തേൾക്കുടം: കുരീപ്പുഴ ശ്രീകുമാർ (ആസ്വാദനം)

കുരീപ്പുഴ

കാലിക്കറ്റ് സർവകലാശാല 
വിനിമയ മലയാളവും സർഗ്ഗാത്മക രചനയും    
ബി എ മലയാളം സെമസ്റ്റർ 2
സാമൂഹികപ്രാധാന്യമുള്ള കാഴ്ചപ്പാടുകൾ കവിതകളിൽ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയനായ കവിയാണ് കുരീപ്പുഴ ശ്രീകുമാർ. സമകാലിക സമൂഹം പലവിധത്തിലുമുള്ള മിഥ്യാസങ്കൽപ്പനങ്ങളാൽ നെയ്തെടുത്തതാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇന്ന് വർദ്ധിത വീര്യത്തോടെ പിടിമുറുക്കുന്നു. ധനാധിപത്യം സാമൂഹിക മൂല്യങ്ങളെയാകെ വരിഞ്ഞു കെട്ടിയിരിക്കുന്നു. സ്വാർത്ഥതയും അധികാരമോഹവും നിറഞ്ഞ വ്യക്തികൾ നടനമാടുന്ന രംഗമായിരിക്കുന്നു നമ്മുടെ നാട്. സ്വാഭാവികമായും ഇത്തരം അതിരുകടക്കലുകൾക്കെതിരെ പ്രതികരിക്കേണ്ടത് കലാകാരന്മാരുടെ ഉത്തരവാദിത്വമാണ്. കുരീപ്പുഴ എല്ലാത്തരം സാമൂഹികാപചയങ്ങളെയും അപലപിക്കുകയും മതേതരത്വവും സമത്വവും സാഹോദര്യവും കതിർ ചൊരിയുന്ന നല്ല നാളേകൾക്കായി കവിതകൾ എഴുതുകയും ചെയ്യുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഈ കവിയുടെ അധികാരവിമർശനമാണ് തേൾക്കുടം എന്ന കവിത.

മഹാരാജാവ് ഒരു പ്രഖ്യാപനം നടത്തുകയാണ്. ഒരു കുടത്തിൽ നിക്ഷേപിച്ചിട്ടുള്ള സ്വർണ്ണനാണയം എടുക്കുന്ന കരുത്തുറ്റ പെണ്ണിന് ഉടൻ വിലപിടിപ്പുള്ള ശ്രേഷ്ഠമായ സമ്മാനം നൽകും. എന്താണ് ആ സമ്മാനം? തൻ്റെ രാജ്യത്തിൻ്റെ പകുതി. സുഖകരമായ വാസത്തിന് മണിമാളിക. ഇവ കൂടാതെ അവൾക്കു നല്കാനായി വജ്രമാലയും വിശിഷ്ടവസ്ത്രവുമുണ്ട്. രാജാവിൻ്റെ വിനോദം. നാടാകെ വിളംബരം നടത്തി. അങ്ങനെ ദിക്കിൻ്റെ ചുവരാകെ തകർത്തു. മേളാരവങ്ങളോടെ, കൊടിയേറ്റം നടത്തി തലസ്ഥാനം ഒരു മിടുക്കിയുടെ വരവുകാത്തു. ആൾക്കൂട്ടം ആർത്തിരമ്പി. ഒരുത്തിയും വരില്ലെന്ന് ഉദ്ഘോഷിച്ചു. കുടത്തിൽ ഒരു കരിന്തേൾ കൊടുംവിഷത്താൽ നില കൊണ്ടു. അതു കണ്ട നീലാകാശം പുകഞ്ഞു. അപ്പോഴതാ, ഒരു അടിമപ്പെണ്ണു വരുന്നു. അവൾ അടുത്തുവന്ന് കുടത്തിനു മീതേ വലംകൈ വെച്ച് ഉറച്ചു നിന്നു. മനോഹരങ്ങളായ നീണ്ട വിരലുകൾ നീട്ടി അവൾ കുടത്തിലെ ആകാശം തപ്പി. അപ്പോൾ തേളടങ്ങി, ഒതുങ്ങിയിരുന്നു. തേളു മനസ്സിലാക്കി: എൻ്റെ ദുർവിധി പോലെ, കുടത്തിനുള്ളിൽ എന്നെപ്പോലെ കുടുങ്ങിയവളാണിവളും. അതിനാൽ ഇവളെ തൊടരുത്. സ്വർണ്ണനാണയം പുറത്തെടുത്ത് അവൾ നിൽക്കെ, കരിന്തേൾ മനോഹരമായ ആ പൂവിരലിൽ നിദ്രകൊള്ളുകയായിരുന്നു. അടിമപ്പെണ്ണിൻ്റെ ദേശം വസന്തം നിറഞ്ഞതാകുന്നു, ആ ദേശത്തിൻ്റെ പതാകയിൽ കരിന്തേൾ അശോകചക്രമാകുന്നു.

'തേൾക്കുടം' എന്ന ഈ കവിത സ്ത്രീയുടെ കരുത്തിനെയും അവളുടെ ഉൾക്കരുത്തിനെയും പരാമർശിക്കുന്നു. ഒരു അടിമപ്പെണ്ണാണല്ലോ ഈ കവിതയിലെ കേന്ദ്രബിന്ദു. അവൾ ശക്തയും ധീരയുമാണ്. മഹാരാജാവ് അധികാരത്തിൻ്റെ ഹുങ്ക് വഹിക്കുന്നയാളാണ്. വിനോദത്തിനായി ഒരു മത്സരം നടത്തി സ്ത്രീകളെ വെല്ലുവിളിക്കുകയാണ്. കുടത്തിലെ സ്വർണ്ണനാണയം എടുക്കുകയെന്ന മത്സരത്തിൽ പങ്കെടുക്കാൻ സ്ത്രീകൾ തയ്യാറാവില്ലെന്നാണ് രാജാവ് ചിന്തിക്കുന്നത്. പങ്കെടുക്കാൻ വന്നവർ ജീവനോടെ പോകയുമരുത്.  ആഘോഷത്തോടെ മത്സരം കൊടിയേറി. പുരുഷാരം രാജാവിനൊപ്പമാണ്. രാജാവിൻ്റെ വെല്ലുവിളി സ്വീകരിച്ചു വരുന്നവളാരെന്നറിയാനുള്ള തീവ്രമായ ഉൽകണ്ഠ അവർക്കുണ്ട്. അവർ പ്രതീക്ഷിക്കുന്നത് ഒരുത്തിയും വരില്ലെന്നാണ്. രാജാവിൻ്റെ അധികാരശാസനത്തിനൊത്തു പെരുമാറുന്ന ഈ ആൾക്കൂട്ടം ഹിംസാത്മകതയെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ്. ‘കുടത്തിലുണ്ടൊടുക്കത്തെ കനകനാണ്യം’ എന്നാണ് പറയുന്നത്. ‘ഒടുക്കത്തെ’ എന്ന പ്രയോഗത്തിൽ നിന്നും ‘എടുക്കുന്നവളുടെ ഒടുക്കത്തെ’ എന്ന ധ്വനി കിട്ടും. എടുക്കുന്നവൾ ബാക്കിയുണ്ടാവില്ല. കാരണം, കൊടിയ വിഷമുള്ള ഒരു കരിന്തേളിനെ അതിൽ ഇട്ടടച്ചിട്ടാണുള്ളത്. അതിൻ്റെ കുത്തേൽക്കാതെ നാണയമെടുക്കുകയെന്നത് അസംഭവ്യം. ഈ സ്വാഭാവികപരിണാമത്തെ ഉല്ലംഘിക്കുന്നതാണ് കഥാഗതി. സ്ത്രീകളെ പരിഹാസ്യരാക്കുന്ന ആ മത്സരത്തിൽ പങ്കെടുക്കാനെത്തിയത് ഒരടിമപ്പെണ്ണാണ്. അവളുടെ വിരലുകൾ കണ്ടപ്പോൾ കരിന്തേളിനും കാര്യം മനസ്സിലായി. തന്നെപ്പോലെ കുടത്തിലടയ്ക്കപ്പെട്ടവളാണ് ഇവളും. ഇവളും തന്നെപ്പോലെ മോചനം ആഗ്രഹിക്കുന്നവളാണ്. പ്രലോഭനങ്ങളിൽ വീഴാത്തവളാണ്. മഹാരാജാവിൻ്റെ ദുഷ്ടമനസ്സാണ്, കഴിവുള്ളവളെ വകവരുത്തുകയെന്ന ആ ദുഷ്ടലാക്കാണ്, കരിന്തേളിൻ്റെയും അടിമപ്പെണ്ണിൻ്റെയും സംലയനമാണ് ഇവിടെ സാധിക്കുന്നത്. അതിലൂടെ കരുത്തു വർദ്ധിപ്പിച്ച് അധികാരത്തിനെതിരെ പത്തിയുയർത്താനുള്ള ഇടം വർദ്ധിപ്പിക്കുകയാണവർ.
സമർത്ഥകളായ സ്ത്രീകളെ ഏതു വിധത്തിലും അടിച്ചമർത്തിബ്ഭരിക്കുമെന്ന ആണധികാരത്തിൻ്റെ കോയ്മയ്ക്കെതിരായ കലാപമായി കരിന്തേളും അടിമപ്പെണ്ണും തമ്മിലുള്ള സഹവർത്തനത്തെ വീക്ഷിക്കാം.  




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി