന്മാരിൽ ആവേശം കൂട്ടി. നായാട്ടിനാൽ ക്ഷീണവും ബാധിച്ചു. കിട്ടിയ മൃഗങ്ങളുടെ മാംസം ചുട്ട് തിന്നും കള്ളുകുടിച്ചും പിണങ്ങിയും കലമ്പിയും അവർ വിനോദിച്ചു. അനന്തരം അവർ കൗരവ സമക്ഷത്തിലേക്ക് തിരികെപ്പോയി.


ദുര്യോധനന്റെ ചമയൽ


നായാട്ട് മതിയാക്കിയ നായന്മാർ തിരികെയെത്തി. സഹായികളായ നായാടികൾ അവരുടെ വഴിക്കും പോയി. ഇന്ദ്രപ്രസ്ഥത്തിന്റെ സമീപദേശത്ത് ദുര്യോധന സംഘം എത്തി. എല്ലാവരും ആനപ്പുറത്തു നിന്നും ഇറങ്ങി. രത്നങ്ങളാൽ നിർമ്മിതമായ ആൽത്തറ (ഇന്ദ്രപ്രസ്ഥത്തിന്റെ പ്രതാപം സൂചിപ്പിക്കാനാകാം ഈ പരാമർശം) മേൽ കയറി കൗരവരും കർണ്ണനും മാതുലനായ ശകുനിയും ഒക്കെ കാറ്റേറ്റു സുഖിച്ചിരിക്കുമ്പോൾ പെട്ടകം തുറക്കാൻ രാജാവായ ദുര്യോധനൻ കല്പിച്ചു. പെട്ടികളും പെട്ടകങ്ങളും തുറക്കപ്പെട്ടു. പൊന്മണിക്കോപ്പും പട്ടും പട്ടുറുമാലും ചേലയും മനോഹരമായ ആഭരണങ്ങളും ഒക്കെ എടുത്ത് അലങ്കാരം ഒട്ടും കുറക്കാതെ ചമയത്തിനൊരുങ്ങി. ചന്ദനം, പനിനീർ, കുങ്കുമം, കളഭം, കസ്തൂരി മുതലായവ പൂശി  സുഗന്ധവസ്തുവായ പുഴുകണിഞ്ഞ് ശിരസ്സിൽ മുല്ലമാലയും മറ്റും  സന്തോഷത്തോടെയണിഞ്ഞ് സൗന്ദര്യവാനായി സുയോധനൻ. സ്വർണ്ണക്കിരീടത്താലും വളകളാലും മറ്റാഭരണങ്ങളാലും അദ്ദേഹം ശോഭിച്ചു. രണ്ട് കാതുകളിലും തിളങ്ങുന്ന കുണ്ഡലങ്ങൾ ചാർത്തി. നെഞ്ചിൽ മുത്തുമാലയും മറ്റു പതക്കങ്ങളുമണിഞ്ഞു. കൈവിരൽ പത്തിലും മോതിരങ്ങളണിഞ്ഞു. പട്ടുധരിച്ച് അരഞ്ഞാണം കെട്ടി ഉറുമാലിനാൽ മുറുക്കിക്കെട്ടി വീണ്ടും അലങ്കാരങ്ങൾ ചാർത്തി സുഗന്ധദ്രവ്യങ്ങൾ പൂശി മുഖം നന്നായി മിനുക്കി. കുറിയണിഞ്ഞു. പുറത്തേക്ക് വീണ തലമുടി ഭംഗിയായി തൂത്തുകെട്ടി. അതിൻമീതെ ചെമന്ന ഉറുമാലണിഞ്ഞ് ശ്രേഷ്ഠമായ തന്റെ കണ്ണാടി നോക്കി പല്ലുകാട്ടി ഇളിച്ചു രസിച്ചു. കൂത്തിന് ചാക്യാർ ധരിക്കും പോലെ എന്നാണ് നമ്പ്യാർ ഇതിനെ വിശേഷിപ്പിക്കുന്നത്. ശത്രുക്കൾ തന്റെ പൗരുഷം കാണണമെന്നാണ് സുയോധനൻ ചിന്തിച്ചത്. സൗന്ദര്യം പ്രകടിപ്പിച്ചും പൊങ്ങച്ചം നടിച്ചും വിഡ്ഢിത്തം കാട്ടുന്ന പ്രഭുക്കൾക്ക് ചേരും വിധം രാജാവ് തന്റെ വേഷഭൂഷകളാകെയണിഞ്ഞു. ഉയർന്ന് ശോഭിക്കുന്ന കുടയാലും ചാമരം, തഴ, കൊടികളിവയിടകലർന്നും നാഗം കൊടിയടയാളമായിട്ടുള്ളവനായ ദുര്യോധനൻ പാണ്ഡവരുടെ നഗരത്തിന് സമീപമെത്തി.


ദുര്യോധനന്റെ വീരവാദം


ഇനിയുള്ള വരികളിൽ നമ്പ്യാരുടെ ഹാസ്യ പ്രകടനം  ആസ്വദിക്കാവുന്നതാണ്. ദുര്യോധനന്റെ വാക്കുകളിലുള്ള പൊങ്ങച്ചവും സ്വാർത്ഥതയും പിന്നീട് അതിനേല്ക്കുന്ന തിരിച്ചടിയും പൊങ്ങച്ചക്കാർക്കും ആത്മാഭിമാനമില്ലാത്തവർക്കുമുള്ള പ്രഹരമാണ്.


ധൃതരാഷ്ട്രപുത്രനായ ദുര്യോധനൻ തന്റെ സഹോദരന്മാരോട് പറഞ്ഞു: "നമ്മളിതാ ധൂർത്തന്മാരുടെ രാജ്യത്തേക്ക് പ്രവേശിച്ചിരിക്കുന്നു. നമ്മുടെ പ്രശസ്തിക്കും അന്തസ്സിനും ഒരു ക്ഷീണവും ഉണ്ടാക്കാതെ ഈ പ്രദേശമൊക്കെ വേഗം കണ്ട് സ്ഥലം വിടണം. അല്ലയോ അനുജരേ, നിങ്ങൾ അബദ്ധങ്ങൾ കാട്ടരുത്. എന്തെങ്കിലും ദുർഘടങ്ങളിൽ പെട്ടാൽ ചീത്തപ്പേരുണ്ടാകും. ആൾക്കാർ കുറ്റപ്പെടുത്തും. അതിനാൽ സമയവും സ്ഥലവുമൊക്കെ അറിഞ്ഞേ സഞ്ചരിക്കാവൂ. നമ്മൾ നല്ലതു ചെയ്താലും ഇവിടെയുള്ളവർ തെറ്റായേ / വിഡ്‌ഢിത്തമായേ കരുതൂ. അന്യരായ പാണ്ഡുപുത്രർ ചെറിയൊര അവസരം കിട്ടിയാൽ തന്നെ  പരിഹാസത്തിന് വട്ടം കൂട്ടും. ഒരു കാര്യം ഓർക്കണം - എനിക്ക് ഒരിടത്തും അബദ്ധങ്ങൾ സംഭവിക്കില്ല. ഒരുതരത്തിലുള്ള ഗൗരവക്കുറവും എനിക്ക്  ഉണ്ടാകില്ല. ഇക്കാര്യം അനുജന്മാരുടെ മനസ്സിൽ ഉണ്ടാകണം. അതിനാൽ വളരെ ശ്രദ്ധയോടെ എന്റെ പിന്നിൽ നടക്കണം. നമുക്കാർക്കും ആപത്തുണ്ടായില്ലെങ്കിൽ, അനർത്ഥം സംഭവിച്ചില്ലെങ്കിൽ  അപമാനവുമുണ്ടാകില്ല." - ഇപ്രകാരം  പറഞ്ഞ്  സുയോധനൻ

നടന്നു തുടങ്ങി.😊


[ ഭാഷ കരതലാമലകം പോലെ

(ഉള്ളം കയ്യിലെ നെല്ലിക്ക പോലെ) ഉപയോഗിക്കുന്നതിൽ അസാമാന്യമായ പാടവം പ്രകടിപ്പിക്കുന്ന സാഹിത്യകാരനാണ് കുഞ്ചൻ നമ്പ്യാർ.]


ദുര്യോധനനു സംഭവിച്ച സ്ഥലജലവിഭ്രാന്തി


(സഭാപ്രവേശം പറയൻ തുള്ളലിലെ ഏറ്റവും രസകരവും ഉദ്വേഗഭരിതവുമായ രംഗങ്ങളാണ് ഈ ഭാഗത്തുള്ളത്. കുഞ്ചൻ നമ്പ്യാരുടെ അത്യന്തം വിസ്മയകരമായ വർണ്ണനാ പാടവവും ഹാസ്യം ചമയ്ക്കാനുള്ള സാമർത്ഥ്യവും ഇവിടെ തെളിഞ്ഞു കാണാം.)


സാരം - ഇപ്രകാരം പറഞ്ഞു മനസ്സ് തെളിഞ്ഞ സുയോധനവീരൻ നടത്തമാരംഭിച്ചു. ഇന്ദ്രപ്രസ്ഥത്തിൽ പ്രവേശിച്ച് വളരെ വിശേഷപ്പെട്ട ചിത്രപ്പുരത്തിലെ (ആർട്ട് ഗാലറിയാകാം) ചിത്ര പ്പണികൾ കണ്ടു നടന്നു. (വീരൻ എന്ന പ്രയോഗം ഹാസ്യോചിതമായാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് തുടർന്ന് വ്യക്തമാകും). ഈ സന്ദർഭത്തിൽ പാണ്ഡവരും ദ്രൗപദിയും മണ്ഡപത്തിൽ പ്രവേശിച്ചു. അവർ ശ്രീകൃഷ്ണനേയും ബലരാമനേയും വന്ദിച്ചു. തുടർന്ന് മണ്ഡപത്തിൽ തന്നെ നിലകൊണ്ടു. അപ്പോൾ ദുര്യോധനനും സഹോദരന്മാരും വരുന്നത് ദൂരത്തു നിന്നേ അവർ കണ്ടു. ധർമ്മപുത്രരുടെ മനസ്സിൽ നല്ല സന്തോഷം വളർന്നു. അനുജന്മാരല്ലേ വരുന്നത്? അവരെ ഉപചരിക്കാനുള്ള തയ്യാറെടുപ്പുകൾ അദ്ദേഹം ആരംഭിച്ചു. ഈ സന്ദർഭത്തിൽ സുയോധനനും സംഘവും ദിവ്യസഭയിൽ - മയൻ നിർമ്മിച്ച ഏറ്റവും മനോഹരമായ , വിചിത്രങ്ങളായ രത്നങ്ങളാലും പവിഴങ്ങളാലും നിർമിച്ച മണ്ഡപത്തിൽ - വന്നു കയറി. വെളുത്ത സ്ഫടികസമാനമായ രത്നങ്ങൾ പതിച്ച സ്ഥലത്തൊക്കെ വെള്ളമുണ്ടെന്ന ശങ്ക അദ്ദേഹത്തിന് തോന്നി. ഉള്ളിൽ പതിച്ച സവിശേഷരത്നങ്ങൾ ആ തോന്നലാണുളവാക്കുന്നത്. അലകൾ തള്ളി വരും വിധം ജലമുണ്ടെന്ന് തോന്നും. അപ്പോൾ നീരുള്ള ഇടമാണ്, എങ്കിൽ നീന്തിക്കളയാമെന്ന് ചിന്തിച്ച്, തന്റെ വീരാളിപ്പട്ട് മെല്ലെ മീതേക്ക് ചുരുട്ടിക്കയറ്റി , പതുക്കെ കാലിനാൽ തപ്പിത്തപ്പി നടക്കാനാരംഭിച്ചു. പിന്നിലുള്ള അനുജന്മാരൊക്കെ ജ്യേഷ്ഠനെ അനുകരിച്ചു. അവരും നല്ല പട്ടുവസ്ത്രം ഭംഗിയിൽ ഉയർത്തിപ്പിടിച്ച് പൃഷ്ഠം താഴ്ത്തി നട തുടങ്ങി. ആ പ്രദേശം അപ്രകാരം പിന്നിട്ടു.


ദുര്യോധനന് പറ്റിയ അമളി


അങ്ങനെ ആ ദേശമൊക്കെ പിന്നിട്ട് മറുവശമെത്തെ മുന്നിൽ പച്ചനിറമുള്ള രത്നങ്ങളാൽ നിർമ്മിച്ച ജലാശയം കണ്ടു. അത് സാമാന്യം ആഴമുള്ളതാണ്. പക്ഷേ കല്ലുകളുടെ പ്രത്യേകതയാൽ ജലമില്ലെന്നേ തോന്നൂ. അതിന്റെ തീരത്ത് സുയോധനൻ നിന്നു. ഇതിൽ ജലമില്ലെന്ന് നിനച്ച് അയാൾ അതിലേക്ക് വേഗം പ്രവേശിച്ചു. കുഞ്ചൻ നമ്പ്യാർ വളരെ രൂക്ഷമായാണ് ദുര്യോധനനെ പരിഹസിക്കുന്നത്. "ജലമേന്തി നില്ക്കുന്നൊരാറ്റിന്റെ മദ്ധ്യേ / ജലമില്ലെന്നുള്ളത്തിലോർത്തു പതുക്കെ / നലമോടു പൊണ്ണൻ കുതിച്ചങ്ങു ചാടി / നിലവിട്ടു വെള്ളത്തിൽ വീണാശു മുങ്ങി" - പൊണ്ണൻ എന്നാണ് രാജാവെന്ന് ഭാവിക്കുന്ന സുയോധനനെ വിശേഷിപ്പിക്കുന്നത്. വെള്ളത്തിൽ വീണ് സുയോധനൻ മുങ്ങിപ്പൊങ്ങാൻ തുടങ്ങി. ശരീരത്തിൽ പൂശിയിരുന്ന എല്ലാ സുഗന്ധദ്രവ്യങ്ങളും , പുഴുകും, കളഭവും ചാന്തും കുറിയും വെള്ളത്തിൽ പരന്നു. മുങ്ങിയും പൊങ്ങിയും ജലാശയത്തിൽ പലയിടത്തായി അദ്ദേഹം കാണപ്പെട്ടു. വെള്ളം കുടിച്ചും കിതച്ചും ജലത്തിൽ തച്ചു പതച്ചും തന്റെ അവസ്ഥയോർത്ത് കോപം വന്നും അമളിയോർത്ത് വിവശനായും ദുര്യോധനൻ കുഴങ്ങി. ഉരുണ്ടും പിരണ്ടും വിറച്ചും മറിഞ്ഞും തിരിഞ്ഞും വല്ലാതെ വലഞ്ഞ ദുര്യോധനൻ അവസാനം ഒരു തീരത്തണഞ്ഞു. ഈ കാഴ്ച ഭീമൻ കണ്ടു നില്ക്കയായിരുന്നു.


ഭീമന്റെ പരിഹാസം


ദുര്യോധനന്റെ മുങ്ങിപ്പൊങ്ങലും രക്ഷപ്പെടാനുള്ള സാഹസവും കണ്ട് വൃകോദരൻ (ഭീമൻ) രണ്ടു കയ്യുകളും കൊട്ടിച്ചിരിച്ചു. എന്നിട്ട് ദുര്യോധനനോട് ഇപ്രകാരം പറഞ്ഞു: "പണ്ട് നീ എന്നെ കയറിനാൽ വരിഞ്ഞുകെട്ടി കയത്തിൽ തള്ളിയില്ലേ? ആ നിനക്ക് ഇപ്രകാരം തന്നെ വരണം. വെള്ളത്തിൽ മുങ്ങിത്തുടിച്ചില്ലേ? കുളത്തിലെ വെള്ളം നന്നായി കുടിച്ചില്ലേ? (ബാലകരായിരുന്ന സന്ദർഭത്തിൽ ഭീമന്റെ കുറുമ്പിനാലും കരുത്തിനാലും വലഞ്ഞ കൗരവർ ദുര്യോധനന്റെ നേതൃത്വത്തിൽ അപായപ്പെടുത്താൻ ശ്രമിച്ച സംഭവമാണ് ഭീമൻ പരാമർശിക്കുന്നത്. ഗംഗയിലെ കയത്തിലേക്കാണ് ഭീമനെ വിഷം കലർത്തിയ ഭക്ഷണം നല്കി മയക്കി എറിഞ്ഞത്. പക്ഷേ, ഭീമന്റെ കരുത്ത് അപാരമായി വർദ്ധിക്കുന്ന സംഭവത്തിലാണത് ചെന്നു കലാശിച്ചത്.)

തങ്ങൾ ചെയ്തിടുന്ന ചീത്ത പ്രവൃത്തികൾ തങ്ങൾക്കു തന്നെ വന്നുചേരുമെന്ന സാമാന്യതത്ത്വം

(തങ്ങൾ ചെയ്തീടും ദുരാചാരമെല്ലാം / തങ്ങൾക്കു തന്നെ ഭവിച്ചീടുമല്ലോ)

ഭീമൻ പറയുന്നു. ഒരു ചിങ്കാരക്കുട്ടപ്പനായി വന്ന് എന്റെ ജലാശയത്തിൽ അവകാശത്തോടെ നീന്തിത്തുടിക്കാൻ വന്നതുകൊള്ളാമെന്ന് ഭീമൻ പരിഹസിച്ചു. എവിടെ നിന്ന്, എങ്ങു നിന്നാണ് ഇപ്പോൾ ഇവിടെ വന്നത്? നിങ്ങടെ രാജ്യത്തിൽ വെള്ളം കുടിക്കാനില്ലേ? അല്ല , ഞങ്ങടെ നാട്ടിലെ തോട്ടിലെ വെള്ളം നിങ്ങളുടേതിനേക്കാൾ മെച്ചമായതു കൊണ്ടാണോ?" - ഭീമൻ തന്റെ രൂക്ഷമായ പരിഹാസത്തിന് കൊഴുപ്പ് കൂട്ടാനെന്നവണ്ണം കയ്യടിച്ച് രസിച്ചു. ഭീമന്റെ പരിഹാസവും ദുര്യോധനന്റെ ജാള്യതയും കണ്ട് സുന്ദരിമാരിൽ അഗ്രഗണ്യയായ ദ്രൗപദി തന്റെ മുഖത്തെ കൈ കൊണ്ട് മറച്ച് പുഞ്ചിരിച്ചു. ഈ കാഴ്ച ദുര്യോധനനെ വല്ലാതെ തളർത്തി.

(തോട്, കയം, മുതലായ പ്രയോഗങ്ങളും പഴഞ്ചൊല്ലുകളും കേരളത്തിന്റെ ഗ്രാമ്യതയിലേക്ക് വിരൽ ചൂണ്ടുന്നു.)


നാണം കെട്ട ദുര്യോധനനെ സമാശ്വസിപ്പിക്കുവാൻ നോക്കുന്ന ധർമ്മപുത്രർ


വെള്ളത്തിൽ വീണ അമളിയെക്കാളും സുയോധനന് വേദന നല്കിയത് പരിഹാസമാണ്. നാണവും ദേഷ്യവും ശത്രുതയും കൊണ്ട് ദ്യര്യോധനന് ഇരിക്കപ്പൊറുതിയില്ലാതായി. ദുര്യോധനൻ ചിന്തിക്കുന്നു: "പ്രാണൻ പോകുന്നതിനെക്കാളും സങ്കടമുളവാക്കുന്നതാണ് ഈ പരിഹാസം. ഒരു പ്രാണിക്കും ഇത് സഹിക്കാവുന്നതല്ല. (വളരെ പ്രസക്തമായ ഒരു നിരീക്ഷണമാണിത്.) വളരെ ഗംഭീരമായി കെട്ടിയുടുത്ത പട്ട് നനഞ്ഞ് കുതിർന്നിരിക്കുന്നു. അത് ആ ജലാശയത്തിലിട്ട് മുക്കി കരയിൽ മുട്ടുകുത്തി മുഖം കുനിച്ച് തോട്ടിൽ നിന്നും ദ്യര്യോധനൻ കരകയറി. ഇനി എങ്ങനെ അനുജർക്ക് മുന്നിൽ മുഖം കാട്ടും? ലജ്‌ജയും സങ്കടവും അദ്ദേഹത്തെ ബാധിച്ചു. പെട്ടെന്ന് അവിടെ നിന്നും ഗമിക്കാൻ ആലോചിച്ചു. അപ്പോൾ ഈ കഷ്ടസ്ഥിതി മനസ്സിലാക്കിയ യുധിഷ്ഠിരൻ ഒരു നല്ല പട്ടുവസ്ത്രവുമായി അടുത്തു ചെന്നു. എന്നിട്ട് ഇപ്രകാരം ദുര്യോധനനോട് പറഞ്ഞു:


യുധിഷ്ഠിരന്റെ വാക്കുകൾ -

"അയ്യോ, കഷ്ടം തന്നെ. നിങ്ങൾക്ക് ഈ മട്ടിൽ ഒരു അപായം സംഭവിക്കാൻ പാടില്ലായിരുന്നു. അങ്ങുന്ന് ഈ ഭവനത്തിൽ ഇപ്പോൾ വരുമെന്നതിനെക്കുറിച്ച് ഞങ്ങൾക്ക് അറിവില്ലായിരുന്നു. വന്നത് ഞങ്ങളുടെ ഭാഗ്യം തന്നെ. അബദ്ധം സംഭവിച്ചതിൽ ഖേദിക്കരുത്. അല്ലയോ വീരനായ കുരുരാജപുത്രാ, പട്ടു കൊണ്ട് ഈറൻ മാറ്റിയാലും. സംശയം വേണ്ടാ. പട്ട് ഇപ്പോൾത്തന്നെ തരാം. ഇവിടത്തെ ധനം, അവിടത്തെ ധനം എന്നൊന്നും ധനത്തിന് വ്യത്യാസമില്ലല്ലോ. ഭംഗിവാക്ക് പറയുന്നതല്ല. അങ്ങയുടെ പിതാവ് തന്നെ ഇപ്പോൾ എന്റെയും പിതാവ്. അപ്രകാരം സമ്പത്ത് രണ്ടു പേർക്കും തുല്യം തന്നെ."


 കോപിഷ്ഠനാകുന്ന സുയോധനൻ


യുധിഷ്ഠിരന്റെ നന്മ നിറഞ്ഞ നല്ല വാക്കുകൾ കേട്ട് സുയോധനൻ മറുപടി പറഞ്ഞു: പട്ടുകെട്ടാനൊന്നും എനിക്ക് ഒട്ടും ആഗ്രഹമില്ല. വെട്ടിനാൽ മരിക്കാത്തത് ഈശ്വരന്റെ അനുഗ്രഹം തന്നെ. എന്റെ വിഷമം തീർക്കണമെന്ന് യുധിഷ്ഠിരാ താങ്കൾ ചിന്തിക്കുന്നു. എന്നാൽ മുട്ടിനാൽ മുറിഞ്ഞു ചാകരുതെന്നാണ് ഞാൻ ചിന്തിക്കുന്നത്. താങ്കൾ സത്കരിക്കാൻ വരുന്നു. എന്നാൽ താങ്കളുടെ സഹോദരനായ വൃകോദരൻ (ഭീമൻ) എന്നെ പരിഹസിച്ച് ചിരിച്ചത് എങ്ങനെയാണ് ഞാൻ മറക്കുക? ഈ വിധത്തിൽ പിരിയാൻ സാധിച്ചത് ഭാഗ്യം. ഞങ്ങളെ ചക്ക തീറ്റി വിടാൻ അനുജൻ ഭീമൻ പദ്ധതിയിട്ടിരുന്നു. ശക്രസുതനോട് (ഇന്ദ്രപുത്രൻ - അർജുനൻ) രണ്ട് വാക്ക് പറയാൻ അർക്കസുതന്( കർണ്ണൻ) മോഹമുണ്ടായിരുന്നു. അത് സാധിക്കാഞ്ഞതിൽ വിഷമമുണ്ട്. ഇതൊക്കെ ഇനിയും സാധിക്കും. ഏതായാലും ഞങ്ങൾ വേഗം പുറപ്പെടുകയാണ്. ഹസ്തിനപുരത്തിൽ ഞങ്ങൾ എത്തിയെന്ന് നീ ധരിക്കുക. യമന്റെയും(കാലൻ) വായുവിന്റെയും(വാതം) വലാന്തകന്റെയും(ഇന്ദ്രൻ) അശ്വിനികുമാരരുടെയും മക്കളായ നിങ്ങൾ ഇവിടെ (പാണ്ഡുപുത്രരല്ലെന്ന് ധ്വനി ) സുഖമായി കഴിയുക.


ഉള്ളിലെ മത്സരഭാവം പുറത്തുകാട്ടാതെ ഇപ്രകാരം ദുര്യോധനൻ പറഞ്ഞു. ഇതുമാതിരി നാണക്കേടും മാനക്കേടും നിലവാരക്കുറവും കൗരവർക്കിന്നോളമുണ്ടായിട്ടില്ല. ആകെ കൂടി മുഖം കറുത്തു. മനസ്സ് വെറുത്തു. ദുഷ്പ്രഭുത്വവും കറുത്തു. നാണക്കേട് വർദ്ധിച്ചു. അവയവങ്ങൾക്ക് ക്ഷീണം തട്ടി. ശത്രുത വളർന്നു. അലങ്കാരമൊന്നും കൂടാതെ മുറുക്കിച്ചുവപ്പിച്ച് ഹസ്തിനപുരിയിലെത്തി പിതാവിനെ കണ്ട ശേഷം സ്വന്തം പുരത്തിൽ പോയി ഭാര്യമാരോടൊത്ത് ദുര്യോധനൻ കഴിഞ്ഞു. 


സമാപനം


പറയാൻ വേണ്ടത്ര ബുദ്ധിയില്ലാത്തവനായ ഈ പറയൻ അറിഞ്ഞ കഥാ ലേശം പറഞ്ഞെന്നേയുള്ളൂ. ഗുരുക്കന്മാർ അടിയന്റെ കുറവുകൾ ക്ഷമിക്കണം. സഭാവാസികൾ നല്ലതു വരാനായി അനുഗ്രഹിക്കണം.

തുടർന്ന് ഇഷ്ട ദൈവസ്തുതിയോടെ കാവ്യം സമാപിക്കുന്നു.










അഭിപ്രായങ്ങള്‍

  1. നാലാം സെമസ്റ്റർ മലയാളം പരീക്ഷക്ക് ഇതുപോലുള്ള ലേഖനങ്ങൾ വളരെ ഉപകാരപ്രദമാണ്.....കൂടുതൽ ലേഖനങ്ങൾ പ്രതിഗീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ