കരുണ - കുമാരനാശാൻ

 മുഖവുര

മലയാളത്തിലെ ആധുനിക കവിത്രയത്തിൽ പ്രധാനിയാണ് മഹാകവി കുമാരനാശാൻ. കാവ്യങ്ങളിലടക്കിയ ഉൾക്കാമ്പുള്ള ചിന്തകൾ വായനക്കാരെ പ്രീതിപ്പെടുത്തി. 1873 ഏപ്രിൽ 12 ന് തിരുവനന്തപുരം ജില്ലയിൽ കായിക്കര എന്ന ഗ്രാമത്തിലാണ് കുമാരു എന്ന് വിളിക്കപ്പെട്ട കുമാരനാശാൻ്റെ ജനനം. കൗമാരഘട്ടത്തിൽ ശ്രീനാരായണഗുരുവുമായുണ്ടായ കൂടിക്കാഴ്ച ആശാൻ്റെ ജീവിതത്തെ മാറ്റിമറിച്ചു. നാരായണഗുരുവിൻ്റെ പ്രിയശിഷ്യനായും ഗുരുവിൻ്റെയും അദ്ദേഹത്തിൻ്റെ ആശയങ്ങളുടെയും സഹചാരിയായും കുമാരു മാറി. കൽക്കത്തയിൽ വെച്ച് ഉപരിപഠനം നടത്താനുള്ള അവസരം ഗുരു സൃഷ്ടിച്ചു. ഇതോടെ വിപ്ലവാത്മകതയാർന്ന കാവ്യോർജ്ജത്തിൻ്റെ പ്രഭവമായി കുമാരനാശാൻ മാറി. വീണപൂവ്, നളിനി, ലീല, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ എന്നീ ഖണ്ഡകാവ്യങ്ങളും മണിമാല, വനമാല, പുഷ്പവാടി മുതലായ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. വിവർത്തന സംരംഭങ്ങളിലും ശ്രദ്ധേയമായ ഇടപെടൽ ആശാൻ നടത്തിയിട്ടുണ്ട്. അപ്രകാരമുള്ള മികച്ച സംഭാവനയാണ് ശ്രീബുദ്ധചരിതം. ബുദ്ധനെക്കുറിച്ചുള്ള ലൈറ്റ് ഓഫ് ഏഷ്യ(Edwin Arnold) എന്ന കൃതിയുടെ വിവർത്തനമാണത്. സ്നേഹഗായകൻ എന്ന ലേബലാണ് സാംസ്കാരിക കേരളം ആശാന് പതിച്ചു നല്കിയത്. മാറ്റത്തെ ഉൾക്കൊള്ളുകയും അതിനായി സമൂഹത്തെ ആഹ്വാനം ചെയ്യുകയും ചെയ്ത കവിയത്രെ ആശാൻ. സാമൂഹികമായ ദുർനീതികളോടും ജാതിവ്യവസ്ഥിതിയിലെ മലീമസതകളോടും നിർഭയം അദ്ദേഹം പോരാടി. 'മാറ്റുവിൻ ചട്ടങ്ങളെ, സ്വയ/മല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ എന്ന് ഗർജ്ജിച്ചു. 'നെല്ലിൻ ചുവട്ടിൽ മുളയ്ക്കും കാട്ടു പുല്ലല്ല സാധുപ്പുലയൻ' എന്ന് പുലയൻ്റെ സ്വത്വത്തെ ഉദ്ബോധിപ്പിച്ചു. 'സ്നേഹം താൻ ശക്തി ജഗത്തിൽ, സ്വയം സ്നേഹം താനാനന്ദമാർക്കും' എന്ന് സ്നേഹത്തിൻ്റെ മാഹാത്മ്യം വാഴ്ത്തി. ജാതി അസൂയാ മഹാമാരിയാണെന്നും ഘോര നരകമാണെന്നും വിമർശിച്ചു. ജീവിതാന്ത്യത്തിൽ ബുദ്ധൻ്റെ ആശയങ്ങളോടും ജീവിത നിരീക്ഷണങ്ങളോടും സമരസപ്പെടാൻ ആശാന് സാധിച്ചു. ഹിന്ദുമതത്തിലെ ജാതീയത സൃഷ്ടിച്ച ഉച്ചനീചത്വങ്ങളെ അദ്ദേഹം അത്രയേറെ വെറുത്തു. 'തെളിഞ്ഞു തെളിഞ്ഞു വരുന്ന ചിന്തകളുടെയും ഊറിയൂറി വരുന്ന കാവ്യാനുഭൂതികളുടെയും ഉറവയാണ് ആശാൻ കവിതകളെ' ന്ന് ഒരു പണ്ഡിതൻ അഭിപ്രായപ്പെടുന്നു. ആകസ്മികമായുണ്ടായ ഒരു ബോട്ടപകടത്തിൽ പെട്ട് മലയാളത്തിൻ്റെ മനീഷിയായ കവി ചരമമടഞ്ഞു, 1924 ജനുവരി 16 ന്.( പല്ലന നദിയിൽ വെച്ചുണ്ടായ റെഡീമർ ബോട്ട് ദുരന്തം).


കരുണ


ആശാൻ്റെ അവസാന കൃതിയാണ് കരുണ. എന്താണ് കരുണയുടെ പ്രസക്തി? കരുണ ബുദ്ധമത സന്ദേശങ്ങളുടെ കാലികമൂല്യം വിളംബരം ചെയ്യുന്നു. സ്നേഹത്തിൻ്റെ ഉണ്മയിലേക്കുള്ള മാർഗ്ഗം ബുദ്ധമതം മാത്രമാണ്. കരുണ ഏറ്റവും മഹത്തും മൂല്യവത്തുമായ മാനുഷിക വികാരമാണ്. മാനവികതയുടെ -ഹ്യൂമനിസം - അടിസ്ഥാന ഘടകമാണ്. കരുണ എന്ന വികാരത്തിൻ്റെ പ്രബല ചോദന ദു:ഖമാണ്. ദുഃഖമെന്ന അനുഭവത്തിൽ നിന്നുമാണ് കരുണയുണ്ടാകുന്നത്. ഇതിന് 'ശബ്ദതാരാവലി' വ്യക്തമായ അർത്ഥം നല്കുന്നുണ്ട്: ''അന്യൻ്റെ ദു:ഖത്തെപ്പറ്റി അറിയുമ്പോൾ ജനിക്കുന്നതും ആ ദു:ഖത്തെ നീക്കിക്കളയാൻ പ്രേരിപ്പിക്കുന്നതുമായ മനോവൃത്തി'' യെന്നാണ് കരുണയ്ക്ക് നല്കുന്ന നിർവചനം. ഈ മനോവൃത്തിയെ 'ആഫ്രിക്ക ' എന്ന കവിതയിൽ പ്രശസ്ത കവി എൻ.വി.കൃഷ്ണവാരിയർ ആവിഷ്കരിക്കുന്നു: 'എങ്ങു മനുഷ്യനു ചങ്ങല കൈകളി/ ലങ്ങെൻ കയ്യുകൾ നൊന്തീടുകയാണെങ്ങോ / മർദ്ദന മവിടെ പ്രഹരം വീഴുവ/ തെൻ്റെ പുറത്താകുന്നു.' ഈ മനോവൃത്തിയെ ഒ.എൻ.വി. കുറുപ്പും സാക്ഷാത്കരിച്ചിട്ടുണ്ട്: 'അപരൻ്റെ ദാഹത്തിനെൻ്റേതിനേക്കാളു/ മധികമാം കരുതലും കരുണയും കുടിപാർക്കും/ ഒരുവീടെനിക്കുണ്ടെ' ന്ന് അദ്ദേഹം ഈ വികാരത്തെ പകർത്തുന്നു. ഈ മനോവൃത്തിയുടെ ആദ്യകാലത്തെ ഉദാത്താവിഷ്കാരമാണ് ' കരുണ' എന്ന ഖണ്ഡകാവ്യം.


ഇതിവൃത്തം

കരുണ ഒരു ഖണ്ഡകാവ്യമാണ്. കാല്പനികതയും റിയലിസവും കൂടിക്കുഴഞ്ഞതുമാണ് ആ കൃതിയുടെ ശൈലി. വാസവദത്തയെന്ന വാരസ്ത്രീ /ഗണിക/ വേശ്യയാണ് ഇതിലെ നായിക. ഒരു കാലഘട്ടത്തിൽ ദേവദാസീ സമ്പ്രദായം സമൂഹത്തിൽ അംഗീകരിക്കപ്പെട്ടിരുന്നതും ദേവദാസികൾക്ക് പ്രൗഢിയും സമ്പത്തും അളവറ്റ തോതിൽ സമ്പാദിക്കാൻ സാധിച്ചതുമായ ഒരു സാമൂഹ്യ രീതിയായിരുന്നു. പിന്നീടത് ദുഷിച്ച് ദേവദാസികൾ പ്രമാണികളുടെ ഇരകളാവുകയും പരിഗണന നഷ്ടമാവുകയും ചെയ്തു. പണ സമ്പാദനത്തിനുള്ള ഒരു ദുർമാർഗ്ഗമായി കലാശിച്ചു.


ഈ കൃതിയിൽ നായികയായ വാസവദത്തയുടെ മാളിക, അവളുടെ പ്രൗഢമായ ഇരിപ്പ്, ആകാംക്ഷ നിറഞ്ഞ അവളുടെ കാത്തിരിപ്പ്, സൗന്ദര്യം മുതലായവ വർണ്ണിച്ചുകൊണ്ടാണ് കാവ്യം ആരംഭിക്കുന്നത്. ബുദ്ധഭിക്ഷുവായ ഉപഗുപ്തനിൽ അവൾ അനുരാഗവതിയാണ്. ഉപഗുപ്തൻ്റെ അന്ത:രംഗം അറിഞ്ഞു വരാനായി അവൾ തോഴിയെ പറഞ്ഞയക്കുന്നു. എന്നാൽ, സമയമായില്ലെന്നാണ് അയാളുടെ പ്രതികരണം. വളരെ നിരാശയോടെ തോഴിയിൽ നിന്നും ഉപഗുപ്തൻ്റെ വാക്കുകൾ അവൾ കേൾക്കുന്നു. അപ്പോഴേക്കും ധനികനായ ഒരു വ്യാപാരി എത്തിച്ചേരുകയും തൻ്റെ ചാപല്യങ്ങളിലേക്ക് വാസവദത്ത വഴുതിവീഴുകയും ചെയ്യുന്നു.


ഈ വ്യാപാരിയെ പ്രണയിക്കാൻ ആരംഭിക്കുന്ന വാസവദത്ത, അല്പം മുമ്പ് താൻ പ്രണയിച്ചിരുന്ന തൊഴിലാളി പ്രമുഖനെ, നിലവിലെ പ്രണയത്തിനയാൾ തടസ്സമാകുമെന്ന് കരുതി കൊന്ന് വീടിനു സമീപം ചാണകക്കുഴിയിൽ കുഴിച്ചിടുന്നു. ഇയാളുടെ തിരോധാനം ചർച്ചാ വിഷയമാവുകയും വാസവദത്തയുടെ പറമ്പിൽ നിന്നും ശരീരം കണ്ടെത്തുകയും ചെയ്യുന്നു. ഇതോടെ, വാസവദത്ത കാരാഗൃഹത്തിലാകുന്നു. കുറ്റം സമ്മതിക്കയാൽ അവളെ ശരീരാവയവങ്ങൾ അറുത്ത് ചുടുകാട്ടിൽ - ശ്മശാനത്തിൽ- തള്ളാൻ ആജ്ഞയുണ്ടാകുന്നു. അപ്രകാരം കര ചരണങ്ങളൊക്കെ - കൈകാലുകൾ - ഖണ്ഡിതമാക്കിയ അവസ്ഥയിൽ കിടക്കുന്ന വാസവദത്തയ്ക്ക് (ഒരു പ്രിയതോഴി അവളെ സഹായിക്കാനുണ്ടായിരുന്നു) മോക്ഷം ഉപദേശിക്കാനായി ഉപഗുപ്തൻ ആഗതനാകുന്നു. ഉപഗുപ്തൻ്റെ വാക്കുകളിൽ ബുദ്ധസൂക്തം ശ്രവിച്ച തൃപ്തിയാൽ, ചരിതാർത്ഥയായി വാസവദത്ത മരണമടയുന്നു. ഇതാണ് ഇതിവൃത്തം. 


പാoഭാഗം


കരുണ എന്ന കാവ്യം കുമാരനാശാൻ ആരംഭിക്കുന്നത് ശാക്യവംശത്തിൽ പിറന്നവനായ ബുദ്ധദേവൻ്റെ മാഹാത്മ്യം പരാമർശിച്ചുകൊണ്ടാണ്. ബുദ്ധഭഗവാൻ ധർമ്മരശ്മികൾ - ബുദ്ധമതത്തിൻ്റെ സദുദ്ദേശപരങ്ങളായ വാക്യങ്ങളും സന്ദേശങ്ങളും - പ്രചരിപ്പിക്കുന്ന സന്ദർഭത്തിലാണ് ഈ കഥ നടക്കുന്നത്. ബുദ്ധദേവനെ അനുപമകൃപാനിധിയെന്നും (ഉപമിക്കാൻ പറ്റാത്തവിധം അളവറ്റ ദയാവായ്പോടുകൂടിയവൻ) അഖില ബാന്ധവനെന്നും (എല്ലാറ്റിനോടും ബന്ധുത്വമുള്ളവൻ) വിശേഷിപ്പിക്കുന്നു. സൂര്യദേവനും ബുദ്ധദേവനും ഈ വിഷയങ്ങളിൽ സമാനത ദർശിക്കാം. തരാതമഭേദമെന്യേ എല്ലാവരേയും / എല്ലാ വസ്തുക്കളേയും ഒരുപോലെയാണ് സൂര്യനും ബുദ്ധനും പരിഗണിക്കുന്നത്. സമത്വദർശനത്തിൻ്റെ വക്താക്കളാണ് ഇരുവരും. രണ്ടുപേരുടെയും മഹിമ സമാനം തന്നെ. ലോകത്തിന് വെളിച്ചം ദാനം ചെയ്യുന്ന സൂര്യനും ജ്ഞാനം ദാനം ചെയ്യുന്ന ബുദ്ധനും വ്യത്യസ്തരല്ല.


(ഉത്തരമഥുരാ…….. മതിമോഹിനി)


വടക്കേ മഥുരയുടെ വടക്കു സമീപമുള്ള വലിയ രാജപാതയുടെ കിഴക്കരികിൽ നിലകൊള്ളുന്നു കഥാനായികയായ വാസവദത്തയുടെ മാളിക. ആകാശചുംബിയായ, വെണ്മയുറ്റ, മനോഹരമായ മാളിക. ഇതിൻ്റെ തെക്കുഭാഗത്തുള്ള പൂമുഖത്തിൽ, (മലർമുറ്റം) വ്യാളിയുടെ മുഖം കൊത്തിവച്ച വളഞ്ഞ വാതിലുള്ള, അകത്ത് ആളിരുന്നാൽ കാണാവുന്ന അരമതിലിനുള്ളിൽ, പൂങ്കുലകൾ ചിന്നിച്ചിതറി ശോഭിക്കുന്ന അശോകച്ചു വട്ടിൽ, മൃദുവായ കല്ലിനാൽ നിർമ്മിതമായ (വെണ്ണക്കല്ല്) പുഷ്പഗന്ധം ചൊരിയുന്ന ഇരിപ്പിടത്തിൻ്റെ പിൻഭാഗത്തേക്ക് അല്പം ചാഞ്ഞിരുന്ന്,  വക്കിൽ കസവിൻ്റെ ഒളിയോടുകൂടിയ നേർത്ത വസ്ത്രം അല്പം ഒരു വശത്തേക്കാക്കി, നല്ല വൈരക്കല്ലു പതിപ്പിച്ച കർണ്ണാഭരണം(കമ്മൽ) അണിഞ്ഞ്, മുല്ലമൊട്ടുകളാലർച്ചിതമായ മാല മനോഹരമായ മുടിക്കെട്ടിലണിഞ്ഞ്, അതിന്നു കീഴെ കസ്തൂരിപ്പൊട്ടണിഞ്ഞ മുഖചന്ദ്രനെ പ്രകാശിപ്പിച്ചുകൊണ്ട്, ചലിക്കുന്നതും മോഹനവുമായ സ്വർണ്ണത്താമരയ്ക്ക് അപജയമുളവാക്കുന്ന വലതുകാൽ ഇടതു തുടയുടെ മേൽ കയറ്റിവെച്ച്,

രാമച്ചവിശറി തോഴിയെക്കൊണ്ട് അവളുടെ സുന്ദരങ്ങളായ കൈവളകൾ കിലുങ്ങെ വീശിച്ചു കൊണ്ട്, ഇതാ, കാമദേവൻ്റെ പദവിയാർജ്ജിച്ച ഒരു രാജ്ഞിയെന്ന മട്ടിൽ കാണുന്നവരുടെ ബുദ്ധിയെ മോഹിപ്പിക്കുന്ന അതിസുന്ദരിയായ ഒരുവൾ ഇരിക്കുന്നു.


(പടിഞ്ഞാറു ചാഞ്ഞ….. വിലസും പോലെ)


അസ്തമിക്കാറായ സൂര്യൻ മഞ്ഞ, കടും ചുവപ്പ് എന്നിവ കലർന്ന രാജപ്രൗഢിയാർന്ന, ഭംഗിയുള്ള  രശ്മികൾ വൃക്ഷങ്ങളുടെ ഇടയിലൂടെ വീശുകയാണ്. ദൂരെ ഒരു രാജമല്ലി മരം പൂത്തു വിലസുന്ന പ്രതീതിയാണ് അതുണ്ടാക്കുന്നത്. 


(കൊണ്ടൽവേണീമണിയവൾ……

പരൽമീൻ പോലെ)


കറുത്തിരുണ്ട മുടിക്കെട്ടോടു കൂടിയവളായ നമ്മുടെ സുന്ദരി കൗതുകത്തോടെ ഒരു പൂച്ചെണ്ട് ചുഴറ്റിക്കൊണ്ടിരിക്കുകയാണ്. ഇളം കാറ്റടിക്കുന്നു. അത് ചന്തമുള്ള അവളുടെ വസ്ത്രത്തിൽ ചെറിയ ഓളങ്ങൾ ഉളവാക്കുന്നു. ഇളകി മറിയുന്ന ചേലക്കുള്ളിൽ നിന്നും സുന്ദരമായ പാദമാകുന്ന താമരപ്പൂവ് പുറത്ത് കാണാകുന്നു. കാലിലണിഞ്ഞ സ്വർണ്ണച്ചിലമ്പ് കിലുങ്ങും വിധം അവൾ ഇളക്കുന്നു. അതോടൊപ്പം ചുഴറ്റിക്കൊണ്ടിരിക്കുന്ന മലർവല്ലിയിലെന്ന മട്ടിൽ അവൾ വെളിയിലേക്ക് നോക്കിക്കൊണ്ടുമിരിക്കുന്നു. കൺപോളയിലെ രോമങ്ങളുടെ നിബിഡതയാൽ കറുത്ത്, സുന്ദരമായ കണ്ണുകൾ. മദജലം പൊടിയുന്ന ആർദ്രങ്ങളായ കണ്ണുകൾ. അവയിലെ കൃഷ്ണമണികൾ സ്ഫടികക്കുപ്പിയിലിട്ട പരൽമീൻ പോലെ പിടികൊടുക്കാതെ അങ്ങുമിങ്ങും ഉഴറിപ്പായുന്നു. വ്യക്തമായ ഒരു മനോനിയന്ത്രണം, ഏകാഗ്രത ഈ സന്ദർഭത്തിൽ നായികയ്ക്ക് ലഭ്യമാകുന്നില്ലെന്ന് സൂചന.


(തുടുതുടെ സ്ഫുരിച്ചെഴും …….ല്ലിവളെയാരും)


അതുപോലെ അവളുടെ ചുണ്ടുകൾ: അവളുടെ പ്രകാശിക്കുന്ന സുന്ദരങ്ങളായ അധരങ്ങൾ. ചെമന്ന തളിരുകൾക്കു സമാനമാണവ. അധരങ്ങളുടെ മദ്ധ്യഭാഗം വരെ അവളുടെ മൂക്കുത്തി വളയം എത്തുന്നു. അതിൽ ഘടിപ്പിച്ചിട്ടുള്ള വെളുത്ത രത്നക്കല്ല്, അവളുടെ ശ്വാസത്തിലടങ്ങിയ രാഗ(അനുരാഗം)ത്തെ സ്വീകരിച്ച് പുറത്ത് ഘനരൂപം ആർജ്ജിച്ചതു പോലെ ശോഭിക്കുന്നു. നിതംബിനി കൂടിയായ ഈ ഭൂമീരംഭയാണ് വാസവദത്തയെന്ന് പേരുള്ള വാരസുന്ദരി. ഇവളെ അറിയാത്ത ഒരാൾ പോലും മഥുരാവാസികളിലില്ല. 


(വെളിയിലെന്തിനോ…..വിഷമമെന്നാൾ)


ആ സന്ദർഭത്തിൽ എന്തോ ആവശ്യത്തിന് വെളിയിൽ പോയി മടങ്ങിവരുന്ന ഒരു സുന്ദരിയെ നടയിൽ കാണാൻ സാധിച്ചു. വാസവദത്ത അവളെക്കണ്ട് ഒന്ന് പുഞ്ചിരിച്ചു. തൻ്റെ മനോഹരമായ പുരികക്കൊടി കാട്ടി അവളെ അടുത്തേക്ക് വിളിച്ച് ഇപ്രകാരം ചോദിച്ചു: ''അല്ലയോ സഖി, നിൻ്റെ പ്രയത്നം ഫലിച്ചോ? കായ രുചിയുളവാക്കുന്ന പഴമായോ? എനിക്ക് യാതൊരു സംശയവുമില്ല. ഇപ്രാവശ്യമെങ്കിലും അത് നീ സാധിച്ചിരിക്കും. ഒന്നുമില്ലെങ്കിൽ അയാൾ ഒരു മനുഷ്യനല്ലേ? നീയോ, അതിസമർത്ഥയും.' 

ഇപ്രകാരം വളരെ താല്പര്യത്തോടെ വീണ്ടും വാസവദത്ത ചോദിച്ചപ്പോൾ, വിവരാന്വേഷണത്തിന് പോയ തോഴി കൈകൂപ്പിക്കൊണ്ട് ''സമയമായില്ലെന്നാണ് അവൻ ഇപ്പോഴും താല്പര്യമൊട്ടുമില്ലാതെ പറയുന്നതെന്ന് പറഞ്ഞു. അവനിൽ താല്പര്യമുണ്ടാക്കുക വിഷമം തന്നെ.


[വാരനാരിയായ വാസവദത്ത ഉപഗുപ്തനെ പ്രണയിക്കുന്നു. എന്നാൽ ബുദ്ധഭിക്ഷുവായ ഉപഗുപ്തൻ ഒരു താല്പര്യവും കാട്ടുന്നില്ല. പല പ്രാവശ്യം തോഴിയെ വിട്ട് അനുരാഗം അറിയിച്ചെങ്കിലും അവൻ വഴങ്ങുന്നില്ല. തോഴിയുടേത് ഇവിടെ അവസാനശ്രമമാണെന്ന് കാണാം.]


(കുണ്ഠിത…..സ്ഥലമില്ലല്ലീ)


വാസവദത്ത ദു:ഖിതയായി. പുരികം ചുളിഞ്ഞു. കയ്യിലുണ്ടായിരുന്ന പൂച്ചെണ്ട് വലിച്ചെറിഞ്ഞു. തേൻ പോലെ മധുരമായ സ്വരത്തോടു കൂടിയവളായ അവൾ പകുതി തന്നോടും പകുതി തോഴിയോടുമായി ഇപ്രകാരം പറഞ്ഞു:

''സമയമായില്ല എന്നാണവൻ പറയുന്നത്. എന്നാൽ എൻ്റെ ഹൃദയത്തിൽ ക്ഷമ ഇനി തീരെയില്ല. കയ്യിൽ ഭിക്ഷാപാത്രവുമേന്തി നാടുനീളെ നടക്കുന്ന ഈ കാമസമനായ ഭിക്ഷു എന്നെ പറ്റിക്കാൻ പറയുന്നതാവാം. ഒരു പക്ഷേ വേശ്യയായ എന്നെ കാണാൻ വരാത്തത് പണമില്ലാത്തതിനാലാകാം. ഞാൻ അയാളുടെ സ്നേഹം മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് തോഴീ, നീ പറഞ്ഞില്ലേ? എല്ലാ സുഖങ്ങളും വേണ്ടുവോളം അനുഭവിക്കുന്നവളാണ് ഞാൻ. ആഗ്രഹിച്ചതൊക്കെ സ്വന്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ പ്രണയകാര്യത്തിൽ ഒരു പിഴവ് വരാൻ എനിക്ക് പാടില്ലാത്തതാണ്. പക്ഷേ, ഇക്കാര്യത്തിലത് സ്വാഭാവികം മാത്രം. വിശക്കുമ്പോൾ വേണ്ടുവോളം ഭക്ഷണം അത് വെറുക്കുന്നതുവരെ കഴിച്ച വ്യക്തിക്കും അതിനേക്കാളും വിശിഷ്ടമായ ഭക്ഷണ പദാർത്ഥങ്ങൾ കാണുമ്പോൾ കൊതിവരാം. ധനികരും എന്നിൽ തല്പരരുമായവർ എല്ലാ ദിവസവും സ്വർണ്ണാഭിഷേകം നടത്തി തൊഴുതാൽ പോലും അക്കൂട്ടരെ കാണാൻ വൈമുഖ്യം പ്രകടിപ്പിക്കുന്ന കണ്ണുകൾ ഒരു പാവം മുനിയെ കാണാൻ ബദ്ധപ്പെടുന്നല്ലോ. വളരെ മനോഹരമായ ശരീരമുള്ള മുനി പ്രണയിനിയോട് വൈമനസ്യം കാണിക്കുന്നത് കഠിനമാണല്ലോ. തിളങ്ങുന്ന നക്ഷത്രം പോലെ ഭംഗിയിൽ വിടർന്ന് നില്ക്കുന്ന താമരപ്പൂവിന് ഗന്ധം അനിവാര്യമല്ലേ? അല്ലെങ്കിൽ ഈ യുവാവ് (ഉപഗുപ്തൻ) ദുഷ്ടനായ ആ ബുദ്ധസന്യാസീ നേതാവിൻ്റെ (ബുദ്ധഭഗവാൻ) കഥ കേടുകൾ കേട്ട് വിഷമിക്കുന്നുണ്ടാകാം. അയാൾക്ക് യമലോകത്തിൽ പോയി അടങ്ങിക്കൂടെ? ''


(അനുനയം…. നൈപുണി പോലും)


വാസവദത്ത തുടർന്നു: ''അല്ലയോ തോഴീ, അവൻ അനുനയത്തിന് നിന്നു തരുന്നുണ്ടോ? [ തോഴിയെ കേൾക്കാൻ തയ്യാറാകുന്നുണ്ടോ?] അവൻ്റെ വാക്കുകളിൽ പ്രണയത്തിൻ്റെ സ്പർശമുണ്ടോ? അവനോട് തനിച്ചല്ലേ നീ സംസാരിച്ചത്? ഞാൻ പറയാനേല്പിച്ച കാര്യമെല്ലാം നീ പറഞ്ഞില്ലേ? അവന് സന്യാസീ മര്യാദയിൽത്തന്നെ വേണമെങ്കിൽ വീട്ടിൽ വന്ന് ഭിക്ഷ ചോദിക്കാമല്ലോ. അങ്ങനെയെങ്കിലും അവനെയൊന്ന് കൺകുളിർക്കെ കാണാമായിരുന്നു. അവനെക്കുറിച്ച് ചിന്തിക്കുന്തോറും എൻ്റെ കനപ്പെട്ട സമ്പാദ്യത്തിൻ്റെ മൂല്യം നഷ്ടപ്പെടുന്നതായി തോന്നുന്നു. എൻ്റെ ശരീരഭംഗിയുടെ മൂല്യവും ഇടിയുന്നതായി അനുഭവപ്പെടുന്നു. അവൻ (ഉപഗുപ്തൻ) അനുഭവിക്കാത്ത/ കാണാത്ത / ആസ്വദിക്കാത്തതൊക്കെ തന്നെ സംബന്ധിച്ച് വെറുതെയായിരിക്കുന്നു. നൃത്തവും ഗീതവും ഒക്കെ അതിൽപ്പെടും.''


(കുലനയ വിരുദ്ധമായ്……അന്ധകൂപത്തിൽ)


കുലത്തിന് ചേരാത്തമട്ടിലുള്ള ഈ പ്രണയം പാടില്ലെന്ന അർത്ഥത്തിൽ തോഴി നിരുത്സാഹപ്പെടുത്തി. ഈ സന്ദർഭത്തിൽ കവി ഇടപെടുന്നു. തെറ്റായ മാർഗ്ഗത്തിലൂടെ നായികയെ കൊണ്ടുപോവുകയാണ് തോഴി. നിൻ്റെ ഉപദേശം വേണ്ട. ഈ ലോകത്തിൽ കീഴ് വഴക്കങ്ങൾ പറയാത്ത / ആചാരമര്യാദകളുപദേശിക്കാത്ത വിഡ്ഢികളില്ല. പടുപാട്ട് പാടാൻ ഏതു കഴുതയും ശ്രമിക്കും.  ഉപഗുപ്തനിൽ ചേർന്ന് വിശുദ്ധമാകാൻ ശ്രമിക്കുന്ന 

വാസവദത്തയുടെ മനസ്സിനെ വീണ്ടും തെറ്റായ വഴിയിലേക്ക് തോഴി കൊണ്ടു പോകയാലാണ് കവി വിമർശിച്ചത്.


കവി തുടരുന്നു:

''ഓരോരുത്തരും അനുഭവിക്കുന്ന സുഖദു:ഖങ്ങൾ അവരവർ ചെയ്യുന്ന നന്മതിന്മകളുടെ ഫലമാണ് എന്ന ബോധം ഒരു യാഥാർത്ഥ്യമാണെങ്കിൽ കൊലപാതകവും കൊള്ളയടിയും കുല പരമ്പരാധർമ്മമാണെന്ന് പറയുന്ന നീതി തീർച്ചയായും നുണയാണെന്ന് കവി സ്ഥാപിക്കുന്നു. ധനദുർദേവതയ്ക്കായി ലജ്ജ വിട്ട് തൻ്റെ ശരീരം ഹോമിക്കുന്ന ഈ പെണ്ണിൽ ഒരിക്കലും നിഷ്കളങ്കമായ സ്വാഭാവിക 

അനുരാഗം ഉണ്ടാകില്ല. ഇവിടെ ഭാഗ്യവശാൽ അതു സംഭവിച്ചിരിക്കുന്നു. അത് തീർച്ചയായും ഒരു വരമല്ലേ? എന്തുകൊണ്ടെന്നാൽ, 

വല്ലാത്ത ഇരുട്ട് നിറഞ്ഞ കിണറ്റിൽ

സൂര്യൻ്റെ ചെറുരശ്മി പോലും പ്രതീക്ഷയ്ക്ക് വക നല്കുന്നതാണ്..


(ഉടനേ ചക്രങ്ങൾ….വന്നണയുന്നു)


ഈ സന്ദർഭത്തിൽ മറ്റൊരു കാര്യം സംഭവിക്കുന്നു. ചക്രം നിലത്ത് ഉരുളുന്ന ഉഗ്രശബ്ദത്തോടെ, പൊടിപടലങ്ങൾ പൊങ്ങിച്ച്, മഥുരയിൽ നിന്നും ഒരു കാളവണ്ടി വാസവദത്തയുടെ മാളികയുടെ മുന്നിലെത്തി. കുതിക്കുന്ന കാളകൾ. അവയുടെ കുനിഞ്ഞ കൊമ്പിൽ പൂമാല ചാർത്തിയിട്ടുണ്ട്. തിരയിൽ പത ഉയരുമ്പോലെ, അവയുടെ പൂഞ്ഞ് ചലിക്കുന്നു. കിലുകിലെക്കിലുങ്ങുന്ന രത്നമാലയണിഞ്ഞ കഴുത്ത് കുലുക്കിക്കൊണ്ട്, താടയാട്ടിക്കൊണ്ട് 

രണ്ടു കാളകൾ വലിക്കുന്ന

മനോഹരമായ സ്വർണ്ണത്തേര് അവിടെ വന്നണഞ്ഞു. 


(വാതുക്ക…. നടന്നു പോയി )


അതിൻ്റെ വാതില്ക്കൽ നിന്നും  കിന്നരിവെച്ച പാദുകങ്ങളോടെ, പട്ട് തലപ്പാവണിഞ്ഞ് , കാതിൽ വജ്രകുണ്ഡലങ്ങൾ അണിഞ്ഞ്, മോതിരങ്ങളുടെ ഭംഗിയിൽ കൈകൾ ശോഭിച്ച്, തങ്ക നിറമുള്ള അങ്കി ധരിച്ച് തടിച്ചിരുണ്ട ശരീരം മറച്ചുകൊണ്ട്, ചുകന്ന പട്ടുവസ്ത്രം ഞൊറിയിട്ട് കുത്തിയുടുത്ത് അതിൻ്റെ അഗ്രം പുറകിലോളം ഞാത്തിയിട്ട് പാറിച്ചും, സ്വർണ്ണ അരഞ്ഞാൺ പട്ട പുറത്ത് കാട്ടി, മിന്നുന്ന ഉത്തരീയം ഭംഗിയിലിട്ടും ആ മണിത്തേരിൽ നിന്നും സുന്ദരനും മാന്യനുമെന്ന് തോന്നും മട്ടിലൊരു പരദേശിയായ കച്ചവടക്കാരൻ ഇറങ്ങി വന്നു. ആ കാഴ്ച കണ്ട വാസവദത്ത അയാളെ സ്വീകരിക്കാനായി കടക്കണ്ണാൽ ആജ്ഞ നല്കി. തോഴി അതിഥിയെ എതിരേറ്റ് സൽക്കരിക്കാൻ പോയി. വാസവദത്ത, ഇരിപ്പിടം വിട്ടെഴുന്നേറ്റു. മണിയറയിലേക്ക് അകമ്പടി പൂർവം പുറപ്പെട്ടു. അങ്ങനെ ഇതുവരെ 'കരപറ്റി നിന്ന' ആ അരയന്നപ്പിട കുണുങ്ങിക്കൊണ്ട് തൻ്റെ കുളത്തിലേക്ക് നടന്നു പോയി.


അരയന്നപ്പിട 'കുളത്തിലേക്കിറങ്ങി' എന്നതിലൂടെ വഴിവിട്ട അവളുടെ ജീവിതം പരാമർശിക്കുന്നു. 'കരപറ്റി നിന്ന' എന്ന വാക്കുകളിൽ ഉപഗുപ്ത നോടുള്ള പരിശുദ്ധമായ ആഭിമുഖ്യവും തുടർന്നവളിലുണ്ടായ വിരക്തിഭാവവും സൂചിപ്പിക്കുന്നു. എന്നാൽ കച്ചവടക്കാരൻ പരദേശിയുടെ തിളക്കം കണ്ട് അവൾ എല്ലാം മറന്നിരിക്കുന്നു.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ