പുന്നപ്ര വയലാർ സമരം 1946
മൊഡ്യൂൾ 4 പാർട്ട് 08
കണ്ണൂർ സർവകലാശാല
കേരള സംസ്കാരം
പുന്നപ്രവയലാർ സമരം 1946
പശ്ചാത്തലം:
ഇന്ത്യൻ സ്വാതന്ത്ര്യസമരമുന്നേറ്റത്തിലും കേരളരാഷ്ട്രീയ ചരിത്രത്തിലും സമാനതകൾ കാണാനാകാത്ത തൊഴിലാളി മുന്നേറ്റമാണ് പുന്നപ്രവയലാർ സമരം. 1946 ലാണ് ഈ പ്രക്ഷോഭം നടന്നത്. തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റു പാർട്ടിയും തൊഴിലാളി കർഷകപ്രസ്ഥാനങ്ങളും വളർച്ച നേടിയതിൻ്റെ ഭാഗമായാണ് ഈ രൂക്ഷമായ സമരം അരങ്ങേറിയത്. വിവരണാതീതമായ സാമ്പത്തിക പ്രയാസങ്ങൾ അഭിമുഖീകരിച്ചിരുന്ന വ്യാവസായിക കാർഷിക തൊഴിലാളികൾ ഏറെയുണ്ടായിരുന്ന ആലപ്പുഴ ചേർത്തല പ്രദേശങ്ങൾ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൻ്റെ ശക്തികേന്ദ്രമായി മാറി. മുക്കുവർ, കയർത്തൊഴിലാളികൾ, ബീഡിത്തൊഴിലാളികൾ, കർഷകർ എന്നിങ്ങനെയുള്ള അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾ കമ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിൽ വിവിധ ട്രെയിഡുയൂണിയനുകളിലായി സംഘടിച്ചു. ജന്മിമാരുടെ കുത്തകയായിരുന്നു കൃഷിഭൂമി. സർക്കാരിൻ്റെ ഒത്താശയോടെ ക്രൂരമായ ചൂഷണമാണ് തൊഴിലാളികൾ നേരിട്ടത്. തൊഴിലാളിവർഗ്ഗം ചെറുത്തുനിൽപ്പു തുടങ്ങി. അന്തരീക്ഷം സംലർഷഭരിതമായി. 1946 ആഗസ്ത് സെപ്റ്റംബർ മാസങ്ങളിൽ കുടിച്ചമർത്തൽ നയത്തിനെതിരെയും വിലക്കയറ്റത്തിലും പ്രതിഷേധിച്ചു നിരവധി പണിമുടക്കുകളുണ്ടായി. ശക്തമായ സായുധ പോലീസ് സന്നാഹങ്ങൾ ചേർത്തലയിലും തീരപ്രദേശങ്ങളിലും സർക്കാർ നടപ്പാക്കി. തൊഴിലാളികളും കർഷകരും മർദ്ദനങ്ങൾക്കിരകളായി. മർദ്ദനം രൂക്ഷമായപ്പോൾ അമ്പലപ്പുഴ, ചേർത്തല പ്രദേശങ്ങളിൽ കമ്യൂണിസ്റ്റുപാർട്ടി വളണ്ടിയർ ക്യാമ്പുകൾ തുറന്ന് ആത്മരക്ഷാർത്ഥമുള്ള പരിശീലനം നല്കിത്തുടങ്ങി. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ട സി.കെ. കുമാരപ്പണിക്കരായിരുന്നു നേതൃത്വം നൽകിയത്.
1946 ഒക്ടോബർ 1 ന് കമ്യൂണിസ്റ്റുപാർട്ടിയെയും തൊഴിലാളിസംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. പോലീസും പട്ടാളവും സജീവമായി. ഈ പശ്ചാത്തലത്തിലാണ് 1946 ലെ പുന്നപ്ര വയലാർ സമരം നടന്നത്.
ഓർമ്മിക്കേണ്ടത്:
- കമ്യൂണിസ്റ്റുപാർട്ടിയുടെ വളർച്ച
- ദാരിദ്ര്യം ക്ഷാമം ചൂഷണം
- ട്രേഡ് യൂണിയനുകളുടെ മുന്നേറ്റം
- പണിമുടക്കുകൾ
- മർദ്ദനങ്ങളും വിലക്കയറ്റവും
പുന്നപ്ര വയലാർ സമരം:
പുന്നപ്ര വയലാർ സമരത്തിന് ചില രാഷ്ട്രീയകാരണങ്ങൾ കൂടിയുണ്ട്. ഇന്ത്യ സ്വതന്ത്രയായിക്കഴിഞ്ഞാൽ നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യാ യൂണിയനിൽ ചേരാനോ ചേരാതിരിക്കാനോ അവകാശമുണ്ടെന്നതായിരുന്നു അവസ്ഥ. തിരുവിതാംകൂർ സ്വതന്ത്രരാജ്യമായി നിലകൊള്ളുമെന്ന് ദിവാനായ സി.പി. രാമസ്വാമി അയ്യർ പ്രഖ്യാപിച്ചു. അമേരിക്കൻ മോഡൽ ഭരണഘടനയാവും തിരുവിതാംകൂർ സ്വീകരിക്കുക എന്നും പ്രഖ്യാപിക്കപ്പെട്ടു. കമ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരുമൊക്കെ ഈ നിലപാടിനെതിരായിരുന്നു. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർന്നു. ജനകീയപ്രക്ഷോഭത്തെ അടിച്ചമർത്താൻ തിരുവിതാംകൂർ ഭരണകൂടം ശ്രമിച്ചു. അടിച്ചമർത്തി തൊഴിലാളിസംഘടനകളെ ദുർബലമാക്കാൻ ശ്രമമുണ്ടായി. 1946 സെപ്തംബർ 15 ന് ആലപ്പുഴയിൽ പണിമുടക്കുണ്ടായി.
ആർ.സുഗതൻ, ടി.വി.തോമസ്, ടി.കെ.ദിവാകരൻ, എം.എൻ. ഗോവിന്ദൻ നായർ തുടങ്ങിയ നേതാക്കൾ യൂണിയനുകൾ സംഘടിപ്പിക്കുന്നതിനും കർഷകരുടെ അവകാശസമരങ്ങൾ സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകിയിരുന്നു. തൊഴിലാളികൾ ജന്മിമാരെ വെല്ലുവിളിച്ചു. ജന്മിമാരൊക്കെ ആശങ്കാകുലരായിരുന്നു. വേണ്ടി വന്നാൽ ഏറ്റുമുട്ടലിനും തൊഴിലാളികൾ തയ്യാറായി. ഒക്ടോബർ 1 ൻ്റെ പണിമുടക്കോടനുബന്ധിച്ച് പൊലീസുമായി ഏറ്റുമുട്ടലുകൾ ഉണ്ടായി. ചില തൊഴിലാളികൾ വെടിയേറ്റു മരിച്ചു. ജന്മിമാർ ഒരുമിച്ച് തൊഴിലാളി നേതാക്കന്മാർക്കും കമ്യൂണിസ്റ്റു പാർട്ടിക്കെതിരെയുമായി പ്രചരണം നടത്തി. ഗൂഢാലോചനകൾ നടന്നു. 1946 ഒക്ടോബർ 24 ന് ആലപ്പുഴയിൽ നിന്നും പുന്നപ്രയിൽ നിന്നും പൊലീസ് ക്യാമ്പുകളിലേക്ക് തൊഴിലാളികൾ ജാഥ നടത്തി. വെടിവെപ്പുണ്ടായി. നിരവധി പേർ രക്തസാക്ഷിത്വം വരിച്ചു. ഈ വെടിവെപ്പ് ജനവികാരത്തെ ആളിക്കത്തിച്ചു. അമ്പലപ്പുഴ ചേർത്തല താലൂക്കുകളിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. തൊഴിലാളികളെ നേരിടാൻ സി.പിയുടെ പട്ടാളം തന്നെ പുറപ്പെട്ടു. 1946 ഒക്ടോബർ 27 ന് തൊഴിലാളി കേന്ദ്രങ്ങളായ വയലാർ, മേനാശ്ശേരി, ഒളതല പ്രദേശങ്ങൾ പട്ടാളംവളഞ്ഞ് യന്ത്രത്തോക്കിനാൽ വെടിവെപ്പുനടത്തി. വാരിക്കുന്തം, മഴു, കല്ല് എന്നിവയായിരുന്നു തൊഴിലാളികളുടെ ആയുധം. വെടിവെപ്പിൽ എത്രപേർ മരിച്ചു വെന്നതിന് കൃത്യമായ കണക്കില്ല. മരിച്ചവരെയും മരിച്ചെന്നു കരുതിയവരെയും അംഗഭംഗം വന്നവരെയും എല്ലാം കൂട്ടിയിട്ട് പട്ടാളം പെട്രോൾ ഒഴിച്ചു കത്തിച്ചത്രെ. ഈ സ്ഥലമാണ് വലിയ ചുടുകാട് എന്ന പേരിൽ അറിയപ്പെടുന്നത്.
ഇതോടെ സമരം അവസാനിപ്പിക്കാൻ തൊഴിലാളികൾ നിർബന്ധിതരായി. എങ്കിലും സി.പി.യുടെ സ്വേച്ഛാധികാരം ഇതോടെ അവസാനിച്ചു. ഉത്തരവാദഭരണം തിരുവിതാംകൂറിൽ സംജാതമായി. സർ സി.പി.യുടെ സാമ്രാജ്യത്വ ദാസ്യത്തിനേറ്റ തിരിച്ചടി ചരിത്രത്തിലെ വലിയൊരു പാഠമാണ്. എങ്കിലും,പുന്നപ്ര വയലാർ സമരത്തെ 1996 ഡിസംബർ 27 നു മാത്രമാണ് ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യ സമരമായി അംഗീകരിച്ചത്!
ഓർക്കേണ്ടത്:
- തിരുവിതാംകൂർ സ്വതന്ത്രരാജ്യമാകുമെന്ന സിപിയുടെ നിലപാട്
- ചെറുത്തു നിൽപ്പ്
- അമേരിക്കൻ മോഡൽ അറബിക്കടലിൽ
- പുന്നപ്ര സംഭവം
- വയലാറിലെ കിരാതമായ വെടിവെപ്പ്.
റഫ:
നമ്മൾ നടന്ന വഴികൾ- എസ്.കെ വസന്തൻ
ആധുനിക കേരളം- എ. ശ്രീധരമേനോൻ
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ