പി - കാലവർഷമേ നന്ദി (ആസ്വാദനം)



പി: കർഷകനോട്  ഭക്തിയുള്ള കവി
('കാലവർഷമേ, നന്ദി' എന്ന കവിതയെ ആസ്പദമാക്കി ഒരു അന്വേഷണം)

പി.കുഞ്ഞിരാമൻ നായരെപ്പോലെ (തൂലികാനാമം- പി.) മലയാളദേശത്തെ, അതിൻ്റെ സൗന്ദര്യത്തെയും സംസ്കൃതിയെയും ആവോളം ഹൃദയത്തിൽ കൊണ്ടു നടന്ന മറ്റൊരു കവിയില്ല. അദ്ദേഹത്തിൻ്റെ ഭാവനയുടെയും പ്രതിഭയുടെയും സ്വാച്ഛന്ദ്യം അനന്യമാണ്. ഭക്തി,സംസ്കാരാഭിമാനം, ദേശീയത, പ്രകൃതി പ്രേമം, സ്വാതന്ത്ര്യത്തോടുള്ള അഭിനിവേശം മുതലായ നിരവധി പ്രമേയങ്ങൾ പി.കവിതകളിലുണ്ടെന്ന് പലരും പ്രകീർത്തിച്ചു. ആരും വിലമതിക്കാത്ത മുരിങ്ങാപ്പൂവുകളെ സ്തുതിച്ചും മുരിക്കിൻ പൂവുകളെ വർണ്ണിച്ചും നിളയെ സ്തുതിച്ചും മലനാടിൻ ലാവണ്യത്തെ പുകഴ്ത്തിയും നാടൻ സംസ്കാരത്തെ ഉദ്ഘോഷിച്ചും നിരവധി കവിതകൾ എഴുതി. 1905 ൽ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് ജനിച്ചു.1978 മെയ് 27 ന് അന്തരിച്ചു. അദ്ധ്യാപകനായും പത്രപ്രവർത്തകനായും പ്രവർത്തിച്ചു. 1948 ൽ ഭക്ത കവി ബിരുദം നീലേശ്വരം രാജാവിൽ നിന്നും സ്വീകരിച്ചു. കവിയുടെ കാല്പാടുകൾ എന്ന ആത്മകഥ പ്രശസ്തം. കളിയച്ഛൻ, സൗന്ദര്യദേവത, കർപ്പൂരമഴ, നീരാഞ്ജനം, പ്രപഞ്ചം, നിറപറ, പൂമാല, താമരത്തേൻ, ചിലമ്പൊലി എന്നിങ്ങനെ നിരവധി കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. പക്ഷേ, പലപ്പോഴും ഭക്തകവിയെന്ന പദവിയിൽ പല നിരൂപകരും അദ്ദേഹത്തെ ഒതുക്കിക്കെട്ടാൻ ശ്രമിച്ചു. യഥാർത്ഥത്തിൽ അതിനെ തരണം ചെയ്യുന്നവയായിരുന്നു അദ്ദേഹത്തിൻ്റെ രചനകൾ. 1966 ൽ പ്രസിദ്ധീകരിച്ച 'കാലവർഷമേ നന്ദി' എന്ന കവിത കവിയുടെ സാമൂഹികവും രാഷ്ട്രീയവുമായ നിലപാട് പ്രഖ്യാപിക്കുന്നു. വികസനം പരിസ്ഥിതിയിൽ വരുത്തുന്ന ക്ഷതം വലുതാണ്. നാടിൻ്റെ തനതു രീതികൾക്കും ലാവണ്യത്തിനും അത് മുറിവുകൾ സൃഷ്ടിക്കുന്നു.

അവശ്യവസ്തുക്കളാണ് വായു, വെള്ളം, വെളിച്ചം എന്നിവ. അവയുടെ മൂല്യം മനസ്സിലാക്കാൻ ഇന്ന് ധൂർത്തരായ മനുഷ്യവർഗ്ഗത്തിന് സാധിക്കുന്നില്ല. വികസനവും സാങ്കേതിക പുരോഗതിയും പരിസ്ഥിതി വിരുദ്ധമായ നടപടികളിലേക്ക് അവനെ എത്തിച്ചിരിക്കുന്നു. ഈ സന്ദർഭത്തിൽ പ്രകൃതിയുടെ സുലഭ വരദാ‌നങ്ങളോടുള്ള കവിയുടെ മമത കാലവർഷമേ നന്ദി എന്ന കവിതയിൽ കാണാം. സുലഭമെന്ന ധാരണ തിരുത്താൻ ഇനി അധികം സമയം വേണ്ട. ചരാചരങ്ങളോടുള്ള മമതയാണ് പി.കവിതകളുടെ ജീവൻ. ഇവിടെ കവിതയ്ക്ക് ശീർഷകവാചകമായി ഇപ്രകാരം എഴുതിയിരിക്കുന്നു: ''മകീര്യം, തിരുവാതിര ഞാറ്റുവേലകളിൽ കുടിക്കാൻ വെള്ളം കിട്ടാതെ ഗതിമുട്ടി. പെട്ടെന്നൊരു മിഥുനരാത്രിയിൽ മഴ കിട്ടി. വെള്ളം, വെളിച്ചം, കാറ്റ് എന്നീ സുലഭവസ്തുക്കളുടെ വില ഇത്തരം വിഷമഘട്ടങ്ങൾ മൂഢ മനസ്സുകൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നു". ഒരു വരൾച്ചയെ അഭിമുഖീകരിച്ച പ്രകൃതിക്കു മീതെയാണ് ജലവർഷം. അതിലുള്ള സന്തോഷം ജീവജാലങ്ങൾ പ്രകടിപ്പിക്കുന്നു. ജീവദായിനി ലഭ്യമായല്ലോ എന്ന ആമോദം.

മിഥുനമഴ ശക്തമായി പെയ്തു. പൈതൃകം (പിതൃസ്വത്ത്) ആഹരിച്ചു വളർന്നിട്ടും ആ നന്ദി പ്രകടമാക്കാത്ത കുട്ടികളെപ്പോലെ, സ്വാർത്ഥതയോടെ സ്വത്ത് (ജലം)ഭാഗിച്ചു കിട്ടാൻ ചരാചരം കലമ്പുന്നു. പ്രകൃതിയുടെ ഭാഗമാണ് ചരാചരങ്ങൾ. പെയ്ത വെള്ളത്തിന് ആർത്തി കാണിക്കുന്ന ജീവജാലങ്ങളെ കവി വിഭാവനം ചെയ്യുന്നത് ഇപ്രകാരമാണ്.

ആരും വിളിക്കാതെ കാലവർഷം വീണ്ടും എത്തിയിരിക്കുന്നു. കെട്ടിയിട്ട കയറ് നക്കി നിസ്സഹായതയോടെ കേഴുന്ന കിടാവിനെ നക്കിത്തുടച്ച് വാത്സല്യത്തിൻ്റെ അമൃത് ഊട്ടാൻ എവിടെ നിന്നോ പാഞ്ഞു വരുന്ന കറമ്പിപ്പശു പോലെയാണ് കാലവർഷം അണഞ്ഞത്. തൻ്റെ കുട്ടിയോടുള്ള വാത്സല്യം അതിൽ നിറഞ്ഞിരിക്കുന്നു. പ്രകൃതിക്ക് തൻ്റെ അരുമസന്താനങ്ങളായ ജീവജാലങ്ങളോടുള്ള പ്രിയത കറമ്പിപ്പശു പോലെ വന്നണയുന്ന കാലവർഷം എന്ന സാദൃശ്യപ്പെടുത്തലിൽ അടങ്ങിയിരിക്കുന്നു. ആരും പറയാതെയും വിളിക്കാതെയുമാണ് കാലവർഷമെത്തിയത്. ഏറെക്കാലമായി പൂട്ടിക്കിടക്കുന്ന പത്തായപ്പുരയുടെ പൂട്ടുതുറക്കാൻ, പാവപ്പെട്ടവർക്ക് ഒരു മടിയുമില്ലാതെ സമൃദ്ധമായി വല്ലി വാരിക്കൊടുക്കുവാൻ , കൊടുക്കുകയെന്നതു മാത്രം ഉരിയാടുന്ന തായയായ് (മാതാവായി) കാലവർഷം എത്തിച്ചേർന്നു. കാലവർഷത്തിൻ്റെ ഉദാരതയെയും അതിൻ്റെ സാർവജനികതയെയും ഈ വരികളിൽ പ്രകടമാക്കുന്നു.

പൂരത്തിനായി കിഴക്കേ ഗോപുര നടയിൽ പൊന്നണിഞ്ഞ് ചില കൊച്ചാനക്കുട്ടികൾ അണിനിരന്നു. കതിനകൾ മുഴങ്ങാത്തതിനാലും ഒന്നിനു പുറകെ ഒന്നായി സമൃദ്ധമായി കൊളുത്തി വിടുന്ന വെടിക്കെട്ട്, മേളം എന്നിവ പ്രകടമല്ലാത്തതിനാലും പൂരം മുടങ്ങിയെന്ന് ചിലർ സന്തോഷിച്ചു. എന്നാൽ ആ സന്തോഷത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് ഒരു നിമിഷത്തിൽ തന്നെ അന്തരീക്ഷത്തിൻ്റെ ഭാവം പകർന്നു. ചിരിതൂകിയവർ അജ്ഞാതമായ പ്രകൃതിനിയമത്തിൻ്റെ അരങ്ങേറ്റത്തിൽ സങ്കടപ്പെട്ടു. കാറ്റ് കരഞ്ഞുകൊണ്ട് ഓടിവന്ന് മാമരങ്ങളെ പുണർന്നു. മണ്ണിനടിയിൽ പെട്ട് ദു:ഖിതരായി കഴിഞ്ഞ വിത്തുകൾ അപ്പോൾത്തന്നെ കണ്ണുതുറന്നു. ഞാറ്റിൻ കിടാങ്ങൾ അന്തർദാഹത്താൽ നാക്ക് ചലിപ്പിച്ചു. ഇത്തരം സന്ദർഭങ്ങളിൽ ചരാചരങ്ങളുടെ ചര്യകളെ മാനുഷികാവസ്ഥകളുമായി ബന്ധിപ്പിക്കുന്നതിനുള്ള കവിയുടെ വൈഭവം കാണാം.

' എണ്ണ കണ്ടൂ മാമലകൾ ‌' എന്ന വരി, കാലവർഷത്താൽ ശിരസ്സു നനഞ്ഞ് കുളിർമയാൽ തൃപ്തരായ മലകളുടെ അവസ്ഥയെ സൂചിപ്പിക്കുന്നു. പറമ്പുകൾ മഴയാൽ ധന്യരായി. മുറിക്കുകയും വയക്കി വെളുപ്പിക്കുകയും ചെയ്ത കാടുകൾ തളിർത്തു. വെട്ടേറ്റ പാടുകൾ മറഞ്ഞു. ഇതിനെ,

'മരുന്നുവെച്ചു മുറികൾ 
കെട്ടീ,വെട്ടേറ്റ കാടുകൾ' എന്ന് നിഗീരണം ചെയ്തിരിക്കുന്നു. വിശപ്പും ദാഹവും അകറ്റി, വീണ്ടും കോരി വിളമ്പാൻ വെമ്പുന്ന പ്രകൃതിയുടെ കരങ്ങളോട് ഊമകളായ പാടങ്ങൾ നന്ദി പ്രകാശിപ്പിച്ചു. കാട്ടു മുല്ലകൾ സന്തോഷത്താൽ കരഞ്ഞു പോയി. അത്, നാടുവിട്ട പ്രിയതമൻ രാത്രിയിൽ തിരിച്ചെത്തിയപ്പോൾ ഒരു കർഷക സ്ത്രീക്കുണ്ടായ അവസ്ഥയ്ക്ക് സമാനമാണ്. ഉഷാറ് പൊയ്പ്പോയി, വാടിത്തളർന്ന വാഴത്തോട്ടങ്ങൾ തപാലിൽ അളവറ്റ സമ്പാദ്യം വന്നു ചേർന്ന പാവപ്പെട്ടവൻ്റെ വീടു പോലെയായി. അവ തഴച്ചുവളർന്നുവെന്നർത്ഥം. വലിയ തുക സമ്മാനമായി കിട്ടിയ കവിയെ പോലെ, ശോഷിച്ച അമ്പലക്കുളം വിശാലമായി. ദാരിദ്ര്യം പൂണ്ടു കിടന്ന കുന്നുകൾക്ക് വേണ്ടുവോളം ആഹാരമായി. ഉടുതുണിയില്ലാത്ത പുഴകൾക്ക് സാരിയേകി കാലവർഷം. മനുഷ്യാവസ്ഥകളോട് താദാത്മ്യപ്പെടുത്തി പ്രകൃതിഭാവങ്ങളെ ആരോപിക്കാനുള്ള പ്രവണതയ്ക്ക് മകുടോദാഹരണമാണ് ഈ ഭാഗം. 
'കുടിക്കാൻ കഞ്ഞിയില്ലാത്ത
കുന്നുകൾക്കു സുഭിക്ഷമായ്;
ഉടുക്കാൻ തുണിയില്ലാത്ത
പുഴകൾക്കിന്നു സാരിയായ്"
കാലവർഷം പുഴകളിൽ ജലസമൃദ്ധിയുണ്ടാക്കി. ജലപ്രവാഹത്തെ, നീരൊഴുക്കിനെയാണ് സാരിയായി വിഭാവനം ചെയ്തത്. വരൾച്ചയിൽ ക്ഷീണിച്ച കുന്നുകളെയാണ്, കുടിക്കാൻ കഞ്ഞിയില്ലാത്തവർ എന്ന് വിശേഷിപ്പിച്ചത്.

പിടിച്ചുപറിച്ച് കൂമ്പാരം കൂട്ടി വെക്കുന്ന ശീലക്കാരനും  പ്രമാണിയുമായ അണക്കെട്ട്, കാലത്തിൻ്റെ ഭർത്സനം ഏറ്റ് വാങ്ങി തൻ്റെ മടിശ്ശീലയഴിച്ചു. കാലവർഷത്താൽ അണ നിറയുകയും ജലം കവിഞ്ഞൊഴുകുകയും ചെയ്തു. സ്വന്തം കാര്യം നേടാൻ രാജ്യസേവനത്തിനിറങ്ങിയവരായ കനാലുകൾ കൈക്കോഴകൊണ്ട് വീണ്ടും തടിച്ചു. ഇപ്രകാരം പ്രകൃതിയിലെ ഓരോരോ ഘടകങ്ങളും കാലവർഷത്തെ അളവറ്റ ആനന്ദത്തോടെയും പുത്തൻ ഉണർവോടെയും വരവേറ്റു.

കാലവർഷം, പക്ഷേ, മറ്റൊരു ദുരന്തമുഖത്തിനു കൂടി സാക്ഷ്യം വഹിക്കുകയായിരുന്നു. നാടൻ തനിമയും താളവും നിറഞ്ഞ, നാടൻ സംസ്കൃതിയുടെ കേദാരമായ കർഷകഗാനത്തിൻ്റെ എല്ല് തല്ലി നുറുക്കുവാനായി കൃഷി യന്ത്രങ്ങൾ പാതയിലൂടെ ചീറിപ്പായുന്നു. ഈ കാഴ്ച കവിയെ സംബന്ധിച്ച് തീർത്തും ഉൾക്കൊള്ളാനാകാത്ത ഒന്നാണ്. സ്വാഭാവിക കൃഷിരീതികളെ യന്ത്രവൽക്കരണം സ്വാധീനിക്കുകയും അട്ടിമറിക്കുകയും ചെയ്തിരിക്കുന്നു. മുമ്പ് നമ്മുടെ നാട്ടിൽ വിദേശികൾ അധിനിവേശം നടത്തിയിരുന്നു. വിദേശാധിനിവേശത്തിൽ നിന്നും സ്വാതന്ത്ര്യം  നേടിയ ഈ സന്ദർഭത്തിലും മറ്റൊരു രീതിയിൽ അധിനിവേശം തുടരുകയാണ്. കാർഷിക മേഖലയിൽ ശീമ (വിദേശം) വിത്തുകൾ നുഴഞ്ഞു കയറി നാടു പിടിക്കുകയാണ്. നുഴഞ്ഞുകയറി നാടുപിടിക്കുക എന്നാൽ അധിനിവേശം നടത്തുക എന്നു തന്നെ അർത്ഥം. ഇവിടെ കവിയുടെ നിലപാട് വ്യക്തമാണല്ലോ. ഭാരതം ഭാരതീയർക്ക്. ഈ ഭാരതീയ, ദേശീയോദ്ഗ്രഥനവീക്ഷണവും എന്നാൽ കേരളീയതയോടുള്ള ഭ്രമവുമാണ് പി.കവിതയുടെ പൊരുൾ. ഭക്തകവി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഭക്തി ക്ഷേത്രം/ഈശ്വരൻ എന്നതിലുപരി നാടിൻ്റെ തനിമയോടും സൗന്ദര്യത്തോടുമാണ്.

ശീമവിത്തുകൾ മണ്ണിൻ്റെ മതം തന്നെ ഭീഷണിപ്പെടുത്തി മാറ്റുന്നു. മതം ഒരു സമൂഹത്തിൻ്റെ വിശ്വസങ്ങളുടെയും  ആചാരങ്ങളുടെയും സംഹിതയെന്ന അർത്ഥത്തോടൊപ്പം അഭിപ്രായം എന്ന അർത്ഥവുമുണ്ട്. സൂക്ഷ്മമായി ചിന്തിച്ചാൽ ഏറ്റവും പുരോഗമനപരമായ ഒരു ചിന്തയാണ് പി. അവതരിപ്പിക്കുന്നത്. മണ്ണിൻ്റെ മതം എന്ന പ്രയോഗം മണ്ണിൻ്റെ ജൈവികതയെ സൂചിപ്പിക്കുന്നു. (മതം മാറുന്നത് സ്വാഭാവികമാണ്. എന്നാൽ ബലപ്രയോഗത്തിലൂടെ/ നിർബന്ധത്തിലൂടെ /പ്രലോഭനത്തിലൂടെ മാറ്റുന്നതോ, ഹീനവും.) മണ്ണിൻ്റെ തുടിക്കുന്ന ഹൃദയം മാറ്റി വെച്ച് അതിൻ്റെ പ്രാണവായു പ്രവഹിക്കുന്ന ഞരമ്പുകളിലേക്ക് ലോഹമുഷ്ടികൾ കൃത്രിമമായ പ്രാണവായു തള്ളിക്കയറ്റുന്നു. പരിസ്ഥിതി നേരിടുന്ന ദുരന്തം ഇത്ര രൂക്ഷമായി കവി അവതരിപ്പിക്കുന്നു. മണ്ണിൽ അദ്ധ്വാനിച്ച് സമൃദ്ധമായി വിളവ് നേടി പ്രീതിയോടെ ഉണ്ടു വിശ്രമിച്ചു കഴിഞ്ഞ തറവാട് മുടിഞ്ഞു പോയിരിക്കുന്നു. (തറവാട് നാടിൻ്റെ തന്നെ പ്രതീകമാകുന്നു.) തറവാട്ടിലില്ലാത്തതിനാൽ വിരുന്നുണ്ട് കഴിഞ്ഞു. അതായത് മറ്റുള്ളവരെ ആശ്രയിച്ച്, പരാന്നഭോജികളായി കഴിഞ്ഞു. ഇപ്പോൾ അതും അസ്തമിച്ച് എവിടെ നിന്ന് ഊണു തരപ്പെടും എന്ന് ചിന്തിച്ചിരിക്കേണ്ട അവസ്ഥ സംജാതമായി. പൂമ്പട്ടു ചാർത്തി മഹാലക്ഷ്മി ചിലമ്പിട്ട് നർത്തനം ചെയ്യുന്ന ഇടം ഇന്ന് ചേട്ടയുടെ കൊഴിഞ്ഞ ചെമ്പൻമുടി നിറഞ്ഞ്  പാഴായിരിക്കുന്നു. 'ചെമ്പൻ' എന്ന പ്രയോഗം വിദേശിയെ സൂചിപ്പിക്കുന്നു. 
അടുത്ത വരികൾ നോക്കുക:

'സംസ്കാരത്തിൻ നിണം മോന്തും
കളയെങ്ങും നിറഞ്ഞു പോയ്;
ഐശ്വര്യങ്ങൾ വിതച്ചിന്നു
ദാരിദ്ര്യം കൊയ്തു പദ്ധതി.' 

ഈ വരികളിൽ സംസ്കാരത്തിൻ്റെ ചോര മോന്തുന്ന കള എന്ന പ്രയോഗത്തിന് വിപുലമായ അർത്ഥ സാദ്ധ്യതകളുണ്ട്. കൃഷിരീതികളിൽ വലിയ മാറ്റമുണ്ടാക്കിയ ഹരിതവിപ്ലവം പക്ഷേ, ആത്യന്തികമായി മണ്ണിൻ്റെ വീര്യം, അതിൻ്റെ ഹൃദയം, തന്നെ ചോർത്തി എന്നത് വസ്തുതയാണ്. അതിനാൽ കവി പറഞ്ഞതുപോലെ ആദ്യ ഘട്ടത്തിൽ വിളവ് സമൃദ്ധമായി പ്രദാനം ചെയ്തെങ്കിലും നാടൻ തനിമയാർന്ന കൃഷിരീതികൾക്കും നാടൻ വിത്തിനങ്ങൾക്കും നാശമുണ്ടാക്കി. രാസവളങ്ങളും കീടനാശിനികളും കാർഷിക ലോകം ഭരിച്ചു. ആത്യന്തികമായി, മണ്ണ് നശിച്ചു. പദ്ധതി വിജയിച്ചു. എന്നാൽ പിന്നീട് കർഷകൻ്റെ  ദാരിദ്ര്യത്തിലേക്ക് ഈ പദ്ധതികൾ നയിച്ചു. ഹരിതവിപ്ലവം പോലും കർഷകൻ്റെ നട്ടെല്ല് തകർക്കുകയാണുണ്ടായത്. 
സംസ്കാരത്തിൻ്റെയും കർഷകരുടെയും രക്ഷാപുരുഷരായി വേഷം കെട്ടുന്നവരുണ്ട്. ഇത്തരം കാപട്യക്കാരുടെ കാലടിയിൽ ഭൂമി പെട്ടിരിക്കുന്നു. 

ദാഹജലമില്ലാത്ത സന്ദർഭത്തിൽ, അണക്കെട്ട് കൈമലർത്തി. കൂടുതൽ ഇരക്കാനിടയാക്കാതെ കാലവർഷം വേണ്ടതൊക്കെ തന്നു. മനുഷ്യൻ്റെ കൽത്തുറുങ്കുകൾക്കപ്പുറം പ്രകൃതിയുടെ ഉറച്ച ഭരണം വേറെയുണ്ടെന്ന് കവി സമർത്ഥിക്കുന്നു. അല്ലായിരുന്നെങ്കിൽ വരൾച്ചയാലും പട്ടിണിയാലും എല്ലാം ഒടുങ്ങിയേനെ. മീതെയുള്ളവൻ എല്ലാം കണ്ടറിഞ്ഞ് പ്രവർത്തിക്കുന്നു. താൻ ആത്മാഭിമാനത്തിന് വില കല്പിക്കുന്നവനാണ്. ഗ്രാമവിശുദ്ധിയാകട്ടെ, അപാരവുമാണ്.  ദൈവം തന്ന ജീവിതം ഇതേവരെ ആർക്കും പണയം വെച്ചിട്ടില്ല. അതു പോലെ അന്യന് പൂർണ്ണ സ്വാതന്ത്ര്യത്തിൻ്റെ ഗൃഹം തീറെഴുതിയിട്ടില്ല. പ്രകൃതീശ്വരിയുടെ ക്ഷേത്രപ്രസാദമണിഞ്ഞ്, ഒരു ആമ്പൽക്കുളത്തിൻ്റെ വിസ്മയത്തോടെ ശാന്തമായ് നാട്ടിൻപുറത്ത് അണഞ്ഞവനാണ് ഞാൻ. പൂമരച്ചില്ലയിൽ പാറി വന്നിരിക്കുന്ന പൈങ്കിളിക്കാഴ്ച എത്ര സുന്ദരമാണ്! ഇരുട്ട് അകന്ന് പ്രഭാതം പരിലസിക്കുന്നതിനെ കവി കാർഷികവൃത്തിയുമായി ബന്ധമുള്ള കല്പനയിലൂടെ വർണ്ണിക്കുന്നു:

'ഇരുൾക്കളപറിയ്ക്കെന്നും
വരുമാപ്പൊന്നുഷസ്സുകൾ
വിൺതളത്തിൽ സാന്ധ്യദീപം
കൊളുത്തും ക്ലാന്തസന്ധ്യകൾ'

ഇരുട്ടാകുന്ന കള പറിച്ച് ലോകത്തെ ശുദ്ധമാക്കാൻ അണയുന്ന ഉഷസ്സുകൾ. ആകാശത്ത് സന്ധ്യാദീപം കൊളുത്തുന്ന ക്ഷീണിച്ച സന്ധ്യകൾ. അരിപ്രാവ് കുറുകുന്ന ശാന്തമായ മദ്ധ്യാഹ്നങ്ങൾ. ആകാശത്തിൻ്റെ പുഞ്ചപ്പാടത്ത് മുളയിടുന്ന രാവുകൾ. ഒരു മുല്ലമൊട്ടിനെപ്പോലെ നൈസർഗ്ഗികമായ ഗ്രാമ ജീവിതം പുതിയ രേഖാചിത്രങ്ങൾ സമ്മാനിച്ചുകൊണ്ട് കൺമുന്നിൽ നീങ്ങുന്നു. ഭൂമിയാകുന്ന തറവാട്ടമ്മയ്ക്ക് വേണ്ടത് സമർപ്പിക്കാനായി തപം ചെയ്യുന്ന ആകാശം ഉണ്ടെന്ന് ഞാൻ അറിയുന്നു. എല്ലാ ഭൂതങ്ങൾക്കും മാതാവേ, ഭവതിയെ വണങ്ങുന്നു. സ്വപ്ന സമുദ്രമേ നിന്നെയും വണങ്ങുന്നു. ഉയിര് ഭിക്ഷ നല്കി പോറ്റുന്ന കുളിർകാറ്റേ, തൊഴുന്നു. പ്രപഞ്ചത്തെ ഊട്ടിപ്പുലർത്തുന്ന വെളിച്ചമേ, തൊഴുന്നു. എല്ലാത്തിൻ്റെയും നിലനില്പിന്നുടയ, സൃഷ്ടിസ്ഥിതിലയ ഹേതുവായ, നീലവാനമേ, തൊഴുന്നു. അതിസുന്ദരങ്ങളായ പ്രഭാതങ്ങളാൽ ഭൂമിയിൽ നീ (നീലവാനം) തങ്കച്ചാറൊഴുക്കുന്നു. നിലാവിനാൽ വെള്ളിമഴ ചൊരിഞ്ഞ് താപം ശമിപ്പിക്കുന്നു. ദാരിദ്ര്യം അകറ്റുന്ന രത്നഖനി  രാവിൽ നീ കാട്ടുന്നു. അതുവഴി കാരുണ്യ ഭണ്ഡാരങ്ങൾ തുറക്കുന്നു. ചേറുനിറഞ്ഞ വയലിലിറങ്ങി ഞാനീ രത്നഗർഭയായ ഭൂമിയെ ഉഴുതുമറിക്കുന്നു. വിള തിന്നുന്ന കളകളെ ദൂരീകരിക്കാൻ പാടുപെടുന്നു. പക്ഷേ, ഞാൻ കൈവശം വെച്ചത് എൻ്റെ നിലമല്ല. ദേവസ്വത്തിൻ്റേതാണ്. പാട്ടബാക്കി നല്കാൻ കഴിയാതെ കുഴങ്ങിയിരിക്കുന്നു, ഞാൻ. (ഈ വരികളിൽ പാട്ടബാക്കി നല്കാൻ സാധിക്കാതെ വിഷമിക്കുന്ന കുടിയാന്മാരുടെ ദയനീയാവസ്ഥ കാണാം. ) നിൻ്റെ കാരുണ്യത്താലാണ് ഇന്നോളം വിഷുക്കഞ്ഞി കുടിച്ചത്. നിൻ്റെ ദയയാലാണ് ചിങ്ങപ്പൊന്നോണമുണ്ടത്. ഞാൻ തൊഴിലാളിയാണ്. ഇരുമ്പും മരവും മണ്ണുമാണ് എൻ്റെ കൂടപ്പിറപ്പുകൾ. (സഹോദരങ്ങൾ). വിശന്നുവലയുമ്പോൾ എരിദാഹക്കഞ്ഞി തരുന്ന കൈക്കോട്ടാണ് എൻ്റെ കുലദൈവം. ദൈവം തന്ന അമൂല്യമായ യന്ത്രമാണ് ശരീരം. അതിൻ്റെ സൃഷ്ട്യുന്മുഖത ഒരിക്കലും ഞാൻ മറക്കില്ല. (അദ്ധ്വാനിക്കുന്നവരോട്, വിശിഷ്യാ കർഷകരോടുള്ള കവിയുടെ അനുഭാവം ഈ വരികളിൽ പ്രകടമാണ്. കൈക്കോട്ടിനെ കുലദൈവമായി കവി കാണുന്നു. ഈ സന്ദർഭത്തിൽ ഭക്തകവിയെന്നറിയുന്ന പി.യുടെ ആരാധനാമൂർത്തി കൃഷിക്കാരാണെന്ന് തെളിയുന്നു. ഇവിടെ കർഷകൻ്റെ കവിയായ പി.യെ കാണാം. ) കർഷകാഭിമുഖ്യം തുടർന്നുള്ള വരികളിൽ കവി വ്യക്തമാക്കുന്നു. വീട്ടു പടിക്കൽ തന്നെ പാടവും, മൈലൻ മൂരിയും (പാടം ഉഴാൻ ഉപയോഗിക്കുന്ന ഒരു തരം കാള), കൊച്ചുതോട്ടവും, കൈതപ്പൂവിൻ മണം പ്രസരിക്കുന്ന തോടും, ഈ പുല്ലുമാടവും, ഉച്ചക്ക് കഞ്ഞിക്കിണ്ണത്തിൽ പുഞ്ചിരിയോടെ വിളമ്പുന്ന കറിയും ഒക്കെ നിൻ്റെ കൃപയുടെ ഘടകങ്ങളാണ്. അതെന്നും ലഭിക്കാൻ എന്നെ അനുഗ്രഹിക്കണം. ഈ വറുതി കാലത്ത് അല്ലയോ കാലവർഷമേ, നീ പകർന്ന മുത്തുമാലയ്ക്ക് ഇതാ, ഞാൻ കൂപ്പുകൈ അർപ്പിക്കുന്നു.

ഇപ്രകാരം നിഷ്കളങ്കവും നൈസർഗ്ഗികവുമായ ഗ്രാമജീവിതം,  നിത്യേന കവിയെ വിസ്മയിപ്പിക്കുന്ന സൌന്ദര്യം കൺമുന്നിൽ നിന്നും അകലുന്നത് കവിയെ അലട്ടുന്നു. കർഷകരോടും കാർഷികജീവിതത്തോടുമുള്ള ആഭിമുഖ്യം കവി ഉച്ചൈസ്തരം ഉദ്ഘോഷിക്കുകയും ചെയ്യുന്നു. ഈ സന്ദർഭത്തിൽ, വെറും ഭക്തകവി മാത്രമായി, ആത്മീയതയുടെ പ്രതിരൂപമായി കവിയെ വാഴ്ത്തുന്ന, ഹൈന്ദവീയതയുടെ പ്രതീകമായി കവിയെ ചൂണ്ടിക്കാട്ടുന്ന വ്യക്തികൾക്കുള്ള മറുപടി കൂടിയാണ് കാലവർഷമേ നന്ദി എന്ന കാവ്യം. എല്ലാവിധ ആഢ്യമ്മന്യതയ്ക്കെതിരെയും കവി ശബ്ദമുയർത്തുന്നു. പാട്ടബാക്കി നല്കാനില്ലാത്ത സാധുകൃഷിക്കാരുടെ പക്ഷം ചേർന്നു നില്ക്കുന്നു. ഗ്രാമസൗന്ദര്യത്തിനും കാർഷികസംസ്കൃതിക്കും ഭംഗം വരുത്തുന്ന നടപടികൾക്കെതിരെ പ്രതിഷേധിക്കുകയും മറഞ്ഞു നിന്ന് തിന്മ ചെയ്യുന്ന ഫ്യൂഡൽഘടകങ്ങൾക്കെതിരെയും, പ്രത്യക്ഷത്തിൽ തന്നെ നാടുനശിപ്പിക്കുന്ന മുതലാളിത്ത ഘടകങ്ങൾക്കെതിരെയും പ്രതിരോധം തീർക്കാനുള്ള ആയുധമായി കൃഷിക്കാരന് പ്രിയപ്പെട്ട, ഒഴിച്ചുകൂടാനാവാത്ത കൈക്കോട്ടിനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. അതിനാൽ ഈശ്വരവിശ്വാസി എന്നതിനേക്കാളും കർഷക പ്രേമി എന്ന മുദ്രയാണ് പി.യ്ക്ക് കൂടുതൽ ചേരുക. അദ്ദേഹത്തിൻ്റെ ഭക്തി കർഷകനോടാണ്. കൂടുതൽ വിശാലമാക്കിയാൽ കാർഷികസംസ്കൃതിയോടാണ്.



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ