കർഷകപ്രക്ഷോഭങ്ങൾ
മൊഡ്യൂൾ 4 പാർട്ട് 08
കണ്ണൂർ സർവകലാശാല
കേരളസംസ്കാരം
കർഷകപ്രക്ഷോഭങ്ങൾ
കോൺഗ്രസ്സ് സോഷ്യലിസ്റ്റു പാർട്ടിയിൽ ആദ്യം പ്രവർത്തിക്കുകയും പിന്നീട് കമ്യൂണിസ്റ്റു പാർട്ടിയുടെ ഭാഗമാവുകയും ചെയ്ത ഇടതുപക്ഷക്കാരാണ് സംഘടിത കർഷകപ്രസ്ഥാനത്തിനു നേതൃത്വം നൽകിയത്. ജന്മി സമ്പ്രദായം അവസാനിപ്പിക്കുകയെന്ന ലക്ഷ്യം അവർക്കുണ്ടായിരുന്നു. അതിനായി നിരവധി സംഘടിത സമരങ്ങൾ കർഷകപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. വിലവർദ്ധനവിനെതിരെയും ഭൂമിക്കും ഭക്ഷണത്തിനും വേണ്ടിയും സമരങ്ങൾ നടന്നിട്ടുണ്ട്. അവ ദേശസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുന്നേറ്റങ്ങളായി പരിണമിച്ചു. ത്യാഗോജ്ജ്വലമായ ഇത്തരം പോരാട്ടങ്ങളാണ് കേരളത്തിൽ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്കു സഹായകമായത്. മൊറാഴ, എള്ളെരിഞ്ഞി, കാവുമ്പായി, കരിവെള്ളൂർ, തോലമ്പ്ര, കയ്യൂർ, തില്ലങ്കേരി, ഒഞ്ചിയം തുടങ്ങിയ സ്ഥലങ്ങളിൽ ഭരണകൂടത്തിൻ്റെ സന്നാഹങ്ങളുമായി ഏറ്റുമുട്ടലുണ്ടായി. പ്രവർത്തകർ അനുഭവിച്ച സഹനങ്ങൾ വാക്കുകൾക്കതീതമാണ്.
ചില കർഷകപ്രക്ഷോഭങ്ങൾ:
ഭൂരിഭാഗം കർഷകരും തൊഴിലാളികളും സ്വന്തമായി ഭൂമിയില്ലാത്തവരും മേൽജാതിക്കാരുടെ കൈവശമുണ്ടായിരുന്ന ഭൂമിയിൽ കൃഷി ചെയ്യുന്നവരുമായിരുന്നു. അവർ കീഴാളരും കുടിയാന്മാരുമായിരുന്നു. നിയമപരമായ അവകാശമില്ലാതെയാ ണ്ടവർ ഭൂമിയിൽ കൃഷി ചെയ്തതും. ജന്മിമാർ അവർക്കു തോന്നുംപടി കുടിയാന്മാരായ കർഷകരെ ഒഴിപ്പിക്കാൻ സാധിച്ചിരുന്നു. ഈ അനീതിക്കെതിരായി കമ്യൂണിസ്റ്റ്പാർട്ടിയും കർഷകസംഘവും നിരവധി സമരങ്ങൾ നടത്തി. കുടികിടപ്പവകാശത്തിനും ന്യായമായ കൂലി ലഭിക്കുന്നതിനും അദ്ധ്വാനസമയം ലഘൂകരിക്കുന്നതിനും സമരങ്ങൾ ഉണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ കർഷകസമരങ്ങളിൽ പ്രധാനപ്പെട്ടവയാണ് കയ്യൂർ, കരിവെള്ളൂർ പുന്നപ്ര വയലാർ എന്നിവിടങ്ങളിലെ സമരങ്ങൾ.
മോറാഴ സമരം 1940
കേരളത്തിലെ കർഷകപ്രസ്ഥാനത്തിൻ്റെയും കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൻ്റെയും ചരിത്രത്തിലെ നിർണ്ണായകമായ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളിൽ ഒന്നാണിത്. ഇന്ത്യൻ ജനതയുടെ അനുവാദമില്ലാതെ യുദ്ധത്തിലേക്കു വലിച്ചിഴച്ച ഇരിട്ടീഷ് ഭരണകൂടത്തിനെതിരെ നടന്ന പ്രതിഷേധം. രാജ്യത്ത് ഭക്ഷ്യക്ഷാമവും വിലക്കയറ്റവും രൂക്ഷമായി. നികുതിഭാരം ദുസ്സഹമായി. 1940 സെപ്തംബർ 15 പ്രതിഷേധ ദിനമായി ആചരിക്കാനൊരുങ്ങി. ബ്രിട്ടീഷു ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ ലംഘിക്കാൻ കർഷക പ്രസ്ഥാനം തീരുമാനിച്ചിരുന്നു. എന്നാൽ പൊലീസ് എത്തിയപ്പോൾ, നിരോധനം ബാധകമല്ലാത്ത അഞ്ചാംപീടികയിലേക്ക് പൊതുയോഗംമാറ്റി. അവിടെ വിഷ്ണുഭാരതീയൻ്റെ നേതൃത്വത്തിൽ യോഗം നടക്കുമ്പോൾ പൊലീസ് അവിചാരിതമായി എത്തി നിരോധനം പ്രഖ്യാപിച്ചു ലാത്തിച്ചാർജു തുടങ്ങി. തുടർന്ന് ജനം ചെറുത്തു നിന്നു. സബ് ഇൻസ്പെക്ടർ കുട്ടികൃഷ്ണമേനോനും മറ്റൊരു പൊലീസുകാരനും കൊല്ലപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ ഭീകരമായ തേർവാഴ്ചയിൽ കമ്യൂണിസ്റ്റു നേതാക്കളെയും കർഷകരേയും അറസ്റ്റു ചെയ്തു. ഈ സമരത്തിൻ്റെ സൂത്രധാരരിലൊരാളായ കമ്യൂ. നേതാവ് കെ.പി. ആർ ഗോപാലനെ അറസ്റ്റു ചെയ്തു. കോടതി വിചാരണാനന്തരം വധശിക്ഷ വിധിച്ചു. ഗാന്ധിജിയുടെ ഇടപെടലിനെത്തുടർന്ന് വധശിക്ഷ ജീവപര്യന്തമായി.
കയ്യൂർസമരം 1941
വടക്കേ മലബാറിലെ പ്രധാന ജന്മിമാരിലൊരാളായിരുന്ന നീലേശ്വരം രാജാവിന് കർഷകരുടെ ഒരു കൂട്ടായ്മ ഒരു നിവേദനം സമർപ്പിക്കുകയാണ്. അക്രമപ്പിരിവുകൾ നിർത്തുകയെന്നതായിരുന്നു ആവശ്യം. കർഷക ജാഥ 1941മാർച്ച് 30 ന് കയ്യൂരിൽ നിന്നും പുറപ്പെട്ട് നീലേശ്വരം ടൗണിൽ പ്രകടനം നടത്തിയ ശേഷം രാജാവിന് നിവേദനം നൽകാനായിരുന്നു പരിപാടി. മാർച്ച് 30 നു മുമ്പേ നിവേദനത്തിൻ്റെ പകർപ്പ് നീലേശ്വരം രാജാവിനു മുന്നിലെത്തി. കോവിലകം കൊള്ള ചെയ്യാൻ കർഷകരെത്തുന്നു, സംരക്ഷണം വേണമെന്ന് രാജാവ് അധികാരികളോടപേക്ഷിച്ചു. മാർച്ച് 27 ന് കർഷകസംഘത്തിൻ്റെ ചില പ്രവർത്തകരെ അറസ്റ്റുചെയ്തു. ടി.വി. കുഞ്ഞമ്പുവിനെയും അറസ്റ്റുചെയ്തു. ഇതിൽ പ്രതിഷേധിച്ച് മാർച്ച് 28 നു നടന്ന ജാഥയുടെ മുന്നിൽ പെട്ട സുബ്രായർ എന്ന പോലീസുദ്യോഗസ്ഥൻ പരിഭ്രമിച്ചു. പുഴയിൽ ചാടി. അയാൾ മുങ്ങി മരിച്ചു. തുടർന്ന് പോലീസ് നരനായാട്ടാരംഭിച്ചു. 61 പേരെ പ്രതികളാക്കി കേസെടുത്തു. മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടാര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ എന്നിവരെ വധശിക്ഷയ്ക്കു വിധിച്ചു. 1943 മാർച്ച് 29 ന് ഇവരെ തൂക്കിക്കൊല്ലുകയുണ്ടായി. ഈ മാർച്ച് 29 ആണ് കർഷക ദിനമായി കമ്യൂണിസ്റ്റുപാർട്ടി ആചരിക്കുന്നത്. കയ്യൂർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കന്നാ നോവലിസ്റ്റായ നിരഞ്ജന എഴുതിയ നോവലാണ് ചിരസ്മരണ. അത് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത് സി. രാഘവനാണ്.
കരിവെള്ളൂർ 1946
രണ്ടാംലോകയുദ്ധാനന്തരമുണ്ടായ കടുത്ത ക്ഷാമത്തിൽ സാധാരണക്കാർ വലഞ്ഞു. കോളറ വന്ന് ജനങ്ങൾ മരിച്ചു വീഴാൻ തുടങ്ങി. കരിഞ്ചന്തയും പൂഴ്ത്തിവെയ്പും വ്യാപകമായി. കരിവെള്ളൂർ വില്ലേജിൽ നിന്ന് എല്ലാവർഷവും പാട്ടനെല്ല് ചിറയ്ക്കൽ കോവിലകത്തേക്ക് കൊണ്ടുപോകാറുണ്ട്. ഈ നെല്ല് കൃഷി ചെയ്യുന്നവരുടെ സഹകരണസംഘത്തിനു വിൽക്കണമെന്ന് കൃഷിക്കാർ ആവശ്യപ്പെട്ടു. 1946 ഡിസംബർ 16 ന് കൃഷിക്കാർ യോഗം ചേർന്നു. അവർ നെല്ലുകടത്തുന്നത് തടയാനുറപ്പിച്ചു. ഡിസംബർ 20 ന് ജന്മിക്കു വേണ്ടി നെല്ലു കടത്താനൊരുങ്ങിയ സന്ദർഭത്തിൽ വാഹനം നീങ്ങാൻ സമ്മതിക്കാതെ കൃഷിക്കാർ കളപ്പുര വളഞ്ഞു. എ.വികുഞ്ഞമ്പു, പി. കുഞ്ഞിരാമൻ, കെ.കൃഷ്ണൻ മാസ്റ്റർ എന്നിവരായിരുന്നു നേതാക്കൾ. മണക്കാട്ടുതട്ടിൽ കണ്ണൻ, കീനേരി കുഞ്ഞമ്പു എന്നിവർ വെടിയേറ്റു രക്തസാക്ഷികളായി.
കാവുമ്പായി 1946
1946 ലാണ് കാവുമ്പായി സമരം നടന്നത്. കല്യാട്ട് നമ്പ്യാർ, കാരയ്ക്കാട്ട് ഇടത്തിൽ നായനാർ എന്നീ പ്രമുഖ ഭൂവുടമകളുടെ ഭൂമി പുനം കൃഷിക്കു കിട്ടണമെന്നതായിരുന്നു പ്രധാന ആവശ്യം. അധികാരകേന്ദ്രങ്ങളിൽ നിവേദനം സമർപ്പിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കൃഷിക്കാർ പുനം [കാടുപിടിച്ചു കിടക്കുന്ന ഉയർന്ന ഭൂമി] കയ്യേറി കൃഷിയിറക്കി. പൊലീസ് ഇടപെട്ടു. അറസ്റ്റും ലോക്കപ്പ് മർദ്ദനവുമുണ്ടായി. 1946 ഡിസംബർ 30 ന് പോലീസുകാർ കാവുമ്പായിക്കുന്നു വളഞ്ഞ് വെടിവെച്ചു. നാലുപേർ വെടിയേറ്റു മരിച്ചു. ഒരാളെ തോക്കിൻ്റെ പാത്തികൊണ്ട് അടിച്ചു കൊന്നു.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ