വിവർത്തകൻ്റെ യോഗ്യതകളും സവിശേഷതകളും


എൻ.വി.കൃഷ്ണവാരിയർ
വിവർത്തകൻ ഒരർത്ഥത്തിൽ സമൂഹ പുനർനിർമ്മിതിയിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഓരോ വിവർത്തനവും ഭാഷയെയും സാഹിത്യത്തെയും അതുവഴി സമൂഹത്തെയും പുതുക്കിപ്പണിയലാണ്. നൂതനമായ അറിവും സാംസ്കാരികാനുഭവവും അതുവഴി സമൂഹത്തിനു ലഭിക്കുന്നു. സ്രോതഭാഷാകൃതിയെ ലക്ഷ്യഭാഷയിലേക്കു പകരുന്ന പ്രവർത്തനമാണല്ലോ വിവർത്തനം ഇത്തരം പ്രക്രിയയിൽ ഏർപ്പെടുമ്പോൾ വിവർത്തകന് ചില യോഗ്യതകൾ ഉണ്ടാകണം. ഭാഷാപരമായും അർത്ഥപരമായും ഏറെ സങ്കീർണ്ണത നിറഞ്ഞ പ്രതിഭാസമാണ് വിവർത്തനം. 

ഒരു വിവർത്തകന് വിവർത്തകൻ്റെ ധർമ്മങ്ങളേയും സവിശേഷതകളെയും സംബന്ധിക്കുന്ന അറിവും പ്രയോഗവും അയാളെ ഉത്തമവിവർത്തകനാക്കുന്നു. ഉത്തമവിവർത്തകന് സ്രോതഭാഷയിലും ലക്ഷ്യഭാഷയിലും ശരിയായ അറിവും സ്വാധീനവും ഉണ്ടാകണം. സാധാരണ രീതിയിൽ വിദേശ/ അന്യഭാഷയിൽ നിന്ന് മാതൃഭാഷയിലേക്കു തർജമ ചെയ്യുകയാണ് പതിവ്. സ്രോതഭാഷയിലുള്ള പരിജ്ഞാനവും ലക്ഷ്യഭാഷയിലുള്ള പ്രയോഗജ്ഞാനവും വിവർത്തനത്തിൽ പ്രധാനമാണ്. 

പൊതുവേയുള്ള പാണ്ഡിത്യത്തേക്കാൾ തിരഞ്ഞെടുക്കുന്ന മൂലകൃതി ഉൾപ്പെടുന്ന വൈജ്ഞാനികമണ്ഡലത്തിൽ ആഴത്തിലുള്ള അറിവ് വൈജ്ഞാനിക കൃതി വിവർത്തനം ചെയ്യുന്നയാൾക്കുണ്ടാകണം. ലക്ഷ്യഭാഷാപരമായ അറിവിനു പുറമേയാണിത്. 

ഉത്തമവിവർത്തകന് പ്രത്യുൽപന്നമതിത്വം ഉണ്ടാകണം. എന്താണ് പ്രത്യുൽപന്നമതിത്വം? ‘അവസരം പോലെ ഉടനുടൻ വേണ്ടതു ചിന്തിച്ചു പ്രവർത്തിപ്പാനുള്ള ബുദ്ധി’ എന്നാണ് ഇതിനു നൽകുന്ന അർത്ഥം. വളരെ ആഴത്തിലുള്ള വായനയും സർഗ്ഗാത്മകധാരണയും ഭാഷാപരിചയവുമുണ്ടെങ്കിലേ വിവർത്തകന് ഈ സിദ്ധി കൈവരികയുള്ളൂ. 

അദ്ധ്വാനിക്കാൻ മടിയില്ലായ്മ ഒരു വിവർത്തകനുണ്ടാകേണ്ട ഗുണമാണ്. നിഘണ്ടുക്കൾ തേടിയും ഉചിതമായ ശൈലികളും പ്രയോഗങ്ങളും അന്വേഷിച്ചും അലയേണ്ടി വരും. ത്യാഗനിർഭരമായ സാധനയുടെ പരിസമാപ്തിയായി വിവർത്തനത്തെ പരിഗണിക്കാവുന്നതാണ്. 

വിവർത്തകനു വേണ്ട യോഗ്യതകൾ/സവിശേഷതകൾ/ഗുണങ്ങൾ:

1.സ്രോതഭാഷയിലുള്ള പാണ്ഡിത്യം - വിഷയഗ്രഹണത്തിന്.

2.ലക്ഷ്യഭാഷയിലുള്ള പാണ്ഡിത്യം - വിഷയാവിഷ്കരണത്തിന്.

3.വിവർത്തിത ഗ്രന്ഥത്തിലെ (മൂലഗ്രന്ഥത്തിലെ) പ്രതിപാദ്യവിഷയത്തിൽ ആഴത്തിലുള്ള അറിവ്.

ഇവയ്ക്കു പുറമേ, വിവർത്തകന് ഉണ്ടായിരിക്കേണ്ട ഏറ്റവും മുഖ്യമായ ഗുണം വിശ്വാസ്യത അഥവാ സത്യസന്ധതയാണെന്ന് എൻ.വി.കൃഷ്ണവാരിയർ ചൂണ്ടിക്കാട്ടുന്നു. മൂലകൃതിയോടു പരമാവധി നീതിപുലർത്താൻ സാധിക്കണം. എൻ.വി.വ്യക്തമാക്കുന്നു: “വിവർത്തകൻ മൂലത്തോട് അങ്ങേയറ്റം കൂറു പുലർത്തണം. മൂലത്തിലുള്ളത് ഒന്നും വിട്ടുകളയരുത്; മൂലത്തിലുള്ളതിൻ്റെ അർത്ഥം തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ അരുത്. മൂലത്തിൽ തെറ്റുകളുണ്ടെങ്കിൽ വിവർത്തകന് അവ ചൂണ്ടിക്കാട്ടാം. പക്ഷേ, ഇങ്ങനെ ചെയ്യുന്നത് അടിക്കുറിപ്പുകളിലൂടെ ആയിരിക്കണം. മൂലത്തിലെ അസ്പഷ്ടതകൾ അയാൾക്കു വിശദീകരിക്കാം. ചിലപ്പോൾ അത്യാവശ്യമല്ലാത്ത ചില ഭാഗങ്ങൾ വിട്ടുകളയുകയുമാവാം. എന്നാൽ, വിട്ടു കളഞ്ഞ ഭാഗങ്ങളെപ്പറ്റി അവതാരികയിലോ അടിക്കുറിപ്പിലോ സൂചന നൽകാൻ അയാൾ ബാദ്ധ്യസ്ഥനാണ്. ചുരുക്കത്തിൽ മൂലഗ്രന്ഥകാരനോടു പരമാവധി നീതി പുലർത്താത്ത വിവർത്തകൻ വിവർത്തനമെന്ന തൊഴിൽ ചെയ്യാൻ അർഹനല്ല” (എൻ.വി. കൃഷ്ണവാരിയർ, അവതാരിക, കൃതി-വിവർത്തനം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,1990: 8). ‘വിവർത്തകന് മൂലഗ്രന്ഥകാരൻ്റെ ഭാവപ്രതിഭയോടു സംവദിക്കത്തക്ക ഭാവനയും രചനാപ്രതിഭയോട് തോളൊത്തു പോകത്തവണ്ണം സ്വഭാഷയിൽ സരസ്വതീവിലാസവും വേണ’മെന്ന് വൈലോപ്പിള്ളി വിശദീകരിക്കുന്നു. [കൃതി -വിവർത്തനം, 1990:85].

വിവർത്തനം മഹത്തായ ഒരു സാംസ്കാരിക, സാമൂഹിക ഇടപെടലാണെന്ന ബോദ്ധ്യം വിവർത്തകനുണ്ടായാൽ അത് നിലവാരമുള്ള വിവർത്തനത്തിലേക്കു വഴി തുറക്കും.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി