നിരാനന്ദത്തിന്റെ ചിരി: കെ.പി. അപ്പൻ (മുഖ്യാശയങ്ങൾ)

 മുഖ്യാശയങ്ങൾ:

മലയാളത്തിലെ പ്രശസ്ത നിരൂപകനാണ് കെ.പി. അപ്പൻ. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വിമർശനമാണ് 'നിരാനന്ദത്തിന്റെ ചിരി'. ഈ വിമർശനം കെ.പി. അപ്പന്റെ 'മാറുന്ന മലയാളനോവൽ' എന്ന കൃതിയിലാണ് ചേർത്തിട്ടുള്ളത്. ആധുനികതാവാദത്തിന്റെ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' എന്ന കൃതിയെയാണ് കെ.പി. അപ്പൻ വിമർശാത്മകമായി അപഗ്രഥിക്കുന്നത്.

[Points…

കെ.പി. അപ്പൻ

മാറുന്ന മലയാള നോവൽ

ഒ.വി.വിജയൻ

ഖസാക്കിന്റെ ഇതിഹാസം.]


[ഭാഷയുടെ പ്രധാനഘടകമായ വാക്കുകളുടെ പഴമയേയും ഘടനയെയും കെ.പി. അപ്പൻ വിമർശിക്കുന്നു.]

ഭാഷയ്ക്ക് വളരെ സാമ്പ്രദായികമായ ഒരു മുഖമുണ്ടെന്ന് കെ.പി. അപ്പൻ വിമർശിക്കുന്നു. എഴുത്തുകാർ ഭാഷയുടെ വ്യവസ്ഥാപിത സ്വഭാവത്തിന് വഴങ്ങുകയാണ്. അവർ ഒന്നുകിൽ സ്വന്തം അനുഭവങ്ങളെ ലഭ്യമായ സാഹിത്യ ശൈലിയിൽ അവതരിപ്പിക്കാനൊരുങ്ങി. അല്ലെങ്കിൽ ലഭ്യമായ സാഹിത്യ ശൈലിയിലൂടെ മാത്രം അവതരിപ്പിക്കാൻ പറ്റിയ കാര്യങ്ങൾ പറഞ്ഞു. ഇത് ഭാഷയുടെ പരിമിതിക്ക് എഴുത്തുകാരൻ വഴങ്ങുന്നതിന് ഉദാഹരണമാണ്. അയാളുടെ അനുഭവങ്ങളെ ഭാഷയിൽ പരുവപ്പെടുത്തുകയാണ്. തോമസ്മൻ, നീഷേ മുതലായ ചിന്തകർ ഭാഷയുടെ ഇത്തരം പരിമിതികളെക്കുറിച്ച് ബോധവാന്മാരാണ്. എന്നാൽ അവർക്കും അതിനെ ആശ്രയിക്കേണ്ടി വരുന്നു. പഴയവാക്കുകളും പഴയ ശൈലിയുമൊക്കെ ഭാഷയുടെ തനതു മുദ്രകളാണ്. വാക്കുകൾ മുൻനിശ്ചയ പ്രകാരമുള്ള അർത്ഥങ്ങളെ മാത്രം സ്വീകരിക്കുന്നു. ശൈലികൾ മുൻ നിശ്ചയപ്രകാരമുള്ള ശൈലീബന്ധങ്ങൾ തേടുന്നു. നേരത്തേ നിശ്ചയിക്കപ്പെട്ട അർത്ഥങ്ങളുമായി വരുന്ന വാക്കുകൾക്ക് മുന്നിൽ എഴുത്തുകാരൻ കീഴടങ്ങുകയാണ്. ഈ വിധത്തിൽ നോക്കിയാൽ മറ്റു കലാകാരന്മാരേക്കാളേറെ മാദ്ധ്യമത്തിന്റെ [ഇവിടെ മാദ്ധ്യമം ഭാഷയാണ്] ചെറുത്തുനില്പ് ഏറ്റവും അധികം നേരിടുന്നത് എഴുത്തുകാരനാണ്. എഴുത്തുകാരന്റെ ഉപകരണമാകുന്നതിനു പകരം ഭാഷയുടെ ഉപകരണമാകുന്നു എഴുത്തുകാരൻ.


[ഒ.വി.വിജയന്റെ സവിശേഷത]

എഴുത്തുകാരൻ ഭാഷയുടെ ചട്ടക്കൂടിനുള്ളിൽ കുടുങ്ങുകയാണ് ചെയ്യുന്നത്. പഴയ സംസ്കാരത്തിന്റെയും സൗന്ദര്യപ്രകാശനശൈലിയുടെയും മറ്റും മുഷിഞ്ഞരൂപം ധരിച്ചാണ് അത് എഴുത്തുകാരനെ ഭരിക്കുന്നതെന്ന് കെ.പി. അപ്പൻ വ്യക്തമാക്കുന്നു.

ഈ പഴമയുടെ തോടു തകർത്ത് പുതിയവാക്കുകളേയും ബിംബങ്ങളേയും രീതികളേയും കൊണ്ടുവരുന്നിടത്താണ് എഴുത്തുകാരൻ വിജയിക്കുന്നത്. എഴുതിയേ പറ്റൂ എന്ന മനോഭാവത്തിൽ നിന്നും ഉയർന്നുവരുന്ന രചനകൾ പുതിയവഴി തേടും. അങ്ങനെ തന്റേതായ പാത കണ്ടെത്തിയ എഴുത്തുകാരനാണ് ഒ.വി.വിജയൻ. വിജയൻ ആവിഷ്കരിച്ച ബിംബങ്ങളും ആശയങ്ങളും ഭാഷയ്ക്ക് അതേവരെ പരിചയമില്ലാത്തവയായിരുന്നു. ഖസാക്കിന്റെ ഇതിഹാസം ഒരു വിസ്മയമായിത്തീർന്നത് അതിനാലാണ്. മോഹാലസ്യം പോലെ കാറ്റ്, മൃതിയുടെ മുലപ്പാൽ തുടങ്ങിയ ബിംബങ്ങൾ ഇതിനായി അപ്പൻ ഉദാഹരിക്കുന്നു. ദർശനബോധത്തിന്റെ വിശുദ്ധിയാണ് എഴുത്തുകാരനെ നയിക്കുന്നത്. മാദ്ധ്യമത്തിന്റെ മുഷിഞ്ഞസ്വഭാവം ഇതിനായി മറികടക്കേണ്ടി വന്നു. ശബ്ദത്തെ ഉടച്ചുകൊണ്ട് അകത്തുകടന്ന് പരമാർത്ഥം ദർശിക്കാനും അനുഭവത്തിന്റെ അറിവിൽ പുതിയ ഭാഷ സൃഷ്ടിക്കാനും വിജയനു സാധിച്ചു.


[ഖസാക്കിന്റെ ഇതിഹാസം ശ്രദ്ധേയമാകുന്നത് എന്തുകൊണ്ട്]

വിജയൻ ലഭ്യമായ സാഹിത്യ ശൈലിയിലൂടെ ആവിഷ്കരിക്കാവുന്ന സംവേദനങ്ങളല്ല 

[അനുഭവങ്ങൾ/ ഇന്ദ്രിയാവബോധം] താൻ അവതരിപ്പിക്കുന്നതെന്നു വ്യക്തമാക്കുകയാണ് ഈ നോവലിൽ. 


ഖസാക്കിന്റെ ഇതിഹാസം ഒരു ജീവിതവീക്ഷണമല്ല. ഇത് നോവലിസ്റ്റ് പരാമർശിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ഒരു കലാസൃഷ്ടിയും ജീവിതവീക്ഷണമല്ലെന്ന് കെ.പി.അപ്പൻ അഭിപ്രായപ്പെടുന്നു. 

തത്ത്വചിന്തയുടെ നാമങ്ങളിൽ വിജയന്റെ ദർശനബോധം ഒതുങ്ങില്ല. ബുദ്ധിജീവിയുടെ ഇടപെടലല്ല  ഈ കലാസൃഷ്ടിയിൽ കാണാവുന്നത്. അനുഭവലോകമാണ് ഇവിടെയുള്ളത്. വിരക്തിയുടെ ജലത്തിൽ ഒഴുകിക്കൊണ്ട് മോഹഭംഗങ്ങളെക്കുറിച്ച് എഴുതുന്ന മാനസികഭാവമാണ് വിജയനുള്ളത്.  


യാഥാർത്ഥ്യത്തെക്കുറിച്ചുള്ള എഴുത്തുകാരന്റെ സ്വപ്നദർശനബോധം ഈ നോവലിൽ നിറഞ്ഞുകാണാം. പലപ്പോഴും പിടി നല്കാത്ത അസംബന്ധമായി അതു നിലകൊള്ളുന്നു. യുക്തിക്കു വഴങ്ങാത്ത അസ്തിത്വത്തിന്റെ ഇത്തരം അധിപ്രശ്നങ്ങൾ ഖസാക്കിന്റെ ഇതിഹാസത്തിലെ ബോധത്തെ നിയന്ത്രിക്കുന്നു. 


ഖസാക്കിലെ പ്രകൃതിയും സങ്കല്പങ്ങളിലൂടെ പ്രകൃതിപ്രതിഭാസങ്ങളെ അറിയാൻ ശ്രമിക്കുകയും ചെയ്യുന്ന അപ്പുക്കിളിയെപ്പോലുള്ള കഥാപാത്രങ്ങൾ ഈ നോവലിലുണ്ട്. മായയാൽ അകറ്റപ്പെടുകയും ബന്ധിക്കപ്പെടുകയും ചെയ്യുന്ന ഇരകൾ എന്ന നിലയിലാണ് അവർ പ്രത്യക്ഷരാകുന്നത്. ഏതോ ഒരു ഭ്രാന്തിജ്ഞാനത്തിന്റെ പ്രതീതിയാണ് ഇതു സൃഷ്ടിക്കുന്നത്. മൃഗതൃഷ്ണ, മരീചിക എന്നീ വാക്കുകൾ ആവർത്തിക്കുന്നു.


[നിരാനന്ദത്തിന്റെ ചിരി]

[ദുഃഖവും ഫലിതവും]

നമുക്ക് അറിയാനും വ്യാഖ്യാനിക്കാനും പ്രയാസമുള്ള ദു:ഖത്തിനു നേരെ നോക്കി ചിരിക്കുകയാണ് രവിയിലൂടെ നോവലിസ്റ്റ്. ഇത് ആനന്ദത്തിന്റെ ചിരിയല്ലെന്നും, മനുഷ്യന്റെ കഠിനമായ അവസ്ഥയുടെ നേർക്കുള്ള നിരാനന്ദത്തിന്റെ ചിരിയാണെന്നും കെ.പി.അപ്പൻ അഭിപ്രായപ്പെടുന്നു. എഴുത്തുകാരൻ ദാർശനികനായ കോമാളിയാവുകയാണ്. ഈ ചിരി രവി പാമ്പുകടിയേറ്റു മരിക്കുന്ന സന്ദർഭത്തിൽ രവിയിൽ പ്രത്യക്ഷമാകുന്നു. രവി പാമ്പിനു സ്വയം നിവേദ്യമാവുകയാണ്. നോവലിലെ ഈ സന്ദർഭം മൃതിഭീകരമായ പാവകളിയെന്ന പ്രയോഗത്തിലൂടെ കെ.പി. അപ്പൻ പരാമർശിക്കുന്നു. ഈയൊരു സന്ദർഭം ആഖ്യാനം ചെയ്യുന്ന നോവലിസ്റ്റ്, അസുരച്ചിരി ചിരിക്കുന്ന യോഗിയാകുന്നുവെന്നാണ് അപ്പന്റെ പക്ഷം. വിജയൻ ദു:ഖത്തെയും ഫലിതത്തെയും കലർത്തി ഉപയോഗിക്കുന്നു. 


[വിഷയാസക്തിയും യോഗാനുഭൂതിയും]

വിജയന്റെ സൃഷ്ടിപരമായ ഉന്മാദം ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. അപരിചിത ഭാവങ്ങൾ തേടി മറ്റുവഴികളിലേക്കു തിരിയുന്നു. വിഷയാസക്തിയും യോഗാനുഭൂതിയും ഇതിൽ കലർന്നൊഴുകുന്നു. വിഷയാസക്തിയുടെ കാളിന്ദിയിൽ നിന്നാണ് വിജയൻ സൗന്ദര്യം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. വ്യത്യസ്ത ഒഴുക്കോടു കൂടിയ ഈ രണ്ടു ഭാവങ്ങളെയും വിജയൻ കൂട്ടി യോജിപ്പിക്കുന്നു. പാപം ചെയ്യെത്തന്നെ മനസ്സിനെ അടക്കാൻ രവിക്കാകുന്നു. പ്രത്യേകിച്ചൊരാഗ്രഹവും രവിക്കില്ല. എന്നാൽ ഭോഗം നടത്തുകയും ചെയ്യുന്നു.

ഭാഷയിലും പ്രതീകങ്ങളിലും ഈ സ്വഭാവം കടന്നുവരുന്നു. അതിനുള്ള ഉദാഹരണങ്ങൾ വിമർശകൻ നിരത്തുന്നു.


യോഗാനുഭൂതിയും വിഷയാസക്തിയും ചേർന്നൊഴുകുന്ന സങ്കീർണ്ണമനോഭാവമാണ് എഴുത്തുകാരനെ നയിക്കുന്നത്. അതൊരു ദർശനബോധമായി പരിണമിക്കുന്നു. ഫലിതത്തിന്റെയും ദു:ഖത്തിന്റെയും സംബന്ധങ്ങളുണ്ടാക്കാനും വിഷയാസക്തിക്കും യോഗാത്മകതയ്ക്കും കലയുടെ തലത്തിൽ ജീവിതപ്പൊരുത്തം നല്കാനുമുള്ള വിജയന്റെ താല്പര്യം അദ്ദേഹത്തിന്റെ വൈകാരികമായ ഈ ഉഭയസ്വഭാവത്തെയാണ് കാണിക്കുന്നതെന്ന് കെ.പി.അപ്പൻ നിരീക്ഷിക്കുന്നു. ഈ ഉഭയസ്വഭാവം ജീവിതത്തെക്കുറിച്ച് ആഴത്തിലറിയാൻ എഴുത്തുകാരനെ ശക്തനാക്കുന്നു.


[ചിരിയിലെ ഐറണിയും അനുകമ്പയും]

രവി എല്ലാം നിസ്സംഗഭാവത്തിലാണ് കാണുന്നത്. അതേ മട്ടിൽ അനുഭവിക്കുകയും ചെയ്യുന്നു. ഐറണിയും അനുകമ്പയും കലർന്നൊഴുകുന്നതാണ് ഈ ചിരി.  നോവലിന്റെ രണ്ടാം പതിപ്പിന് ഒ.വി.വിജയനെഴുതിയ ആമുഖത്തെ കെ.പി. അപ്പൻ വിമർശിക്കുന്നു. അനാസക്തിയുടെ തീവ്രതയിൽ നിന്നും ഉരുത്തിരിയുന്ന ഹാസം വിജയന് നഷ്ടമാകുന്നതായി വിമർശകൻ കണ്ടെത്തുന്നു. നല്ല പുഷ്പത്തിനുള്ളിലെ ചടച്ച പുഴുവെന്ന പ്രയോഗം ഈ നോവലിനും അതിന്റെ ആമുഖത്തിനുമല്ലാതെ മറ്റൊന്നിനും ഇണങ്ങുകയില്ലെന്നാണ് വിമർശനം. 


[ലൈംഗികപാപബോധം മാത്രമല്ല]

ഈ നോവലിലെ ഒരു പ്രധാന പ്രശ്നമാണ് രവിയുടെ പാപബോധം. രവിയുടെ ലൈംഗികപാപബോധം വളരെ കടുത്തതായിരുന്നു. യാത്രയുമായി ബന്ധപ്പെട്ട പ്രതീകകൽപ്പനകളും നിരവധിയാണ്. രവിയുടെ ജീവിതം തന്നെ യാത്രയാണ്. ലൈംഗികപാപബോധത്തിന്റെ തലത്തിൽ മാത്രമായി രവിയുടെ പാപബോധം ഒതുങ്ങി നില്ക്കുന്നില്ലെന്ന് കെ.പി.അപ്പൻ വീക്ഷിക്കുന്നു. മനുഷ്യന്റെ ഏറ്റവും വലിയ പാപം ജനിക്കുന്നുവെന്നതാണെന്ന് ഷോപ്പൻ ഹൗവർ എന്ന ചിന്തകൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. പാപം ജീവിതത്തിന്റെ സ്ഥിതി തന്നെയാണെന്ന ബോധത്തിന്റെ സൃഷ്ടിയാണ് രവിയുടെ വിഷമാവസ്ഥ. അത് പ്രധാനമായും ലൈംഗികപാപബോധത്തിന്റെ സൃഷ്ടിയല്ല. 


[വസൂരിയും പാപവും]

വസൂരി ജന്മാന്തരങ്ങളിലേക്ക് വ്യാപിച്ചു നില്ക്കുന്ന അർത്ഥത്തോടെയാണ് ഇതിൽ പ്രത്യക്ഷമാകുന്നത്. കർമ്മസ്മൃതികളും കർമ്മബന്ധങ്ങളും ഇതിൽ പ്രത്യക്ഷമാണ്. ഭാരതീയ സകല്പത്തിൽ പാപരോഗമായ വസൂരി ഖസാക്കിലെ ജനതയെയാകെ ബാധിക്കുന്നു. ഇതിലൂടെ പാപം മനുഷ്യജീവിതത്തിന്റെ പൊതുവായ സ്ഥിതിയാണെന്ന ദർശനം നോവലിൽ അവതരിപ്പിക്കപ്പെടുന്നു.

മനുഷ്യ ജീവിതത്തിന്റെ സ്ഥിതിയാണ് പാപം. മനുഷ്യന്റെ ഏറ്റവും വലിയ പാപം ജനിക്കുന്നുവെന്നതു തന്നെ എന്ന ദർശനത്തിലേക്ക് ഖസാക്കിന്റെ ഇതിഹാസത്തിലെ ജീവിതബോധത്തെ വികസിപ്പിച്ചെടുക്കുകയാണ്.


[ജലവും ഗർഭപാത്രവും]

മനുഷ്യജീവിതമാകുന്ന പാപത്തിൽ നിന്നു രക്ഷപ്രാപിക്കാനുള്ള രവിയുടെ ഉപബോധമനസ്സിന്റെ അഭിലാഷങ്ങൾ ഗർഭപാത്രബിംബങ്ങളായി കടന്നുവരുന്നു. മലയാളത്തിനു തികച്ചും അപരിചിതമായ കൽപ്പനകളായാണ് ഇവ വരുന്നത്. ഒരു സന്ദർഭത്തിൽ രവി ഒരുപാടു നേരം വെള്ളത്തിൽ ആഴ്ന്നുകിടക്കുന്നുണ്ട്. ഗർഭപാത്രത്തിന്റെ പ്രതീകമാണ് ജലം. നിരാനന്ദത്തേക്കാൾ ഫലിതമയമായി യാതൊന്നുമില്ലെന്ന തിരിച്ചറിവിൽ ജീവിതത്തെ നോക്കിച്ചിരിക്കാൻ രവി ശ്രമിക്കുന്നതായി അപ്പൻ നിരീക്ഷിക്കുന്നു.


[കാലം]

കാലം ഈ നോവലിൽ പ്രധാന സാന്നിദ്ധ്യമാണ്. ദർശനത്തിന്റെ ഭാഗമായും ആവിഷ്കരണരീതിയെന്ന നിലയിലും അതു ഇടപെടുന്നു.

ഖസാക്കിന്റെ ഇതിഹാസത്തിൽ വർത്തമാന കാലത്തിന്റെ സാന്നിദ്ധ്യമാണുള്ളത്. വർത്തമാന കാലത്തിൽ ഭൂതകാലം തെളിയുകയാണ്. വർത്തമാനകാലത്തിലൂടെ ഭ്രമണം ചെയ്തു മറയുകയാണ് എല്ലാം. ഒന്നാം അധ്യായത്തിൽ പരാമർശിക്കുന്ന പതുക്കെ കറങ്ങിത്തിരിയുന്ന മനസ്സ് എന്ന സകല്പനം കാലം കലാസൃഷ്ടിയിൽ കറങ്ങിത്തിരിയുന്ന ഗോളമാണെന്നതിന്റെ സൂചനയാണ്.


കാലത്തിനെ സംബന്ധിച്ച ധാരണ നോവലിസ്റ്റിലും ഭീതി വിതച്ചിട്ടുണ്ടെന്നു കാണാം. ലോകത്തെ സങ്കീർണ്ണവും ദുഷ്കരവുമാക്കുന്നത് കാലമാണ്. മനുഷ്യനെ ഉഗ്രമായി പീഡിപ്പിക്കുന്ന ഉപകരണമാണത്. ഇതാണ് വിജയനുള്ള ഭീതി. എന്നാൽ ഈ ഭയത്തിലും നോവലിസ്റ്റ് ചിരിക്കുകയാണ് - ഒരു കോമാളിയുടെ ചിരി. സ്വന്തം തകർച്ചയെ വേദനിപ്പിക്കുന്ന യാഥാർത്ഥ്യമായി അംഗീകരിച്ചുകൊണ്ട് ആനന്ദരഹിതമായൊരു ചിരിയിലേക്ക് കുതിക്കാൻ ശ്രമിക്കുകയാണ്. 


ഖസാക്കിന്റെ ഇതിഹാസത്തിലെ അന്തരീക്ഷവും കഥാപാത്രങ്ങളും പ്രതീകങ്ങളും ബിംബങ്ങളും കാലവും എല്ലാം ഈ നിരാനന്ദത്തിന്റെ ചിരിയിൽ ലയിച്ചു കിടക്കുകയാണെന്ന് അപ്പൻ അഭിപ്രായപ്പെടുന്നു. ആ ചിരിയിലടങ്ങിയ ജീവിതദർശനത്തിന്റെ ലഹരിയിലാണ് വിമർശകൻ ഊന്നുന്നത്.















അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ