എതിര് : ഒമ്പതാമദ്ധ്യായം വിശകലനം

 ഓപ്പൺ അല്ലാത്ത ശത്രു

സൗഹൃദഭാവത്തിൽ നാം കാണുന്ന നമ്മുടെ ഉത്കർഷത്തിനായി പ്രയത്നിക്കുന്നുവെന്ന് നാം കരുതുന്ന വ്യക്തികളോ സംഘടനകളോ നമ്മുടെ വളർച്ചയെ ഗൂഢമായി തടയാം. അതാണ് ‘ഓപ്പൺ അല്ലാത്ത ശത്രു’ എന്ന പ്രയോഗത്തിലൂടെ ഉദ്ദേശിക്കുന്നത്. അത്തരം അനുഭവങ്ങളാണ് ഈ അദ്ധ്യായത്തിൽ എം. കുഞ്ഞാമൻ വിവരിക്കുന്നത്.

ഇന്ത്യയിൽ രഞ്ജിത്ത് ഗുഹയുടെ നേതൃത്വത്തിൽ സബാൾട്ടൻ ഹിസ്റ്ററി പ്രധാന വൈജ്ഞാനിക ശാഖയായി വളർന്നു. തിരുവനന്തപുരത്ത് ‘സെൻ്റർ ഫോർ സബാൾട്ടൻ സ്റ്റഡീസ്’ എന്ന കേന്ദ്രം സ്ഥാപിതമായി. കെ.എൻ. പണിക്കർ ചെയർമാൻ. Globalization: A Sabaltern Perspective എന്ന ഡോ.എം.കുഞ്ഞാമൻ്റെ കൃതി അതിൻ്റെ മേൽനോട്ടത്തിലാണ് പ്രസിദ്ധീകരിച്ചത്. അന്ന് കീഴാളപരിപ്രേക്ഷ്യം അവതരിപ്പിക്കാൻ സമർത്ഥരായ ചിന്തകർ ഇവിടെ കുറവാണ്. ദലിതരിൽ നിന്നും എഴുത്തുകാരും ചിന്തകരും വർദ്ധിച്ചത് ഇപ്പോഴാണ്. കെ.കെ. കൊച്ച്, സനൽ മോഹൻ, രേഖരാജ്, ജയശീലൻ… ദലിത്ചിന്തകരുടെ പഠനങ്ങൾ ഇടതുപക്ഷം എന്ന മതിലിനകത്ത് തമസ്കരിക്കപ്പെട്ടുവെന്നാണ് കുഞ്ഞാമൻ്റെ നിഗമനം. 

കമ്യൂണിസ്റ്റു പാർട്ടിയുടെ ഫേക്ക് ദലിത് മുദ്ര

ദലിത് പഠനങ്ങളെ തമസ്കരിക്കുന്നതിലും അതിൻ്റെ ആശയങ്ങൾ ഹൈജാക്ക് ചെയ്യുന്നതിലും ഇടതുപക്ഷം വിജയിച്ചതിനാൽ ദലിത് പഠനങ്ങൾ ഒരു ചിന്താലോകമായി ഇവിടെ രൂപപ്പെട്ടില്ലെന്ന് എം.കുഞ്ഞാമൻ കരുതുന്നു. ദലിത് ആദിവാസി വിഭാഗങ്ങളിൽ നിന്നും പ്രതിഭാധനരായ വ്യക്തികൾ കമ്യൂ പാർട്ടിയിൽ ഉയർന്നു വന്നിട്ടില്ല. പ്രൊഫ എം. കുഞ്ഞാമന് വ്യക്തിപരമായി ഏറ്റുമുട്ടേണ്ടി വന്നത് കമ്യൂണിസ്റ്റുകാരുമായാണ്. അദ്ദേഹത്തിനു പ്രൊഫസർ തസ്തികയിൽ നിയമനം നിഷേധിച്ചതു ശരിയായില്ലെന്ന് സിൻഡിക്കേറ്റിലെ കോൺഗ്രസ് അംഗം പറഞ്ഞു. നിങ്ങളത് അതാതു ഫോറത്തിലാണ് പറയേണ്ടതെന്നായി കുഞ്ഞാമൻ. കോൺഗ്രസ്സുകാർ കുറേക്കൂടി സഹിഷ്‌ണുത കാട്ടുന്നവരാണെന്നാണ് അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട്.

ജനകീയാസൂത്രണത്തിനായി ഇടതിനോടു ചേർന്നുനിൽക്കുന്ന സമയത്താണ് എം കുഞ്ഞാമനെ പ്രൊഫസർ തസ്തികയിൽ നിന്ന് തഴഞ്ഞത്. കമ്യൂണിസ്റ്റുകാർ കൂടെ നിന്ന് ഇങ്ങനെ തഴഞ്ഞുകളയും. ഓപ്പൺ ആയ ശത്രുവാണ് നല്ലത്. ശത്രു എന്നു പറയാതെ ശത്രുത കാട്ടുന്നവരാണ് ഓപ്പണല്ലാത്ത ശത്രുക്കൾ. വിശ്വസിക്കാൻ കൊള്ളാത്തവർ. മറ്റുള്ളവർ ദലിതർക്കു തരില്ലെന്നു തുറന്നു പറയുമ്പോൾ കമ്യൂണിസ്റ്റുകാർ ദലിതർക്ക് തരില്ല എന്നു പറയില്ല. പക്ഷേ, അവർ നൽകില്ല. അവർ ദലിത് വിഭാഗങ്ങൾക്കെതിരാണെന്നാണ് എം. കുഞ്ഞാമൻ അഭിപ്രായപ്പെടുന്നത് (എതിര്, പുറം 64, 2023).

അംബേദ്ക്കറിസവും മാർക്സിസവും

ഇന്ത്യയിൽ രണ്ടു പ്രത്യയശാസ്ത്രധാരകളാണുള്ളത്. അംബേദ്ക്കറിസവും മാർക്സിസവും. ഒരിക്കലും ഒന്നിക്കാത്ത സമാന്തരാശയങ്ങൾ. 1952 ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ അംബേദ്ക്കറെ തോൽപ്പിക്കാനാണ് കമ്യൂ പാർട്ടി യത്നിച്ചത്. അംബേദ്ക്കറെ ഉൾക്കൊള്ളാനവർക്കായിട്ടില്ല. ഒരിക്കലും അതിനു കഴിയുകയുമില്ല. അടിച്ചമർത്തപ്പെട്ടവരുടെ ഇടയിലേക്കിറങ്ങിച്ചെല്ലാൻ എവിടെയും മാർക്സിസത്തിന് അധികം സാധിച്ചിട്ടില്ല. മാർക്സിസം അംബേദ്ക്കറിസവുമായി ചേർന്ന് ദലിത് പാന്തേഴ്സ് രൂപീകരിച്ചു യോജിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

ഭൂപരിഷ്‌കരണത്തെക്കുറിച്ചു കമ്യൂ.പാർട്ടിയെക്കാളും ധാരണ അംബേദ്ക്കറിനുണ്ടായിരുന്നു. കൃഷിഭൂമി ദേശസാൽക്കരിക്കാനും ഭരണകൂടത്തിൻ്റെ ഉടമസ്ഥതയിൽ കൊണ്ടുവന്ന് കർഷകർക്കു വീതിച്ചു നൽകാനും കൂട്ടുകൃഷി സമ്പ്രദായം നടപ്പിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇതൊന്നും ആരും ശ്രദ്ധിച്ചില്ല.

ഭൂമി ആവശ്യപ്പെട്ടുകൊണ്ടുള്ള ദലിത നീക്കങ്ങളെ കമ്യൂ. പാർട്ടികൾ അടിച്ചമർത്താറാണ് പതിവ്. അവരുടെ അടിത്തറയില്ലാതാകുമെന്നവർ ഭയക്കുന്നു. ദലിത് ആദിവാസി ഭൂമി മറ്റുള്ളവർ കയ്യടക്കുന്നതു സൂചിപ്പിച്ചാൽ കമ്യൂ.പാർട്ടിക്കാർ പ്രതികരിക്കില്ല. ചെയ്യേണ്ടതെല്ലാം ഞങ്ങൾ ചെയ്യുന്നുണ്ടെന്നു പറയും. ഇനിയത് പുന:പരിശോധിക്കേണ്ടതില്ലെന്നാണ് നിലപാട്. ദലിതരിൽ നിന്നും അഭിപ്രായങ്ങൾ ഉയർന്നുവരരുതെന്നാണ് താൽപ്പര്യം. ഭരണയന്ത്രം ഉപയോഗിച്ച് ആളുകളെ നിശ്ശബ്ദരാക്കുകയാണ്. വിമർശിക്കുന്നവരെ വെറുതെ വിടില്ല. ക്ഷമകെട്ട കമ്യൂ.പാർട്ടികൾ വിമർശിക്കുന്നവരെ തടയുന്നവരാണ്. എന്നാൽ ലിബറൽഘടനയുള്ള പാർട്ടിയായ കോൺഗ്രസ് തങ്ങൾക്ക് താൽപ്പര്യമില്ലാതിരുന്നിട്ടും അംബേദ്ക്കറെ ഉൾക്കൊണ്ടു.

ഇന്ത്യയിലെ സാമൂഹികനീതിയെക്കുറിച്ചു ശാസ്ത്രീയമായും വസ്തുനിഷ്ഠമായും അംബേദ്കർ പഠിച്ചു. സമത്വമില്ലാത്ത സമൂഹത്തിൽ നീതിയുണ്ടാകില്ലെന്ന് യുക്തിപൂർവം വാദിച്ചു. സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നിവയാണ് നീതിയുടെ മൂന്ന് അടിസ്ഥാനശിലകൾ. ദലിതർക്ക് സാമൂഹികനീതി ലഭിക്കേണ്ടതുണ്ട്. അടിച്ചമർത്തപ്പെടുന്നവൻ്റെ വിമോചനത്തിനുള്ള അംബേദ്ക്കറുടെ പദ്ധതി വിപുലമായിരുന്നു. ഇതേ സന്ദർഭത്തിൽ മാർക്സിസത്തെയും എം.കുഞ്ഞാമൻ വിചാരണ ചെയ്യുന്നു. മാർക്സിസം വിമോചന ശാസ്‌ത്രമല്ലെന്നും മുതലാളിത്തത്തെ കേന്ദ്രീകരിച്ചുള്ള വിശകലനമാണതെന്നും അദ്ദേഹം വാദിക്കുന്നു. ഇക്കാരണത്താൽ ഇന്ത്യയിലെ കറുത്തവനും അടിമകൾക്കും ഊ ഇസത്തെ വിമോചനശാസ്ത്രമായി കാണാൻ കഴിഞ്ഞില്ല. അവരുടെ മൗലികവിഷയങ്ങളിൽ മാർക്സിസം ഇടപെട്ടിട്ടില്ല. ഇവിടെ എം.കുഞ്ഞാമൻ തറപ്പിച്ചു പറയുന്നു: “ വർഗേതര സമരങ്ങളാണ്, അതായത് ജാതിവിരുദ്ധ സ്ത്രീ പരിസ്ഥിതി സമരങ്ങളാണ് ഇന്ത്യയിൽ സാമൂഹികമാറ്റം കൊണ്ടുവന്നത്. ഇതിലേറ്റവും മുന്നിൽ ദലിത് സമരങ്ങളാണ്.”

ദലിത് വിഭാഗത്തിൻ്റെ സമരങ്ങളെയും പിന്നാക്ക വിഭാഗങ്ങളുടെ സമരങ്ങളെയും അദ്ദേഹം തുലനം ചെയ്യുന്നു. ദലിത് സമരങ്ങൾക്ക് തനതായ സ്വഭാവമുണ്ട്. അവരുടെ സമരം ജാതിവിരുദ്ധ സമരങ്ങളായിരുന്നു. ജാതിവ്യവസ്ഥയ്ക്കെതിരായത്. പിന്നോക്കവിഭാഗക്കാർ ജാതിക്കെതിരെ സമരം ചെയ്തിട്ടില്ല. ഉയർന്നജാതിക്കാർക്കെതിരായ സമരങ്ങളായിരുന്നു അവർ നടത്തിയിരുന്നത്. 

സാമൂഹികമാറ്റത്തെ സ്വാഗതം ചെയ്യുന്ന സാമ്പത്തിക പരിപാടിയുണ്ടെങ്കിൽ മാത്രമേ ദലിതരെ ഇടതുപക്ഷത്തേക്ക് ആകർഷിക്കാൻ സാധിക്കുകയുള്ളൂ. സമ്പത്തിൽ നിന്ന് മാറ്റിനിർത്തപ്പെടുന്ന ദലിതർക്കു വേണ്ടി ഒരു പരിപാടിയും ഒരു പാർട്ടിക്കുമില്ല. വോട്ടിൻ്റെ സമയത്തുമാത്രമാണ് പാർട്ടികൾക്ക് ജനം വേണ്ടത്. ഒരു ‘മതേതര പുറന്തള്ളൽ’ ദലിത് പ്രാതിനിധ്യത്തിൻ്റെ കാര്യത്തിൽ പ്രധാന കമ്യൂ. പാർട്ടി സ്വീകരിക്കുന്നു. അതിൻ്റെ മതേതര-ജാതിവിരുദ്ധ നിലപാട് വ്യാജമാണെന്നും എം. കുഞ്ഞാമൻ വിമർശിക്കുന്നു. വെറും വോട്ടർമാരായിട്ടാണ് ദലിതരെ അവർ കാണുന്നത്. സി.പി.എമ്മും സി.പി.ഐയും ബഹുവർഗ്ഗ പാർട്ടികളാണ്; സമ്പന്നരും സവർണ്ണ രും അതിലുണ്ട്.

തങ്ങളുടെ അടിത്തറ നഷ്‌ടപ്പെടുമെന്ന ഭയത്താൽ ദലിത് പ്രസ്ഥാനം ശക്തിപ്പെടാൻ ഇടതുപക്ഷം അനുവദിക്കില്ലെന്ന് എം. കുഞ്ഞാമൻ അഭിപ്രായപ്പെടുന്നു. ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിലെ ശ്രേണീബദ്ധതയെയും അസമത്വത്തെയും ചോദ്യം ചെയ്യേണ്ടതുണ്ട്. ഇന്ന് അംബേദ്ക്കറുടെ പ്രസക്തിയേറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തെ മുൻനിർത്തിയാണ് സമരങ്ങൾ രൂപപ്പെടുന്നത്. ഹരിജൻ എന്ന വാക്കിൽ അഭിമാനം കൊള്ളുന്ന തലമുറ വളർന്നു വരികയാണ്. അത് മറ്റുള്ളവരിൽ ഭയമുളവാക്കുന്നു. പുതിയ രാഷ്ട്രീയത്തിൻ്റെ അവബോധവും ധൈര്യവും അഭ്യസ്തവിദ്യരായ ദലിത് ചെറുപ്പക്കാരിൽ കാണുന്നു. അംബേദ്ക്കറിസമാകട്ടെ ഒരു പ്രത്യയശാസ്ത്രമായി അടിച്ചമർത്തപ്പെട്ട സാമൂഹിക വിഭാഗങ്ങളിൽ ഇടപെടുന്നു. പ്രത്യാശാപൂർണ്ണമായ നിലപാടുകളിലേക്കും ചിന്തകളിലേക്കും എം.കുഞ്ഞാമൻ എത്തുന്നതു കാണാം. പക്ഷേ, കേരളത്തിൽ അംബേദ്ക്കറിസത്തിൽ ഊന്നികൊണ്ട് ഒരു ദലിത് വിദ്യാർത്ഥി പ്രസ്ഥാനം ഇനിയും ഉയർന്നു വന്നിട്ടില്ല. ഇടതുപക്ഷത്തെ ഇവിടെയും നിഷ്‌കരുണം വിമർശിക്കുകയാണ് എം കുഞ്ഞാമൻ. ഇടതുപക്ഷം വർഗ-പ്രത്യയശാസ്ത്ര നിരപേക്ഷമാണ്. അവർ ബൂർഷ്വാ പാർലമെൻ്ററി പാർട്ടികളാണ്. ഇടതുപക്ഷം വർഗപക്ഷമല്ല. അതൊരു അറേഞ്ചുമെൻ്റാണ്. തിരഞ്ഞെടുപ്പിൽ മൽസരിക്കാനും അധികാരം പങ്കിടാനുമുള്ള സംവിധാനം മാത്രമാണത്. വിമർശിക്കുമ്പോൾ, ദലിത് വിഭാഗത്തിനു വേണ്ടി സത്യത്തിൻ്റെ പക്ഷത്തു നിൽക്കാനും നിർഭയം നിലപാടുകൾ രേഖപ്പെടുത്താനും സന്നദ്ധനായ ഒരു ആക്ടിവിസ്റ്റിൻ്റെ വീര്യം എം.കുഞ്ഞാമൻ്റെ എഴുത്തിൽ പ്രകടമാകുന്നു.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മരപ്പാവകൾ - കാരൂർ

കരുണ - കുമാരനാശാൻ

സഞ്ചാരസാഹിത്യം സാമാന്യാവലോകനം