ഓണപ്പാട്ടുകാർ: വൈലോപ്പിള്ളി










ഓണപ്പാട്ടുകാരെന്ന ശാശ്വത സ്ഥിതിസമത്വവാദികൾ.

ജീവിതത്തിൻ്റെ യഥാർത്ഥ വഴികളെ കവിതയിൽ അവതരിപ്പിച്ച എഴുത്തുകാരനാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ. ജീവിതമാകുന്ന അപാരമായ കടലാണ് തൻ്റെ കവിതയുടെ മഷിപ്പാത്രം എന്ന് അദ്ദേഹം വ്യക്തമാക്കി. സ്നേഹത്തിൻ്റെ മഹത്വവും അഹിംസയുടെ പ്രാധാന്യവും ഉൾക്കൊണ്ട കവിതകളായിരുന്നു വൈലോപ്പിള്ളിയുടേത്. ശാസ്ത്ര ബോധവും മാനവിക വീക്ഷണവും വൈലോപ്പിള്ളിയുടെ കവിതകൾക്ക് കരുത്തായി.ഇഴ മുറുകിയ പദാവലികളാൽ താൻ ഉദ്ദേശിക്കുന്ന ആശയാവലികൾ ആസ്വാദകരിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സമൂഹത്തോടുള്ള എഴുത്തുകാരൻ്റെ  പ്രതിബദ്ധതയ്ക്ക് വൈലോപ്പിള്ളി ഉദാഹരണമാണ്. സാധാരണക്കാരൻ്റെ ഉയർച്ചയും സമൂഹത്തിൻ്റെ വളർച്ചയും പുരോഗമന പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിലൂടെ സാദ്ധ്യമാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. വിമോചന സമരം (1959) കേരളത്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ സർക്കാരിൻ്റെ പതനഹേതുവായി. ഈ സന്ദർഭത്തിൽ ഇ.എം.എസിനെ മഹാബലിയോട് സാദൃശ്യപ്പെടുത്തി വൈലോപ്പിള്ളി ഒരു കവിത എഴുതി. മാവേലി എന്ന സങ്കല്പം, ആ ആദി പ്രരൂപം,കവിയെ എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് ഓണപ്പാട്ടുകാർ എന്ന കവിത. 1952 ലാണ് ഈ സമത്വാധിഷ്ഠിത സമൂഹത്തിനു വേണ്ടിയുള്ള മുറവിളി പിറന്നത്. ഓണം സമത്വാധിഷ്ഠിത ലോകത്തിൻ്റെ പ്രതിനിധാനമാകുന്നു. അത്തരമൊരു കാലത്തിൻ്റെ സ്രഷ്ടാവായി നാം ഗണിക്കുന്നത് മഹാബലി എന്ന ചക്രവർത്തിയെയാണ്. അദ്ദേഹം നാടുവാണ കാലം. മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞു. ചീത്തത്തവും ദുഷ്ടതയുമില്ലാത്ത ഒരു കാലം നടപ്പിൽ വന്നു. എന്നാൽ അസൂയ പൂണ്ട ദേവന്മാർ ദേവരാജ പട്ടമാണ് മഹാബലി ലക്ഷ്യമാക്കുന്നതെന്ന് കരുതി. മഹാവിഷ്ണുവിൻ്റെ വാമനാവതാരം നല്ലൊരു കാലത്തിൻ്റെ അന്ത്യം കുറിച്ചു. ഭൂമിയിലെ നന്മ അവസാനിപ്പിച്ചവരെ നാം പൂജിക്കുന്നുവെന്നത് ഒരു വൈരുദ്ധ്യം. എന്നാൽ, ഭാഗ്യവശാൽ നല്ലവനായ ആ രാജാവിനെയും മറന്നില്ല. അദ്ദേഹത്തിൻ്റെ ആഗമനം എല്ലാ വർഷവും പ്രതീക്ഷിക്കുന്നു: വരവേൽക്കാൻ പൂക്കളങ്ങൾ തീർക്കുന്നു, ആഘോഷമൊരുക്കുന്നു.

മഹാബലിയെക്കുറിച്ച് നിലവിലുള്ള ഈ മിത്തിനെ അടിസ്ഥാനമാക്കിയാണ് ഓണപ്പാട്ടുകാർ എന്ന കാവ്യം രചിക്കപ്പെട്ടിട്ടുള്ളത്. മാവേലി വാണ നല്ലനാളുകളേക്കുറിച്ചുള്ള സ്മരണ ആവേശം പകരുന്നതാണ്. അതിലെ ഉദാത്തമായ കേന്ദ്ര ബിന്ദു എന്തെന്നാൽ, അന്ന് സമൂഹത്തിൽ ഭേദചിന്ത ഉണ്ടായിരുന്നില്ല; എല്ലാവരും ഒരുമയുള്ളവരായിരുന്നുവെന്നതാണ്. ഇതിൻ്റെ സ്മരണകൾ അയവിറക്കുന്ന, ആ നല്ല കാലത്തെ പുകഴ്‌ത്തുന്ന, ആ മഹത് കാലത്തിൻ്റെ പ്രത്യാഗമനം എന്നായാലും ഭാവിയിൽ ഉണ്ടാകുമെന്ന് കരുതുന്ന കൂട്ടമാണ് ഓണപ്പാട്ടുകാർ. എന്താണ് ഓണപ്പാട്ടുകാരുടെ പ്രത്യേകത ? അവർ ഭൂതകാലത്തിൽ നിന്നും ആവേശം / ഊർജ്ജം/ ഉൾക്കരുത്ത് നേടിക്കൊണ്ട് ഭാവിയിലേക്ക് ഉറ്റുനോക്കുന്ന വർത്തമാനകാലജീവികളാണെന്നതാണ്.  വളരെ ഹൃദ്യമായി പാടുന്നവരാണവർ. സഞ്ചാരികളായ സാധാരണക്കാർ. ഒരു നേരം പോലും വയറുനിറയെ കഴിക്കാൻ ഭക്ഷണം കിട്ടാത്ത, പട്ടിണിപ്പാവങ്ങൾ. പഴകിയതും കീറിയതുമായ വസ്ത്രം ധരിച്ച, ഒരിടത്തും പാർപ്പുറപ്പിക്കാത്ത നാടോടികളായ ഓണപ്പാട്ടുകാരുടെ പക്ഷത്താണ് കവി. ഓണപ്പാട്ടുകാർ തന്നെയാണ് കവിതയിലെ വക്താക്കൾ.
 'നരയുടെ മഞ്ഞുകൾ ചിന്നിയ ഞങ്ങടെ
തലകളിൽ മങ്ങിയൊതുങ്ങിയിരിപ്പു
നിരവധി പുരുഷായുസ്സിനപ്പുറ-
മാളിയൊരോണപ്പൊൻകിരണങ്ങൾ.'
കാലമേറെയായി ഓണപ്പാട്ടുകൾ പാടി കഴിയുന്നവർ. 'നരയുടെ മഞ്ഞുകൾ' എന്ന പ്രയോഗത്തിൽ ഓണപ്പാട്ടുകാരുടെ പഴമയും, ഓണക്കാലത്തെക്കുറിച്ചുള്ള മോഹന സ്മരണകളുടെ പഴക്കവും അടങ്ങിയിരിക്കുന്നു. നിരവധി പുരുഷായുസ്സിനപ്പുറം പ്രസരിച്ച ഓണപ്പൊൻകിരണങ്ങൾ ഇപ്പോഴും തങ്ങളുടെ മസ്തിഷ്കത്തിൽ ജ്വലിക്കുന്നതായി അവർ രേഖപ്പെടുത്തുന്നു.

ഓണപ്പാട്ടുകാർ ലോകത്തെങ്ങുമുണ്ട്. ഒരു കാലത്ത് ലോകമെങ്ങും നിറഞ്ഞ ധന്യമായ കാലത്തിൻ്റെ പ്രചാരകരാണവർ. നൂറു കണക്കിന് സുഗന്ധദ്രവ്യങ്ങളുടെ കലവറയായ, അതിൻ്റെ സുഗന്ധം നിറഞ്ഞൊഴുകുന്ന കേരളനാട്ടിലും, പല സന്യാസിസംഘങ്ങൾ കൂടിപ്പിരിഞ്ഞൊഴുകുന്ന ഗംഗാസമതലത്തിലും, വെറും മണലല്ലാതെ മറ്റൊന്നുമില്ലാത്ത, ശബ്ദരഹിതവും വലുപ്പമേറിയതുമായ മരുപ്പരപ്പുകളിൽ ഉയരുന്ന കൂടാരങ്ങളിലും ഈജിപ്തിലെ നൈൽനദിയുടെ തീരപ്രദേശങ്ങളിലും പ്രാക്തന സംസ്കാരത്തിൻ്റെ, മിത്തുകളുടെ കോട്ടയായ എന്നെന്നും സുന്ദരമായ  ഗ്രീസിലും, ചീനയിലും, പാവപ്പെട്ടവർ പുഞ്ചകൾ കാക്കുന്ന ഇടങ്ങളിലും, പൂമൊട്ടുകൾ പോലെ നിലാവണിഞ്ഞു നില്ക്കുന്ന കിഴക്കൻ നഗരങ്ങളിലും, കുതിരകളുടെ സഖാക്കളായ ജിപ്സികൾ തീ കാഞ്ഞുല്ലസിക്കുന്ന റഷ്യൻ മൈതാനങ്ങളിലും വിസ്മയകരമായ മായൻ സംസ്കാരത്തിന് അടിത്തറ തീർത്ത തെക്കേ അമേരിക്കയിലും, ഒക്കെ ഓണപ്പാട്ടുകാരുണ്ട്. അതായത്, ലോകത്തെല്ലായിടത്തും ഓണപ്പാട്ടുകാരുണ്ടെന്നർത്ഥം. പല പല ദേശങ്ങളിൽ, പല പല വേഷങ്ങൾ സ്വീകരിച്ച് പല പല ഭാഷകളിൽ ഓണപ്പാട്ടുകാർ പറയുന്നത് ഒരേ കാര്യമാണ്: ഭൂമിയിൽ, പ്രാചീനമായ ഒരു കാലഘട്ടത്തിൽ ഉദയം കൊണ്ട്, എന്നാൽ പിന്നീട് പൊലിഞ്ഞുപോയ പൊന്നോണത്തിൻ്റെ ചരിത്രം.
ഓണപ്പാട്ടുകാർ ഭാഷ, ദേശം, വേഷം എന്നിവയിൽ വ്യത്യസ്തരാണ്. കാരണം, വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ കഴിയുന്ന മനുഷ്യരുടെ വൈവിദ്ധ്യം നിറഞ്ഞ സംസ്കാരമാണ്. ഏതു ദേശസംസ്കാരത്തിനും ഓണസ്മൃതികളുണ്ട്. അവ പാടാൻ ഓണപ്പാട്ടുകാരും. ഈ വസ്തുതയിലാണ് കവി ഊന്നുന്നത്. നാടൻ സംസ്കൃതിയാണ് ഓണപ്പാട്ടുകൾക്ക് ഇമ്പമേകുന്നത്. ഓണപ്പാട്ടുകാരുടെ വാദ്യോപകരണങ്ങൾ കിണ്ണം, തംബുരു, ഓടക്കുഴൽ മുതലായവയാണ്. ഇളനീരിൻ്റെയും മുന്തിരിയുടെയും സ്വാദാണ് ഓണപ്പാട്ടുകാരുടെ പാട്ടിൽ തേനും പാലും നിറയ്ക്കുന്നത്. ആഢ്യവർഗ്ഗത്തിൻ്റെ വിനോദത്തിനുള്ള സംഗീതാഡംബരങ്ങളൊന്നും ഓണപ്പാട്ടുകാർക്കില്ല. ഉപരിവർഗ്ഗത്തിൻ്റെ സുഖശീതളവാസത്തെ പ്രാപ്തമാക്കുന്ന ഘടകങ്ങളോടുള്ള വിയോജിപ്പ് ഇവിടെ  പ്രകടമാണ്. അദ്ധ്വാനിക്കുന്നവൻ്റെ ലോകത്തിൽ അനായാസം ലഭ്യമാകുന്ന വാദ്യോപകരണങ്ങളാണ് ഓണപ്പാട്ടുകാർക്കുള്ളത്.

മൂന്നാം ഖണ്ഡത്തിൽ മാവേലിയെയും അദ്ദേഹത്തിൻ്റെ സമ്പന്നമായ ഭൗതിക- സാംസ്കാരികൗന്നത്യത്തേയും വാഴ്ത്തുന്നു. ഔപചാരികമായ ചരിത്രം ആരംഭിക്കുന്നതിനും മുമ്പ്, മതങ്ങൾ പിറക്കുന്നതിനും മുമ്പ്, ആ ചക്രവർത്തി ഈ ലോകം/ഭൂമി അടക്കിവാണു. (ഒരു ചരിത്രാതീത കാലത്താണ് മാവേലി നാടുവാണത്. അന്ന് മതങ്ങൾ രൂപപ്പെട്ടിരുന്നില്ല. മാത്രമല്ല, അവയുടെ ശൈശവദശ പോലും ആരംഭിച്ചിരുന്നില്ല). ആ ഭൂപൻ (ചക്രവർത്തി) വൻമലയ്ക്ക് സമാനനായിരുന്നു. (യശസ്സുകൊണ്ടുള്ള വലിപ്പവുമാകാം.) അദ്ദേഹത്തിൻ്റെ മന്ത്രിമാർ അഗാധമായ അറിവുളളവരായിരുന്നു. അപാരമായ  അറിവിൻ്റെ പ്രകാശനം വെൺനുരയാർന്ന പുഞ്ചിരിയായി. അത് ചിന്നി, പ്രതിഫലിച്ച് നിറഞ്ഞ വെള്ളത്താടിയോടുകൂടിയവരായിരുന്നു, അവർ. വിശുദ്ധിയുള്ളവരായിരുന്നു മന്ത്രിമാർ. ഇപ്രകാരം ലോകത്തിലെ ഈ ആദിമവംശക്കാർ രോഗമില്ലാത്തതും സുന്ദരവുമായ ശരീരത്തോടും മനസ്സോടും കൂടിയവരായിരുന്നു. ഉദാരന്മാരായിരുന്നു. ഭൂമിയിൽ ദേവകളേക്കാളും പ്രശസ്തരും പ്രഗത്ഭരുമായിരുന്നു അവർ. ഭൂമിയിലെ ഉത്തമർ; വിശാലമായ ഹൃദയത്തിന്നുടമകൾ; ദാനപ്രിയർ; സർവോപരി മനുഷ്യരെന്ന നിലയിൽ പരിപൂർണ്ണർ.  
സന്തുഷ്ടയായ പ്രകൃതി / ഭൂമി ഇവരുടെ മുന്നിൽ എല്ലാ വിഭവങ്ങളുമടക്കം സർവവും സമർപ്പിച്ചു. വിശിഷ്ടരായ അതിഥികളെ പ്രിയത്തോടെ സ്വീകരിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന വിദഗ്ദയും കുലീനയുമായ ഗൃഹസ്ഥയെന്ന മട്ടിലാണ് അത് നിർവഹിക്കപ്പെട്ടത്. 
ആദിമ കാലഘട്ടത്തിലെ മനുഷ്യരൊക്കെ  മഹാശ്രേഷ്ഠരായിരുന്നു. അലിഖിതമായ ഒരു ധർമ്മത്തിൻ്റെ അടിസ്ഥാനത്തിൽ ആ മഹാന്മാർ ഉന്നതവും വിശാലവുമായ ചിന്താപദ്ധതികളിൽ പരസ്പരം ഒത്ത് പ്രവർത്തിച്ചു. ഇത്, വിവിധങ്ങളായ പൂക്കളുടെ കൂടിക്കലരൽ പൂക്കളത്തിൻ്റെ ശോഭ വർദ്ധിപ്പിക്കുന്നതുപോലെയും വിവിധ സ്വരങ്ങളുടെ സുന്ദരമായ നിബന്ധനം ഗായകസംഘത്തിൻ്റെ ഗാനത്തെ മധുരമാക്കുന്നതു പോലെയുമായിരുന്നു.
മാവേലിനാട്ടിൽ  സുന്ദരികൾ സൗഹൃദ ശാലിനികളും ചാരിത്ര്യശീലരുമായിരുന്നു; അവർ സ്വൈരമായിക്കഴിഞ്ഞിരുന്നു. പുരുഷരാകട്ടെ, വിനയമുള്ളവരും സാമർത്ഥ്യമുള്ളവരും അലിവുള്ളവരുമായിരുന്നു. ബുദ്ധിപ്രഭയുടെ വിളയാട്ടം പ്രായഭേദമെന്യേ അവിടെ അനുഭവപ്പെട്ടു. വൃദ്ധർ പോലും മികവ് എല്ലാ മേഖലകളിലും പ്രകടിപ്പിച്ചു. യൗവനത്തിൻ്റെ പ്രസരിപ്പും രസികതയും ഹൃദയത്തെ ഉജ്വലിപ്പിച്ചു. സർഗ്ഗാത്മകത വിളങ്ങി. കലകൾക്ക് ഗൗരവക്കാരായ പർവതക്കൂട്ടങ്ങളും അലകൾ തിമിർക്കുന്ന കടലും താരാപഥവും സദസ്സുകൾ തീർത്തു. അന്ന് കലകളുടെ പ്രാധാന്യവും അവ നേടിയ പ്രചാരവും ഇതു വെളിവാക്കുന്നു. അന്നത്തെ ആ മഹത് വ്യക്തികളുടെ ജീവിതം ആരാധനയോടെ നോക്കിക്കണ്ടു. ഭൂമിയിൽ ഈ മഹത്തുക്കളുടെ യുഗം, സുകൃതത്തിൻ്റെ പൂക്കളൊടുങ്ങാത്ത തിരുവോണവുമായി.

(നാലാം ഖണ്ഡം: സുകൃതക്ഷയം)
ഇപ്രകാരം ആയിരം വർഷം കഴിയുമ്പോഴേക്കും കടൽ പെരുകുകയും ഭൂതലത്തിലെ എല്ലാ മഹിമകളെയും വിഴുങ്ങുകയും ചെയ്തു. എന്നാൽ, മറ്റൊരു വിഭാഗം പൗരാണികർ പറയുന്നത്, വാമനനെന്ന ആദിമദേവൻ ചക്രവർത്തിയെ മൂന്നടി ഇടം ചോദിച്ച് ചതിച്ച് ചവിട്ടി ഇരുട്ടിലേക്ക് (പാതാളത്തിലേക്ക്) അയച്ചുവെന്നാണ്. എന്താണ് യാഥാർത്ഥ്യമെന്ന് അറിയില്ല. വസ്തുത ഇപ്രകാരമാണ്: ഒരു പാട് യുഗങ്ങളുടെ അവസാനത്തിനു ശേഷം  രൂപപ്പെട്ട ചരിത്രം രേഖപ്പെടുത്തുന്നത്, ശേഷം ഭൂമിയുടെ ശിരസ്സിൽ ദേവപുരോഹിത, ദുഷ്പ്രഭുക്കന്മാർ വിളങ്ങി എന്നാണ്.
' ധരയുടെ ശിരസി ലസിച്ചു നരപോൽ
ദേവ പുരോഹിത ദുഷ്പ്രഭു വർഗ്ഗം'
നരപോലെ എന്നാണ് വിശേഷണം. നര ചൈതന്യമറ്റ ഒന്നാണ്. നരയുടെ നിറം വെളുപ്പാണ്. അധിനിവേശം നടത്തിയ ആര്യവർഗ്ഗത്തിൻ്റെ നിറവും അതു തന്നെ. ദുഷ്പ്രഭുക്കളുടെ കൂട്ടമാണ് സമുന്നതമായ ഒരു കാലത്തിനു ശേഷം ഭൂമിയിൽ അധിനിവേശം സ്ഥാപിച്ചത്. ഇപ്രകാരമുള്ള സാധർമ്മ്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്.
കവി തുടർന്ന് പറയുന്ന വരികളിലാണ് കവിതയുടെ മുഖ്യമായ പ്രമേയം കുടികൊള്ളുന്നത്. 
" പൃഥ്വിയിലന്നു മനുഷ്യർ നടന്ന പ-
ദങ്ങളിലിപ്പോഴധോമുഖ വാമനർ,
ഇത്തിരിവട്ടം മാത്രം കാണ്മവർ
ഇത്തിരിവട്ടം ചിന്തിക്കുന്നവർ"
ആദിയിൽ ഭൂമി ഭരിച്ച മഹാശ്രേഷ്ഠരുടെ സ്ഥാനത്ത് കീഴ്പോട്ട് നോക്കി നടക്കുന്നവരായ, ബാഹ്യലോകവുമായി സംവദിക്കാത്ത, കൂട്ടരാണ് വാഴുന്നത്. വളരെ സങ്കുചിതമായ ചിന്തയും കാഴ്ചയും ഉള്ളവരായ ഇക്കൂട്ടർ സ്വന്തം കാര്യം സിന്ദാബാദ് എന്ന മട്ടിലാണ് പ്രവർത്തിക്കുന്നത്. വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവും കിട്ടാത്ത  ഇക്കൂട്ടർ സ്വന്തം സുഖത്തിന് ഇരന്നും കവർന്നും വധിച്ചും നശിക്കുന്നു. അല്പസുഖത്തിൻ പാവകളിച്ച്, അത് തല്ലിയുടച്ചു കരഞ്ഞു തളർന്ന് മയങ്ങുന്നു. സൽഗുണങ്ങളും മഹിമകളും ഒക്കെ ചവിട്ടിയമർത്തുകയാണവർ. (മാവേലിയെയെന്ന പോല). വസുന്ധര (ഭൂമി) യുടെ സൗന്ദര്യവും മൂല്യവും ഇല്ലാതാക്കി, മോക്ഷത്തിന് അന്ധമായ വിരക്തിയെ കൂട്ടുപിടിക്കുകയാണവർ. ഭൂമിയിൽ ഇരുട്ട് വർദ്ധിക്കുകയാണ്, ചുറ്റിലും മത്സരവും. എങ്കിലും ഓണപ്പാട്ടുകാരുടെ ശിരസ്സിനുള്ളിൽ നിരവധി പുരുഷായുസ്സുകൾക്കപ്പുറം ഇവിടെ പ്രഭ ചൊരിഞ്ഞ ഓണപ്പൊൻകിരണങ്ങൾ മിന്നിനില്ക്കുകയാണ്.
ആ ഓണസങ്കല്പങ്ങളെ കിനാവുകളെന്ന് ശാസ്ത്രം വിളിക്കുന്നു. കളവുകൾ എന്ന് ലോക ചരിത്രം ആക്ഷേപിക്കുന്നു. എന്നാൽ ഓണപ്പാട്ടുകാരുടെ- ഹൃദയത്തിൽ നിന്നും ആവിഷ്കൃതമാകുന്ന സുന്ദരമായ ദർശനം, പക്ഷേ, ഇവയേക്കാൾ യഥാർത്ഥമാണ്. അതിൻ്റെ പൊരുൾ വ്യക്തമാണ്. ഓർമ്മകൾ മൂളുന്ന, മനോഹരമായ ദൗത്യമാണത്. ദിനേന കലയുടെ സഹയാത്രികർക്ക് അത് ഒരു മധുരാസ്വാസ്ഥ്യം പകരുന്നു. 

ആ പുരാതനമായ സുവർണ്ണ യുഗം നല്കിയ കണ്ണിലൂടെ ഭാവിയിൽ, ഉരുത്തിരിയുന്ന വിദൂരതയിൽ,  ഒരു തിരുവോണം കാണുന്നവരാണ് ഓണപ്പാട്ടുകാർ. വിദൂരതയിലാണെങ്കിലും, ആധുനികയുഗത്തിലെ മനുഷ്യരുടെ അനുതാപാർഹമായ ജനുസ്സ് കുഴഞ്ഞ് മഹത്തരമായ ഒരു മാനവജീവിതസങ്കല്പം ഉയിരെടുക്കുന്നത് ഓണപ്പാട്ടുകാർ കാണുന്നു. പൊയ്പോയ വസന്തകാലത്തിൻ്റെ നൈസർഗ്ഗിക ഇടങ്ങളിൽ നിന്ന് സമൃദ്ധ വസന്തതടങ്ങളിലേക്ക് വിശ്രമമില്ലാതെ പറക്കുന്ന പക്ഷികൾ കണക്കെയും, സന്ധ്യകൾ തൊടുക്കുന്ന നക്ഷത്രങ്ങൾ പോലെയും കഴിഞ്ഞ കാലത്തിൽ നിന്നും എന്നോ വരാൻ പോകുന്ന യാഥാർത്ഥ്യത്തിലേക്ക് ഉറച്ച വിശ്വാസത്തോടെ ഞങ്ങളുടെ സുന്ദരമായ ചിന്താ സങ്കല്പങ്ങൾ കുതിക്കുകയാണ്. കാലമാകുന്ന വില്ലിൽ തങ്കക്കോണുകൾ ഭംഗിയിൽ ചേർത്തു മുറുക്കി കെട്ടിയ ഞാണുകളാകുന്നു ഞങ്ങളുടെ പാട്ടുകൾ. ഓണപ്പാട്ടുകാരുടെ വില്ലടിനാദം ഈ ഭൂമിയെ പുണരട്ടെ. 

കാണുക - നിലാവൊളി ചിന്നിയ താഴ് വാരങ്ങളിലൂടെ നിവർന്ന് നടന്നു വരുന്ന തേജോ രൂപം. ആ രൂപത്തിൻ്റെ വരവിൽ പൂക്കൾ ഉണർന്നു ചിരിക്കുന്നു. ഓണപ്പാട്ടുകാരുടെ സാക്ഷികളാണ് പൂക്കൾ. നമുക്ക് നാളെ ഒരോണമൊരുക്കാൻ തയ്യാറാകാമെന്ന പ്രത്യാശയിലാണ് ഓണപ്പാട്ടുകാർ. 

ആധുനിക കാലത്തിൻ്റെ ആസുരതയെ വിമർശവിധേയമാക്കുകയാണ് കവി. പഴയ കാലത്തിൻ്റെ സമൃദ്ധിയെ പ്രതിനിധാനം ചെയ്യുന്നവരാണ് ഓണപ്പാട്ടുകാർ. ഭൂതകാല സമൃദ്ധിയെ വാഴ്ത്തുന്നവർ എന്ന അർത്ഥത്തിൽ പാരമ്പര്യവാദികളല്ല, ഇവർ. യഥാർത്ഥത്തിൽ മാവേലി ഭരിച്ച കാലയളവിൽ നിലനിന്ന സ്ഥിതിസമത്വത്തെ അട്ടിമറിച്ച വരേണ്യശക്തികളോടുള്ള പ്രതിഷേധം ഓണപ്പാട്ടുകാരിലടങ്ങിയിട്ടുണ്ട്. മനുഷ്യൻ്റെ എല്ലാ സങ്കുചിതത്വത്തിൽ നിന്നും, ദുഷ്ടതകളിൽ നിന്നും എന്നെങ്കിലും മോചനമുണ്ടാകുമെന്നും മാവേലിക്കാലം വരുമെന്നും അവർ പ്രത്യാശിക്കുന്നു. ഈ പ്രത്യാശയിലാണ് ജീവിതത്തിൻ്റെ സൗന്ദര്യം അടങ്ങിയിട്ടുള്ളത്. അതിനാൽ, സ്വന്തമായി ഒന്നും ഇല്ലെങ്കിലും മനോഹരമായ ജീവിത വീക്ഷണം ഓണപ്പാട്ടുകാർക്കുണ്ട്. ഈ ജീവിതവീക്ഷണം കൈമോശം വന്നുവെന്നതാണ് ആധുനികകാലത്തിലെ ജനതതിയുടെ പോരായ്മ. ഓണപ്പാട്ടുകാരിലെ പ്രത്യയശാസ്ത്രം പാവപ്പെട്ടവരോടുള്ള മമതയാണ്. ആസുരതയെ നിഹനിക്കുകയെന്നതാണ്. ഓണപ്പാട്ടുകാർക്ക് തീർത്തും അനുയോജ്യമായ കൊടിയടയാളമാണ് കവി പ്രദാനം ചെയ്തിരിക്കുന്നത്: പൂവ്. സാമ്പത്തികവും സാമൂഹികവുമായ സ്ഥിതിസമത്വത്തിൻ്റെ വക്താക്കളാണ് അവർ.

1952 ലാണ് ഓണപ്പാട്ടുകാരുടെ രചന. 1957 ൽ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വരുന്നു. ദേശീയതലത്തിലായാലും മലയാളദേശത്തിലായാലും കമ്യൂണിസവും അതോടൊപ്പം നെഹ്രുവിയൻ സോഷ്യലിസവും ജനങ്ങളുടെ പ്രതീക്ഷിച്ച പെരുപ്പിച്ചു കൊണ്ടിരുന്ന കാലഘട്ടം. വൈലോപ്പിള്ളി എന്ന ക്രാന്തദർശി സമൂഹത്തിൻ്റെ വേരുകൾ ദ്രവിക്കുന്നതും ഉന്നതങ്ങളിൽ മൗഢ്യം ബാധിക്കുന്നതും അറിഞ്ഞു. ഇത്തിരിപ്പോന്നവർ ധരയെ കീഴ്പെടുത്തുന്നതും സ്ഥിതി സമത്വചിന്തയുടെ മൂല്യം ഭ്രംശിക്കുന്നതും സൃഷ്ടിക്കുന്ന ആഘാതങ്ങൾ അപാരമാണെന്ന് ദർശിച്ചു. അതിൻ്റെ അടിസ്ഥാനത്തിൽ സമൂഹത്തെ ബാധിച്ചു കൊണ്ടിരിക്കുന്ന മൂല്യത്തകർച്ചയെക്കുറിച്ചുള്ള തുറന്നെഴുത്താണ് ഓണപ്പാട്ടുകാർ.




അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ