വിവർത്തനരീതികൾ



വിവർത്തനരീതികൾ

വിവർത്തനം കലയുമാണ്; ശാസ്ത്രവുമാണ്. മൂലഗ്രന്ഥകാരൻ്റെ ആഖ്യാനത്തിനനുസൃതമായ തുല്യത വിവർത്തനത്തിൽ വരുത്താൻ പരമാവധി ശ്രമിക്കേണ്ട ബാദ്ധ്യത വിവർത്തകനെ സംബന്ധിച്ചുണ്ട്. സർഗ്ഗാത്മകസാഹിത്യകൃതികളെയും വൈജ്ഞാനികമേഖലയിലുള്ള കൃതികളെയും മാത്രമല്ല, പ്രഭാഷണങ്ങൾ, കൂടിക്കാഴ്ച്ചകൾ, പ്രസംഗങ്ങൾ മുതലായവയൊക്കെ വിവർത്തനമേഖലയിൽ പെടുന്നു. അതിന് പല വിവർത്തന രീതികളും ഓരോ മേഖലയ്ക്കനുസൃതമായി പരിഭാഷകർ സ്വീകരിക്കാറുണ്ട്. അതു വിശദീകരിക്കുകയാണ് ഇവിടെ. ഏതു സാഹിത്യമേഖലയിലുള്ള, ഏതു തരത്തിലുള്ള വിവർത്തനമായിരിക്കുമതെന്നതിനെ ആശ്രയിച്ചായിരിക്കുമത്.

അതായത്, വിവർത്തനത്തിന് എന്തൊക്കെ രീതികളാണ് ഉപയോഗിക്കുന്നത് എന്നാണ് വിശദീകരിക്കുന്നത്.

വിവർത്തനരീതികളെ തരംതിരിക്കുമ്പോൾ മുഖ്യമായും വിവർത്തകൻ്റെ ലക്ഷ്യം എന്തെന്ന് അറിയേണ്ടതുണ്ട്. കേസരി ഏ.ബാലകൃഷ്ണപിള്ള പരിഭാഷകളെ മൂന്നായി തരംതിരിക്കുന്നു. 

1.സൂക്ഷ്മം

2.സ്വതന്ത്രം

3.തത്വാനുരൂപം.

സങ്കീർണ്ണമാണ് ബാലകൃഷ്ണപിള്ളയുടെ നിർവചനങ്ങൾ. സൂക്ഷ്മതർജമയ്ക്ക് ‘പാവങ്ങൾ’ എന്ന കൃതിയെ ഉദാഹരണമായി എടുക്കുന്നു. ചങ്ങമ്പുഴയുടെ ‘ദേവഗീത’ എന്ന വിവർത്തനം സ്വതന്ത്ര തർജമയ്ക്കും സ്റ്റെഫാൻ സ്വെയ്ഗിൻ്റെ ‘വോൾപോൺ ‘ തത്വാനുരൂപത്തിന് ഉദാഹരണമായി കേസരി നൽകുന്നു. 

എസ്.ഗുപ്തൻ നായർ കുറേക്കൂടി ശാസ്ത്രീയമായ സമീപനത്തിൻ്റെ അടിസ്ഥാനത്തിൽ തർജമയ്ക്ക് ഇപ്രകാരം പേരിടുന്നു:

1. അനുഗതർജുമ (Faithful translation)

2. ഏകദേശ തർജുമ (Free translation)

3. പുന:സൃഷ്ടി (re-creation)

ലോകത്ത് നടക്കുന്ന പരിഭാഷയുടെ 95 ശതമാനവും അനുഗതർജമയാണെന്ന് എസ് . ഗുപ്തൻ നായർ വ്യക്തമാക്കുന്നു. (കൃതി - വിവർത്തനം, 1990:16, ലേഖനം - ചില പൊതുതത്ത്വങ്ങൾ.)

മാദ്ധ്യമങ്ങളിലും അന്താരാഷ്ട്ര സമിതികളിലും വൈജ്ഞാനികകൃതികളുടെ വിവർത്തനത്തിലും അനുഗതതർജമയാണ് ഉപയോഗിക്കുന്നത്. ഉടൻ ചെയ്തു തീർക്കേണ്ടതും ഭംഗി ശ്രദ്ധാവിഷയമാകാത്തതുമായ തർജമയാണിത്. 

മധ്യകാലങ്ങളിൽ പദമായിരുന്നു പരിഭാഷയുടെ ഏകകം. പദങ്ങൾ മാത്രമല്ല, അവയുടെ ക്രമവും പവിത്രമാണെന്ന് അന്നു കരുതിയിരുന്നു. സ്രോതഭാഷാ പദത്തിനു പകരം അതേ സ്ഥാനങ്ങളിൽ ലക്ഷ്യഭാഷാപദങ്ങൾ അണിനിരന്നു. പദങ്ങളുടെ ക്രമം പോലും തെല്ലും മാറ്റരുതെന്ന് അനുശാസിക്കപ്പെട്ടു. മതഗ്രന്ഥപരിഭാഷകൾ പോലും ഇതു നിമിത്തം ദുർഘടമായി. 

പദസംഹിതയോ (Phrase) വാക്യമോ ആണ് പരിഭാഷയ്ക്ക് ഏറ്റവും പറ്റിയ ഏകകമെന്ന ചിന്ത നവോത്ഥാനകാലത്തുണ്ടായി. മാർട്ടിൻ ലൂതർ ബൈബിൾ തർജമയിൽ ഈ രീതിയാണ് സ്വീകരിച്ചത്. മൂലകൃതിയിലെ വാക്യങ്ങളോടോ പദസംഹിതകളോടോ അർത്ഥപരമായ സാമ്യമുള്ള വാക്യങ്ങളോ പദസംഹിതകളോ പ്രയോഗിക്കുക എന്നതാണ് ഈ സമ്പ്രദായത്തിൻ്റെ സവിശേഷത. (ലേഖനം -മുഖ്യപ്രശ്നങ്ങൾ, വി.ആർ.പ്രബോധചന്ദ്രൻ, കൃതി - വിവർത്തനം, 1990:28).

മൂലഭാഷാകൃതിയെ ആദ്യന്തം ഒരൊറ്റ ഏകകമായി പരിഗണിച്ച് ലക്ഷ്യഭാഷയിലേക്കു പകരാൻ ശ്രമിക്കുകയെന്നതാണ് മൂന്നാമത്തെ രീതി. സന്ദർഭാനുസൃതമുള്ള തർജമാരീതിയാണിത്. പരിഭാഷയുടെ ഏകകം വാക്കുകളോ വാക്യസംഹിതകളോ ഖണ്ഡികകളോ ഒക്കെയാകാം.

‘വിവർത്തന വിചാരം’ എന്ന കൃതിയിൽ വിവർത്തനശാസ്’ത്രത്തെ ആധാരമാക്കി എൻ. ഇ.വിശ്വനാഥയ്യർ വിവർത്തനരീതികളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. 

മാദ്ധ്യമമനുസരിച്ച് വിവർത്തനത്തെ മൂന്നു വിഭാഗങ്ങളാക്കിത്തിരിച്ചിരിക്കുന്നു.

1. പ്രതീകാശിതം

2. ഭാഷാശ്രിതം

3. ലേഖനാശ്രിതം

1. പ്രതീകാശ്രിതം

ഭാഷ ആശയങ്ങളുടെ പ്രതീകങ്ങളാൽ നിർമ്മിതമാണെന്ന ആശയമാണ് ഇതിലുള്ളത്. ഒരേ ഭാഷയിൽ

പദ്യത്തിൽ പറഞ്ഞത് ഗദ്യത്തിലും ഗദ്യത്തിൽ പറഞ്ഞത് പദ്യത്തിലും വിവരിക്കാവുന്നതാണ്. ഇതിൽ ഒരു ഭാഷ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെങ്കിലും ഒന്ന് മറ്റൊന്നിൻ്റെ വിവർത്തനം തന്നെ. ഏകഭാഷിക വിവർത്തനമെന്നു വിളിക്കാം. സംസ്കൃതശ്ലോകങ്ങളുടെ അന്വയം പറയലും ഇതിൽപെടും.

ഒന്നിലധികം ഭാഷകളിലെ കാര്യങ്ങൾ വിവർത്തനം ചെയ്യുന്നതിനെ ദ്വൈഭാഷിക വിവർത്തനമെന്നു പറയുന്നു. ഇതാണ് സാധാരണഗതിയിൽ വിവർത്തനമായി അറിയപ്പെടുന്നത്.

ഭാഷയെ ആശ്രയിക്കാതെ മറ്റു പ്രതീകങ്ങളെ അടിസ്ഥാനമാക്കിയും വിവർത്തനമുണ്ട്. കാളിദാസൻ്റെ ശ്ലോകം രവിവർമ്മ ചിത്രമാക്കുമ്പോൾ സംഭവിക്കുന്നതും വിവർത്തനം തന്നെ. നോവൽ നാടകമാക്കുമ്പോഴും കഥ സിനിമയാക്കുമ്പോഴും ഈ വിഭാഗം തന്നെ. അന്ത:പ്രതീകാത്മകം എന്ന് ഇത്തരം വിവർത്തനങ്ങൾക്കു പറയുന്നു.

2. ഭാഷാശ്രിതം:

ഭാഷാശ്രിത വിഭജനത്തിൽ രണ്ടു വിഭാഗങ്ങളുണ്ട്. അർത്ഥാധിഷ്ഠിതം, രൂപാധിഷ്ഠിതം. അർത്ഥാധിഷ്ഠിതവിവർത്തനം രണ്ടു വിധത്തിൽ ലിഖിത വിവർത്തനം, വാചിക വിവർത്തനം. കടലാസിലെഴുതിയുള്ള വിവർത്തനം ലിഖിതം. വാചിക വിവർത്തനം വ്യാഖ്യാനം കൂടി ഉൾക്കൊള്ളുന്നു. ഈ വ്യത്യാസം സൂചിപ്പിക്കാൻ ലിഖിതവിവർത്തനത്തെ Translation എന്നും വാചികവിവർത്തനത്തെ Interpretation എന്നും വിളിക്കുന്നു. 

ഭാഷാരൂപത്തെ അടിസ്ഥാനമാക്കി (രൂപാധിഷ്ഠിത വിവർത്തനത്തെ) പദ്യവിവർത്തനം, ഗദ്യവിവർത്തനം എന്നിങ്ങനെ രണ്ടു വിഭാഗം.

3. ലേഖനാശ്രിതം

ലേഖനാശ്രിത വിവർത്തനത്തിൽ രണ്ടു വിഭാഗം. ലിപ്യങ്കനം, ലിപ്യന്തരണം. 

സ്രോതഭാഷയിലെ ചില പദങ്ങളും പേരുകളും ലക്ഷ്യഭാഷയിൽ വിവർത്തനം ചെയ്യാൻ പറ്റില്ല. അതിനാൽ അവ ലക്ഷ്യഭാഷയിലെ ലിപിയിൽ എഴുതുകയേ നിവൃത്തിയുള്ളൂ 

ലിപ്യങ്കനത്തിൽ സ്രോതഭാഷയിലെ പദങ്ങൾ കേൾക്കുന്ന ഉച്ചാരണമനുസരിച്ച് ലക്ഷ്യഭാഷയിലെഴുതുന്നു. ഉദാ: ശാരദ ഒന്നാംഭാഗത്തിലെ കണ്ടൻമേനോൻ്റെ തർജമ. Bouafide- ബോണാപിട്ട്.

ലിപ്യന്തരണത്തിൽ സ്രോതഭാഷയിലെ പദങ്ങൾ അവയുടെ ലിപി ചിഹ്നങ്ങൾക്കു പകരം ലക്ഷ്യഭാഷയിലെ ലിപിചിഹ്നങ്ങൾ ഉപയോഗിച്ച് അവതരിപ്പിക്കുന്നു. സ്രോതഭാഷയിലെ ലിപി പ്രതിനിധീകരിക്കുന്ന വർണ്ണം ലക്ഷ്യഭാഷയിലില്ലാതെ വന്നാൽ, ലക്ഷ്യഭാഷയിലെ വർണ്ണങ്ങൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. (എൻ.ഇ.വിശ്വനാഥയ്യർ, പുറം 49). ഉദാ: ഫോക്കസ്, സീബ്രാ. 

ഭാഷയ്ക്ക് ശബ്ദം, അർത്ഥം എന്നിങ്ങനെ രണ്ടു ഭാഗമുണ്ട്. ഇതിൽ ഏതിനു പ്രാധാന്യം നല്കുന്നുവെന്നതിനെ അടിസ്ഥാനമാക്കി വിവർത്തനത്തിന് അഞ്ചു പ്രധാന വിഭാഗങ്ങൾ.

1.ശബ്ദാർത്ഥ വിവർത്തനം (Literal translation)

2. പദാനുപദ വിവർത്തനം (Word for Word translation)

3. ആശയ വിവർത്തനം (Faithful translation)

4.സ്വതന്ത്ര വിവർത്തനം (Free translation)

5. ആശയ രൂപാന്തരണം (Adaptation)

1.ശബ്ദാർത്ഥ വിവർത്തനം (Literal translation)

 വളരെ സാധാരണമായ വിവർത്തന രീതിയാണിത്. ഇതിൽ സ്രോത ഭാഷയിലുള്ള പദങ്ങളോ വാക്യങ്ങളോ ഒഴിവായിപ്പോകാതെ അവയുടെ ആശയം ലക്ഷ്യഭാഷയിലെ വാക്യഘടനയനുസരിച്ച് അവതരിപ്പിക്കുന്ന പ്രാമാണിക രീതി.

2. പദാനുപദ വിവർത്തനം (Word for Word translation)

ഇവിടെ പരാമർശിക്കുന്ന പദാനുപദവിവർത്തനത്തിൽ സ്രോതഭാഷയിലെ വാക്യഘടനാ ക്രമം വേണമെന്നില്ല. മൂലഭാഷയിലെ പദങ്ങളുടെ നിയതാർത്ഥം (അഭിധാർത്ഥം) അതുപോലെ വിവർത്തനം ചെയ്യുക എന്നേ അർത്ഥമുള്ളൂ. (എൻ. ഇ. വിശ്വനാഥയ്യർ, 50). സാഹിത്യത്തിൽ ഇതു പ്രാവർത്തികമല്ല. ശാസ്ത്രം,നിയമം, മതം എന്നിവ സംബന്ധിച്ച ഗ്രന്ഥങ്ങളിൽ ഈ വിവർത്തനം ആവശ്യമാണ്.

3. ആശയവിവർത്തനം (Faithful translation)

സ്രോതഭാഷയിലെ കൃതിയുടെ ആശയം ലക്ഷ്യഭാഷയിൽ തെറ്റു കൂടാതെയും തെറ്റിദ്ധാരണയുളവാക്കാതെയും അവതരിപ്പിക്കുന്ന രീതിയാണ് ആശയ വിവർത്തനം. മൂലകൃതിയിലെ വാക്യങ്ങൾ ലക്ഷ്യഭാഷയിൽ യോജിപ്പിക്കേണ്ടി വന്നേക്കാം. ശൈലികളിൽ മാറ്റം വരാം. ശാസ്ത്രതർജമയ്ക് ഈ രീതി യോജിച്ചതല്ല. 

4.സ്വതന്ത്ര വിവർത്തനം (Free translation)

വിവർത്തകൻ്റെ സ്വാതന്ത്ര്യത്തിലുള്ള വർദ്ധനവാണ് സ്വതന്ത്ര വിവർത്തനത്തിൻ്റെ പ്രത്യേകത. സ്രോതഭാഷാ കൃതിയിലെ പ്രധാനാംശം വിട്ടുപോകാൻ പാടില്ല. സ്വന്തം ശൈലിയിൽ, സ്രോതഭാഷാകൃതിയിലെ മുഖ്യാശയം വിട്ടുപോകാതെ നടത്തുന്ന വിവർത്തനത്തെ സ്വതന്ത്ര വിവർത്തനമെന്നു വിളിക്കാം. മുകളിൽപ്പറഞ്ഞ ആശയവിവർത്തനത്തിൽ സ്രോതഭാഷാ കൃതിയിലെ (മൂലകൃതിയിലെ) ഭാഗങ്ങൾ വിടാനോ, ക്രമം മാറ്റാനോ പാടില്ലെങ്കിൽ, സ്വതന്ത്രവിവർത്തനത്തിൽ ഇതു സംഭവിക്കാം. നോവൽ വിവർത്തനത്തിന് ഏറ്റവും ഉചിതമായ രീതി ഇതാണ്.

5.ആശയരൂപാന്തരണം (Adaptation)

എന്താണ് അഡാപ്റ്റേഷൻ? എൻ. ഇ.വിശ്വനാഥയ്യർ വ്യക്തമാക്കുന്നു: “ സ്രോത ഭാഷയിലെ കഥയും മറ്റും ലക്ഷ്യഭാഷയിലേക്കു വിവർത്തനം ചെയ്യുന്നതോടൊപ്പം ദേശപാത്രാദികളുടെ (ദേശം, കഥാപാത്രം മുതലായവയുടെ) നാമരൂപങ്ങളും മറ്റും ലക്ഷ്യഭാഷാനുസൃതമായി വിവർത്തനം ചെയ്യുകയാണ് ഇതിലെ രീതി”(2014:51). ഇതാണ് അഡാപ്റ്റേഷൻ; അഥവാ ആശയരൂപാന്തരണം.

ഷേക്സ്പിയറുടെ ‘ഒഥല്ലോ’ എന്ന കൃതിയുടെ ആശയരൂപാന്തരണമാണ് കൈനിക്കര കുമാരപിള്ളയുടെ ‘ദുരന്ത ദുശ്ശങ്ക’. ഒരിടത്തു വളർന്ന ചെടിയെ മറ്റൊരിടത്തു പറിച്ചുനടുന്ന പോലെയാണിത്. അനുകൂലമായ സാഹചര്യങ്ങളൊത്തില്ലെങ്കിൽ അതു വാടിക്കരിയും. പേരും ദേശവും മാത്രമല്ല, കഥയാകെ പുതിയ ഭാഷയിലെ (ലക്ഷ്യഭാഷയിലെ) സംസ്കാരത്തിനനുസൃതമായി മാറ്റേണ്ടിവരും. ഇപ്രകാരം ലേഖനാശ്രിത വിവർത്തന രീതികൾ നിരവധിയുണ്ട്.  

വാചാവിവർത്തനവും ആശുവിവർത്തനവും

വാചാ വിവർത്തനത്തിനും ആശുവിവർത്തനത്തിനും വലിയ പ്രാധാന്യമുണ്ട്. കൂടിക്കാഴ്ചകൾ, പ്രചാരണങ്ങൾ, പ്രഭാഷണങ്ങൾ, പ്രസംഗങ്ങൾ മുതലായവയെല്ലാം വാചാവിവർത്തനം ആവശ്യപ്പെടുന്നു. സാർവദേശീയതലത്തിൽ ഐക്യരാഷ്ട്രസഭ പോലുള്ള സംഘടനകൾ, പാർലമെൻ്റുകൾ, വിവിധ സംഘടനാ സമ്മേളനങ്ങൾ മുതലായവയിൽ ഇത് അത്യന്താപേക്ഷിതമത്രെ. 

സ്രോത ഭാഷയിലുള്ള സംസാരത്തെ ലക്ഷ്യഭാഷയിലേക്കു മാറ്റലാണ് വാചാവിവർത്തനത്തിൽ സംഭവിക്കുന്നത്. കൂടിക്കാഴ്ചകളിലെ സംസാരം തർജമ ചെയ്യുമ്പോൾ പദാനുപദ തർജമയേക്കാളും ലക്ഷ്യഭാഷയിൽ ആശയം ഗ്രഹിക്കാനുതകും വിധമാകണം തർജമ ചെയ്യേണ്ടത്.  

പ്രസംഗം തർജമ ചെയ്തുഫലിപ്പിക്കുക വിഷമകരമാണ്. പ്രസംഗകൻ്റെ ഭാഷയും ഭാഷാശൈലിയും ഉച്ചാരണവുമെല്ലാം അറിഞ്ഞ് പരിചിതനാകേണ്ടത് അത്യാവശ്യമാണ്. ആശുവിവർത്തനത്തെ പ്രസംഗവിവർത്തനം എന്നും പറയാം. പ്രസംഗകൻ പറയുന്നത് ഒന്നും രണ്ടും വാക്യങ്ങളിൽ നിർത്തി, വിവർത്തകൻ പരിഭാഷപ്പെടുത്തിയ ശേഷം തുടരുന്നു. ഇതിനെ സവിരാമ വിവർത്തനമെന്നു പറയുന്നു. പ്രസംഗം കഴിഞ്ഞ് സംഗ്രഹരൂപത്തിൽ തർജമചെയ്തവതരിപ്പിക്കുന്നത് അവിരാമവിവർത്തനം. പ്രത്യുൽപ്പന്നമതിത്വവും അവധാനതയും ഇത്തരം പരിഭാഷകളിൽ പരിഭാഷകന് ആവശ്യമാണ്. പ്രസംഗപരിഭാഷ നിർവഹിക്കുമ്പോൾ കുറിക്കുകൊള്ളുന്ന വാക്കുകളും ശൈലികളും ഉടൻ പ്രയോഗിക്കാനുതകുന്ന മനോധർമ്മവും വിവർത്തകനുണ്ടാകുന്നത് നല്ലതാണ്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി