വിവർത്തനോപകരണങ്ങൾ
വിവർത്തന പ്രക്രിയയ്ക്ക് വിവർത്തകനെ സഹായിക്കുന്ന നിരവധി സാമഗ്രികളുണ്ട്. വിവർത്തനം ചെയ്യേണ്ടുന്ന സ്രോതഭാഷാകൃതിയെ തൻ്റെ വായനയിലൂടെയും അറിവിലൂടെയും തിരഞ്ഞെടുത്ത ശേഷം അതിലെ പദങ്ങൾ, വാക്യങ്ങൾ, ശൈലികൾ, സാങ്കേതികപദങ്ങൾ, വിരുദ്ധോക്തികൾ, ധ്വനികൾ, ഗ്രാമ്യപദങ്ങൾ, ഉച്ചാരണഭേദം വരുത്തി പ്രയോഗിച്ച പദങ്ങൾ മുതലായവ ആവശ്യപ്പെടുന്ന തരത്തിൽ ഉചിതമായ വിവർത്തനം നടത്താൻ അവ സഹായിക്കുന്നു. വിവർത്തനത്തിൻ്റെ സങ്കീർണ്ണത ലഘുവാക്കി ജോലി അനായാസമാക്കുകയെന്ന കർത്തവ്യമാണ് വിവർത്തനോപകരണങ്ങൾ നിർവഹിക്കുന്നത്.
സാധാരണ രീതിയിലുള്ള ദ്വിഭാഷാനിഘണ്ടുക്കൾ, ബഹുഭാഷാ നിഘണ്ടുക്കളും വിവർത്തകൾക്ക് ഉപകരിക്കും. ഡോ. വി. ആർ. പ്രബോധചന്ദ്രൻ എഴുതുന്നു: ‘വിവർത്തനവിജ്ഞാനം വികസിച്ചതോടെ ആ മണ്ഡലത്തിൽത്തന്നെ ശുദ്ധം ( Pure), പ്രയുക്തം (Applied) എന്നീ രണ്ടു വകുപ്പുകളിൽപ്പെടുന്ന രണ്ടു തരം പഠന ഗവേഷണങ്ങൾ ഉരുത്തിരിഞ്ഞു. വിവർത്തനാസൂത്രണം, വിവർത്തനോപകരണ നിർമാണം, വിവർത്തന നിരൂപണം, വിവർത്തക പരിശീലനം എന്നിവയാണ് പ്രയുക്ത വിവർത്തനവിജ്ഞാനത്തിൻ്റെ പ്രധാന മുഖങ്ങൾ.” (കൃതി - വിവർത്തന ചിന്തകൾ, എഡി. ഡോ. വി. ആർ. പ്രബോധചന്ദ്രൻ, 1994:12). പ്രയോഗനിഘണ്ടുക്കൾ, ശൈലീ നിഘണ്ടു, പഴഞ്ചൊൽ നിഘണ്ടു, തെസാറസ്സുകൾ മുതലായവയൊക്കെ വിവർത്തനോപകരണങ്ങളാണ്. പ്രയുക്ത വിവർത്തന വിജ്ഞാനത്തിൻ്റെ പ്രധാനശാഖയായി വിവർത്തനോപകരണ നിർമ്മാണം വളരേണ്ടത് വിവർത്തനത്തിൻ്റെയും ഭാഷാസാഹിത്യങ്ങളുടെയും വളർച്ചയ്ക്ക് അനിവാര്യമാണ്.ഒരു ഉത്തമ വിവർത്തകൻ ഇരുഭാഷകളിലും അറിവും സ്വാധീനവും ഉള്ളയാളായിരിക്കണം. സാധാരണ പ്രവണത നോക്കിയാൽ വിവർത്തനം വിദേശ/ അന്യഭാഷയിൽ നിന്നു മാതൃഭാഷയിലേക്കായിരിക്കും.
സ്രോതഭാഷാ നിഘണ്ടു: വിവർത്തകനെ സംബന്ധിച്ച് ഒഴിച്ചുകൂടാനാകാത്ത വിവർത്തനോപകരണമാണിത്. പദങ്ങളുടെ അർത്ഥവും നിഷ്പത്തിയും അറിഞ്ഞാലേ സാന്ദർഭികമായി ശരിയായ അർത്ഥം ഗ്രഹിക്കാനാവുകയുള്ളൂ. ഈ ഘട്ടത്തിൽ സ്രോതഭാഷയിലുള്ള നിഘണ്ടുക്കൾ വലിയ ഉപകാരമായിരിക്കും.
ദ്വിഭാഷാനിഘണ്ടു: സ്രോതഭാഷാപദങ്ങൾക്ക് ശരിയായ ലക്ഷ്യഭാഷാപദങ്ങൾ കണ്ടെത്താൻ ദ്വിഭാഷാനിഘണ്ടുക്കൾ സഹായിക്കും. രണ്ടു വ്യത്യസ്തഭാഷകൾക്കും സംസ്കാരങ്ങൾക്കുമിടയിലെ പാലമായാണ് ഇവ വർത്തിക്കുന്നത്. വാക്കുകളുടെ അർത്ഥം നല്കുകയെന്നതിനപ്പുറം, അവ എങ്ങനെ ഉപയോഗിക്കണമെന്നും, ഏതു സന്ദർഭത്തിലാണ് വാക്കുകൾക്ക് ഇപ്രകാരമൊരർത്ഥം വന്നു ചേരുന്നതെന്നും മികച്ച ദ്വിഭാഷാ നിഘണ്ടുക്കൾ ഉദാഹരണ സഹിതം വ്യക്തമാക്കുന്നു. വാക്കുകൾ നാമം, ക്രിയ, വിശേഷണം എന്നിങ്ങനെ ഏതു വിഭാഗത്തിലാണ് ഉൾപ്പെടുന്നതെന്നും വ്യക്തമാകുന്നു. ഒരേ അർത്ഥം വരുന്ന വ്യത്യസ്ത വാക്കുകളും ഉദാഹരണ വാക്യങ്ങളും നൽകുക വഴി കൂടുതൽ വ്യക്തതയോടെ ഭാഷ ഉപയോഗിക്കാനുള്ള സാഹചരം സൃഷ്ടിക്കുന്നു.
തെസാറസ് (Thesaurus): ഒരു വാക്കിന് സമാനമായ അർത്ഥമുള്ള മറ്റു പദങ്ങൾ(Synonyms) കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന പുസ്തകത്തേയോ ഡിജിറ്റൽ സംവിധാനത്തേയോ തെസാറസ് എന്നു വിളിക്കുന്നു. സാധാരണ നിഘണ്ടുക്കൾ ഒരു വാക്കിൻ്റെ അർത്ഥം നല്കുമ്പോൾ, ഒരു തെസാറസ് ആ വാക്കിനു പകരം നില്ക്കാവുന്ന പര്യായശബ്ദങ്ങളും അതിൻ്റെ വിപരീതപദങ്ങളും നൽകുന്നു. വാക്കുകളുടെ ആവർത്തനം ഒഴിവാക്കി പ്രയോഗിക്കാൻ, അതായത് ഒരേ വാക്കു തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നതു വഴി ഉണ്ടാകുന്ന അരോചകത ഒഴിവാക്കാൻ ഇതു സഹായിക്കുന്നു. ഏറ്റവും അനുയോജ്യമായ പദം കണ്ടെത്താനും പദസമ്പത്ത് വർദ്ധിപ്പിക്കാനും തെസാറസ് ഉപകരിക്കുന്നു.പര്യായശബ്ദകോശം, വിപരീതപദകോശം: മുമ്പു സൂചിപ്പിച്ചതുപോലെ, പര്യായശബ്ദങ്ങൾ ഉചിതമായ വാക്ക് തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. വിപരീതപദകോശമാകട്ടെ, പദങ്ങളുടെ അന്യായമായ വിസ്താരത്തെ ചെറുക്കുന്നു. വിവർത്തനത്തെ സുഗമവും ലളിതവുമാക്കാൻ സഹായിക്കുന്ന വിവർത്തനോപകരണങ്ങളാണിവ. തെസാറസ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഇവയുടെ പ്രാധാന്യം പല ഭാഷകളിലും വമ്പിച്ചതാണ്.
ഉച്ചാരണനിഘണ്ടു: സ്രോതഭാഷയിലെ പദങ്ങൾ ഉച്ചരിക്കുന്ന രീതി മനസ്സിലാക്കാനാണ് ഉച്ചാരണനിഘണ്ടുക്കൾ സഹായകമാകുന്നത്. പേരുകൾ, സാമഗ്രികൾ മുതലായവ ചില സന്ദർഭങ്ങളിൽ സ്രോത ഭാഷയിലേതു പോലെ വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നവരുണ്ടാകും. അവർക്ക് ഇത് ഏറെ ഉപകാരപ്പെടും.
അപശബ്ദബോധിനി : വിവർത്തനവേളയിൽ വിവർത്തകർക്ക് അവരറിയാതെ തന്നെ പിശകുകൾ വരാം. ഭാഷയിലെ തെറ്റായ പ്രയോഗങ്ങളെയാണ് അപശബ്ദങ്ങൾ എന്നു പറയുന്നത്. തെറ്റായശബ്ദങ്ങൾ ചൂണ്ടിക്കാട്ടുകയും, ശരിയായ രൂപങ്ങൾ പ്രതിപാദിക്കുകയും ചെയ്യുന്നു.
ഇവ കൂടാതെ, ലളിതവ്യാകരണകൃതികളും വിജ്ഞാനകോശങ്ങളുമൊക്കെ വിവർത്തകന് സാന്ദർഭികമായ സഹായം ലഭ്യമാക്കുന്ന വിവർത്തനോപകരണങ്ങളാണ്. വൈജ്ഞാനിക കൃതികളുടെ വിവർത്തനത്തിന് സാങ്കേതികപദസൂചികളും വൈജ്ഞാനിക മേഖലയിലുള്ള നിഘണ്ടുക്കളും സാഹചര്യാനുസൃതം സഹായകമാകും.പുതിയ കാലഘട്ടത്തിൽ AI നിർമ്മിത വിവർത്തനോപകരണങ്ങൾ വിവർത്തകൻ്റെ ജോലി അനായാസമാക്കുന്നു. കമ്പ്യൂട്ടർ പരിഭാഷകളുടെ കാലം AI യ്ക്കു വഴി മാറിക്കഴിഞ്ഞു. വിവർത്തനമൊബൈൽ ആപ്പുകളും സജീവമാണിന്ന്. chatGPT /Gemini മുതലായ AI നിർമ്മിത വിവര സ്രോതസ്സുകൾ 90 ശതമാനവും കൃത്യമായ തർജമ നല്കുന്നു. എന്നാൽ, സർഗാത്മകതയെ വിവർത്തനം ചെയ്യാനുള്ള കഴിവ് തെളിയിക്കുക തന്നെ വേണ്ടി വരും.




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ