എന്താണ് വിവർത്തനം?

 


എന്താണു വിവർത്തനം?

ഇന്നത്തെ തിരക്കുപിടിച്ചതും കുഴഞ്ഞുമറിഞ്ഞതുമായ സാമൂഹികജീവിതത്തിൽ വിവർത്തനം അത്യന്താപേക്ഷിത ഘടകമായിത്തീർന്നിരിക്കുന്നു. വിവർത്തനം കൂടാതെ ലോകജനതയ്ക്ക് മുന്നേറാനാകില്ലെന്ന വിധത്തിൽ അത് വളരെ ആഴത്തിലുള്ള സ്വാധീനമാണ് ചെലുത്തിക്കൊണ്ടിരിക്കുന്നത്. ആധുനിക വാർത്താവിനിമയ സംവിധാനങ്ങളിലും സാമൂഹിക മാധ്യമരംഗങ്ങളിലും, ദൃശ്യമാദ്ധ്യമ/അച്ചടിമാദ്ധ്യമ രംഗങ്ങളിലും രാഷ്ട്ര നയതന്ത്രത്തിലുമൊക്കെ വലിയ സ്വാധീനമാണ് വിവർത്തനത്തിനുള്ളത്.

സാഹിത്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ അതിനുള്ള പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ. ലോകം വൈജ്ഞാനിക വിസ്ഫോടനത്തിൻ്റെ പാതയിലുമാണ്. വിവിധ ലോകരാജ്യങ്ങളിലുള്ള സർവകലാശാലകളിലും ശാസ്ത്ര സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ടുകളിലുമൊക്കെ നൂതനമായ പ്രോജക്ടുകളും ഗവേഷണങ്ങളും നടന്നുവരുന്നു. നൂറുകണക്കിനു ജേണലുകളിലും ആനുകാലികങ്ങളിലും സാമൂഹിക പുരോഗതിക്കുതകുന്ന പഠനങ്ങളും സംവാദങ്ങളും നടക്കുന്നു. വൈവിദ്ധ്യമാർന്ന ഭാഷകളുടെ സഞ്ചയമാണ് ഈ ലോകം. അതിനാൽ ഓരോ ഭാഷയിലും എഴുതപ്പെടുന്ന / തയ്യാറാക്കപ്പെടുന്ന പഠനങ്ങളും പ്രബന്ധങ്ങളും മുന്നോട്ടുവെക്കുന്ന അറിവ് എങ്ങനെയാണ് വിനിമയം ചെയ്യപ്പെടുന്നത്? അതിന് വിവർത്തനം കൂടിയേ കഴിയൂ. അപ്പോൾ, എന്താണ് വിവർത്തനം? വിവർത്തനമെന്നത് ഒരുതരം പകരലാണ്. ഒരു പാത്രത്തിലെ ലായിനി മറ്റൊന്നിലേക്ക് നിറയ്ക്കുന്ന പ്രവൃത്തി. ഇങ്ങനെ, ഒരു ഭാഷയിലെ ആശയത്തെ മറ്റൊരു ഭാഷയിലേക്ക് പകരുന്ന പ്രവർത്തനമെന്ന് വിവർത്തനത്തെ ലളിതമായി നിർവചിക്കാം. 

വിവർത്തനമെന്ന പ്രക്രിയയ്ക്ക് പ്രധാനമായും രണ്ടു ഭാഷകളിലുള്ള അറിവ് ആവശ്യമാണ്. ഒന്ന്, വിവർത്തനം ചെയ്യാനുദേശിക്കുന്ന കൃതി, അഥവാ പഠനം എഴുതപ്പെട്ട ഭാഷയിലുള്ള അറിവ്. മറ്റൊന്ന് വിവർത്തനം ഏതു ഭാഷയിലേക്കാണോ നിർവഹിക്കപ്പെടേണ്ടത് ആ ഭാഷ. ഇതിൽ ആദ്യത്തേത് സ്രോതഭാഷാ സംബന്ധമായ അറിവ് എന്നു പറയാം. രണ്ടാമത്തേത് ലക്ഷ്യഭാഷാ സംബന്ധമായ അറിവാണ്. സ്രോതഭാഷ എന്നതിന് Source Language, (S.L) എന്നു പറയും. സ്രോതഭാഷാ കൃതിയെ മൂലകൃതി എന്നു വിളിക്കാറുണ്ട്. ലക്ഷ്യഭാഷയെ Target Language (T.L) എന്നാണ് വിളിക്കാറ്. സാധാരണ ഗതിയിൽ പ്രോതഭാഷ കൂടുതലും വിദേശഭാഷയാകാറാണ് പതിവ്. അതായത്, ഒരാൾ വിവർത്തനം ചെയ്യാൻ തിരഞ്ഞെടുക്കുന്ന കൃതി അന്യഭാഷയിൽ എഴുതപ്പെട്ടതായിരിക്കും. വിവർത്തനം ചെയ്യപ്പെടേണ്ടുന്ന ഭാഷ മാതൃഭാഷയുമായിരിക്കും. ഇതിന് അപവാദങ്ങൾ ഉണ്ടാകാം. പതിവുരീതി സൂചിപ്പിച്ചെന്നേയുള്ളൂ. അപ്പോൾ, സ്രോത ഭാഷയിൽ നിന്നും ലക്ഷ്യഭാഷയിലേക്ക് ആശയങ്ങൾ പകരുന്ന പ്രവർത്തനമാണ് വിവർത്തനം എന്നു വരുന്നു. ഇങ്ങനെ പകർന്നാൽ മാത്രം മതിയോ? ലക്ഷ്യഭാഷയുടെ ഘടനയ്ക്ക് ഇണങ്ങണ്ടേ? അതേപോലെ വിവർത്തകൻ തോന്നുംപടി വിവർത്തനം നടത്തിയാലോ? അതും അപകടമല്ലേ? ഒരു കൃതിയുടെയഥാർത്ഥ ചിത്രമല്ലല്ലോ ലഭിക്കുക. അതിനാൽ, വിവർത്തനം എന്താണെന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ട ഒരു നിർവചനം നല്കപ്പെട്ടിട്ടുണ്ട്.

എൻ.വി. കൃഷ്ണവാരിയർ ‘വിവർത്തനം’ എന്ന കൃതിയിൽ ഇതു സംബന്ധിച്ച തൻ്റെ കാഴ്ച്ചപ്പാട് ഇപ്രകാരം രേഖപ്പെടുത്തുന്നു:

 “സ്രോതഭാഷയിലുള്ള ഒരു പദത്തിൻ്റെ അർത്ഥം ശരിക്ക്, ഏറ്റക്കുറച്ചിൽ കൂടാതെ, ആവിഷ്കരിക്കുന്ന ഒരു പദം ലക്ഷ്യഭാഷയിൽ ഉണ്ടായിക്കൊള്ളണമെന്നില്ല. അങ്കിൾ, കസിൻ മുതലായ ഇംഗ്ലീഷ് പദങ്ങൾ മലയാളത്തിലില്ലല്ലോ… അപ്പോൾ സ്രോതഭാഷയിൽ അഭിവ്യക്തമായ അർത്ഥം കഴിയുന്നത്ര ഏറ്റക്കുറച്ചിൽ കൂടാതെ ലക്ഷ്യഭാഷയിൽ ആവിഷ്കരിക്കുന്നതു കൊണ്ട് നമുക്ക് തൃപ്തിപ്പെടേണ്ടിയിരിക്കുന്നു. ആവിഷ്കരിക്കുന്നത് ലക്ഷ്യഭാഷയുടെ ശൈലിക്ക് ഇണങ്ങുന്ന രീതിയിലായില്ലെങ്കിൽ, വിവർത്തനത്തിൻ്റെ അർത്ഥം മനസ്സിലാക്കാൻ മൂലം വായിച്ചു നോക്കണമെന്ന സ്ഥിതി വന്നുചേരും.” ഈ ഘടകങ്ങളെയെല്ലാം പരിഗണിച്ചു കൊണ്ട് വിവർത്തനത്തെ ഇപ്രകാരം നിർവചിക്കുന്നു: “സ്രോതഭാഷയിൽ ആവിഷ്കരിക്കപ്പെട്ട ആശയങ്ങളെ കഴിയുന്നത്ര ഏറ്റക്കുറച്ചിൽ കൂടാതെയും, ലക്ഷ്യഭാഷയുടെ ആവിഷ്കരണ രീതിയ്ക്ക് ഇണങ്ങുന്ന രീതിയിലും, ലക്ഷ്യഭാഷയിൽ ആവിഷ്കരിക്കുന്നതിനുള്ള പ്രയത്നമാണ് വിവർത്തനം.”

ഈ പ്രയത്നത്തിൽ ആവിഷ്കരിക്കപ്പെടുന്ന അർത്ഥത്തിനെന്ന പോലെ ആവിഷ്കരിക്കപ്പെടുന്ന ഭാഷകളുടെ ശൈലികൾക്കും കഴിയുന്നത്ര സമാനതയുണ്ടാവുന്നത് നല്ലതാണെന്ന് എൻ.വി. കൂട്ടിച്ചേർക്കുന്നു.

അപ്പോൾ, ഒരു ഭാഷയിൽ നിന്ന് ആശയങ്ങളെ മറ്റൊരു ഭാഷയിലേക്കു പകരുമ്പോൾ ഒത്തിരി ശ്രദ്ധിക്കാനുണ്ടെന്നർത്ഥം. ഇനി,അടുത്ത അധ്യായത്തിൽ വിവർത്തന നിർവചനങ്ങളിലേക്കു പ്രവേശിക്കാം.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി