സാമുദായിക പരിഷ്‌കരണ പ്രസ്ഥാനങ്ങൾ

 മൊഡ്യൂൾ 4 പാർട്ട് 07

കണ്ണൂർ സർവകലാശാല

കേരളസംസ്കാരം:

സാമുദായികപരിഷ്കരണ പ്രസ്ഥാനങ്ങൾ

നൂറ്റാണ്ടുകളായി അനുഭവിച്ച അടിമത്തത്തിൽ നിന്നും അന്ധകാരത്തിൽ നിന്നും അയിത്തത്തിൽ നിന്നും മോചനം നേടുവാനായുള്ള പ്രയത്നം പത്തൊമ്പതാം നൂറ്റാണ്ടിൽ സജീവമായി. ഈ വിഷയത്തിൽ മാർഗ്ഗദർശിയായത് ശ്രീ നാരായണ ഗുരുവാണ്. കേരളസമൂഹം സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയാർജ്ജിക്കുന്നതിൽ സാമുദായികപരിഷ്‌കരണ പ്രസ്ഥാനങ്ങൾ വലിയ സംഭാവനകൾനൽകിയിട്ടുണ്ട്. അതിൽ മുഖ്യമായ ഒരു പ്രസ്ഥാനമാണ് എസ്.എൻ.ഡി പി അഥവാ ശ്രീനാരായണ ധർമപരിപാലന യോഗം. 1903 ലാണ് ഇതു രൂപം കൊണ്ടത്. 

1907 ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ സാധുജന പരിപാലന സംഘം രൂപീകരിച്ചു. 1909 ൽ നമ്പൂതിരിമാർ യോഗക്ഷേമസഭ ആരംഭിച്ചു. 1910 ൽ കെ.പി. കറുപ്പൻ്റെ നേതൃത്വത്തിൽ തേവരയിൽ വാലസമുദായ പരിഷ്‌കരണസഭ രൂപംകൊണ്ടു. 1912 ൽ കൃഷ്‌ണാതി ആശാൻ പുലയസംഘടന എന്ന സമുദായ സംഘടനയും 1914 ൽ മന്നത്തുപത്മനാഭൻ നായർ സർവീസ് സൊസൈറ്റിയും രൂപീകരിച്ചു. ഇത്തരത്തിലുള്ള സംഘടനകളുടെ നിരവധിയായ പോരാട്ടങ്ങളും പ്രവർത്തനങ്ങളുമാണ് കേരളത്തിലെ ആധുനികതയെ ശക്തിപ്പെടുത്തിയത്. പാശ്ചാത്യരുടെ ആഗമനം കേരളീയസമൂഹത്തിൽ വമ്പിച്ച സാമൂഹിക രാഷ്ട്രീയപരിണാമങ്ങൾക്കു കാരണമായി. അച്ചടിശാലകൾ സ്ഥാപിതമായതും മലയാളം അച്ചടി പ്രചാരത്തിലായതും ഭാഷയുടെയും സാഹിത്യത്തിൻ്റെയും വളർച്ചയ്ക്കു വഴിതെളിച്ചു. കേരളത്തിൻ്റെ പൊതുമണ്ഡലങ്ങളിലും വിദ്യാഭ്യാസത്തിലും കൊളോണിയൽ സ്വാധീനവും ഉണ്ട്. വിദ്യാഭ്യാസം സാർവത്രികമായതും പൊതുമണ്ഡലങ്ങൾ വർദ്ധിച്ചതും നീതിന്യായ വകുപ്പുകളും ഗതാഗത സംവിധാനങ്ങളും ആരംഭിച്ചതും കൊളോണിയൽ ആധുനികതയ്ക്കും, തുടർന്ന് കേരളീയാധുനികതയുടെ രൂപം കൊള്ളലിനും സഹായകമായി.

ശ്രീനാരായണ ധർമപരിപാലന യോഗം. SNDP 1903

ഡോ. പൽപ്പു, എൻ. കുമാരനാശാൻ തുടങ്ങിയവരാണ് SNDP ആരംഭിക്കാനുള്ള പ്രാരംഭചിന്തകളുമായി നാരായണഗുരുവിനെ സമീപിച്ചത്. 1903 മെയ് മാസം 15 ന് ഗുരുവിൻ്റെ അനുഗ്രഹാശിസ്സുകളോടെ പ്രവർത്തനം ആരംഭിച്ചു. അതിൻ്റെ ഒന്നാം വാർഷികം 1904 ൽ അരുവിപ്പുറത്തു വെച്ചു ചേർന്നു. ശ്രീ നാരായണഗുരുവിൻ്റെ ഉദ്ബോധന പരമായ ആശയങ്ങൾ പ്രചരിപ്പിക്കുകയെന്ന ദൗത്യമായിരുന്നു സംഘടനയ്ക്കുണ്ടായിരുന്നത് അതോടൊപ്പം ഈഴവരുടെയും മറ്റു പിന്നോക്കസമുദായങ്ങളുടെയും ക്ഷേമവും സാമൂഹികവും സാംസ്കാരികവുമായ അഭിവൃദ്ധിയും SNDP ലക്ഷ്യമാക്കി. സാമുദായികപുരോഗതി ഉറപ്പുവരുത്താൻ യോഗം യത്നിച്ചു. താലികെട്ടുകല്യാണം, തിരണ്ടുകുളി, പുളികുടി മുതലായ അശാസ്‌ത്രീയവും അനാവശ്യവുമായ ആചാരങ്ങൾ നിർത്തൻ ചെയ്യാൻ വേണ്ടി പ്രവർത്തിച്ചു. അയിത്തം, ജാതീയത മുതലായവയ്ക്കെതിരെ ശക്തമായ നിലപാടുകളെടുത്ത് ഗുരുവിൻ്റെ ആശയങ്ങളിലൂടെ എല്ലാവരും ഒറ്റകെട്ടാകണമെന്ന് ആഹ്വാനം ചെയ്തു. സംഘടനയിലൂടെ ശക്തരാകാനും വിദ്യാഭ്യാസത്തിലൂടെ സ്വതന്ത്രരാകാനും ഗുരു ഉദ്ബോധിപ്പിച്ചു. മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിനു യാതൊരു ദോഷവുമില്ലെന്ന്’ ഗുരു വ്യക്തമാക്കി. ഇത്തരം ആശയ പ്രചാരണങ്ങൾ ഈഴവസമുദായത്തിൽ മാത്രമല്ല, കേരളമാകെ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. അവർണ്ണസമുദായത്തിലുണ്ടായ വിമോചന മുന്നേറ്റമാണ് കേരളത്തിലെ സവർണ്ണരെയാകെ സാംസ്കാരികമുന്നേറ്റത്തിന് പ്രചോദിപ്പിച്ചത്. SNDP യോഗ കാര്യങ്ങൾ അറിയിക്കുന്നതിനും ഗുരുവിൻ്റെ ആശയങ്ങൾ പ്രതിപാദിക്കുന്നതിനുമായി വിവേകോദയം എന്ന മുഖപത്രവും ആരംഭിച്ചു. 

സാധുജന പരിപാലന സംഘം 1907

കേരളത്തിലെ സാമൂഹികനവോത്ഥാന സംരംഭങ്ങൾക്കു നേതൃത്വം കൊടുത്ത നേതാവാണ് അയ്യങ്കാളി(1863-1941). തിരുവനന്തപുരം വെങ്ങാനൂരിനടുത്ത് ഒരു സാധാരണ പുലയകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ജാതിവ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും കരാള ഹസ്തങ്ങളിൽ നിന്ന് സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളെ മോചിപ്പിക്കാൻ അദ്ദേഹം പോരാടി. ഹരിജനങ്ങൾക്ക് പൊതുവഴിയിലൂടെ സഞ്ചരിക്കാനാകുമായിരുന്നില്ല. ഈ അനീതിയോട് അയ്യങ്കാളി പ്രതികരിച്ചു. പുലയക്കുട്ടികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. അധഃസ്ഥിതർക്ക് വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിനായുള്ള ഉത്തരവ് മഹാരാജാവിൽ നിന്നും 1908 ൽ നേടിയെടുത്തു. പക്ഷേ, സവർണ്ണവിഭാഗം ശക്തമായി എതിർത്തു നിന്നപ്പോൾ, കാർഷിക ജോലി ബഹിഷ്‌കരിച്ചു സമരം ചെയ്യാൻ അയ്യങ്കാളി ആഹ്വാനം ചെയ്തു. ആദ്യത്തെ കർഷക സമരമായി അതു മാറി. വിദ്യാലയ പ്രവേശനം അനുവദിച്ചു. പുലയ സ്ത്രീകൾ ജാത്യാചാരമെന്ന നിലയിൽ കല്യമാല ധരിക്കുന്ന സമ്പ്രദായത്തെയും അദ്ദേഹം എതിർത്തു. ഇതവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ഹരിജനങ്ങളുടെ നേതാവെന്ന നിലയിൽ പ്രശസ്തനായിരുന്നു അയ്യങ്കാളി. ശ്രീമൂലപ്രജാസഭയിൽ അംഗമായി ഇരുപത്തഞ്ചോളം വർഷമിരുന്നു. സാധുജന പരിപാലന സംഘം പുലയരുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും മുന്നേറ്റം ലക്ഷ്യമാക്കിക്കൊണ്ടു രൂപീകരിച്ച സംഘടനയായിരുന്നു. ജാതീയതയ്ക്കെതിരെ അതു ശബ്ദമുയർത്തി. പുലയരടക്കമുള്ള പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യനിഷേധിക്കുന്നതിനെതിരെയും സ്വാത്രന്ത്യത്തിനു വേണ്ടിയും ആശയപ്രചരണം നടത്തി. സാധുജന പരിപാലന സംഘത്തിൻ്റെ പ്രവർത്തന പരിപാടിയിൽ കൂടുതലും ഊന്നിയത് വിദ്യാലയപ്രവേശനത്തിലായിരുന്നു. അധ:സ്ഥിതർക്കും വിദ്യാഭ്യാസം പ്രാപ്തമാക്കുക എന്നതായിരുന്നു സംഘടനയുടെ മുദ്രാവാക്യം. പത്തുകൊല്ലം കൊണ്ട് പതിനേഴായിരം കുട്ടികളെ സ്‌കൂളിൽ ചേർക്കാൻ സാധിച്ചു. കല്ലുമാലാ പ്രക്ഷോഭത്തിനും സംഘടന നേതൃത്വം നൽകി. സാധുജന പരിപാലന സംഘത്തിൻ്റെ മുഖപത്രമാണ് ‘സാധുജനപരിപാലിനി.’ സാധുജനപരിപാലന സംഘം 1938 ൽ ‘പുലയമഹാസഭ’ എന്ന പേരു സ്വീകരിച്ചു.

യോഗക്ഷേമസഭ 1908

നമ്പൂതിരി സമുദായത്തിൻ്റെ ക്ഷേമം ലക്ഷ്യമാക്കുന്നു യോഗക്ഷേമസഭ. സവർണ്ണ വിഭാഗങ്ങളിൽ മുൻ നിരയിലാണെങ്കിലും ആഭ്യന്തരമായ ജീർണ്ണതകൾ അന്ന് സമുദായത്തെ ബാധിച്ചിരുന്നു. നമ്പൂതിരി സമുദായത്തിൽ മൂത്ത നമ്പൂതിരിക്കു മാത്രമാണ് സ്വന്തം സമുദായത്തിൽ നിന്നും വേളി [വിവാഹം] അനുവദിച്ചിരുന്നത്. മറ്റുള്ളവർക്ക് മറ്റു സവർണ സമുദായത്തിലെ സ്ത്രീകളുമായി സംബന്ധമായിരുന്നു ഉണ്ടായിരുന്ന വിവാഹമാർഗ്ഗം ഇത് അധാർമ്മികമായ സാമുദായിക സാഹചര്യം രൂപപ്പെടാനിടയാക്കി. മൂത്തജ്യേഷ്ഠൻ കുടുംബം ഭരിക്കുന്നു. കുടുംബസ്വത്ത് അയാൾക്കാണ്. അപ്ഫൻമാർ എന്നു വിളിക്കുന്ന അനുജൻമാർക്ക് ഇല്ലത്ത് ഒരു സ്ഥാനവുമില്ല. വീടും വീട്ടുകാരുമില്ല. അന്യജാതി സ്ത്രീകളിലുണ്ടാകുന്ന മക്കൾക്ക് അച്ഛനെന്നു വിളിക്കാനും പാടില്ല. നമ്പൂതിരി സ്ത്രീകൾ ബഹുഭാര്യാത്വത്തിൻ്റെയും വൈധവ്യത്തിൻ്റെയും ദുർവിധികളിൽ നിന്നു മോചിതരാകണം. യോഗക്ഷേമസഭയുടെ പ്രവർത്തനങ്ങൾ യാഥാസ്ഥിതിക ദിശയിലാണ് പോകുന്നതെന്ന് മനസ്സിലാക്കി കുറച്ചു ചെറുപ്പക്കാർ യുവജനസംഘം രൂപീകരിച്ച് ‘ഉണ്ണിനമ്പൂരി’ എന്ന മുഖ പത്രവും ആരംഭിച്ചു. ഈ യുവജന പ്രവർത്തനങ്ങളുടെ നേതൃത്വം വഹിച്ചത് വി.ടി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വി.ടി.ഭട്ടതിരിപ്പാടായിരുന്നു. യോഗക്ഷേമസഭയിൽ പുരോഗമന വിഭാഗത്തിൻ്റെ നേതാവായിരുന്നു വി.ടി. അയിത്തോച്ചാടനത്തിന് ‘ഇനി നമുക്ക് അമ്പലങ്ങൾക്കു തീ കൊളുത്തുക’ എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിധവാവിവാഹം പ്രോൽസാഹിപ്പിക്കാനായി ഭാര്യാസഹോദരിയെ എം. ആർ. ബിയ്ക്കു വിവാഹം ചെയ്തു നൽകി. അങ്ങനെ നമ്പൂതിരി സമുദായ ചരിത്രത്തിൽ വിവാഹിതയായ ആദ്യ വിധവ. 1929 ൽ വി.ടി. സ്ത്രീ സ്വാതന്ത്ര്യം എന്ന വിഷയമേറ്റെടുത്തു കൊണ്ട്, ‘അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് ‘ എന്ന നാടകമെഴുതി. നമ്പൂതിരിമാരെ മനുഷ്യരാക്കാനുള്ള കിണഞ്ഞ പരിശ്രമമായിരുന്നു വി.ടി ഭട്ടതിരിപ്പാടിൻ്റെ നേതൃത്വത്തിൽ നടന്നത്.

നായർ സർവീസ് സൊസൈറ്റി 1914

നായർ സമുദായ പുരോഗതിക്ക് ഒരു സംഘടന വേണമെന്ന ആശയം 1907 ലാണ് ഉരുത്തിരിയുന്നത്. ആദ്യകാല മലയാള പത്രപ്രവർതകരിലൊരാളായ സി. കൃഷ്ണപിള്ള 1907 ൽ കേരളീയ നായർ സമാജം സ്ഥാപിച്ചു. നായർ കുടുംബങ്ങളെ ശിഥിലമാക്കാൻ പോന്ന നായർ നമ്പൂതിരി വിവാഹം തടയുക, താലികെട്ടുകല്യാണം ,തിരണ്ടുകുളിയടിയന്തിരം മുതലായ കുനാചാരങ്ങൾ തടയുക മുതലായവയായിരുന്നു ലക്ഷ്യം. കുറച്ചുകാലം സംഘടന സജീവമായിരുന്നെങ്കിലും പിന്നെ പ്രവർത്തനം മന്ദീഭവിച്ചു. 1912 ൽ മന്നത്ത് പത്മനാഭൻ സെക്രട്ടറിയായി പെരുന്നയിൽ നായർ സമാജം രൂപം കൊണ്ടു. 1913 ൽ അതു ചങ്ങനാശ്ശേരി താലൂക്കു നായർ സമാജമായി. 1914 ഒക്ടോബർ 31 ന് നായർ സമുദായ ഭൃത്യജനസംഘം രൂപീകരിച്ചു. അതേ വർഷം സംഘത്തിൻ്റെ പേര് നായർ സർവീസ് സൊസൈറ്റി [NSS] എന്നാക്കി. നായർ സമുദായത്തിൻ്റെ അഭ്യുന്നതിക്കു വേണ്ടി പ്രവർത്തിക്കാനും സമുദായത്തെ ദൂഷ്യപ്പെടുത്തുന്ന അനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്താനുമാണ് NSS കൂടുതലും ശ്രദ്ധിച്ചത്. നായർ സമുദായത്തിലൂടെ ഹിന്ദുക്കളെ ഉദ്ധരിക്കുകയായിരുന്നു പ്രസ്ഥാനലക്ഷ്യം. സവർണ്ണ ജാഥ നയിച്ചുകൊണ്ട്, അയിത്തോച്ചാടന പ്രസ്ഥാനമായ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത മന്നത്തു പത്മനാഭൻ വ്യക്തമായ സന്ദേശമാണ് സമുദായത്തിനു നൽകിയത്. “സ്വസമുദായസ്നേഹമെന്നാൽ ഇതര സമുദായങ്ങളോടുള്ള വൈരം എന്ന അർത്ഥമില്ല. അവനവൻ നന്നാകാനുള്ള ആഗ്രഹം കൊണ്ട് മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയ ഉണ്ടാകരുത്” എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ആദർശം വാക്കുകളിലൊതുക്കാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിൻ്റേത്. പേരിനോടു ചേർന്നുള്ള ജാതിസൂചകമായ ‘പിള്ള’ എന്ന ശബ്ദം ഉപേക്ഷിച്ചാണ് മന്നത്ത് പത്മനാഭപ്പിള്ള മന്നത്തു പത്മനാഭനായത്. 



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മരപ്പാവകൾ - കാരൂർ

കരുണ - കുമാരനാശാൻ

സഞ്ചാരസാഹിത്യം സാമാന്യാവലോകനം