ഭൂപരിഷ്‌കരണം(കുറിപ്പ്)

മൊഡ്യൂൾ 4 പാർട്ട് 08

കണ്ണൂർ സർവകലാശാല

കേരള സംസ്‌കാരം

ഭൂപരിഷ്‌കരണം

ഭൂപരിഷ്കരണം ഭൂമിയുടെ ഉടമസ്ഥതയിലും കൈവശാവകാശത്തിലും വിനിയോഗത്തിലും സ്വീകരിക്കുന്ന നിയമപരമായ മാറ്റങ്ങളെയും അതിനനുസൃതമായ പുനർവിതരണത്തെയുമാണ് ഉദ്ദേശിക്കുന്നത്. സാമൂഹിക നീതി ഉറപ്പാക്കുക, കർഷകർ നേരിടുന്ന ചൂഷണം അവസാനിപ്പിക്കുക, സാമ്പത്തികമായ ഉന്നമനം കൈവരിക്കാനുള്ള സാഹചര്യമൊരുക്കുക എന്നിവയാണ് ലക്ഷ്യം. 

ഭൂപരിഷ്‌കരണം രണ്ടു ചരിത്രസന്ദർഭങ്ങളിലൂടെയാണ് കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചിട്ടുള്ളത്. ഒന്ന്, കേരളപ്പിറവിക്കുമുമ്പ്. രണ്ട്, കേരളപ്പിറവിക്കു ശേഷം.

പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തന്നെ കുടിയാൻമാരായ കൃഷിക്കാരും ഭൂവുടമകളും തമ്മിലുള്ള ബന്ധം ക്രമീകരിക്കാനായി ചില നിയമങ്ങൾ ഉണ്ടാക്കിയിരുന്നു. ജന്മിമാരുടെ അമിതമായ അധികാരത്തിനു തടയിടുകയായിരുന്നു ലക്ഷ്യം. 1865 ലെ പാട്ടവിളംബരം തിരുവിതാംകൂറിലെ ആദ്യനിയമങ്ങളിൽ പ്രാധാന്യമുള്ളതാണ്. ഇതിലൂടെ പണ്ടാരവക (സർക്കാർ) പാട്ടവസ്തുക്കളുടെ മീതെ വൈശക്കാർക്ക് ഉടമാവകാശം ലഭിച്ചു. 1896 ലും തുടർന്നും പല റഗുലേഷനുകളുമുണ്ടായി. അവയൊന്നും ഗുണം ചെയ്തില്ല. ജന്മിമാർ ചൂഷണം തുടർന്നു. 1933 ലെ ജന്മികുടിയാൻ റഗുലേഷൻ 12 -ാമത് ഭേദഗതിയിൽ ജന്മിക്കരം കൊടുക്കണമെന്ന വ്യവസ്ഥയോടെ കുടിയാന്മാർക്ക് ഭൂമിയിൽ ഉടമസ്ഥാവകാശം കിട്ടി. 1956 ലെ കാണക്കുടിയായ്മ ആക്ടനുസരിച്ച് കൊച്ചിയിലെ കുടിയാന്മാർക്കും അവരുടെ വസ്തുവിന്മേൽ ഉടമാവകാശമായി. 

കേരള സംസ്ഥാനപ്പിറവി(1956)ക്കു ശേഷം ഇ.എം.എസിൻ്റെ നേതൃത്വത്തിൽ വന്ന കമ്യൂണിസ്റ്റു മന്ത്രിസഭ (1957) കൃഷിഭൂമിയിലെ ഒഴിപ്പിക്കലുകളെല്ലാം തടഞ്ഞ് ഓർഡിനൻസിറക്കി. 1959 ൽ നിയമസഭ കർഷകബന്ധബിൽ പാസ്സാക്കി. ഇതിനെതിരെയും മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനെതിരെയും നിക്ഷിപ്ത താൽപ്പര്യക്കാരായ ഭൂവുടമകളും കോർപ്പറേറ്റ് മാനേജുമെൻ്റുകളും വിമോചനസമരം നടത്തി. 1959 ൽ മന്ത്രിസഭയെ പിരിച്ചുവിട്ടു. കർഷക ബന്ധ ബില്ലിന് അനുമതി നിഷേധിച്ചു. 1963 ൽ അന്നത്തെ മന്ത്രിസഭ കേരള ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി. 1964 ൽ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി പ്രസ്തുത നിയമം സംരക്ഷിക്കുകയും ചെയ്തു. 1967 ൽ EMS മന്ത്രിസഭ സമഗ്രമായ ഭേദതികൾ ഭൂപരിഷ്കരണ നിയമത്തിൽ കൊണ്ടു വന്നെങ്കിലും നടപ്പിലാക്കാനായില്ല. 1969 ൽ അധികാരത്തിൽ വന്ന സി.അച്യുതമേനോൻ മന്ത്രിസഭ കേരള ഭൂപരിഷ്കരണ നിയമത്തിലെ എല്ലാ വകുപ്പുകളും നടപ്പിലാക്കി. 1970 ജനുവരി 1 മുതൽ കേരളത്തിൽ ജന്മിത്തം പൂർണമായും അവസാനിച്ചു.

ഇതിൻ്റെ പ്രയോജനങ്ങൾ:

  • ഭൂമിയിലുള്ള സ്ഥിരാവകാശവും ഉടമസ്ഥതയും കൃഷിക്കാരന് അനുവദിച്ചു കിട്ടി.
  • പരിധി നിർണയിച്ച് മിച്ചഭൂമിയേറ്റെടുത്ത് ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്കു വിതരണം ചെയ്തു.

 സാമൂഹ്യവ്യവസ്ഥിതിയിൽ മാറ്റമുണ്ടാക്കാനും കാർഷികരംഗത്തെ സമ്പന്നവർഗ്ഗത്തിൻ്റെ ചൂഷണം അവസാനിപ്പിക്കാനും ഈ നടപടികൾ കൊണ്ടൊന്നും സാധിച്ചിട്ടില്ലെന്ന് പ്രമുഖ ചരിത്രകാരനായ ഡോ. കെ.കെ.എൻ കുറുപ്പു വ്യക്തമാക്കുന്നു.

റഫ:

കേരള സംസ്കാരം : പ്രൊഫ. എസ്. അച്യുതവാര്യർ 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മരപ്പാവകൾ - കാരൂർ

കരുണ - കുമാരനാശാൻ

സഞ്ചാരസാഹിത്യം സാമാന്യാവലോകനം