കേരളം: ആധുനികീകരണം - അച്ചടി
മൊഡ്യൂൾ 4, പാർട്ട് 7
ആധുനിക കേരളം
അച്ചടി
കേരളീയരുടെ ആധുനികബോധത്തെ ശക്തിപ്പെടുത്തിയ സാങ്കേതിക മുന്നേറ്റമാണ് അച്ചടി. അച്ചടിയുടെ ആരംഭത്തോടെ നിലവിലുള്ള സമൂഹത്തെ ആധുനികവൽക്കരിക്കാനുള്ള ശ്രമങ്ങൾക്ക് കളമൊരുങ്ങി. വേഗമേറുകയും ചെയ്തു. ബൈബിൾ അടക്കമുള്ള മതഗ്രന്ഥങ്ങളാണ് ആദ്യം അച്ചടിച്ചു തുടങ്ങിയത്. ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കാനും അതു വഴി ഗദ്യഭാഷ വികസിക്കുവാനും അച്ചടി കളമൊരുക്കിയെന്നു പറയാം. യഥാർത്ഥത്തിൽ മാനവചരിത്രത്തിലെ സുപ്രധാന പരിവർത്തന ഘട്ടങ്ങളിലൊന്നായി അച്ചടിയുടെ കണ്ടുപിടുത്തത്തെ പരിഗണിക്കാം. വിജ്ഞാനത്തിൻ്റെയും ആശയങ്ങളുടെയും ജനാധിപത്യവൽക്കരണത്തിനും വിജ്ഞാനവിസ്ഫോടനത്തിനും അച്ചടി ഒരു കാലഘട്ടത്തിൽ ഹേതുവായി. അച്ചടിയുടെ തുടക്കം ചൈനയിൽ നിന്നാണെന്നു കരുതുന്നു. എന്നാൽ ജോഹനാസ് ഗുട്ടൻബർഗ്ഗിൻ്റെ അച്ചടിയന്ത്രമാണ് (1440-45) ലോകചരിത്രത്തിൽ പുതിയ അദ്ധ്യായം തുറന്നത്. അക്ഷരങ്ങൾ അച്ചടിക്കാൻ ആരംഭിച്ചതോടെ അക്ഷരവിദ്യയുടെ ആവശ്യകത അത്യന്താപേക്ഷിതമാണെന്ന ബോധം ലോകസമൂഹത്തിലുണ്ടായി. അതിൻ്റെ അലയൊലികളാണ് കേരളത്തിലും കാണുവാനായത്.
തമ്പുരാൻ വണക്കം
പോർച്ചുഗീസു മിഷനറിയായ ഫ്രാൻസിസ്കോ ഡി ബുസിയോ തയ്യാറാക്കിയ ‘തമ്പുരാൻ വണക്കം’ (Doctrina Christam en Lingua Malabar Tamul) എന്ന കൃതിയാണ് കേരളത്തിലെ അച്ചടി ചരിത്രത്തിലെ ആദ്യകാല ഗ്രന്ഥങ്ങളിൽ ഒന്ന്. ഇത് 1578 ൽ കൊല്ലത്തു വെച്ചാണ് അച്ചടിച്ചത്. പോർച്ചുഗീസ് ഭാഷയിൽ എഴുതപ്പെട്ട ഈ ഗ്രന്ഥം അച്ചടിക്കാനുപയോഗിച്ച ലിപി തമിഴ് അക്ഷരമാലയുടേതായിരുന്നു. ഇതിൻ്റെ ഉള്ളടക്കം ക്രിസ്തീയ പ്രാർത്ഥനകളും മറ്റുമായിരുന്നു. ഇന്ത്യൻ ഭാഷാ ലിപികളിൽ അച്ചടിച്ച ആദ്യ പുസ്തകമായാണ് ഇതിനെ പരിഗണിക്കുന്നത്.
ഹോർത്തൂസ് മലബാറിക്കസ്
ഈ വാക്കിന് മലബാറിലെ ആരാമം എന്ന അർത്ഥമാണുള്ളത്. മലബാറിലെ സസ്യസമ്പത്തിനെക്കുറിച്ചു തയ്യാറാക്കപ്പെട്ട സസ്യശാസ്ത്രഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കസ്. ഹെൻട്രിക്ക് വാൻറീഡ് എന്ന ഡച്ചു ഗവർണറാണ് ഈ കൃതി തയ്യാറാക്കാൻ മുൻകൈയെടുത്തത്. 1678 മുതൽ 1703 വരെയുള്ള കാലഘട്ടത്തിൽ ആംസ്റ്റർഡാമിൽ വെച്ച് അച്ചടിച്ച ഈ കൃതിയിൽ മലയാളം അക്ഷരങ്ങൾ ആദ്യമായി അച്ചടിച്ചു.
സംക്ഷേപവേദാർത്ഥം
1772 ൽ റോമിൽ വെച്ച് അച്ചടിച്ച സംക്ഷേപവേദാർത്ഥമെന്ന കൃതിയാണ് മലയാളലിപി മാത്രമുപയോഗിച്ച് അച്ചടിക്കപ്പെട്ട ആദ്യത്തെ സമ്പൂർണ്ണ ഗ്രന്ഥം. ഫാദർ ക്ലമൻ്റ് പിയാനിയോസ് ആണ് ഈ കൃതി രചിച്ചത്. അച്ചടിയ്ക്കനുയോജ്യമായ ഭാഷയായി മലയാളത്തെ മാറ്റുന്നതിൽ ഈ പരിശ്രമം നിർണ്ണായകമായി.
കേരളത്തിലെ ആദ്യ അച്ചടിശാലകൾ
CMS പ്രസ്സ് (1821)
ബെഞ്ചമിൻ ബെയ്ലി (ഇംഗ്ലീഷ് മിഷണറി, 1791-1871) മലയാള അച്ചടിയുടെയും പുസ്തകപ്രസിദ്ധീകരണത്തിൻ്റെയും പിതാവായി അറിയപ്പെടുന്നു. കോട്ടയം കേന്ദ്രമാക്കി പ്രവർത്തിച്ച അദ്ദേഹം 1821 ൽ CMS പ്രസ്സ് സ്ഥാപിച്ചു. ഇതോടെ കേരളത്തിൽ അച്ചടി വ്യവസായാടിസ്ഥാനത്തിൽ വളർന്നു. പഴയ വട്ടെഴുത്ത് കോലെഴുത്ത് ശൈലിയിലുള്ള സങ്കീർണ്ണമായ അക്ഷരങ്ങൾക്കു പകരം അച്ചടിക്കാൻ എളുപ്പമുള്ള തരത്തിൽ അവയ്ക്കു പുതിയ രൂപവും വലിപ്പവും നൽകാൻ അദ്ദേഹം ശ്രമിച്ചു. 1829 ൽ പുതിയ നിയമം അച്ചടിച്ചു. സമ്പൂർണ്ണ ബൈബിൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി 1841 ഓടെ അദ്ദേഹം അച്ചടിച്ചു പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ആദ്യകാല ആനുകാലികങ്ങളിലൊന്നായ ജ്ഞാനനിക്ഷേപം (1848) പുറത്തിറക്കുന്നതിലും വലിയ പങ്കുവഹിക്കുകയുണ്ടായി.
സർക്കാർ അച്ചുകൂടം
സ്വാതിതിരുനാൾ രാജാവിൻ്റെ കാലഘട്ടത്തിൽ തിരുവനന്തപുരത്ത് 1839 ൽ സർക്കാർ വക അച്ചുകൂടം സ്ഥാപിക്കുന്നുണ്ട്. സർക്കാരിൻ്റെ ശ്രദ്ധ വിജ്ഞാനപോഷണത്തിലും സർക്കാർ കാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്നതിലും കൂടുതൽ സൗകര്യമുളവാക്കാൻ അതിനു സാധിച്ചു.
മാന്നാനം പ്രസ്സ് (1846)
കേരളത്തിൽ ഒരു മലയാളി സ്ഥാപിച്ച ആദ്യത്തെ അച്ചടിശാലയാണ് മാന്നാനം സെൻറ് ജോസഫ്സ് പ്രസ്സ്. കോട്ടയം ജില്ലയിലെ മാന്നാനത്ത് ചാവറയച്ചൻ്റെ താൽപ്പര്യപ്രകാരമാണ് ഇത് സ്ഥാപിതമായത്. ഈ പ്രസ്സിൽ നിന്ന് 1846 ൽ ആദ്യമായി പ്രസിദ്ധീകരിച്ചത്
ജ്ഞാനപീയൂഷം എന്ന പ്രാർത്ഥനാ ഗ്രന്ഥമായിരുന്നു. നസ്രാണി ദീപികയെന്ന ദീപിക 1887 ഏപ്രിൽ 15 ന് പ്രസിദ്ധികരണം ആരംഭിച്ചതും മാന്നാനം പ്രസ്സിൽ നിന്നാണ്.
1853 ൽ ഉത്രാടം തിരുനാൾ കേരളവിലാസം പ്രസ്സ് സ്ഥാപിക്കുന്നുണ്ട്. കൊല്ലത്ത് ST റെഡ്യാർ ശ്രീരാമവിലാസം പ്രസ്സും സ്ഥാപിക്കുന്നു. ഇപ്രകാരം പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ പൂർവദശയിൽത്തന്നെ നിരവധി അച്ചുകൂടങ്ങൾ തിരുവനന്തപുരം, കോട്ടയം, കൊല്ലം തുടങ്ങിയ ഇടങ്ങളിൽ രൂപം കൊണ്ടത് കേരള ആധുനികതയെ ചടുലമാക്കി.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ