ഭാഷയെ വൈദ്യുതീകരിച്ച കവി -സജയ് കെ.വി.(മുഖ്യാശയങ്ങൾ)

 ഭാഷയെ വൈദ്യുതീകരിച്ച കവി എന്ന സജയ് കെ.വി.യുടെ ലേഖനത്തിലെ മുഖ്യാശയങ്ങൾ:

1.ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ കവിതകളിലെ അടിസ്ഥാന പ്രകൃതമെന്തെന്ന് ലേഖകൻ അന്വേഷിക്കുന്നു. ആധുനികതയുടെ തീവ്രഘട്ടത്തിലാണ് ചുളളിക്കാടിൻ്റെ രചനകൾ തീവ്രാനുഭൂതി പകർന്നിറങ്ങിയത്. ഇപ്പോൾ പകലിൻ്റെ ശാന്തമായ മൂന്നാം യാമത്തിലേക്ക് - ഉച്ചാവസ്ഥയ്ക്ക് ശേഷം- അത് പ്രവേശിച്ചിരിക്കുന്നു.


2. ചങ്ങമ്പുഴയുടെയും ഇടപ്പള്ളി രാഘവൻപിള്ളയുടെയും റൊമാൻറിക്  കാലശേഷം മലയാള കവിത തോറ്റവൻ്റെയും പുറന്തള്ളപ്പെട്ടവൻ്റേയും ശിഥില വാങ്മയമായി മാറുന്നത് ചുള്ളിക്കാടിലാണ്.

വാങ്മയം - വാക്കുകളുടെ സ്വരൂപം


3.ചുള്ളിക്കാട് കവിത മുറിവേറ്റതും കോപിച്ചതുമായ കടുത്ത ഭാഷണമാണ്. ജീവിതത്തെ സ്വന്തം അനുഭവങ്ങളെ മുൻനിർത്തി നിരാസത്തിൻ്റെയും തിരസ്കാരത്തിൻ്റെയും തുടർച്ചയെന്ന നിലയിലാണ് അദ്ദേഹം അഭിമുഖീകരിച്ചത്.


4.'യാത്രാമൊഴി' എന്ന കവിത ഒറ്റപ്പെട്ട, രക്ഷിക്കപ്പെടാത്ത, അപായത്തിലേക്കും മരണത്തിലേക്കും പതിച്ച, ആരോമൽചേകവരെന്ന വടക്കൻപാട്ടിലെ വീരനായക കഥാപാത്രത്തെ മുൻനിർത്തുന്നു. കണ്ണീരും ദു:ഖവും ദുരിതവുമൊക്കെ നിറഞ്ഞ അശുഭങ്ങളുടെ അലങ്കാരമാണ് ഈ കവിതയിലെ പരാജിതനുള്ളത്. എല്ലാ സഹനങ്ങൾക്കും സാക്ഷിയായ, ദു:ഖമൂർത്തിയായ അമ്മയോട് യാത്രപറഞ്ഞാണ് ചേകവർ ഇറങ്ങുന്നത്. ഈ കവിതയിലെ കണ്ണീരിൻ്റെ കാലവർഷം ഒരിക്കലും തോർന്നിട്ടില്ല - ചുള്ളിക്കാടിൻ്റെ കവിതകളിൽ.


5. ഒരു ഉന്മാദി(ഭ്രാന്തൻ), ഒരു പീഡിതൻ (പീഡനങ്ങൾക്ക് ഇരയാകുന്നവൻ),കുറ്റവാളി, രക്തസാക്ഷി - ഇവയിലൊന്ന്

ചുള്ളിക്കാടിൻ്റെ കവിതകളിലെ നിതാന്ത സാന്നിദ്ധ്യമാണ്.  മരണത്തിൻ്റെ കട്ടി നിറഞ്ഞ അന്തരീക്ഷവും കാണാം. 


6. 'ബലി' എന്ന കവിത മനുഷ്യൻ്റെ കൈകളിലുള്ള വിശ്വാസം ഉറപ്പിക്കുന്നു. മനുഷ്യൻ്റെ കൈകളെ പൊരുതുന്ന മനുഷ്യൻ്റെ കൈകളാക്കിത്തീർക്കാനുള്ള രാഷ്ട്രീയശക്തി ചുള്ളിക്കാടിൻ്റെ കവിതകൾക്കുണ്ട്.


7. ഏകാകികളോടും പോരാളികളോടും ഒരേ സമയം ഐക്യപ്പെടാൻ ചുള്ളിക്കാടിൻ്റെ കവിതയ്ക്ക് കഴിഞ്ഞു. മരണത്തെ പുല്കി നടക്കുന്ന ഒറ്റപ്പെട്ടവൻ്റെ ശബ്ദമാകാനും സംഘശബ്ദത്തിൻ്റെ പെരുമ്പറയാകാനും സാധിച്ചത് ഇതുകൊണ്ടാകാം.


8. പാബ്ലോ നെരൂദ എന്ന വിശ്വകവിയുടെ പ്രഭാവം ചുള്ളിക്കാടിനെ വിസ്മയിപ്പിച്ചിട്ടുണ്ട്. 'നെരൂദയ്ക്ക് ഒരു സ്തുതിഗീതം' എന്ന പേരിൽ ഒരു കവിത എഴുതിയിട്ടുണ്ട്. 'നിത്യരാത്രി' ഇടപ്പള്ളി രാഘവൻപിള്ളയുടെ ആത്മഹത്യാമുഹൂർത്തത്തെ മുൻനിർത്തി എഴുതിയതാകുന്നു.


9. ഇടപ്പള്ളിയുടെ ഇരുണ്ട ആകാശവും നെരൂദയുടെ കലാപസന്നദ്ധതയും ചുള്ളിക്കാടിൻ്റെ കവിതകളിലുണ്ടായിരുന്നു. നെരൂദയുടെ മഹത്തായ 'ദി സാഡെസ്റ്റ് പോയം ' എന്ന കവിത 'ഏറ്റവും ദു:ഖഭരിതമായ വരികൾ' എന്ന പേരിൽ അതിൻ്റെ ഗാഢത ചോരാതെ അദ്ദേഹം വിവർത്തനം ചെയ്തു. നെരൂദയുടെ കവിതകൾ അന്നത്തെ കാലഘട്ടത്തെ സ്വാധീനിച്ചവയായിരുന്നു.


10.നഗരാനുഭവങ്ങളുടെ തീക്ഷ്ണത ചുള്ളിക്കാടിൻ്റെ കവിതകളിൽ കാണാം. ഗ്രാമീണതയും കേരളീയതയും അതിൽ തേടാനാകില്ല. നഗരവനവാസിയാണ് ചുള്ളിക്കാടിലെ കവി. 'വ്യർത്ഥമാസത്തിലെ കഷ്ടരാത്രി', 'സഹശയനം' മുതലായ കവിതകൾ നാഗരികതയുടെ മാസ്മരികതയെയും വിഹ്വലതയെയും ആവിഷ്കരിക്കുന്നു.


11. നഗരാനുഭവങ്ങളുടെ സമൃദ്ധിയാൽ ശ്രദ്ധേയമാണ് " എവിടെ ജോൺ' എന്ന കവിത. നിയോൺ വസന്തം, സോഡിയം രാത്രിയും, നഗരാർത്ത ജാഗരവും ഇതിൽ കടന്നുവരുന്നു. വീടിൻ്റെയും ഗ്രാമത്തിൻ്റെയും അഭാവത്തെ സത്രത്താലും നഗരത്താലും പൂരിപ്പിക്കുകയാണ് ചുള്ളിക്കാട്.


12. വിശപ്പ്, കാമം പോലുള്ള അടിസ്ഥാന മനുഷ്യാനുഭവങ്ങളെ സകലതീവ്രതയിലും ആവിഷ്കരിച്ച് ചരിതാർത്ഥമാകുന്ന കവിതയാണ് ചുള്ളിക്കാടിൻ്റേത്. 'അന്നം' എന്ന കവിത, വൈലോപ്പിള്ളി, മരണം എന്നീ വിഷയങ്ങൾ പോലെ തന്നെ വിശപ്പിനെക്കുറിച്ചുമാകുന്നു. 'അമാവാസി' വിശപ്പിനെ പ്രതിനിധീകരിക്കുന്ന കവിതയാണ്. കാമത്തെ തപ്തവും തീക്ഷ്ണവും നിശിതവുമാക്കുന്നു ചുള്ളിക്കാട്. സഹശയനം, ആദ്യരാത്രി മുതലായവ ഉദാഹരണം.


13. കവിതയിലെ വക്താവും ( പറയുന്ന ആൾ) കവിയും ഒരാളാണെന്ന പ്രതീതിയുളവാക്കുന്നവയാണ് ചുള്ളിക്കാടിൻ്റെ കവിതകൾ. കോപിഷ്ഠനായ പിതാവും പുറന്തള്ളപ്പെട്ട പുത്രനും ഒത്തുചേരുന്ന അശാന്തമായ ഒരു കുടുംബചിത്രം 'സഹശയനം' എന്ന കവിതയിലുണ്ട്. 


14. 'ചിദംബര സ്മരണ' ചുള്ളിക്കാടിൻ്റെ അനുഭവവിവരണമാണ്. കവിതകളുടെ അടിക്കുറിപ്പുകളായും വിശദീകരണക്കുറിപ്പുകളായും അവ വായിക്കപ്പെട്ടു എന്നതാണ് അവയുടെ വലിയ പ്രത്യേകത.


15. തീവ്രവൈകാരികതയുടെ വൈദ്യുതി പായുന്ന ഒരു കാവ്യഭാഷയും അതിന് യോജിച്ച പദച്ചേർച്ചകളും ചുള്ളിക്കാടിനുണ്ടെന്ന് സജയ് കെ.വി. വ്യക്തമാക്കുന്നു. ഉദാഹരണമായി, അമാവാസി, ഗസൽ എന്ന കവിതകളിൽ നിന്നുമുള്ള ഭാഗങ്ങൾ ഉദ്ധരിക്കുന്നു. ഭാഷയെ വൈദ്യുതീകരിക്കുന്ന കലയാണ് ചുള്ളിക്കാടിൻ്റെ കവിതയുടെ മാത്രം പ്രത്യേകത.


ഭാഷയെ വൈദ്യുതീകരിക്കുന്നതിലൂടെ വാക്കുകൾക്ക് ഊർജ്ജവും പ്രകാശവും ചൊരിഞ്ഞ കവിയാണ് ചുള്ളിക്കാടെന്ന് നമുക്ക് വ്യാഖ്യാനിക്കാം.

- ഗണേശൻ വി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ