നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി

മാധവിക്കുട്ടിയുടെ നീർമാതളം പൂത്തകാലം.

ആദ്യത്തെ ചില അദ്ധ്യായങ്ങളിൽ പരാമർശിക്കപ്പെടുന്ന

പ്രധാനവ്യക്തികൾ:

നാലപ്പാട്ട് കുഞ്ചിയമ്മ- മാധവിക്കുട്ടിയുടെ അമ്മമ്മയുടെ അമ്മമ്മയുടെ അമ്മ.

എലിയങ്ങാട്ട് തമ്പുരാൻ - കുഞ്ചിയമ്മയുടെ ഭർത്താവ്


നാലപ്പാട്ട് തിരുത്തിക്കാട്ട് കൊച്ചുകുട്ടിയമ്മ- (കല്യാണിക്കുട്ടിയമ്മ) മാധവിക്കുട്ടിയുടെ അമ്മമ്മ. ഭർത്താവ് ചിറ്റഞ്ഞൂർ കോവിലകത്തെ വലിയ തമ്പുരാൻ.


അമ്മുക്കുട്ടിയമ്മ: അമ്മമ്മയുടെ അമ്മ. പുന്നത്തൂർ കോട്ടയിലെ വലിയതമ്പുരാന്റെ മകൾ. മാധവിക്കുട്ടി മുത്തശ്ശിയെന്നു വിളിക്കുന്നു. ഭർത്താവ് ചിറളയം കോവിലകത്തെ തമ്പുരാൻ.


ബാലാമണിയമ്മ: മാധവിക്കുട്ടിയുടെ അമ്മ. കൊച്ചുകുട്ടിയമ്മയുടെ മകൾ.


ചിറളയം കോവിലകത്തെ തമ്പുരാൻ : മുത്തശ്ശിയായ അമ്മുക്കുട്ടിയമ്മയുടെ ഭർത്താവ്.


നാലപ്പാട്ടു നാരായണ മേനോൻ - മാധവിക്കുട്ടിയുടെ വലിയമ്മാവൻ. അദ്ദേഹത്തിന്റെ അമ്മ നാലപ്പാട്ടു മാധവിയമ്മ. അമ്മുക്കുട്ടിയമ്മയും മാധവിയമ്മയും ഒരു ജ്യേഷ്ഠത്തിയുടെയും അനിയത്തിയുടെയും മക്കൾ.

നാരായണമേനോന്റെ ഒന്നാം ഭാര്യ അമ്പാഴത്തു തറവാട്ടിലെ ചിന്നമ്മ. അവരുടെ മരണശേഷം ചിന്നമ്മയുടെ അനുജത്തിയായ ബാലാമണിയെ വിവാഹം ചെയ്തു. 


മാധവദാസ് : മാധവിക്കുട്ടിയുടെ ഭർത്താവ്. 

പാറുക്കുട്ടിയമ്മ: മാധവദാസിന്റെ അമ്മ. 


അധ്യായം 1

നാലപ്പാട്ടുവീട് പ്രാരംഭത്തിൽ ആലുവായിലാണ് ഉണ്ടായിരുന്നത്. പിന്നീട് വന്നേരിയിൽ മറ്റൊരു നാലപ്പാട്ടുവീടു കൂടിയുണ്ടായി. അതിന്റെ കാരണം കുഞ്ചിയമ്മയായിരുന്നു. മാധവിക്കുട്ടിയുടെ അമ്മമ്മയുടെ അമ്മമ്മയുടെ അമ്മയാണ് നാലപ്പാട്ടു കുഞ്ചിയമ്മ. അവർക്കു താമസിക്കാനാണ് പുന്നയൂർക്കുളത്ത് തിരുത്തിക്കാട്ടുപറമ്പിൽ ആഡംബരമില്ലാത്ത, ലക്ഷണയുക്തമായ നാലുകെട്ട് എലിയങ്ങാട്ടു തമ്പുരാൻ പണിതത്. സസ്യശ്യാമളകോമളമായിരുന്നു തറവാട്ടുപരിസരം. ആ കൂട്ടത്തിലൊരു നീർമാതളവും.


മാധവിക്കുട്ടി പിറന്നപ്പോഴേക്കും നാലപ്പാട്ടുകുടുംബത്തിന്റെ ഐശ്വര്യം കൈമോശം വന്നു. എലിയങ്ങാട്ടെ തമ്പുരാന്റെ മരണശേഷം സ്വത്തുക്കളിൽ അവകാശം സ്ഥാപിക്കാനായി അനന്തരവന്മാരുടെ പരിശ്രമം. 

കേസുകളും തർക്കങ്ങളും തറവാടിനെ ബാധിച്ചു.


മുത്തശ്ശിക്കും അവരുടെ മകളായ അമ്മമ്മക്കും മെലിഞ്ഞ ശാരീരികഘടന തന്നെയാണ് ഉണ്ടായിരുന്നത്. വെളുത്ത നിറം. മുത്തശ്ശിക്ക് ഭാരിച്ച ജോലികൾ ചെയ്യാൻ കഴിഞ്ഞില്ല. തന്റെ കവിളത്ത് പ്രത്യക്ഷപ്പെട്ട മറുക് ഗ്രഹപ്പിഴക്കാലത്തിന്റെ സൂചനയായി അവർ കരുതി. വല്യമ്മാവന്റെ അമ്മയായ മാധവിയമ്മയും മാധവിക്കുട്ടിയും മാത്രമായിരുന്നു തറവാട്ടിലെ കറുത്ത പെണ്ണുങ്ങൾ. പക്ഷേ, കരുത്തുറ്റ ശരീരവും ഇടതൂർന്ന് വളർന്ന മുടിയും രണ്ടു പേർക്കുമുണ്ടായിരുന്നു.


തന്നെ വിവാഹം ചെയ്ത ചിറളയം കോവിലകത്തെ തമ്പുരാനിൽ പ്രതീക്ഷ നഷ്ടപ്പെട്ട മുത്തശ്ശി തന്റെ മകളെയും എടുത്ത് പത്തൊമ്പതാം വയസ്സിൽ തറവാട്ടിൽ തിരിച്ചു വന്നു. ഇനി തിരികെ പോകുന്നില്ലെന്നു പ്രഖ്യാപിച്ചു.

മുത്തശ്ശി തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ശ്രമിച്ചു. നഖം വെളുപ്പിച്ചു. നന്നായി സമയമെടുത്തു കുളിച്ചു. വൃത്തിയുടെയും വെടുപ്പിന്റെയും ഒരു പ്രത്യേക മണം, ഒരു പുതുമഴ ഗന്ധം, അവരെ ആവരണം ചെയ്തുവെന്ന് മാധവിക്കുട്ടി എഴുതുന്നു. 


നാലപ്പാട്ടു നാരായണ മേനോൻ

1887-1954

[കണ്ണുനീർത്തുള്ളി, ആർഷജ്ഞാനം, രതിസാമ്രാജ്യം, ചില കവിതാ സമാഹാരങ്ങൾ, പാവങ്ങൾ എന്ന കൃതിയുടെ വിവർത്തനം എന്നിവയിലൂടെ സാഹിത്യലോകത്ത് ശ്രദ്ധേയൻ.]


മുത്തശ്ശിയുടെ മകളായ കൊച്ചുവമ്മ (അമ്മമ്മ ) അച്ഛന്റെ മുഖച്ഛായയോടെ വളർന്നു. വലിയ നീല നിറത്തിലുള്ള കണ്ണുകൾ. മാംസളമായ ശരീരം. കരിനാക്കുള്ള വരേയും കരിങ്കണ്ണുള്ളവരേയും എന്നും ഭയന്നു. അമ്മമ്മ കൈക്കുഞ്ഞായി നാലപ്പാട്ടെത്തുമ്പോൾ മാധവിയമ്മ എന്ന വലിയമ്മയുടെ മകന് [വലിയമ്മാവൻ - നാലപ്പാട്ടു നാരായണ മേനോൻ] ഏഴോ എട്ടോ വയസ്സുമാത്രം പ്രായം. നാലപ്പാട്ട് പുരുഷപ്രജകൾ കുറവായിരുന്നു. സ്ത്രീകൾ പുരുഷന്റെ വേലക്കാരികളെന്ന മട്ടിൽ ജീവിക്കാൻ മടിച്ചില്ല. അമ്മാവനു ചുറ്റും കുടുംബം കറങ്ങി. അമ്മമ്മ അമ്മാവനെ ആരാധിച്ചു. അദ്ദേഹത്തിന്റെ പെങ്ങൾ സ്ഥാനത്തിൽ അഭിമാനം കൊണ്ടു. 

സുന്ദരനും രസികനും ബുദ്ധിശാലിയുമായിരുന്നു അമ്മാവൻ. കണ്ണുകളും ചുണ്ടുകളുമൊക്കെ ആകർഷകമായിരുന്നു. 


അന്ന് നായർ സ്ത്രീകൾക്ക് ഭർത്താവിനോടുള്ളതിനേക്കാളും അടുപ്പം സ്വന്തം സഹോദരന്മാരോടാണ് ഉണ്ടായിരുന്നത്. അമ്മമ്മയും അമ്മാവനും തമ്മിൽ നിഗൂഢമായ ആത്മീയബന്ധം ഉണ്ടായിരുന്നു.


അമ്മമ്മ പതിമൂന്നാം വയസ്സിൽ വിവാഹിതയായി. വിദ്യാസമ്പന്നനും വിനയശീലനുമായ ചിറ്റഞ്ഞൂർ കോവിലകത്തെ വലിയ തമ്പുരാൻ. അദ്ദേഹം നാലപ്പാട്ടുകാരെയും സഹായിച്ചു. കേസിന്റെ കാര്യങ്ങളിൽ നാലപ്പാട്ടുകാർക്ക് അദ്ദേഹം സഹായമായി. എന്നാൽ അമ്മാവൻ ഇത്തരം വ്യവഹാരങ്ങളിലോ കൃഷിയിലോ ഒരു താല്പര്യവും കാട്ടിയില്ല. പാട്ടുകച്ചേരികളും സാഹിത്യ സല്ലാപവുമായിരുന്നു അദ്ദേഹത്തിനു മുഖ്യം.


കൗമാരത്തിൽത്തന്നെ പ്രസവിച്ചു മക്കളെ മുലയൂട്ടി വളർത്തേണ്ടി വന്നത് അമ്മമ്മയുടെ ആരോഗ്യം നശിപ്പിച്ചു. അവർക്ക് മുപ്പത്തേഴു വയസ്സായപ്പോൾ ഭർത്താവായ തമ്പുരാൻ അന്തരിച്ചു. പതിനഞ്ചാം വയസ്സിലാണ് അമ്മമ്മയായ കൊച്ചുകുട്ടിയമ്മ മാധവിക്കുട്ടിയുടെ അമ്മയായ ബാലാമണിയമ്മയ്ക്ക് ജന്മം നല്കിയത്. 


അന്ന് പതിവുരീതികളിൽ നിന്നും വ്യത്യസ്തത കാട്ടിയ ആളായിരുന്നു ചിറ്റഞ്ഞൂർ തമ്പുരാൻ. തമ്പുരാക്കന്മാർ ഭാര്യയായ നായർസ്ത്രീയോടൊത്ത് ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. ചിറ്റഞ്ഞൂർ തമ്പുരാൻ നാലപ്പാട്ടു തന്നെ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്തു. കാളവണ്ടിയിൽ തൃശ്ശൂരിൽ കൊണ്ടുപോയി പൂരം കാണിച്ചു. അതിനായി ഭാര്യ ഇഷ്ടപ്പെട്ട പച്ച റൗക്ക ഒറ്റരാത്രിയിൽ തയ്പിച്ചു നല്കി. മാധവിക്കുട്ടി ഇത്തരം കഥകൾ നിരവധി തവണ കേട്ടു. അമ്മമ്മയുടെ ബാലിശത്വത്തിന് ഉദാഹരണമായേ ഈ കഥ മാധവിക്കുട്ടി എടുത്തുള്ളൂ.


അമ്മാമന്റെ ആദ്യഭാര്യ ഒരു വർഷം പോലും അദ്ദേഹത്തിന്റെ കൂടെ ജീവിച്ചില്ല. അവരുടെ തറവാടായ അമ്പാഴത്തു വെച്ച് രക്തസ്രാവത്താൽ മരിച്ചു. വെളുത്ത് തടിച്ച് സുന്ദരിയായ സ്ത്രീയായിരുന്നു അവർ. സന്ധ്യകഴിഞ്ഞ് നാലപ്പാട്ടേക്ക് സമ്മന്തത്തിന് വരുന്ന ശീലം ചിന്നമ്മയുടെ അനുജത്തിയും അമ്മാവന്റെ രണ്ടാം ഭാര്യയുമായ ബാലാമണിയമ്മ (മാധവികുട്ടിയുടെ അമ്മയല്ല) തുടങ്ങിവെച്ചതാണ്. 

അവരുടെ സുന്ദരീചമയൽ അമ്മമ്മയ്ക്ക് പരിഹാസമായിരുന്നു. അമ്മാവനുവേണ്ട ഭക്ഷണം തയ്യാറാക്കലും പൂജാസാമഗ്രികളൊരുക്കലും അമ്മമ്മയുടെ ജോലിയായിരുന്നു. ഇത് പരിഹാസത്തോടെ ബാലാമണിയമ്മയും കണ്ടു. രണ്ടു പേരും തമ്മിൽ സൗന്ദര്യപ്പിണക്കം നിലവിലിരുന്നു.


അമ്മാവൻ ഭക്ഷണവേളയിൽ പറയുന്ന തമാശകൾ -സാഹിത്യ സംബന്ധമായതും അല്ലാത്തതും- അമ്മയും അമ്മായിയും ചെറിയമ്മയും ആസ്വദിച്ചു. എന്നാൽ അമ്മമ്മ അവിടെ പരിഗണിക്കപ്പെട്ടില്ല. പാചകക്കാരനോടുള്ള മനോഭാവമാണ് അമ്മമ്മയോടും കാട്ടിയത്. ഒരു പാമരയെന്ന രീതിയിലായിരുന്നു അവരോട് പെരുമാറിയത്. എന്നാൽ അമ്മമ്മയാകട്ടെ, പരിഗണനയ്ക്കും  വാക്കുകൾക്കും ദാഹിച്ചു. എന്നാൽ ആത്മീയമായി അവർ അത്രയേറെ അടുത്തിരുന്നു.


അമ്മാവന്റെ അവഗണന അമ്മമ്മയെ വേദനിപ്പിച്ചു. അതറിഞ്ഞിട്ടും അതു പരിഹരിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. പ്രായമായിട്ടും അമ്മമ്മയുടെ നൈർമ്മല്യത്തിനും നിഷ്കളങ്കതയ്ക്കും കോട്ടമുണ്ടായില്ല. ഹൃദ്രോഗത്തിന്റെ അസ്വസ്ഥതകൾ ബാധിച്ചു. പൂജാസാമഗ്രികളൊരുക്കാനാകാതായി. അതിനാൽ സാളഗ്രാമം അമ്മായിയുടെ വീടായ അമ്പാഴത്തേൽ വീട്ടിലേക്കു മാറ്റാനാലോചിച്ചു.


അമ്മാവന്റെ ചരമം

നാലപ്പാട്ടു നാരായണമേനോൻ സാളഗ്രാമം മാറ്റിയ ദിവസം ഒരു പാലുകാച്ചലിനു പോയി വന്നു വിശേഷങ്ങൾ വിവരിച്ച് ചിരിച്ച് അത്താഴം അവസാനിപ്പിച്ചു. അന്നു രാത്രി പതിനൊന്നരയ്ക്ക് ഹൃദ്രോഗ ബാധയുണ്ടായി. വേദന സഹിക്കാൻ പറ്റാതെ കൈകാലുകളിട്ടടിച്ച് അദ്ദേഹം മരിച്ചു. സാളഗ്രാമം വീട്ടിൽ നിന്നു മാറ്റിയതാണോ അനർത്ഥമുണ്ടാക്കിയത്? പുരോഗമനവാദിയും ഉത്പതിഷ്ണുവുമെന്ന് അറിയപ്പെടാൻ ആഗ്രഹിച്ചിരുന്ന അമ്മാവൻ ഉള്ളിന്റെയുള്ളിൽ പൈതൃകമായി ലഭിച്ചിരുന്ന ഒരുപിടി ഇരുട്ട് കാത്തുസൂക്ഷിച്ചിരുന്നുവോയെന്ന് മാധവിക്കുട്ടി സംശയിക്കുന്നു. ഭർത്താവിന്റെ ജഡത്തിനു സമീപം ഇരുന്ന് കരയാനുള്ള അവകാശം നായർസ്ത്രീക്ക് അന്നുണ്ടായിരുന്നില്ല. പെങ്ങൾക്കു മാത്രമേ അവകാശമുള്ളൂ. അമ്മായി വിധവയായി അമ്പാഴത്തേക്കു മടങ്ങി. 


അമ്മമ്മയുടെ ശരീരം ഇതോടെ തണുത്ത് വെറുങ്ങലിച്ചു. കണ്ണുകൾ ശൂന്യത തേടി. മൂന്നു മാസങ്ങൾക്കകം അമ്മമ്മയും പ്രിയപ്പെട്ട ജ്യേഷ്ഠനെ - അമ്മാവനായ നാലപ്പാട്ട് നാരായണ മേനോനെ -അനുഗമിച്ചു.


അദ്ധ്യായം 2


നാലപ്പാട്ടു നാരായണ മേനോനും

അമ്മയായ മാധവിയമ്മയും.

മുലകുടിശീലം മാറുന്നതുവരെ കുട്ടി അമ്മയുടെ മറ്റൊരവയവമായിത്തുടരും. പിന്നീട് ആ ആത്മബന്ധം കുട്ടിക്ക് പുലർത്താനാകില്ല. കാരണവരുടെ ആജ്ഞയ്ക്ക് വഴങ്ങി വൈവാഹികബന്ധം വേർപെടുത്തേണ്ടിവന്നു നാലപ്പാട്ട് മാധവിയമ്മയ്ക്ക്. സ്നേഹഭാജനമായ ഭർത്താവിൽ നിന്നും അവരകന്നു. അമ്മയുടെ ഭീരുത്വത്തെയും നിസ്സഹായതയെയും കുട്ടി വെറുത്തു. അമ്മയുടെ പുനർവിവാഹം അവന്റെ അഭിമാനത്തിന് ക്ഷതം വരുത്തി. കാരണവരുടെ സ്വാർത്ഥതയ്ക്കനുസരിച്ച് അമ്മ പ്രവർത്തിച്ചത് കുട്ടി ഇഷ്ടപ്പെട്ടില്ല.


വലിയമ്മാവനും സ്വന്തം അമ്മയ്ക്കും ഇടയിൽ ഇത്തരം വികാരങ്ങളാൽ കെട്ടിപ്പൊക്കിയ വലിയ കന്മതിൽ ഉണ്ടായിരുന്നു. മകനെ മനസ്സിലാക്കിയ അമ്മ മൗനം ഭജിച്ചു. അവന്റെ മുന്നിൽ വരാൻ ഭയന്നു. വെളിച്ചം കാണാതെ വടക്കിനിയിലും അറകളിലും കഴിഞ്ഞു. അമ്മയുടെ കണ്ണുകളിലെ അപരാധബോധവും നിസ്സഹായതയും അവനിൽ വെറുപ്പുളവാക്കി. 

മാധവിക്കുട്ടി ഒരിക്കലും വലിയമ്മാവൻ തന്റെ അമ്മയോട് സംസാരിക്കുന്നതു കണ്ടിട്ടില്ല. ഒരിക്കലെങ്കിലും മാധവിയമ്മ ചിരിക്കുന്നതു കണ്ടിട്ടില്ല. കാട്ടുമാടം വലിയ നമ്പൂതിരിപ്പാടിന്റെ മകളായിരുന്നു അവർ. അദ്ദേഹത്തിന്റെ നിറം അവർക്കു കിട്ടിയിരുന്നു. വളരെക്കുറച്ച് ആഭരണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിന്നമ്മയ്ക്ക് മേൽത്തട്ടുള്ള കട്ടിലുണ്ടാക്കാൻ ഉണ്ടായിരുന്ന ആഭരണങ്ങൾ മകൻ കൊണ്ടുപോയത്രെ. പ്രസവത്തിൽ മരണമടഞ്ഞ ചിന്നമ്മയെക്കുറിച്ചു ഖേദിച്ചാണ് കണ്ണുനീർത്തുള്ളിയെഴുതിയത്. അവരെ മാധവിക്കുട്ടിക്കു പരിചയമില്ല. രണ്ടാംഭാര്യയായ കുട്ടിയോപ്പുവിനെ മാത്രമാണ് പരിചയം. ഒരേ വയസ്സുള്ള ചിന്നമ്മയെ വിവാഹം കഴിക്കാൻ താൻ തീരുമാനിച്ച വിവരം അറിയിക്കുമ്പോൾ സ്ത്രീകളെല്ലാം അമ്പരന്നു. വലിയമ്മ അസ്വസ്ഥയായി. പക്ഷേ എതിർത്തില്ല. സ്വന്തം ആൺമക്കളെക്കൂടി എതിർക്കുവാൻ അന്ന് സ്ത്രീകൾക്ക് അവകാശം ഉണ്ടായിരുന്നില്ലെന്ന് മാധവിക്കുട്ടി ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾ കിടപ്പറയിലെ ഉപഭോഗവസ്തുക്കളാണെന്നും അവരെ പരിഗണിക്കേണ്ടെന്നും ഉള്ള ചിന്ത കൊണ്ടാകാം അദ്ദേഹം രതിസാമ്രാജ്യമെന്ന കൃതിയെഴുതിയത്. നേർക്കുനേരെ കണ്ടാൽ പോലും അമ്മയെ പരിഗണിക്കാൻ അദ്ദേഹം തയ്യാറായില്ല.


വലിയമ്മയ്ക്കു കഠിനമായ വയറുവേദന വന്ന് അബോധാവസ്ഥയിലായി. അപ്പോൾ പ്രമേഹക്കുരുപൊന്തിക്കിടക്കുകയായിരുന്നു അമ്മാവൻ. അവർ മരിച്ചതിനുശേഷമാണ് അമ്മാവൻ കണ്ടത്. സംസ്കരിക്കാനായി ശരീരം പുറത്തേക്കെടുത്തപ്പോൾ അദ്ദേഹം പൊട്ടിക്കരഞ്ഞു. മാധവിക്കുട്ടി എഴുതുന്നു: “അമ്മേ എന്റെ അമ്മേ എന്ന ആ വിളി ജീവിച്ചിരിക്കുമ്പോൾ വലിയമ്മ കേട്ടിരുന്നുവെങ്കിൽ അവരുടെ കണ്ണുകളും മറ്റുള്ളവരുടെ കണ്ണുകളെപ്പോലെ തിളങ്ങുമായിരുന്നു.” എന്നാൽ ജീവിച്ചിരിക്കെ അതു കേൾക്കാൻ ആ അമ്മയ്ക്കു സാധിച്ചില്ല. പ്രകടമാവാത്ത സ്നേഹം അർത്ഥമില്ലാത്തതാണ്. പിശുക്കന്റെ ക്ലാവു പിടിച്ച നാണ്യശേഖരം പോലെ ഉപയോഗമില്ലാത്തതും.


അദ്ധ്യായം മൂന്ന്.

അമ്പാഴത്തേൽ വീടിന്റെ പ്രൗഢിയും പ്രതാപവും വിവരിക്കുകയാണ് ഈ അദ്ധ്യായത്തിൽ. വഴക്കും വക്കാണവും ഉണ്ടായിക്കഴിഞ്ഞാൽ നാട്ടിൽ വിധി കല്പിക്കുന്നത് അമ്പാഴത്തേൽ പടിഞ്ഞാറേ മുറ്റത്തേക്ക് കൊണ്ടുവന്നാണ്. രണ്ടുഭാഗക്കാരേയും ചോദ്യം ചെയ്തു വിധി കല്പിക്കാൻ ചെറിയോപ്പു എന്നു വിളിക്കുന്ന പാറുക്കുട്ടിയമ്മയുണ്ട്. മാധവിക്കുട്ടിക്ക് കുട്ടിക്കാലത്ത് ഉണ്ടായ ഒരു അനുഭവമാണ് ഇവിടെ പ്രതിപാദിക്കുന്നത്. 


തേങ്ങ മോഷ്ടിച്ച ഒരുത്തനെ പിടിച്ചുവലിച്ച് അമ്പാഴത്തേൽ മുറ്റത്തേക്ക് കൊണ്ടുവന്നു. അയാളുടെ കണ്ണുകൾ വീങ്ങിയും ചുവന്നും കാണപ്പെട്ടു. കറുത്തുമെലിഞ്ഞ മദ്ധ്യവയസ്കൻ. അയാളുടെ കാലിൽ ചാരി ഒരു കുട്ടിയും. കുട്ടിയെ പിടിച്ചുമാറ്റാൻ ചെറിയോപ്പു പറഞ്ഞു. കുട്ടി കരഞ്ഞു. പിടിച്ചയാളെ കുട്ടി കടിച്ചു. ചെറിയോപ്പുവിന്റെ അനുജനായ കൊച്ചുണ്ണിമേനോൻ പറഞ്ഞു: ‘നല്ല പുളിവാറല് എട്ത്ത് അടിച്ചാ ഓനല്ല ഓന്റെ തന്തയും അവടെ ഒതുങ്ങും’.

ചെക്കനെ കൊണ്ടുപോകാൻ ചെറിയോപ്പു കല്പിച്ചു. വെപ്പുകാരൻ ചാപ്പൻനായർ ദോശ തരാമെന്നു പറഞ്ഞു. മോഷ്ടാവിനെ തടിച്ച പ്ലാവിൽ വരിഞ്ഞു കെട്ടി. കുട്ടി മണ്ണിൽ കിടന്നു കരഞ്ഞു. കൊല്ലല്ലേ അമ്പ്രാ എന്ന് അയാളുടെ ഭാര്യ അപേക്ഷിച്ചു. തേങ്ങ കട്ടെന്ന് അയാൾ സമ്മതിച്ചു. പത്തിരുപതടി അടിച്ച് കെട്ടഴിക്കാൻ ചെറിയോപ്പു കല്പിച്ചു. പറങ്ങ എന്നയാൾ അടിച്ച് തളർന്നപ്പോൾ പുളിവാറൽ പൊട്ടിച്ചെറിഞ്ഞു. മോഷ്ടാവിനെ കെട്ടഴിച്ച് നിലത്തു കിടത്തി. വേട്ടുവത്തികൾ കരഞ്ഞു. കുട്ടി അച്ഛന്റെ കാൽമുട്ടിൽ മുഖമമർത്തിക്കരഞ്ഞു. നിന്റെ തന്ത ചത്തിട്ടില്ലെന്നായി കുട്ടിയോട് ചെറിയോപ്പു. പറങ്ങയും കുഞ്ഞണ്ടയും മോഷ്ടാവിനെ താങ്ങിയെടുത്തു പോയി. കുഞ്ഞുണ്ണിയേട്ടന്റെ ഭാര്യ സഹതപിച്ചു. മോഷ്ടാവിന്റെ ചെക്കൻ ദോശ ചോദിച്ചു. ചാപ്പൻനായരാ ഇവർക്ക് ദോശേം ചോറും കൊടുത്ത് കേടുവരുത്തുന്നതെന്ന് മീനാക്ഷിയേടത്തി കുറ്റപ്പെടുത്തി. കുട്ടി വീണ്ടും ദോശ ചോദിച്ചു. ചെറിയോപ്പു ഇവനെന്താ കുടിലിൽ പോകാത്തതെന്ന് അത്ഭുതപ്പെട്ടു. മീനാക്ഷിയേടത്തി ഇവനൊക്കെ വളർന്നാൽ ഈ നാട് നശിക്കുമെന്ന് ഉറപ്പിച്ചു. വലുതായാൽ ഈ കുട്ടി തേങ്ങ കക്കുമോയെന്ന മാധവിക്കുട്ടിയുടെ ചോദ്യത്തിന് കക്കാണ്ടിരിക്കില്ല, കള്ളന്റെ മക്കള് കക്കാണ്ടിരിക്കോ എന്ന് മീനാക്ഷിയേടത്തി ചോദിച്ചു.


ഇവിടെ മാധവിക്കുട്ടി അന്നത്തെ സാമൂഹിക നീതിയെ ചോദ്യം ചെയ്യുകയാണ്. കറുത്തവരെ അടിച്ചു വേദനിപ്പിക്കുവാൻ വെളുത്തവർക്ക് യാതൊരു സങ്കോചവുമില്ലെന്ന് മാധവിക്കുട്ടി ബാല്യത്തിൽ തന്നെ മനസ്സിലാക്കി. ദരിദ്രനെ ധനികൻ മൃഗമായാണ് കണക്കാക്കുന്നത്. 

കാലം മാറി. പുന്നയൂർക്കുളത്തെ പണ്ടത്തെ ദരിദ്രർ ഇന്ന് പ്രതാപികളായിരിക്കുന്നു. പണ്ടത്തെ ധനികരുടെ ഭൂമിയും വീടും വിലയ്ക്കുവാങ്ങുന്നു. പണ്ടത്തെ യജമാനരുടെ മക്കളെ പുച്ഛത്തോടെ കാണുന്നു. യജമാനന്മാരുടെ വീടുകൾ അടിമകൾ വാങ്ങുകയാണ്. 


ആദ്യമായി അമ്മാമ്മ തയ്പിച്ച പാവാടയുടുത്തു നടന്നപ്പോൾ കുടുംബക്കാർ പുറപ്പെടുവിച്ച അഭിപ്രായങ്ങൾ മാധവിക്കുട്ടി ഓർക്കുന്നു. 

മാലതിക്കുട്ടിയുടെ അച്ഛൻ കേശുവേട്ടന്റെ പ്രകൃതം ഈ സന്ദർഭത്തിൽ വിവരിക്കുന്നു. കേശുവേട്ടൻ ഒരു ഹിറ്റ്ലർ മീശയുള്ള സുന്ദരനായിരുന്നു. വലിയവർ അങ്ങനെ പറയുന്നു. കുട്ടികളെ ആകർഷിക്കാൻ പോന്ന തൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒത്ത തടിയും ഉയരവുമുണ്ട്. കൈവിരലുകളിൽ കല്ലുവെച്ച മോതിരങ്ങൾ. വരിതെറ്റി പൊന്തി നില്ക്കുന്ന പല്ലുകൾ. ഇല്ലസ്ട്രേറ്റഡ് വീക്ക്ലിയിലെ പദപ്രശ്നങ്ങൾ പൂരിപ്പിക്കാൻ നോക്കും. സൽസ്വഭാവികൾക്കുദാഹരണമായിരുന്നു അദ്ദേഹംഅദ്ദേഹം. കുട്ടികളെ തല്ലുന്നതും ബഹളം കൂട്ടുന്നതും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. തന്റെ മുന്നിൽ വെച്ച് കുട്ടികളെ ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ടക്കണ്ണും പിച്ചാത്തിയുമുള്ള ഒരാൾ തന്നെ അനുഗമിച്ചപ്പോൾ രക്ഷപ്പെടുത്തിയത് കേശുവേട്ടനാണെന്ന് അമ്മമ്മ പറഞ്ഞു.


ഉണ്ടക്കണ്ണും പിച്ചാത്തിയുമുണ്ടെങ്കിലും ഒരു മനുഷ്യൻ സ്ത്രീകളെ ഉപദ്രവിക്കണമെന്നില്ലെന്ന് അമ്മായി പറഞ്ഞു. ഇതൊന്നും ഇല്ലാത്തവരാണ് സ്ത്രീകളെ ഉപദ്രവിക്കാറ്. എന്നാൽ കുട്ടിയോപ്പുവിന്റെ കാഴ്ച്ചപ്പാടുകളോട് അമ്മമ്മ വിയോജിച്ചു. പെൺകുട്ടികൾക്കിതൊന്നും പറഞ്ഞുകൊടുക്കാൻ പാടില്ല. ഇതെല്ലാം പറഞ്ഞു കൊടുക്കണമെന്നും ഒന്നും അറിയാണ്ടെ വളർത്തിയാ അപകടമാണെന്നും അമ്മായി (കുട്ടിയോപ്പു) പറഞ്ഞു. 


അദ്ധ്യായം 4

മാധവിക്കുട്ടിയുടെ ഭർത്താവിന്റെ അമ്മയാണ് ചെറിയോപ്പു. അവരുടെ ശരിക്കുള്ള പേര് അമ്പാഴത്തേൽ പാറുക്കുട്ടിയമ്മ എന്നാകുന്നു. അവരെ ആദ്യം വിവാഹം ചെയ്തത് ആഢ്യൻനമ്പൂതിരിയായ കോതരിക്കൽ തമ്പുരാനായിരുന്നു. ആ യാഥാസ്ഥിതിക കുടുംബത്തോടു തോന്നിയ എതിർപ്പിൽ പാറുക്കുട്ടിയമ്മ മക്കളുമൊത്ത് അമ്പാഴത്തേക്ക് മടങ്ങി. പിതാവായ മാധവമേനോൻ മകളെ സ്വാഗതം ചെയ്തു. മകൾ ഭർത്താവിനെ ഉപേക്ഷിച്ചാണ് വരുന്നത് എന്നത് ഒരു തടസ്സമായില്ല.


അന്ത:പുരത്തിൽ ഒതുങ്ങിക്കഴിയേണ്ടവളായിരുന്നില്ല പാറുക്കുട്ടിയമ്മ. അവരുടെ പേര് വിളിക്കാൻ പോലും നാട്ടുകാർ ധൈര്യം കാണിച്ചില്ലെന്ന് മാധവിക്കുട്ടി എഴുതുന്നു. അന്തസ്സും ഗാംഭീര്യവും വേണ്ടുവോളം അവർക്കുണ്ടായിരുന്നു. മുലകൾ മറയ്ക്കാൻ ജാക്കറ്റുധരിക്കുന്നത് തമ്പുരാന് ഇഷ്ടമായില്ല. സഹോദരന്മാർ നല്കുന്ന പട്ടുജാക്കറ്റുകൾ അവർക്കു നന്നായി ചേർന്നു. നല്ല സുന്ദരിയായിരുന്ന അവരിൽ ഒട്ടും തന്നെ ദുർമേദസ്റ്റ് ഉണ്ടായിരുന്നില്ല. പാറുക്കുട്ടിയമ്മയ്ക്ക് മുന്നു മക്കളാണ് കോതരിക്കൽ തമ്പുരാനിൽ നിന്നും ജനിച്ചത്. തങ്കം, സുന്ദരി, ബാലകൃഷ്ണൻ.


പാറുക്കുട്ടിയമ്മയുടെ അച്ഛനായ മാധവമേനോന് ഭാര്യ കല്യാണിയമ്മയിൽ പതിനൊന്നു മക്കൾ ജനിച്ചു. അതിൽ കാര്യപ്രാപ്തിയും പൗരുഷവും പാറുക്കുട്ടിക്കാണ് ഉണ്ടായിരുന്നത്. 


പാറുക്കുട്ടിക്ക് ഇരുപത്തെട്ടു വയസ്സായപ്പോൾ വിവാഹമോചിതയായ അവരിൽ സുബ്രഹ്മണ്യയ്യർ ആകൃഷ്ടനായി. അദ്ദേഹം ഒരു ബഹുഭാഷാപണ്ഡിതനായിരുന്നു. ഇംഗ്ലീഷ്,ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ. കുന്നംകുളത്ത് ഒരു റസിഡൻഷ്യൻ സ്കൂൾ തുടങ്ങി. നാട്ടുകാർ അദ്ദേഹത്തെ ഹെഡ്മാസ്റ്റർ എന്നു വിളിച്ചു. വേറെ ഒരു ഭാര്യയും അതിൽ രണ്ടു പെൺമക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. മുപ്പതുവയസ്സിന്റെ വ്യത്യാസം പാറുക്കുട്ടിയമ്മയും അദ്ദേഹവുമായി ഉണ്ടായിരുന്നു. പാറുക്കുട്ടിയമ്മയ്ക്ക് നല്കിയ വിവാഹാഭ്യർത്ഥന അവർ നിരസിച്ചില്ല. അയ്യർ സുന്ദരനൊന്നുമല്ലായിരുന്നു. കറുത്ത് തടിച്ച്, ആറടി ഉയരവും കഷണ്ടിത്തലയും ചുവന്ന കണ്ണുകളുമുള്ള ഒരാളായിരുന്നു. 


വിവാഹം നടന്നശേഷം അമ്പാഴത്തേൽ വീടിന്റെ സമീപം മഠം എന്ന വീടുണ്ടാക്കിത്താമസിച്ചു. [പിന്നീട് മാധവിക്കുട്ടിയുടെ ഭർത്താവായ] ദാസേട്ടൻ ജനിച്ചപ്പോൾ അദ്ദേഹം സന്തുഷ്ടനായി. മകനെ അദ്ദേഹം നല്ലവണ്ണം സ്നേഹിച്ചു. കളിപ്പാട്ടങ്ങളും പുസ്തകങ്ങളും മേടിച്ചുനല്കി. കുഞ്ഞിനെ കാണാനായി ആദ്യഭാര്യ വന്നപ്പോൾ കുഞ്ഞിനെക്കാട്ടാനോ ഉപഹാരങ്ങൾ സ്വീകരിക്കാനോ പാറുകുട്ടിയമ്മ തയ്യാറായില്ല. ശപിച്ചും കൊണ്ട് ആ ബ്രാഹ്മണസ്ത്രീ ഇറങ്ങിപ്പോയി. 


തങ്കവും സുന്ദരിയും ആ വർഷം മരണമടഞ്ഞത് പാറുക്കുട്ടിയമ്മയ്ക്ക് ഷോക്കായി. പെട്ടെന്ന് വാർദ്ധക്യം ബാധിച്ച പോലെയായി. വല്ലാത്ത കുറ്റബോധം അവരെ പീഡിപ്പിച്ചു. ഭർത്താവിന്റെ ധനശേഷി നോക്കിയാണ് അവർ വിവാഹം ചെയ്തതെന്നൊക്കെ ആരോപണമുണ്ടായി. ധനത്തിൽ മാത്രമേ സ്ത്രീ സുരക്ഷിതയാകൂ എന്ന് അവർക്കറിയാമായിരുന്നു. പ്രമേഹരോഗിയായിരുന്നു അയ്യർ. മകന് പതിനഞ്ച് വയസ്സു പ്രായമുള്ളപ്പോൾ നെഞ്ചുവേദനയെടുത്തു മരിച്ചു. മദ്രാസ്സിലയച്ചു മകനെ പഠിപ്പിക്കണമെന്ന ആഗ്രഹം പിതാവിനുണ്ടായിരുന്നത് ലയോള കോളേജിലയച്ചു നിറവേറ്റി. ദാസേട്ടന്റെ മൂത്ത സഹോദരിയെ- അയ്യർക്ക് ആദ്യഭാര്യയിലുണ്ടായ - മകളെ പില്ക്കാലത്ത് മാധവിക്കുട്ടി കണ്ടുമുട്ടി അനുഗ്രഹം വാങ്ങുകയുണ്ടായി.

[അപൂർണ്ണം]




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ