ഏതേതോ സരണികളിൽ - സി.വി.ബാലകൃഷ്ണൻ
(കണ്ണൂർ സർവകലാശാല ബി.എ/ബി.എസ്.സി. കോമൺ മലയാളം - മൂന്നാം സെമസ്റ്റർ -സിലബസ്സിൽ യാത്രാ വിവരണമെന്ന മൂന്നാം മൊഡ്യൂളിൽ ഉൾക്കൊള്ളിച്ച സി.വി.ബാലകൃഷ്ണൻ്റെ 'ഏതേതോ സരണികളി'ലെ 22 -ആം അദ്ധ്യായത്തിൻ്റെ -പാഠഭാഗം- സംക്ഷേപം)
മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരിലൊരാളാണ് സി.വി.ബാലകൃഷ്ണൻ. പയ്യന്നൂരിനു സമീപത്തുള്ള അന്നൂരിലാണ് അദ്ദേഹം ജനിച്ചത്. നോവൽ, ചെറുകഥ, സിനിമ മുതലായ മേഖലകളിൽ വളരെ ശ്രദ്ധേയമായ സംഭാവനകൾ അദ്ദേഹം നല്കിയിട്ടുണ്ട്. ആയുസ്സിൻ്റെ പുസ്തകം, ദിശ, ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ, കാമമോഹിതം, അവനവൻ്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ, ലൈബ്രേറിയൻ മുതലായ മികച്ച നോവലുകളും, ഭൂമിയെപ്പറ്റി അധികം പറയേണ്ട, മറുകര, കഥ, മാലാഖമാർ ചിറകു വീശുമ്പോൾ, ഭവഭയം, അവൾ, മഞ്ഞു പ്രതിമ, ശരീരം അറിയുന്നത്, പുരുഷാരം, തിരഞ്ഞെടുത്ത കഥകൾ എന്നിങ്ങനെയുള്ള ചെറുകഥാ സമാഹാരങ്ങളും മികവുറ്റ നോവലെറ്റുകളും അദ്ദേഹത്തിൻ്റേതായുണ്ട്. ചലച്ചിത്ര പഠനങ്ങളിൽ സിനിമയുടെ ഇടങ്ങൾ എന്ന കൃതി പ്രധാനപ്പെട്ടതാകുന്നു. സംസ്ഥാന പുരസ്കാരത്തിന് അത് അർഹമായിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ആത്മകഥയാണ് പരൽമീൻ നീന്തുന്ന പാടം. ലേഖനങ്ങൾ, വിവർത്തനം, ഓർമ്മക്കുറിപ്പ് എന്നീ സാഹിത്യ മേഖലകളിലും മികച്ച സംഭാവനകൾ അദ്ദേഹം നല്കിയിട്ടുണ്ട്. വിവിധ മേഖലകളിലായി അമ്പതിലേറെ കൃതികൾ അദ്ദേഹം കൈരളിക്ക് പ്രദാനം ചെയ്തിരിക്കുന്നു. ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ (നോവൽ) കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. പരൽമീൻ നീന്തുന്ന പാടത്തിനും കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയിട്ടുണ്ട്(2014). സിനിമ, ദൃശ്യമാധ്യമ മേഖലകളുമായി അടുത്തു പ്രവർത്തിക്കുന്നു. 'ഏതേതോ സരണികളിൽ ' എന്ന പേരിൽ തൻ്റെ യാത്രാനുഭവങ്ങളും ഓർമ്മകളും സി.വി. കുറിച്ചിട്ടുണ്ട്.
എങ്ങും വേരുറയ്ക്കാത്ത ഒരു യാത്രികൻ തന്നിലുണ്ടെന്ന് സി.വി. ബാലകൃഷ്ണൻ 'ഏതേതോ സരണികൾ'ക്കു മുഖവുരയായി അഭിപ്രായപ്പെടുന്നു. യാത്ര മുഖേന വിവിധങ്ങളായ നാടുകളും നഗരങ്ങളും കണ്ടു, വൈവിദ്ധ്യമാർന്ന ജനസഞ്ചയത്തെ അടുത്തറിഞ്ഞു. സി.വി.യുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ, ' ആത്മാവിൻ്റെയും രക്തത്തിൻ്റെയും ജലത്തിൻ്റെയും സാക്ഷ്യങ്ങളറിഞ്ഞു.'
ഈ സന്ദർഭത്തിൽ ഓരോ യാത്രയും അവനവനിലേക്കാണെന്ന പ്രമുഖ അമേരിക്കൻ നടനും ഗായകനുമായ ഡാനി കായെയുടെ (Danny Kaye) വാക്കുകൾ സി.വി. ഓർക്കുന്നു. അത് ഒരു ഗാഢമായ അറിവായി പരിണമിച്ചു. ബംഗാളിലെത്തിയപ്പോൾ അക്കാര്യം അനുഭവിച്ചറിഞ്ഞു, 'ഭാഷകളുടെയും വംശങ്ങളുടെയും വന്യമായ കലർപ്പായി' സി.വി.യ്ക്ക് ചുറ്റും ജീവിതം ഇരമ്പി. ബംഗാളിലെ മഹാനഗരമായ കൽക്കത്തയ്ക്ക് സൗമ്യവും ഹൃദയഹാരിയുമായ മറ്റൊരു മുഖം കൂടിയുണ്ടെന്ന് സി.വി. അറിഞ്ഞു. ടാഗോറിൻ്റെ സൗമ്യമായ ഈണവും മന്ത്രണവും സത്യജിത് റായിയുടെ ശബ്ദവും. St.Paul cathedral calcutta
ബംഗാൾ സി.വി.ക്ക് ഒരു പ്രചോദനമാണ്. അവിടത്തെ പാതകളും പാട്ടുകളും ഏറെ പ്രിയങ്കരവുമാണ്. ബംഗാൾ പകർന്ന സർഗ്ഗാത്മക ഉണർവിൻ്റെ ഫലമാണ് ആയുസ്സിൻ്റെ പുസ്തകം. കൽക്കത്തയിലെ സെൻറ് പോൾസ് കത്തീഡ്രലായിരുന്നു ആയുസ്സിൻ്റെ പുസ്തകത്തെ ഉളളിൽ നിറച്ചത്.
മാലോം സെൻറ് ജോർജ് ചർച്ചും മാലോത്തു കസബയിലെ ക്രൈസ്തവ ജീവിതവും കാഴ്ചയും ആയുസ്സിൻ്റെ പുസ്തകത്തിൽ ആഖ്യാനത്തിലെ പുതുമയായി അലിഞ്ഞു. സത്യജിത് റായ്, ഉത്പൽ ദത്ത്, മൃണാൾ സെൻ, ബാദൽ സർക്കാർ, സൗമിത്ര ചാറ്റർജി, മാധബി മുഖർജി, മദർ തെരേസ, ജ്യോതിബസു, പ്രമോദ് ദാസ് ഗുപ്ത മുതലായവരെ കണ്ട തിളങ്ങുന്ന ഓർമ്മകൾ മനസ്സിലുണ്ട്.
ജ്യോതിബസു |
മുപ്പത്തഞ്ച് വർഷങ്ങൾക്കു ശേഷം കൽക്കത്തയിലെത്തുമ്പോൾ ജീവിത സാഹചര്യങ്ങളിൽ വലിയ മാറ്റം വന്നിരുന്നു. ശാന്തിനികേതനിൽ ഇന്നും ടാഗോർ മഹാസാന്നിദ്ധ്യം തന്നെ. സി.വി.യുടെ അനുഭവ വിവരണം അഭംഗുരം തുടരുന്നു…
മാധബി മുഖര്‍ജി |
22 അദ്ധ്യായങ്ങളായാണ് 'എതേതോ സരണികൾ ' ചിട്ടപ്പെടുത്തിയിരിക്കുന്നത്.
മധുരാജിൻ്റെ 'അനുയാത്രികൻ്റെ കുറിപ്പുകൾ ' ഇതിൽ അവസാന ഭാഗത്ത് ചേർത്തിരിക്കുന്നു. ബംഗാൾ ഒരു കാലഘട്ടത്തിൽ കേരളത്തെ ഏറെ സ്വാധീനിച്ച സാംസ്കാരിക ഗോപുരമായിരുന്നു. ജോലി തേടി അന്ന് നിരവധി മലയാളികൾ ബംഗാൾ സന്ദർശിച്ചിരുന്നു. അവിടത്തെ എഴുത്തുകാരും ചിന്തകരും മലയാളികളെ ഏറെ സ്വാധീനിച്ചു.
ബംഗാളിൻ്റെ രാഷ്ട്രീയാവേശം മലയാളികളും ഉൾക്കൊണ്ടു. ആ സുവർണ്ണ കാലഘട്ടത്തെ, ടാഗോറും സത്യജിത് റായിയും മൃണാൾ സെന്നു ഋത്വിക് ഘട്ടക്കും പരിപോഷിപ്പിച്ച ബംഗാളെന്ന സാംസ്കാരികാന്തരീക്ഷത്തെയും അതിൻ്റെ ശ്രേഷ്ഠത നിറഞ്ഞ ഈടുവെപ്പുകളെയും ആരാധനയോടെ നോക്കിക്കാണുന്ന മലയാളി എഴുത്തുകാരൻ്റെ പ്രതിനിധിയാകുന്നു സി.വി.
ട്രാം സര്‍വീസ് കല്‍ക്കട്ട |
ബംഗാൾ കാഴ്ചകൾക്കും അനുഭവങ്ങൾക്കും അനുഭൂതികൾക്കുമാണ് സി.വി. ഈ കൃതിയിൽ പ്രാമുഖ്യം നല്കുന്നത്. രാഷ്ട്രീയ, ചലച്ചിത്ര, സാഹിത്യ-സാംസ്കാരിക മേഖലകളിലെ പ്രമുഖരുമൊത്തുള്ള നിമിഷങ്ങളേയും ശാന്തിനികേതനം പകർന്ന നിർമ്മലാനന്ദത്തെയും സി.വി. ഹൃദയപൂർവം വിവരിക്കുന്നു. തൻ്റെ ആത്മാവിൻ്റെ ചുകന്ന ഇതളിൽ ബംഗാളിനെ പ്രതിഷ്ഠിച്ചിരിക്കുകയാണ് സി വിയെന്ന് തോന്നും വിധമാണ് ഇതിൻ്റെ രചന. ഇവിടെ സി.വി.യുടെ കാഴ്ചകൾ ആസ്വാദകൻ്റേതുകൂടിയാകുന്നു. കൽക്കത്ത സന്ദർശിച്ചിരുന്നില്ലെങ്കിൽ ആയുസ്സിൻ്റെ പുസ്തകം താൻ രചിക്കുമായിരുന്നില്ലെന്ന് സി.വി. ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അത്രമാത്രം ആത്മബന്ധമാണ് കൽക്കത്തയുമായി അദ്ദേഹം സ്ഥാപിച്ചിട്ടുള്ളത്. കൽക്കത്തയെയും സി.വി.യെയും അടുത്തറിയാനുള്ള സുവർണ്ണാവസരമാണ് 'ഏതേതോ സരണികൾ' ഒരുക്കുന്നത്.
പാoഭാഗത്തിലേക്ക്….
ശാന്തിനികേതനിലെ അതിഗംഭീരമായ ഉത്സവമാണ് പോഷ് മേള. നിരവധി കലാപരിപാടികളും നാടൻ നൃത്ത പരിപാടികളും സ്റ്റാളുകളും കാഴ്ചകളും വിനോദോപാധികളും അടങ്ങിയതുമായ കൊയ്ത്തുത്സവമാണിത്. പോഷ് മേള കഴിഞ്ഞ സന്ദർഭമാണ് സി.വി. ഈ അദ്ധ്യായത്തിൻ്റെ പ്രാരംഭത്തിൽ വിവരിക്കുന്നത്. ആരവമൊഴിഞ്ഞ ശാന്തിനികേതനം. 1862 ൽ ബ്രഹ്മസമാജസ്ഥാപകരിലൊരാളായ ദേവേന്ദ്രനാഥ ടാഗോർ അവിടെ ശാന്തിനികേതൻ എന്ന പേരിൽ വീട് പണിയുന്നതിനു മുമ്പേ പ്രസ്തുത സ്ഥലം ഭൂപൻഡാംഗ എന്ന പേരിൽ അറിയപ്പെട്ടു - കൊള്ളക്കാരനായ ഭൂപൻ ദാക്കത്തിൻ്റെ പേരിൽ.
ദേവേന്ദ്രനാഥ ടാഗോർ സ്ഥാപിച്ച മൺകുടിലിനെ അദ്ദേഹത്തിൻ്റെ ഇളയ പുത്രനായ രബി(രബീന്ദ്രനാഥ ടാഗോർ) വിശ്വമാനവികതയുടെ സംഗമകേന്ദ്രമാക്കി. അവിടെയാണ് അമ്മ സുപ്രഭയുടെ നിർദ്ദേശപ്രകാരം സത്യജിത് റായ് വിദ്യാർത്ഥിയായി എത്തിയത്. ടാഗോർ കുടുംബസുഹൃത്താണ്. ടാഗോറായിരുന്നു സുപ്രഭയോട് മകനെ ശാന്തിനികേതനിൽ ചേർക്കാനാവശ്യപ്പെട്ടത്. എന്നാൽ ശാന്തിനികേതനിലെ കൃത്രിമ ഈണത്തിലെ ബംഗാളി സംസാരവും മറ്റും റായിക്ക് ഇഷ്ടമായില്ല.
ചൗരംഗിയിലെ ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരുന്ന അനുഭവമാണ് ശാന്തിനികേതൻ ഇല്ലാതാക്കിയതെന്ന് റായ് എഴുതി. ഒപ്പം പട്ടണത്തിലെ വിവിധങ്ങളായ അനുഭവങ്ങളും.
Sathyajith ray |
ശാന്തിനികേതൻ റായിക്ക് മറ്റൊരു ലോകമാണ് പ്രദാനം ചെയ്തത്. സി.വി.യുടെ വാക്കുകളിൽ, 'നീലാകാശം കൊണ്ട് മേലാപ്പണിഞ്ഞ തുറസ്സായ വെളിമ്പുറങ്ങളുടെ ലോകം'. നന്ദലാൽ ബോസിനു കീഴിലാണ് റായ് ചിത്രകല അഭ്യസിച്ചത്. നന്ദലാൽ ബോസ് കലാകാരൻ എന്ന നിലയിൽ ഭൂതകാലത്തെ പകർത്തുന്നയാളെന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ബോസിൻ്റെ കല പാരമ്പര്യാധിഷ്ഠിതമായിരിക്കെ നൂതനതയും മൗലികതയും ഉള്ളതായിരുന്നു.
Nandalal Bose |
റായ്, ടാഗോറിൻ്റെ മരണശേഷം, ഒരു വർഷം പിന്നിട്ടപ്പോൾ പഠനം നിർത്തി. രണ്ടര വർഷം അദ്ദേഹം അവിടെ പഠിച്ചു. ടാഗോറിൻ്റെ ദേഹവിയോഗം കാരണമല്ല, പ്രത്യുത നേടേണ്ടതെല്ലാം നേടിയെന്ന ചിന്തയിലാണ് അദ്ദേഹം പoനം അവസാനിപ്പിച്ചത്.
നന്ദലാൽ ബോസ് ശിഷ്യരെ പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഉത്സാഹിച്ചു. ശാന്തിനികേതനിെലെ കലാഭവനിൽ സവിശേഷമായ അന്തരീക്ഷം ഉളവാക്കാൻ പരിശ്രമിച്ചു. മാസ്റ്റർ മൊശായ് എന്ന് വിശേഷിപ്പിക്കപ്പെട്ടു.
ചുറ്റിലുമുളള പ്രകൃതിയെയും ജീവിതത്തെയും സൂക്ഷ്മമായി നോക്കിക്കാണാൻ അദ്ദേഹം ശിഷ്യരെ ഉപദേശിച്ചു. വളരെ ചുരുക്കമായി സംസാരിക്കുന്ന അദ്ദേഹം മറ്റുള്ളവരിൽ നിന്ന് കൂടുതൽ കേൾക്കാൻ ആഗ്രഹിച്ചു. നിരന്തരമായി ചിത്രകലയുടെ അനന്ത സാദ്ധ്യതകളിൽ അദ്ദേഹം വ്യാപരിച്ചു. വളരെ ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചത്. കലാഭവൻ ഇടങ്ങളുടെ ശുചിത്വം ഉറപ്പുവരുത്താൻ എപ്പോഴും പരിശ്രമിച്ചു.
ഗാന്ധിജിയുമായി ഉറ്റബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രസ്തുത വ്യക്തിബന്ധത്തിൻ്റെ പേരിൽ കോൺഗ്രസ്സിന് വേണ്ട സഹായങ്ങളൊരുക്കാൻ അദ്ദേഹം സന്നദ്ധനായി. നന്ദലാൽ ബോസുമായി സംവദിക്കുകയെന്ന ഉദ്ദേശ്യം ശാന്തിനികേതൻ സന്ദർശിക്കുമ്പോഴൊക്കെ ഗാന്ധിജിക്കുണ്ടായിരുന്നു. ടാഗോറിൻ്റെ വേർപാടിനുശേഷം വന്ന ഗാന്ധിജി ബോസിന് വലിയൊരു ആശ്വാസമായിരുന്നു. 1966 ഏപ്രിൽ 16ന് ബോസ് അന്തരിച്ചു.
രാം കിങ്കർ ബൈജ് (1906-1980)
Ram Kinker Baij |
സി.വി. ശാന്തിനികേതനിലെ മറ്റൊരു അനുഗൃഹീത കലാകാരനെക്കൂടി പരിചയപ്പെടുത്തുന്നു. കലാഭവനിൽ പഠിക്കാനെത്തുകയും തുടർന്ന് അവിടത്തെ അദ്ധ്യാപകനാവുകയും പ്രശസ്തിയും ആദരവും ആർജ്ജിക്കുകയും ചെയ്ത രാം കിങ്കറാണ് ഇവിടത്തെ കഥാപാത്രം. മെരുങ്ങാത്ത വനവാസിയെന്ന് തോന്നിക്കുന്ന പ്രകൃതം. അരാജകവാദി, മദ്യപാനി എന്നിങ്ങനെ പലതരം വൈയക്തികാക്ഷേപങ്ങൾ രാം കിങ്കറിനെക്കുറിച്ച് പലരും ഉന്നയിച്ചെങ്കിലും ടാഗോർ ഒന്നിനും ചെവികൊടുത്തില്ല. അതിനാൽ ആ അനുഗൃഹീത ശില്പി ശാന്തിനികേതനത്തിൽ തുടർന്നു. ഉന്നതമായ ഭാവനയും യാഥാർത്ഥ്യബോധത്തിൻ്റെ വിപുലതയും ദർശിക്കാവുന്ന നിരവധി ശില്പങ്ങൾ രാം കിങ്കർ ശാന്തിനികേതനിൽ തീർത്തു. കവിഗുരുവായ ടാഗോറിൻ്റെ ഉപദേശം രാം കിങ്കറിനെ കരുത്തുള്ള കലാകാരനാക്കി. കെ.ജി.സുബ്രഹ്മണ്യൻ അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട ശിഷ്യരിൽ ഒരാളായിരുന്നു.
എപ്പോഴും കർമ്മവ്യഗ്രനാണ് രാം കിങ്കർ. ജീവസ്സുറ്റ ശില്പനിർമ്മിതിയിൽ ലഹരി ഒരു തടസ്റ്റമേയല്ലായിരുന്നു. കുടുംബമെന്ന സ്ഥാപനത്തോടൊന്നും യാതൊരാഭിമുഖ്യവുമില്ല. 'ഒരു കലാകാരനാവുകയെന്നത് തുലോം പ്രയാസമാണ്. അയാളെ മനസ്സിലാക്കുകയെന്നത് അതിലും പ്രയാസമാണെന്ന്' രാം കിങ്കർ പറഞ്ഞിട്ടുണ്ട്. കലയിൽ ആധുനികത കൈവരുത്തുമ്പോഴും മട്ടും ഭാവവും മണ്ണിൻ്റെ ഭാഗമായ സന്താൾ വർഗ്ഗക്കാരൻ്റേതായിരുന്നു. സന്താൾ ഗാനങ്ങൾ ആസ്വദിച്ചു പാടാറുമുണ്ട്. എന്നാൽ അദ്ദേഹം സന്താൾ വർഗ്ഗക്കാരനായിരുന്നില്ല.
തൻ്റെ അനുഭവത്തെ മുൻനിർത്തിയാണ് സൃഷ്ടി നിർവഹിക്കുന്നതെന്ന് രാം കിങ്കർ പറയുന്നു. ഇതിന് മൂർത്തമായ ഉദാഹരണമാണ്, സന്താൾ കുടുംബമെന്ന (1938)ശില്പം. ശില്പകലയിൽ വലിയ വഴിത്തിരിവായിരുന്നു അത്. മറ്റുള്ളവരുടെ ദൃഷ്ടിയിൽ അത് ആധുനികമാവാം; അല്ലാതാവാം. തൊഴിൽശാലയുടെ വിളി (1956), കൊയ്ത്തുകാരൻ (1943), കൂലി മദർ, മുതലായ ശില്പങ്ങൾ വേറിട്ട വഴിക്ക് ഉദാഹരണങ്ങളത്രെ. സുജാത, ബുദ്ധൻ, ഗാന്ധിജി(നവഖാലി യാത്ര) മുതലായ ശില്പങ്ങൾ രാം കിങ്കറിൻ്റെ ആശയങ്ങൾക്കും കരവിരുതിനും സാക്ഷ്യം വഹിക്കുന്നു. ഓരോ ശില്പവും രാം കിങ്കറിൻ്റെ തന്നെ പ്രതിനിധാനമാണെന്ന് സി.വി. പറയുന്നു. ഋത്വിക് ഘട്ടക്ക് 1975 ജൂലൈയിൽ രാം കിങ്കറിനെക്കുറിച്ച് ഡോക്യുമെൻററി നിർമ്മിച്ച് ദൃശ്യസാക്ഷാത്കാരം നടത്തി. നാട്ടുകാർക്ക് കിങ്കർ ദാ എന്നും പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിൻ്റെ ഹൃദയസ്പശിയായ ചിത്രമാണ് സി.വി. നല്കുന്നത്.
ഇതിനിടയിൽ, വൈയക്തികാനുഭവങ്ങളും സി.വി. ഉൾച്ചേർക്കുന്നുണ്ട്. അത് യാത്രാവിവരണത്തെ സുഗമമാക്കുന്നു. ശാന്തിനികേതനിൽ വെച്ച് ഒരു 'കപിശ്രേഷ്ഠൻ' പിന്തുടർന്ന അനുഭവം അദ്ദേഹം പങ്കുവെക്കുന്നു. കവി ധ്യാനത്തിലിരിക്കുന്ന, വിശ്വഭാരതി സർവകലാശാലയുടെ ബിരുദദാനത്തിൽ വിജയികൾക്ക് നല്കപ്പെടുന്ന താലിം ഗച്ഛിൻ്റെ ഇല തൻ്റെ നേർക്കു പറന്നു വന്നെങ്കിൽ എന്ന് സി.വി. വ്യാമോഹിക്കുന്നു.
ഏതേതോ സരണികൾ പിന്നിട്ടെത്തിയ സി.വി.യെ ഹൃദയംഗമമായി സ്വാഗതം ചെയ്ത, ആകർഷിച്ച കൽക്കത്ത യേയും പ്രാന്തപ്രദേശങ്ങളെയും അവിടത്തെ സാഹിത്യ സാംസ്കാരിക മകുടങ്ങളേയും രാഷ്ട്രീയത്തിലെ മഹത്തുക്കളെയും സി.വി.ആദരപൂർവം ആഖ്യാനം ചെയ്തിരിക്കുന്നു. പ്രകാശമാനമായ ഇതിലെ ഭാഷ വായനക്കാരന് കൂടുതൽ മിഴിവ് പകരുമെന്ന് ഉറപ്പ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ