ഭാസൻ

ഭാരതത്തിലെ പ്രാചീന സാഹിത്യ പ്രതിഭകളിൽ അഗ്രഗണ്യനാണ് ഭാസൻ. ചരിത്രം, കല്പന എന്നീ രണ്ടു മേഖലകളെയും വിളക്കിച്ചേർത്തുകൊണ്ടും ഇതിഹാസ-പുരാണാദികളിലെ പ്രചരിതകഥയ്ക്ക് നൂതന പരിപ്രേക്ഷ്യം ചമച്ചുകൊണ്ടുമാണ് ഭാസൻ തൻ്റെ പ്രസിദ്ധകൃതികളൊക്കെയും രചിച്ചിട്ടുള്ളത്‌. അദ്ദേഹത്തിൻ്റെ ജീവിതകാലത്തെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഏകദേശം ബി.സി. ഒന്നാം നൂറ്റാണ്ടിനോടടുത്ത് കാലഘട്ടം പറയാവുന്ന കാളിദാസനും എ.ഡി.ഏഴാം നൂറ്റാണ്ടിലെ കവിയായ ഭട്ടബാണനും തങ്ങളുടെ കൃതികളിൽ ഭാസനെക്കുറിച്ച് പരാമർശിക്കുന്നതിൽ നിന്നും ഭാസൻ്റെ പഴക്കം നമുക്ക് മനസ്സിലാക്കാം. കാളിദാസൻ തൻ്റെ പ്രശസ്തമായ മാളവികാഗ്നിമിത്രത്തിലാണ് ഭാസനെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. ഭാസൻ്റെ കാലഘട്ടം ഉദ്ദേശം ബി.സി. അഞ്ചാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും മദ്ധ്യേയാകാം. 


ഭട്ടബാണൻ ഭാസകൃതികളെ ഉപമിച്ചിരിക്കുന്നത് ദേവാലയങ്ങളോടാണ്. ദേവാലയങ്ങളുടെ പൗരാണികതയും വിശുദ്ധിയും ആർഷമഹിമയും  അതിൽ കാണാമെന്നാകും ഉദ്ദേശിക്കുന്നത്. എ.ഡി.ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രാജശേഖരനെന്ന ആലങ്കാരികൻ ഭാസകൃതികളെ, വിശേഷിച്ച് സ്വപ്നവാസവദത്തത്തെ സ്തുതിക്കുന്നു. പരീക്ഷിക്കാനായി ഭാസ നാടകങ്ങളെ തീയിലിട്ടപ്പോൾ സ്വപ്നവാസവദത്തത്തെ നശിപ്പിക്കാൻ തീനാളങ്ങൾക്കായില്ലെന്ന് അദ്ദേഹം പ്രശംസിക്കുന്നു.


പതിമൂന്ന് നാടകങ്ങൾ ഭാസനെഴുതിയെന്ന് കരുതപ്പെടുന്നു. ഇതിൽ ഒമ്പതെണ്ണം പുരാണങ്ങളെയും ഇതിഹാസങ്ങളെയും ഉപജീവിച്ചു കൊണ്ടുള്ളവയാണ്. രാമായണമെന്ന ഇതിഹാസത്തെ അടിസ്ഥാനമാക്കി അഭിഷേകനാടകം, പ്രതിമാനാടകം, എന്നിവയും മഹാഭാരതത്തെ അടിസ്ഥാനമാക്കി കർണ്ണഭാരം ഊരുഭംഗം, മദ്ധ്യമവ്യായോഗം, പഞ്ചരാത്രം, ദൂതവാക്യം, ദൂതഘടോത്കചം എന്നിവയും ഹരിവംശത്തെ അടിസ്ഥാനമാക്കി ബാലചരിതവും എഴുതപ്പെട്ടു. സ്വപ്നവാസവദത്തം, പ്രതിജ്ഞായൗഗന്ധരായണം, അവിരാമകം, ദരിദ്രചാരുദത്തൻ എന്നീ നാടകങ്ങളിലെ പ്രമേയം പൗരാണികേതരമോ ഭാസൻ്റെ സ്വന്തം ഭാവനാവിലാസമോ ആണ്. ഈ 13 നാടകങ്ങളെയും മൊത്തത്തിൽ ഭാസ നാടക ചക്രം എന്ന് വിളിക്കുന്നു. 


നാട്യശാസ്ത്രത്തിൻ്റെ രചയിതാവ് ഭരതനാണ്. പ്രസ്തുതകൃതിയുടെ ഇരുപതാം അദ്ധ്യായത്തിൽ പത്തു വിഭാഗം രൂപകങ്ങളെക്കുറിച്ച് ഭരതൻ വിശദമാക്കുന്നുണ്ട്. (കലയെ ദൃശ്യമെന്നും ശ്രവ്യമെന്നും വേർതിരിക്കാം. അതിൽ ദൃശ്യകാവ്യങ്ങളെയാണ് രൂപകമെന്ന് വിളിക്കുന്നത്.) രംഗപ്രയോഗത്തിന് അർഹമായ കലാരൂപങ്ങൾക്ക് പൊതുവിലുള്ള പേരാണ് രൂപകം. നാടകം, അങ്കം, പ്രകരണം, ഈഹാമൃഗം, ഡിമം, സമവകാരം, ഭാണം, പ്രഹസനം, വീഥി, വ്യായോഗം എന്നിങ്ങനെ അവ 10 വിധമുണ്ട്.  സംസ്കൃത രൂപകങ്ങൾക്ക് ചില പൊതു സ്വഭാവങ്ങളോ, അവതരണപരമോ രചനാപരമോ ആയ ചിട്ടകളോ ഉണ്ട്. നാന്ദി, സൂത്രധാരൻ, പ്രസ്താവന, പ്രവേശകം, വിഷ്കംഭം, ഭരതവാക്യം, സ്വഗതം, സ്വകാര്യം എന്നിവ സംസ്കൃത രൂപകങ്ങളുടെ സാമാന്യ ഘടകങ്ങളായി വിശേഷിപ്പിക്കപ്പെടുന്നു.

സംസ്കൃതനാടകങ്ങളെപ്പറ്റി സമഗ്രമായി പരാമർശിക്കുന്ന കൃതി നാട്യശാസ്ത്രമത്രെ. ബി.സി.രണ്ടാം ശതകത്തിനും എ.ഡി.രണ്ടാം ശതകത്തിനും മദ്ധ്യേയാണ് നാട്യശാസ്ത്ര കാലം. രംഗകലയെ നൃത്തം, നൃത്യം, നാട്യം എന്ന് ഭരതമുനി മൂന്നായി തിരിക്കുന്നു. നാട്യത്തിൽ സാഹിത്യത്തിന് അഥവാ സംഭാഷണത്തിന് പ്രാമുഖ്യം നല്കിയിട്ടുള്ള നാട്യവിഭാഗമത്രെ രൂപകം. കഥാപാത്രരൂപത്തിലാണ് നടൻ പ്രത്യക്ഷനാകുന്നത്. അപ്പോൾ നടനും കഥാപാത്രവും ഒന്നാകുന്നതിനാൽ, ഭേദമില്ലാത്ത അവസ്ഥയുളവാകുന്നതിനാൽ, രൂപകം എന്ന പേര് ഉചിതമാണ്. അതുപോലെ, നടൻ കഥാപാത്രമായി നടിക്കുന്നതിനാൽ നാടകം എന്ന പേരും യോജിക്കും. ഭരതൻ്റെ കാലയളവ് ഭാസനു ശേഷമാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. 


സംസ്കൃതനാടകങ്ങളിലെല്ലാം പൊതുവായ ചില രൂപനിയമങ്ങളുണ്ട്. നാന്ദി മുതൽ ഭരതവാക്യം വരെ നാടകത്തിൻ്റെ എല്ലാ വശങ്ങളെയും നിയന്ത്രിക്കത്തക്ക രൂപ വിന്യാസമാണ് പ്രാചീനർ ചിട്ടപ്പെടുത്തിയിട്ടുള്ളത്. 


നാന്ദി: നാന്ദിയെന്നത് സംസ്കൃതനാടകങ്ങളിൽ പ്രാഥമികമായി കാണാവുന്ന ഘടകമാണ്. ആശീർവദിക്കലോ ദേവതാസ്തുതിയോ ആണ് നാന്ദി. നാടകമരങ്ങേറുമ്പോൾ അരങ്ങിൽ തടസ്സമുണ്ടാകാതിരിക്കാനുള്ള മംഗളാചരണമത്രെ നാന്ദി. അതിൽ കാവ്യാർത്ഥസൂചന വ്യംഗ്യമായെങ്കിലും നിക്ഷിപ്തമാകണമെന്ന് പറയുന്നു.


സൂത്രധാരൻ: സംസ്‌കൃതനാടകത്തെ സംബന്ധിച്ച് നാടകസംഘത്തെ നയിക്കുന്നത് സൂത്രധാരനാണ്. മറ്റൊരർത്ഥത്തിൽ അതിൻ്റെ സംവിധായകനാണ് സൂത്രധാരൻ. നാടകത്തിൻ്റെ സകലസംഗതികളെയും നിയന്ത്രിക്കുന്നത് സംവിധായകനായിരിക്കും. സൂത്രം എന്ന പദത്തിന് ചരട് എന്ന് അർത്ഥം.


പ്രസ്താവന/സ്ഥാപന: നാടകത്തിൻ്റെ പ്രാരംഭത്തിൽത്തന്നെ കഥയുമായി ബന്ധപ്പെട്ട സൂചന നല്കും മട്ടിൽ, എന്തായിരിക്കാം കഥയെന്ന് അനുവാചകന് അനുമാനിക്കാൻ അവസരം നല്കും മട്ടിൽ വിദൂഷകനോ നടീനടന്മാരിൽ ആരെങ്കിലുമോ, പാരിപാർശ്വികരിൽ ആരെങ്കിലുമോ എന്തെങ്കിലും സംസാരിക്കുന്നതാണ് പ്രസ്താവന. കവിയുടെയും കൃതിയുടെയും പേര് വെളിപ്പെടുത്താൻ ഈ ഭാഗം ഉപയോഗപ്പെടുത്താറുണ്ട്. ഭാസകൃതികളിൽ സ്ഥാപനയെന്ന പേരാണ് ഇതിന് ഉപയോഗിച്ചിട്ടുള്ളത്.


വിഷ്കംഭം ( പൂർവാങ്കം): നാടകത്തിൽ സംഭവിച്ചതോ സംഭവിക്കാനിരിക്കുന്നതോ ആയ കഥാംശങ്ങളെ പ്രദർശിപ്പിക്കുന്നതും, ഒന്നോ അതിലധികമോ നീചമദ്ധ്യമ കഥാപാത്രങ്ങളെക്കൊണ്ട് കഥാവസ്തു വിവരിക്കുന്നതുമാണ് വിഷ്കംഭം. വിഷ്കംഭം എന്ന പദത്തിന് ഒന്നിച്ചു ബന്ധിക്കുന്നത് എന്ന് അർത്ഥം. വിഷ്കംഭം സാധാരണഗതിയിൽ പ്രസ്താവനയ്ക്ക് ശേഷമോ ചില വിശേഷ സന്ദർഭങ്ങളിൽ അങ്കങ്ങളുടെ മദ്ധ്യേയോ വരും. നീരസമുളവാക്കുന്നതും അനുചിതമായതുമായ കഥാംശങ്ങളെ രംഗത്ത് അഭിനയിപ്പിക്കാൻ പാടില്ലെന്നുണ്ട്. ഇത്തരം സന്ദർഭത്തിൽ അത് നിർവഹിക്കാനും വിഷ്കംഭം ഉപകരിക്കും.


ഭരതവാക്യം: നാടകസമാപ്തിയിൽ മംഗളഗാനം അവതരിപ്പിക്കുന്നു. ഈ മംഗളഗാനമാണ് ഭരതവാക്യം. 


സംസ്കൃതനാടകത്തിൻ്റെ ചിട്ടവട്ടങ്ങളെല്ലാം മുഴുവനായി പാലിക്കുന്ന രീതി ഭാസനില്ല. നാന്ദിയുടെ അവസാനം സൂത്രധാരൻ പ്രവേശിക്കുന്നു എന്ന വാക്യത്തോടെയാണ് ഭാസനാടകങ്ങൾ ആരംഭിക്കുന്നത്. കാളിദാസൻ തൻ്റെ നാടകങ്ങൾ ' നാന്ദി'യോടെയാണ് ആരംഭിക്കുന്നത്. പ്രസ്താവനയ്ക്ക് 'സ്ഥാപന'യെന്ന പേരാണ് ഭാസൻ ഉപയോഗിച്ചിട്ടുള്ളത്. ഭരതവാക്യമായി 'രാജസിംഹ: പ്രശാസ്തു ന: ' എന്നാണ് ഭാസൻ ഉപയോഗിച്ചത്.

(അപൂർണ്ണം)






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ