കർണ്ണഭാരം - ഇതിവൃത്തം

ഭാസൻ്റെ ശ്രദ്ധേയമായ ഏകാങ്കമാണ് കർണ്ണഭാരം. മഹാഭാരതത്തെ ഉപജീവിച്ചുകൊണ്ടാണ് കർണ്ണഭാരം എഴുതിയിട്ടുള്ളത്. കർണ്ണഭാരം മേന്മയോടെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുള്ളത് പണ്ഡിതനും വിവർത്തകനും കവിയുമായ ചെറൂളിയിൽ കുഞ്ഞുണ്ണി നമ്പീശനാണ്.


മഹാഭാരതം കർണ്ണപർവത്തിലെ കഥാഘടനയിൽ ഉചിതമായ പരിവർത്തനങ്ങൾ വരുത്തിയാണ് കർണ്ണഭാരം തയ്യാറാക്കിയിട്ടുള്ളത്. കർണ്ണൻ തൻ്റെ ജന്മസഹജമായ അതിവിശിഷ്ടങ്ങളായ കവചകുണ്ഡലങ്ങൾ പൂർണ്ണമനസ്സോടെ ശരീരത്തിൽ നിന്നും അറുത്തെടുത്ത് അർത്ഥിയായ ബ്രാഹ്മണന് സമ്മാനിക്കുന്നതാണ് ഇതിലെ ഇതിവൃത്തം. കർണ്ണൻ്റെ മഹാമനസ്കതയും ഔദാര്യവും ഈ ദാനകർമ്മത്തിൽ പ്രത്യക്ഷമാകുന്നു. 


മഹാഭാരതത്തിൽ നിന്നും രണ്ടു പ്രത്യക്ഷ വ്യതിയാനങ്ങൾ ഈ നാടകത്തിൽ കാണാം.

  • കർണ്ണൻ്റെ തേരാളിയായ ശല്യർ മഹാഭാരതത്തിൽ കർണ്ണൻ്റെ മുഖ്യപ്രതിയോഗിയായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. കർണ്ണനെ മാനസികമായി തളർത്തുന്ന ശല്യർ എതിരാളിയെ പുകഴ്ത്തുകയും ചെയ്യുന്നു. എന്നാൽ കർണ്ണഭാരത്തിൽ തേരാളിയായ ശല്യർ കർണ്ണൻ്റെ തോഴനെന്ന മട്ടിൽ ഏറ്റവും ഹൃദയഹാരിയായാണ് പെരുമാറുന്നത്.

  • മഹാഭാരതത്തിൽ പാണ്ഡവർ വനവാസമനുഷ്ഠിക്കുന്ന സന്ദർഭത്തിൽ സ്വപുത്രനായ അർജുനനെ രക്ഷിക്കാനായി ബ്രാഹ്മണ വേഷത്തിൽ ഇന്ദ്രൻ കവചകുണ്ഡലങ്ങൾ ഇരന്നു വാങ്ങുന്നു. കർണ്ണഭാരത്തിൽ യുദ്ധക്കളത്തിൽ വെച്ചാണ് ബ്രാഹ്മണൻ പ്രത്യക്ഷനാകുന്നത്.


കർണ്ണഭാരം - ഇതിവൃത്തം


കർണ്ണൻ്റെ മഹത്വം ദാനശീലത്തിലാണ് അധിഷ്ഠിതമായിട്ടുള്ളത് - വീര്യത്തിലുപരി. വിഷ്ണുവിനെ സ്തുതിച്ചു കൊണ്ടാണ് കർണ്ണഭാരം ആരംഭിക്കുന്നത്. ഹിരണ്യകശിപുവെന്ന അസുരനെ നിഷ്പ്രയാസം വധിച്ച മഹാവിഷ്ണു ഏവർക്കും ഐശ്വര്യം വിതറട്ടെ എന്ന് പ്രാർത്ഥന. സംസ്കൃതനാടക ചിട്ടപ്രകാരമുള്ള പ്രസ്താവന/സ്ഥാപനയിലേക്കാണ് പിന്നെ പ്രവേശിക്കുന്നത്. അണിയറയിൽ കേട്ട ശബ്ദത്തോട് വേദിയിലുള്ള സൂത്രധാരൻ പ്രതികരിക്കുകയാണ്. യുദ്ധം തീവ്രമായിരിക്കുന്നു. ഈ വിവരം കർണ്ണനെ ദുര്യോധനൻ്റെ ആജ്ഞ പ്രകാരം ഭൃത്യൻ ഭയഭക്തി പുരസ്സരം അറിയിക്കുന്ന ശബ്ദമാണ് കേട്ടത്. 

സൂത്രധാരൻ കഥാ സൂചന നല്കി കടന്നുപോകുന്നു. 


ഭടൻ സമരസന്നദ്ധനായി പുറപ്പെട്ട കർണ്ണനെ കാണുന്നു. പാണ്ഡവർ മോദത്താൽ സിംഹനാദം - ഉഗ്രഘോഷം - പുറപ്പെടുവിക്കെ അതു കേട്ട് അമർഷത്തോടെയാണ് കർണ്ണൻ പുറപ്പെടുന്നത്. അതോടൊപ്പം, കർണ്ണന് എന്തോ മനോവിഷമമുള്ളതായും ഭടൻ നിരൂപിക്കുന്നു. യുദ്ധത്തെ ഉത്സവമായി കണ്ട് ആഹ്ളാദിക്കുന്ന, പരാക്രമശാലിയായ കർണ്ണനിൽ പതിവില്ലാത്തതാണ് ഈ സങ്കടഭാവം.


പരാക്രമികളിൽ മുമ്പൻ, വർദ്ധിത തേജസ്സുള്ളവൻ, ബുദ്ധിശാലി, സ്വാഭാവിക പ്രഭാപൂരമുള്ളവൻ - ഒക്കെയായ കർണ്ണൻ സൂര്യസമാനനാണ്. തുടർന്ന് നാടക വേദിയിൽ കർണ്ണനും തേരാളിയായ ശല്യരും എത്തുന്നു. മഹാഭാരതത്തിൽ കർണ്ണൻ്റെ മനോധൈര്യം ചോർത്താൻ വാക്കുകൾ ശരങ്ങളായി പ്രയോഗിക്കുന്ന ശല്യർ കർണ്ണഭാരത്തിൽ കർണ്ണനോട് പ്രിയമുള്ളവനാണ്. കർണ്ണനാകട്ടെ, ശക്തിയും വീറും തെളിയിക്കുന്ന വാക്കുകളാണ് പ്രയോഗിക്കുന്നത്. തൻ്റെ കൂർത്ത ശരമെയ്ത്തിനു മുന്നിൽ ആർക്കും പിടിച്ചു നില്ക്കാനാകില്ല. കരുത്തനായ വിജയനെ- അർജ്ജുനനെ - കണ്ടെത്തണം. കുരുക്കളെ (കൗരവരെ) പ്രീതിപ്പെടുത്തലാണ് തൻ്റെ ധർമ്മമെന്ന് കർണ്ണൻ കരുതുന്നു.


ഈ ചിന്തയോടെ അർജ്ജുനൻ്റെ നേർക്ക് തേർതെളിക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നു. ശല്യർ അത് അംഗീകരിക്കുന്നു. അപ്പോൾ, ഘോരസംഗരത്തിൽ, ആനകളും കുതിരകളും തേരുകളുമൊക്കെ പൊടിപൊടിയാകുന്ന മുഹൂർത്തത്തിൽ യമനുതുല്യം പരാക്രമം കാട്ടുന്ന തനിക്ക് എന്തോ ഒരു വിഷാദം പിണയുന്നതായി കർണ്ണൻ തിരിച്ചറിയുന്നു. 


കഷ്ടം തന്നെ! കുന്തീപുത്രനാണ് താൻ. എന്നാൽ അറിയപ്പെട്ടതോ, രാധേയൻ എന്നും. യുധിഷ്ഠിരൻ മുതലായ പാണ്ഡവർ തൻ്റെ സഹോദരന്മാരാണ്. അനുയോജ്യമായ സമയവും ഏറ്റവും മഹത്തായ ദിനവും ഒത്തുവന്നിട്ടും തൻ്റെ ആയുധപ്രയോഗ സാമർത്ഥ്യം പാഴിലാകുന്നുവെന്ന് കർണ്ണൻ തിരിച്ചറിയുന്നു. അതോടൊപ്പം അമ്മയായ കുന്തിയുടെ വാക്കുകളും തൻ്റെ വൈഭവത്തിന് തടസ്സമായിരിക്കുന്നു..


തുടർന്ന് മദ്രയുടെ അധിപനായ ശല്യരോട് കർണ്ണൻ തൻ്റെ പഴയ അസ്ത്ര വൃത്താന്തം അറിയിക്കുന്നു. തനിക്കത് കേൾക്കാൻ താല്പര്യമുണ്ടെന്ന് ശല്യർ പറയുന്നു. പരശുരാമൻ്റെ സമീപം അസ്ത്രവിദ്യ അഭ്യസിക്കാനായി കർണ്ണൻ എത്തി. രാജാക്കന്മാർക്ക് കാലനും തീവ്രശോഭ ചിതറുന്ന മഴുവേന്തുന്നവനുമാണ് പരശുരാമൻ. കർണ്ണൻ അദ്ദേഹത്തിൻ്റെ പാദം വണങ്ങി. ബ്രാഹ്മണർക്കേ അസ്ത്രവിദ്യ ഉപദേശിക്കൂവെന്ന് പരശുരാമൻ പറഞ്ഞു. പഠിക്കാനുള്ള വ്യഗ്രതയിൽ ക്ഷത്രിയനല്ലെന്ന് പറഞ്ഞ് കർണ്ണൻ പഠനം തുടങ്ങി. ദർഭയും ചമതയും ശേഖരിക്കാൻ ഗുരുവിൻ്റെ കൂടെ ഒരു സന്ദർഭത്തിൽ കർണ്ണൻ പോയി. ക്ഷീണിച്ച ഗുരു കർണ്ണൻ്റെ മടിയിൽ തലവെച്ചുറങ്ങി.


ആ സന്ദർഭത്തിൽ വജ്രമുഖമുള്ളവനായ അളർക്കൻ എന്ന കീടം കർണ്ണൻ്റെ തുടയിൽ കടിച്ചു തുടങ്ങി. വേദന ആവോളം സഹിച്ചു കൊണ്ട് കർണ്ണനിരുന്നു. എന്നാൽ, ചോര ദേഹത്തു തട്ടി ഗുരുവുണർന്നു. ഗുരുവിൻ്റെ കോപത്തിനുമുന്നിൽ തൻ്റെ വാസ്തവം കർണ്ണൻ വെളിപ്പെടുത്തി. വേണ്ടുന്ന സന്ദർഭത്തിൽ നിൻ്റെ അസ്ത്രം ഫലിക്കാതെ പോകുമെന്ന് ഗുരു ശപിച്ചു. 


ഈ വൃത്താന്തം കേട്ട ശല്യർ സഹതപിച്ചു: ശാപം വലിയ കഷ്ടമായിപ്പോയി. കർണ്ണൻ അസ്ത്ര പരീക്ഷണം നടത്തിനോക്കി. അസ്ത്രങ്ങൾ വീര്യം ചോർന്ന പ്രകൃതം കാണിക്കുന്നു. ക്ഷീണിച്ച കുതിരകളും മദജലം ഒലിക്കുന്ന ആനകളും പടയിൽ പരാജയപ്പെടുമെന്ന് സൂചിപ്പിക്കുന്നു. ശംഖുകളും പെരുമ്പറകളും മുഴങ്ങുന്നില്ല.


കർണ്ണൻ ഈ പ്രതികൂല സന്ദർഭത്തിലും തളരുന്നില്ല. വിഷാദിച്ച ശല്യരോട് വിഷാദിക്കേണ്ടെന്ന് കർണ്ണൻ പറയുന്നു. മരിച്ചാൽ സ്വർഗ്ഗമാണ് കിട്ടുക. ജയിച്ചാലോ, പ്രശസ്തിയും. രണ്ടും പ്രശംസനീയം തന്നെ. യുദ്ധം വീരന്മാരെ സംബന്ധിച്ച് എല്ലാം കൊണ്ടും സഫലം തന്നെ. ജയിച്ചാലും തോറ്റാലും വീരന് ഗുണകരം തന്നെ.

അതുമാത്രമല്ല, കാംബോജത്തിൽ നിന്നുള്ള, ഗുണവും വേഗവുമുള്ള, യുദ്ധാഭിമുഖ്യമുള്ള ഈ കുതിരകൾ തന്നെ ഒരു പക്ഷേ രക്ഷിച്ചീടാം. പശുക്കൾക്കും ബ്രാഹ്മണർക്കും ക്ഷേമം ഭവിക്കട്ടെ. താനിതാ, യുദ്ധസന്നദ്ധനായിക്കഴിഞ്ഞു.


പാണ്ഡവസൈന്യത്തിൽ കടന്ന്, കീർത്തിപെറ്റവനും ഗുണങ്ങൾ ചേർന്നവനുമായ യുധിഷ്ഠിരനെ (ശമനജൻ) പിടിച്ചുകെട്ടി, കൂർത്തുമൂർത്ത അസ്ത്രങ്ങളാൽ വിജയനെ (അർജുനൻ) തോല്പിച്ച്, സിംഹത്തെയില്ലാതാക്കിയ കാട്ടിലേക്കെന്നതു പോലെ താൻ ചെല്ലുന്നുണ്ട് എന്ന് കർണ്ണൻ പറയുന്നു. 

ശല്യരോട് തേരിൽക്കയറാൻ കർണ്ണൻ ആവശ്യപ്പെടുന്നു. 


അർജുനനു നേരെ തേരുതെളിക്കാൻ കർണ്ണൻ ആവശ്യപ്പെടുന്നു. അപ്പോൾ, കർണ്ണാ, ഞാൻ ഏറ്റവും വലിയ ഭിക്ഷ യാചിയ്ക്കുന്നുവെന്ന ഒരപേക്ഷ കർണ്ണൻ കേൾക്കുന്നു. വീര്യം സ്ഫുരിക്കുന്ന ശബ്ദം. ഒരു ബ്രാഹ്മണനെയാണ് കർണ്ണൻ കാണുന്നത്. എന്നാൽ അയാൾ സാധാരണ ബ്രാഹ്മണനല്ലെന്ന് കർണ്ണൻ ഉറപ്പിച്ചു. ധീരവും മൃദുവും ഉജ്ജ്വലവുമായ ശബ്ദം, വീര്യമാർന്ന പ്രഭാപൂരം മുതലായവ കുതിരകളെപ്പോലും ആകർഷിക്കുന്നു. ചിത്രത്തിലെന്ന പോലെ അവ കണ്ണുകളനക്കാതെ, ചെവി കൂർപ്പിച്ച് നില്ക്കുകയാണ്. 


കർണ്ണൻതന്നെ ബ്രാഹ്മണനെ വിളിക്കുകയാണ്. യഥാർത്ഥത്തിൽ ഈ ബ്രാഹ്മണൻ ശക്രൻ (ഇന്ദ്രൻ)ആണ്. കർണ്ണൻ്റെ സമീപത്തേക്ക് ചെന്ന് അദ്ദേഹം ഭിക്ഷ ചോദിച്ചു. കർണ്ണൻ പറയുന്നു: ഇന്ന് ഭൂമിയിൽ ഞാനിതാ, കൃതാർത്ഥനായിരിക്കുന്നു. മറ്റ് രാജാക്കന്മാരുടെ കിരീടം സ്വന്തം കാല്കീഴിലാക്കിയവനായ കർണ്ണൻ ബ്രാഹ്മണ പാദങ്ങളെയിതാ ശിരസ്സിലേറ്റുന്നു. താങ്കളെ വന്ദിക്കുന്നു.


ഈ സന്ദർഭത്തിൽ, സ്വന്തം കാലിൽ കുമ്പിട്ട കർണ്ണന് എന്ത് അനുഗ്രഹമാണ് നല്കേണ്ടതെന്ന് ഓർത്ത് ഇന്ദ്രൻ കുഴങ്ങുന്നു. ദീർഘായുസ്സാകാൻ അനുഗ്രഹിച്ചാൽ ദീർഘായുസ്സാകും. പറയാതിരിക്കാനും വയ്യ. അതിനാൽ ഭവാൻ്റെ കീർത്തി നിലനില്ക്കട്ടെയെന്ന് ബ്രാഹ്മണൻ ആശംസിക്കുന്നു. ഈ ആശംസ കർണ്ണനിലും സംശയമുളവാക്കുന്നു. എങ്കിലും അദ്ദേഹം ആശ്വാസം കണ്ടെത്തുന്നു: തൻ്റേതായ പ്രയത്നം കൊണ്ടാണ് ധർമ്മം കൈവരിക്കേണ്ടത്.  രാജാവിൻ്റെ ഐശ്വര്യം പാമ്പിൻ്റെ നാക്കു പോലെ ചലിച്ചുകൊണ്ടിരിക്കുന്നു. ലോക സംരക്ഷണാർത്ഥം ശരീരം നശിച്ചാലും നന്മ, കീർത്തി, എന്നും നിലനില്ക്കും.


തനിക്ക് ഏറ്റവും വലിയ ഭിക്ഷയാണ് തരേണ്ടതെന്ന് ബ്രാഹ്മണൻ വ്യക്തമാക്കുന്നു. ഏറ്റവും വലിയ ഭിക്ഷ തന്നെ തരാമെന്ന് കർണ്ണൻ വാക്കു കൊടുക്കുന്നു. നല്ല ഗുണങ്ങളുള്ള, അമൃതിന് സമാനം പാല് തൂകുന്ന, കിടാവുകളോടുകൂടിയ ആയിരം പശുക്കളെ തരാം. എന്നാൽ ബ്രാഹ്മണൻ തൃപ്തനായില്ല. എങ്കിൽ മറ്റൊന്നാകാം. സൂര്യൻ്റെ കുതിരകളുടെ അഹങ്കാരം ശമിപ്പിച്ച, രാജാക്കന്മാർ പുകഴ്ത്തിയ, കാറ്റിലും വേഗമുള്ള, യുദ്ധ സമർത്ഥരായ കാംബോജ കുതിരകളെ തരാം. എന്നാൽ ബ്രാഹ്മണൻ അതിനോടും പ്രതിപത്തി കാട്ടിയില്ല. വേണ്ട എന്നായിരുന്നു പ്രതികരണം.


എങ്കിൽ ആനക്കൂട്ടത്തെത്തന്നെ സമ്മാനിക്കാമെന്നായി കർണ്ണൻ. അതിനോടും ബ്രാഹ്മണൻ യോജിച്ചില്ല. സ്വർണ്ണവും ഭൂമിയുമൊക്കെ ദാനം ചെയ്യാൻ കർണ്ണൻ സന്നദ്ധനായി. എന്നാൽ ബ്രാഹ്മണൻ വഴങ്ങിയില്ല. എങ്കിൽ യാഗഫലം നല്കാമെന്നായി. അവസാനം തൻ്റെ തല തന്നെ തരാമെന്നായി കർണ്ണൻ. ശക്രൻ വിട്ടുവീഴ്ച ചെയ്തില്ല. 


ഗത്യന്തരമില്ലാതെ, തൻ്റെ സുരക്ഷയുറപ്പാക്കുന്ന, ദേവന്മാർക്കും അസുരന്മാർക്കും പിളർക്കാൻ പറ്റാത്ത കവചം കുണ്ഡല സഹിതം വേണമെങ്കിൽ തരാമെന്നായി കർണ്ണൻ. അതുകേട്ട മാത്രയിൽ ബ്രാഹ്മണൻ സന്തോഷത്തോടെ തരൂ, തരൂ എന്നു പറഞ്ഞു. കർണ്ണൻ ഈ സന്ദർഭത്തിൽ ഇത് കൃഷ്ണൻ്റെ കാപട്യമായിരിക്കുമോ എന്ന് ശങ്കിക്കുന്നു. കവച കുണ്ഡലങ്ങൾ അറുത്തെടുത്ത് ബ്രാഹ്മണന് നല്കുന്നു. ഈ സന്ദർഭത്തിൽ തേരാളിയായ ശല്യർ കർണ്ണനെ തടയാൻ ശ്രമിക്കുന്നു. 


തന്നെ തടയരുതെന്നാണ് ഇവിടെ ശല്യരോടുള്ള കർണ്ണൻ്റെ അപേക്ഷ. പുതുമ നഷ്ടമായാൽ വിദ്യയും നശിക്കും. മണ്ണിൽ വേരുകളാഴത്തിലാണ്ടാലും ഏതു മരവും കാലക്രമത്തിൽ മറിഞ്ഞു വീഴും. വെള്ളം കുറഞ്ഞ് ഏതു ജലാശയവും വറ്റിപ്പോകാം. എന്നാൽ ഹൃദയപൂർവമേകുന്ന ദാനവും മനസ്സറിഞ്ഞേകുന്ന ആതിഥ്യവും നശിക്കില്ല.


കവച കുണ്ഡലങ്ങൾ കരസ്ഥമാക്കിയ ബ്രാഹ്മണൻ - ശക്രൻ -പ്രീതനാകുന്നു. ഐരാവതത്തിൻ്റെ പുറത്തു കയറി കർണ്ണാർജുന യുദ്ധം കാണാനൊരുങ്ങുകയാണ് അദ്ദേഹം. 


കർണ്ണനോട് ശല്യർ അങ്ങയെ ഇന്ദ്രൻ ചതിച്ചിരിക്കുകയാണെന്ന് പറയുന്നു. എന്നാൽ കർണ്ണൻ പറയുന്നു, ഞാൻ ഇന്ദ്രനെയാണ് ചതിച്ചത്. അതിനൊരു കാരണമുണ്ട്: ബ്രാഹ്മണ യാഗങ്ങളാൽ സംതൃപ്തനും, പാർത്ഥൻ്റെ പിതാവും, അസുരവംശ നാശകനും, ഐരാവതത്തെ സ്പർശിച്ച് കൈകളിൽ തഴമ്പുള്ളവനുമായ ഇന്ദ്രൻ എന്നാൽ ഇന്ന് ധന്യനായിരിക്കുന്നു.


അപ്പോൾ ഒരു ദേവദൂതൻ വരുന്നു. കവചകുണ്ഡലങ്ങൾ വാങ്ങിയവനായ ഇന്ദ്രൻ പാണ്ഡവരിലൊരാളെ കൊല്ലാൻ കഴിയുന്ന വിമല എന്ന ശക്തിയെ കർണ്ണനായി തന്നയച്ചിരിക്കുകയാണ്. അത് വാങ്ങാൻ കർണ്ണൻ വിസമ്മതിക്കുന്നു. ദാനം ചെയ്തതിന് പകരം വാങ്ങില്ലെന്നാണ് കർണ്ണൻ്റെ നിശ്ചയം. ബ്രാഹ്മണൻ്റെ വാക്കാണ്; അതിനാൽ വാങ്ങാമെന്നായി ദൂതൻ. മനസ്സിൽ വിചാരിക്കുമ്പോൾ അത് കയ്യിൽ കിട്ടുമെന്ന് അനുഗ്രഹിച്ച് ദേവദൂതൻ പോകുന്നു. 


ശല്യരോട് തേരിൽക്കയറി പുറപ്പെടാമെന്ന് കർണ്ണൻ പറയുന്നു. അർജുനൻ ഉള്ളിടത്തേക്ക് തന്നെയാകണം തേരു തെളിക്കേണ്ടത്.

ശല്യർ സമ്മതം മൂളുന്നു.


തുടർന്ന് ഭരതവാക്യത്തോടെ നാടകം അവസാനിക്കുന്നു. 


കർണ്ണൻ അർജ്ജുനനോട് ഏറ്റുമുട്ടാൻ പുറപ്പെടുന്നിടത്ത് കർണ്ണഭാരം അവസാനിക്കുന്നു. ഒരു പക്ഷേ, കർണ്ണൻ്റെ ചുമലിൽ അർപ്പിതമായ ഏറ്റവും വലിയ നിയോഗമാകാം, ഈ മഹത്തായ കവച കുണ്ഡല ദാനം. മഹാഭാരതകഥയിൽ നിന്നും വ്യത്യസ്തമായ ഒരേട് നല്കി, അതിൻ്റെ മഹത്വം ഒന്നുകൂടി വിളംബരം ചെയ്തിരിക്കുകയാണ് ഭാസൻ.







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്

കരുണ - കുമാരനാശാൻ