സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ: വിവർത്തന താരതമ്യം
കാലിക്കറ്റ് സർവകലാശാല വിനിമയ മലയാളവും സർഗ്ഗാത്മക രചനയും ബി എ മലയാളം സെമസ്റ്റർ 2
ഇതര ഭാഷയിലുള്ള ഒരു കൃതിയെ സ്വന്തം മാതൃഭാഷയിലേക്കോ അന്യഭാഷയിലേക്കോ മാറ്റുന്ന പ്രവർത്തനമാണ് വിവർത്തനം. വിവർത്തനം ചെയ്യാൻ തിരഞ്ഞെടുക്കുന്ന കൃതി എഴുതപ്പെട്ട ഭാഷയെ സ്രോതഭാഷ എന്നും ഏതു ഭാഷയിലേക്കാണോ വിവർത്തനം ചെയ്യാനുദ്ദേശിക്കുന്നത് ആ ഭാഷയെ ലക്ഷ്യഭാഷ എന്നും പറയുന്നു. സ്രോതഭാഷയിലെ ആശയങ്ങളെ ഏറ്റക്കുറച്ചിലില്ലാതെ ലക്ഷ്യഭാഷയുടെ ഘടനയ്ക്ക് ഇണങ്ങും മട്ടിൽ പകരുന്ന പ്രവർത്തനമാണ് വിവർത്തനമെന്ന് നിർവചിക്കാം. നിരവധി സിദ്ധാന്തങ്ങൾ വിവർത്തന മേഖലയിൽ പണ്ഡിതരും ഭാഷാശാസ്ത്രകാരന്മാരും രൂപപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഇതിന് ശാസ്ത്രത്തോട് അടുപ്പമുണ്ട്. എന്നാൽ അതേ സമയം തന്നെ വിവർത്തനം സർഗ്ഗാത്മകതയും മനോഭാവവും ഭാവനയും അവശ്യം ഇടപഴകുന്ന മേഖല കൂടിയാണ്. അതിനാൽ ഇത് കലയുമാണ്. അങ്ങനെ ഒരു പകുതി ശാസ്ത്രവും മറുപകുതി കലയും നൃത്തമാടുന്ന സാംസ്കാരിക പ്രക്രിയയാണ് വിവർത്തനമെന്നു പറയാം.
വിവർത്തകൻ ഇരുഭാഷകളിലും നല്ല അറിവുള്ളയാളായിരിക്കണം. മൂലകൃതിയിലുള്ള ആശയങ്ങളെ വളച്ചൊടിക്കാതെ ആവിഷ്കരിക്കാൻ സമർത്ഥനായിരിക്കണം. വിശ്വാസ്യതയും സത്യസന്ധതയും ആത്മാർഥതയും വേണ്ടുന്ന ഭാഷാവ്യവഹാരമാണ് വിവർത്തനമെന്നത്. ഭാഷാപോഷണത്തിനും സാഹിത്യലഭ്യതക്കുറവു പരിഹരിക്കുന്നതിനും വ്യത്യസ്ത സംസ്കാരങ്ങളെക്കുറിച്ചറിയുന്നതിനും അറിവു പ്രചരിപ്പിക്കുന്നതിനും പ്രബോധനത്തിനും വൈജ്ഞാനികമണ്ഡലങ്ങളുടെ വളർച്ചയ്ക്കായും ഗവേഷണാവശ്യങ്ങൾക്കായും വിവിധ മാധ്യമങ്ങളുടെ താൽപ്പര്യങ്ങൾ മുൻനിർത്തിയും വിവർത്തനങ്ങൾ നടന്നു വരുന്നു. വിവർത്തനം ഇന്നത്തെ കാലഘട്ടത്തിൽ ജീവവായു പോലെയാണ്. ഇതിൻ്റെ ഉപഭോഗം വേണ്ടാത്ത ഒരു മേഖലയും ഇന്നില്ലെന്ന് നൂതന വിവര സാങ്കേതികവിദ്യയുടെ വളർച്ചയേയും വിജ്ഞാന വിസ്ഫോടനത്തിൻ്റെ മൂർത്ത സാധ്യതകളേയും ആശയവിനിമയ മേഖലയുടെ മുന്നേറ്റത്തെയും അടിസ്ഥാനമാക്കി നമുക്ക് പറയുവാനാകും.
ഇവിടെ ‘Freedom at Midnight’ എന്ന വിശ്വപ്രസിദ്ധമായ കൃതിയിൽ നിന്ന് ഒരു ഭാഗവും അതിൻ്റെ മലയാളപരിഭാഷയുമാണ് നൽകിയിരിക്കുന്നത്. ലാരി കോളിൻസും ഡൊമിനിക് ലാപിയറുമാണ് ഈ കൃതിയുടെ രചയിതാക്കൾ. മൂലകൃതി ഇംഗ്ലീഷിലാണ് രചിച്ചിട്ടുള്ളത്. ചരിത്രസംഭവങ്ങളുമായി ഇഴചേർന്നു കിടക്കുന്ന ഈ കൃതി കാവ്യാത്മകമായ ഭാഷ കൊണ്ടും നാടകീയ ആഖ്യാനശൈലി കൊണ്ടും വളരെ ശ്രദ്ധയാകർഷിച്ചതാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരമാണ് ഈ കൃതിയിൽ പ്രതിപാദിക്കുന്നത്. ഇന്ത്യയിലെ അവസാന വൈസ്രോയിയായി മൗണ്ട് ബാറ്റൺ ചുമതലയേറ്റെടുക്കുന്നു. ഈ സന്ദർഭം മുതൽ ഗാന്ധിജിയുടെ വധം വരെയുള്ള സംഭവങ്ങളാണ് ഇതിൽ വിവരിക്കുന്നത്. നിരവധി വ്യക്തികളുമായി അഭിമുഖങ്ങൾ നടത്തുകയും പ്രമാണരേഖകൾ പരിശോധിക്കുകയും പത്രറിപ്പോർട്ടുകൾ അപഗ്രഥിക്കുകയുമൊക്കെ ചെയ്തതിൻ്റെ ഫലമായാണ് ഈ കൃതി തയ്യാറായിട്ടുള്ളത്. ടി.കെ.ജി. നായരും എം.എസ്. ചന്ദ്രശേഖരവാരിയരുമാണ് പരിഭാഷകർ. ഇതിൻ്റെ മലയാളം പരിഭാഷയും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഒരു പരിഭാഷ വിജയകരമാകുന്നത് വായനക്കാരുടെ പ്രീതി നേടുമ്പോഴാണ്. മൂലകൃതിയുടെ കാവ്യാത്മക ഭാഷയും വസ്തുതാപഗ്രഥനത്തിലുള്ള ഗൗരവസമീപനവും സംഭവങ്ങൾ വിവരിക്കുമ്പോഴുള്ള നാടകീയാഖ്യാനചാരുതയും ഒട്ടും കൈമോശം വരാതെയാണ് പരിഭാഷ തയ്യാറാക്കിയിട്ടുള്ളത്. ആശയവിവർത്തന സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നു കാണാം. ഇതിൻ്റെ ഗുണവശമെന്തെന്നാൽ വസ്തുതകളും ആശയങ്ങളും ഒട്ടും ചോർന്നുപോകാതെ വായനക്കാരിലേക്കെത്തിക്കാൻ സാധിക്കുന്നുവെന്നതാണ്. വിവർത്തന രീതികളെ അഞ്ചായി തരംതിരിച്ചിട്ടുണ്ട്.
ശബ്ദാർത്ഥവിവർത്തനം
പദാനുപദവിവർത്തനം
ആശയവിവർത്തനം
സ്വതന്ത്രവിവർത്തനം
ആശയരൂപാന്തരണം
ശബ്ദാർത്ഥവിവർത്തനത്തിൽ വാക്കുകൾക്കും വാക്യഘടനയ്ക്കും മാറ്റം വരുത്താതെയുള്ള വിവർത്തനമാണ് നടക്കുന്നത്. നിയമപരമായ രേഖകളുടെയും സാങ്കേതിക വിവരങ്ങളുടെയും വിവർത്തനത്തിന് ഇതുപകരിക്കും. പദാനു പദ വിവർത്തനത്തിൽ വാക്കുകൾക്കു പകരം വാക്കുകൾ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ആശയത്തേക്കാളും ഓരോ വാക്കിൻ്റെയും നിഘണ്ടുവിലെ അർത്ഥത്തിനാണ് ഊന്നൽ. മൂലകൃതിയുടെ ആശയത്തെ ലക്ഷ്യഭാഷയിൽ തെറ്റുകൂടാതെ അവതരിപ്പിക്കുന്ന രീതിയാണ് ആശയവിവർത്തനം. Faithfull Translation എന്നാണ് ഇതറിയപ്പെടുന്നത്. ആശയവിവർത്തനത്തിൽ മൂലകൃതിയിയിലെ വാക്യങ്ങളോ ഭാഗങ്ങളോ വിട്ടുകളയാനോ ക്രമം മാറ്റാനോ ഉള്ള അനുവാദം പരിഭാഷകനില്ല. സ്വതന്ത്രവിവർത്തനത്തിൽ ഇതു രണ്ടും പ്രയോഗിക്കപ്പെടുന്നത് സ്വാഭാവികം. പരിഭാഷകനുള്ള സ്വാതന്ത്ര്യത്തിൻ്റെ അളവ് ആശയവിവർത്തനത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ് സ്വതന്ത്രവിവർത്തനത്തിൽ.
‘Walk Alone,Walk Alone’ എന്ന ശീർഷകത്തിന് നൽകിയിട്ടുള്ള വിവർത്തനം ‘ഏകാന്ത പഥികൻ’ എന്നാണ്. വളരെ ശ്രദ്ധാപൂർവ്വമാണ് തർജമ നിർവഹിച്ചിട്ടുള്ളത്. മേലെ നൽകിയ ഇംഗ്ലീഷ് ശീർഷകപദാവലികൾ ആവർത്തിക്കുന്നതുകാണാം. അത് സ്രോതഭാഷയിൽ ‘ ഒറ്റയ്ക്കു നടക്കുക’ എന്ന അർത്ഥമാണ് നൽകുന്നത്. ‘Alone’ എന്ന വാക്കിന് പ്രത്യേകമായ, ഏകാന്തമായ, വേറിട്ട്, ഒറ്റയായ, ഏകാകിയായ, തനിയെ മുതലായ അർത്ഥങ്ങളുണ്ട്. ഉചിതമായ പദങ്ങൾ തിരഞ്ഞെടുത്ത്, മൂലഭാഷയേക്കാളും കുറഞ്ഞ വാക്കുകളിൽ ആശയം അവതരിപ്പിക്കാനാണ് വിവർത്തകൻ പരിശ്രമിക്കുക. തനിയെ വേറിട്ട നടത്തം പ്രായോഗികമാക്കിയ ആ മഹത് വ്യക്തിയുടെ ജീവിതത്തെ ‘walk alone’ എന്ന പദാവലി ആവർത്തിക്കുന്നതിലൂടെ ധ്വനിപ്പിച്ചിരിക്കുന്നു. പക്ഷേ, ഏകാന്ത പഥികൻ എന്ന ശീർഷക തർജമ തനിയെയുള്ള ജീവിതത്തെ മാത്രമല്ല, തനിയെ ആദർശം ചുമന്നു നടക്കുന്ന വ്യക്തിയുടെ അനുഭവ തലങ്ങളും ആവിഷ്കരിക്കുന്നുണ്ടെന്നതിനാൽ പൂർണ്ണമായും യോജിക്കുന്നുവെന്നു കാണാം.ചില സന്ദർഭങ്ങളിൽ നീളമുള്ള ഒരു വാക്യം വിഘടിപ്പിച്ച് രണ്ടോ മൂന്നോ വാക്യങ്ങളാക്കാനും മടിച്ചിട്ടില്ല. അനുവാചകനിൽ ആശയവും ആസ്വാദ്യതയും ഉണ്ടാക്കുകയെന്നതാകുന്നു ലക്ഷ്യം.
താഴെ നല്കുന്ന വാക്യം ശ്രദ്ധിക്കുക:
“Mohandas Karamchand Gandhi was an unlikely revolutionary, the gentle prophet of the world's most extraordinary liberation movement. Beside him, carefully polished, were the dentures he wore only when eating and the steel-rimmed glasses through which he usually peered out at the world.”
ഇതിൻ്റെ തർജമ ഇപ്രകാരമാണ് നിർവഹിച്ചിരിക്കുന്നത്:
“ മോഹൻദാസ് കരംചന്ദ് ഗാന്ധി അസാധാരണനായ ഒരു വിപ്ലവകാരിയായിരുന്നു. ലോകത്തിലെ അനന്യസാധാരണമായ വിമോചന പ്രസ്ഥാനത്തിൻ്റെ സൗമ്യനായ പ്രവാചകൻ. ഭക്ഷണം കഴിക്കുമ്പോൾ മാത്രം ഉപയോഗിക്കുന്ന, ശ്രദ്ധാപൂർവം കഴുകി വെളുപ്പിച്ച, കൃത്രിമ ദന്തങ്ങളും ലോകത്തെ നോക്കിക്കാണാൻ പതിവായി തന്നെ സഹായിക്കുന്ന കണ്ണടയും അദ്ദേഹത്തിനടുത്തുണ്ടായിരുന്നു.”
ആശയവിവർത്തനത്തിൻ്റെ മികവുറ്റ ഈ ഉദാഹരണം സ്രോതഭാഷാകൃതിയുടെ വാക്യഘടനയ്ക്ക് ഉലച്ചിലുണ്ടാക്കാതെ അർത്ഥദ്യോതകമായ ലക്ഷ്യഭാഷാ പദാവലികളിലൂടെ ആശയം അവതരിപ്പിക്കുന്നു. ആശയ വിവർത്തനം വിവർത്തകന് ഒന്നു ചിന്തിയ്ക്കാനുള്ള സാവകാശം നൽകുകയും ചെയ്യുന്നു. ഒരു തർജമ ഹൃദയഹാരിയാകുന്നതിനു പിന്നിൽ ആശയ വിവർത്തനത്തിൻ്റെ സ്വാധീനം കാണാം. എന്നാൽ, ഇത്തരം ചരിത്രകൃതികളിൽ അനിവാര്യമായ ചില ഘട്ടങ്ങളിൽ ശബ്ദാർത്ഥ വിവർത്തനവും ഇടം പിടിക്കുന്നുണ്ട്. നാടകീയമായ അവതരണങ്ങളും, സംഭവചിത്രണവും വർണ്ണനകളും വൈകാരിക ഭാവചിത്രണങ്ങളിലുമൊക്കെ ആശയ വിവർത്തനം താങ്ങാകുമ്പോൾ, വസ്തുതാ വിവരണതലങ്ങളിൽ ശബ്ദാർത്ഥ വിവർത്തനം പ്രസക്തമാകുന്നു. ഇവിടെ, ഗാന്ധിജിയുടെ വ്യക്തിവിശേഷങ്ങളും പ്രാധാന്യവുമാണ് മുഖ്യമായും അനാവരണം ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ വ്യക്തിപ്രഭാവത്തിലാണ് മൂലകൃതി ഊന്നുന്നത്. ഗാന്ധിജിയുടെ ‘ ആ വ്യക്തിപ്രഭാവവും മഹിമകളും ലക്ഷ്യഭാഷയിലെ അനുവാചകന് അറിയാനും ആ ആദർശത്തിൻ്റെ പ്രാധാന്യം തിരിച്ചറിയാനും സാധിക്കണം. എങ്കിലേ തർജമ ഉപകാര പ്രദമാവൂ.
ഒരു ഉദാഹരണം നോക്കാം:
“The region of Noakhali in which Srirampur was set, was one of the most inaccessible in India, a jigsaw of tiny islands in the waterlogged delta formed by the Ganges and the Brahmaputra rivers.”
വിവർത്തനം:
“ചെന്നെത്താൻ ഏറ്റവുമധികം വിഷമം പിടിച്ച ഇന്ത്യയിലെ പ്രദേശങ്ങളിലൊന്നിലായിരുന്നു ഗംഗ, ബ്രഹ്മപുത്ര എന്നീ നദികൾ സൃഷ്ടിച്ച തുരുത്തുകളുണ്ടാക്കിയ കൊച്ചുദ്വീപസമൂഹങ്ങളുൾപ്പെട്ട നവഖാലി മേഖലയിലെ ശ്രീരാംപൂർ”
മറ്റൊരു ഉദാഹരണം കൂടി:
Wherever Gandhi went, it was said, there was the capital of India. Its capital this New Year's Day was the tiny Bengali village of Srirampur where the Mahatma lay under his mudpacks, exercising his authority over an enormous continent without the benefit of radio, electricity, or running water, thirty miles by foot from the nearest telephone or telegraph line.
വിവർത്തനം:
“ഗാന്ധി എവിടെയാണോ, അവിടെയാണ് ഇന്ത്യയുടെ തലസ്ഥാനമെന്നാണ് പറയുക. ഈ നവവത്സരദിനത്തിൽ ഇന്ത്യയുടെ തലസ്ഥാനം ശ്രീരാം പൂർ എന്ന കൊച്ചു ഗ്രാമമായിരുന്നു. ഏറ്റവും അടുത്ത ടെലഫോൺ- കമ്പി സൗകര്യമുള്ള സ്ഥലത്തേക്ക് മുപ്പതു മൈൽ കാൽനടയായി മാത്രം ചെന്നെത്താവുന്നതും റേഡിയോയോ വിദ്യുച്ഛക്തിയോ പൈപ്പു ജലമോ ഇല്ലാത്തതുമായ ആ കുഗ്രാമത്തിൽ, തൻ്റെ കളിമൺപശച്ചാർത്തുമായി കിടന്നാണ് അന്ന് ഒരു വിസ്തൃത ഭൂഖണ്ഡത്തിനു മേൽ ഗാന്ധി തൻ്റെ അധികാരം ചെലുത്തിയിരുന്നത്.’
ആശയവിവർത്തനവും ശബ്ദാർത്ഥ വിവർത്തനവും പദാനുപദ വിവർത്തനവുമൊക്കെ സന്ദർഭവും സാഹചര്യവും നോക്കി ഔചിത്യപൂർവ്വം ദീക്ഷിക്കുകയെന്ന കർത്തവ്യമാണ് സമർത്ഥനായ വിവർത്തകനുള്ളത്. താൻ വിവർത്തനം ചെയ്യുന്ന സ്രോതഭാഷാകൃതി ലക്ഷ്യഭാഷയിലെത്തുമ്പോഴേക്കും മികച്ച അനുഭവമായി കലാശിക്കണം. ആ താൽപ്പര്യമാണ് സാധാരണ വിവർത്തകനും ഉദാത്ത വിവർത്തകനും തമ്മിലുള്ള വ്യത്യാസം നിശ്ചയിക്കുന്നത്. മൂലകൃതിയോടു നീതിപുലർത്തുന്ന വിവർത്തനമാണിതെന്ന് നിസ്സംശയം വിലയിരുത്താവുന്നതാണ്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ