എസ്.കെ.പൊറ്റക്കാട്: സഞ്ചാരസാഹിത്യത്തിലെ അതികായൻ
എസ്.കെ.പൊറ്റക്കാട്:
സഞ്ചാരസാഹിത്യത്തിലെ അതികായൻ
മലയാളയാത്രാ വിവരണരംഗത്തെ കുലപതിയാണ് എസ്.കെ.പൊറ്റക്കാട്. കവി, കഥാകൃത്ത്, നോവലിസ്റ്റ്, സഞ്ചാര വിവരണകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അദ്ദേഹം. കവിയെന്ന നിലയിലാണ് സാഹിത്യ സപര്യ ആരംഭിച്ചതെങ്കിലും കഥ, നോവൽ മേഖലകളിലാണ് സർഗ്ഗാത്മക സാഹിത്യ രംഗത്ത് അദ്ദേഹം ശോഭിച്ചത്. കഥയിൽ കാല്പനികഭംഗി പ്രസരിപ്പിക്കുന്ന ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. കാല്പനികഭാഷയും യാഥാതഥ്യത നിറഞ്ഞ പ്രമേയങ്ങളുമാണ് കഥ, കവിത എന്നീ സർഗാത്മക സാഹിത്യ മേഖലകളിൽ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. യാത്രാവിവരണ മേഖലയെ സർഗാത്മക സാഹിത്യമേഖലകൾക്കൊപ്പം വളർത്തിയെടുത്തു, എസ്.കെ.പൊറ്റക്കാട്.
നാമമാത്രമായ യാത്രാവിവരണങ്ങൾ മാത്രമാണ് സ്വാതന്ത്ര്യപൂർവഘട്ടത്തിൽ കേരളത്തിൽ എഴുതപ്പെട്ടിരുന്നത്. എന്നാൽ എസ്.കെ.ക്കൊപ്പം യാത്രാവിവരണശാഖയും പടർന്നു പന്തലിച്ചു. ഹൃദയാകർഷകമായ ശൈലിയാണ് എസ്.കെ.യുടെ കൈമുതൽ. അന്ന് ലഭ്യമായ പരമാവധി സാദ്ധ്യതകളൊക്കെ മുതലെടുത്തു കൊണ്ടാണ് എസ്.കെ. യാത്ര ചെയ്തത്. മലയാളിക്ക് തീർത്തും അപ്രാപ്യമായ ഇടങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ചു. കണ്ട കാഴ്ചകളും അനുഭവങ്ങളും സഞ്ചാരമാർഗ്ഗങ്ങളും ഹൃദയഹാരിയായി വർണ്ണിച്ചു. കവിത തുളുമ്പുന്ന വർണ്ണനയും ആധികാരികമായ വസ്തുതാപ്രതിപാദനവുമാണ് എസ്.കെ.യുടെ യാത്രാവിവരണങ്ങളുടെ കാതൽ. കണ്ടതെന്തിനേയും, അതേത് ലോകോത്തര കാഴ്ചയായാലും അതിനെ കേരളകാഴ്ചയുമായി തുലനം ചെയ്തു പ്രതിപാദിക്കാനും ആസ്വാദക ഹൃദയത്തിൽ തന്മയീഭാവം സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
1913 മാർച്ച് 14 നാണ് എസ്.കെ. ജനിച്ചത്. കോഴിക്കോട്ടായിരുന്നു ജനനം. അച്ഛൻ അദ്ധ്യാപകനായ കുഞ്ഞിരാമൻ പൊറ്റക്കാട്. അമ്മ മുണ്ടയോട് ചാലിൽ കുട്ടൂലി. കോഴിക്കോട് ചാലപ്പുറം ഗണപതി സ്കൂൾ, സാമൂതിരി സ്കൂൾ എന്നിവിടങ്ങളിൽ പoനം. കോഴിക്കോട് സാമൂതിരി കോളേജിൽ വെച്ച് ഇൻ്റർമീഡിയറ്റ് പാസ്സായി. തുടർന്ന് 1937-39 കാലഘട്ടത്തിൽ കോഴിക്കോട്ട് നാഷണൽ ഗുജറാത്തി സ്കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. ഇക്കാലത്തു തന്നെ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ആകൃഷ്ടനായി. ദേശീയ കോൺഗ്രസ്സ് സമ്മേളനത്തിൽ (തൃപുരി - മദ്ധ്യപ്രദേശ് - 1939) പങ്കെടുക്കാനായി ജോലി രാജിവെച്ചു. ഇന്ത്യയെമ്പാടും കാണുകയെന്ന മോഹം 1941 ൽ സഫലീകരിച്ചു. 1944ൽ കാശ്മീർ, ഹിമാലയം യാത്ര. 1947 ൽ ആദ്യത്തെ സഞ്ചാരസാഹിത്യ കൃതിയായ 'കാശ്മീർ' പ്രസിദ്ധീകരിച്ചു. 1949 ൽ 18 മാസം നീണ്ട ആഫ്രിക്കൻ യൂറോപ്പ് പര്യടനം നടത്തി. നിരവധി പ്രഖ്യാത യാത്രാവിവരണങ്ങൾക്ക് പ്രസ്തുത യാത്ര ഹേതുവായി. ഇരുപതിലധികം സഞ്ചാര സാഹിത്യ കൃതികൾ എസ്.കെ.പൊറ്റക്കാട് രചിച്ചിട്ടുണ്ട്.
1950ൽ വിവാഹിതനായി. ഭാര്യ ജയവല്ലി.
കോഴികോട്ട് നിന്നും പ്രസിദ്ധീകരിച്ച ആത്മവിദ്യാ കാഹളത്തിൽ 1929ൽ മകനെ കൊന്ന മദ്യം എന്ന കവിത പ്രസിദ്ധീകരിച്ചു. ആദ്യ കഥയായ രാജനീതി സാമൂതിരി കോളേജ് മാഗസിനിൽ പ്രസിദ്ധപ്പെടുത്തി. മൂർക്കോത്ത് കുമാരൻ എറണാകുളത്തു നിന്ന് പ്രസിദ്ധീകരിച്ച ദീപം മാസികയിൽ ഹിന്ദുമുസ്ലീം മൈത്രി എന്ന കഥ 1931ൽ പുറത്തുവന്നു. 1937ൽ എഴുതിയ വല്ലികാദേവിയാണ് ആദ്യനോവൽ. 1939 ൽ നാടൻപ്രേമം എന്ന നോവലും 1940 ൽ വിഷകന്യക എന്ന നോവലും പ്രസിദ്ധീകരിച്ചു. തുടർന്ന് നിരവധി നോവലുകളും കഥാസമാഹാരങ്ങളും പുറത്തിറക്കി. പ്രഭാതകാന്തി, പ്രേമശില്പി, സഞ്ചാരിയുടെ ഗീതങ്ങൾ, എന്നീ കവിതാ സമാഹാരങ്ങൾ എസ്.കെ.യുടേതായുണ്ട്. അതോടൊപ്പം 'എൻ്റെ വഴിയമ്പലങ്ങൾ' എന്ന പേരിൽ ആത്മകഥയും അദ്ദേഹം എഴുതിയിട്ടുണ്ട്.
രാഷ്ട്രീയ പ്രവർത്തനമായാലും- അദ്ദേഹം 1962 ൽ തലശ്ശേരിയിൽ നിന്ന് പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് - സാഹിത്യ സാംസ്കാരിക മേഖലയായാലും തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയുടെ വക്താവായി അദ്ദേഹത്തെ പ്രതിഷ്ഠിക്കാവുന്നതാണ്. ജീവിതം തന്നെ വിചിത്രമായ അനുഭൂതികളാലും കാല്പനികതയുടെ മഴവില്ലാർന്ന ഭാഷയാലും കള്ളിമുള്ളിനു സമാനമായ യാഥാർത്ഥ്യത്തിൻ്റെ തീവ്രതയാലും അദ്ദേഹം സാഹിത്യത്തെ വൈവിദ്ധ്യത്തിൻ്റെ നിറവിൽ സ്ഥാപിച്ചു. ഈ മഹാനുഭാവൻ 1982 ആഗസ്ത് 6 ന് അന്തരിച്ചു.
എസ്.കെ.പൊറ്റെക്കാടിൻ്റെ സഞ്ചാര സാഹിത്യകൃതികളുടെ പട്ടിക താഴെ നല്കുന്നു:
യാത്രാവിവരണകൃതികൾ:
1947- കാഷ്മിർ
1949- യാത്രാസ്മരണകൾ
1951- കാപ്പിരികളുടെ നാട്ടിൽ
1954- സിംഹഭൂമി
1954- നൈൽ ഡയറി
1954- മലയ നാടുകളിൽ
1955- ഇന്നത്തെ യൂറോപ്പ്
1955- ഇന്തൊനേഷ്യൻ ഡയറി
1955- സോവിയറ്റ് ഡയറി
1956- പാതിരാസൂര്യന്റെ നാട്ടിൽ
1958- ബാലിദ്വീപ്
1960- ബൊഹീമ്യൻ ചിത്രങ്ങൾ
1967- ഹിമാലയസാമ്രാജ്യത്തിൽ
1969- നേപ്പാൾ യാത്ര
1960- ലണ്ടൻ നോട്ട്ബുക്ക്
1974- കയ്റോ കത്തുകൾ
1977- ക്ലിയോപാട്രയുടെ നാട്ടിൽ
1976- ആഫ്രിക്ക
1977- യൂറോപ്പ്
1977- ഏഷ്യ
ഇവ ക്രോഡീകരിച്ചുകൊണ്ട് ഡി.സി ബുക്ക്സ്, കോട്ടയം രണ്ടു സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ