ഗീതം24, 25: ഗീതാഞ്ജലി (ജി.യുടെ വിവർത്തനം)
രബീന്ദ്രനാഥ ടാഗോറിൻ്റെ ചിന്തകളോടും രചനകളോടും കൂടുതൽ മമതയുളവാകാനും ബംഗാളി സാഹിത്യത്തിൻ്റെ വൈശിഷ്ട്യത്തിലേക്ക് ശ്രദ്ധ പതിപ്പിക്കാനും ഗീതാഞ്ജലീ വിവർത്തനങ്ങൾ സഹായകമാകുന്നു. ഈ ബ്ലോഗ് വായിക്കുമല്ലോ:
https://pluttog.blogspot.com/2026/03/blog-post_27.html
ജി.ശങ്കരക്കുറുപ്പിൻ്റെ തർജമയുടെ മഹത്വം അതിൻ്റെ ലാളിത്യത്തിലും സൗന്ദര്യത്തിലും നിഗൂഢമായ ഈശ്വരാനുഭവത്തെ മൂലകൃതിക്കനുസൃതമായി ആവിഷ്കരിക്കാനുള്ള കഴിവിലും ഉള്ളടങ്ങുന്നു. ഉദാഹരണമായി, ഇരുപത്തിനാലാമത്തെ ഗീതം പരിശോധിക്കാം.
ഗീതം ഇരുപത്തിനാല്
‘ഇല്ലെനിക്കീ ജന്മത്തിൽ നിൻ സന്ദർശനയോഗ’മെന്ന വരിയിലൂടെ ഈശ്വരനെ കാണുകയെന്നത് ഈ ജന്മത്തിൽ തന്നെ സംബന്ധിച്ച് അസാദ്ധ്യമാണെന്ന് കവി സമർത്ഥിക്കുന്നു. ഇത് കവിക്ക് അറിയാവുന്ന ഭൗതികമായ വസ്തുതയാണ്. പക്ഷേ കാണാനാകില്ലെന്ന സങ്കടം കിനാവിൽ പോലും കെടാതെ തൻ്റെ ഉള്ളിൽ സ്ഥായിയായി ഉണ്ടാകണമെന്ന തീവ്രാഭിലാഷം ഈശ്വരപ്രണയത്തിൻ്റെ നിസ്തുല ഉദാഹരണമായെടുക്കാം.
ഈശ്വരനെ തേടി, അവൻ്റെ സാന്നിദ്ധ്യം ആഗ്രഹിച്ചു കൊണ്ട് ഇഹലോകജീവിത കമ്പോളത്തിൽ ഞാൻ ചുറ്റാം. വർദ്ധിച്ച ധനം രണ്ടു കൈ കൊണ്ടും വാരി സമൃദ്ധിയാഘോഷിക്കാം. ഇഹലോകജീവിതസുഖം കൊണ്ടും ധനം കൊണ്ടും ഒന്നുംനേടിയില്ലെന്ന തീവ്രദുഃഖം എൻ്റെ കരളിലും സ്വപ്നത്തിലും ജ്വലിക്കട്ടെ.
പാതവക്കിൽ [ജീവിതപ്പാതയോരത്ത്] ഈശ്വരനെ തേടിത്തേടി തളർന്ന് വലഞ്ഞിരിക്കെ, ആകെ കൈമുതലായുള്ള കീറപ്പായ പാടുപെട്ടു മണ്ണിൽ നിവർത്തവേ, ഇനിയും നിന്നെക്കാണാൻ ഏറെ മുന്നേറാനുണ്ടെന്ന നോവുളവാക്കുന്ന ബോധം എപ്പോഴും, ഉറക്കത്തിൽപ്പോലും മനസ്സിൽ ഉണർന്നിരിക്കട്ടെ.
ജീവിതാനുഭൂതികൾ തേടി ലൗകിക ചേഷ്ടകളിൽ വ്യാപൃതനായി സന്തോഷിക്കുകയും വീടലങ്കരിക്കുകയും ഓടക്കുഴൽ വിളിക്കുകയും ചെയ്യാൻ ഞാൻ തയ്യാറാണ്. ഇതൊക്കെ എത്രയായാലും, അല്ലയോ പ്രഭോ, ഒരിക്കലെങ്കിലും എൻ്റെ വീട്ടിലേക്ക് അങ്ങയെ ആനയിച്ച്, സൽക്കരിക്കാനെനിക്കു സാദ്ധ്യമായിട്ടില്ലെന്ന ചിന്ത തീവ്രമായി എന്നിൽ നീറിപ്പുകയട്ടെ, എൻ്റെ കരളിലും കിനാവിലും ആ ചിന്ത ജ്വലിക്കട്ടെ.
ഗീതം ഇരുപത്തിയഞ്ച്
ഓരോ ദിനവും അല്ലയോ പ്രഭോ, നിൻ്റെ വേർപാട് ഞാനറിയുന്നു. ഓരോ ലോകത്തും, അനേക രൂപമോടെ ആകാശത്തും, സമുദ്രത്തിലും പർവതങ്ങളുടെയും വനങ്ങളുടെയും മദ്ധ്യത്തിലും ഞാനത് അറിയുന്നു. രാത്രികളിൽ നക്ഷത്രങ്ങളുടെ ഉണർവുറ്റ മിഴികളിൽ നിൻ്റെ വിരഹം ജ്വലിക്കുന്നതു ഞാൻ കാണുന്നു. നിൻ്റെ വിരഹം മുഴക്കമായി ചിങ്ങപ്പുതുമഴ പൊഴിയവേ ഇളം തളിരിൽ പ്രകടമാകുന്നു. ഓരോ ഗൃഹത്തിലും പലതരം സുഖത്തിലും ദുഃഖത്തിലും പ്രത്യക്ഷമാകുന്ന സ്നേഹപ്രകടനങ്ങളിലും പ്രതീക്ഷകളിലും ആ വിരഹത്തിൻ്റെ അഗാധത ഞാനറിയുന്നു. ജീവിതത്തെ ദുഃഖസാന്ദ്രമാക്കി, ഹൃദയത്തിൽ വിങ്ങിപ്പൊട്ടുന്ന ആ വേർപാടിൻ്റെ പ്രവാഹമാണ്, എന്നിൽ നിന്നുമുളവാകുന്ന വൈവിദ്ധ്യമാർന്ന ഗാനം.
ഈശ്വരനുമായുള്ള സംലയനമാണ് കവി [ടാഗോർ] ആഗ്രഹിക്കുന്നത്. അതിനുള്ള തീവ്രാഭിലാഷം പ്രകടമാകുന്ന വരികളാണിവ. കവിതയുടെ ആഴങ്ങളിൽ പ്രത്യക്ഷമാകുന്ന ഈശ്വരാനുഭൂതിക്ക് മികച്ച ഉദാഹരണമാണ് മേൽപ്പറഞ്ഞ ഗീതങ്ങൾ. ഭാവപ്പൊലിമയോടെ ഭാഷാന്തരം നിർവഹിക്കാൻ മഹാകവി ജി.യ്ക്ക് സാധിച്ചിരിക്കുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ