അടുക്കളയിൽ തിളച്ചു വേവുന്നത്: എസ്. ശാരദക്കുട്ടി (മുഖ്യാശയം)

[കാലിക്കറ്റ് സർവകലാശാല: വിനിമയ മലയാളവും സർഗ്ഗാത്മകരചനയും                         ബി എ മലയാളം സെമസ്റ്റർ 2 ]

മലയാള സാഹിത്യത്തിലെ പ്രമുഖയായ എഴുത്തുകാരിയും നിരൂപകയും സ്ത്രീപക്ഷ സാംസ്കാരിക പ്രവർത്തകയുമാണ് എസ്. ശാരദക്കുട്ടി. പരിസ്ഥിതിയെന്നതു പോലെ ഏതൊരു ഭൂപ്രദേശത്തും സ്ത്രീ, ദലിത് വിഭാഗങ്ങൾ നിരവധി പരിമിതികൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. പരിസ്ഥിതി ചൂഷണവും മലിനീകരണവും നശീകരണവുമാണ് പ്രധാനമായും അനുഭവിക്കുന്നതെങ്കിൽ, സ്ത്രീകളും ദലിതരും അവഹേളനവും വിവേചനവും അവഗണനയും അനുഭവിക്കുന്നു. ശാരദക്കുട്ടിയുടെ ‘അടുക്കളയിൽ തിളച്ചു വേവുന്നത്’ എന്ന ലേഖനം കുടുംബത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന സ്വത്വപ്രതിസന്ധിയിലേക്കു (Identity Crisis) വിരൽ ചൂണ്ടുന്നു. ഒരു കുടുംബത്തിലെ ഭക്ഷണം പാകം ചെയ്യുന്ന ഇടമായ അടുക്കള എങ്ങനെയാണ് സ്ത്രീകളുടേതു മാത്രമായതെന്നും പുരുഷന് അന്യമായതെന്നും അതിൻ്റെ രാഷ്ട്രീയമെന്താണെന്നും ഈ ലേഖനത്തിൽ അപഗ്രഥിക്കുന്നു.

വീട്ടിലെ സ്ത്രീകൾ (വീട്ടമ്മമാർക്ക്) വിശ്രമിക്കാൻ നേരം കിട്ടാത്തവരാണ്. രുചികരമായ വിഭവങ്ങൾ തയ്യാറാക്കുകയെന്ന ശ്രമകരമായ ജോലിയിൽ ഇടവേളകളെടുക്കാതെ വ്യാപൃതരാകുന്നവരാണ് അവർ. ഓരോ തവണയും അമ്മയായാലും അമ്മമ്മയായാലും ഉണ്ടാക്കുന്ന വിഭവങ്ങളുടെ രുചി ഭിന്നമായിരിക്കും. അടുക്കള ഒരു പരീക്ഷണശാലയാണെന്ന് എസ്. ശാരദക്കുട്ടി നിരൂപിക്കുന്നു. അടുക്കളയ്ക്കായി നിശ്ചിത രുചികൾ നിർമ്മിക്കാൻ നിയോഗിക്കപ്പെടുന്ന പെണ്ണ് ഒരു മൾട്ടി പർപ്പസ് ഗൃഹോപകരണമായി മാറുന്നു. അത് സംഭവിക്കുന്നത് അവൾ പോലും അറിയാതെയാണ്. അധ്വാനിച്ച് അവസാനം വെറും മാംസപിണ്ഡം മാത്രമായി അവൾ കിടപ്പിലാകുന്നു, മരിക്കുന്നു. ഇതാണ് അടുക്കളയുടെ സ്വാഭാവിക ചരിത്രം. [Natural History].

ബാഹ്യമായി വലിയ മാറ്റം സമൂഹത്തിൽ സംഭവിച്ചിരിക്കുന്നു. അതിനു കാരണമായത് മരുമക്കത്തായത്തിൻ്റെ അന്ത്യം, ആധുനിക പരിഷ്കൃതിയുടെ വരവ്, ജാതിവിരുദ്ധ സാമുദായ പരിഷ്കരണ പ്രവർത്തനങ്ങൾ, നിർമ്മിതികളിൽ കാലാനുസൃതമായി വന്ന മാറ്റങ്ങൾ, ആഗോളീകരണം, സാങ്കേതികപുരോഗതി എന്നിവയെല്ലാം അടുക്കളയുടെ ബാഹ്യസ്വഭാവത്തെ പരിഷ്കരിച്ചിട്ടുണ്ട്. പക്ഷേ, അതിൻ്റെ ആന്തരികതലത്തിൽ മാറ്റം വന്നില്ല. ജനാധിപത്യമര്യാദകൾ അവിടെ ബാധകമാകുന്നില്ല. അവകാശങ്ങൾ പരിഗണിക്കപ്പെടുന്നില്ല. ഒരു തൊഴിലിടം എന്ന നിലയ്ക്ക് വലിയ തോതിൽ നീതിനിഷേധിക്കപ്പെടുന്ന ഇടമായി അടുക്കള മാറുന്നു. ഒരു സ്ത്രീക്ക് അടുക്കള വിരസമായതും ശ്വാസം മുട്ടിക്കുന്നതുമായ അനുഭവമാണ്. തലേന്നു തന്നെ ഒരുങ്ങേണ്ട, ഉറക്കത്തിലും ഉത്തരങ്ങൾ സമർപ്പിക്കേണ്ട, ഫലമറിയാൻ കാത്തിരിപ്പാവശ്യമുള്ള ഇടം. പാത്രങ്ങളും വിഴുപ്പുകളും ഒരു പെണ്ണിൻ്റെ ദിനങ്ങൾ നിർണ്ണയിക്കുന്നു. ആ സ്വകാര്യതയ്ക്കും ഒരു രാഷ്ട്രീയമുണ്ട്. പെണ്ണിൻ്റെ ദീനാവസ്ഥകൾ കവിതകളും കഥകളും വിഷയമാക്കിയിട്ടുണ്ട്. അടുക്കളക്കരിയിൽ വിയർത്തു ക്ഷീണിച്ചുരുകുമ്പോൾ അതു കാണാതെ കവിതയിൽ പെണ്ണിനെ വാഴ്ത്തുന്ന സമീപനമാണ് പലർക്കുമുള്ളത്. 

സ്ത്രീകൾ അടുക്കളയ്ക്കുള്ളിൽ അനുഭവിക്കുന്ന യാതനകൾക്ക് ഒരു ഏകതയുണ്ട്. ആഗോളീകരണ കാലം വന്നിട്ടും, അടുക്കള യന്ത്രങ്ങളാൽ നിറഞ്ഞിട്ടും അതിനു മാറ്റം വന്നിട്ടില്ല. വീട് വലിയൊരു യന്ത്രമാണ്. അതിനുളളിലെ ചെറിയ യന്ത്രമാണ് അടുക്കള. സ്ത്രീയ്ക്ക് എല്ലാ മുറികളും അടുക്കള തന്നെ. അത്രമാത്രം ജോലികൾ അവളെ കാത്തു നിൽക്കുന്നു. അപ്പോൾ, അടുക്കളകളുടെ കൂട്ടമാകുന്നു വീട്. യന്ത്രങ്ങൾക്കുള്ളിൽ യന്ത്രമായി അവൾ വീടാകെ ഓടി നടക്കുന്നു. രാഷ്ട്രീയ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളൊന്നും അടുക്കളയിലെത്തി നോക്കുന്നില്ല. വിരസമായ പണികൾ ചെയ്യുന്നത് അവൾ ഒരു രണ്ടാം ശരീരവുമായാണ്. സ്വന്തം ശരീരത്തെ വിഭജിച്ച് കാണാൻ സാധിക്കാത്തവർ അടുക്കളയിലെ കയ്പ് തൻ്റെ ഒന്നാം ശരീരത്തിൽ ഏറ്റുവാങ്ങി തളർന്നു കിടക്കും. അതിനാൽ അടുക്കളക്കാരികൾ സർഗ്ഗാത്മകമാകാൻ ഒരു ഒന്നാം ശരീരവും ആവർത്തന വിരസതയ്ക്കും തളർച്ചയ്ക്കും രണ്ടാം ശരീരവും കണ്ടെത്തേണ്ടതുണ്ട്.

ആദികാലത്ത് ഉപജീവനത്തിനുള്ളത് പുരുഷൻ സമ്പാദിക്കണമെന്ന തൊഴിൽ വിഭജനം വന്നപ്പോൾ കുടുംബത്തിൽ പാചകം സ്ത്രീയുടേതായി. പാചകമറിഞ്ഞാലേ നല്ല വീട്ടമ്മയാകൂ എന്നു വന്നു. പാചകം സർഗ്ഗാത്മകമാവുന്നത് വിരളം സന്ദർഭങ്ങളിൽ മാത്രമാണ്. ഒന്നാം ശരീരത്തിൽ ഏറ്റുവാങ്ങാനാവുമ്പോൾ മാത്രം. തനിക്കിഷ്ടമുണ്ടെങ്കിൽ മാത്രം ചെയ്യാനും പരപ്രേരണ കൂടാതെ തന്നെ ചെയ്യാനും കഴിയുന്നതാണ് യഥാർത്ഥ കല. പാചകം ഒരു കലയാണെങ്കിൽ ഇപ്രകാരമാണല്ലോ നടക്കേണ്ടത്. എന്നാൽ, അടുക്കളയിൽ അതൊരു കലയാകുന്നുണ്ടോ എന്ന ചോദ്യമാണ് ശാരദക്കുട്ടി അന്തരാ ചോദിക്കുന്നത്. പാചകമേളകളിലെ പാചകമല്ല അടുക്കളകളിൽ നടക്കുന്നത്. അത് മുടങ്ങാത്ത ഒരനുഷ്ഠാനമാണ്. അതിനെ കല എന്നു വിളിക്കാനാകില്ല. സ്ത്രീ തൻ്റെ പാഴായ സമയത്തെ കുടുംബസ്നേഹത്താൽ പല കാരണങ്ങൾ പറഞ്ഞ് ന്യായീകരിക്കുനവളാണ്. ഉള്ളിൽ ദൈവത്തോടുപോലും വഴക്കു കൂടുകയും ശപിക്കുകയും ചെയ്യുന്നവളാണ്. ഇതൊക്കെ തൻ്റെ വിധിയാണല്ലോ.

21.3.2026 മാതൃഭൂമി ദിനപ്പത്രം

പാചകം ചെയ്യുന്ന പുരുഷനോട് ഒരു സഹതാപം സമൂഹത്തിനുണ്ട്. മറുനാട്ടിൽ പുരുഷ അടുക്കള യാഥാർത്ഥ്യമാണെങ്കിൽ, ഇവിടെ ഗൃഹത്തിൽ സ്ത്രീകളാരുമില്ലെങ്കിൽ മാത്രമാണ് പുരുഷൻ അടുക്കളയിലെത്തുന്നത്. നാടോടി അടുക്കളകളിൽ സ്ത്രീകൾക്കൊപ്പം പുരുഷന്മാരും ജോലി ചെയ്യുന്നതു കാണാം കൂലി കിട്ടുന്ന ഇടങ്ങളിൽ പുരുഷരാണ് മുഖ്യ പാചകക്കാർ. അവിടെ സ്ത്രീകൾ കീഴ് വേലക്കാർ മാത്രം. മലയാളി പുരുഷൻ ഡിജിറ്റൽ സാങ്കേതിക വേലകൾ അറിയുന്നവനാണ്. പക്ഷേ ചോറോ ചായയോ ഉണ്ടാക്കാനറിയാത്തവനാണെന്ന് ശാരദക്കുട്ടി വിമർശിക്കുന്നു. 

ഓരോ അടുക്കളയും സാമൂഹിക ജീവിതത്തിൻ്റെ പ്രകടനവും സ്ഥിരീകരണവുമത്രെ. വ്യക്തിയെ സാമൂഹിക പശ്ചാത്തലത്തിൽ വിലയിരുത്തേണ്ടതുണ്ട്. കറികളിൽ ജാതിമതങ്ങൾ കലർന്നിരിക്കുന്നുവെന്ന് ‘പന്തിഭോജനം’ എന്ന കഥയിൽ സന്തോഷ് ഏച്ചിക്കാനം പറയുന്നു. അടുക്കള രുചികളിലെ വ്യത്യാസങ്ങൾക്കു കാരണം സാമൂഹിക പരിതഃസ്ഥിതികളുമാകാം. മനുഷ്യൻ്റെ സത്ത സാമൂഹികബന്ധങ്ങളുടെ ആകെത്തുകയാണ്. വി.ടി. ഭട്ടതിരിപ്പാടിൻ്റെയും മറ്റും സാമൂഹിക പരിഷ്കരണ ശ്രമങ്ങൾക്ക് അടുക്കളയെ സ്പർശിക്കാൻ കഴിഞ്ഞില്ല. നമ്പൂരി മനുഷ്യനായില്ല. നമ്പൂരി നമ്പൂരിയായിത്തുടർന്നു. അടുക്കളയിൽ നിന്നും അരങ്ങിലേക്ക് എന്നത് വി.ടി.യുടെ നാടകമാണ്. അടുക്കള എന്ന പോലെ അരങ്ങും ‘അക’മാണെന്ന് ശാരദക്കുട്ടി പറയുന്നു. പൊളിച്ച് മാറ്റാനായി പൊതു സമൂഹത്തിനു മദ്ധ്യത്തിൽ തീർത്ത ഒരു അകം. വിമോചനപ്രസ്ഥാനങ്ങൾ നിർമ്മിച്ച അരങ്ങുകൾ താൽക്കാലികതകളിലായിരുന്നു.

ഇവിടെ ശാരദക്കുട്ടി ചരിത്ര അനുഭവങ്ങൾ രേഖപ്പെടുത്തുന്നു. 1088 ൽ കീരക്കാട്ടു നടന്ന കേരളീയ നായർ സമാജത്തിൻ്റെ വാർഷിക സമ്മേളനത്തിൽ സഭാംഗങ്ങൾക്ക് അടുത്തുള്ള മാരാർ ഭവനത്തിൽ വിഭവസമൃദ്ധമായ സദ്യ തയ്യാറാക്കിയെങ്കിലും മാരാൻ്റെ അടുക്കളയിൽ വേവിച്ച ഭക്ഷണം കഴിക്കാൻ ഒരു സമുദായ പരിഷ്കർത്താവു പോലും തയ്യാറായില്ല. അതിനാൽ അടുക്കളയിൽ നിന്നും തുടങ്ങുക എളുപ്പമല്ല. സമുദായവിധിയനുസരിച്ചു പ്രവർത്തിക്കുന്നതിൽ മഹാസാഹിത്യകാരന്മാർ പോലും ഒരു കുറച്ചിലും കണ്ടില്ല. 

ഈഴവരുടെ ഭക്ഷണശീലങ്ങൾ മാറ്റാനായി നാരായണഗുരു 1888 ൽ അരുവിപ്പുറത്ത് വാവൂട്ടുയോഗം നടത്തി. ഗുരു മത്സ്യമാംസാദികൾ ഒഴിവാക്കിയുള്ള സവർണ്ണഭക്ഷണരീതിയാണ് മാതൃകയായി എടുത്തത്. അവർണ്ണരെ സദ്യ ഉണ്ടാക്കാൻ പഠിപ്പിച്ചതും സദ്യ ഉണ്ണാൻ പഠിപ്പിച്ചതു നാരായണ ഗുരുവാണ്.

ഭക്ഷണവും സുന്ദരിയും പുരുഷന് പ്രിയപ്പെട്ടതാണ്. ഭക്ഷണത്തെയും സുന്ദരിയുടെ അവയവത്തെയും സാദൃശ്യപ്പെടുത്തി പുരുഷാർത്ഥക്കൂത്ത് വിവരിക്കുന്നുണ്ട്. നല്ലൊരു ഭോജ്യവസ്തുവാകുമ്പോഴാണ് ഒരുവൾ ശരിയായ സ്ത്രീയാകുന്നത്. 

സ്ത്രീകൾ ജോലി ചെയ്തു സമ്പാദിക്കാനാരംഭിച്ചതോടെ ഇവിടത്തെ അടുക്കളകളുടെ ബാഹ്യരൂപം മാറി. കാറ്റും വെളിച്ചവും യന്ത്രങ്ങളും സൗകര്യങ്ങളും അടുക്കളയിലെത്തി. അടുക്കളയിൽ ടി.വി.യും ഘടികാരവും റേഡിയോയും വന്നു. എങ്കിലും അടുക്കളയുടെ ആന്തരിക സ്വഭാവം മാറിയിട്ടില്ല. തൻ്റെ സമയത്തെ വിഭജിച്ച് സ്വന്തം കാര്യങ്ങൾക്ക് സമയം കണ്ടെത്താൻ പണിപ്പെടേണ്ടി വരുന്നു. അങ്ങനെ സമയം കണ്ടെത്തിയവർ ജീവിതത്തിൽ പൊതുകാര്യങ്ങൾക്കും സർഗ്ഗാത്മതയ്ക്കും ഉപയോഗപെടുത്തി വിജയം വരിക്കുന്നു. കമ്പ്യൂട്ടർ മുറിയെപ്പോലെ ഇഷ്ടമുള്ളപ്പോൾ കയറിച്ചെല്ലാനും ഇഷ്ടമുള്ളതു ചെയ്യാനുമുള്ള ഇടമായി അടുക്കള മാറുന്നു. 

സങ്കുചിതമായ അടുക്കള Specialisation തള്ളിക്കളഞ്ഞ്, തൻ്റെ ജോലിയുടെ പരിധിക്കപ്പുറം കടന്നു ചെല്ലാൻ സാധിക്കുന്ന ഒരു കാലം തൊഴിലാളിക്കുണ്ടാകണം. അടുക്കളയിൽ ഒരു ഷിഫ്റ്റു സമ്പ്രദായം ഏർപ്പെടുത്തേണ്ടതാണെന്ന വാദവും ശാരദക്കുട്ടി ഉന്നയിക്കുന്നു. സ്ത്രീയുടെ ശരീരം ചന്തമുള്ളതാകുന്നത്, ഇത്തരം ജോലി ചെയ്താണെങ്കിൽ എല്ലാവർക്കും ആ ചന്തമുണ്ടാകട്ടെ എന്ന് പരിഹസിക്കുകയും ചെയ്യുന്നു. മുറ്റമടിക്കലും തറ തുടയ്ക്കലും അവളുടെ മീതെ തന്നെ കെട്ടിവെക്കണമെന്നില്ല. ന്യൂഡിൽസ് പോലെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഭക്ഷണങ്ങൾ പുതിയ വീട്ടമ്മമാരുടെ ആശ്വാസമാണ്. അമ്മയുണ്ടാക്കുന്ന ഭക്ഷണം ആണിൻ്റെ Nostalgia ആണ്. പുകയും കരിയും കൊണ്ട അമ്മ. ഇത്തരം ഫ്യൂഡൽ സുഖസംബന്ധിയായ ഓർമ്മകളാണ് മലയാളി പുരുഷൻ ചുമക്കുന്നത്. ഇക്കാരണത്താലാണ് ഫാസ്റ്റ് ഫുഡ് വിപ്ലവത്തെ എതിർക്കുന്നതും. കുടുംബത്തിൻ്റെ ആരോഗ്യം സ്ത്രീയുടെ ചുമതലയാണെന്ന ഫ്യൂഡൽചിന്തയും ഇതിൻ്റെ പിന്നിലുണ്ട്. അമ്മ വെച്ച പോലത്തെ കറി എന്ന് ഏതൊരാണും സങ്കൽപ്പിക്കുന്നു.

ആപത്കരമായി പൊട്ടിത്തെറിക്കാവുന്ന ഒരുപാട് ഉപകരണങ്ങളുള്ള ഇടം കൂടിയാണ് അടുക്കള. ഗ്യാസും മിക്സിയും മറ്റും ഓർക്കുക. കടുത്ത പുക നിറഞ്ഞ ഇടം. ശുദ്ധവായുവുമില്ല. എന്നിട്ടും അവൾ അവിടെയുണ്ട്. പൊട്ടിത്തെറിക്കാൻ പാകത്തിൽ. 

ഇന്ന് സ്ത്രീകൾ അനുഭവിക്കുന്ന അടുക്കളയെന്ന സങ്കുചിത ഇടത്തെ പൊളിച്ചെഴുതാൻ പരിശ്രമിക്കുകയാണ് എഴുത്തുകാരിയായ എസ്. ശാരദക്കുട്ടി. കാലാകാലങ്ങളായി സ്ത്രീകൾ അനുഭവിക്കുന്ന അടുക്കളയെന്ന യാതനയെ സത്യസന്ധമായി ആവിഷ്കരിക്കാനും സമതയാർന്ന ഇടമായി അടുക്കള പരുവപ്പെടണമെന്ന അഭിപ്രായം ശക്തമായി മുന്നോട്ടു വെക്കാനും ടീച്ചർക്ക് സാധിച്ചിരിക്കുന്നു. ഭാര്യ വേലക്കാരിയല്ലെന്നും വീട്ടുജോലികൾ പുരുഷനുമാകാമെന്നും കാലം മാറിയത് മനസ്സിലാക്കണമെന്നും കോടതിക്കു തന്നെ പ്രസ്താവിക്കേണ്ടി വന്നിരിക്കുന്നു. പാചകമടക്കമുള്ള വീട്ടുജോലികളിൽ ഭാര്യയെ ഭർത്താവ് സഹായിക്കണമെന്ന്. അടുക്കളയുമായി രൂപപ്പെട്ട പുരുഷാധികാര ഭാഷ്യങ്ങളെയും പൂർവിക കൽപ്പനകളേയും അപഗ്രഥിച്ച്, സ്ത്രീയെ അടിമയാക്കുന്ന കാപട്യം അതിൽ ഒളിഞ്ഞു കിടപ്പുണ്ടെന്നു വ്യക്തമാക്കിത്തരുന്ന ശാരദക്കുട്ടിയുടെ ഈ ലേഖനം വളരെ പ്രസക്തവും മൂല്യവുമുള്ളതാണ്.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി