ഐക്യകേരള പ്രസ്ഥാനം
മൊഡ്യൂൾ 4 പാർട്ട് 08
കണ്ണൂർ സർവകലാശാല
കേരളസംസ്കാരം
ഐക്യകേരള പ്രസ്ഥാനം
ബ്രിട്ടീഷുമലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിങ്ങനെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്തു കൊണ്ട് ഒരു സംസ്ഥാന രൂപീകരണത്തിനു വേണ്ടി നടന്ന മൊത്തം പ്രയത്നങ്ങളെയാണ് ഐക്യ കേരള പ്രസ്ഥാനം എന്നു വിളിക്കുന്നത്. കേരളസംസ്കാരപഠനത്തിൽ കേരള സംസ്ഥാനവും പുരോഗതിയും എന്ന ഭാഗമാണ് ഇവിടെ അപഗ്രഥിക്കുന്നത്. 1957 ൽ കേരള സംസ്ഥാനം ഭാഷാടിസ്ഥാനത്തിൽ രൂപം കൊള്ളുന്നു. ഇപ്രകാരം ഒരു സംസ്ഥാന രൂപീകരണത്തിൻ്റെ മുന്നോടിയായി ബ്രിട്ടിഷ്മലബാർ, കൊച്ചി തിരുവിതാംകൂർ എന്നിങ്ങനെ മൂന്നു വിവിധ പ്രദേശങ്ങളായി വേർതിരിഞ്ഞിരുന്ന വ്യത്യസ്ത ഭരണസംവിധാനമുള്ള മേഖലകളെ ഏകോപിപ്പിക്കാനും ഒരൊറ്റ ദേശമാക്കി മാറ്റാനുമുള്ള ആലോചനകൾ മുന്നേ നടന്നിരുന്നു. ഭാഷയിലും സംസ്കാരത്തിലും ജീവിതരീതികളിലും സമാനതകൾ വെച്ചുപുലർത്തുന്ന മലയാളികളെ ഒരു ഭരണകൂടത്തിൻ കീഴിലാക്കാനുള്ള പ്രയത്നങ്ങളുണ്ടായി. 1928 ഏപ്രിലിൽ എറണാകുളത്തു ചേർന്ന നാട്ടുരാജ്യപ്രജാസമ്മേളനം ഐക്യകേരള പ്രമേയം അംഗീകരിച്ചിരുന്നു. 1928 മേയിൽ പയ്യന്നൂരിൽ ജവഹർലാൽ നെഹ്റുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന രാഷ്ട്രീയ സമ്മേളനം കേരളത്തെയാകെ ഒരു പ്രത്യേക പ്രവിശ്യയായി കാണണമെന്ന പ്രമേയം അവതരിപ്പിച്ചു. എങ്കിലും 1940 കൾ വരെ ഇതു സാദ്ധ്യമാകുമെന്ന പ്രതീതി ഉണ്ടായിരുന്നില്ല. തിരുവിതാംകൂറിലും കൊച്ചിയിലും പുറപ്പെട്ട ഉത്തരവാദപ്രക്ഷോഭണങ്ങൾ സമാനതകൾ ഉള്ളതും, ഐക്യ സാദ്ധ്യതയിലേക്കു നയിക്കുകയും ചെയ്ത ജനകീയസമരങ്ങളായി മാറി. മലബാറിൽ ഇതേ സന്ദർഭത്തിൽ സ്വാതന്ത്ര്യ പ്രസ്ഥാനം കൂടുതൽ കരുത്തു നേടി. ഇങ്ങനെ
മൂന്നു മേഖലകളിലും ആശയപരമായ പൊരുത്തം ഒരേ സമയമുണ്ടായി. ആദ്യകാലത്ത് ഐക്യകേരളത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ സ്വരൂപിക്കാൻ കോൺഗ്രസ്സ് നേതൃത്വത്തിനായില്ലെങ്കിലും നാട്ടുരാജാക്കന്മാരിൽ നിന്നു മുക്തവും മലയാളി ഭൂരിപക്ഷ പ്രദേശങ്ങൾ ചേർന്നതുമായിരിക്കണം പുതിയ സംസ്ഥാനമെന്ന കാഴ്ച്ചപ്പാട് കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായിരുന്നുവെന്ന് എസ്.അച്യുതവാരിയർ നിരീക്ഷിക്കുന്നു.1946 ജൂലൈ 29 ന് കൊച്ചി മഹാരാജാവായ കേരളവർമ്മ കേരള സംസ്ഥാനം രൂപീകരിക്കുന്നതിന് താൻ അനുകൂലമാണെന്ന് പ്രസ്താവിച്ചു. തിരുവിതാംകൂറും ബ്രിട്ടീഷ് മലബാറും കൊച്ചിയുമടങ്ങുന്ന കേരളസംസ്ഥാനത്തെയാണ് അദ്ദേഹം വിഭാവനം ചെയ്തത്. അദ്ദേഹത്തിൻ്റെ പിന്തുണ അന്ന് പലരും സംശയിച്ചെങ്കിലും അതിലെ ആത്മാർത്ഥതയും ലക്ഷ്യശുദ്ധിയും ഇന്ന് ഏവരും വിലമതിക്കുന്നു. ഐക്യകേരളപ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്ക് ഈ പിന്തുണ ഹേതുവായി. 1947 ഏപ്രിലിൽ കെ.കേളപ്പൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ഐക്യകേരള സമ്മേളനത്തിലും കൊച്ചി രാജാവ് അനുകൂല പ്രസംഗം നടത്തി. 1949 July 1 ന് തിരുവിതാംകൂറിനെയും കൊച്ചിയെയും സംയോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടു. ഭാഷാടിസ്ഥാനത്തിൽ വേണം സംസ്ഥാന രൂപീകരണമെന്ന് മുറവിളി ഉയർന്നു. സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ രൂപീകരിച്ചു. ഐക്യകേരളത്തിന് അനുകൂലമായിരുന്നു കമ്മീഷൻ റിപ്പോർട്ട്. 1956 നവംബർ 1 ന് ഐക്യകേരളം നിലവിൽ വന്നു. കൊച്ചി രാജാവ് അനുകൂല പ്രസംഗം നടത്തിയെങ്കിലും ജനങ്ങൾ സംയോജനത്തിന് താൽപ്പര്യമുള്ളവരായിരുന്നെങ്കിലും ചില നേതാക്കന്മാർ രാജഭരണത്തിൻ്റെ മേന്മയിൽ ഊറ്റം കൊള്ളുന്നവരായത് പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ടെന്നത് മറക്കാനാവില്ല.
തിരുക്കൊച്ചിയിൽ നിന്ന് പഴയ തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവംകോട് താലൂക്കുകളും ചെങ്കോട്ട താലൂക്കിൻ്റെ ഒരു ഭാഗവും തമിഴ്നാടിനു വിട്ടു കൊടുത്തു. മദിരാശി പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർജില്ലയും തെക്കൻ കർണാടകത്തിൻ്റെ ഭാഗമായ കാസർകോട് താലൂക്കും തിരുകൊച്ചിയോട് ചേർത്തുകൊണ്ടുമാണ് ഐക്യകേരളം രൂപീകരിക്കപ്പെട്ടത്.
ഇതോടെ നാട്ടുരാജാക്കന്മാരുടെ ഭരണമവസാനിക്കുകയും ജനാധിപത്യവാഴ്ച ആരംഭിക്കുകയും ചെയ്തു. സംസ്ഥാനത്തിൻ്റെ തലവനായി ഗവർണർ നിയമിതനായി.
1957 ഏപ്രിൽ 5 ന് ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് (ഇ എം എസ്) മുഖ്യമന്ത്രിയായി കൊണ്ട് കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ ചുമതലയേറ്റു.
റഫ: കേരള സംസ്കാരം - പ്രൊഫ. എസ്. അച്യുതവാര്യർ
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ