വിവർത്തനസംരംഭങ്ങൾ മലയാളത്തിൽ
വിവർത്തനസംരംഭങ്ങൾ മലയാളത്തിൽ
വളരെ പുരാതനമായ ചരിത്രം മലയാളത്തിലെ വിവർത്തന സാഹിത്യത്തിനുണ്ട്. സംസ്കൃത സാഹിത്യത്തോടുള്ള ആധമർണ്ണ്യം (കടപ്പാട്) ഓരോ സന്ദർഭത്തിലും പ്രകടിപ്പിച്ച ഭാഷയാണ് മലയാള സംസ്കൃതത്തിലെ മഹത്തായ സാഹിത്യ / വിജ്ഞാന സമ്പത്ത് മലയാളത്തിലേക്ക് ആവാഹിക്കാൻ വിവർത്തനം പോലൊരു മികച്ച ഉപാധി വേറെയില്ലെന്ന് അന്നത്തെ സാഹിത്യ കുതുകികൾ മനസ്സിലാക്കിയത് ഭാഷയ്ക്ക് വലിയ ഉപകാരമായി.
സംസ്കൃതത്തിൽ നിന്നാണ് കൂടുതൽ കൃതികൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടതെങ്കിലും തമിഴിൽ നിന്നും അതുപോലെ ഗണ്യമായ സംഭാവനകൾ വിവർത്തനമേഖലയിൽ ഉണ്ടായിട്ടുണ്ട്.
തമിഴിൽ പദ്യരൂപത്തിൽ എഴുതിയിരുന്ന ജ്യോതിഷ വൈദ്യ കൃതികൾ മലയാളത്തിൽ ഏറെ പ്രചരിച്ചിരുന്നു.
സംസ്കൃതകൃതികളുടെ വിവർത്തനം എന്ന നിലയ്ക്കു മാത്രമല്ല, സംസ്കൃത കാവ്യ പഠനത്തിലും വിവർത്തന പ്രക്രിയ ഉള്ളടങ്ങിയിരിക്കുന്നുവെന്ന് എൻ. ഇ.വിശ്വനാഥയ്യർ ചൂണ്ടിക്കാട്ടുന്നു. ഒരു ശ്ലോകം പഠിക്കുമ്പോൾ പദഛേദവും അന്വയവും അന്വയാർത്ഥവും പരാവർത്തനവും എന്ന നിലയിലാണ് അർത്ഥപ്രക്രിയ. എൻ. ഇ.വിശ്വനാഥയ്യർ വ്യക്തമാക്കുന്നു: “ആധുനിക വിവർത്തന സിദ്ധാന്തമനുസരിച്ച് അന്വയം തന്നെ അന്ത:ഭാഷിക (intra - lingual) വിവർത്തനമാകും. [ഭാഷയ്ക്കുള്ളിലെ വിവർത്തനം]. അന്വയാർത്ഥം പദാനുപദ വിവർത്തനവും പരാവർത്തനം പദാർത്ഥവിവർത്തനമായോ വ്യാഖ്യാന വിവർത്തനമായോ കണക്കാക്കാം.” മുമ്പ് ഈ പേരുകളൊന്നും ഉണ്ടായിരുനില്ലെന്നു മാത്രം.
ഇതിഹാസ / പൗരാണിക സാഹിത്യ വിവർത്തനങ്ങൾ
രാമായണം, മഹാഭാരതം, ഭാഗവതം, പുരാണങ്ങൾ എന്നിവ വിവിധ രൂപങ്ങളിൽ വിവർത്തന വിധേയമായി. പൂർണ്ണവിവർത്തനം, സ്വതന്ത്ര വിവർത്തനം, വിവർത്തന സംക്ഷേപം, ഭാഗിക കഥാവിവർത്തനം എന്നിങ്ങനെയുള്ള രീതികളാണ് വിവർത്തനത്തിന് ഉപയോഗിച്ചിട്ടുള്ളത്. രാമചരിതം, രാമകഥാപ്പാട്ട്, കണ്ണശ്ശരാമായണം തുടങ്ങിയവ ഉദാഹരണങ്ങളാണ്. മാധവപ്പണിക്കരുടെ ഭാഷാഭഗവദ്ഗീത, ഭഗവദ്ഗീതയെ സംക്ഷേപിച്ചാഖ്യാനം ചെയ്ത മാതൃകാവിവർത്തനമാണ്. ഭാഷാകൗടലീയം (12-13 നൂറ്റാണ്ട്) എന്ന പേരിൽ കൗടില്യൻ്റെ അർത്ഥശാസ്ത്രത്തിന് ഉചിതമായ ഗദ്യപരിഭാഷ ഉണ്ടായ ഭാഷ മലയാളമാണ്. എഴുത്തച്ഛൻ സ്വതന്ത്ര പരിഭാഷാ രീതിയാണ് സ്വീകരിച്ചത്. എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം അതേ പേരിലുള്ള സംസ്കൃതകൃതിയുടെ സ്വതന്ത്രവിവർത്തനമാണ്. വാല്മീകി രാമായണത്തിൻ്റെ സ്വതന്ത്ര വിവർത്തനമാണ് പുനം നമ്പൂതിരിയുടെ രാമായണംചമ്പു. കുഞ്ചൻ നമ്പ്യാരും ആട്ടക്കഥാകാരന്മാരും പുരാണകഥകളെ രൂപാന്തരപ്പെടുത്തിയാണ് കൃതികൾ രചിച്ചത്. ഇവിടെയും ആശയരൂപാന്തരണമെന്ന വിവർത്തനതലം കാണാം.
ചെറുശ്ശേരി, കൃഷ്ണഗാഥയിൽ ഉപജീവിച്ചത് ഭാഗവതം ദശമസ്കന്ധത്തിലെ ശ്രീകൃഷ്ണകഥയാണ്. ഈ സ്വതന്ത്ര വിവർത്തനം സൃഷ്ടിച്ച കാവ്യാഭിരുചിയ്ക്ക് ഇന്നും മങ്ങലേറ്റിട്ടില്ല. കേരള വ്യാസനെന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ വ്യാസമഹാഭാരതം പദാനുപദം, വൃത്താനുവൃത്തം ഭാഷാഭാരതമെന്ന പേരിൽ വിവർത്തനം ചെയ്തു. 874 ദിനങ്ങൾ മാത്രമാണ് വിവർത്തനത്തിനെടുത്തത്. ഈ മഹത്തായ വിവർത്തനത്തോടെയാണ് കേരള വ്യാസൻ എന്ന വിശേഷണം അദ്ദേഹത്തിനു ലഭിച്ചത്.
കേരളവർമ്മയുഗം - വിവർത്തനത്തിൽ
പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാന ഘട്ടത്തിലും ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിലും വിവർത്തനം പുതിയ ഉണർവിലെത്തി. അച്ചടിവിദ്യ പ്രചുരപ്രചാരം നേടിയതോടെയാണ് വിവർത്തിത കൃതികൾ ജനകീയമായത്. അതോടെ പത്രങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിച്ചു തുടങ്ങി.കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ കാലഘട്ടം (കേരളവർമ്മ യുഗമെന്ന് സാഹിത്യത്തിൽ അറിയപ്പെടുന്നു) വിവർത്തനങ്ങളുടെയും ആധുനിക യുഗമാണ്(എൻ.ഇ.വിശ്വനാഥയ്യർ - വിവർത്തന വിചാരം). കേരളവർമ്മ തന്നെ അഭിജ്ഞാന ശാകുന്തളം, അമരുകശതകം, അന്യാപദേശശതകം മുതലായ സംസ്കൃതകൃതികൾ വിവർത്തനം ചെയ്തു. മറ്റുള്ളവർക്കിതു പ്രോത്സാഹനമായി. വേണ്ട പ്രോത്സാഹനം കേരളവർമ്മ സ്വയം നല്കുകയും ചെയ്തു. ഏ.ആർ. രാജരാജവർമ്മ കുമാരസംഭവം, ശാകുന്തളം എന്നിവ വിവർത്തനം ചെയ്തു. ഇത്തരം വിവർത്തനോദ്യമങ്ങൾ അനുകരിക്കാൻ നിരവധി പേർ രംഗത്തുവന്നത് മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വലിയ നേട്ടമുണ്ടാക്കി. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ(ശുകസന്ദേശം, കോകിലസന്ദേശം എന്നീ തർജമകൾ- ഭാരതം വിഖ്യാതം), ഏ. ആർ. രാജരാജവർമ്മ മുതൽപ്പേരായ സാഹിത്യകാരന്മാർ വിവർത്തകന്മാരെന്ന നിലയിലും ഈ കാലഘട്ടത്തിനോടു നീതിപുലർത്തിയവരാണ്.
ഒരേ കൃതിക്ക് ധാരാളം തർജ്ജമകൾ
കാളിദാസൻ്റെ അഭിജ്ഞാനശാകുന്തളത്തിന് ഇരുപതിലധികം പരിഭാഷകളുണ്ടായി. രഘുവംശത്തിന് പതിനേഴും, മേഘസന്ദേശത്തിന് പതിനേഴും, കുമാരസംഭവത്തിന് എട്ടും പരിഭാഷകളുണ്ടായി. വിഷ്ണുശർമ്മയുടെ പഞ്ചതന്ത്രത്തിന് അഞ്ചും ജയദേവരുടെ ഗീതഗോവിന്ദത്തിന് നാലും വിശാഖദത്തൻ്റെ മുദ്രാരാക്ഷസത്തിന് നാലും പരിഭാഷകളുണ്ടായി. ഭഗവദ്ഗീതയ്ക്കാകട്ടെ, എണ്ണമറ്റ പരിഭാഷകളാണുണ്ടായത്. ഭവഭൂതിയുടെ ഉത്തരരാമചരിതം, മാലതീമാധവം എന്നീ നാടകങ്ങൾ ഒന്നിലേറെപ്പേർ വിവർത്തനം ചെയ്തിട്ടുണ്ട്. ഭാസനാടകങ്ങളും പലരും വിവർത്തനം ചെയ്തു. അതിൽ സ്വപ്നവാസവദത്തം വളരെ പ്രശസ്തം. ശക്തിഭദ്രൻ്റെ ആശ്ചര്യചൂഡാമണിയെന്ന നാടകം ജനപ്രിയമായി. വിശാഖദത്തൻ്റെ മുദ്രാരാക്ഷസം, ശൂദ്രകൻ്റെ മൃച്ഛകടികം, ഹർഷൻ്റെ രത്നാവലി എന്നീ നാടകങ്ങളും പലകുറി വിവർത്തനം ചെയ്യപ്പെട്ടു. ഋഗ്വേദം മഹാകവി വള്ളത്തോൾ തർജമ ചെയ്തു. വാല്മീകി രാമായണം, അഭിജ്ഞാനശാകുന്തളം, ഋതുസംഹാരം മുതലായ കൃതികളും അദ്ദേഹം വിവർത്തനം ചെയ്തു.
തമിഴ്കൃതികൾക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഇളങ്കോവടികളുടെ ചിലപ്പതികാരം അഞ്ചിലേറെ തർജമകൾ വന്ന വിശേഷകൃതിയാണ്. കമ്പരാമായണത്തിന് അഞ്ചും തിരുക്കുറലിന് ഏഴും പരിഭാഷകൾ വന്നിട്ടുണ്ട്. പേർഷ്യൻ ഭാഷയിലെഴുതപ്പെട്ട റുബായിയാത്തിന് 10 മലയാള പരിഭാഷകളാണുണ്ടായത്. ചില ഇംഗ്ലീഷ് ക്ലാസ്സിക് നോവലുകൾക്കും നിരവധി പരിഭാഷകൾ വന്നിട്ടുണ്ട്. Pilgrims Progress എന്ന കൃതിക്ക് അഞ്ചും എഡ്വിൻ ആർനോൾഡിൻ്റെ ലൈറ്റ് ഓഫ് ഏഷ്യയ്ക്ക് എട്ടും വിവർത്തനങ്ങളുണ്ടായി. ടാഗോറിൻ്റെ ‘ഗീതാഞ്ജലി’യ്ക്ക് പത്തോളം വിവർത്തനങ്ങളുണ്ടായിരിക്കുന്നു. കിഷൻ ചന്ദിൻ്റെ കഴുതയുടെ ആത്മകഥയ്ക്ക് (ഉറുദു കൃതി) മൂന്നു മലയാള വിവർത്തനങ്ങൾ ഉണ്ടായി(എൻ.ഇ.വിശ്വനാഥയ്യർ, വിവർത്തനവിചാരം, 2014:25).
ഉമർഖയാമിൻ്റെ റുബായിയാത്ത് എന്ന കൃതി ഫിട്സ്ജെറാൾഡ് ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തു. അതിൻ്റെ സ്വാധീനത്താൽ, സർദാർ കെ എം പണിക്കർ, ജി.ശങ്കരക്കുറുപ്പ്, എം.പി. അപ്പൻ, പുത്തൻകാവ് മാത്തൻ തരകൻ, ശാസ്തമംഗലം രാമകൃഷ്ണപിള്ള മുതലായവർ പ്രസ്തുതകൃതി മലയാളത്തിലാക്കി.
ഇംഗ്ലീഷിൽ നിന്ന്
ചില കാര്യങ്ങൾ മുമ്പേ പരാമർശിച്ചു. ഇംഗ്ലീഷ് ഭാഷ മലയാളികളെ ഏറെ സ്വാധീനിക്കുന്നുണ്ട്. പുറം ലോകത്തിലേക്കുള്ള പ്രവേശന കവാടമായി പ്രസ്തുതഭാഷ മാറി. ടെന്നിസൺ, വേർഡ്സ് വർത്ത്, ഷെല്ലി, കീറ്റ്സ്, ഗോൾഡ്സ്മിത്ത്, തോമസ് ഗ്രേ മുതലായ കവികളുടെ രചനകൾ പാഠ്യപദ്ധതിമുഖേനയും മറ്റും യുവതയെ സ്വാധീനിച്ചു. അവ തർജമ ചെയ്യാനുള്ള പരിശ്രമങ്ങൾ നടന്നു.
സി.എസ്.സുബ്രഹ്മണ്യൻ പോറ്റി മാത്യു അർണോൾഡിൻ്റെ ‘സോറാബ് ആൻഡ് റുസ്തം‘ തർജമ ചെയ്തു., പള്ളത്തുരാമൻ ഇംഗ്ലീഷ് കവിതകൾ ഭംഗിയായി തർജമ ചെയ്തിട്ടുണ്ട്. മൂർകോത്തു കുമാരൻ കീറ്റ്സിൻ്റെ ഇസബെല്ല വിവർത്തനം ചെയ്തു. ടെന്നിസൻ്റെ ‘ഇൻമെമോറിയം’ എന്ന കവിതയെ അനുസരിച്ചാണ് എം. രാജരാജവർമ്മ ‘പ്രിയാവിലാപം’ എഴുതിയത്. ഈ രീതിയിൽ, ആദ്യഘട്ടത്തിൽ തന്നെ അനുകരണമായും വിവർത്തനമായും ഇംഗ്ലീഷ് കൃതികൾ പ്രകാശിതമായി. കുമാരനാശാൻ എഡ്വിൻ അർനോൾഡിൻ്റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതി കിളിപ്പാട്ടു രൂപേണ വിവർത്തനം ചെയ്ത് രചിച്ച കാവ്യമാണ് ശ്രീബുദ്ധചരിതം.
ചങ്ങമ്പുഴ, വൈലോപ്പിള്ളി, ജി.ശങ്കരക്കുറുപ്പ് മുതലായ കവികൾ മികച്ച വിവർത്തകരാണ്. അയ്യപ്പപ്പണിക്കർ, ബാലചന്ദ്രൻ ചുള്ളിക്കാട്, സച്ചിദാനന്ദൻ, ദേശമംഗലം രാമകൃഷ്ണൻ മുതലായവർ വലിയ സംഭാവനകൾ വിവർത്തനമേഖലയിൽ നല്കിയവരാണ്. ഇംഗ്ലീഷുവിവർത്തനങ്ങളുടെ സഹായത്തോടെ പല ഭാഷകളിലുമുള്ള മികച്ച കൃതികളെയും പ്രഗത്ഭരായ സാഹിത്യകാരന്മാരെയും പരിചയപ്പെടാനുള്ള അവസരമൊരുക്കാൻ സാധിച്ചു.
ഷേക്സ്പിയർ ബർണാഡ്ഷാ, ഇബ്സൻ മുതലായവരുടെ നാടകരചനകളും പ്രശസ്തമായി. അവയും വിവർത്തനം ചെയ്യപ്പെട്ടു. മനോരമയുടെ പത്രാധിപരായ കണ്ടത്തിൽ വർഗീസുമാപ്പിള, The Taming of the Shrew എന്ന നാടകം ‘കലഹിനീ ദമനകം’ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി. പദ്യത്തിനു പദ്യവും ഗദ്യത്തിന് ഗദ്യം എന്ന നിലയിൽ എ.ഗോവിന്ദപ്പിള്ള ഷേക്സ്പിയർ കൃതികൾ വിവർത്തനം ചെയ്തു. അവ രംഗത്തവതരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു(വിശ്വനാഥയ്യർ, പു. 29). ഷേക്സ്പിയർ കൃതികളെ ഉചിതമായി വിവർത്തനം ചെയ്ത പ്രഗത്ഭരിൽ എം.ആർ.നായരും (സഞ്ജയൻ), കൈനിക്കര കുമാരപിള്ളയുമാണ്. ഒഥല്ലോ എന്ന നാടകം ദുരന്തദുശ്ശങ്ക എന്ന പേരിൽ പരിഭാഷപ്പെടുത്തി.
ഗദ്യവിവർത്തനത്തിൽ മിഷനറിമാരാണ് അതിൻ്റെ പ്രാരംഭകർ. പാഠപുസ്തകങ്ങളിലേക്കായി കൃതികൾ സംക്ഷേപിച്ചും മാറ്റംവരുത്തിയും ഉപയോഗപ്പെടുത്തി. നോവലുകളാണ് മലയാളത്തിൽ ആദ്യം തർജ്ജമ ചെയ്യപ്പെട്ടത്. കേരളവർമ്മ വലിയകോയിത്തമ്പുരാൻ ‘അക്ബർ’ എന്ന ഡച്ചു കൃതിയുടെ ഇംഗ്ലീഷുപരിഭാഷ മലയാളത്തിലാക്കി. നാലപ്പാട്ടു നാരായണമേനോനും കേസരി ഏ. ബാലകൃഷ്ണ പിള്ളയും വിവർത്തനോദ്യമങ്ങളെ പ്രോത്സാഹിപ്പിച്ചു. നാലപ്പാട്ടു നാരായണമേനോൻ്റെ ‘പാവങ്ങൾ’, വിക്ടർ ഹ്യൂഗോയുടെ പ്രസിദ്ധകൃതിയായ ‘ലേ മിറാബിളി’ ൻ്റെ ഇംഗ്ലീഷ് പരിഭാഷയുടെ മലയാളം പരിഭാഷയെന്ന നിലയ്ക്ക് ജനങ്ങളെ ആകർഷിക്കുകയും ഒരു ഭാവുകത്വപരിണാമത്തിനു തന്നെ കാരണമാവുകയും ചെയ്തു. കേസരി പാശ്ചാത്യസാഹിത്യവുമായി ബന്ധപ്പെട്ട് പുതിയ പാതകൾ തുറന്നു. മറ്റു വിദേശഭാഷകളിൽ നിന്നും ഏറ്റവും കൂടുതൽ വിവർത്തനം വന്നിട്ടുള്ളത് റഷ്യനിൽ നിന്നാണ്. റഷ്യൻ കൃതികൾ വിവർത്തനം ചെയ്തവരിൽ പ്രമുഖർ ഇടപ്പള്ളി കരുണാകര മേനോനും എൻ.കെ. ദാമോദരനുമാണ്. ഇവരിലൂടെ ടോൾസ്റ്റോയിയും ഡോസ്റ്റോയേവ്സ്കിയും മലയാളികൾക്കു സുപരിചിതരായി.
മറ്റു ഭാരതീയ ഭാഷകളിൽ നിന്നും വലിയ തോതിൽ മലയാളത്തിലേക്കു വിവർത്തനമുണ്ടായി. നോവൽ സാഹിത്യം ചെലുത്തിയ സ്വാധീനമാണ് അതിനു വഴിവെച്ചത്. സി.എസ്. സുബ്രഹ്മണ്യൻ പോറ്റി, ബംഗാളി നോവലിസ്റ്റായ ബങ്കിം ചന്ദ്രചാറ്റർജിയുടെ ദുർഗ്ഗേശനന്ദിനി വിവർത്തനം ചെയ്ത് നോവൽ വിവർത്തനത്തിനു തുടക്കം കുറിച്ചു. ബംഗാളിനോവലുകളാണ് കൂടുതലായും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്. ബംഗാളിയിൽ നിന്ന് ഇംഗ്ലീഷ് അഥവാ ഹിന്ദി ഭാഷകളിലൂടെയാണ് അവ കടന്നുവന്നത്. ബംഗാളി നോവലുകളുടെ വിവർത്തനങ്ങൾ വായനയുടെ ലോകത്തിലേക്കുള്ള വാതായനങ്ങളായി. ബംഗാളി നോവൽ വിവർത്തകരിൽ കെ. രവിവർമ്മയും എം.എൻ. സത്യാർത്ഥിയും ശ്രദ്ധ നേടി. ബംഗാളി മാറ്റി നിർത്തിയാൽ ഹിന്ദി സാഹിത്യമാണ് മലയാളത്തിലേക്കു കൂടുതലായി കടന്നുവന്നത്. ഹിന്ദി നോവലുകൾക്കും കുറ്റാന്വേഷണ നോവലുകൾക്കും ആരാധകരേറി. പ്രേംചന്ദ്, യശ്പാൽ എന്നീ വിഖ്യാത നോവലിസ്റ്റുകളുടെ ഭൂരിഭാഗം നോവലുകളും വിവർത്തനം ചെയ്യപ്പെട്ടു. എന്നാൽ, ഈ അംഗീകാരം ഹിന്ദിയിലെ മറ്റു നോവലിസ്റ്റുകൾക്കു ലഭിച്ചില്ല. വി.എസ്. ഖാണ്ഡേക്കർ മറാത്തിയിലെഴുതിയ യയാതിയുടെ ഹിന്ദി വിവർത്തനം മലയാളത്തിൽ രവിവർമ പകർന്നു. പി. മാധവൻപിള്ളയും വളരെ ഭംഗിയായി ഈ കൃതി വിവർത്തനം ചെയ്തു. രവിവർമ, കെ.വി. മണലിക്കര, അഭയദേവ്, പി. മാധവൻപിള്ള, വി.ഡി. കൃഷ്ണൻ നമ്പ്യാർ, പി. കൃഷ്ണൻ, വേണു മരുതായി മുതലായവർ മികച്ച വിവർത്തകരത്രെ.
വൈജ്ഞാനിക രംഗത്തും വിവർത്തനത്തിൻ്റെ പ്രയോജനം നാം അനുഭവിക്കുന്നു. നിരവധി പേർ ഈ മേഖലയിലും തങ്ങളുടെ സംഭാവന നൽകുന്നുണ്ട്. കൃത്രിമബുദ്ധിയുടെ (AI) കാലഘട്ടത്തിൽ വിവർത്തനത്തിൻ്റെ വിശ്വാസ്യത ഉറപ്പിച്ചെടുക്കുക പാടാണെന്ന പ്രശ്നമാണ് നാം അനുഭവിക്കുന്നത്. ഇന്ന് സർഗ്ഗാത്മക സാഹിത്യവിവർത്തനങ്ങൾക്ക് സാർവത്രികമായ അംഗീകാരം വായനക്കാരുടെയിടയിൽ ലഭിച്ചിരിക്കുന്നു. വിവർത്തിത കൃതികൾ വലിയതോതിൽ വിറ്റഴിക്കാൻ സാധിക്കുന്നു. യാതൊരു ഭേദവും കാണാത്തതിനാൽ, പുസ്തകക്കമ്പനികളും അവ പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ, തർജമയുടെ നല്ല കാലമാണിതെന്ന് പ്രസ്താവിച്ചു കൊണ്ട് ഈ അദ്ധ്യായം ചുരുക്കാം. ഇതെഴുതുന്നതിന് ഡോ. എൻ. ഇ.വിശ്വനാഥയ്യരുടെ വിവർത്തന വിചാരം എന്ന കൃതിയിലെ വിവർത്തന ചരിത്രം എന്ന ലേഖനം സഹായകമായിട്ടുണ്ട്. കൂടുതൽ വായനയ്ക്ക് അതുപകരിക്കും.
ganeshanmalayalam@gmail.com
,

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ