യുദ്ധത്തിന്റെ ആയുധശാല - കുട്ടികൃഷ്ണമാരാര്

യുദ്ധത്തിന്റെ ആയുധശാല

- കുട്ടികൃഷ്ണമാരാര്


വ്യാസഭാരതത്തെ അടിസ്ഥാനമാക്കി കുരുക്ഷേത്രയുദ്ധത്തിന്റെ കാരണങ്ങളെ വിശകലനം ചെയ്യുകയാണ് കുട്ടികൃഷ്ണമാരാര്. ഹസ്തിനപുരത്തിലെ രാജാവായിരുന്ന പാണ്ഡുവിന്റെ മക്കളായ പാണ്ഡവരും, ജന്മനാ അന്ധനും പാണ്ഡുവിന്റെ ജ്യേഷ്ഠ സഹോദരനുമായ ധൃതരാഷ്ട്രരുടെ മക്കളായ കൗരവരും തമ്മിൽ 18 ദിനങ്ങൾ നീണ്ട യുദ്ധമാണ് കുരുക്ഷേത്ര യുദ്ധം. യുദ്ധത്തിൽ ബാക്കിയായത് വിരലിലെണ്ണാവുന്നവർ മാത്രം. ഇത്ര തീക്ഷ്ണമായ യുദ്ധത്തിലേക്ക് വലിച്ചിഴച്ച സാഹചര്യമെന്തായിരുന്നു? ഈ ഇതിഹാസയുദ്ധം ജനാധിപത്യ കാലഘട്ടത്തിലും നിലനില്ക്കുന്നുണ്ടോ മുതലായ കാര്യങ്ങൾ അന്വേഷിക്കുക കൂടിയാണ് മാരാര്.


ധൃതരാഷ്ട്രർ- ഹസ്തിനപുരത്തിന്റെ രാജാവ്. ജന്മനാ അന്ധനാകയാൽ രാജാധികാരം സഹോദരനായ പാണ്ഡുവിനെ ഏല്പിച്ചു. സാധ്വിയായ ഗാന്ധാരിയാണ് ഭാര്യ. നൂറുമക്കൾ ഉണ്ട്. നൂറ്റവർ എന്നോ കൗരവർ എന്നോ വിളിക്കപ്പെടുന്നു.

പുത്രസ്നേഹത്തിന്റെ നിറകുടം. മൂത്തപുത്രൻ ദുര്യോധനൻ.


പാണ്ഡു - ഹസ്തിനപുരത്തിന്റെ രാജാധികാരം ജ്യേഷ്ഠനായ ധൃതരാഷ്ട്രരുടെ പേരിൽ നോക്കി നടത്തുന്നു. അധികകാലം ജീവിച്ചിരുന്നില്ല. രണ്ടു ഭാര്യമാർ. കുന്തിയും മാദ്രിയും. കുന്തിയിൽ മൂന്നും മാദ്രിയിൽ രണ്ടും മക്കൾ. അഞ്ചു പേരും ചേർന്ന് പാണ്ഡവർ എന്നറിയപ്പെട്ടു. മൂത്തപുത്രൻ യുധിഷ്ഠിരൻ. പുത്രന്മാർ മന്ത്രം മുഖേന ദേവന്മാരിൽ നിന്നും ജനിച്ചവരാണ്. 


ദ്യര്യോധനൻ - ധൃതരാഷ്ട്രരുടെ മൂത്തപുത്രൻ. പിടിവാശിക്കാരൻ. പാണ്ഡവർക്ക് അധികാരം നല്കില്ല എന്നാണ് വാശി. അതിനായി എന്തു ഹീനകൃത്യവും ചെയ്യും. മറ്റു സന്ദർഭങ്ങളിലെല്ലാം നല്ലവൻ.


കർണ്ണൻ - ദുര്യോധനന്റെ പ്രിയമിത്രം. പാണ്ഡവരോട് വൈരാഗ്യം കാത്തുസൂക്ഷിക്കുന്നു. 


യുധിഷ്ഠിരൻ - ഹസ്തിനപുരത്തിന്റെ രാജപദവിക്കർഹൻ. ദുര്യോധനനു മുന്നേ ജനിച്ചുവെന്നതിനാലാണ് രാജ്യാവകാശത്തിന് അർഹനായത്. 


ഭീഷ്മർ - പിതാമഹൻ. കുരുകുലത്തിന്റെ നന്മ ആശിക്കുന്ന പഴയ മനുഷ്യൻ. പണ്ഡിതൻ. യോദ്ധാവ്. ന്യായത്തിന്റെ പക്ഷം. പാണ്ഡവരോട് വാത്സല്യം .


ദ്രോണർ - കൗരവരുടെയും പാണ്ഡവരുടെയും ഗുരു. പുത്രനെ ഏറെ  ഇഷ്ടപ്പെടുന്നു.

പുത്രൻ ഉള്ള പക്ഷത്ത് നില്ക്കും. പക്ഷേ, ന്യായത്തിന്റെ പക്ഷത്തിനോടാണ് താൽപ്പര്യം.


വിദുരർ - ധൃതരാഷ്ട്രരുടെയും പാണ്ഡുവിന്റെയും സഹോദരൻ. ഇവർ വ്യാസന് രാജകന്യകമാരിൽ ഉണ്ടായ മക്കളാണ്. എന്നാൽ, ദാസിയായ ഒരുവളിൽ വ്യാസനുണ്ടായ മകനാണ് വിദുരർ. സത്യം , ധർമ്മം എന്നിവയുടെ പക്ഷം. പാണ്ഡവരോട് അളവറ്റ താൽപ്പര്യം കാട്ടുന്നു.


ശകുനി - ദ്യര്യോധനന്റെ അമ്മാവൻ. ചതിയിൽ വിദഗ്ദൻ.

പുരോചനൻ - ദ്യര്യോധനന്റെ വിശ്വസ്തനായ മന്ത്രി. പാണ്ഡവരെ ചതിച്ചു കൊല്ലാൻ നിയുക്തനായി. വാരണാവതത്തിൽ അരക്കില്ലത്തിൽ പെട്ടു ചാമ്പലായി.


യുദ്ധത്തിന്റെ ആയുധശാലയിലേക്കു പ്രവേശിക്കുമ്പോൾ ഇത്രയും കഥാപാത്രങ്ങളെയും അവർ തമ്മിലുള്ള പരസ്പരബന്ധവും അറിഞ്ഞിരിക്കേണ്ടതാണ്. 


ദുര്യോധനനെ സംബന്ധിച്ച് എങ്ങുനിന്നോ രാജ്യാധികാരത്തിനായി വലിഞ്ഞു കയറി വന്നവരാണ് പാണ്ഡവർ. പാണ്ഡവരെ ഒരിക്കലും അംഗീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. കുട്ടിക്കാലത്തു തന്നെ അവരെ ദ്രോഹിക്കാനും വധിക്കാനും വരെ ശ്രമം നടത്തി. എന്നാൽ അതൊന്നും വിജയം കണ്ടില്ല. എങ്ങനെയും അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ദുര്യോധനനും കൂട്ടരും. പുത്രസ്നേഹത്താൽ ധൃതരാഷ്ട്രർക്ക് അതിന് കൂട്ടുനില്ക്കേണ്ടി വരുന്നു.


പാണ്ഡവനായ യുധിഷ്ഠിരൻ പ്രജകൾക്ക് പ്രിയപ്പെട്ടവനാണ്. ധർമ്മിഷ്ഠനാണ് അദ്ദേഹം. എന്നാൽ യുധിഷ്ഠിരനെക്കുറിച്ചുള്ള പ്രജകളുടെ നല്ല വാക്കുകൾ ദുര്യോധനന് അമംഗളാണ്. അത് കേൾക്കാനും അംഗീകരിക്കാനും അദ്ദേഹം തയ്യാറാകുന്നില്ല. യുധിഷ്ഠിരന് രാജ്യം കിട്ടിയാൽ പിന്നെ അദ്ദേഹത്തിന്റെ മകനായിരിക്കും രാജ്യാവകാശി. പിതാവായ ധൃതരാഷ്ട്രരോട്, ‘ഞങ്ങൾക്ക് അന്യർ നല്കുന്ന ഉരുളയുണ്ട് നരകത്തിൽപ്പോകാനിടയാക്കാതെ കഴിക്കുമാറാക്കണമെന്നുണ്ട്” എന്ന വാക്യത്തിൽ പാണ്ഡവരോടുള്ള സമീപനം നിഴലിക്കുന്നു. പാണ്ഡവർ അന്യരാണ്. അവരെ അകറ്റുകയോ ഇല്ലാതാക്കുകയോ വേണം. 

വാരണാവതതന്ത്രം

അതിനായി മനോഹരമായ വാരണാവതത്തിലേക്ക് പാണ്ഡവരെ ഹസ്തിനപുരത്തിൽ നിന്നും മാറ്റിപ്പാർപ്പിക്കാനുള്ള തന്ത്രം സ്വീകരിക്കുകയാണ് ദുര്യോധനനും മറ്റും. ദുര്യോധനൻ ഇക്കാര്യം പിതാവിനോട് സംസാരിക്കുന്നു. ധൃതരാഷ്ട്രരുടെ ഉള്ളിലും ഈ ചിന്ത തന്നെയാണുള്ളത്. എങ്കിലും പാണ്ഡുവിന്റെ ജനസമ്മിതിയും അതുവഴി യുധിഷ്ഠിരനുള്ള പിന്തുണയും അദ്ദേഹത്തെ ആശങ്കാകുലനാക്കുന്നു. പാണ്ഡുവിനെപ്പോലെ ധർമ്മിഷ്ഠനും ജനപ്രിയനുമാണ് യുധിഷ്ഠിരൻ എന്ന് ധൃതരാഷ്ട്രർക്കറിയാം. പാണ്ഡുവിനെപ്പോലെ അദ്ദേഹത്തിന്റെ പുത്രനും തന്നെ ഏറെ മാനിക്കുന്നുണ്ട്. പൗരപ്രമുഖരെയൊക്കെ പണവും അധികാരവും നല്കി തന്റെ പക്ഷത്താക്കിയെന്ന് ദുര്യോധനൻ വ്യക്തമാക്കി. ഭീഷ്മരും ദ്രോണരും കൃപരുമൊന്നും ഇതു സമ്മതിക്കില്ലെന്നായി ധൃതരാഷ്ട്രർ. അവർക്ക് പാണ്ഡവരും കൗരവരും തുല്യമാണ്. ഭീഷ്മർ ഉദാസീനനാകയാൽ ഇതൊന്നും ശ്രദ്ധിക്കില്ലെന്നായി ദുര്യോധനൻ. പുത്രനായ അശ്വത്ഥാമാവ് നില്ക്കുന്നിടത്തേ ദ്രോണർ നില്ക്കൂ. വിദുരർ നമുക്ക് കടപ്പെട്ടവനാണ്. താൽപ്പര്യം പാണ്ഡവരോടാണെങ്കിലും ഒന്നും ചെയ്യാനാകില്ല. തന്റെ ഉറക്കം കെടുത്തുന്ന ഈ സൊല്ല തീർത്തു തരാൻ ആവശ്യപ്പെടുകയാണ് ദ്യര്യോധനൻ.


ധൃതരാഷ്ട്രരുടെ ആൾക്കാർ പാണ്ഡവരിൽ കൗതുകം ഉളവാക്കുമാറ് ഗൂഢമായി വാരണാവതത്തിന്റെ ഭംഗി വർണ്ണിച്ചു. അവരുടെ ഔത്സുക്യം മനസ്സിലാക്കിയ ധൃതരാഷ്ട്രർ അവരെ വിളിച്ചു സംസാരിച്ചു. ധൃതരാഷ്ട്രരുടെ ഉദ്ദേശ്യം യുധിഷ്ഠിരൻ മനസ്സിലാക്കി. പക്ഷേ ഒന്നും പറഞ്ഞില്ല. പാണ്ഡവർ വാരണാവതത്തിലേക്കു പുറപ്പെട്ടു.


വാരണാവതത്തിൽ അരക്കില്ലമൊരുങ്ങുന്നു.

ധൃതരാഷ്ട്രർ ചിന്തിച്ചതിനപ്പുറം ദുര്യോധനൻ കണ്ടു. മന്ത്രിയും വിശ്വസ്തനുമായ പുരോചനനോട് പെട്ടെന്ന് കത്തിയാളുന്ന സാമഗ്രികളാൽ മനോഹരവും സംശയമുളവാക്കാത്തതുമായ രീതിയിൽ നാലുകെട്ട് നിർമ്മിക്കാൻ പറഞ്ഞു. അവസരം കിട്ടുമ്പോൾ അതു കത്തിച്ച് പാണ്ഡവരെ ചാമ്പലാക്കാനാണ് ഉദ്ദേശ്യം. അതു നിർമ്മാണം കഴിഞ്ഞപ്പോൾ പാണ്ഡവർ അവിടേക്ക് താമസം മാറ്റി. ഇത് അഗ്നിബാധിക്കാനിടയുള്ള സാമഗ്രികളാൽ നിർമ്മിച്ചതാണെന്ന് യുധിഷ്ഠിരനു മനസ്സിലായി. അതു ഭീമനോടു പറയുകയും ചെയ്തു. വിദുരരും സൂചന നല്കിയിരുന്നു. തീ കടക്കാതെ രക്ഷപ്പെടാൻ പറ്റിയ ഒരു നിലവറ നിർമ്മിക്കണം. വിദുരർ അയച്ച ഖനകൻ കാട്ടിലേക്ക് ഒരു ഗുഹ നിർമ്മിച്ചു. ഒരു വർഷം കഴിഞ്ഞ് അരക്കില്ലത്തിനു തീ കൊളുത്തി പാണ്ഡവർ കാട്ടിലെത്തി. പുരോചനൻ വെന്തുമരിച്ചു. പാണ്ഡവർ വെന്തുമരിച്ചതായി എല്ലാവരും കരുതി. കൗരവർ മരിച്ച പാണ്ഡവർക്കായി ശേഷക്രിയകൾ ചെയ്തു. 


പാണ്ഡവർ ദ്രൗപദിയെ നേടുന്നു.

പാണ്ഡവർ ഏകചക്രയെന്ന ഗ്രാമത്തിലെത്തി. അവിടെ ബ്രാഹ്മണരെന്ന ഭാവത്തിൽ കഴിഞ്ഞു. ദ്രുപദ രാജാവിന്റെ മകളായ ദ്രൗപദിയുടെ സ്വയംവര വാർത്തയറിഞ്ഞ പാണ്ഡവർ ബ്രാഹ്മണരായിത്തന്നെ ചെന്ന് സ്വയംവരത്തിൽ പങ്കെടുത്തു. അർജ്ജുനൻ വിജയിയായി ദ്രൗപദിയെ നേടി. പാഞ്ചാലരാജ്യത്ത് പാണ്ഡവർ ദ്രൗപദിയോടൊത്ത് താമസമായി. ദ്രൗപദിയുടെ സ്വയംവര വാർത്ത വിദുരർ ധൃതരാഷ്ട്രരെ അറിയിച്ചു. ദുര്യോധനനാണ് സ്വയംവരം ചെയ്തതെന്നു കരുതിയ വൃദ്ധൻ ആഭരണാദികൾ സമ്മാനിക്കാൻ പറഞ്ഞു. വസ്തുത മനസ്സിലായപ്പോൾ അദ്ദേഹം മലക്കം മറിഞ്ഞു. പാണ്ഡുവിന്റെ മക്കളെ പാണ്ഡുവിനേക്കാളും ഇഷ്ടമാണെന്നായി. 


ഗൂഢാലോചനകൾ വീണ്ടും

വിദുരർ പോയതിനു ശേഷം ദുര്യോധനനും കർണ്ണനും ധൃതരാഷ്ട്രരെ ചെന്നു കണ്ടു. ദുര്യോധനൻ വീണ്ടും അസ്വസ്ഥനായി. പാണ്ഡവർ ജീവിച്ചിരിക്കുന്നു. അവരെ എങ്ങനെയും വകവരുത്തണം. അല്ലെങ്കിൽ തന്ത്രം പ്രയോഗിച്ച് പരസ്പരം പിണക്കണം. ഇപ്പോൾ കൈവന്ന ദ്രുപദന്റെ പിൻബലവും അവസാനിപ്പിക്കണം. ദുര്യോധനന്റെ ഉപായങ്ങളെ കർണ്ണൻ എതിർത്തു. ഒരേ പത്നിയിൽ രമിക്കുന്നവർ തമ്മിൽ പിണങ്ങില്ലെന്ന് ന്യായവും പറഞ്ഞു. പാണ്ഡവരോടിതൊന്നും ഏശില്ല. 

നേരിട്ട് യുദ്ധം ചെയ്തു വധിക്കണമെന്നാണ് കർണ്ണന്റെ നിലപാട്.  അതിനായി ഇപ്പോൾ പുറപ്പെടണം. പാണ്ഡവ സഹായത്തിന് കൃഷ്ണന്റെ യാദവസൈന്യം പുറപ്പെടുന്നതിനു മുമ്പേ കാര്യം സാധിക്കണം. ഈ നിർദ്ദേശത്തെ ധൃതരാഷ്ട്രർക്കു മുന്നിൽ സമർപ്പിച്ചെങ്കിലും ഭീഷ്മാദികളോട് ആലോചിക്കണം എന്ന് അദ്ദേഹം പറഞ്ഞു. പാണ്ഡവരെ ആക്രമിക്കുന്നതിനോട് ഭീഷ്മരും ദ്രോണരും വിദുരരും യോജിച്ചില്ല. അരക്കില്ലം ചുട്ടതിന്റെ പേരിൽ ദുര്യോധനനെ കുറ്റപ്പെടുത്തുകയും ചെയ്തു. സന്ധിചെയ്തു പാതിരാജ്യം നല്കുകയാണ് വേണ്ടത്. പ്രിയം പറയാൻ ദ്രുപദന്റെ സമീപത്തേക്ക് ആളെ അയക്കണം. വേണ്ടുംവിധം ഉപചരിച്ച് പാണ്ഡവരെ ഇങ്ങോട്ടു ക്ഷണിക്കണം. അതിന്റെ ചുമതല വിദുരരെ എൽപ്പിച്ചു. ഈ നിലപാട് കർണ്ണൻ എതിർത്തു. ദുഷ്ടമനസ്സോടെ ആത്മാവിനെ മറച്ച് ശ്രേയസ്സു പറയുന്നവരാണിവർ. എല്ലാവർക്കും സുഖദു:ഖങ്ങൾ വിധികൃതമാണ്. കർണ്ണന് ശകാരമേറ്റു. കർണ്ണൻ പറയുന്ന വിധം നടന്നാൽ കുരുക്കൾ നശിക്കും. 

സമത്വസിദ്ധാന്തം

വിദുരരും ഭീഷ്മരും ദ്രോണരും പാണ്ഡവരും കൗരവരും തമ്മിൽ ഭേദമുണ്ടെന്ന് കരുതുന്നില്ല. പാണ്ഡവരുടെ അജയ്യത അവർ ചൂണ്ടിക്കാട്ടി. ധൃതരാഷ്ട്രരും അതിനോട് യോജിച്ചു. വിദുരർ പാഞ്ചാലരാജ്യത്തു പോയി. ഉപചാരങ്ങൾ പറഞ്ഞു. ആരവത്തോടെ പാണ്ഡവരെ ഹസ്തിനപുരത്തിലെത്തിച്ചു. തുടർന്ന് പാതിരാജ്യം നല്കി. ഖാണ്ഡവപ്രസ്ഥത്തെ മനോഹരമായ നഗരമാക്കി മാറ്റാൻ യുധിഷ്ഠിരനു സാധിച്ചു. കൊട്ടാരത്തിൽ മയൻ വളരെ വിശിഷ്ടമായ സഭയും പണികഴിച്ചു നല്കി. അർജ്ജുനൻ സുഭദ്രയെ വിവാഹം ചെയ്ത് യാദവരുമായുള്ള ബന്ധം ഒന്നുകൂടി ഉറപ്പിച്ചു. പാണ്ഡവർ കൂടുതൽ ബലവാന്മാരായി.


യുധിഷ്ഠിരന്റെ രാജസൂയയാഗം

ഖാണ്ഡവപ്രസ്ഥത്തിൽ കഴിയുന്ന, [ഇപ്പോൾ അതിന് ഇന്ദ്രപ്രസ്ഥാ എന്നു പേര്] പാണ്ഡവർ രാജസൂയയാഗം നടത്താനാലോചിച്ചു. രാജധർമ്മത്തിൽ അതിവിശിഷ്ടവും രാജ്യവ്യാപനത്തിന് അത്യന്താപേക്ഷിതവുമായ യാഗമാണിത്. ഇതിൽ മുഖ്യമായ തടസ്സം മഗധയുടെ അധിപതിയായ ജരാസന്ധനായിരുന്നു. യാദവർക്ക് [വൃഷ്ണികൾ] പോലും ഭയമുളവാകിയവനായിരുന്നു ജരാസന്ധൻ. അതിനാലത്രേ ദ്വാരക നിർമ്മിച്ചത്. ജരാസന്ധനെ കൊല്ലേണ്ടത് അത്യാവശ്യമാണെന്ന് കൃഷ്ണൻ പറഞ്ഞു. ദ്വന്ദ്വയുദ്ധത്തിൽ കൃഷ്ണന്റെ പദ്ധതിപ്രകാരം ഭീമൻ ജരാസന്ധനെ കൊന്നു. ജരാസന്ധൻ പിടികൂടിയ രാജാക്കന്മാർ യുധിഷ്ഠിരന്റെ മേധാവിത്വം അംഗീകരിച്ചു. രാജസൂയം വൻവിജയമായി. കൃഷ്ണന് അഗ്രപൂജ ചെയ്തുകൊണ്ടായിരുന്നു രാജസൂയം ആരംഭിച്ചതും. ഇതിനെ എതിർത്ത ചേദിരാജാവായ ശിശുപാലനെ കൃഷ്ണൻ ചക്രായുധത്താൽ വധിച്ചു.

കുറച്ചു നാൾ ശകുനിയോടൊത്ത് ദ്യര്യോധനാദികൾ അവിടെ താമസിച്ചു. ഹസ്തിനപുരത്തിലേക്ക് മടങ്ങെ ദുര്യോധനൻ വീണ്ടും അസൂയയാൽ പുകഞ്ഞു. ഞാൻ തീയിലോ വെള്ളത്തിലോ ചാടിച്ചാവും. അല്ലെങ്കിൽ വിഷം കഴിക്കും. എനിക്കു ജീവിക്കാൻ വയ്യ. ദുര്യോധനൻ പറഞ്ഞു. ശകുനി പോലും ദുര്യോധനനോട് നല്ലതുപദേശിച്ചു. യുധിഷ്ഠിരനോട് അമർഷം കൊളളരുത്. പാണ്ഡവർ അവരുടെ ഭാഗ്യം അനുഭവിക്കട്ടെ. 


ചൂതുകളിതന്ത്രം

യുധിഷ്ഠിരനെ സ്വയം ജയിക്കാനുള്ള ഒരു പണി തനിക്കറിയാമെന്ന് ശകുനി പറയുന്നു. ചൂതുകളിയാണത്. യുധിഷ്ഠിരനും ചൂതുകളിക്കമ്പക്കാരനാണ്. അച്ഛന്റെ അനുമതി മേടിക്കാൻ ശകുനിയുടെ സഹായം തേടി. യുധിഷ്ഠിരന്റെ സകലമാന ശ്രേയസ്സും കൈക്കലാക്കാനാണ് ദുര്യോധനന്റെ പുറപ്പാട്. ഉണ്ണി ദുഃഖിക്കുന്നത് ധൃതരാഷ്ട്രർക്ക് സഹിക്കില്ല. എന്തിനാണ് ദുഃഖിക്കുന്നത്, എന്താണ് നിനക്കില്ലാത്തത് എന്ന് പിതാവ് ചോദിക്കുന്നു. തനിക്ക് ഉണ്ണാനും ഉടുക്കാനുമില്ലാഞ്ഞിട്ടല്ല. എന്നു വെച്ച് അമർഷം കൊള്ളാത്തവൻ പാപിയാണ്, അധമനാണ്. യുധിഷ്ഠിരനിൽ കത്തിജ്വലിക്കുന്ന ശ്രീ കണ്ടിട്ട് നോവുകയും ചെയ്യുന്നു. ദിവ്യസഭയിൽ വെച്ച് പിണഞ്ഞ അമളി കണ്ടിട്ടു പെണ്ണുങ്ങൾ ചിരിച്ചു. അപ്പോഴും യുധിഷ്ഠിരൻ സത്കരിച്ചു. ഇങ്ങനെ ദുഃഖങ്ങളേറെയുണ്ടായി. ധൃതരാഷ്ട്രർ മകനെ ഉപദേശിച്ചു. പാണ്ഡവരോട് പക വെക്കരുത്. പക വെക്കുന്നവന് ദുഃഖമേ ഉണ്ടാകൂ. യുധിഷ്ഠിരൻ എല്ലാവരെയും ഒന്നായി കാണുന്നവനാണ്. പരന്റെ സ്വത്തിൽ കൊതി പാടില്ല. അടങ്ങിയിരിക്കണമെന്ന് അച്ഛൻ കല്പിച്ചു. എന്നാൽ ദുര്യോധനൻ കൂട്ടാക്കിയില്ല. തുല്യവൃത്തികൾ തമ്മിലേ ശത്രുത്വമുണ്ടാകൂ. പാണ്ഡവൈശ്വര്യം കിട്ടാതെ നിവൃത്തിയില്ല. ഇല്ലെങ്കിൽ താൻ ബാക്കിയാകുമോ എന്ന് സംശയമാണെന്ന് ദുര്യോധനൻ പറഞ്ഞു. യുധിഷ്ഠിരനെ ചൂതിന് വിളിക്കാൻ ശകുനി ആവശ്യപ്പെട്ടു. ധൃതരാഷ്ട്രർ വീണ്ടുമുപദേശിച്ചു.

വൈരം കലഹമുണ്ടാക്കുന്നു. അനർത്ഥത്തെ അർത്ഥമായിക്കരുതുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചൂതുകളിയാണ് പോംവഴിയെന്ന് ദുര്യോധനൻ വീണ്ടും പറഞ്ഞു. ധൃതരാഷ്ട്രർ പറഞ്ഞു: ‘ നീ പറഞ്ഞതൊന്നും എനിക്കു ബോധി ക്കുകയില്ല. നിന്റെ ഇഷ്ടം പോലെ ചെയ്തോളൂ. ഇതു തുടങ്ങിയാൽ നിനക്കു പശ്ചാത്തപിക്കേണ്ടിവരും. ഇനിയാരും നല്ലതു പറഞ്ഞുതരാനുണ്ടാവില്ല.”

കൂടുതൽ ആലോചനകൾ ഉണ്ടായില്ല. നല്ലൊരു സഭ പണിതു. സഭ കാണാനും ചൂതുകളിക്കാനും യുധിഷ്ഠിരനടക്കമുള്ള പാണ്ഡവരെ ക്ഷണിക്കുവാൻ വിദുരർക്കുതന്നെ പോകേണ്ടി വന്നു. ചൂതിൽ യുധിഷ്ഠിരന് എല്ലാം നഷ്ടപ്പെട്ടു. ദ്രൗപദിയും അടിമയായി. അവളെ സഭയിലേക്കു കൊണ്ടുവന്ന് അപമാനിച്ചു. ഇതോടെ യുദ്ധത്തിന്റെ ആയുധശാല സജ്ജമായി. 


കഥാവിചാരം

ദുര്യോധനനെക്കുറിച്ച് മാരാര് പറയുന്നത് അധികാരമോഹത്തിന്റെയും സ്വന്തം ഉയർച്ച ആഗ്രഹിക്കുന്നതിന്റെയും പരന്റെ ഉയർച്ച സഹിക്കാത്തതിന്റെയും കേവലവിശ്വരൂപമായാണ്. പാണ്ഡവരിലും കൗരവരിലും യുദ്ധത്വര ഒരു പോലെയുണ്ട് എന്നു മാരാര് കണ്ടെത്തുന്നു. ദുര്യോധനൻ മനുഷ്യനിലുള്ള അധികാരക്കൊതിയുടെ പ്രതീകമാണ്. ഓരോ മനുഷ്യനിലും അവനുണ്ട്. മനുഷ്യസമുദായത്തിൽ എന്നും ജീവിച്ചുകൊണ്ടിരിക്കുന്ന ശാശ്വതാത്മാവാണ് അധികാരക്കൊതി. 


അധികാരം കിട്ടിയാൽ പ്രഥമമായി ചെയ്യാനുള്ള മംഗളകർമ്മം എന്താണ് ? എതിരാളിയെ അങ്ങേയറ്റം അവമാനിക്കുക തന്നെ. ദ്രൗപദിക്കേല്ക്കുന്ന അവമാനം ഇത്തരത്തിലുള്ളതു തന്നെ. 

അധികാരേച്ഛയുടെ അസഹനീയതയും അതിന്റെ കഷ്ടതകളും  കാണിക്കാനാണ് ഒരേ ഗർഭപിണ്ഡത്തിൽ നിന്നും വിരിഞ്ഞവരും വേറെ വേറെ വ്യക്തിത്വമില്ലാത്തവരുമായ നൂറു പേരുടെ തലവനാക്കി ദുര്യോധനനെ അവതരിപ്പിച്ചതെന്നതാണ് മാരാരുടെ മതം. ജനിച്ച നാൾ ഒന്നോ രണ്ടോ മുന്നിലാണെന്ന് കണ്ട് രാജാധികാരം നല്കുന്നതും ജനാധിപത്യത്തിൽ നിയോജക മണ്ഡലത്തിൽ ലഭിക്കുന്ന രണ്ടോ മൂന്നോ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിധി നിർണ്ണയിക്കുന്നതും ഒരുപോലെത്തന്നെ. 


പാണ്ഡവരോട് ഈ ദണ്ഡനീതി പ്രയോഗം ക്ഷത്രിയധർമ്മത്തെ മുൻനിർത്തിയാണ് ദുര്യോധനൻ നടത്തുന്നത്. പാണ്ഡവരോടുള്ള അമർഷം ഒഴിവാക്കിയാൽ മറ്റെല്ലാ ത്തിലും നീതിമാനും ഗുരുജനഭക്തിയുള്ളവനും മികച്ച ഭരണകർത്താവുമാണ് ദുര്യോധനൻ. പ്രജകൾ അച്ഛന്റെ അടുക്കലെന്നപോലെ സ്വസ്ഥരായാണ് കഴിഞ്ഞത്. മാതൃഭക്തിയിലും മാതൃക. തനിക്കിഷ്ടം പറയില്ലെന്ന് അറിയാമെങ്കിലും പതിനെട്ടുദിവസവും അമ്മയെ വന്ദിച്ചാണ് യുദ്ധത്തിനിറങ്ങുന്നത്. എവിടെയാണോ ധർമ്മം അവിടെയാണ് ജയം എന്നാണ് ഗാന്ധാരി ആശംസിക്കുന്നത്. അത് ഗാന്ധാരിയുടെ മഹത്വത്തിന് ഉദാഹരണവുമാണ്. കൃഷ്ണനോടും ആദരവ് കാണിച്ചു. എന്നാൽ, പാണ്ഡവപ്രിയത പറയുന്നവരോടും അത്തരം സന്ദർഭങ്ങളോടും വിയോജിച്ചു.


ഇപ്രകാരം യുദ്ധം ആസന്നമാക്കിയ മാനസികാവസ്ഥകളേയും സാഹചര്യങ്ങളേയുമാണ് യുദ്ധത്തിന്റെ ആയുധശാലയിൽ കുട്ടികൃഷ്ണമാരാര് വിവരിക്കുന്നത്. തന്റെ സുതാര്യമായ പ്രതിപാദനത്താലും ഭാഷാപ്രയോഗത്തിലെ ഉജ്ജ്വലതയാലും ആഖ്യാനം സരസമാക്കാനും ആശയം സംവേദനം ചെയ്യാനും മാരാർക്ക് സാധിച്ചിരിക്കുന്നു.







 



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ