ലോകവയോജന ദിനം

 ഇന്ന് - ഒക്ടോബർ 1- ലോകവയോജനദിനമാണ്. ലോകത്തെമ്പാടുമുള്ള അശരണരും അഗതികളുമായ വൃദ്ധജനത്തോട് ഐക്യപ്പെടുവാനുള്ള മനസ്സ് ലോക സമൂഹത്തിലുളവാക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. സമൂഹത്തിൽ മികച്ച പരിഗണനയും ആദരവും ലഭിക്കേണ്ടവരാണ് വയോജനങ്ങൾ എന്ന കരുതൽ ഏവരിലുമെത്തിക്കാൻ ഈ ദിനാചരണം സഹായിക്കും. 

1948 ൽ തന്നെ വൃദ്ധജനങ്ങളെ പരിഗണിക്കണമെന്ന കാഴ്ചപ്പാട് ഐക്യരാഷ്ട്രസഭ മുന്നോട്ടു വെച്ചിരുന്നു. വാർദ്ധക്യത്തെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള വിയന്ന അന്തർദേശീയ കർമ്മ പദ്ധതി 1982ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. അതു മുൻനിർത്തി, 1990 ഡിസംബർ 14 ന് ഐക്യരാഷ്ട്രസഭ സുപ്രധാനമായ ഒരു തീരുമാനമെടുത്തു: ഒക്ടോബർ 1 ലോക വയോജന ദിനമായി ആചരിക്കണമെന്നതായിരുന്നു ആ തീരുമാനം. അപ്രകാരം, 1991 ഒക്ടോബർ 1 ന് ആദ്യത്തെ അന്താരാഷ്ട്ര ലോക വയോജന ദിനം ആചരിക്കപ്പെട്ടു.

 

ഈ ദിനാചരണം കൊണ്ട് ചില പ്രയോജനങ്ങളുണ്ട്. വയോജനങ്ങൾ സമൂഹത്തിനർപ്പിച്ച  സംഭാവനകളെക്കുറിച്ച് ഇതോർമ്മിപ്പിക്കുന്നതിലൂടെ അവരുടെ മഹത്വം പ്രകീർത്തിക്കപ്പെടുന്നു. അവശതയുടെ പരമകോടിയിൽ - രോഗത്തിലും ദാരിദ്ര്യത്തിലും പെട്ട്- വലയുന്നവരായ വയോജനങ്ങളോട് സഹാനുഭൂതി ഉളവാക്കുന്നു. സ്വന്തം  പ്രിയവയോജനങ്ങളെ ഓർക്കാനും ഓർമ്മകൾ പുതുക്കാനും ഈ ദിനാചരണം മുഖേന സാദ്ധ്യമാകുന്നു.. 


വൃദ്ധജനങ്ങൾ അറിവും അനുഭവപരിചയവും വേണ്ടുവോളം ഉള്ളവരാണ്. കാലത്തിൻ്റെ മാറ്റങ്ങൾ സ്വാംശീകരിച്ച് വളർന്നവരാണ്. വൃദ്ധജനങ്ങളുടെ വൈദഗ്ദ്യം സമൂഹത്തിന് ഉപകാരപ്രദമാക്കി തീർക്കേണ്ടതുണ്ട്. അവരുടെ പ്രായോഗിക പരിജ്ഞാനം പ്രതിസന്ധികളിൽ നിന്ന് മക്കളെയും ചെറുമക്കളെയും കുടുംബത്തെയും സമൂഹത്തെയും മുക്തമാക്കാൻ പോന്നതാണ്. എന്നാൽ ഇതു തിരിച്ചറിയാതെ അവരോട്

മൃഗസമാനം പെരുമാറുന്ന കാഴ്ച നാം ഏറെ കണ്ടതും വായിച്ചതുമാണ്. പട്ടിക്കൂട്ടിലടച്ചതും പെരുവഴിയിൽ തളളിയതും കൊലചെയ്തതുമായ വാർത്തകൾ. ഉത്തരവാദിത്വമുള്ള സമൂഹത്തെ നടുക്കുന്ന ദൃശ്യങ്ങൾ. സ്വത്തിനും പണത്തിനും വേണ്ടിയുള്ള പൈശാചികതകൾ. 


സാഹിത്യത്തിലും കലയിലും വൃദ്ധൻ്റെ ഉൾക്കരുത്ത് ഏറെ ആഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട്. പുരാണത്തിലെ ഭീഷ്മപിതാമഹൻ്റെ നെഞ്ഞുറപ്പ് നമുക്കറിയാം. വൃദ്ധൻ്റെ കരുത്തുറ്റ ശരീരവും ചങ്കൂറ്റവും ആഖ്യാനം ചെയ്ത നോവലാണ് ഹെമിങ് വേയുടെ കിഴവനും കടലും'. ആഗ്രഹിച്ച ജീവിതം നേടിയെടുക്കാൻ വാർദ്ധക്യദശ വരെ കാത്തിരുന്ന് ആ പ്രണയം 

സ്വായത്തമാക്കിയ സാഹസിയുടെ കഥ പറയുന്നു, മാർക്വേസിൻ്റെ 'കോളറാ കാലത്തെ പ്രണയം'. സാഹിത്യം ഇന്ന് കർമ്മനിരതരായ വയോജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. അവരനുഭവിക്കുന്ന നീറ്റലും പുകച്ചിലും മാനവമനസ്സാക്ഷിയിൽ ഇതുവഴി ഇന്ന് പ്രതിഫലിക്കുന്നു. എന്നിരുന്നാലും, വയോജനങ്ങളെ പ്രയോജനപ്പെടുത്താനും പരിരക്ഷിക്കാനും ഉതകുന്ന സാമൂഹിക പദ്ധതികൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് ഓർമ്മിപ്പിക്കട്ടെ.


ലോകജനസംഖ്യയിൽ അറുപത് വയസ്സിനു മുകളിലുള്ളവരുടെ എണ്ണം കൂടിവരികയാണ്.  1950 ൽ ഉണ്ടായിരുന്നതിൽ നിന്നും മൂന്ന് മടങ്ങ് വർദ്ധനവാണ് 2000 ത്തിൽ ഉണ്ടായത്. 2025 ൽ അറുപത് കഴിഞ്ഞവരുടെ എണ്ണം നൂറു കോടി പിന്നിടുമെന്ന് പ്രതീക്ഷിക്കുന്നു. ആരോഗ്യ സംവിധാനങ്ങളിൽ ലോകത്തെമ്പാടും ഉണ്ടായിട്ടുള്ള പുരോഗതി ആയുർദൈർഘ്യത്തെ ഉയർത്തി. അതോടൊപ്പം സന്തോഷപ്രദമായ ജീവിത സാഹചര്യങ്ങളും മരണനിരക്ക് കുറയാൻ കാരണമായിട്ടുണ്ട്. ലോകത്തിൽ മനുഷ്യൻ്റെ ശരാശരി ആയുർദൈർഘ്യം 71.5 ആണ്.


2021 ലെ വയോജനദിന പ്രമേയം എന്താണ്? 'എല്ലാ പ്രായക്കാർക്കും ഡിജിറ്റൽ സമത്വം'(digital equity for all ages) എന്നതാണ്. ഇന്ന് ഈ ശാസ്ത്ര സാങ്കേതിക വിദ്യയുടെ മുന്നേറ്റഘട്ടത്തിൽ ഒരു വിഭാഗവും പിന്നിലാകാൻ പാടില്ലെന്ന സന്ദേശം അത് മുന്നോട്ടു വെക്കുന്നു. ഡിജിറ്റൽ സാങ്കേതിക വിദ്യ ഏവർക്കും ലഭ്യമാകണം. അതിലുള്ള പരിജ്ഞാന ക്കുറവ് ഒരു തരത്തിലും അപകർഷതയുളവാക്കാൻ പാടില്ല. കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ എന്നിവയുടെ ഉപയോഗം ഇന്ന് ഏതൊരാൾക്കും ഒഴിച്ചുകൂടാൻ വയ്യാത്തതാണ്. ഡിജിറ്റൽ സാങ്കേതിക മേഖലയിൽ വയോജനത്തിൻ്റെ രംഗപ്രവേശം അനിവാര്യവും സ്വാഗതാർഹവുമാണ്. 


സമൂഹത്തിൽ വയോജനങ്ങളെ കർമ്മശേഷിയുള്ളവരായി നിലനിർത്താനാവശ്യമായ പദ്ധതികൾ വേണം. ചില കുടുംബ സാഹചര്യങ്ങൾ അറുപത് പിന്നിട്ടവരെ വല്ലാത്ത അവഗണനയിൽ ആഴ്ത്തുന്നുണ്ട്. കർമ്മോന്മുഖരായി അവർക്ക് പ്രവർത്തിക്കാനും ഇടപഴകാനും ജീവിക്കാനും പറ്റണം. വൃദ്ധരുടെ നാട്ടറിവും പ്രായോഗികജ്ഞാനവും സമൂഹ പുനർനിർമ്മാണത്തിന് ഉപകാരപ്പെടണം. വയോജനങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പാഠഭാഗങ്ങൾ പാഠ്യപദ്ധതിയിൽ   ഉൾക്കൊള്ളിക്കണം. കുട്ടികളിൽ സകല ചരാചരങ്ങളോടും വയോജനങ്ങളോടും ഭൂതദയ രൂപപ്പെടേണ്ടതുണ്ട്. ടി.വി.കൊച്ചുബാവയുടെ 'വൃദ്ധസദനം' 

എന്ന നോവലിൽ ഒരു വൃദ്ധനെ മുൻകൂട്ടി ബുക്ക് ചെയ്ത വൃദ്ധസദനത്തിൽ അയാളുടെ ഭാര്യ തന്നെ തള്ളുകയാണ്. 

ആ വൃദ്ധസദനത്തിലാകട്ടെ ചിലർ ദുരൂഹമരണത്തിന് വിധേയരാവുകയും ചെയ്യുന്നു. മരണം അവിടെ കച്ചവടമാണ്.  മാനുഷികത വറ്റിയ,  സുഖത്തിനായി യന്ത്രതുല്യം ജീവിച്ച് തീർക്കുന്ന ആധുനികരുടെ ആക്രമണത്തിൽ നിന്ന് വയോധികരെ രക്ഷിക്കേണ്ടതുണ്ട്. ജീവിക്കാനുള്ള അവകാശം ഓരോ വൃദ്ധനും അനുവദിച്ചു കൊടുത്തേ പറ്റൂ. അയാളുടെ മനുഷ്യാവകാശങ്ങൾ മാനിച്ചേ പറ്റൂ. അവശത ബാധിച്ച ഓരോ വൃദ്ധനും കരുണയാർന്ന സമീപനവും സ്നേഹപൂർവമുള്ള പരിചരണവും അനിവാര്യമത്രെ.


ജീവിതത്തിൽ ഏകാന്തതയുടെ, ഒറ്റപ്പെടലിൻ്റെ, തുരുത്തുകളാകരുത് ഒരു വയോജനവും. 2021 ഓടെ കേരള ജനസംഖ്യയുടെ പതിനഞ്ച് ശതമാനവും വയോജനങ്ങളായിരിക്കുമത്രെ. ഇന്ന് കേരളത്തിൽ 2006 ൽ സാമൂഹ്യ ക്ഷേമ വകുപ്പ് അംഗീകരിച്ച് ഉത്തരവിറക്കിയ വയോജനക്ഷേമ നയമുണ്ട്. 2013 ൽ ആ രേഖ പരിഷ്കരിച്ചു. അത് 

കാര്യക്ഷമമായി നടപ്പിലാക്കണം. 


വൃദ്ധൻ എന്ന വാക്കിന് ശബ്ദതാരാവലി നല്കുന്ന പ്രഥമ അർത്ഥം, പൂർണ്ണമായി വളർച്ച പ്രാപിച്ചവൻ എന്നാണ്. ആ വളർച്ച സമൂഹത്തിന് ഉപകരിക്കത്തക്കവിധത്തിൽ മുതല്ക്കൂട്ടാക്കാനുള്ള പദ്ധതികളാണ് കാലം ആവശ്യപ്പെടുന്നത്. വൃദ്ധരിൽ എൺപതു ശതമാനം ദരിദ്ര ജീവിത സാഹചര്യങ്ങളിൽ കഴിയുന്നവരാണ്. അവിടെ ആരോഗ്യകരമായ പുനരധിവാസ പദ്ധതിയും തുടർന്ന് മാനസികവും ശാരീരികവുമായ ഉന്മേഷം ഉളവാക്കാനുള്ള സാഹചര്യവും ഉണ്ടാകണം. തൊഴിൽ ചെയ്യാൻ സാധിക്കുന്നവർക്ക് തങ്ങളുടെ കർമ്മോന്മുഖത സാമൂഹികക്ഷേമത്തിനായി വിനിയോഗിക്കാനുള്ള അവസരവും വേണം.


അണുകുടുംബ വ്യവസ്ഥ, മക്കളൊക്കെ വിദേശത്ത്, അല്ലെങ്കിൽ മക്കൾ തിരക്കുള്ള ഉദ്യോഗസ്ഥർ, ജീവിത തിക്തതകൾ മുതലായവയാണ് വല്ലാത്ത അനാഥത്വം വൃദ്ധജനങ്ങളിൽ ഉളവാക്കുന്നത്. ഈ സന്ദർഭത്തിൽ അവസരോചിതം ഇടപഴകാനുള്ള പരിശീലനം അവർക്ക് നല്കണം.


പ്രായമായിക്കൊണ്ടിരിക്കുന്നത് സ്വാഭാവിക പ്രക്രിയയാണ്. ഒന്നും, ഒരു വ്യക്തിയും  അതിൽ നിന്ന് മുക്തമല്ല. എല്ലാ- ശാസ്ത്ര സാങ്കേതിക, വിദ്യാഭ്യാസ, ആരോഗ്യ- മേഖലകളിലുമുള്ള പുരോഗതി 

കാരണം  2050 ആകുമ്പോഴേക്കും ലോക ജനസംഖ്യയുടെ 22%  അറുപത് പിന്നിട്ടവരായിരിക്കും. അതിനാൽ വയോജനക്ഷേമം മുൻനിർത്തി സമഗ്രവും പരിവർത്തനോന്മുഖമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഇനി വൈകിക്കൂടാ.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്