ആദിവാസി ഭൂസമരങ്ങൾ (കുറിപ്പ്)

മൊഡ്യൂൾ 4 പാർട്ട് 8

കണ്ണൂർ സർവകലാശാല

കേരളസംസ്‌കാരം

ആദിവാസി ഭൂസമരങ്ങൾ

ആദിവാസികൾക്കും ഭൂമി ഒരു പ്രശ്നവിഷയമായിരുന്നു. അവർക്കുണ്ടായിരുന്ന ഭൂമി അന്യാധീനപ്പെട്ടതാണ് മുഖ്യപ്രശ്നം. ആദിവാസികളെ പ്രീണിപ്പിച്ചും കുറഞ്ഞ തുക നൽകിയും ഭീഷണിപ്പെടുത്തിയുമൊക്കെയാണ് ഈ സാധുക്കളുടെ ഭൂമി കുടിയേറ്റക്കാരും നാട്ടുകാരും കൈക്കലാക്കിയത്. ജീവിക്കാൻ ഭൂമിയില്ലാത്ത അവസ്ഥ വന്നു. അതു കൊണ്ടു തന്നെ നഷ്‌ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ നടന്നു. പുതിയ കാലഘട്ടത്തിലുണ്ടായ അവബോധവും ഭൂസമരങ്ങൾക്ക് കാരണമായി. ഭൂപരിഷ്‌കരണ നയങ്ങളൊന്നും ആദിവാസികൾക്കു ഗുണകരമായില്ല. 

അമ്പുകുത്തി ഭൂ കൈയേറ്റം

സൗത്ത് സോൺ ആദിവാസി ഫോറം ( SZAF 1992) ആണ് വയനാട്ടിൽ ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വന്ന ഒരു സംഘടന. മാനന്തവാടിയിലെ 128 ഏക്കർ നിക്ഷിപ്ത വനഭൂമിയിൽ പകുതി മറ്റു വിഭാഗക്കാർ കയ്യേറിയിരിക്കുകയാണെന്ന് ആദിവാസികളറിഞ്ഞു. 1974 ലെ കേരള സ്വകാര്യവനം ചട്ടം പ്രകാരം വിതരണം ചെയ്യാനുള്ള ഭൂമിയിൽ പകുതി പട്ടികവർഗ്ഗത്തിനവകാശപ്പെട്ടതാണ്. ഈ അറിവും സമരങ്ങളിൽ നിർണ്ണായക പങ്കു വഹിച്ചു. മേൽപ്പറഞ്ഞ കയ്യേറ്റങ്ങൾക്ക് സർക്കാർ നിയമപരമായ അംഗീകാരവും നൽകിയിരുന്നു. ബാക്കി സ്ഥലത്ത് ഒരു ഫാക്ടറി പണിയാൻ ഉദ്ദേശിച്ചിരുന്നു. 1994 ഏപ്രിൽ 3 ന് ആദിവാസി മാർച്ചു നടന്നു. 220 ഭൂരഹിത ആദിവാസി കുടുംബങ്ങൾ കുടിൽകെട്ടി. ഏപ്രിൽ 6 ന് പ്രതിഷേധ റാലി നടക്കെ കെട്ടിയ കുടിലുകൾ വനം വകുപ്പും പൊലീസും തീയിട്ടു നശിപ്പിച്ചു. റാലി അമ്പുകുത്തിയിലേക്കു നീങ്ങി. 317 ആദിവാസികൾ അറസ്റ്റിലായി. വീണ്ടും ആദിവാസികൾ കുടിൽകെട്ടി. ഉദ്യോഗസ്ഥർ ആക്രമിച്ചു. ഏപ്രിൽ 21 ന് വമ്പിച്ച പ്രതിഷേധ മാർച്ചുണ്ടായി. നഷ്‌ടപ്പെട്ട ഭൂമി വീണ്ടെടുത്തു നൽകാനും ഭൂമിയില്ലാത്ത ഓരോ ആദിവാസി കുടുംബത്തിനും 5 ഏക്കർ ഭൂമിനൽകാനും നിക്ഷിപ്ത വനഭൂമിയിൽ ഭൂരഹിത ആദിവാസികൾക്ക് പട്ടയം നൽകാനും സമരം ശക്തമായി. സി.കെ. ജാനുവും മറ്റും നേതൃത്വം നൽകി. 

അധികാരികളുടെ പ്രശ്നപരിഹരണ വാഗ്ദാനത്തിൽ സമരം തീർന്നു. പ്രശ്നപരിഹരണം സാദ്ധ്യമായില്ലെങ്കിലും ആദിവാസി ഭൂപ്രക്ഷോഭത്തിൽ ഇതിനൊരു പ്രാധാന്യമുണ്ട്.

ചീങ്കേരി ഭൂസമരം: 

ചീങ്കേരി പ്രോജക്ട് പ്രകാരം ആദിവാസികൾക്ക് സർക്കാർ ഭൂമി കൈമാറേണ്ടതായിരുന്നു. അഞ്ചു കൊല്ലം അവരെ കൃഷി പഠിപ്പിച്ചതിനു ശേഷമായിരിക്കും കൈമാറ്റം. എന്നാൽ ലക്ഷങ്ങൾ പഠിപ്പിക്കാൻ ചെലവാക്കിയിട്ടും 1957 മുതൽ 1995 വരെ ഭൂമി നൽകിയില്ല. തമിഴ്നാട് സർക്കാരിൽ നിന്നും വാങ്ങിയ ഭൂമിയുടെ പകുതിയോളം ആദിവാസികളല്ലാത്ത കയ്യേറ്റക്കാർക്ക് പതിച്ചു കൊടുക്കാനും നീക്കമുണ്ടായി. 1995 ജനു 25 ന് ചീങ്കേരിയിൽ പ്രവേശിച്ച് ആദിവാസികൾ കുടിൽ കെട്ടി. സത്യാഗ്രഹവും അറസ്റ്റും ഉണ്ടായി. ആദിവാസികളെ കുടിയിറക്കുന്നതിൽ നിന്നും സർക്കാരിനെ വിലക്കുന്ന ഉത്തരവ് കോടതിയിൽ നിന്നുമുണ്ടായി. 1995 ഫെബ്രുവരി 14 ന് ചീങ്കേരി എസ്റ്റേറ്റ് ആദിവാസികൾക്കു കൈമാറണമെന്ന് ഇ.കെ നായനാർ ആവശ്യപ്പെട്ടു.

തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലും ആദിവാസികൾ ഭൂമി കൈയേറി കുടിലുകൾ കെട്ടിയിരുന്നു. ആദിവാസി ഭൂപ്രക്ഷോഭത്തിൽ ഈ സ്ഥലവും ഇടംപിടിച്ചു. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ അപൂർവമായി മാത്രമാണ് ആദിവാസി സമരങ്ങൾക്കുലഭിച്ചത്. പലപ്പോഴും മാദ്ധ്യമങ്ങളും ആദിവാസികൾക്കെതിരെ നിലപാടെടുത്തു. വയനാട്ടിലെ ചീമ്പൊയിലിൽ ആദിവാസി ശ്മശാനഭൂമി വീണ്ടെടുക്കാനുള്ള സമരവുമുണ്ടായി. തൃശ്ശൂർ ജില്ലയിൽ മണിയൻ കിണർ, താമരവെള്ളച്ചാൽ പ്രദേശങ്ങളിലും ഭൂമി പിടിച്ചെടുക്കൽ സമരം നടന്നു. പൊലീസ് മർദ്ദനമുണ്ടായെങ്കിലും സമരം വിജയിച്ചു. മണിയം കിണറിൽ ജണ്ടകൾ പൊളിച്ചുമാറ്റിയാണ് സമരം ചെയ്തത്. വനവും കൈവശഭൂമിയും വേർതിരിക്കുന്ന അതിർത്തിക്കല്ലാണ് ജണ്ട. പത്തനംതിട്ടയിൽ തണ്ണിതോട് പ്രദേശത്തും ഭൂമി പിടിച്ചെടുക്കുകയുണ്ടായി. കണ്ണൂർ ജില്ലയിലെ പേരാവൂരിൽ 1999 ൽ ആദിവാസികൾ ഭൂമി പിടിച്ചെടുത്തു. ആദിവാസി വിമോചന മുന്നണി സമരത്തിന് നേതൃത്വം നൽകി. മിക്കസമരങ്ങളും ആദിവാസി ഫോറം, ആദിവാസി വികസന പ്രവർത്തന സമിതി, CPI-ML റെഡ്ഫ്ലാഗ് , ജനശക്തി ആദിവാസി വിമോചന മുന്നണി മുതലായവയുടെ നേതൃത്വത്തിലാണ് നടന്നത്. ഇടുക്കി മൂന്നാറിനു സമീപം 2001 ൽ കുണ്ടളകുടിയിൽ ആദിവാസികൾ സ്വന്തം ഭൂമി രക്ഷിക്കാനിറങ്ങി. അവിടെ സ്ഥാപിക്കാനൊരുങ്ങിയ സ്വാശ്രയ എഞ്ചിനീയറിങ് കോളേജിൻ്റെ രണ്ടു ബ്ലോക്കുകൾ മാർച്ച് 24 ന് ആദിവാസികൾ തകർത്തു. വർഷങ്ങളായി മുതുവാൻ സമുദായത്തിലെ ആദിവാസികൾ താമസിക്കുന്ന ഇടമായിരുന്നു. കോളജിനായി ഭൂമി കൈമാറില്ലെന്ന ഉറപ്പ് ഭരണതലത്തിൽ നിന്നും ലഭിച്ചു. ആദിവാസികൾക്ക് നഷ്‌ടപരിഹാരവും നൽകും. 

അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കുമെന്ന മുദ്രാവാക്യത്തോടെയാണ് സി.കെ. ജാനുവിൻ്റെ നേതൃത്വത്തിൽ ആദിവാസികൾ സെക്രട്ടേറിയറ്റിൻ്റെ മുമ്പിൽ കുടിൽ കെട്ടി സമരംതുടങ്ങിയത്. 2001 സെപ്തംബറിലായിരുന്നു സമരം ആരംഭിച്ചത്. സമരം പൊളിക്കാൻ പല ശ്രമങ്ങളും ഉണ്ടായി. തലസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്രയും ഗംഭീരമായ സമരം ആദിവാസികൾ നടത്തിയത്. അതിനാൽ ചരിത്രപരമായി പ്രാധാന്യമുള്ള സമരമായി അതു പരിണമിച്ചു. ഒക്ടോബറിൽ ചർച്ച നടന്നു. ആദിവാസി ഭൂമി അന്യാധീനപ്പെട്ടു പോകാതെ സംരക്ഷിക്കുമെന്നൊക്കെ തീർപ്പുണ്ടാക്കി. കേരള ചരിത്രത്തിൽ സർക്കാരുമായി ആദിവാസികളൊപ്പിട്ട ആദ്യ കരാറാണിത്. ഈ സമരത്തോടെ CK ജാനു ശ്രദ്ധേയയായി. സർക്കാരിൻ്റെ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല. 2003 ജനുവരിയിൽ മറ്റൊരു സമരമുഖം തുറന്നു, മുത്തങ്ങയിൽ.

മുത്തങ്ങ സമരം 

സെക്രട്ടേറിയറ്റിനു മുന്നിലെ കുടിൽകെട്ടി സമരത്തിലെ ഒത്തുതീർപ്പുകൾ [മുഖ്യമന്ത്രി AK ആൻ്റണി] നടപ്പിലായില്ല. തുടർന്നാണ് സി.കെ. ജാനു, എം. ഗീതാനന്ദൻ എന്നിവർ മുത്തങ്ങ സമരത്തിനു നേതൃത്വം നൽകുന്നത്. 2003 ജനു 5നാണ് സമരം ആരംഭിച്ചത്. വനത്തിൽ കയറി കുടിൽ കെട്ടി അവകാശം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. അമ്പുകുത്തിയാണ് കുടിൽ കെട്ടാനായി തിരഞ്ഞെടുത്തത്. ഈ പ്രദേശത്തെ ആദിവാസി ഗോത്ര സഭ പഞ്ചായത്ത് എന്നു വിളിച്ചു. ഒരു മാസത്തിനുള്ളിൽ രണ്ടായിരത്തോളം ആദിവാസികൾ കാട്ടിലെത്തി. മറ്റു ജില്ലകളിൽ നിന്നുള്ളവരും സമരത്തിനിറങ്ങി. മുത്തങ്ങയെ സ്വയംഭരണപ്രദേശമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഗോത്രമഹാസഭ ഉന്നയിച്ചു. ഗോത്രപൂജയും കൃഷിയും ആരംഭിച്ചു. സമരത്തിനു നേരെ എതിർപ്പുയർന്നു. വനഭൂമികയ്യേറിയത് തെറ്റായി ചിലർ വീക്ഷിച്ചു. മുത്തങ്ങ വന്യജീവി സങ്കേതമായിരുന്നെങ്കിലും വലിയൊരു ഭാഗം തരിശായിരുന്നു. 28 ഊരു സഭകൾ സമരരംഗത്തു വന്നു. സമാന്തര ഭരണകൂടം സ്ഥാപിച്ചെന്നും തീവ്രവാദി ബന്ധമുണ്ടെന്നും ആരോപണമുണ്ടായി. നിയമലംഘനം നടത്തുന്നുവെന്ന് സർക്കാരും ആരോപിച്ചു. എന്നാൽ യഥാർത്ഥത്തിൽ കർശന നിർദ്ദേശങ്ങളാണ് നേതൃത്വം സമരക്കാർക്കു നൽകിയിരുന്നത്. സമരം ഒരു കാരണവശാലും അക്രമാസക്തമാകരുത്. മദ്യം നിരോധിച്ചിരുന്നു. മദ്യപരെ പ്രവേശിപ്പിച്ചിരുന്നില്ല. അപരിചിതർ സമരഭൂമിയിൽ കയറാതിരിക്കാനാണ് ചെക്കു പോസ്റ്റുകൾ സ്ഥാപിച്ചത്. 24 മണിക്കൂറും കാവലുമുണ്ടായി. അഹിംസാത്മക സമരത്തിനാണ് ഊന്നൽ നൽകിയത്. വനംവകുപ്പ് തെറ്റിദ്ധാരണ പരത്തി. സമരഭൂമിയിലെ കുടിലുകൾക്കു തീ പടർന്നുവെന്നും വനസംരക്ഷകരെ തടഞ്ഞുവെച്ചെന്നും വാർത്ത പരന്നു. ബന്ദികളാക്കിയവരെ ചർച്ചയെത്തുടർന്ന് കലക്ടർക്കു കൈമാറി. കാട്ടുതീയുടെ ഉത്തരവാദികൾ വനപാലകരാണെന്ന് ഗോത്രസഭ ആരോപിച്ചു. എന്നാൽ, ഗോത്രസഭയ്ക്കെതിരായും ആദിവാസി കുടിൽ സമരത്തിനെതിരെയും പുറത്ത് ഘോരമായ പ്രചരണങ്ങളും നടന്നു. കാട്ടിൽ കടന്ന് സമരക്കാരെ തുരത്താനും ഒരു കൂട്ടം ഒരുങ്ങി. അമ്പും വില്ലുമായി ആദിവാസികളും നിലയുറപ്പിച്ചു. 

മുത്തങ്ങയിൽ നിന്നും സമരക്കാരെ ഒഴിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഫെബ്രു. 19 ന് ബലപ്രയോഗം നടത്താനും ഒരുങ്ങി. ഗ്രനേഡ് എറിഞ്ഞും ഷെഡുകൾ കത്തിച്ചും മർദ്ദിച്ചും മുന്നേറിയ പൊലീസുസംഘം വെടിവെപ്പും ആരംഭിച്ചു. ആദിവാസികൾ ഭയന്ന് ചിതറിയോടി. ഭീകരത നടമാടി. കൂട്ടത്തിൽ വിനോദ് എന്ന പൊലീസ് ഉദ്യോഗസ്ഥനു സാരമായ പരിക്കേറ്റു. വിനോദിനെയും മറ്റുള്ളവരെയും പ്രക്ഷോഭകർ വളഞ്ഞു വെച്ചു. അവർക്കു

ചികിത്സ നൽകാൻ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ടെങ്കിലും പോലീസിനെ ബന്ദികളാക്കിയെന്ന വാർത്ത പരന്നിരുന്നു. വെടിവെപ്പിൽ ചില ആദിവാസികൾക്കു ഗുരുതര പരിക്കേറ്റു.സമര നേതാക്കളായ സി.കെ. ജാനുവിനെയും ഗീതാനന്ദനെയും പിന്നീട് അറസ്റ്റു ചെയ്തു. ഭീകര മർദ്ദനത്തിനിരയാക്കി. സമരം വിജയിപ്പിക്കാനായില്ലെങ്കിലും ആദിവാസികളുടെ സംഘടിത ശേഷി വെളിപ്പെട്ടു.

ആറളം സമരവും വളരെ പ്രാധാന്യമുള്ള ആദിവാസി മുന്നേറ്റ സമരമാണ്. ആദിവാസികളുടെ ഭൂമിയായിരുന്നു ആറളം ഫാം. ആ ഭൂമി പിടിച്ചെടുത്തു. ആദിവാസി വിമോചന മുന്നണിയുടെ നേതൃത്വത്തിൽ സമരം ശക്തമായി. പരിഹരിക്കപ്പെടാതെ ഭൂപ്രശ്നം നിലനിന്നപ്പോൾ 2014 ജൂലൈയിൽ സെക്രട്ടറിയറ്റിനു മുന്നിൽ ഗോത്ര മഹാസഭ നേതാക്കളായ സി.കെ. ജാനുവിൻ്റെയും ഗീതാനന്ദൻ്റെയും നേതൃത്വത്തിൽ നിൽപ്പുസമരം സംഘടിപ്പിച്ചു. കുടിൽ കെട്ടി സമര -2003- ത്തിൻ്റെ ഒത്തുതീർപ്പുകൾ നടപ്പിലാക്കുകയെന്നതായിരുന്നു മുഖ്യാവശ്യം. ഒരേക്കർ മുതൽ 5 ഏക്കർ വരെ ഭൂമി നൽകാമെന്നായിരുന്നു ഒരു വാഗ്ദാനം. മുത്തങ്ങയിൽ നിന്നു കുടിയിറങ്ങിയവരെ പുനരധിവസിപ്പിക്കുക, ആദിവാസിഭൂമി സ്വകാര്യവ്യക്തികൾക്കു കൈമാറാനുള്ള നീക്കം അവസാനിപ്പിക്കുക എന്നിവയായിരുന്നു മറ്റാവശ്യങ്ങൾ. സമരസദേശം ജനങ്ങളിലെത്തുകയും പിന്തുണയേറുകയും ചെയ്തു.

ആദിവാസികളുടെ ഭൂമി അവരെ കബളിപ്പിച്ചു കൈമാറാനുള്ള പരിശ്രമങ്ങളും അവയ്ക്കു തടയിടാനുള്ള സമരങ്ങളുമാണ് ആദിവാസി സമരങ്ങളുടെ കേന്ദ്രതലം. ആദിവാസികളെ അകമഴിഞ്ഞു പിന്തുണയ്ക്കാനുള്ള മനസ്സ് മുഖ്യധാരാ സമൂഹവും ഭരണകൂടവും കാട്ടുന്നില്ലെന്ന് മേൽപ്പറഞ്ഞ സമരാനുഭവങ്ങളിൽ നിന്നും വ്യക്തമാകുന്നു.

റഫ:

സമര കേരളം : ആർ.കെ. ബിജുരാജ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മരപ്പാവകൾ - കാരൂർ

കരുണ - കുമാരനാശാൻ

സഞ്ചാരസാഹിത്യം സാമാന്യാവലോകനം