ആധുനികവിദ്യാഭ്യാസം

മൊഡ്യൂൾ 4

പാർട്ട്  7

3.ആധുനിക വിദ്യാഭ്യാസം

സാമൂഹിക സാംസ്കാരിക പുരോഗതിയിലേക്കും പരിവർത്തനങ്ങളിലേക്കും കേരളത്തെ നയിക്കുന്നതിൽ ആധുനികവിദ്യാഭ്യാസം സമാനതകളില്ലാത്ത പങ്കാണ് വഹിക്കുന്നത്. ജാതീയമായ ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളും നിലനിന്നിരുന്ന ഒരു സമൂഹത്തിൽ നിന്നും അറിവിൻ്റെയും (Information) വിജ്ഞാനത്തിൻ്റെയും (knowledge) ഉന്നതമായ മേഖലകളിലേക്ക് ഈ നാടിനെ നയിക്കുന്ന ചാലകശക്തിയായി വിദ്യാഭ്യാസമേഖലയിലെ വിപ്ലവാത്മക ചലനങ്ങൾ പരിണമിച്ചു. 

ആദ്യകാലവിദ്യാഭ്യാസ രീതികൾ

ഒരു കാലഘട്ടത്തിൽ ഉയർന്ന ജാതിക്കാർക്കു മാത്രമാണ് വിദ്യാഭ്യാസം ലഭ്യമായിരുന്നത്. ‘ശൂദ്രമക്ഷര സംയുക്തം ദൂരത:പരിവർജ്ജയേത്’ എന്നാണ് കരുതിയിരുന്നത്. ശൂദ്രനെ അക്ഷരം പഠിപ്പിക്കരുത്, അവനെ അവിടന്ന് മാറ്റിനിർത്തണം എന്നാണ് ഈ വരിയുടെ അർത്ഥം. എന്നാൽ ഈ വരികൾ ഉള്ളടങ്ങുന്ന ശ്ലോകത്തിലെ ആശയം സണ്ണി എം കപിക്കാട് വിശകലനം ചെയ്യുന്നുണ്ട്. മദം പൊട്ടിയ ആനയെപ്പോലെയാണ് അക്ഷരം പഠിച്ച ശൂദ്രൻ. എന്നിരുന്നാലും മികച്ച ഈഴവവൈദ്യന്മാരും ജ്യോതിഷ പണ്ഡിതന്മാരായ കണിയാന്മാരും ഇവിടെ ഉണ്ടായിട്ടുണ്ട്. 

പഴയകാലത്ത് മലയാളിയുടെ പ്രധാന വിദ്യാകേന്ദ്രം വീടു തന്നെയായിരുന്നു. പരമ്പരാഗത കൈത്തൊഴിലുകൾ അഭ്യസിക്കാനുള്ള ഇടങ്ങളായി അതു രൂപപ്പെട്ടിരുന്നു. വീടുകളോട് തൊട്ടുള്ള കളരികൾ വിദ്യാകേന്ദ്രങ്ങൾക്ക് മറ്റൊരുദാഹരണമാണ്. ക്ഷേത്രങ്ങളോടു ചേർന്നുള്ള വേദപാഠശാലകളും വിദ്യാകേന്ദ്രങ്ങൾ തന്നെ. ക്ഷേത്രകലാശാലകളും ഇവിടെ നിലനിന്നിരുന്നു.

മുഴിക്കുളംശാല, തിരുവല്ലാശാല, കാന്തളൂർശാല, പാർത്ഥിവപുരം ശാല എന്നിങ്ങനെ ഹൈന്ദവക്ഷേത്രങ്ങളോടു ചേർന്നുള്ള വിദ്യാകേന്ദ്രങ്ങൾ പ്രസിദ്ധങ്ങളായിരുന്നു. പാർത്ഥിവപുരം ശാലയിൽ ബ്രാഹ്മണബാലന്മാർക്കു മാത്രമാണ് പ്രവേശനം. കർശനമായ വ്യവസ്ഥകൾ നിലനിന്ന സ്ഥാപനമായിരുന്നു പാർത്ഥിവപുരം ശാല. പിഴകളും ശിക്ഷയിൽ ഉൾപ്പെട്ടിരുന്നു. ഡോ. എൻ. അജിത്കുമാർ ‘കേരള സംസ്കാരം’ എന്ന കൃതിയിൽ ഇപ്രകാരം വ്യക്തമാക്കുന്നു: “ആയുധം കൊണ്ടു മുറിവേൽപ്പിച്ചാൽ ശാലയിൽ നിന്നു പുറത്താക്കും. മുക്കാൽവട്ടത്തു ചൂതുകളിച്ചാൽ അന്നു ഭക്ഷണമില്ല. വിദ്യാർത്ഥികൾ പഠനമുറിയിൽ ആയുധമായെത്തുവാനോ താമസസ്ഥലത്തു സ്ത്രീകളെ ജോലിക്കു നിർത്തുവാനോ പാടില്ല.” ഇത്തരം വ്യവസ്ഥകൾ പ്രാചീന കാലത്തുതന്നെ വളരെ ഗൗരവത്തോടെയാണ് വിദ്യാഭ്യാസത്തെ സമീപിച്ചിരുന്നുവെന്നതിനു തെളിവാണ്. കുടിപ്പള്ളിക്കൂടങ്ങളും പഴയകാലത്തെ വിദ്യാകേന്ദ്രങ്ങളായിരുന്നു. ചുവരുകളില്ലാത്ത തുറന്ന പുരകളിലാണ് പ്രവർത്തിച്ചുവന്ന ഗ്രാമീണവിദ്യാകേന്ദ്രങ്ങളാണ് കുടിപ്പള്ളിക്കൂടങ്ങൾ. 1891 ലെ സെൻസസ് പ്രകാരം 1300 കുടിപ്പള്ളിക്കൂടങ്ങൾ ഇവിടെ ഉണ്ടായിരുന്നുവത്രെ. കുടിപ്പള്ളിക്കൂടങ്ങളിലെ പഠനരീതിയെക്കുറിച്ച് എൻ. അജിത് കുമാർ എഴുതുന്നു: “നിലത്തു വിരിച്ച പൊടിമണലിൽ എഴുതിയും കൂടാതെ ചൊല്ലിയും പഠിപ്പിക്കുന്ന സമ്പ്രദായമായിരുന്നു ഇവിടെ. നിലത്തെഴുത്തും കൂട്ടിവായനയും കഴിഞ്ഞാൽ ഗണിതം, സിദ്ധരൂപം, അമരകോശം, ജ്യോതിഷം, അഷ്‌ടാംഗഹൃദയം, കാവ്യം മുതലായവ പഠിപ്പിച്ചിരുന്നു. അദ്ധ്യാപകരെ നിലത്തെഴുത്താശാന്മാരെന്നാണു വിളിച്ചിരുന്നത്, പഠനത്തെ നിലത്തെഴുത്തെന്നും. ഈഴവരുൾപ്പെടെയുള്ള ജാതിക്കാർ നിലത്തെഴുത്താശാന്മാരായുണ്ടായിരുന്നു.” ഇങ്ങനെ സാമ്പ്രദായിക മട്ടിലുള്ള വിദ്യാഭ്യാസം അനുഷ്ഠിച്ചു വരുന്നിടത്തു നിന്നാണ് യൂറോപ്യൻ അധിനിവേശവും ആധുനിക വിദ്യാഭ്യാസത്തിൻ്റെ പ്രചാരണവും സംഭവിക്കുന്നത്. 

യൂറോപ്യൻ മിഷണറിമാരുടെ വരവോടെയാണ് ആധുനിക പാശ്ചാത്യവിദ്യാഭ്യാസം ആരംഭിക്കുന്നത്. ജാത്യധിഷ്ഠിത വിദ്യാഭ്യാസസമ്പ്രദായത്തിനു പകരം ആധുനികശാസ്ത്രത്തിലധിഷ്ഠിതവും നൂതനവുമായ വിദ്യാഭ്യാസ രീതി ഇവിടെ സ്ഥാപിതമായി. 1835 ലെ മെക്കാളെയുടെ മിനുട്സിൽ രേഖപ്പെടുത്തിയ പോലെ ഈസ്റ്റിന്ത്യാ കമ്പനിക്കാവശ്യമായ ഗുമസ്തരെ നിർമ്മിച്ചെടുക്കാനുള്ള ശ്രമം നടന്നു. നൂതനമായ ജോലികളും അവയ്ക്കാവശ്യമായ വിദ്യാഭ്യാസ സമ്പ്രദായവും ഇവിടെ നടപ്പിലാക്കി. ഫ്യൂഡൽ വിദ്യാഭ്യാസ സംവിധാനം അട്ടിമറിഞ്ഞു. റാണി ഗൗരി പാർവതിഭായിയുടെ കാലത്താണ് തിരുവിതാം കൂറിൽ ആദ്യമായി സ്‌കൂൾ സ്ഥാപിക്കപ്പെടുന്നത്. 1817 ൽ രാജ്യത്തെ കുട്ടികളുടെ വിദ്യാഭ്യാസച്ചുമതല ഭരണകൂടം ഏറ്റെടുക്കുമെന്നും അതു സൗജന്യമായി നൽകുമെന്നുമുള്ള പ്രഖ്യാപനം റാണി പാർവതിഭായി നടത്തി. അത് വലിയൊരു ചലനമാണുണ്ടാക്കിയത്. കൊച്ചിയിൽ 1818 ൽ കേണൽ മൺറോവിൻ്റെ നിർദ്ദേശാനുസൃതം 33 മലയാം പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. 1832 ൽ ഇതു നിർത്തലാക്കി. 1835 ൽ അന്നത്തെ ദിവാൻ വെങ്കട സുബ്ബയൻ ഓരോ താലൂക്കിലും ഓരോന്നു വീതം 6 മലയാം പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. മേൽജാതിക്കാരാണ് ഇവ കയ്യടക്കിയത്. മലബാറിൽ, കോഴിക്കോട്, 1848 ൽ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ സ്കൂൾ തുടങ്ങി. 1850 കൾക്കു ശേഷം വിദ്യാഭ്യാസം വളർന്നു. സർക്കാർ ജോലിയുടെ അടിസ്ഥാനമാനദണ്ഡമായി വിദ്യാഭ്യാസ യോഗ്യത മാറി. 1862 ൽ തിരുവിതാംകൂറിൽ ആകെ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ 267 പേരായിരുന്നുവെങ്കിൽ 1900 ആകുമ്പോഴേക്കും ഒരു ലക്ഷം കടന്നു. ജോലി സമ്പാദിക്കാനുള്ള മോഹമായിരുന്നു പിന്നിൽ. CMS (Church Mission Society), ബാസൽ മിഷൻ, ലണ്ടൻ മിഷൻ സൊസൈറ്റി (LMS) തുടങ്ങിയ മിഷണറി സംഘങ്ങൾ വിദ്യാഭ്യാസ മുന്നേറ്റത്തിൽ നിർണ്ണായക പങ്കു വഹിച്ചു. 

സാമൂഹിക പരിഷ്‌കർത്താക്കളായ മഹാത്മാക്കൾ വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യം നൽകി. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമുദായം പുരോഗമിക്കൂ എന്ന് അവർ വ്യക്തമാക്കി വിദ്യ കൊണ്ടു സ്വതന്ത്രരാകാൻ നാരായണഗുരു ആഹ്വാനം ചെയ്തു. അവർക്കർക്ക് വിദ്യാഭ്യാസം നിഷേധിച്ച സമീപനങ്ങൾക്കെതിരെ അയ്യങ്കാളി പൊരുതി. സ്ത്രീകൾക്ക് വിദ്യ നിഷേധിക്കുന്ന സമീപനങ്ങൾക്കെതിരായും ചെറുത്തുനിൽപ്പുണ്ടായി. ഇതിൻ്റെയൊക്കെ ഭാഗമായി വിദ്യാഭ്യാസം സാർവത്രികമായി.

1956 ൽ കേരളം രൂപം കൊള്ളുമ്പോൾ വിരലിലെണ്ണാവുന്ന കോളജുകളേ ഉണ്ടായിരുന്നുള്ളൂ. സംസ്ഥാനത്ത് തിരുവിതാംകൂർ സർവകലാശാല മാത്രമാണന്ന് ഉള്ളത്. കൊച്ചിയിലും മലബാറിലുമുള്ള കോളജുകൾക്ക് മദിരാശി സർവകലാശാലയോടായിരുന്നു ബന്ധം. 1957 ൽ നിലവിൽ വന്ന കമ്യൂണിസ്റ്റു മന്ത്രിസഭ കേരളസർവകലാശാല രൂപീകരിക്കാൻ നിയമമുണ്ടാക്കി. സംസ്ഥാനത്തെ എല്ലാ കോളേജുകളെയും അതിനു കീഴിലാക്കുകയും ചെയ്തു. ഇന്ന് സാഹചര്യമാകെ മാറിയിരിക്കുന്നു. വിവിധ മേഖലകളിലായി ഏഴോളം സർവകലാശാലകൾ തന്നെ കേരളത്തിലുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചുവരുന്നവരാണ് ഭൂരിഭാഗവും തൊഴിൽ നേടാനുള്ള മുഖ്യോപാധിയായി ഉന്നതപഠനം മാറിയിരിക്കുന്നു.

ഭാഷാ മാനവിക ശാസ്ത്രവിഷയങ്ങളിൽ മാത്രമല്ല, എഞ്ചിനീയറിങ്, മെഡിക്കൽ തുടങ്ങി ഏറ്റവും നൂതനമായ കോഴ്സുകളും പഠനപദ്ധതികളും വളരെയെളുപ്പത്തിൽ കരഗതമാക്കാനുള്ള സംവിധാനം വിദ്യാഭ്യാസ മേഖലയിൽ ഇന്നുണ്ട്. പ്രതിഷേധങ്ങളിലൂടെയും ചെറുത്തുനിൽപ്പുകളിലൂടെയും സമരങ്ങളിലൂടെയുമാണ് സാധാരണക്കാർ അറിവിൻ്റെ ഔപചാരിക സംവിധാനങ്ങളിലേക്കു പ്രവേശിച്ചത്.

ജാതിമതഭേദമെന്യേ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കാൻ സാധിച്ചുവെന്നതാണ് കേരളത്തിലെ ആധുനിക വിദ്യാഭ്യാസ ചരിത്രത്തിൻ്റെ വലിയ സവിശേഷത. ഉന്നതവിദ്യാഭ്യാസത്തിൻ്റെ മൂല്യം ആഗോളതലത്തിൽ തന്നെ മലയാളി പരിഗണിക്കപ്പെടുന്ന സ്ഥിതിയുളവാക്കി. തൊഴിൽ സാദ്ധ്യതകൾ വർദ്ധിച്ചു. സാമൂഹികപദവി ഉറപ്പാക്കി. ഒരു വിജ്ഞാന സമ്പദ്ഘടനയ്ക്കായുള്ള തയ്യാറെടുപ്പിലാണ് നാം. വിദ്യാഭ്യാസമേഖലയിൽ പത്തൊമ്പതാം നൂറ്റാണ്ടിലാരംഭിച്ച മുന്നേറ്റമാണ് കേരളസമൂഹത്തിന് ശക്തമായ അടിത്തറ തീർത്തത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മരപ്പാവകൾ - കാരൂർ

കരുണ - കുമാരനാശാൻ

സഞ്ചാരസാഹിത്യം സാമാന്യാവലോകനം