വിവർത്തന സിദ്ധാന്തങ്ങൾ
വിവർത്തന സിദ്ധാന്തങ്ങൾ
വിവർത്തനം ശാസ്ത്രമാണോ കലയാണോ ശാസ്ത്രമാണോ എന്ന ചോദ്യം ഇരുപതാം നൂറ്റാണ്ടിൽ വ്യാപകമായി ഉയർന്നു. വിവർത്തനം സർഗ്ഗാത്മകപ്രവർത്തനമാണെന്ന് കലാവാദികൾ സ്ഥാപിക്കുമ്പോൾ, വിവർത്തനം നിയതമായ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാകുമ്പോൾ ശാസ്ത്രമാണെന്ന് മറ്റൊരു കൂട്ടർ പറയുന്നു. കലയുമാണ്; ഒപ്പം ശാസ്ത്രവുമാണെന്ന് വാദിക്കുന്നവരാണ് ഏറെയും. പ്രയുക്തഭാഷാശാസ്ത്രത്തിൻ്റെ (Applied linguistics) ഭാഗമായി മുന്നേറിക്കൊണ്ടിരിക്കുന്ന മേഖലയാണ് വിവർത്തനത്തിൻ്റേത്. ഭാഷാശാസ്ത്രത്തിൻ്റെ ഭാഗമാകയാൽ വിവർത്തനത്തിലും സിദ്ധാന്തങ്ങൾ പ്രവർത്തിക്കുന്നു. ‘Theories of translation‘ എന്ന നാമം കൊണ്ട് ഉദ്ദേശിക്കുന്നത് വിവർത്തന സിദ്ധാന്തങ്ങൾ എന്നാകുന്നു. പാശ്ചാത്യ പണ്ഡിതരാണ് ശാസ്ത്രീയസിദ്ധാന്തങ്ങൾ രൂപീകരിക്കാനുള്ള ശ്രമങ്ങൾ കൂടുതലായും നടത്തിയത്. മിക്കവാറും വിവർത്തന സിദ്ധാന്തങ്ങൾ പണ്ഡിതരുടെ അഭിപ്രായപ്രകടനങ്ങൾ തന്നെ. ഭാരതവും വിവർത്തന മേഖലയിൽ വളരെയേറെ പാരമ്പര്യമുള്ള നാടാണ്. അശോക ചക്രവർത്തിയുടെ കാലം മുതൽ തന്നെ ഭരണസംബന്ധിയായ വിജ്ഞാപനങ്ങൾ നാട്ടുഭാഷയിലും എഴുതിവന്നു. പൊതുവായ വിവർത്തന സിദ്ധാന്തങ്ങൾ ഇവിടെ രൂപം കൊണ്ടില്ലെങ്കിലും വിവിധഭാഷകളിൽ ഇവിടെ (ഇന്ത്യയിൽ) വിവർത്തന പ്രക്രിയ നടന്നിട്ടുണ്ടു്. 12-13 നൂറ്റാണ്ടുകളിൽ പ്രാചീന സംസ്കൃതകൃതികൾ നിരവധി ഭാരതീയഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു.
വിവർത്തന സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ഫ്രഞ്ചുകാരൻ എറ്റിയൻ ഡോലറ്റ് ( Etienne Dolet, France,1509-1546) ആണ്. അദ്ദേഹം 1540 ൽ ആവിഷ്കരിച്ച സിദ്ധാന്തങ്ങളെ ഡോലറ്റിൻ്റെ പഞ്ചതത്ത്വങ്ങൾ എന്നു വിളിക്കുന്നു.
ഡോലറ്റിൻ്റെ പഞ്ചതത്ത്വങ്ങൾ
1. മൂലകൃതിയുടെ ഉള്ളടക്കവും മൂലഗ്രന്ഥകാരൻ്റെ ഉദേശ്യവും വിവർത്തകൻ നന്നായി ഗ്രഹിച്ചിരിക്കണം.
2.സ്രോതഭാഷയിലും ലക്ഷ്യഭാഷയിലും ഒരേ പോലെ ആഴത്തിലുള്ള അറിവു വേണം.
3. പദാനുപദക്രമത്തിലുള്ള വിവർത്തനം ഒഴിവാക്കണം. ആ രീതി മൂലകൃതിയുടെ അർത്ഥത്തിനു ദോഷമുണ്ടാക്കും, അവതരണഭംഗി നഷ്ടപ്പെടുത്തും.
4. സാധാരണ പ്രചാരത്തിലുള്ള ഭാഷയാണ് വിവർത്തനത്തിന് ഉപയോഗിക്കേണ്ടത്.
5. ഉചിതമായ പദങ്ങളും ഉചിതമായ പ്രയോഗവും കൊണ്ട് ഉചിതമായ സ്വരവിന്യാസത്തോടുകൂടി സ്രോത്ര ഭാഷാ കൃതിക്കനുസൃതമായി, മൊത്തത്തിലുള്ള ഫലപ്രതീതി സൃഷ്ടിക്കണം.
ജോൺ ഡ്രൈഡൻ
ഡോലറ്റിനു ശേഷം വിവർത്തനസിദ്ധാന്തങ്ങൾ അവതരിപ്പിച്ചത് പ്രശസ്ത ഇംഗ്ലീഷ് കവിയും വിമർശകനുമായ ജോൺ ഡ്രൈഡൻ (AD 1631 - 1700) ആണ്. അദ്ദേഹം മൂന്നു വിവർത്തന ശൈലികളെക്കുറിച്ചു വിവരിച്ചിട്ടുണ്ട്. ഡ്രൈഡൻ്റെ അഭിപ്രായത്തിൽ വിവർത്തനത്തിൽ മൂന്നുതരം രീതികൾ, (ശൈലികൾ) ഉണ്ട്. ഡ്രൈഡൻ പറഞ്ഞ മൂന്നു വിവർത്തന രീതികൾ എന്തൊക്കെ ?
1. പദാനുപദവിവർത്തനം (Metaphrase): പദത്തിനു പദം, വരിക്കു വരി എന്ന മട്ടിൽ വിവർത്തനം ചെയ്യുന്ന രീതി.
2. പരാവർത്തനം (Paraphrase): മൂലഗ്രന്ഥത്തെ വളരെ അവധാനതയോടെ (ശ്രദ്ധയോടെ) കാണുകയും അർത്ഥത്തെ പിന്തുടരുവാൻ ശ്രമിക്കുകയും ചെയ്യുന്ന രീതി.
3. അനുകരണം (Imitation): മൂലകൃതിയിലെ പദങ്ങളോടും അർത്ഥത്തോടും സ്വാതന്ത്ര്യം കാണിക്കുകയും, സന്ദർഭത്തിന് അവശ്യമെന്നു തോന്നിയാൽ ചില പദങ്ങളും അർത്ഥവും വിട്ടുകളയാനും വിവർത്തകനാകും. എങ്കിലും, ഡ്രൈഡൻ പിന്താങ്ങുന്നത് പരാവർത്തനത്തെയാണ് (Paraphrase).
അലക്സാണ്ടർ ഫ്രേസർ ടൈറ്റ്ലർ (1747-1813)
സ്കോട്ട്ലൻഡുകാരനാണ് ടൈറ്റ്ലർ. എഴുത്തുകാരനും ചരിത്രകാരനുമാണദ്ദേഹം. മൂന്നുതത്വങ്ങളാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ടൈറ്റ്ലരുടെ വിവർത്തന തത്ത്വത്രയം പ്രസിദ്ധമാണ്.
മൂലകൃതിയിലെ ആശയം സമ്പൂർണ്ണമായി അവതരിപ്പിക്കുന്നതാകണം വിവർത്തനം.
മൂലകൃതിയിലെ എഴുത്തുരീതിയും ശൈലിയും തന്നെയാകണം വിവർത്തനത്തിലെ എഴുത്തുരീതിയും ശൈലിയും.
മൂലകൃതിയിലെ ലാളിത്യം മുഴുവനും വിവർത്തനത്തിലുമുണ്ടാകണം.
വിവർത്തനസിദ്ധാന്തത്തിലൂടെ തൻ്റെ കാലഘട്ടത്തിൽ വിവർത്തനത്തിനു വന്നു ചേർന്ന അമിതസ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടുകയാണ് ടൈറ്റ്ലരുടെ ലക്ഷ്യം.
യുജിൻ എ നിഡ (Eugene Nida, 1914 -2011) വിവർത്തനത്തിലെ സമമൂല്യത
പ്രശസ്ത അമേരിക്കൻ ഭാഷാശാസ്ത്രജ്ഞനും വിവർത്തന സൈദ്ധാന്തികനുമാണ് യുജിൻ എ നിഡ, പ്രായോഗിക വീക്ഷണത്തോടെ വിവർത്തനത്തെ സമീപിച്ചു. Toward a science of Translating പ്രധാനകൃതിയാണ്. സ്രോതഭാഷയിലെ ആശയത്തോടുള്ള സമമൂല്യത വിവർത്തനത്തിനുണ്ടാകണമെന്ന് തൻ്റെ വിവർത്തന സംബന്ധിയായ നിർവചനത്തിൽ അദ്ദേഹം വിവക്ഷിച്ചു. എന്താണ് നിഡയുടെ നിർവചനം? സ്രോതഭാഷയുടെ സന്ദേശത്തോട് ഏറ്റവും അടുത്തുള്ള സ്വാഭാവികമായ സമതുല്യത ആദ്യം അർത്ഥത്തിലും രണ്ടാമത് ശൈലിയിലും ലക്ഷ്യഭാഷയിൽ സൃഷ്ടിക്കുന്ന പ്രവർത്തനമാണ് വിവർത്തനം.
സമമൂല്യതയിൽ അർത്ഥത്തിനാണ് അദ്ദേഹം വലിയ പരിഗണന നല്കിയത്. ശൈലിയുടെ കാര്യത്തിൽ ശ്രമിക്കാമെന്നേയുള്ളൂ.
അർത്ഥത്തെ നിഡ പ്രാധാന്യത്തോടെ വീക്ഷിക്കുകയും അതിനെ ശാസ്ത്രീയമായി വ്യാഖ്യാനിക്കുകയും ചെയ്തു. അക്കൂട്ടത്തിൽ രൂപസമമൂല്യത (Formal equivalance), ചലനാത്മകസമമൂല്യത (Dynamic equivalance) എന്നീ ആശയങ്ങൾ രൂപപ്പെട്ടു. രൂപസമമൂല്യതയിൽ മൂലകൃതിയുടെ രൂപത്തിലും ആശയത്തിലുമാണ് ശ്രദ്ധയൂന്നുന്നത്. മൂലകൃതിയുടെ ആശയം മനസ്സിലാക്കാൻ അടിക്കുറിപ്പുകൾ സഹായകമാകും.
മൂലകൃതിയുടെ രചയിതാവ് അദ്ദേഹത്തിൻ്റെ ആസ്വാദകരോട് പുലർത്തിയ ഗാഢബന്ധത്തിനു സമാനമാണ് ചലനാത്മക സമമൂല്യത പാലിക്കുന്ന വിവർത്തകൻ തൻ്റെ ആസ്വാദകരോടു പുലർത്തുന്ന ബന്ധം. ആസ്വാദകർക്ക് അർത്ഥം അനായാസമായി മനസ്സിലാകണമെന്ന് ചലനാത്മകസമമൂല്യതാ വാദം നിഷ്കർഷിക്കുന്നു.
യുജിൻ എ.നിഡ അർത്ഥത്തിന് വ്യാകരണപരമായ അർത്ഥം, നിഘണ്ടുവിലെ അർത്ഥം, പ്രാസംഗികമായ അർത്ഥം എന്നിങ്ങനെ പലതലങ്ങളും കൽപ്പിക്കുന്നുണ്ട്. നിഡ എഴുതുന്നു: ‘മൂലകൃതിയിലെ ഓരോ വാക്കും അർത്ഥതലത്തിൽ വിവിധഘടകങ്ങളായി വ്യവച്ഛേദിച്ച് അവയുടെ അന്യോന്യബന്ധം മനസ്സിലാക്കി ക്രമത്തിൽ ആ അർത്ഥലടകങ്ങളെയെല്ലാം ലക്ഷ്യഭാഷയിലേക്കു കൊണ്ടുവരികയാണ് വിവർത്തകൻ്റെ ധർമ്മം. അനുഭവസമ്പന്നനായ വിവർത്തകൻ ഈ പ്രക്രിയ അതിവേഗത്തിൽ സാധിക്കുന്നു. സന്ദർഭമനുസരിച്ച് അയാൾ ചിലതെല്ലാം വിട്ടുകളയുകയും ചെയ്തെന്നു വരാം.’
(കൃതി -വിവർത്തന ചിന്തകൾ, എഡി.വി.ആർ.പ്രബോധചന്ദ്രൻ, ലേഖനം - വിവർത്തനസിദ്ധാന്തങ്ങൾ, ഡോ.എൻ.ഇ.വിശ്വനാഥയ്യർ, 1994:31).
ജെ.സി.കാറ്റ്ഫോഡ്
സ്കോട്ടുലാൻ്റുകാരനായ ഭാഷാശാസ്ത്രജ്ഞനാണ് ജെ.സി.കാറ്റ്ഫോഡ്. വിവർത്തനത്തിൽ ശാസ്ത്രീയത ഏറ്റവും സൂക്ഷ്മതയോടെ അവതരിപ്പിച്ചത് കാറ്റ്ഫോഡാണ്. വിവർത്തനസംബന്ധിയായി ഒട്ടധികം നിയമങ്ങൾ ആവിഷ്കരിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ‘A linguistic theory of Translation’ എന്ന കൃതി അംഗീകരിക്കപ്പെട്ട വിവർത്തനശാസ്ത്ര ഗ്രന്ഥമാകുന്നു.
വിവർത്തനം ശാസ്ത്രമാണെന്ന കാഴ്ച്ചപ്പാടിന് കൂടുതൽ പ്രാബല്യം ലഭിച്ചത് കാറ്റ്ഫോഡിനു ശേഷമാണ്. കാറ്റ്ഫോഡിൻ്റെ പ്രധാന സിദ്ധാന്തം അദ്ദേഹത്തിൻ്റെ വിവർത്തന നിർവചനമാകുന്നു: ‘Translation is the replacement of textual material in one language (SL) by equivalent textual material in another language (TL).’
[സ്രോതഭാഷാ പാഠത്തിനു പകരം മറ്റൊരു ഭാഷയിലെ സമമൂല്യപാഠം - തത്തുല്യപാഠഭാഗം- ഉപയോഗിക്കുന്നതിനെയാണ് വിവർത്തനം എന്നു പറയുന്നത്.]
കാറ്റ് ഫോഡിൻ്റെ നിർവചനത്തിൽ കാണുന്ന equivalent (സമമൂല്യത), replacement (പകരംവെയ്ക്കൽ) എന്നീ പദങ്ങൾ പ്രാധാന്യമുള്ളവയാണ്. സാമാന്യഭാഷാശാസ്ത്ര തത്വങ്ങളെ ആശ്രയിക്കുന്നവയാണ് വിവർത്തന സംബന്ധിയായ ഏതു സിദ്ധാന്തവും. താരതമ്യാത്മകഭാഷാശാസ്ത്രത്തിൻ്റെ ഒരു ശാഖയാണ് വിവർത്തനസിദ്ധാന്തങ്ങൾ.
കാറ്റ്ഫോഡ് രണ്ടു വിവർത്തന വിഭാഗങ്ങൾ നിർദ്ദേശിക്കുന്നു:
1.പൂർണ്ണവിവർത്തനം
2.ഭാഗികവിവർത്തനം
സ്രോതഭാഷാപാഠത്തെ ശബ്ദകോശഭാഗം, വ്യാകരണ ഭാഗം, ധ്വനിഭാഗം, ലിപിഭാഗം എന്നിങ്ങനെ പല തലങ്ങളായി വിഭജിക്കാം. ഇവയിൽ ഏതെങ്കിലും ഒരു തലത്തിലോ പല തലങ്ങളിലോ ആയുള്ള വിവർത്തനം സാദ്ധ്യമാണ്. സ്രോത- ലക്ഷ്യഭാഷകളുടെ വിവിധഘടകങ്ങൾ തമ്മിൽ രണ്ടു തരം ബന്ധമുണ്ട്.
1. രൂപാധിഷ്ഠിത തുല്യത (Formal correspondence)
2. സന്ദർഭാധിഷ്ഠിത തുല്യത (Contextual correspondence).
വ്യാകരണഘടന, അക്ഷരവ്യവസ്ഥ മുതലായവ രണ്ടു ഭാഷകളിലും ഭിന്നങ്ങളാകയാൽ രൂപാധിഷ്ഠിത തുല്യത കുറവായിരിക്കും. ഭിന്നഭാഷകളാണെങ്കിലും ഒരേ സന്ദർഭത്തിൽ അർത്ഥതലത്തിൽ സമാനത പുലർത്തിയെന്നു വരാം. അതിനാൽ സന്ദർഭാധിഷ്ഠിത തുല്യതയ്ക്കാണ് പ്രാധാന്യം. വാക്യതലമാണ് വിവർത്തനതുല്യതയ്ക്ക് ഏറ്റവും ഉചിതമായ ഘടകമെന്ന് കാറ്റ്ഫോഡ് സമർത്ഥിക്കുന്നു.
ഭാഗികമായ വിവർത്തനവും കാറ്റ്ഫോഡ് വിശദീകരിക്കുന്നു. സ്വനപരമായ വിവർത്തനം, ലിപിപരമായ വിവർത്തനം, പകർത്തെഴുത്ത്, ലിപ്യന്തരണം എന്നു തുടങ്ങിയ വിവിധ ഭേദങ്ങൾ വ്യാഖ്യാനിക്കുകയും ചെയ്യുന്നു.
ഭാഷാശാസ്ത്രത്തിൻ്റെ വിവിധ ശാഖകളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന വിഷയമായി ഇന്നു വിവർത്തനം പരിണമിച്ചിരിക്കുന്നു. പ്രസ്തുത തലത്തിൽ ഗഹനമായ പഠനങ്ങൾ നടക്കുന്നുണ്ട്. ഡോ. സോമനാഥൻ പി.യുടെ വിവർത്തന പഠനങ്ങൾ എന്ന കൃതി ഉദാഹരണം.
വിവർത്തന സിദ്ധാന്തങ്ങളുടെ കൂട്ടത്തിൽ പരിഗണിക്കേണ്ടതും പ്രധാനവുമായ ഒരു സംവാദമാണ് ഫ്രാൻസിസ് ന്യൂമാനും മാത്യു അർണോൾഡും തമ്മിൽ നടന്നത്. അത് മറ്റൊരദ്ധ്യായത്തിൽ വിവരിക്കാം. പണ്ഡിതപരിതോഷവാദമെന്നും (പണ്ഡിതസ്വീകൃതിവാദം) നികഷോപല സിദ്ധാന്തമെന്നും അതറിയപ്പെടുന്നു.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ