സഞ്ചാരസാഹിത്യം സാമാന്യാവലോകനം

 


സഞ്ചാരസാഹിത്യം: സാമാന്യാവലോകനം


മലയാള സാഹിത്യത്തിൽ സഞ്ചാരസാഹിത്യമേഖല ഏറെ സമ്പന്നമാണ്. പേര് സൂചിപ്പിക്കുന്നതു പോലെ, യാത്രാനുഭവങ്ങൾ  ആഖ്യാനം ചെയ്യുന്ന, സഞ്ചാരവിശേഷങ്ങൾ പ്രതിപാദിക്കുന്ന പ്രബല സാഹിത്യമേഖലയാണിത്.  സഞ്ചാരം മനുഷ്യന് ഏറെ പ്രിയപ്പെട്ടതായിരുന്നു. അവൻ്റെ ആത്മീയവളർച്ചയിലും സംസ്കാര വികാസത്തിലും സഞ്ചാരത്തിന്  ഏറെ പങ്കുണ്ട്. ആദിമ മനുഷ്യനിൽ നിന്നു തുടങ്ങുന്നു മനുഷ്യൻ്റെ സഞ്ചാര പ്രിയം. ദേശദേശാന്തരങ്ങളിലൂടെയുള്ള പ്രയാണവും പലായനവും പുതിയ സങ്കേതങ്ങൾ പ്രാപിക്കലുമാകുന്നു അന്ന് ലക്ഷ്യം. ഇത്തരം ദേശാന്തര ഗമനങ്ങളാകുന്നു ഇതിഹാസങ്ങളിലും ആഖ്യാനം ചെയ്തിട്ടുള്ളത്. ഇലിയഡ്, ഒഡീസ്സി എന്നീ പാശ്ചാത്യ ഇതിഹാസങ്ങളിലും രാമായണം, മഹാഭാരതം എന്നീ പൗരസ്ത്യ ഇതിഹാസങ്ങളിലും പൗരാണിക കഥാപാത്രങ്ങളുടെ സാഹസികമായ സഞ്ചാര കഥനമാണുള്ളത്. ചരിത്രപരത നിറഞ്ഞ കാലഘട്ടത്തിൽ എത്തുമ്പോഴാകട്ടെ, സഞ്ചാരികളുടെ കുറിപ്പുകളും കൃതികളും ദേശചരിത്രത്തെയും സംസ്കാരത്തെയും അധികരിച്ചുള്ള പoനസാമഗ്രികളായി. സഞ്ചാരികളായ ഫാഹിയാനും ഹുയാൻസാങ്ങും മാർക്കോപോളൊയുമൊക്കെ സർവകാല പ്രസക്തരുമായി. എന്നിരുന്നാലും ഒരു സഞ്ചാര സാഹിത്യമെന്ന തനതുനിലയിൽ മാത്രമായി ഒന്നും രൂപമെടുക്കുകയോ വികസിച്ചു വരികയോ ചെയ്തിട്ടില്ല. അതിന് മാതൃകയായത് സാഹിത്യത്തിലും സഞ്ചാരക്കുറിപ്പുകളിലുമുള്ള ആഖ്യാനവിശേഷങ്ങൾ തന്നെ.



സഞ്ചാരസാഹിത്യം ആകർഷകമായ ഒരു സാഹിത്യരൂപമാണ്. എഴുത്തുകാരൻ സഞ്ചരിക്കുന്ന മേഖലകളെയും വൈയക്തികമായി ഉണ്ടാകുന്ന അനുഭവങ്ങളെയും അതിൽ പ്രതിപാദിക്കുന്നു. വിജ്ഞാനവും വിനോദവും ഉൾച്ചേർന്ന സാഹിത്യരൂപമാണത്. മികച്ച സഞ്ചാര സാഹിത്യകൃതികളിൽ  ആത്മനിഷ്ഠതയും വസ്തുനിഷ്ഠതയും ഒരു പോലെ ഉള്ളടങ്ങുന്നു. ആത്മനിഷ്ഠതയുടെ വക ഉളവാക്കുന്നത് എഴുത്തുകാരൻ്റെ സ്വാനുഭവപ്രതിപാദനമായിരിക്കും. എന്നാൽ സഞ്ചരിച്ച സ്ഥലത്തിൻ്റെ ഭൂമിശാസ്ത്രം, ചരിത്രം, നരവംശാവലി, സാഹിത്യം, സംസ്കാരം, രാഷ്ട്രീയം എന്നിവയൊക്കെ പ്രതിപാദിക്കുമ്പോൾ സഞ്ചാരവിവരണം വസ്തുനിഷ്ഠമാകുന്നു. ആകർഷകമായ ശൈലിയും വൈകാരികമായ വിവരണവും നടത്താൻ സഞ്ചാരസാഹിത്യകാരന് അവസരമുണ്ട്. താൻ കാണാത്ത ഭൂപ്രദേശങ്ങളിലൂടെ എഴുത്തുകാരനുമൊത്ത് യാത്ര ചെയ്യുകയാണെന്ന സമരസപ്പെടൽ ഉളവാക്കാൻ അതിനു സാധിക്കണം. ഈ താദാത്മ്യപ്പെടലാണ് യാത്രാവിവരണത്തിൻ്റെ ഗുണം നിർണ്ണയിക്കുന്ന പ്രധാനഘടകം. കാര്യമാത്ര പ്രസക്തമായി ഉള്ളടക്കം ചിട്ടപ്പെടുത്തൽ, വളച്ചുകെട്ടില്ലാത്ത വിവരണം, വിവരണങ്ങളിൽ ഉൾപ്പെടുത്തേണ്ടതും തള്ളിക്കളയേണ്ടതുമായ സംഗതികളെ സംബന്ധിച്ച വിവേചന ബോധം, അവതരണത്തിൽ ആത്മാർപ്പണം മുതലായവ സഞ്ചാരസാഹിത്യത്തിനു യോജ്യമായ സവിശേഷതകളാണ്. എരുമേലി പരമേശ്വരൻ പിള്ള 'മലയാള സാഹിത്യം കാലഘട്ടങ്ങളിൽ ' എന്ന കൃതിയിൽ ഇപ്രകാരം പരാമർശിക്കുന്നു: "വിജ്ഞാന കുതുകിയുടെ അന്വേഷണ പരതയും ചരിത്രകാരൻ്റെയും സാമൂഹിക ശാസ്ത്രജ്ഞൻ്റെയും സൂക്ഷ്മനിരീക്ഷണ സാമർത്ഥ്യവും ദാർശനികൻ്റെ സമചിത്തതയും കവിയുടെ ഭാവനാ വിലാസവും കലാകാരൻ്റെ ശില്പചാതുര്യവും ഒരു സഞ്ചാരസാഹിത്യകാരനിൽ ഒത്തിണങ്ങിയിരിക്കണം. അപ്പോഴേ ഉത്തമ സഞ്ചാര സാഹിത്യ കൃതികൾ രചിക്കാനാകൂ."



മഹത്തായ ഒരു സാംസ്കാരിക ഇടപെടലാണ് ഓരോ സഞ്ചാരസാഹിത്യകാരനും സാദ്ധ്യമാക്കുന്നത്. അനേകം വൈജ്ഞാനിക മണ്ഡലങ്ങളുമായുള്ള സൗഹൃദവും അയാൾക്ക് അനിവാര്യമാണ്. ബി.സി. എട്ടാം ശതകത്തിൽ എഴുതിയ 'ഗിൽഗമേഷ്' ആദ്യ സഞ്ചാരസാഹിത്യ കൃതിയായി പരിഗണിക്കപ്പെടുന്നു. പാറേമ്മാക്കൽ തോമാക്കത്തനാർ (1736-99) എഴുതിയ വർത്തമാനപ്പുസ്തകം ആണ് മലയാളത്തിലെ ആദ്യ സഞ്ചാരസാഹിത്യ കൃതി.  പതിനെട്ടാം നൂറ്റാണ്ടിൻ്റെ അന്ത്യഘട്ടത്തിലാണ് ഈ കൃതി എഴുതപ്പെട്ടത്. തോമാക്കത്തനാരും ജോസഫ് മല്പാനും സഭാതർക്കം പരിഹരിക്കാൻ പോപ്പിനെ കാണാനായി റോമിലേക്ക് നടത്തിയ യാത്രയാണ് അതിൽ വിവരിക്കുന്നത്. ആദ്യമായി പ്രസിദ്ധീകരിച്ച സഞ്ചാരസാഹിത്യ കൃതി പരുമല തിരുമേനിയുടെ (ഗീവർഗീസ് മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത) ഊർശ്ലേo യാത്രാവിവരണമാകുന്നു. യറുശലേമിൽ നടത്തിയ യാത്രാനുഭവങ്ങളാണ് ' ഇതിൽ വിവരിക്കുന്നത്.  1895 ൽ പ്രസിദ്ധീകരിച്ചു. 



1872 ൽ കട്ടയാട്ട് ഗോവിന്ദമേനോൻ എഴുതിയതാണ്  കാശിയാത്രാ റപ്പോട്ട് എന്ന തീർത്ഥയാത്രാവിവരണം. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിനെ സംബന്ധിക്കുന്ന മനോഹര വിവരണങ്ങളടങ്ങിയ 'ലണ്ടനും പാരീസും' (1897)എന്ന ബാരിസ്റ്റർ ജി.പി. പിള്ളയുടെ കൃതിയാണ് യാത്രാ വിവരണങ്ങളുടെ സാദ്ധ്യതകൾ മലയാളത്തിൽ വ്യക്തമാക്കിയത്. കാലപ്പഴക്കമുള്ളവയും എന്നാൽ പ്രസക്തങ്ങളുമായ  ചില യാത്രാവിവരണകൃതികളെയാണ് ഇവിടെ പ്രതിപാദിച്ചത്. യാത്രാവിവരണങ്ങൾ പദ്യത്തിൽ എഴുതുന്ന സമ്പ്രദായവും ഇരുപതാം നൂറ്റാണ്ടിൻ്റെ പ്രാരംഭത്തിൽ ആരംഭിച്ചു. ഈ മേഖലയിൽ നിരവധി പ്രഗത്ഭർ സംഭാവനകൾ നല്കിയിട്ടുണ്ട്.



മലയാളത്തിൽ സഞ്ചാരസാഹിത്യത്തിൻ്റെ കുലപതിയായി അറിയപ്പെടുന്നത് എസ്.കെ.പൊറ്റെക്കാട്ടാണ്. ഗതാഗത ആശയ വിനിമയോപാധികൾ വളരെ പരിമിതമായിരുന്ന ഒരു കാലഘട്ടത്തിൽ നിർഭയനായി ലോകത്തിൻ്റെ മുക്കിലും മൂലയിലും അദ്ദേഹം സഞ്ചരിച്ചു. ഇത്രമാത്രം സഞ്ചരിക്കുകയും എഴുതുകയും ചെയ്ത മറ്റൊരു എഴുത്തുകാരൻ ഭാരതത്തിൽ തന്നെയില്ല. അതിനാൽ യാത്രാവിവരണ മേഖലയിൽ ഭാരതത്തിൻ്റെ തന്നെ കുലപതിയാകുന്നു എസ്.കെ.പൊറ്റെക്കാട്. കാപ്പിരികളുടെ നാട്ടിൽ, ഇന്തോനേഷ്യൻ ഡയറി, ബാലിദ്വീപ്, നൈൽ ഡയറി, പാതിരാ സൂര്യൻ്റെ നാട്ടിൽ മുതലായവ ചില ഉദാഹരണങ്ങൾ മാത്രം.എസ്.കെ.യുടെ ഇടപെടലിനെത്തുടർന്നാണ് യാത്രാ വിവരണ മേഖല മലയാളത്തിൽ സജീവമായതും, സർഗ്ഗാത്മകമായതും. അസുലഭ മോഹനമായ വശ്യശൈലിയും ഹൃദയാകർഷകമായ പ്രതിപാദനവും മറ്റ് സർഗ്ഗാത്മക സാഹിത്യ മേഖലയ്ക്കൊത്ത് കിടനില്ക്കാൻ സഞ്ചാര സാഹിത്യത്തെ പ്രാപ്തമാക്കി. ഇന്ന് ഹിമാലയക്കാഴ്ചകളും വിദൂരസ്ഥവും സാഹസികവുമായ ഇടങ്ങളിലേക്കുള്ള സഞ്ചാരവും വായനക്കാരുടെ എണ്ണവും താല്പര്യവും ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.


ഇന്ന് സാമൂഹികമാദ്ധ്യമങ്ങളുടെയും വിവരവിനിമയ സാങ്കേതികവിദ്യയുടെയും ദൃശ്യമാദ്ധ്യമങ്ങളുടെയും അസൂയാവഹമായ വളർച്ച സഞ്ചാരസാഹിത്യത്തെ അതിസമ്പന്നമാക്കിയിരിക്കുന്നു. ബ്ലോഗുകളും വ്ളോഗുകളും ഫേസ്ബുക്കും മറ്റ് മീഡിയകളും സഞ്ചാര സാഹിത്യത്തിൻ്റെ ഗൗരവത്തെ ലളിതവും അനായാസസാദ്ധ്യവുമാക്കി. മൊബൈൽ ഫോണുകളുടെ സാങ്കേതികതയിലുണ്ടായ ത്വരിതാഭിവൃദ്ധി ആവിഷ്കാരത്തിലും ആസൂത്രണത്തിലും പുത്തൻ തരംഗമുളവാക്കി. ഫോട്ടോകളും വീഡിയോ ഓഡിയോ ഇമേജുകളും കൈകാര്യം ചെയ്യുന്നതിലുളവായ ജനകീയാഭിമുഖ്യം ഏതൊരുവനെയും യാത്രാവിവരണകാരനാക്കുന്നുണ്ട്.- തത്ക്ഷണ യാത്രാവിവരണകാരന്മാർ (instant Traveloguers) പെരുകി വരികയാണ്. പക്ഷേ, സഞ്ചാര സാഹിത്യകാരനാകണമെങ്കിൽ നിർബന്ധമായും യാത്രാവിശേഷങ്ങളെ സംബന്ധിച്ച് പഠന മനനങ്ങൾ നിർവഹിക്കേണ്ടതുണ്ട്. യാത്രയെ വെറും വിനോദമായിട്ടല്ല, ഗൗരവകരമായ പoനമായിത്തന്നെ കാണേണ്ടതുണ്ട്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ