വന്മരങ്ങൾ വീഴുമ്പോൾ - എൻ.എസ്.മാധവൻ (കഥാസ്വാദനം)

മലയാളത്തിലെ ശ്രദ്ധേയമായ രാഷ്ട്രീയകഥയാണ് 'വന്മരങ്ങൾ വീഴുമ്പോൾ'. മികച്ച ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ.എസ്.മാധവനാണ് ഈ കഥയുടെ രചയിതാവ്. സമകാലിക രാഷ്ട്രീയ സാംസ്കാരിക സംഭവങ്ങളെ തൂലികാവിഷയമാക്കുന്നതിലുള്ള അദ്ദേഹത്തിൻ്റെ പാടവം വന്മരങ്ങൾ വീഴുമ്പോൾ എന്ന കഥയിൽ കാണാം.


തികച്ചും യഥാർത്ഥമായ, ഭാരതത്തെ ഇളക്കിമറിച്ച രാഷ്ട്രീയ സംഭവമാണ് ഈ കഥയുടെ പശ്ചാത്തലമായി നില്ക്കുന്നത്. 1984 ഒക്ടോബർ 31 ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയുടെ വധവും അതിനെത്തുടർന്ന് ഒരു പ്രത്യേക മതവിഭാഗത്തിനു നേരെ നടന്ന ക്രൂരമായ വംശഹത്യയുമാണ് വന്മരങ്ങൾ വീഴുമ്പോൾ എന്ന കഥയുടെ പശ്ചാത്തലം. 


അമൃത്‌സറിൽ സിഖുകാരുടെ പുണ്യക്ഷേത്രമായ സുവർണ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. 1984 june 1 മുതൽ 10 വരെ സുവർണ്ണക്ഷേത്രത്തിൽ തമ്പടിച്ച ഭീകരവാദികളായ സിഖുകാരെ തുരത്താൻ ഇന്ത്യൻ പട്ടാളം നടത്തിയ മുന്നേറ്റമാണ് 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' എന്നറിയnപ്പെടുന്നത്. ഭീകരവാദി നേതാവായ ഭിന്ദ്രൻവാല ഇതിൽ കൊല്ലപ്പെട്ടു. എന്നാൽ സുവർണ്ണക്ഷേത്രത്തിൽ ആചാരമര്യാദകൾ ലംഘിച്ച് സൈന്യം നടത്തിയ ഇടപെടൽ സിഖുകാരുടെ മതവിശ്വാസത്തിന് വലിയ പോറലുണ്ടാക്കി. വിശേഷിച്ചും തീവ്രവിശ്വാസികൾ ഇത് മുതലെടുക്കാൻ പരിശ്രമിക്കുകയും ചെയ്തു.


ഇതിന് ഉത്തരവാദി, സൈനിക നീക്കത്തിന് ഉത്തരവിടാൻ പ്രേരിപ്പിച്ച ഇന്ദിരാഗാന്ധിയാണെന്ന് ചിലർ വിശ്വസിച്ചു. സിഖ് തീവ്രവാദികൾ ഇന്ദിരയുടെ ജീവനെടുക്കാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ അക്കൂട്ടരെ അംഗരക്ഷകർ, സുരക്ഷാവിഭാഗം, സന്ദർശകർ എന്നീ നിലകളിൽ ഒഴിവാക്കി നിർത്തണമെന്നും ഇൻ്റലിജൻസ് അറിയിച്ചിരുന്നെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനെതിരെ അത്തരമൊരു നടപടി സ്വീകരിക്കുന്നതിന് ഇന്ദിരാഗാന്ധിക്ക് യോജിച്ചില്ല. അതിനാൽ അവരുടെ സുരക്ഷാ സേനയിൽ സിഖ് വിഭാഗത്തിന് തുടരാൻ സാധിച്ചു. പക്ഷേ, പല സിഖുകാരിലും സുവർണ്ണ ക്ഷേത്രവുമായി ബന്ധപ്പെട്ട സംഭവത്തിൽ കഠിന അമർഷമുണ്ടായിരുന്നു. അതങ്ങനെ നീറിപ്പുകഞ്ഞുകൊണ്ടിരുന്നു. ഇന്ദിരയുടെ ചില സിഖ് അംഗരക്ഷകർക്കും ഇക്കാരണത്താൽ ശക്തമായ വിദ്വേഷമുണ്ടായിരുന്നു.


ഇതിൻ്റെ ബാക്കിപത്രമെന്നോണം 1984 ഒക്ടോബർ 31 പ്രഭാതത്തിൽ സത് വന്ത് സിങ്ങ്, ബിയാന്ത് സിങ്ങ് എന്നീ അംഗരക്ഷകർ ഇന്ദിരാഗാന്ധിയ്‌ക്കെതിരെ വെടിയുതിർത്തു.

തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ബിയാന്ത് സിങ്ങ് വധിക്കപ്പെട്ടു. ഇന്ദിര ഡെൽഹി എയിംസ് ഹോസ്പിറ്റലിൽ വെച്ച് മരണമടഞ്ഞു. സത് വന്ത് സിങ്ങ്, മറ്റൊരു ആസൂത്രകൻ എന്നിവരെ പിന്നീട് വിചാരണക്ക് ശേഷം തൂക്കിലേറ്റി.


എന്നാൽ നവംബർ 1 മുതൽ ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഇന്ദിരാഗാന്ധിയുടെ വധത്തിന് കാരണക്കാർ സിഖുകാരാണെന്ന് ആരോപിച്ച് അക്കൂട്ടർക്കെതിരെ ലഹള പൊട്ടിപ്പുറപ്പെട്ടു. ഇതിന് ആഹ്വാനം ചെയ്തത് അന്നത്തെ ഭരണവർഗ്ഗ പാർട്ടിയിലെ ചില പ്രമുഖർ തന്നെയായിരുന്നു. 3000 ഓളം സിഖ്കാർ കലാപത്തിൽ ഡൽഹിയിൽ മാത്രം വധിക്കപ്പെട്ടു. സിഖുകാരുടെ വീടുകൾ ആക്രമിക്കപ്പെട്ടു. സ്ത്രീകൾ ഉപദ്രവിക്കപ്പെട്ടു. സിഖ്കാർ ദേശവിരുദ്ധരാണെന്നാണ് അക്രമികൾ പ്രചരിപ്പിച്ചത്. കുട്ടികളും വയസ്സന്മാരും അടക്കം വധിക്കപ്പെട്ടു. ഗുരുദ്വാരകൾ ആക്രമിക്കപ്പെട്ടു. ആയിരക്കണക്കിന് സിഖ്കാർ ഭയന്ന് പലായനം ചെയ്തു. അവരുടെ വീടുകൾ, കടകൾ, വാഹനങ്ങൾ മുതലായവ അക്രമിക്കപ്പെട്ടു. പൊലീസിൻ്റെ പിന്തുണയും അക്രമികൾക്ക് പരോക്ഷമായി കിട്ടിയതായി പറയപ്പെടുന്നു.


ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ദിനം തന്നെ, കല്ക്കത്തയിലായിരുന്ന പുത്രൻ രാജീവ് ഗാന്ധി ന്യൂഡൽഹിയിലെത്തുകയും പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നുണ്ടായ കലാപങ്ങൾക്ക് അനുവാദം കൊടുക്കും വിധം ഒരു പ്രസ്താവനയും പിന്നീട് അദ്ദേഹം നടത്തി. വന്മരങ്ങൾ നിലംപതിക്കുമ്പോൾ ഭൂമി കുലുങ്ങുന്നത് സാധാരണമാണെന്നാണ് രാജീവ് ഗാന്ധി പറഞ്ഞത്. 


ഇന്ദിരയുടെ വധവും അനന്തര സംഭവങ്ങളുമാണ് ' വന്മരങ്ങൾ വീഴുമ്പോൾ' എന്ന കഥയിലെ പശ്ചാത്തലം. മീററ്റിലെ ഒരു കന്യാസ്ത്രീ മഠത്തിൻ്റെ സൂക്ഷിപ്പുകാരിയായ സിസ്റ്റർ അഗതയുടെ അനുഭവങ്ങളും ചിന്തകളുമാണ് ഈ കഥയിലുള്ളത്. മറ്റ് പ്രധാന കഥാപാത്രങ്ങൾ ജഗ്ഗി- ജോഗീന്ദർ സിങ്ങ് - എന്ന സിഖ് ബാലനും അവൻ്റെ അമ്മ അമരീന്ദറും മഠത്തിലെ മറ്റ് സിസ്റ്റർമാരുമാണ്. ബാലനായ ജഗ്ഗിയും അമരീന്ദറും അക്രമികളിൽ നിന്നും വളരെ സാഹസികമായി രക്ഷപ്പെട്ട്‌ മഠത്തിലെ നല്ലവരായ കന്യാസ്ത്രീകളുടെ കാരുണ്യത്തിൽ കഴിയുകയാണ്. ജഗ്ഗിക്ക് അവൻ്റെ ജ്യേഷ്ഠനെയും പിതാവിനെയും നഷ്ടമായി. അവരെ അക്രമികൾ വധിച്ചു. അമരീന്ദർ ഭാഗ്യം കൊണ്ട്,  അക്രമിയെ കടിച്ചു പരിക്കേല്പിച്ച് രക്ഷപ്പെട്ട് പോന്നതായിരുന്നു. അവരെത്തേടി അക്രമികൾ മoത്തിന് ചുറ്റുമുണ്ട്. ഈ നിലയിലും അവരെ സംരക്ഷിക്കാൻ മഠത്തിലെ സിസ്റ്റർമാർ തയ്യാറാവുകയാണ്. മനുഷ്യപ്പറ്റുള്ള ഈ സിസ്റ്റർമാർ ഒരു പ്രചോദനമാകുമെന്ന് തീർച്ച. അവസാനം ജഗ്ഗുവിനെയും അമ്മയെയും ആംബുലൻസിൽ കയറ്റി സുരക്ഷിത സ്ഥാനത്തെത്തിക്കാനും വളരെ കഠിനവും സാഹസികവുമായ ഉദ്യമം അവർ നടത്തുന്നു. മനുഷ്യ ജീവൻ്റെ വില ക്രിസ്തുദേവൻ്റെ ത്യാഗത്തിൽ നിന്നും ഉൾക്കൊണ്ട് നടപ്പിലാക്കുകയാണ് നല്ലവരായ ഈ കന്യാസ്ത്രീകൾ. ജഗ്ഗു അവിടെ ചിലവഴിച്ച കുറച്ചു മണിക്കൂറുകൾക്കുള്ളിൽത്തന്നെ അന്തേവാസികളുടെ പ്രിയപുത്രനായി മാറി. അവനെക്കൂടാതുള്ള നിമിഷങ്ങൾ ഘോരവും വിരസവുമായി, യാന്ത്രികമായി മരണമുഖത്തേക്ക് തുഴയുന്ന അവർക്ക്, അനുഭവപ്പെട്ടു. 


ആ കാലയളവിൽ സമൂഹത്തിൽ നിഴലിച്ച ഭീതിയെയും മീററ്റിലും പരിസരപ്രദേശങ്ങളിലും അരങ്ങേറിയ സിഖ് നായാട്ടിനെയും സംഘർഷാത്മകമായ ദിനരാത്രങ്ങളെയും ചടുലമായി യഥാതഥം അവതരിപ്പിക്കുകയാണ് കഥാകൃത്ത്. അനുഭവിച്ചറിഞ്ഞതും കണ്ടറിഞ്ഞതുമായ യാഥാർത്ഥ്യമെന്നോണം ഇതിവൃത്തത്തെ വികാരഭരിതമാക്കാൻ എൻ.എസ്.മാധവന് സാധിച്ചിട്ടുണ്ട്. 

രാഷ്ട്രീയ നേതാക്കന്മാർ ഇത്തരം അതിക്രമങ്ങൾക്ക് ചൂട്ടു പിടിക്കുന്നതിനെതിരെയുള്ള വിമർശനവും കഥാകൃത്ത് ഭംഗ്യന്തരേണ നിർവഹിക്കുന്നു. രാഷ്ട്രീയ താല്പര്യങ്ങളുടെ കളത്തിൽ മാനുഷികതയ്ക്ക് തെല്ലും സ്ഥാനമില്ലെന്ന സത്യം തുറന്നു പറയുന്ന എൻ.എസ്.മാധവൻ മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയകഥയ്ക്കാണ് പിറവി നല്കിയിരിക്കുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ