ക്ഷേത്രപ്രവേശന വിളംബരം
മൊഡ്യൂൾ 4 പാർട്ട് 07
കണ്ണൂർ സർവകലാശാല : കേരള സംസ്കാരം
ക്ഷേത്രപ്രവേശന വിളംബരം- 1936 നവം 12
സാമൂഹികനീതിയും സമത്വവും പുലരുന്ന നാളെകൾ യഥാർത്ഥമാകാൻ പോകുന്നുവെന്ന ചിന്തയും ആവേശവും ജനങ്ങളിലേക്കു പകർന്ന സംഭവമാണ് 1936 നവംബർ 12 ൻ്റെ ക്ഷേത്രപ്രവേശന വിളംബരം. അവർണ്ണജനതയ്ക്ക് അഭിമാന നിമിഷങ്ങളാണതു പകർന്നത്. ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ചത് തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയായിരുന്നു. വിളംബര ദിനം മഹാരാജാവിൻ്റെ ജന്മദിനം കൂടിയായിരുന്നു. ദീർഘകാലമായി നവോത്ഥാനനായകരും സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളും രാഷ്ട്രീയ മുന്നേറ്റങ്ങളും സാമൂഹ്യനീതിക്കു വേണ്ടി പ്രയത്നിക്കുകയായിരുന്നു. അതു സാർത്ഥകമായ പ്രതീതിയാണ് അനുഭവപ്പെട്ടത്. വൈക്കം,ഗുരുവായൂർ സത്യഗ്രഹങ്ങളും നിവേദനങ്ങളും കാൽനടജാഥകളുമൊക്കെ അതിൽ നിർണ്ണായക പങ്കുവഹിച്ചു. 1934 ൽ തന്നെ മറ്റൊരുത്തരവിലൂടെ തിരുവിതാംകൂറിലെ എല്ലാ പൊതുവഴികളും വഴിക്കിണറുകളും സത്രങ്ങളും സകലജനങ്ങൾക്കും ഉപയോഗത്തിനു വിട്ടുകൊടുത്തിരുന്നു. സാമൂഹികമാറ്റത്തിൻ്റെ കവാടം തിരുവിതാംകൂറിൽ തുറക്കുകയായിരുന്നു ചിത്തിരതിരുനാൾ മഹാരാജാവ് ചെയ്തത്. ജനനം കൊണ്ടോ മതത്താലോ ഹിന്ദുവായ ഏതൊരാൾക്കും രാജകുടുംബത്തിൻ്റെയും ഭരണകൂടത്തിൻ്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനോ ആരാധിക്കുന്നതിനോ ഇനി മുതൽ യാതൊരു തടസ്സവുമില്ലെന്ന് വിളംബരത്തിൽ വ്യക്തമാക്കി.
യഥാർത്ഥത്തിൽ ഏറ്റവും പുരോഗമനപരമായ നടപടിയായിരുന്നു ക്ഷേത്രപ്രവേശനവിളംബരം. സവർണ്ണ യാഥാസ്ഥിതികത്വത്തിൻ്റെയും മതമൗലികവാദത്തിൻ്റെയും നട്ടെല്ലൊടിക്കാൻ അതിനു സാധിച്ചു. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ അവിസ്മരണീയ സംഭവമായിരുന്നു ഈ വിളംബരം. ‘ജനങ്ങളുടെ ആദ്ധ്യാത്മിക വിമോചനത്തിൻ്റെ ആധികാരികരേഖ’ എന്ന് ഗാന്ധിജി ഈ പ്രഖ്യാപനത്തെ പുകഴ്ത്തി.
‘ഇന്ത്യയിൽ നവയുഗത്തിൻ്റെ ഉൽഘാടനമായിരുന്നു ആ പ്രഖ്യാപന’മെന്ന് സർദാർ പട്ടേൽ അഭിനന്ദിച്ചു.
ഹരിജനങ്ങൾക്കു ക്ഷേത്രപ്രവേശനം അനുവദിച്ചിടത്തേക്ക് ഒരു തീർത്ഥയാത്ര എന്നു പറഞ്ഞു കൊണ്ടാണ് ഈ സന്ദർഭത്തിൽ ഗാന്ധിജി തിരുവിതാംകൂർ സന്ദർശിച്ചത്.
ഇപ്രകാരം, കേരളീയാധുനികതയെ ശക്തിപ്പെടുത്താനും നവോത്ഥാന ആശയങ്ങളുടെ ഊർജ്ജം പ്രസരിപ്പിക്കാനും ക്ഷേത്രപ്രവേശനവിളംബരത്തിനു സാധിച്ചു.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ