വേലുത്തമ്പിദളവയുടെ പ്രതിരോധം
വേലത്തമ്പി ദളവ (1765 - 1809)
വടക്കേ മലബാറിൽ പഴശ്ശി സൃഷ്ടിച്ച വിപ്ലവം 1805 ഓടെ ബ്രിട്ടീഷുകാർ അടിച്ചമർത്തി. അതിനുശേഷം ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ വെല്ലുവിളിയുയർത്തിയ ഭരണാധികാരിയായിരുന്നു വേലുതമ്പി ദളവ. ഇത്തവണ പ്രതിഷേധം ശക്തമായത് തിരുവിതാംകൂറിലാണ്. കൊച്ചിയിൽ പാലിയത്തച്ചനും ബ്രിട്ടീഷുകാർക്കെതിരെ രംഗത്തിറങ്ങിയത് നാട്ടുകാരിലാകെ അധിനിവേശത്തെ ചെറുക്കാനുള്ള ആവേശമുണ്ടാക്കി. നാടു ഭരിക്കാനുള്ള അവകാശം നാട്ടുകാർക്കാണെന്ന് വേലുത്തമ്പി പ്രഖ്യാപിച്ചു. അതിനു വേണ്ടി ജനങ്ങളെ സംഘടിപ്പിക്കുകയും സായുധകലാപം സംഘടിപ്പിക്കുകയും ചെയ്തു. പക്ഷേ ആസുരമായ ബ്രിട്ടീഷുസൈന്യത്തിനു മുന്നിലദ്ദേഹത്തിനു വിജയിക്കാനായില്ല. എങ്കിലും ആത്മത്യാഗത്തിലൂടെയും പോരാട്ടത്തിലൂടെയും അധിനിവേശ ശക്തികൾക്കുമുന്നിൽ മുട്ടുമടക്കാൻ ദേശാഭിമാനികൾ തയ്യാറല്ലെന്ന് അദ്ദേഹം തെളിയിച്ചു. 1765 ൽ അന്നത്തെ കന്യാകുമാരി ജില്ലയിലെ കൽക്കുളം താലൂക്കിൽ പെടുന്ന തലക്കുളത്തായിരുന്നു ജനനം. നീതിയും ധർമ്മവും നടപ്പിലാക്കുവാനുള്ള നിർബന്ധബുദ്ധി ചെറുപ്പത്തിൽ തന്നെ വേലുത്തമ്പി പ്രകടിപ്പിച്ചിരുന്നു. ധർമ്മരാജാവിൻ്റെ സ്വർണ്ണപ്പേടകം കണ്ടെത്തിയതിനു പ്രതിഫലമായി കൽക്കുളം മണ്ഡപത്തും വാതുക്കൽ കാര്യക്കാരനായി നിയമിക്കപ്പെട്ടു. ബാലരാമവർമ്മ രാജാവ് (1798-1810) ഈ കാലയളവിൽ ഉപജാപക സംഘത്തിൻ്റെ വലയിൽ പെട്ട സന്ദർഭവുമായിരുന്നു. പ്രശസ്തനായ കേശവപിള്ള ദിവാൻജിയെ സ്ഥാനത്തു നിന്നും മാറ്റി ജയന്തൻശങ്കരൻ നമ്പൂതിരിയെ ‘വലിയ സർവാധികാര്യക്കാർ’ പദവിയിൽ നിയോഗിച്ചത് അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനും ദുർഭരണത്തിനും വഴിവെച്ചു. ജയന്തൻ ശങ്കരൻ നമ്പൂതിരി, ശങ്കരനാരായണൻ ചെട്ടി മാത്തൂതരകൻ എന്നീ മൂവർ സംഘമായിരുന്നു കൊള്ളരുതായ്മകൾക്കു നേതൃത്വം നൽകിയത്. ജനങ്ങളുടെ നികുതിഭാരം വർദ്ധിച്ചു. സാമ്പത്തികത്തകർച്ചയിലേക്കു തിരുവിതാംകൂർ പതിച്ചു. നിർബന്ധിത പണപ്പിരിവിന് തയ്യാറായ മൂവർസംഘം തലക്കുളം കാര്യക്കാരായിരുന്ന വേലുത്തമ്പിയോടും പണം ആവശ്യപ്പെട്ടു. ജനങ്ങളുടെ ദുരിതങ്ങളും ഭരണത്തിൻ്റെ കെടുകാര്യസ്ഥതയും കണ്ട് മനസ്സുമടുത്ത വേലുത്തമ്പി ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് പ്രതിഷേധമാർച്ചു നടത്തി. ചിറയിൻകീഴ് ചെമ്പകരാമൻ പിള്ളയായിരുന്നു വേലുത്തമ്പിയുടെ കൂടെ സമരം നയിച്ചത്. പരിഭ്രാന്തനായ രാജാവ് മൂവർ സംഘത്തിനെതിരെ നടപടിയെടുത്തു. ജയന്തൻ നമ്പൂതിരിയെ നാടുകടത്തി. ജനകീയ ശക്തിക്കുമുന്നിൽ രാജഭരണം കീഴടങ്ങുന്ന ആദ്യ സംഭവമായി ഇതിനെ പരിഗണിക്കാം. മുളകുമടിശ്ശീല സർവാധികാര്യക്കാരായി വേലുത്തമ്പിയെ നിയമിച്ചു. ഇത് ധനകാര്യമന്ത്രി പദവിക്കു സമാനമാണ്. 1801 ആകുമ്പോഴേക്കും ദളവാ പദവിയിലെത്തുകയും ചെയ്തു. ജനങ്ങളുടെ പ്രശ്നങ്ങളിൽ വേഗത്തിൽ തീർപ്പുണ്ടാക്കാൻ അദ്ദേഹം യത്നിച്ചു. ശാസ്ത്രീയമായ ഭൂനിയമം നടപ്പിലാക്കി. ഭൂസ്വത്തുക്കൾ കയ്യടക്കിയവർക്ക് അദ്ദേഹം ശത്രുവായി. തിരുവിതാംകൂറിൽ കൂടുതൽ പട്ടാളത്തെ വിന്യസിക്കാനുള്ള കമ്പനിയുടെ നിർദ്ദേശം യുദ്ദേഹം തള്ളി. അങ്ങനെ ബ്രിട്ടീഷധികാരികളിലും അപ്രീതിയുണ്ടായി. ഭാരിച്ച നികുതിയടക്കാനുണ്ടായിരുന്ന മാത്തുതരകൻ്റെ വസ്തുവകകൾ കണ്ടുകെട്ടാനുള്ള ദളവായുടെ ഉത്തരവ് കേണൽ മെക്കാളെ റദ്ദു ചെയ്തതും, കപ്പമായി ലഭിക്കാനുള്ള തുക വർദ്ധിപ്പിച്ചതും രാജ്യത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിലിടപെടാൻ തുടങ്ങിയതും ബ്രിട്ടീഷുകാർക്കെതിരെയുള്ള പ്രതിഷേധത്തിനു കാരണമായി. ഈയൊരു പശ്ചാത്തലത്തിലാണ് കമ്പനിയുമായി തുറന്നയുദ്ധമെന്ന നിലപാടിലേക്ക് വേലുത്തമ്പി എത്തിച്ചേർന്നത്. കൊച്ചി രാജാവിൻ്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചൻ്റെ സഹായത്തോടെ മെക്കാളെയെ വധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആലപ്പുഴയിലും കൊല്ലത്തും നിരവധി സംഘട്ടനങ്ങൾ നടന്നു. തുടർന്ന് വേലുത്തമ്പി കൊല്ലത്തു നിന്നും കുണ്ടറയിലേക്കു മാറി.
കുണ്ടറ വിളംബരം 1809 ജനു 11
കുണ്ടറ വിളംബരം തൻ്റെ നാട്ടുകാരോട് തൻ്റെ കീഴിൽ അണിനിരക്കാൻ ആഹ്വാനം ചെയ്തു കൊണ്ടുള്ളതാണ്. ബ്രിട്ടീഷ് ഭരണമുണ്ടായാൽ നാട്ടിലെ ആചാരാനുഷ്ഠാനങ്ങളും ക്ഷേത്രവിശ്വാസങ്ങളും തകർക്കപ്പെടുമെന്നും നികുതിഭാരത്താൽ ജനങ്ങൾ കഷ്ടപ്പെടുമെന്നും അദ്ദേഹം വിളംബരത്തിലൂടെ മുന്നറിയിപ്പു നൽകി. തിരുവിതാംകൂറിലെ ജനങ്ങൾക്ക് തങ്ങളുടെ പരമ്പരാഗത അവകാശങ്ങളും സ്വാതന്ത്ര്യവും നഷ്ടപ്പെടും. ഉപ്പുകുത്തകയും ഭൂനികുതിയും കഠിനമായി വർദ്ധിപ്പിച്ചു ജനങ്ങളുടെ സമ്പത്തു മുഴുവൻ കമ്പനിക്കാർ ചൂഷണം ചെയ്യും സമസ്ത തൊഴിൽ മേഖലകളും ഉദ്യോഗങ്ങളും വിദേശികളുടെ കയ്യിലാകും. ജാത്യാചാരങ്ങളും കുലധർമ്മങ്ങളും ഇല്ലാതാകും. നാട്ടുപ്രമാണികളും ജനങ്ങളും ഒരുപോലെ അടിമകളാക്കപ്പെടും. അതിനാൽ ജാതിമതഭേദമെന്യേ സമസ്ത ജനങ്ങളും ഒന്നിച്ചു നിന്ന്, തങ്ങളുടെ ധർമ്മവും നാടും സംരക്ഷിക്കുന്നതിനായി ബ്രിട്ടീഷുകമ്പനിക്കെതിരെ ആയുധമെടുത്തു പോരാടണം.
ജനങ്ങൾ വലിയ ആവേശത്തോടെ വിളംബരം സ്വീകരിച്ചു. വലിയ ജനപിന്തുണ തമ്പിയ്ക്കു ലഭിച്ചു. കൊല്ലത്തുവെച്ച് ശക്തമായ ഏറ്റുമുട്ടലുണ്ടായെങ്കിലും ബ്രിട്ടീഷ പട വൻ നാശനഷ്ടമുണ്ടാക്കി. ബ്രിട്ടീഷുസേനയുടെ വരവ് രാജാവിനെ ചകിതചിത്തനാക്കി. ദളവായെ ബന്ധിക്കാൻ ബ്രിട്ടീഷ് അധികാരികളുടെ നിർദ്ദേശപ്രകാരം രാജാവ് ഉത്തരവിറക്കി. രാജാവിൻ്റെയും ബ്രിട്ടീഷുകാരുടെയും സൈന്യം വേട്ടയാടുന്നുവെന്നറിഞ്ഞ വേലുത്തമ്പി മണ്ണടി ക്ഷേത്രത്തിൽ അഭയം തേടി. ശത്രുഭടന്മാർ ക്ഷേത്രം വളഞ്ഞപ്പോൾ രക്ഷപ്പെടുക സാദ്ധ്യമല്ലെന്നു മനസ്സിലാക്കിയ വേലുത്തമ്പി തൻ്റെ ഉടവാളെടുത്ത് കുത്തിയിറക്കി മരണം വരിച്ചു. 1809 മാർച്ച് 29 നാണ് ഈ ആത്മത്യാഗമുണ്ടായത്. ബ്രിട്ടീഷുകാർ തമ്പിയുടെ ഭൗതികശരീരത്തെ അപമാനിക്കും വിധത്തിൽ പെരുമാറി. ബന്ധുക്കളെ തടവിലാക്കുകയും തറവാട് ഇടിച്ചു നിരത്തുകയും ചെയ്തു.
അധിനിവേശകരായ ബ്രിട്ടീഷുകാർക്കെതിരെ അതിശക്തമായി പ്രതികരിച്ച,രാജ്യസ്നേഹത്താൽ ആവേശിതനായ, നാടിൻ്റെ പരമാധികാരം അടിയറവെക്കാനാകില്ലെന്ന് പ്രഖ്യാപിച്ച, നിലപാടുകൾക്കായി സ്വന്തം ജീവൻ ബലിയർപ്പിച്ച ധീരദേശാഭിമാനിയും സ്വാതന്ത്ര്യസമരയോദ്ധാവുമാണ് ചെമ്പകരാമൻ വേലുത്തമ്പിയെന്ന വേലുത്തമ്പി ദളവ.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ