അടിയാറ് ടീച്ചർ : താഹ മാടായി
(കണ്ണൂർ സർവകലാശാല ബി.എ/ബി.എസ്.സി. കോമൺ മലയാളം - മൂന്നാം സെമസ്റ്റർ -സിലബസ്സിൽ ജീവചരിത്രമെന്ന മൊഡ്യൂളിൽ ഉൾക്കൊള്ളിച്ച അടിയാറ് ടീച്ചർ എന്ന അഭിമുഖ സംഭാഷണം മുഖേനയുള്ള ജീവിതാഖ്യാനത്തിൻ്റെ സംക്ഷേപം)
കൃതി: 'അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും'
രചന: താഹ മാടായി
ആമുഖം:
'അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും' എന്ന കൃതി ശ്രദ്ധേയമാകുന്നത് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലുൾപ്പെടുന്ന / തിരസ്കൃതരായ / പ്രതിഷേധ
സൂചകമായി മുഖ്യധാരയിൽ നിന്നും മന:പൂർവം വിട്ടകന്ന വ്യക്തികളുടെ ജീവിതാഖ്യാനം എന്ന നിലയിലാണ്. ഇത് അഭിമുഖങ്ങളിലൂടെയുള്ള ജീവിത കഥനമാണ്, അഥവാ ജീവിതചിത്രണമാണ്. ഏതെങ്കിലും ഒരു വ്യക്തിയുടെയല്ല, നിരവധി വ്യക്തികളുടെ ജീവിത സന്ദർഭങ്ങളിലെ സംഘർഷോന്മുഖ നിമിഷങ്ങളാണ്, സങ്കടഭരിതവും യാതനാപൂർണ്ണവുമായ ജീവിതപർവങ്ങളാണ് ഇവിടെ അനാവരണം ചെയ്യുന്നത്. ആർക്കും വേണ്ടാത്തവനും പുറന്തള്ളപ്പെട്ടവനും സ്വയം പുറത്താക്കിയവനും പറയാൻ ചരിത്രമുണ്ട്; കഥയുണ്ട്. അതിൽ കാലവും ദേശവും സമൂഹവും സ്പന്ദിക്കുന്നു.
ഇത്തരമൊരു കൃതിയുടെ രചയിതാവ് താഹ മാടായിയാണ്. എഴുത്തുകാരൻ, ജീവചരിത്രകാരൻ, ആനുകാലികങ്ങളിൽ കോളമെഴുത്തുകാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹം അറിയപ്പെടുന്നു. ദളിതവിഭാഗങ്ങളിലും സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്നും അകറ്റി നിർത്തപ്പെട്ട വിഭാഗങ്ങളിലെയും പ്രധാനികളുടെ അനുഭവങ്ങൾ പൊതുമണ്ഡലത്തിനു മുന്നിൽ തുറന്നവതരിപ്പിക്കാൻ താഹ മാടായി ശ്രമിക്കുന്നു. ഏറ്റവും പിന്നോക്കക്കാരനും നികൃഷ്ടനെന്നാരോപിച്ച് പുറന്തള്ളപ്പെട്ടവനും ചരിത്രവും സാഹിത്യവുമുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുകയാണ് താഹ. ഇരുപതോളം കൃതികൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. മാമുക്കോയ, ദേശമേ ദേശമേ ഇവരുടെ ജീവിതവർത്തമാനം കേൾക്ക്, നഗ്നജീവിതങ്ങൾ, ഉപ്പിലിട്ട ഓർമ്മകൾ, നൂറ് മനുഷ്യർ എന്നിങ്ങനെ വൈവിദ്ധ്യമുള്ള കൃതികളാണ് അദ്ദേഹത്തിൻ്റേത്.
ചരിത്രത്തിൻ്റെ മുഖ്യധാരയിൽ നിന്നും സാഹിത്യത്തിൻ്റെ പൊതു സരണിയിൽ നിന്നും നിഷ്കാസിതരായ ജന്മങ്ങൾക്ക് അവരുടെ അനുഭവകഥനങ്ങൾ ജീവിതമെഴുത്തായി താഹ മാടായി പ്രകാശനം ചെയ്യുമ്പോൾ മർദ്ദിതൻ്റെ അവകാശ പ്രഖ്യാപനം കൂടിയായി അവ രൂപാന്തരപ്പെടുന്നു. എങ്ങനെയാണ് ഒരു സമൂഹം പാർശ്വവത്കരിക്കപ്പെടുന്നത്? വ്യക്തികൾ മുഖ്യധാരയിൽ നിന്നും ബഹിഷ്കൃതരാകുന്നത്? സ്വയം ഒളിക്കേണ്ടി വരുന്നത്? എന്താണ് മുഖ്യധാര? മുഖ്യധാരയെന്ന പ്രയോഗത്തിന് അധികാരവുമായും ജാതി/മത സാമൂഹിക ശ്രേണികളുമായും ബലപ്രയോഗവുമായും സമൂഹത്തിൻ്റെ പൊതുഗതി നിർണ്ണയിക്കുന്ന പ്രമുഖ ഘടകം എന്ന നിലയിലും ബന്ധവും വ്യവഹാരവുമുണ്ട്. മേൽക്കൊയ്മയുടെ ബൗദ്ധികവും ജ്ഞാനപരവും അധികാരസംബന്ധിയുമായ ഇടം സ്വായത്തമാക്കുന്നവരുടെ ഗണമാണ് മുഖ്യധാരയിൽ പ്രത്യക്ഷമാകുന്നത്. അതിൻ്റെ ഗതിയിൽ വേണ്ട വിഭവങ്ങൾ പ്രദാനം ചെയ്യുന്ന വർഗ്ഗങ്ങളും വിഭാഗങ്ങളും വെറും പോഷകദായികൾ മാത്രമായി പരിമിതപ്പെട്ടു. അധികാരവും ജ്ഞാനവും ചരിത്രവും സാഹിത്യവും സ്വായത്തമാക്കിയ മുഖ്യധാര എന്നും വരേണ്യപക്ഷമായിരുന്നു. ചരിത്രം 'നിർമ്മിച്ചത് ' അവരായിരുന്നു. ഭൂരിപക്ഷമെങ്കിലും അധികാരവും അറിവുമില്ലാത്ത പാവങ്ങൾ തിരസ്കൃതരായി ചരിത്രത്തിനും അറിവിനും പിടികൊടുക്കാതെ ഇരുട്ടിലാണ്ടു. ദളിതരെന്നറിയപ്പെടുന്ന സകല പിന്നാക്ക വിഭാഗങ്ങളും ലിംഗനീതി നിഷേധിക്കപ്പെട്ട പാവങ്ങളും വ്യവസ്ഥാപിതത്വത്തിനെതിരെ കലഹിച്ച വിപ്ലവകാരികളും അക്ഷരവും വികസനവും നിഷേധിക്കപ്പെട്ട ഗണങ്ങളുമൊക്കെ പാർശ്വവത്കൃത വിഭാഗങ്ങളായി.(Marginalised groups). സ്വന്തമായ ബലം തിരിച്ചറിയാതെ പോയവർ. അധികാരത്തിൻ്റെ സാദ്ധ്യതകളറിയാത്തവർ. അക്ഷരപ്പൊരുളിൽ നിന്നും അകറ്റി നിർത്തപ്പെട്ടവർ. പൊതുവീഥികളിൽ നിന്നും പൊതു വിദ്യാലയങ്ങളിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും ബഹിഷ്കരിക്കപ്പെട്ടവർ. അവരുടെ ദു:ഖവും യാതനയും രോഷവും പരിദേവനവും പ്രത്യാശയും ആവിഷ്കരിക്കുകയാകുന്നു താഹ മാടായി.
ഈ കൃതിക്ക് ഒരു ഉപശീർഷകം കൂടിയുണ്ട്: ഓർമ്മ കൊണ്ടുള്ള പ്രതിരോധം. താഹ അഭിമുഖം നടത്തുന്നവർ ഡോക്യുമെൻ്റുകൾ കൊണ്ട് തെളിവ് നിരത്താൻ കഴിവുള്ളവരല്ല. അവർക്ക് ഓർമ്മകൾ മാത്രമാണ് ഡോക്യുമെൻ്റ്. മറ്റൊരു തെളിവും ഹാജരാക്കാനില്ല. എന്നാൽ അവരുടെ ഓർമ്മകൾക്ക് വല്ലാത്ത ആർജ്ജവവും യുക്തിയുമുണ്ട്. സത്യത്തിൻ്റെ വലക്കണ്ണികളാലാണ് ഓരോ ഓർമ്മകളും നെയ്തിരിക്കുന്നത്. ഓർമ്മകളിലൂടെ ആധുനിക മുഖ്യധാരാ സമൂഹത്തിൻ്റെ ഹിംസാത്മകതയ്ക്കെതിരെ പ്രതിരോധം ചമയ്ക്കുകയാണ് അവർ.
' അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും' എന്ന ശീർഷകമാണ് താഹ മാടായി നല്കിയിരിക്കുന്നത്. സാധാരണമല്ലാത്തതാണല്ലോ അസാധാരണം. ഇവിടെ അസാധാരണം എന്ന പദം പതിവ് വിട്ട് സാഹസികം എന്ന അർത്ഥം സ്വരൂപിക്കുന്നത് കാണാം. ജാതീയത കാരണം അദ്ധ്യാപികയായ ദാക്ഷായണിയെന്ന സുലോചന നേരിട്ട ദുരനുഭവങ്ങളെ സാക്ഷ്യപ്പെടുത്തുന്നതാണ് 'അടിയാറ് ടീച്ചർ' എന്ന ജീവിതാഖ്യാനം. തൻ്റെ ആദർശങ്ങൾക്കനുസൃതമായ ചുറ്റിക്കറങ്ങലിൻ്റെ അവസാനം ഒറ്റപ്പെട്ടു പോയ വിഷ്ണു ഭാരതീയനെ 'ആർക്കും വേണ്ടാത്ത ചരിത്ര നായകൻ' എന്ന അദ്ധ്യായത്തിൽ അവതരിപ്പിക്കുന്നു. പയ്യന്നൂരിൻ്റെ സമര പുരുഷനായ സുബ്രഹ്മണ്യ ഷേണായിയുടെ ആരും പറഞ്ഞു കേൾക്കാത്ത രാഷ്ട്രീയ കുടുംബ ജീവിത കഥയാണ് 'അരിവാൾ ചുറ്റികയും രേവതി നക്ഷത്രവും'. അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ഭരണകൂട ഭീകരതയ്ക്കിരയായ മകനു വേണ്ടി, അവന് എന്തു സംഭവിച്ചുവെന്നതറിയാനായി നിയമയുദ്ധം നടത്തിയ ഈച്ചരവാരിയർ എന്ന പിതാവിൻ്റെ അനുഭവങ്ങളാണ് 'അച്ഛൻ'. മുസ്ലീം സമുദായത്തിലെ പാർശ്വവത്കൃതരായ, മുക്രികളെ പ്രതിനിധീകരിക്കുന്നു, ബദർ അലീക്കയെന്ന കുട്ടികളുടെ 'മിഠായി ഉപ്പാപ്പ'യുടെ അനുഭവകഥനം. ആനസ്നേഹിയായ ചോമ്പാളൻ അലിയെന്ന ആനയുപ്പാപ്പയുടെ ദാരിദ്ര്യത്തിൽ നിന്നുള്ള പടവുകയറ്റവും ആനക്കാരനാകണമെന്ന മോഹസാക്ഷാത്കാരവും 'ൻ്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് ' പ്രകാശിപ്പിക്കുന്നു. പാദുകങ്ങളിലേക്കും ജീവിതത്തിലേക്കുമുള്ള പാർശ്വവത്കരിക്കപ്പെട്ടവൻ്റെ നോട്ടമാണ് 'കുപ്പുസ്വാമി എന്ന ചെരുപ്പുകുത്തി'. തീവണ്ടിയിൽ പാടി ജീവിക്കുന്ന അന്ധഗായകനായ കൃഷ്ണൻകുട്ടിയേട്ടൻ്റെ അനുഭവങ്ങളാണ് 'പാട്ടുകാരാ,കേൾക്കട്ടെ നിൻ്റെ പഴയ പാട്ടുകൾ.'
ഇപ്രകാരം ഒറ്റപ്പെട്ടവരുടെയും മുഖ്യധാരാ സമൂഹം കേൾക്കാനാഗ്രഹിക്കാത്തവരുടെയും ജീവിതവും പോരാട്ടവുമാണ് താഹ അവതരിപ്പിക്കുന്നത്. സ്വത്വത്തിൻ്റെ അംഗീകാരമെന്ന നിലയിൽ ഈ ആഖ്യാനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്.
-1-
ജാതിശ്രേണിയിൽ താഴ്ന്ന നിലയിലിരിക്കുന്നവർ അനുഭവിച്ച യാതനകൾക്ക്,മാനസിക സംഘർഷങ്ങൾക്ക് കയ്യും കണക്കുമില്ല. ഉച്ചനീചത്വത്തിൻ്റെ പേരിലുള്ള വിലക്ക് കൊണ്ട് എല്ലാ സാമൂഹിക ബന്ധങ്ങളിലും അവഹേളിതരായി ദളിതർക്ക് കഴിയേണ്ടിവന്നു. പൊതുമണ്ഡലങ്ങളിൽ നിന്നെല്ലാം അവർ തിരസ്കൃതരായി. വിദ്യ, സഞ്ചാരം, ആരോഗ്യ സൗകര്യങ്ങൾ, മികച്ച ജീവിതപരിപാലന അന്തരീക്ഷം മുതലായവയെല്ലാം അവർക്ക് നിഷേധിക്കപ്പെട്ടു. എന്നാൽ വരേണ്യർക്ക് കൃഷിയിടങ്ങളിലും ഇതര അദ്ധ്വാനമേഖലകളിലും ദളിതരുടെ സഹായം വേണ്ടിവന്നു. അവിടെയും ക്രൂരമായ മർദ്ദനങ്ങൾക്കും നരകതുല്യമായ ചൂഷണത്തിനും അവർ ഇരയായി. ജാതി ഘോരമായ ശാപമാണെന്ന് ചണ്ഡാലഭിക്ഷുകിയിൽ കുമാരനാശാൻ സ്ഥാപിക്കുന്നുണ്ട്. ഇതരമതക്കാർക്ക് വരേണ്യർ നല്കുന്ന പരിഗണന പോലും ഹിന്ദുമതത്തിൽ തന്നെയുള്ള ദളിതർക്ക് ലഭ്യമായില്ല. അതിനാൽ സ്വാതന്ത്ര്യത്തിനു വേണ്ടിയും ചൂഷണത്തിൽ നിന്ന് മുക്തരാകാനും മനുഷ്യരെന്ന പരിഗണന ലഭിക്കുന്നതിനും ശാന്തിയുടെ ശുദ്ധവായു ശ്വസിക്കുന്നതിനും വേണ്ടി ഹിന്ദു ദളിതരിലൊരു വിഭാഗം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു. ഉന്നത വർഗത്താൽ ചവിട്ടിയരയ്ക്കപ്പെട്ട പിന്നോക്ക വിഭാഗങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനഘട്ടത്തിലും ഇരുപതാം നൂറ്റാണ്ടിൻ്റെ പ്രാരംഭ ഘട്ടത്തിലും അയ്യങ്കാളിയുടെയും മറ്റും നേതൃത്വത്തിൽ നടന്ന വിമോചന പോരാട്ടങ്ങളിലൂടെ പ്രതിരോധ സജ്ജരായി. പക്ഷേ, നൂറ്റാണ്ടുകളായി അനുവർത്തിച്ചു വന്ന ജാതീയതയും അതിൻ്റെ ഭാഗമായുള്ള ഉച്ചനീചത്വവും അയിത്തവും പൂർണ്ണമായും തുടച്ചു നീക്കാൻ സാദ്ധ്യമായിട്ടില്ല. പല രൂപഭാവങ്ങളിൽ അത് ഇന്നും പ്രത്യക്ഷമാകുന്നു.
പരസ്പര ബന്ധവും സ്നേഹവും വിശ്വാസവും നിരാകരിക്കുന്ന ജാതീയതയുടെ ഇരയായ ഒരു അദ്ധ്യാപികയുടെ വികാരവിചാരങ്ങളും അനുഭവങ്ങളുമാണ് അടിയാറ് ടീച്ചർ എന്ന ജീവിത ചിത്രണത്തിൽ ഉള്ളടങ്ങുന്നത്. പുലയനെ അടിമയായി മാത്രം കണക്കാക്കുന്ന മേലാളസമൂഹം അവരിലെ വിദ്യാസമ്പന്നരെ അവഗണിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. തൊഴിലിടങ്ങളിൽ ഉച്ചനീചത്വം പ്രകടമാക്കി. അയിത്തം ആചരിച്ചു. പുലയർ തൊട്ട ഉപകരണങ്ങൾ ശുദ്ധി ചെയ്തു. നിന്നതും ഇരുന്നതുമായ ഇടങ്ങൾ അശുദ്ധമെന്ന് കല്പിച്ചു. ആധുനിക സമൂഹത്തിന് യോജിക്കാത്ത വിധത്തിലുള്ള മാനസികവിഭ്രാന്തികളാണ് മേലാളസമൂഹം പ്രകടിപ്പിച്ചത്.
അടിയാറ് ടീച്ചർ എന്ന ജീവിതാഖ്യാനം 2006 മാർച്ചിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. അടിയാറ് ടീച്ചറെന്ന ജാതിപ്പേര് ചൊല്ലിയുള്ള വിളി, അസഹ്യമായതിനാൽ 60 വർഷം മുമ്പ് ജോലി രാജിവെച്ച സുലോചനട്ടീച്ചറുടെ അനുഭവം, കീഴാളസമൂഹം നേരിട്ട ഭീകരമായ വിവേചനത്തെ അടയാളപ്പെടുത്തുന്നു. കേരളത്തിൻ്റെ ആധുനികതയെ എപ്രകാരമാണ് അടിയാളസമൂഹം അഭിമുഖീകരിച്ചതെന്നത് സുലോചനട്ടീച്ചറുടെ അനുഭവങ്ങളിലൂടെ പoനവിധേയമാക്കുകയാണ് താഹ മാടായി.
യാത്രയയപ്പു മാസമായ മാർച്ചിൻ്റെ സൗരഭ്യമൊന്നും ദാക്ഷായണിയെന്ന പേരുള്ള സുലോചനട്ടീച്ചർക്ക് ആസ്വദിക്കേണ്ടി വന്നിട്ടില്ല. വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്ന അനുഭവങ്ങളാണ് അവർക്ക് ജീവിതം - തുറന്നു നോക്കുന്നതിനു മുമ്പേ അടച്ചുകളയേണ്ടിവന്ന ഒന്ന്. രുചികരമായ, ആസ്വാദ്യമായ ഒരോർമ്മ പോലും ടീച്ചർക്ക് കണ്ടെത്താനാവുന്നില്ല. ടീച്ചർ എന്ന് മുഖത്തു നോക്കി ഒരാളും വിളിച്ചിട്ടുമില്ല. പുതിയ തലമുറയ്ക്ക് ഇവരുടെ ചരിത്രം അറിയില്ല. പല ഓർമ്മകളും കാലപ്പഴക്കത്താൽ മറവിയാർന്നിരിക്കുന്നു.
താഹ മാടായി ടീച്ചറെ ഇൻ്റർവ്യൂ ചെയ്യുമ്പോൾ രണ്ടു പേരുടെ സാന്നിദ്ധ്യം കൂടിയുണ്ട് - ഒരാൾ സ്റ്റീഫനാണ്, സ്റ്റീഫേട്ടൻ. സ്റ്റീഫേട്ടനും ദാക്ഷായണി(സുലോചന)യും ഒന്നിച്ചാണ് സ്കൂളിൽ പോയത്. നല്ല ചരിത്രബോധം ഉള്ളയാളാണ് അദ്ദേഹം. രണ്ടാമത്തെയാൾ, ഗോപാലൻ എന്ന ജോർജ് - സുലോചനയുടെ ഭർത്താവ്.
-2-
സുലോചനയുടെ അച്ഛൻ ഇടച്ചേരി വട്യൻ. അമ്മ തെക്കത്തി പ്റക്കാത്തി. (പണ്ട് മൃഗപ്പേരുകൾ മാത്രമേ കീഴാള ജാതികൾക്ക് ഇടാമായിരുന്നുള്ളൂ.) മാടായി ബി.ഇ.എം.എൽ.പി. സ്കൂളിലാണ് പഠിച്ചത്. നാലാം ക്ലാസ്സ് വരെ അവിടെ പഠിച്ചു. മണലിലെഴുത്തായിരുന്നു അന്ന്. സ്ലേറ്റും പെൻസലും കണ്ടുപിടിച്ചിട്ടില്ല. എന്നാൽ അന്ന് പഠിച്ച പാട്ടൊന്നും ഓർമ്മയില്ല. എന്നാൽ സ്റ്റീഫേട്ടൻ അതൊക്കെ ഓർമ്മിക്കുന്നു. അതിൽ നിന്നുള്ള വരികൾ (നാറാണത്ത് പ്രാന്തൻ്റെ പദ്യം) ചൊല്ലുകയും ചെയ്യുന്നു. പിന്നെ കോഴിക്കോട്ട് പുതിയറ ഹരിജൻ ഹോസ്റ്റലിൽ ചേർന്നു. എം.എൽ.എ.യായിരുന്ന ചടയനാണ് അവിടെ കൊണ്ടു ചേർത്തത്. ചാലപ്പുറം ഹൈസ്കൂളിലാണ് പഠിച്ചത്. ഹോസ്റ്റലിൽ സാധുക്കുട്ടികളായിരുന്നു. അവസാനത്തെ കോളറക്കാലം. അതിനു മുന്നെ വല്ലാത്ത ചെങ്കണ്ണ് രോഗവും വന്നിരുന്നു. കോളറ വന്നപ്പോൾ ജാതിയും മതവും നോക്കിയില്ല. ആളുകൾ രോഗം ബാധിച്ച് മരിച്ചുവീണു. ആരും തിരിഞ്ഞു നോക്കാനില്ലാത്ത ശവങ്ങൾ കുന്നുകൂടിയെന്ന് സ്റ്റീഫേട്ടൻ അക്കാലം ഓർമ്മിക്കുന്നു. ചികിത്സയൊന്നുമില്ല.
ചാലപ്പുറം ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ്സ് വരെ പഠിച്ചു. പിന്നെ നാട്ടിൽ വന്ന് പല ജോലിയും നോക്കി. റെജിമാഷ് ഉപരിപഠനത്തിന് ബേപ്പൂരിലേക്ക് അപേക്ഷ അയച്ചു. പഠിച്ച് ഉദ്യോഗത്തിൽ വരണമെന്ന് മാഷ് പറഞ്ഞു. ബേപ്പൂരിൽ കൈവേലകൾ പഠിപ്പിക്കുന്ന ട്രെയിനിങ്ങ് സ്കൂൾ അപേക്ഷ സ്വീകരിച്ചു. അവിടെ കയർ ട്രെയിനിങ്ങിന് റെജിമാഷ് കൊണ്ടുപോയി ചേർത്തു. നല്ല ഭാവിയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. രണ്ടു വർഷം പഠിച്ചു. കയർ ടീച്ചറായി സർട്ടിഫിക്കറ്റ് കിട്ടി.
അന്ന് മാടായി അയിത്തം കൂടുതലായിരുന്നു. പാത്തും പതുങ്ങിയും ഹരിജനങ്ങൾ ജീവിച്ചു. ശാസ്ത്രീയമായി നെയ്ത്ത് പഠിച്ചെങ്കിലും അത് കൊണ്ട് ജീവിക്കാൻ പറ്റിയിട്ടില്ല. ഹരിജൻ തൊട്ട നൂല് ആരും വാങ്ങാൻ തയ്യാറായില്ല. ചർക്ക പഠിച്ചത് വെറുതെയായി. പയ്യന്നൂർ ബ്ലോക്കിലെ നല്ല ചില നഴ്സുമാരുടെ സ്വാധീനത്തിൽ മാട്ടൂല് ഒരു ചൂടിക്കമ്പനി രജിസ്റ്റർ ചെയ്തു. അവിടെ ടീച്ചറായി നിയമിതയായി. അത് പയ്യന്നൂരേക്ക് മാറ്റിയപ്പോൾ അവിടെയും ടീച്ചറാക്കി. പുലയ സമുദായക്കാരിയാണെന്നത് അവിടെ വലിയ പ്രശ്നമുണ്ടാക്കി. അങ്ങനെയിരിക്കെ കാസർകോട് ജില്ലയിലെ കാറഡുക്ക സ്കൂളിൽ (കാടകം) ടീച്ചറായി നിയമനം കിട്ടി. എന്നാൽ അവിടം അയിത്തത്തിൻ്റെ കേന്ദ്രമായിരുന്നു. പ്രസ്തുത അനുഭവങ്ങൾ സുലോചന ടീച്ചർ വിവരിച്ചു.
ഹെഡ് മാഷ് ഹാജർ പട്ടിക ഒപ്പിടാൻ മേശപ്പുറത്ത് വെക്കും. ഒപ്പിട്ടശേഷം തുണിയോ കടലാസുകൊണ്ടോ തുടച്ച ശേഷമേ ഉപയോഗിക്കു. അപ്പോൾ ആരും കാണാതെ സുലോചന കരയും. എന്നാൽ അവളുടെ കണ്ണീരിന് (പുലച്ചിയുടെ)ഒരു വിലയുമില്ല. അവരവർ സഹിക്കുക തന്നെ. കൈവേലയല്ല, മലയാളമാണ് പഠിപ്പിച്ചത്. കുട്ടികളെ തൊടാനും അടുത്തിരുത്താനും പാടില്ലെന്ന് ഹെഡ്മാഷ് പറഞ്ഞിരുന്നു. മാഷന്മാർ നായന്മാരും പട്ടന്മാരും നമ്പ്യാന്മാരുമാണ്. കുട്ടികളും അങ്ങനെ തന്നെ. കുട്ടികൾ 'അടിയാറ് ടീച്ചറെ 'ന്നു പറഞ്ഞ് കളിയാക്കും. ദൂരെ നിന്ന് രക്ഷിതാക്കള് നോക്കി നില്ക്കും. ദൈവമെന്തിനാണ് കണ്ണും കാതും തനിക്ക് തന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. ആളുകൾ കല്ലെറിയുകയും കളിയാക്കുകയും ചെയ്യും. മൂത്രവിസർജനത്തിന് പോലും പോകാൻ പറ്റാത്ത അവസ്ഥ. വല്ലാതെ പരിഹാസം കൂടിയപ്പോൾ സ്കൂൾ വേണ്ടെന്ന് ഡി.ഇ.ഒ.യ്ക്ക് എഴുതി. സ്കൂൾ മാറ്റി വിളിച്ചിട്ടും പോയില്ല. പൊറത്തിരിക്കാൻ വരെ പാടില്ലാന്ന് വെച്ചാൽ പിന്നെ എന്ത് വിദ്യാഭ്യാസം? കാസർകോട് ഡി.ഇ.ഒ.യോട് സുലോചന ട്ടീച്ചർ ചോദിച്ചു. ഡി.ഇ.ഒ.മറുപടി പറഞ്ഞില്ല.
-3-
അവിടെ തന്നോട് അടുപ്പം കാട്ടിയ ഒരു കുട്ടിയെ സുലോചനട്ടീച്ചർ ഓർക്കുന്നുണ്ട്. മനുഷ്യത്വം പ്രകടിപ്പിച്ച ഏക മുഖം. അതിനിടെ സ്റ്റീഫൻ ചിലതു കൂട്ടിച്ചേർത്തു: 'പുലയ സ്ത്രീകളെയാണ് അടിയാർ എന്ന് വിളിക്കുന്നത്. പുലയർക്കും അടിയാർക്കും ഒരു സ്ഥാനമാനങ്ങളും കിട്ടിയിരുന്നില്ല. എന്നല്ല, സ്വപ്നം കാണാൻ പോലും പറ്റാത്ത കാലം. പുലയൻ്റെ പഠിപ്പിനെയൊന്നും ആരും വകവെക്കില്ല. പൊട്ടൻ ശങ്കരാചാര്യരെ പാഠം പഠിപ്പിച്ചവനാണ്. ആര്യന്മാരാണ് എല്ലാം കീഴ്മേൽ മറിച്ചത്. മാഷന്മാർ പഠിപ്പിക്കുന്നതല്ല, ചരിത്രം.
ശരിയായ അടിയാർ കാണാൻ വരുമ്പോൾ കുളിക്കാനും നനക്കാനും ഒക്കെ സുലോചന ടീച്ചർ നിർദ്ദേശം നല്കും. സോപ്പൊക്കെ നല്കും. കുളിച്ചാൽ ജാതിമാറുമോ എന്ന് അടിയാർ തിരിച്ച് ചോദിക്കും.
മതം മാറ്റം
ഫ്രാൻസിസ് അച്ചനാണ് ബാസൽ മിഷനിലേക്ക് മതം മാറ്റിയത്. പുലയർ കൂട്ടത്തോടെ മതം മാറാനാരംഭിച്ചു. ആദ്യം പിടിച്ചു നിന്നെങ്കിലും സാധിച്ചില്ല. മതം മാറിയതോടെ പുലയരുടെ എണ്ണം കുറഞ്ഞു. ആനുകൂല്യമൊന്നും ഇതിൻ്റെ ഭാഗമായി കിട്ടിയില്ല. പുലയർ മതം മാറാനുള്ള കാരണം അയിത്തമായിരുന്നു. ക്രിസ്തുമതത്തിലേക്ക് മാറിയപ്പോൾ ഒന്നും പ്രത്യേകിച്ച് തോന്നിയില്ലെന്ന് ജോർജ് പറഞ്ഞു. മനുഷ്യർ എവിടെയും ഒന്നു തന്നെ.
മതം മാറിയപ്പോൾ ചെറിയ മാറ്റം ഉണ്ടായി. പുലയരായിരുന്നപ്പോൾ ആളുകൾ അടുത്തിരുന്നില്ല. ഇപ്പോൾ എല്ലാ മനുഷ്യരും വീട്ടിൽ വന്നു തുടങ്ങി. അതോടെ ഒറ്റപ്പെടൽ മാറിയെന്ന് സുലോചന പറഞ്ഞു. മതം മാറിയപ്പോൾ സമാധാനം കിട്ടിയെന്നാണ് സുലോചനയുടെ നിലപാട്.
പുലയർക്കിടയിൽ തന്നെ മുന്തിയ തറവാടും താണ തറവാടും ഉണ്ട്. തറവാട്ട് പേര് പറഞ്ഞ് കളിയാക്കലുണ്ട്. വിശേഷങ്ങൾക്കൊക്കെ തറവാട്ട് പേരാണ് ചോദിക്കാറ്. പളളാൻ ചോയ് എന്നയാളാണ് പുലയർക്കിടയിലെ തറവാട്ട് വിഭജനം ഇല്ലാതാക്കിയത്. അന്ന് കല്യാണം പെട്രോമാക്സൊക്കെ കത്തിച്ച് രാത്രിയിലാണ്.
ടീച്ചറുടെ ജോലി ഉപേക്ഷിച്ചതിനു ശേഷം നാടൻ പണിക്ക് പോയി. ടീച്ചറായിരിക്കുമ്പോഴും പാർട്ട് ടൈം ജോലി ചെയ്യുമ്പോഴും ജീവിക്കാൻ പറ്റുന്ന ശമ്പളം കിട്ടിയിരുന്നു. പക്ഷേ, പീഡനം ഭീകരമായിരുന്നു.
അന്നത്തെ സാമൂഹികനാചാരങ്ങളും പുലയ സ്ത്രീകളെ ഉപദ്രവിക്കാനുള്ള പ്രവണതകളും തീവ്രമായിരുന്നു. സ്റ്റീഫൻ അതിന് ഒരു ഉദാഹരണം പറഞ്ഞു. ഒരിക്കൽ കൺമുന്നിൽ വെച്ച് ഒരു പുലയ യുവതിയുടെ വസ്ത്രം ഒരു തിയ്യൻ പറിച്ചെറിഞ്ഞ സംഭവം. ജാതിയിൽ മുന്തിയ ആർക്കും പുലയരെ ദ്രോഹിക്കാമായിരുന്നു.
പുലയ സ്ത്രീകൾക്ക് വെളുത്തമുണ്ട് ഉടുക്കാൻ പറ്റില്ല തോർത്ത് മുണ്ട് വരിഞ്ഞു കെട്ടി മാറു മറയ്ക്കും. (കൂർക്ക കെട്ടും.). കേളപ്പജിയെ സുലോചന ഓർക്കുന്നു. വല്യ മനുഷ്യൻ.
ഇപ്പോൾ ഒരു രാഷ്ട്രീയപ്പാർട്ടിയിലും വിശ്വാസമില്ല. നമ്മൾ പണിയെടുത്താലേ ജീവിക്കാൻ പറ്റൂ.
1928 ലാണ് ദാക്ഷായണി ജനിച്ചത്. ജാതി പീഡനങ്ങൾ നേരിട്ട് ബാസൽ മിഷനിൽ ചേർന്ന് സുലോചന എന്ന പേര് സ്വീകരിച്ചു. ജാതിയുടെ ആവരണം തന്നെ താൻ നേരിട്ട തിക്താനുഭവങ്ങൾ കാരണം അവർ ഭഞ്ജിച്ചു. സമൂഹത്തിൽ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ജാതീയതയുടെ വിളയാട്ടം തുടരുന്നു.
ചോദ്യം:
സുലോചന ടീച്ചറുടെ ജീവിതാനുഭവങ്ങൾ ചുരുക്കി എഴുതുക.
ദാക്ഷായണിയെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ച സംഗതികൾ ഏവ?
ജീവിതം എന്തൊക്കെ പാഠങ്ങളാണ് സുലോചനയ്ക്ക് പകർന്നു നല്കിയത്?
സുലോചന ടീച്ചറുടെ ജീവിതത്തിൻ്റെ അടിസ്ഥാനത്തിൽ ജാതി വ്യവസ്ഥിതിയെയും സമൂഹത്തെയും നിരൂപണം ചെയ്യുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ