എതിര് : അഞ്ചാമദ്ധ്യായം

എതിര് അഞ്ചാം അദ്ധ്യായം

ജാതിയില്ലാത്ത ക്ലാസ്സ് റൂം: അദ്ധ്യാപകൻ്റെ കടമകളും അദ്ധ്യാപനമെന്ന ഇടപെടലും

ക്ലാസ്സ്‌റൂം മതേതരമായിരിക്കണം. വിദ്യാർത്ഥികളെ ചിന്താപരമായി രൂപപ്പെടുത്താൻ അദ്ധ്യാപകർക്കു സാധിക്കണം.

കേരള സർവകലാശാലയ്ക്ക് മാതൃകാദ്ധ്യാപകരെ സൃഷ്ടിക്കാനുള്ള വിഭവശേഷിയും അന്തരീക്ഷവുമുണ്ട്. മാതൃകാദ്ധ്യാപകനാകാൻ തനിക്ക് സാധിച്ചുവോയെന്നത് ഡോ. എം. കുഞ്ഞാമൻ കൃത്യമായി വിശദീകരിക്കുന്നില്ല. അവിടെ അദ്ധ്യാപകന് വായിക്കാനും ചിന്തിക്കാനും സംവദിക്കാനും സാധിക്കുന്നു. അദ്ധ്യാപകനെന്ന നിലയ്ക്ക് അദ്ദേഹം വിദ്യാർത്ഥികളെയാണ് വിശ്വാസത്തിലെടുത്തിടുള്ളത്. സ്വതന്ത്രചിന്ത, ആരോടും വിധേയത്വമില്ലായ്മ തുടങ്ങിയ ആധുനിക മൂല്യങ്ങൾ വിനിമയം ചെയ്യുന്നതിൽ അദ്ദേഹവും വലിയ പങ്കു വഹിച്ചു. സമൂഹത്തെ സ്വാധീനിക്കാനും സാധിച്ചു. മർദ്ദിതരുടെയും ചൂഷിതരുടെയും പ്രശ്നങ്ങൾ പൊതു സമൂഹത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. 

അദ്ധ്യാപനത്തെക്കുറിച്ച്:

നല്ല അദ്ധ്യാപകൻ എങ്ങനെയായിരിക്കണം?

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ [തുൽജാപ്പൂർ] ചെന്നപ്പോൾ വിദ്യാർത്ഥികളോട്, നിങ്ങൾ എന്നെ ബഹുമാനിക്കരുതെന്നും അതെനിക്കിഷ്ടമല്ലെന്നും ഡോ.എം.കുഞ്ഞാമൻ പറഞ്ഞു. ബഹുമാനം, അച്ചടക്കം, വിധേയത്വം എന്നിവയെല്ലാം ഫ്യൂഡൽ മൂല്യങ്ങളാണ്. കീഴാളരെ നിലനിർത്തിയ മൂല്യങ്ങൾ. വിദ്യാർത്ഥികളിലൊരാളായി അദ്ദേഹം. തുല്യതയുടെ അന്തരീക്ഷം അവിടെയുളവായി. ബെസ്റ്റ് ആവുകയല്ല, വ്യത്യസ്തരാവുകയാണു വേണ്ടതെന്ന സന്ദേശം അദ്ദേഹം നൽകി. അബേദ്ക്കർ നിലവിലുള്ള യാഥാർത്ഥ്യങ്ങളെ മാറ്റാനുള്ള ആശയസംഹിത മുന്നോട്ടു വെക്കുകയാണുണ്ടായത്. ഒരു വ്യക്തിയുടെ ചിന്ത കാരണം ഒരു സാമൂഹികവ്യവസ്ഥ മാറാനാരംഭിച്ചു. അതുകൊണ്ടാണ് അദ്ദേഹം വ്യത്യസ്തനായത്.

തൻ്റെ വിദ്യാർത്ഥികൾക്കുമുന്നിൽ ഡോ. എം.കുഞ്ഞാമൻ വിദ്യാർത്ഥിയായിരുന്നു. പഠിക്കുന്നവർക്കേ പഠിപ്പിക്കാനാകൂ. അദ്ധ്യാപനം കലയാണെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം. അപൂർണ്ണതയാണ് അതിൻ്റെ സവിശേഷത. സദാ മെച്ചപ്പെട്ടുകൊണ്ടിരിക്കണം. അല്ലാതെ പൂർണ്ണരായ അദ്ധ്യാപകരില്ലെന്നും കുഞ്ഞാമൻ വീക്ഷിക്കുന്നു. ഓരോ ക്ലാസ്സും പഠിക്കാനും പോരായ്മകൾ തിരിച്ചറിയാനുമുള്ള അവസരമാകുന്നു. നല്ല അദ്ധ്യാപകനാകാൻ എന്തു ചെയ്യണമെന്ന് ഉപദേശിക്കാനില്ല. തെറ്റിൽ നിന്നു പാഠമുൾക്കൊള്ളുകയും നമ്മുടെ അവസ്ഥകളിൽ നിന്നു പഠിക്കുകയും വേണം. നമ്മുടെ ജീവിതവീക്ഷണവും ലോകവീക്ഷണവും വിദ്യാർത്ഥികൾ ശ്രദ്ധിക്കുന്നുണ്ട്.

ക്ലാസ്സ് മുറിയിൽ ജാതിവിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ല. അവർ അദ്ദേഹത്തെ താഴ്ന്ന ആളായി കണ്ടിട്ടില്ലെന്നത് സന്തോഷം പകരുന്ന അനുഭവമാണ്. നല്ല അദ്ധ്യാപകർ അധികാരികളെ ആദരിക്കുന്നവരോ വ്യവസ്ഥിതിയോടു വിധേയത്വമുള്ളവരോ ഭയമുള്ളവരോ ആകരുത്. ഈ കാഴ്ച്ചപ്പാടിൽ നിന്നാണ് കുഞ്ഞാമൻ തന്നിലെ അദ്ധ്യാപകനെ രൂപപ്പെടുത്തിയത്. കുറേ വിഷയങ്ങൾ പഠിപ്പിക്കുകയെന്നതിലുപരി വിദ്യാർത്ഥികളെയും സമൂഹത്തെയും ഒന്നാകെ മുന്നോട്ടു നയിക്കാനുള്ള സ്വാധീനം ചെലുത്താൻ അദ്ധ്യാപകർക്കാകണം. ക്ഷമിക്കാനും തിരുത്താനും സാഹചര്യമൊരുക്കണം.ചോദ്യം ചെയ്യൽ, തുല്യത, വിയോജിപ്പ്, ആത്മാഭിമാനം മുതലായ ആധുനികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. അച്ചടക്കവും അനുസരണയും വിധേയത്വവുമല്ല വേണ്ടത്. സർവകലാശാലകളിൽ വേണ്ടത് അധികാരികളല്ല, ചിന്താപരമായ ഔന്നത്യമുള്ള നേതാക്കളാണ്. സിൻഡിക്കേറ്റിൽ കടന്നുകൂടുന്ന രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ താൽപ്പര്യമുള്ളവരോ കഴിവുള്ളവരോ അല്ലെന്ന് കുഞ്ഞാമൻ വിമർശിക്കുന്നു. സർവകലാശാല നിയമനങ്ങൾക്കും കെട്ടിടനിർമ്മാണത്തിനും പ്രാധാന്യം കൊടുക്കുന്നു. വിദ്യാർത്ഥികൾക്ക് പരീക്ഷയും ബിരുദമെടുക്കലുമാണ് മുഖ്യം. വിജ്ഞാനം വികസിപ്പിക്കൽ ലക്ഷ്യമേയല്ല. സർവകലാശാലകൾ സൃഷ്ടിക്കേണ്ടത് ധിഷണാശാലികളെയാണ്, ഭരണാധികാരികളെയല്ല. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജാതിമതശക്തികളുടെ നിയന്ത്രണത്തിലാണ്. സർവകലാശാലകൾ പണ്ഡിതരേയും ചിന്തകരേയും വിമർശകരെയുമാണ് സൃഷ്ടിക്കേണ്ടത്. മുദ്രാവാക്യത്തൊഴിലാളികളെയല്ല. ഭരണാധികാരം കടന്നുവരുന്നതാണ് സർവകലാശാലകളുടെ ശാപമെന്ന് ഡോ.എം.കുഞ്ഞാമൻ അഭിപ്രായപ്പെടുന്നു. അധികാരം സർഗ്ഗാത്മകതയ്ക്ക് തടസ്സമുണ്ടാക്കുന്നു. അധികാരത്തെ എതിർക്കാൻ പഠിപ്പിക്കുന്ന സ്ഥലമാണ് സർവകലാശാല. അധികാരത്തെ ആദരിക്കുന്ന സമൂഹം നാശോന്മുഖമാണെന്നും കുഞ്ഞാമൻ നിരീക്ഷിക്കുന്നു. ഒരു അദ്ധ്യാപകൻ എപ്രകാരമായിരിക്കണമെന്നും സർവകലാശാല എന്താണ് വിഭാവനം ചെയ്യേണ്ടതെന്നുമുള്ള മൗലിക ചിന്തകളാൽ സമ്പന്നമാണ് ഈ അദ്ധ്യായം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മരപ്പാവകൾ - കാരൂർ

കരുണ - കുമാരനാശാൻ

സഞ്ചാരസാഹിത്യം സാമാന്യാവലോകനം