ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ ഭാഗം 3




ഭാഗം 3 (തുടർച്ച)

ബദരിയിലേക്ക്

ചമോളി ധർമ്മശാലയിൽ:
ശവത്തിന്റെ കൂടെ

പടവുകൾ ഇറങ്ങി താഴെയെത്തിയാൽ ഉഖിമഠ് ചമോളി റോഡിലെത്തുമെന്ന പുരോഹിതൻ്റെ വാക്കുകൾക്കനുസൃതമായി നടത്തം തുടങ്ങി. പടികൾ ഇറങ്ങുന്തോറും പർവതത്തിൻ്റെ ഉയരം കൂടി വന്നു. കാലുകളിൽ വേദന ബാധിച്ചു. ഉഖിമഠിൽ നിന്നും ചമോളിയിലേക്കുള്ള റോഡിലെത്തി. മഴ ആർത്തുപെയ്യുന്നു. മണ്ഡൽ എന്ന ഗ്രാമത്തിൽ നിന്നും ഏതാനും കി.മീ. നടന്നാൽ ചമോളിയായി. തുംഗനാഥ് പോലുള്ള ദുർഘടങ്ങളായ ഇടങ്ങളിൽ പൂജാ വിഗ്രഹങ്ങൾ കാണപ്പെടാനുള്ള കാരണമെന്താകാം? വെറും ഭക്തി മാത്രമാണോ, അതോ മനുഷ്യനിലെ സാഹസിക ഭാവമോ? സത്യത്തിലേക്കുള്ള വഴികൾ പ്രയാസം നിറഞ്ഞവയാണ്. ഒരാൾ പ്രയാസപ്പെട്ട് നേടുന്നതെന്തും അയാളുടെ സിദ്ധിയാണ്. തലേന്ന് കൈവരിച്ചുവെന്ന് കരുതിയ സിദ്ധി മിഥ്യയായാണ് കാക്കനാടന് തോന്നിയത്. ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്തെത്തുന്നതു വരെ അത് മുഖ്യ ലക്ഷ്യമാകും. കഷ്ടപ്പാടുകൾ തരണം ചെയ്ത് അതു നേടാൻ ശ്രമിക്കും. ബദരിയിലെത്താൻ ചമോളിയിൽ നിന്ന് മൂന്നു നാല് ദിവസം നടക്കേണ്ടി വരും. ഏകനായി, വിശന്ന് വലഞ്ഞ്, ഹിമാലയപ്പെരുവഴിയിലൂടെ മഞ്ഞിനെയും മഴയെയും ചെറുത്ത് യാത്ര ചെയ്യുക അതിസാഹസികം തന്നെ. തുംഗനാഥ് കയറുമ്പോഴുള്ള നിർഭയത്വം വിട്ടകന്നിരിക്കുന്നു. ശരീരം വിറക്കുന്നു. വഴിയിൽ കണ്ട കുടിലുകളിലൊന്നിൽ കയറി. ഒരു ചായ കുടിച്ചു. അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനെന്ന് തോന്നിക്കുന്ന മദ്ധ്യവയസ്കൻ്റെ പെരുമാറ്റവും ഏതു ജാതിക്കാരനെന്ന ചോദ്യവും അസ്വസ്ഥതയുളവാക്കി. ചമോളിയിലേക്ക് നടത്തം ആരംഭിച്ചു. വളഞ്ഞു പുളഞ്ഞുള്ള പാത. ക്രമേണ അന്തരീക്ഷത്തിലെ തെളിച്ചം മങ്ങി. ഇരുൾ നിറയാനാരംഭിച്ചു. നടക്കുന്തോറും ഇരുട്ടിൻ്റെ കട്ടി കൂടി. ടോർച്ച് കരുതിയിരുന്നില്ല. തപ്പിത്തടഞ്ഞാണ് ഇപ്പോൾ നടത്തം. ഇഴജന്തുക്കൾ, വന്യമൃഗങ്ങൾ, ഗർത്തങ്ങൾ... എന്തും സംഭവിക്കാം. മുമ്പിൽ ഒന്നും കാണാൻ കഴിയുന്നില്ല. ഒരു സന്ദർഭത്തിൽ ചുവട് പിഴച്ചിരുന്നെങ്കിൽ അഗാധഗർത്തത്തിൽ വീണേനെ. സൂക്ഷിച്ചാണ് ഓരോ ചുവടും. അവസാനം അളകനന്ദയുടെ ഇരമ്പം. ചമോളിയിലെത്തിയിരിക്കുന്നു. മൂടിപ്പുതച്ചിരിക്കുന്ന ഒരു പോലീസുകാരനോട് ധർമ്മശാല എവിടെ എന്ന് അന്വേഷിച്ചു. അയാളുടെ വാക്കുകൾക്കനുസരിച്ച് നടന്നു. ഒരു ജീർണ്ണിച്ച കെട്ടിടം. വരാന്തയിൽ തലങ്ങും വിലങ്ങും കിടക്കുന്ന കുറേ രൂപങ്ങൾ. അവിടെ കതകില്ലാത്തൊരു മുറി കണ്ടു. തണുപ്പ് കുറയുമെന്ന് കരുതി അതിനുള്ളിൽ പ്രവേശിച്ചു. അവിടെ വല്ലാത്ത ദുർഗന്ധം. ഒരു രൂപം അഴുക്കുപുരണ്ട വെള്ളത്തുണി പുതച്ച് കിടക്കുന്നു. ദുർഗന്ധം സഹിച്ചാലും തണുപ്പടിക്കാതെ കഴിയാം. തറയിലെ തണുപ്പ് കാരണം ഐസ് കട്ടയിൽ കിടക്കുന്നതു പോലെയുണ്ട്. സമീപത്തുനിന്നും കാതിൽ തുളച്ചുകയറുന്ന നിലവിളി. വെളള പുതച്ച രൂപം അലർച്ചയോടെ കൈകാലുകളിട്ടടിക്കുന്നു. വല്ലാത്ത വേദനയാൽ പുളയുന്നു. തീപ്പെട്ടിക്കൊള്ളിയുടെ പ്രകാശത്തിൽ ബീഭത്സമായ ആ രൂപം കണ്ടു. അതിൻ്റെ മൂക്കിൻ്റെ സ്ഥാനത്ത് രണ്ടു ദ്വാരങ്ങൾ മാത്രം. കവിളിൽ ചുവപ്പും മഞ്ഞയും കലർന്ന വ്രണങ്ങൾ. ചൂടുവെള്ളത്തിനു വേണ്ടി കേഴുകയാണ്. ചീഞ്ഞളിഞ്ഞ, മരിച്ചു കൊണ്ടിരിക്കുന്ന സത്വത്തിന് സമീപത്താണ് താൻ എന്ന് അറിഞ്ഞപ്പോൾ കാക്കനാടൻ ഞെട്ടി. മുറിക്ക് പുറത്തിറങ്ങി. എങ്കിലും ചൂടുവെള്ളം കൊടുക്കാൻ നിശ്ചയിച്ചു. പാത്രമെടുക്കാൻ ഉള്ളിൽ കയറുമ്പോൾ ഒരു ഭീതി പൂണ്ട ശബ്ദം. ഭായീ, അകത്തു പോകരുത്. അതു കുസാതെ ഉളളിൽ കയറി പാത്രമെടുത്ത് വല്ല വിധേനയും ഒരു ഗഡുവാളിയിൽ നിന്ന് രണ്ടു ചായ സംഘടിപ്പിച്ചു. ഉള്ളിലേക്ക് കടക്കെ വീണ്ടും തടസ്സപ്പെടുത്തലുകൾ. ശെയ്ത്താനാണ് എന്ന പരാമർശം. മുറിയിൽ ഇപ്പോൾ അലർച്ചയില്ല. രൂപം നിശ്ചലമായിരിക്കുന്നു. ശ്വാസോച്ഛ്വാസമില്ല. മരവിപ്പ് തന്നെയും ബാധിക്കുന്നതായി തോന്നി. തണുത്ത് വിറങ്ങലിച്ച ജഡം. വെള്ളം നല്കാൻ കഴിയാത്തതിൽ ഖേദം തോന്നി. സാന്ത് ശോഭാ സിംഗ് എന്ന മെലിഞ്ഞു പരവശനായ വൃദ്ധൻ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. അയാൾക്ക് 100 വയസ്സെങ്കിലും ആയിരിക്കണം. അലുമിനിയം പാത്രത്തിലെ ചായ വൃദ്ധന് കൊടുക്കാമെന്ന് തോന്നി. വൃദ്ധൻ ആർത്തിയോടെ കുടിക്കാൻ തുടങ്ങി. മറ്റൊരു രൂപം ചായക്കായി സമീപിച്ചു. ആ കമ്പിളിക്കെട്ടിന് പാത്രം കൈമാറി. വൃദ്ധൻ പുലമ്പൽ ആരംഭിച്ചു. സർദാറിൻ്റെ കയ്യിൽ നിന്ന് ചായ കുടിച്ച വെള്ളപ്പാണ്ടുള്ള രൂപം ഒരു മൂലക്ക് കുത്തിയിരിക്കുന്നുണ്ടായിരുന്നു. അയാളിൽ നിന്നും പാത്രം മേടിച്ചു. അയാൾ ചുമച്ചും പുലമ്പിയും കിടക്കുന്ന വൃദ്ധനെ പരിഹസിച്ചത് കാക്കനാടന് ഇഷ്ടമായില്ല. ഈ ദുരിത സാഹചര്യത്തിൽ വല്ലവിധത്തിലും നേരം വെളുപ്പിക്കാനൊരുങ്ങി. ഒരു കരിങ്കൽത്തൂണിൽ ചാരിയിരുന്ന് ബീഡി കത്തിക്കെ വെള്ളപ്പാണ്ടുള്ള വൃദ്ധൻ സമീപിച്ചു. ഒരു ബീഡി നല്കി. അയാൾ ചോദിച്ചു: എന്തു കിട്ടി ഭായ്? അത് മരിച്ചു കിടന്നവൻ്റെ പോക്കറ്റിൽ നിന്നും എന്തോ കരസ്ഥമാക്കിയെന്ന ധാരണയിലാണ് ഇയാൾ. കാക്കനാടന് വല്ലാത്ത കോപം വന്നു. ഇവൻ മനുഷ്യനാണോ? അതോ പിശാച് പരീക്ഷിക്കാനെത്തിയിരിക്കുകയാണോ? സ്വയം കോപത്തെ നിയന്ത്രിച്ചു. എന്നിട്ടു പറഞ്ഞു: ഇനി മിണ്ടിപ്പോയാൽ നിന്നെ ഞാൻ കൊല്ലും. വൃദ്ധൻ നടുങ്ങി. അയാൾ ഒരു മൂലയിൽ പേടിച്ചിരുന്നു. പിന്നെ അപ്രകാരം പറയേണ്ടതില്ലായിരുന്നുവെന്ന് തോന്നുകയും ചെയ്തു.

പിപ്പൽ കോട്ടിലേക്ക് :
കയ്യിൽ പണമായി 12 രൂപയേ ഉള്ളൂ. കുറച്ചു ചില്ലറയും. ശരീരത്തിന് വേദനയും മനസ്സിന് ആശങ്കയുമുണ്ടായി. പിന്തിരിയണോ?
സംശയമുയർന്നു.
പക്ഷേ, അവസാനം ഇച്ഛാശക്തി തന്നെ വിജയിച്ചു. കാലാവസ്ഥ വളരെ മോശമാണ്. പാതകൾ ഇടിയുന്നു. എന്നിട്ടും ബദരിയിലേക്ക് നടക്കാൻ തന്നെ നിശ്ചയിച്ചു.
ബിക്രം സിങ്ങും സിംലയും
പൈൻമരക്കാടുകളിലൂടെ, വിവിധ ഹരിതഭംഗിയിലൂടെയായി  യാത്ര. പൈൻമരക്കാടുകൾ പിന്നിട്ട് ഒരു സമതലത്തിലെത്തി. അവിടെ ചില കുടിലുകൾ. അതിലൊന്നിൻ്റെ സമീപം പോയി പിപ്പൽ കോട്ടിലേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുക്കെ ഗൃഹനാഥനായ മദ്ധ്യവയസ്കൻ കാക്കനാടനോട് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചു. ദില്ലിയിൽ നിന്നെന്ന് കേട്ടപ്പോൾ അയാൾ വികാരഭരിതനായി. ഒരു കത്ത് കൊണ്ടുവന്നു. 14 വയസ്സുള്ള, ജോലി തേടിപ്പോയ ബിക്രംസിംഗ്‌ എന്നു പേരുള്ള അയാളുടെ പുത്രനെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം.വിവരങ്ങളൊക്കെ ഡയറിയിൽ കുറിച്ച ശേഷം കാക്കനാടൻ യാത്ര തിരിക്കെ, പ്രത്യാശാഭരിതമായ മിഴികളോടെ അവൻ്റെ അനുജത്തി സിംല ഉറ്റുനോക്കി. ഒരു വെളുത്ത ഉരുളൻ കല്ല് തൻ്റെ ഏട്ടന് നല്കാൻ കാക്കനാടനെ ഏല്പിച്ചു. ആ കൊച്ചു കുടുംബവും ദില്ലിയിലെ ബാലനും വിവിധ ചിന്തകളിലേക്ക് നയിച്ചു. 

ജ്യോഷിമഠം:
ഈ യാത്രയിൽ വിചിത്രങ്ങളായ പല അനുഭവങ്ങളും പരാമർശങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ബോർഡർ റോഡ് വെയ്സിൻ്റെ ടെൻറുകൾക്ക് സമീപമുള്ള കുടിലിനു മുന്നിലിരിക്കുന്ന യൂണിഫോം ധരിച്ച സർദാർജിയുടെ എന്തിനാണ് ബദരിക്കു പോകുന്നത് എന്ന ചോദ്യം അത്തരത്തിലുള്ള ഒന്നാണ്. പലരും യാത്രാവേളയിൽ അദ്ദേഹത്തെ ഡിപ്പാർട്ടുമെൻ്റിൻ്റെ ആളായി തെറ്റിദ്ധരിച്ച് ഇടപെടാറുണ്ട്. ചിലർ രഹസ്യാന്വേഷണത്തിൻ്റെ ആളായി കണ്ട് ബഹുമാനം നല്കുമ്പോൾ ചിലർ ഭയപ്പെടുന്നു.

കാക്കനാടനെ മഠാധിപതിയുടെ ഗുണ്ടകൾ ആക്രമിക്കുന്നു.

ഹൃഷികേശ് - ബദരി റൂട്ടിലെ പ്രധാന കേന്ദ്രമാണ് ജ്യോഷിമഠം. (അവിടേക്കുള്ള യാത്രയിൽ പ്രധാന കാഴ്ച അത്യഗാധമായ ഗർത്തത്തിലൂടെ ഒരു ചെറു നദി ഒഴുകിപ്പോകുന്നതാണ്. അതാണ് പാതാളഗംഗ എന്ന് അന്വേഷണത്തിൽ നിന്നു മനസ്സിലായി). സർക്കാർ ഓഫീസുകളും സ്കൂളുകളും ആശുപത്രിയുമുണ്ട്. മിലിറ്ററി ക്യാമ്പും അവിടെയുണ്ട്. ജോഷിമഠിലെ പ്രധാന ചൗക്കിലെത്തിയപ്പോൾ ശ്രീശങ്കരാ അദ്വൈതാശ്രമം എന്ന ബോർഡ് കണ്ടു. അത് സന്ദർശിക്കാമെന്ന് കരുതി. പല വർണ്ണപ്പൂക്കൾ നിറഞ്ഞ മുറ്റം. ഒരു സ്വാമിയെ അഭിവാദ്യം ചെയ്തു. അയാൾ തിരികെ അഭിവാദ്യം ചെയ്തില്ല. ദർശനം എവിടെയാണെന്ന് ചോദിച്ചപ്പോൾ ഉദാസീനതയോടെ മുകളിലേക്ക് ചൂണ്ടി. ശങ്കരാചാര്യരുടെ പൂർണ്ണചിത്രവും കേരളീയനെന്ന ചിന്തയും അഭിമാനമുളവാക്കി. നൂറ്റാണ്ടുകൾക്കു മുമ്പിൽ ശ്രീശങ്കരൻ ജോഷിമഠിൽ എത്തി 40 ദിവസം ധ്യാനം ചെയ്തു. ആ ധ്യാനത്തിൻ്റെ സമാപ്തിയിലാണ് ബദരികദർശനവും, നാരദ്കുണ്ഡിൽ(അളകനന്ദ) നാരായണവിഗ്രഹമുണ്ടെന്ന അറിവും ലഭിച്ചത്. ആ വിഗ്രഹം മുങ്ങിയെടുത്ത് പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. കാക്കനാടൻ ചിന്തയിലാണ്ടു. എന്നാൽ തുടർന്ന് ആശ്രമത്തിൽ നടന്ന സംഭവങ്ങൾ കാക്കനാടൻ്റെ പ്രതീക്ഷകളെ തകിടം മറിച്ചു. മുകളിൽ ഒരു സ്വാമിയിൽ നിന്നും മേല്പറഞ്ഞ ഐതിഹ്യം കേൾക്കെ, കാഷായ വസ്ത്രമണിഞ്ഞ മൂന്നു നാലു പേർ വന്നു. വിലകൂടിയ കഷായവസ്ത്രവും വലിയ രുദ്രാക്ഷമാലയും ഒക്കെ ധരിച്ച മഠാധിപതിയും അനുചരരുമാണ് പ്രവേശിച്ചത്. അയാളുടെ നോട്ടത്തിലും നടത്തത്തിലുമുള്ള ഗർവ് അസഹ്യമായി തോന്നി. അനുചരന്മാർ വാ പൊത്തി നില്ക്കുന്നു. എല്ലാവരും മനുഷ്യരല്ലേ? ഇത്തരം സ്ഥാപനങ്ങൾക്ക് ഇഷ്ടം പോലെ ധനം കൈമാറുന്ന ധനികന്മാർ ധാരാളമുണ്ടല്ലോ. അങ്ങനെ 'മോക്ഷപ്രാപ്തി' വരിക്കുന്നവരുണ്ട്. മഠാധിപതി യോടൊപ്പം കണ്ട ഒരു സ്വാമി വന്ന് എന്താണിവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചു. ബദരിയിലേക്ക് പോകുന്നതാണെന്നും ഇത്തിരി ഭക്ഷണം കിട്ടിയാൽ കൊള്ളാമായിരുന്നു എന്നും പറഞ്ഞപ്പോൾ ശല്യപ്പെടുത്താതെ ഇറങ്ങിപ്പോകാൻ അയാൾ ആവശ്യപ്പെട്ടു. ക്ഷമിക്കണമെന്നും, ശങ്കരൻ്റെ നാട്ടുകാരനായതിനാൽ കയറിപ്പോയതാണെന്നും പറഞ്ഞ് ഇറങ്ങുമ്പോൾ, കണ്ട തെണ്ടിക്കൊക്കെ കയറിവരാൻ കണ്ട സ്ഥലം എന്ന് ആക്രോശിക്കുന്നത് കേട്ടു. ഒരു നായയെ ആട്ടും മട്ടിലുള്ള അയാളുടെ 'ഇറങ്ങിപ്പോടാ തെണ്ടി ' എന്ന തെറി സഹിക്കാനായില്ല. മുഷ്ടിചുരുട്ടി 'എടാ കാവിക്കഴുവേറി, ഇതാണോ ശ്രീ ശങ്കരൻ പഠിപ്പിച്ചത് ' എന്ന് ചോദിച്ചു. സ്വാമി കാവൽക്കാരനോട് ഇയാളെ പിടിച്ചു പുറത്തിട് എന്ന് കല്പിച്ചു. ചിലർ കാക്കനാടനെ ആക്രമിക്കാൻ തുനിഞ്ഞു. അടിക്കാനോടി വന്ന കാവൽക്കാരനോട് , എൻ്റെ ദേഹത്തെങ്ങാനും വടി കൊണ്ടാൽ ഞാൻ നിൻ്റെ കൈയും കാലും മുറിച്ച് അളകനന്ദയിലെറിയും എന്ന് ഭീഷണിപ്പെടുത്തി. ഒരു സംഘട്ടനമുണ്ടാവുന്ന സ്ഥിതിയുണ്ടായി.

ഗോവിന്ദസ്വാമി
ഗേറ്റിനു പുറത്ത് ഭിക്ഷുക്കൾ ഈ സംഭവം കണ്ട് കൂടി നില്ക്കുന്നുണ്ടായിരുന്നു. അവരിൽ നിന്നും ഒരു ഭിക്ഷു (യുവാവ്) മുന്നോട്ടുവന്നു. ജടപിടിച്ച ചെമ്പിച്ച മുടി. വലതു കൈയിൽ ത്രിശൂലം. കീറിപ്പറിഞ്ഞ കാവിമുണ്ടും പുതപ്പും വേഷം. കൈകാലുകളിൽ ഇരുമ്പു വളകൾ. കണ്ണുകൾ രൂക്ഷവും മുഖം കാറ്റും വെയിലുമേറ്റ് കറുത്തതുമായിരുന്നു. അവൻ ഗ്രാമീണ ഹിന്ദിയിൽ നിസ്സാരമട്ടിൽ പറഞ്ഞു:"അകത്തു പോ പട്ടികളേ, ഈ മനുഷ്യനെ തൊട്ടാൽ എൻ്റെ ശൂലം നിൻ്റെ രക്തം പുരണ്ട് അശുദ്ധമാവും" ശക്തവും കാര്യമാത്ര പ്രസക്തവുമായ അവൻ്റെ വാക്കുകൾ കേട്ട് ഗുണ്ടകൾ പിന്തിരിഞ്ഞു. തുടർന്ന് രണ്ടു പേരും നടന്നു. അതൊക്കെ പണക്കാരുടെ ഇടമാണ് എന്ന് വിവരമന്വേഷിച്ചെത്തിയ ചില ഭിക്ഷുക്കൾ അഭിപ്രായപ്പെട്ടു. ത്രിശൂലമേന്തിയ ഈ സന്യാസി മഹാരാഷ്ട്രക്കാരനാണെന്നും പേര് ഗോവിന്ദസ്വാമി എന്നാണെന്നും മനസ്സിലാക്കി. പതിമൂന്നാമത്തെ വയസ്സിൽ സന്യാസം സ്വീകരിച്ചതാണ്. 

പാണ്ഡുരംഗ

ഗോവിന്ദസ്വാമിയെന്ന അത്ഭുതം
ജോഷിമഠ് പിന്നിട്ട് പാണ്ഡുരംഗയിലെത്തി. പാണ്ഡുരംഗയെത്തുന്നതിനു മുമ്പിൽ പൂക്കളുടെ താഴ്‌വര എന്ന ബോർഡ് കണ്ടു. ഒരു മല കയറിയിറങ്ങണം. അവിടെ ഒരു തടാകമുണ്ട്. അതിൻ്റെ തീരത്ത് ഗുരു ഗോവിന്ദസിംഗ് കുറേക്കാലം തപസ്സനുഷ്ഠിച്ചിട്ടുണ്ട്. പാണ്ഡുരംഗയിൽ ഒരു ധർമ്മശാലയുണ്ട്. അവിടെ രണ്ടുനേരം തീർത്ഥാടകർക്ക് സൗജന്യമായി കിച്ചടിയും റൊട്ടിയും കൊടുക്കുന്ന പതിവുണ്ട്. ഗോവിന്ദ സ്വാമിയുടെ സഹായം ഈ സന്ദർഭത്തിലൊക്കെ വലുതായിരുന്നു. ഗോവിന്ദസ്വാമിയിൽ അനുഭവജ്ഞാനവും നിർഭയത്വവും പ്രകടമായിരുന്നു. നിർഭയനും ബുദ്ധിമാനുമായ ഒരു യഥാർത്ഥ ഗുരുവിൻ്റെ ശിക്ഷണം അദ്ദേഹത്തിൽ പ്രകടമായിരുന്നു. ക്ഷേത്രത്തിനു താഴെ അളകനന്ദ ഒഴുകുന്നു. പ്രഭാതത്തിൽ കണ്ട കാഴ്ച, ഐസുപോലെ തണുത്ത അളകനന്ദയിൽ നീന്തുന്ന ഗോവിന്ദസ്വാമിയെയാണ്. അത് തീർത്തും അത്ഭുതപ്പെടുത്തുന്നതായിരുന്നു. രാവിലെ കിച്ചടിക്കും റൊട്ടിക്കും വേണ്ടി, അതിനു മുന്നേ നടക്കുന്ന ദീർഘമായ ഭജനയിൽ അവർ ഭാഗഭാക്കുകളായി. ഭക്ഷണശേഷം കുട്ടകത്തിൽ അവശേഷിക്കുന്നത് കയ്യിട്ടുവാരിത്തിന്നാൻ തീർത്ഥാടകർ നടത്തിയ മത്സരവും കണ്ടു. നായ്ക്കൾ എച്ചിലിലയ്ക്കുവേണ്ടി കടികൂടുന്നത് ഓർമ്മ വന്നു.

ബദരീശസന്നിധിയിൽ

ഗോവിന്ദസ്വാമിയുടെ ബാല്യം
ഗോവിന്ദസ്വാമി ബാല്യകാലം വിവരിച്ചു. മാതാപിതാക്കൾ ജമീന്ദാരുടെ അടിമകൾ. കാട്ടുജാതിയിൽ പെട്ടവർ. ആഹാരം കഴിക്കാൻ നിവൃത്തിയില്ലാതിരുന്നവർ. രാഹുലൻ എന്നായിരുന്നു പൂർവാശ്രമത്തിൽ ഗോവിന്ദ സ്വാമിയുടെ പേര്. വനാന്തർഭാഗത്ത് തപസ്സു ചെയ്യുന്ന സ്വാമിയിൽ ആകൃഷ്ടനായി. അദ്ദേഹത്തെ സഹായിച്ചു. പിന്നീട് അദ്ദേഹത്തിൻ്റെ കൂടെ സർവവും ഉപേക്ഷിച്ച് പോന്നു. തനിക്ക് യാത്ര ചെയ്യാൻ പറ്റാത്ത സമയം ആഗതമായപ്പോൾ ഗോവിന്ദനോട് നിർഭയമായി തനിച്ച് നടക്കുവാൻ സ്വാമി അനുഗ്രഹിച്ചു. അമർനാഥിൽ വെച്ച് അവർ വേർപിരിഞ്ഞു. ഗോവിന്ദസ്വാമി യഥാർത്ഥ ഭിക്ഷുവാണ്. താൻ ഭിക്ഷയെടുത്ത ധാന്യം കൂടെയുള്ള സ്വാമിമാർക്ക് പാകം ചെയതു നല്കി. കൂടെയുണ്ടായിരുന്ന വൃദ്ധസ്വാമി പറഞ്ഞു: 'അവൻ എല്ലാം കാണുന്നവനാണ്. അവൻ്റെ ഗുരു ആരുതന്നെയായാലും ശരി, അയാൾ അസാമാന്യനാണ്.' മരവിക്കുന്ന അളകനന്ദയിൽ നീന്തിക്കുളിച്ചതറിയിച്ചപ്പോൾ അയാൾ പറഞ്ഞു:
'അവൻ ബാലസിംഹത്തെപ്പോലെ നിർഭയനും അരിപ്രാവിനെപ്പോലെ ശാന്തനുമാണ്.'' ധനവാനോട് ചോദിച്ചുവാങ്ങുന്ന തേനിലും മധുരം ഒരു സാധു അറിഞ്ഞുകൊണ്ടു നൽകുന്ന ഒരു കുമ്പിൾ ജലത്തിനാണ്‌.' -ഗോവിന്ദനെ അയാൾ പ്രകീർത്തിച്ചു. 
കുത്തനെയുള്ള കയറ്റമായിരുന്നു തുടർന് വന്നത്. ഗോവിന്ദൻ മുന്നേ നടന്നു. അയാൾക്ക് ഏറെ പിന്നിലായി മറ്റുള്ളവർ. കാക്കനാടൻ്റെ കൂടെ നടന്ന വൃദ്ധസ്വാമിയും അനുചരന്മാരും വളരെ സാവധാനമായിരുന്നു നടന്നത്. ഒരു മലയുടെ മുകൾത്തട്ടിലെത്തിയപ്പോൾ കാഞ്ചനഗംഗ ഒഴുകി വരുന്നത് കണ്ടു. കൂടെ നടന്നവരും വളരെ പിന്നിലായിരിക്കുന്നു. വീണ്ടും മുന്നോട്ടു നടന്നപ്പോൾ അതിമനോഹരമായ ക്ഷേത്രം ദൃശ്യമായി. ടിബറ്റൻ മാതൃകയിലാണ് അത് നിർമ്മിച്ചിരിക്കുന്നത്. പാലം കടന്ന് തിരക്കുള്ള തെരുവിലെത്തി. പതിനായിരക്കണക്കിനാളുകൾ ക്ഷേത്രത്തിനു മുന്നിൽ ഇടിച്ചു തള്ളുന്നു. പോലീസ് നിയന്ത്രിതമായ ക്യൂവിൽ നില്‌ക്കെ ആരോ പേര് ചൊല്ലി വിളിക്കുന്നു. സഹജാനന്ദ്. അദ്ദേഹം ബദരീ ആശ്രമത്തിലേക്ക് സ്വാഗതം നേർന്നു.

വളരെ ഉദ്വേഗജനകമായ ഒരു യാത്രാവിവരണമാണ് ഹിമവാൻ്റെ മുകൾത്തട്ടിൽ. താൻ കണ്ടതും കേട്ടതും അനുഭവിച്ചതുമായ വിസ്മയങ്ങളെ സരളമായി ഇവിടെ അവതരിപ്പിക്കുന്നു. ഒരു സാഹസികൻ്റെ ആത്മാനുഭവങ്ങളുടെ പ്രകാശനമാകുന്നു ഈ കൃതി.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ