എതിര് : മൂന്നാമദ്ധ്യായവിശകലനം

എതിര് : ഡോ. എം കുഞ്ഞാമൻ

അദ്ധ്യായം 3

പുറകിലൂടെ വന്ന ചണ്ഡാളൻ :

CDS ൽ പഠനം, ഡോ. കെ എൻ രാജ് (സാമ്പത്തിക കാര്യവിദഗ്ദൻ), ഡോ.സുകുമാർ അഴീക്കോട് (കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലർ, പ്രഗത്ഭനായ നിരൂപകൻ പ്രഭാഷകൻ) ഡോ. കെ.ആർ നാരായണൻ (ബഹു.മുൻ രാഷ്‌ട്രപതി), പി. ഗോവിന്ദപ്പിള്ള (മാർക്സിസ്റ്റു സൈദ്ധാന്തികൻ) എന്നിവരെക്കുറിച്ചു പ്രതിപാദിക്കുന്നു.

ജാതീയവും വർഗ്ഗപരവുമായ വിവേചനം ഉന്നതവിദ്യാഭ്യാസ മേഖലയിലും നിലനിൽക്കുന്നുവെന്ന് ഈ അദ്ധ്യായത്തിൽ ഡോ.എം.കുഞ്ഞാമൻ സമർത്ഥിക്കുന്നു. ആരംഭം തന്നെ ദസ്തയെവ്സ്കിയുടെ കുറ്റവും ശിക്ഷയും എന്ന നോവലിലെ കഥാപാത്രങ്ങളെ സ്മരിച്ചുകൊണ്ടാണ്. കഥാനായകനായ റസ്‌കാൽ നിക്കാഫ് താനിഷ്ടപ്പെടുന്ന സോണിയയുടെ ഗൃഹത്തിലെത്തുന്നു. അവിടത്തെ ദാരിദ്ര്യം കണ്ട് അവളുടെ മുന്നിൽ അയാൾ മുട്ടുകുത്തുമ്പോൾ സോന്യ അമ്പരക്കുന്നു. ഞാനിപ്പോൾ മുട്ടുകുത്തിയത് നിൻ്റെ കാൽക്കലല്ല, ലോകത്തിലെ മനുഷ്യരാശിയുടെ ക്ലേശങ്ങൾക്കു മുന്നിലാണെന്ന് റസ്‌കാൽ നിക്കാഫ് വികാരഭരിതനായി പറയുന്നു. 

തിരുനെല്ലിയിലെ ദാരിദ്ര്യം

സോണിയയുടെ ഭവനം പോലെ ഇല്ലായ്മ വല്ലായ്മ സൃഷ്ടിച്ച ദേശമായിരുന്നു വയനാട്ടിലെ തിരുനെല്ലി. കടുത്ത ദാരിദ്ര്യവും പട്ടിണിയും. ഈ സാഹചര്യം നേരിട്ടു കണ്ടറിഞ്ഞ ശേഷമാണ് എംകുഞ്ഞാമൻ തിരുവനന്തപുരം CDS ൽ എം.ഫില്ലിന് (Master of Philosophy- പിഎച്ച്ഡി ക്കു മുന്നേയുള്ള മാസ്റ്റർബിരുദം)

അപേക്ഷിച്ചത്. ‘ആദിവാസിപ്രശ്നങ്ങൾ കേരളത്തിൽ’ എന്നതായിരുന്നു വിഷയം. അന്നേരം കുഞ്ഞാമന് റിസർച്ച് പ്രൊപ്പോസൽ എഴുതാനറിയില്ലായിരുന്നു. ഇൻ്റർവ്യൂബോഡിൻ്റെ ചോദ്യങ്ങൾക്ക് അറിയില്ലെന്ന് മറുപടി നൽകി. പിന്നെ എന്തിനിവിടെ വന്നുവെന്നായി മറുചോദ്യം. സമൂഹത്തിലെ മുഴുവൻ വ്യവസ്ഥിതിയും മാറിക്കൊണ്ടിരിക്കുന്നു പക്ഷേ, അതിനകത്തെ ഒരുപവ്യവസ്ഥിതി രാഷ്ട്രീയമോ സാമ്പത്തികമോ സാംസ്‌കാരികമോ ആയ ഒരു തരത്തിലുമുള്ള മാറ്റവുമില്ലാതെ നിൽക്കുന്നത് അതിശയമായി തോന്നുന്നു. അതൊന്ന് പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് കുഞ്ഞാമൻ പറഞ്ഞു. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

ഡോ. കെ. എൻ. രാജ്

എം. ഫില്ലിന് പ്രവേശനം കിട്ടി. വൈദ്യനാഥൻ എന്ന സാമ്പത്തിക വിദഗ്ധനായിരുന്നു ഗൈഡ്. സാമ്പത്തികശാസ്ത്ര വിദഗ്ദ്ധനും പണ്ഡിതനുമായ ഡോ. കെ. എൻ. രാജ് CDS ൽ പ്രൊഫസറായിരുന്നു. വ്യക്തിപരമായി രാജിന് കുഞ്ഞാമനെ ഇഷ്‌ടമായിരുന്നു. പക്ഷേ, അദ്ദേഹവുമായി അടുക്കാൻ പ്രയാസമാണ്. രാജ് മാർജിനിൽ തെറ്റുകൾ ചൂണ്ടിക്കാട്ടി കമൻ്റിടും. എന്താണ് ശരി എന്നു പറയില്ല. അപ്പോൾ ശരി തേടാനായി കൂടുതൽ പുസ്തകങ്ങൾ വായിച്ചു. സത്യം കണ്ടെത്താനുള്ള അന്വേഷണമായി അതു വികസിച്ചു. അന്വേഷണബുദ്ധി വളർത്താനതു സഹായിച്ചു. ഇക്കാരണങ്ങളാൽ രാജിനെ മാതൃകാദ്ധ്യാപകനായി കുഞ്ഞാമൻ കാണുന്നു. വൈദ്യനാഥൻ കുഞ്ഞാമൻ്റെ തീസിസ്സ് അംഗീകരിച്ചില്ല. അതിനുശേഷം കെ.എൻ.രാജായിരുന്നു ഗൈഡ് ചെയ്തത്. അദ്ദേഹത്തെ കുഞ്ഞാമൻ വിമർശിച്ചിരുന്നു. ഇത് വരേണ്യവർഗ്ഗത്തിൻ്റെ സാമ്പത്തികശാസ്‌ത്രമാണെന്നായിരുന്നു കുഞ്ഞാമൻ്റെ നിലപാട്. Ph D തീസിസ് എഴുതിക്കഴിഞ്ഞ സന്ദർഭത്തിൽ കുഞ്ഞാമനോട്, നിങ്ങൾ ഹൈറാർക്കിയെ വെല്ലുവിളിക്കുകയാണ്, നിനക്കെന്തു ചെയ്യാനാകും എന്നു ചോദിച്ചതിനു വൈകാരിക തലത്തിൽ മറുപടി നൽകി. “ഞങ്ങൾക്ക് വ്യവസ്ഥിതിയോട് എതിർപ്പുണ്ട്. താങ്കൾ ബ്രിട്ടീഷു ഭരണകാലത്തെ ജഡ്ജിയുടെ മകനാണ്. അനുകൂല സാഹചര്യങ്ങളിൽ നിന്നുമുയർന്നുവന്നയാൾ. താങ്കൾ എൻ്റെ സ്ഥാനത്തായിരുന്നുവെങ്കിൽ സ്‌കൂൾ ഫൈനൽ പരീക്ഷ പാസ്സാകില്ലായിരുന്നു. ഞാൻ താങ്കളുടെ സ്ഥാനത്തായിരുന്നുവെങ്കിൽ ഒരു നോബൽ സമ്മാന ജേതാവായേനെ. ഈ വ്യത്യാസം നമ്മൾ തമ്മിലുണ്ട്”. ഈ പരാമർശം രാജിനിഷ്ടപ്പെട്ടില്ല. പറയേണ്ടത് മുഖത്തു നോക്കിപ്പറയാൻ കുഞ്ഞാമന് തൻ്റേടമുണ്ടെന്ന് ഈ സംഭവം സൂചിപ്പിക്കുന്നു. സ്ഥാനവലുപ്പമൊന്നും ഇതിനൊരു തടസ്സമായി കണ്ടില്ല.

കെ.ആർ നാരായണനുമായി തർക്കം 

ഇന്ത്യൻ വൈസ് പ്രസിഡണ്ടായിരുന്ന കെ.ആർ നാരായണനോട് ഒരു സെമിനാറിൽ വെച്ച് എം. കുഞ്ഞാമൻ തർക്കിച്ചതു സൃഷ്ടിച്ച പുകിലുകൾ അദ്ദേഹം ഓർത്തെഴുതുന്നു.

കനകക്കുന്ന് കൊട്ടാരത്തിലായിരുന്നു ആദിവാസികളുമായി ബന്ധപ്പെട്ട ആ സെമിനാർ നടന്നത്. വൈസ് പ്രസിഡണ്ടായിരുന്ന കെ. ആർ. നാരായണനും അതിൽ പങ്കെടുത്തു. അന്ന് സാമ്പത്തിക രംഗത്ത് ഗാട്ട് കരാർ വലിയ ചർച്ചാവിഷയമായിരുന്നു. ഗാട്ട് കരാർ സാധാരണക്കാർക്ക് ദോഷം ചെയ്യില്ല, അതവരെ സഹായിക്കും എന്ന കെ.ആർ നാരായണൻ്റെ പ്രസ്താവനയെ എം.കുഞ്ഞാമൻ എതിർത്തു. “ഒന്നുകിൽ വൈസ് പ്രസിഡൻ്റ് ഇതേക്കുറിച്ച് പഠിച്ചിട്ടുണ്ടാകില്ല; അല്ലെങ്കിൽ അദ്ദേഹം ആത്മവഞ്ചന നടത്തുകയാണ്”- കെ. ആർ. നാരായണനെ താഴ്ത്തിക്കെട്ടുകയാണെന്ന് കരുതിയ ചിലർ പ്രകോപിതരായി ആക്രമിക്കാനൊരുങ്ങി. സർവകലാശാലയിലെ വിദ്യാർത്ഥികളാണ് രക്ഷിച്ചത്. താൻ നാരായണൻ്റെ ആരാധകനല്ലെന്ന് കുഞ്ഞാമൻ തുറന്നു പറയുന്നു. നാരായണൻ ദലിതരിലെ വരേണ്യവർഗ്ഗത്തിൻ്റെ പ്രതിനിധിയായിരുന്നു. പിന്നീടൊരിക്കൽ കണ്ടപ്പോൾ, വിമർശനങ്ങളിൽ പ്രശ്നമില്ലെന്ന് നാരായണൻ പറഞ്ഞു. വ്യക്തിപൂജ നടത്തുന്നയാളല്ല താനെന്ന് കുഞ്ഞാമൻ പ്രസ്താവിക്കുന്നു. നിഷേധികളെയും ധിക്കാരികളെയുമാണ് ജീവിതത്തിൽ അദ്ദേഹം ഇഷ്‌ടപ്പെടുന്നത്.

കേരളസർവകലാശാല ലക്ച്ചറർ തസ്തിക:

ചണ്ഡാളൻ സിംഹാസനത്തിനു പുറകിലൂടെ മാത്രം വരണം. (നേരായ വഴിയിലൂടെ ദലിതനെ നിയമിക്കില്ല).

കേരളസർവകലാശാല ലക്ച്ചറർ തസ്തികയിലേക്ക് CDS ൽ ഗവേഷണം ചെയ്കെ അപേക്ഷിച്ചിരുന്നു. 32 അപേക്ഷകരിൽ ഒന്നാം റാങ്ക് കുഞ്ഞാമന്. പക്ഷേ നിയമിച്ചില്ല. പകരം മറ്റൊരാളെ നിയമിച്ചു. പൊതു ഒഴിവാണ്. എസ്.സി/ എസ് ടി ക്കാർക്ക് അപേക്ഷിക്കാൻ പാടില്ലായിരുന്നുവെന്നാണ് സർവകലാശാല വിശദീകരിച്ചത്. അപ്പോൾ പിന്നെ ‘എന്തിന് ഒന്നാം റാങ്ക് നൽകി’യെന്ന് ചോദിച്ചപ്പോൾ ‘മെരിറ്റിൻ്റെ അടിസ്ഥാനത്തിലാണെന്ന്’ മറുപടി. ജാതിയിൽ പിന്നോക്കമായതിനാൽ കുഞ്ഞാമൻ ബഹിഷ്‌കൃതനാവുകയായിരുന്നു. അന്ന് എ.കെ. ആൻ്റണി മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തോട് പരാതി പറഞ്ഞു. ആൻ്റണി തട്ടിക്കയറി. യൂണിവേഴ്സിറ്റി അതിൻ്റെ നിയമമനുസരിച്ചു പ്രവർത്തിക്കണമെന്നാണ് എൻ്റെയും ആവശ്യമെന്ന് കുഞ്ഞാമൻ നിലപാടെടുത്തു. നിയമസഭയിൽ ഈ വിഷയം നീലലോഹിതദാസൻ നാടാർ ഉന്നയിച്ചു. പിന്നീട് സർക്കാർ ഒരു സൂപ്പർ ന്യൂമററി തസ്തിക ഉണ്ടാക്കി അതിൽ നിയമിക്കാൻ നിർദ്ദേശിച്ചു. അത് പട്ടികജാതി വർഗ്ഗത്തിന് സംവരണം ചെയ്തിരുന്നു അതു പ്രകാരമായിരുന്നു നിയമനം. ഓപ്പൺ തസ്തികയിലേക്ക് അപേക്ഷിച്ച് ഒന്നാം റാങ്കുള്ള ഒരാളെ നിയമിക്കുന്നത് SC / ST സംവരണത്തിലൂടെ. ഇതാണു തമാശ! നിലപാടുകളിലെ വൈരുദ്ധ്യം! ചണ്ഡാളൻ സിംഹാസനത്തിനു പുറകിലൂടെ മാത്രം വരണമെന്ന അധീശനിയമമാണ് ഇവിടെ നടപ്പിലായത്. അങ്ങനെ കേരള സർവകലാശാലയിൽ അദ്ധ്യാപകനായി.

അഴീക്കോടിന് സ്വബോധമില്ലേ എന്നു തോന്നാനിടയായ സാഹചര്യം

കാലിക്കറ്റ് സർവകലാശാല ജോൺമത്തായി സെൻ്ററിലേക്ക് അദ്ധ്യാപക തസ്തികയിൽ അപേക്ഷിച്ചിരുന്നു. അഭിമുഖത്തിന് ഏറ്റവും അവസാനമാണ് വിളിച്ചത്. നിയമനം കിട്ടിയില്ല. പ്രൊവൈസ് ചാൻസലറായിരുന്ന അഴിക്കോട് പട്ടികജാതി-വർഗ്ഗ വിഭാഗങ്ങളിൽ നിന്ന് അദ്ധ്യാപകരെ കിട്ടുന്നില്ല, വേണമെങ്കിൽ യോഗ്യതയിൽ ഇളവുവരുത്തിയും നിയമിക്കാൻ സർവകലാശാല തയ്യാറാണെന്നു പറഞ്ഞിരുന്നു. ഇതിനെ സംബന്ധിച്ച് അഴിക്കോടിനു കത്തെഴുതി. താങ്കൾ കള്ളം പറഞ്ഞെന്നും താങ്കൾ കണ്ണടച്ചാൽ സമൂഹത്തിൽ മൊത്തം ഇരുട്ടാകുമെന്ന് വിചാരിക്കരുതെന്നും അതിൽ പരാമർശിച്ചു. അതിനു മറുപടി കിട്ടി. രസകരമായിരുന്നു ആ കത്ത്. നിയമനങ്ങളിൽ നടന്ന അപാകത ചൂണ്ടിക്കാട്ടിയതിന് നന്ദി പറഞ്ഞിരുന്നു. പഴയ വ്യവസ്ഥകളിലും സമ്പ്രദായങ്ങളിലുമുള്ള തെറ്റുകൾ തിരുത്തി തിരുത്തിമുന്നോട്ടു പോകുന്നു. അങ്ങനെയാണല്ലോ മനുഷ്യർ പുരോഗമിക്കുന്നത്. ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം. ഈ വിവരം ഉൾക്കൊള്ളിച്ച ആ കത്തു വായിച്ചപ്പോഴാണ് ‘ഇയാൾക്ക് [അഴീക്കോടിന്] സ്വബോധമില്ലേ’ എന്ന് എം.കുഞ്ഞാമനു തോന്നിയത്.

പി. ഗോവിന്ദപ്പിള്ളയുടെ മഹത്വം

പി. ഗോവിന്ദപ്പിള്ള CPMൻ്റെ അനിഷേധ്യ നേതാവാണ്. എഴുത്തും വായനയും വേണ്ടുവോളമുള്ള ദാർശനികൻ. പണ്ഡിതൻ.  

താൻ മനസ്സിലാക്കിയ പലകാര്യങ്ങൾക്കും ദാർശനികമാനമില്ലെന്നു കുഞ്ഞാമനു മനസ്സിലായത് മാർക്സിസ്റ്റ് ആചാര്യനായ പി.ഗോവിന്ദപ്പിള്ള (പി.ജി)യുമായി സംവദിച്ചപ്പോഴാണ്. അതിനാൽ അദ്ദേഹം പി.ജി.യെ വായിക്കാനും പ്രഭാഷണങ്ങൾ കേൾക്കാനും തുടങ്ങി. മാർക്സിസ്റ്റു വീക്ഷണമുള്ളയാളാണെങ്കിലും പലകാര്യങ്ങളിലും തിരുത്തൽ വരുത്തേണ്ടതുണ്ടെന്ന് പി.ജി സമ്മതിച്ചിരുന്നു. അതാതു പ്രദേശത്തെ സാമൂഹികസാഹചര്യങ്ങൾ കമ്യൂണിസ്റ്റുപാർട്ടി കണക്കിലെടുക്കണമെന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

ഇന്ന് പി.ജിയെപ്പോലുള്ളവർ പാർട്ടിയിലില്ല. ഉള്ളതോ, കുറേ ഭരണാധികാരികളാണെന്ന് എം.കുഞ്ഞാമൻ തുറന്നു വിമർശിക്കുന്നു. ഇന്നു ഭരണാധിപന്മാരെയും ആൾദൈവങ്ങളെയും വിമർശിക്കുന്നത് അപകടമാണ്. നേതാവിന് വിഭാവനം ചെയ്യാനും നയിക്കാനുമുള്ള കഴിവാണുണ്ടാകേണ്ടത്. അധികാരം ക്ഷണികമാണ്. ആളുകളെ നിയന്ത്രിക്കാനുള്ള കഴിവു മാത്രമാണത്. ഹെഗലിൻ്റെയും തോമസ് പിക്കറ്റിയെന്ന ഫ്രഞ്ച് സാമ്പത്തിക വിദഗ്ധൻ്റെയും ആശയങ്ങൾ ഡോ.എം.കുഞ്ഞാമൻ ചർച്ച ചെയ്യുന്നു. 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മരപ്പാവകൾ - കാരൂർ

കരുണ - കുമാരനാശാൻ

സഞ്ചാരസാഹിത്യം സാമാന്യാവലോകനം