അയിത്തോച്ചാടനം

മൊഡ്യൂൾ 4

പാർട്ട് 07

കണ്ണൂർ സർവകലാശാല

കേരള സംസ്‌കാരം: നവോത്ഥാന മുന്നേറ്റങ്ങൾ

അയിത്തോച്ചാടനം

മഹാകവി എൻ. കുമാരനാശാൻ ‘സിംഹനാദം’ എന്ന കവിതയിൽ ഇപ്രകാരം എഴുതുന്നു:

“നരനു നരനശുദ്ധ വസ്തു പോലും

ധരയിൽ നടപ്പതു തീണ്ടലാണു പോലും

നരകമിവിടമാണ് ഹന്ത! കഷ്ടം!

ഹര! ഹര! ഇങ്ങനെ വല്ല നാടു മുണ്ടോ?”

നിരവധി കവിതകളിലും കാവ്യങ്ങളിലും ജാതിയുടെ നിരർത്ഥകത അദ്ദേഹം വ്യക്തമാക്കി. ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും ജാതീയതയ്ക്കെതിരായ മാനിഫെസ്റ്റോകളായി പ്രകാശിക്കുന്നു.

“തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ

ദൃഷ്ടിയിൽപ്പെട്ടാലു ദോഷമുള്ളോർ

കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ

യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ”

സമൂഹത്തെ നൂറ്റാണ്ടുകളായി വിഴുങ്ങിയ ജാതീയതയെന്ന വിപത്തു സൃഷ്ടിച്ച മലീമസമായ അന്തരീക്ഷത്തെ അപലപിക്കുകയാണ് കവി. അന്നത്തെ കേരളീയ സമൂഹത്തിൻ്റെ നേർചിത്രമാണ് കവിയുടെ തൂലികയിലൂടെ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. അയിത്തവും അനീതികളും മനുഷ്യർ തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നു.

എന്താണ് അയിത്തം?

ഒരു നിശ്ചിത വിഭാഗത്തിൽപെട്ട ആളുകളെ അല്ലെങ്കിൽ ജാതിക്കാരെ അശുദ്ധരായി കണക്കാക്കി അവരുമായി ശാരീരികമോ സാമൂഹികമോ ആയ സമ്പർക്കം പുലർത്തുന്നതിൽ നിന്ന് മേൽജാതിക്കാർ ഒഴിഞ്ഞുമാറി നിൽക്കുന്ന അനാചാരവും വിവേചനവുമാണ് അയിത്തം. ഇന്ത്യൻ ജാതിവ്യവസ്ഥയുടെ ഭാഗമായി നിലനിന്നിരുന്നതും എന്നാൽ ഏറ്റവും ക്രൂരവുമായ അസമത്വ പ്രയോഗമാണിത്. സാമൂഹികമായ അകറ്റി നിർത്തൽ ഇതിൻ്റെ ഒരു പ്രധാന സവിശേഷതയാണ്. പൊതു വഴി ഉപയോഗിക്കുന്നതിൽ നിന്ന് അവർണ്ണ സമുദായക്കാരെ വിലക്കുക, ക്ഷേത്രങ്ങളിൽ അവർക്കു പ്രവേശനം നിഷേധിക്കുക, പൊതുകിണറുകളും കുളങ്ങളും ഉപയോഗിക്കാൻ പാടില്ലെന്ന് പറയുക മുതലായവ ഇതിൻ്റെ പ്രയോഗരൂപങ്ങളാണ്. ചില അവർണ്ണ സമുദായക്കാർ കണ്മുന്നിൽ വന്നാൽ പോലും അയിത്തമുണ്ടാകും. അതിനാൽ അത്തരം വിഭാഗങ്ങളിൽ പെടുന്നവർ പാത്തും പതുങ്ങിയും വേണം ജീവിക്കുവാൻ. ഒരു നിശ്ചിത ദൂരപരിധിക്കുള്ളിൽ വന്നാൽ അയിത്തമാകുമെന്ന വിചിത്ര നിയമവും കേരളത്തിൽ നടപ്പിലുണ്ടായിരുന്നു. ഒരു ബ്രാഹ്മണനു മുന്നിൽ മറ്റു ജാതിക്കാർ എത്രയടി അകലം പാലിക്കണമെന്ന അലിഖിത വ്യവസ്ഥ ഇവിടെയുണ്ടായിരുന്നു. ഇത് മേൽജാതിക്കാർ കീഴ് ജാതിക്കാരോടെല്ലാം പുലർത്തിയിരുന്നുവെന്നതാണ് രസകരമായ വൈരുദ്ധ്യം. അയിത്തമെന്നാൽ മനുഷ്യാവകാശലംഘനം തന്നെയായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ മനുഷ്യന് മനുഷ്യനെ തൊട്ടുകൂടാത്ത കണ്ടുകൂടാത്ത അവസ്ഥ അയിത്തമെന്ന ദുരവസ്ഥ നിർത്തലാക്കിയിട്ടുണ്ട്. ശിക്ഷാർഹമായ കുറ്റമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. നിരവധി നവോത്ഥാന - രാഷ്ട്രീയ-സാമൂഹിക നേതാക്കന്മാരുടെ പ്രവർത്തനഫലമായും വൈക്കംസത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം പോലുള്ള പ്രക്ഷോഭങ്ങൾ മുഖേനയും അയിത്തസങ്കൽപ്പനങ്ങളെ നിർമ്മാർജ്ജനം ചെയ്യാൻ സാധിച്ചു.

കേരളത്തിൻ്റെ സാമൂഹികജീവിതത്തിന് വല്ലാത്ത കളങ്കമായിരുന്നു അയിത്ത ചിന്താഗതി ഉണ്ടാക്കിയത്. സവർണ്ണഹിന്ദുക്കൾ അവർണ്ണ ഹിന്ദുക്കളുടെ മീതെ അടിച്ചേൽപ്പിച്ച, അവരെ അശുദ്ധി കൽപ്പിച്ച് അകറ്റി നിർത്തുന്ന സമ്പ്രദായമാണ് അയിത്തം. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ‘തൊട്ടുകൂടായ്മ’ മാത്രമാണ് നിലനിന്നിരുന്നത്. എന്നാൽ കേരളത്തിലാകട്ടെ, കണ്മുന്നിൽ പെട്ടാലും ദോഷമെന്ന രീതിയിൽ വളരെ രൂക്ഷമായി അതു നിലനിന്നു. അതിനാൽ സ്വാമിവിവേകാനന്ദൻ കേരളം ഒരു ഭ്രാന്താലയമെന്ന് വിളിച്ചു. മലബാറിൽ സംഭവിക്കുന്നത് ഏറ്റവും വലിയ വിഡ്ഢിത്തമാണെന്ന് അദ്ദേഹം വിലയിരുത്തി. ലോകത്തിൽ മറ്റൊരിടത്തും ഇങ്ങനെയൊരു സംഗതിയുണ്ടാവില്ല. സവർണ്ണർ നടക്കാറുള്ള തെരുവുകളിൽ പാവപ്പെട്ട പറയനു നടന്നു കൂടാ. മലബാർകാരെല്ലാം മതഭ്രാന്തരാണെന്നും അവിടത്തെ വീടുകളത്രയും ഭ്രാന്താലയവുമാണെന്നും സ്വാമിവിവേകാനന്ദൻ പരിഹസിച്ചു.

സാമൂഹിക നവോത്ഥാന പ്രയത്നങ്ങളോടൊത്തു അയിത്തോച്ചാടനമെന്ന ആശയത്തിൻ്റെ വിത്തുകൾ പാകാൻ സാധിച്ചിട്ടുണ്ട്. അയിത്തോച്ചാടന പ്രക്ഷോഭണങ്ങൾക്കു നേതൃത്വം നൽകാനും മാനവികതയെന്ന ആശയം ഉയർത്തിക്കാട്ടാനും നവോത്ഥാനനായകരായ ചട്ടമ്പിസ്വാമികൾ, ശ്രീ നാരായണഗുരു, അയ്യങ്കാളി, വാഗ്ഭടാനന്ദൻ, മന്നത്തു പത്മനാഭൻ മുതലായവർക്കു സാധിച്ചു. എസ് എൻ ഡി പി, സാധുജന പരിപാലനയോഗം, ആത്മവിദ്യാസംഘം, എൻ എസ് എസ് മുതലായ പ്രസ്ഥാനങ്ങൾ ഇതുമായി കൈകോർത്തു. 1923 ൽ കാകനദ കോൺഗ്രസ്സ് സമ്മേളനം അയിത്തോച്ചാടനം ഒരു പരിപാടിയായി അംഗീകരിച്ചു. 1924 ഫെബ്രുവരിയിൽ കോൺഗ്രസ്സ് കേരളത്തിൽ ടി.കെ. മാധവൻ, കെ. കേളപ്പൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരി എന്നിവർ അംഗങ്ങളായി അയിത്തോച്ചാടന കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. അതോടെ അയിത്തോച്ചാടനമെന്നത് സാമൂഹിക കർത്തവ്യം മാത്രമല്ല, രാഷ്ട്രപുരോഗതിക്കും അനിവാര്യമായ ഒന്നാണെന്ന് സ്ഥാപിക്കപ്പെട്ടു. മാതൃകയായ രണ്ട് അയിത്തോച്ചാടന സമരങ്ങളാണ്, വൈക്കംസത്യഗ്രഹവും ഗുരുവായൂർ സത്യഗ്രഹവും.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മരപ്പാവകൾ - കാരൂർ

കരുണ - കുമാരനാശാൻ

സഞ്ചാരസാഹിത്യം സാമാന്യാവലോകനം