എതിര് ഏഴാമദ്ധ്യായം വിശകലനം
ദലിതന് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കണമെങ്കിൽ അയാൾ മൂട്ടയായി പുനർജനിക്കേണ്ടിവരും
ഡോ. എം. കുഞ്ഞാമൻ ദലിതൻ്റെ ഗതികേടുതന്നെയാണ് ഈ അദ്ധ്യായത്തിലും അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യം നേടിയിട്ടും ജന്മിത്തവും നാടുവാഴിത്തവും അവസാനിച്ചിട്ടും ജാതിയുടെ ഹീനവശങ്ങൾ ഒഴിവാക്കാൻ കേരളീയ സമൂഹത്തിനു സാധിച്ചിട്ടില്ലെന്ന പരിതാപകരമായ അവസ്ഥയാണ് അദ്ദേഹം തുറന്നുകാട്ടുന്നത്.
വി എസ്സും തോമസ് ഐസക്കും
2004 ൽ, രണ്ടാമത്തെ മകളായ കുക്കു എന്ന അനിലയുടെ മരണം എം. കുഞ്ഞാമനെ തളർത്തി. കേരളത്തിൽ നിന്നും മാറിയാൽ അല്പം ആശ്വാസം കിട്ടുമെന്ന് തോന്നിയതിനാൽ കേരള സർവകലാശാലയിൽ നിന്ന് രാജിക്കൊരുങ്ങി.വി.സിയും വകുപ്പും സമ്മതിച്ചില്ല. വെറുതെയിരുന്നാലും മതിയെന്നു പറഞ്ഞു. ഒരു വർഷം പിന്നിട്ടു. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ഉണ്ടായിരുന്ന ഒഴിവിൽ അപേക്ഷിച്ചിരുന്നു. 2006 ൽ അവിടെ പ്രഫസറായി നിയമനം കിട്ടി. യാത്ര പറയാമെന്നു കരുതി വി. എസ് അച്യുതാനന്ദനെ കണ്ടു. അന്നദ്ദേഹം മുഖ്യമന്ത്രിയാണ്. കുഞ്ഞാമനെ ആസൂത്രണ ബോർഡിലെടുക്കാനോ വിസിയാക്കാനോ ആലോചിക്കുന്നുവെന്ന് വി.എസ്. പറഞ്ഞു. വി.എസിന് കുഞ്ഞാമനോട് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. യാത്രാ പറഞ്ഞു പിരിഞ്ഞു. ഡോ.തോമസ് ഐസക്കും വി.സി.യാക്കാൻ വിചാരിച്ച കാര്യത്തെക്കുറിച്ചു പറഞ്ഞു. ഞാൻ ആ ആഗ്രഹവുമായി താങ്കളെ സമീപിച്ചില്ലല്ലോ. “ആത്മാർത്ഥതയില്ലാത്ത വാക്കുകൾ പറയുന്നതെന്തിനാണെ”ന്ന് കുഞ്ഞാമൻ തിരിച്ചു പ്രതികരിച്ചു. “നമ്മൾ സുഹൃത്തുക്കളല്ലേ ഒരു നിറമാണെങ്കിലും എനിക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.”
സ്ഥാനമാനങ്ങൾക്കായി നേതാക്കന്മാരെ സോപ്പിടുന്ന അദ്ധ്യാപകനേതാക്കൾക്ക് കുഞ്ഞാമൻ മാഷ് ഒരു പാഠമാണ്.
‘കേരള ദലിത് പാന്തേഴ്സി’ൻ്റെ നേതാക്കൾ ആസൂത്രണബോർഡ് അടക്കമുള്ള നയരൂപീകരണ വേദികളിൽ ദലിത് പ്രാതിനിധ്യത്തിൻ്റെ ഭാഗമായി ഡോ.എം.കുഞ്ഞാമൻ്റെ പേരു പറഞ്ഞിരുന്നു. സ്ഥാനങ്ങൾ ഒഴിവാക്കുകയെന്ന ശീലമുള്ളതിനാൽ അത് തട്ടിക്കളയല്ലേ എന്നവർ അഭ്യർത്ഥിച്ചു.
ഇന്നത്തെ സാഹചര്യത്തിൽ ഇതൊന്നും ആകാൻ സാധിക്കാത്ത അവസ്ഥയുണ്ട്. അഭിപ്രായസ്വാതന്ത്ര്യവും മറ്റുമില്ലാത്ത പദവികൾ എം. കുഞ്ഞാമൻ സ്വീകരിക്കാറില്ല. നന്നായി ആലോചിക്കേണ്ടതുണ്ട്. ഈ സന്ദർഭത്തിലാണ് ഒരു ദലിതന് മുഖ്യമന്ത്രിയുടെ കസേരയിൽ ഇരിക്കാനോ വിസിയുടെ കസേരയിൽ ഇരിക്കാനോ ആഗ്രഹമുണ്ടെങ്കിൽ അയാൾ ഒരു മൂട്ടയായി പുനർജനിക്കേണ്ടിവരുമെന്ന് കുഞ്ഞാമൻ പരാമർശിക്കുന്നത്.
ധൈഷണിക രംഗത്തുള്ളവരെ മാറ്റി നിർത്തുന്നത് ബോധപൂർവമാണ്. തന്ത്രപരമാണ്. നിങ്ങൾക്കു വേണ്ടി ചിന്തിക്കാൻ ഞങ്ങളുണ്ടല്ലോ പിന്നെയെന്തിനാണ് നിങ്ങൾ ചിന്തിക്കുന്നത് എന്ന മനോഭാവം. ദലിത് ആദിവാസി വിഭാഗങ്ങളുടെ പരിപാടികൾ തീരുമാനിക്കുമ്പോൾ അവർക്കു പങ്കാളിത്തമില്ല. ഇതാണ് വ്യവസ്ഥിതി.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ