പണ്ഡിതപരിതോഷവാദവും മൂലാനുസാരി സിദ്ധാന്തവും
പണ്ഡിതപരിതോഷവാദവും മൂലാനുസാരി സിദ്ധാന്തവും
ഇംഗ്ലീഷുസാഹിത്യത്തിൽ പ്രശസ്തനായ കവിയും നിരൂപകനുമാണ് മാത്യു അർണോൾഡ് (1822-1888). വിവർത്തനത്തെക്കുറിച്ചു ശക്തമായ നിലപാടെടുക്കാൻ മാത്യു അർണോൾഡിന് അവസരം കിട്ടി. അതിനുള്ള സാഹചര്യമൊരുക്കിയത് ഫ്രാൻസിസ് ന്യൂമാൻ (Francis Newman-1805-1897) എന്ന ഇംഗ്ലീഷ് ചിന്തകനും വിവർത്തകനുമായ എഴുത്തുകാരനുമാണ്. അദ്ദേഹം ഗ്രീക്കു പുരാതന കവിയായ ഹോമറിൻ്റെ ഇലിയഡെന്ന മഹാകാവ്യം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. അതിൽ വിവർത്തനത്തെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു.
ഫ്രാൻസിസ് ന്യൂമാൻ്റെ കാഴ്ച്ചപ്പാട്: മൂലാനുസാരിത്വവാദം
ഒരു നല്ല വിവർത്തകൻ തന്നെക്കൊണ്ടു സാധിക്കുന്നിടത്തോളം മൂലകൃതിയുടെ ഓരോ സവിശേഷതയും നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. മൂലകൃതിയുടെ വിദേശീയത -അന്യത്വം- കൂടുന്തോറും വിവർത്തകൻ്റെ ശ്രദ്ധയും കൂടേണ്ടതുണ്ട്. മറ്റൊരു കൃതിയെയാണ് അനുകരിക്കുന്നതെന്ന് ഓർമ്മിക്കണം. എല്ലാ പ്രകാരത്തിലും വളരെ ഭിന്നമായ ഒരു സാമഗ്രിയാണ് താൻ അനുകരിക്കുന്നതെന്നതും വിവർത്തകൻ ഓർക്കണം. മൂലകൃതിയോടു സത്യസന്ധത പുലർത്തുകയെന്നതാണ് വിവർത്തകൻ്റെ ഒന്നാമത്തെ കർത്തവ്യം. അതിന് ചരിത്രപ്രാധാന്യവുമുണ്ട്. ന്യൂമാൻ പറയുന്നു: “വിദ്വാന്മാർ പാണ്ഡിത്യത്തിൻ്റെ വിധികർത്താക്കളാണ് എന്നതു ശരിതന്നെ. എന്നാൽ, കാവ്യാസ്വാദനത്തിൽ അഭ്യസ്തവിദ്യരെങ്കിലും പണ്ഡിതരല്ലാത്ത പൊതുജനമാണ് ആധികാരികവിധികർത്താവ്. അവരോടാണ് എനിക്ക് അപേക്ഷിക്കാനുള്ളത്.” (വിവർത്തനവിചാരം, എൻ. ഇ.വിശ്വനാഥയ്യർ, 2014:69). ഈ സിദ്ധാന്തത്തെ ന്യൂമാൻ്റെ മൂലാനുസാരിത്വവാദമെന്നു വിളിക്കുന്നു.
മാത്യു അർണോൾഡിൻ്റെ എതിർവാദം: പണ്ഡിതപരിതോഷവാദം അഥവാ നികഷോപല വാദം.
മാത്യു അർണോൾഡ് സ്വന്തമായി വിവർത്തനസിദ്ധാന്തമൊന്നും ചമച്ചിട്ടില്ലെങ്കിലും, വിവർത്തനത്തെ സംബന്ധിച്ചു ദൃഢമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഹോമറുടെ ഇലിയഡിൻ്റെ പല വിവർത്തനങ്ങളും അദ്ദേഹം വായിച്ചു. ന്യൂമാൻ്റെ വിവർത്തനവും അഭിപ്രായവും ശ്രദ്ധിച്ചു. ഇതിൻ്റെയൊക്കെ അടിസ്ഥാനത്തിലാണ് തൻ്റെ നിലപാടുകൾ അർണോൾഡ് രൂപപ്പെടുത്തിയത്. അദ്ദേഹത്തിൻ്റെ നിലപാടുകൾ ന്യൂമാൻ്റെ വിവർത്തനചിന്തകളെ എതിർക്കുന്നവയായിരുന്നു.
On Translating Homer (ഹോമറെ വിവർത്തനം ചെയ്യുമ്പോൾ) എന്ന നീണ്ട പ്രബന്ധം വിവർത്തനത്തെ സംബന്ധിക്കുന്ന ശ്രദ്ധേയമായ രേഖയാണ്. 1860 -61 വർഷങ്ങളിൽ ഓക്സ്ഫോഡ് സർവകലാശാലയിൽ പ്രഭാഷണ പരമ്പര നടത്താൻ ഈ വിഷയത്തിൽ അർണോൾഡിന് അവസരം കിട്ടി.
മൂലകൃതിയുടെ ഫലം പുന:സൃഷ്ടിക്കുകയാണ് യഥാർത്ഥ വിവർത്തകൻ്റെ ധർമ്മമെന്ന് അർണോൾഡ് അഭിപ്രായപ്പെട്ടു,
ഹോമറിൻ്റെ കൃതി അന്നത്തെ ഗ്രീക്ക് ആസ്വാദകരിൽ എന്തു സ്വാധീനമാണു ചെലുത്തിയതെന്ന് അറിയാൻ നിവൃത്തിയില്ല. ഗ്രീക്കുകാർ എങ്ങനെയാണ് ഹോമറോടു പ്രതികരിച്ചതെന്ന് അറിയാനാകില്ല. എന്നാൽ, ഇന്നത്തെ ജനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് അവർക്കു പറയാൻ കഴിയും. ഗ്രീക്കിൽ പരിജ്ഞാനവും കാവ്യാഭിരുചിയും സംവേദനക്ഷമതയുമുള്ള പണ്ഡിതന്മാരാണ് തങ്ങളുടെ കാഴ്ചപ്പാടിൽ വിവർത്തനത്തെ വിലയിരുത്താൻ പ്രാപ്തിയുള്ളവർ. അവരുടെ അഭിപ്രായമാണ് വിവർത്തനത്തെ സംബന്ധിച്ചുള്ള ശരിയായ അഭിപ്രായം. വിവർത്തനം അവരിൽ മൂലകൃതിയുടെ പ്രതികരണം ഏകദേശം ഉണ്ടാക്കുന്നുണ്ടോയെന്നു പറയാൻ അവർക്കേ കഴിയൂ.
അതായത്, മൂലഭാഷയിൽ/ സ്രോതഭാഷയിൽ വിദഗ്ദ്ധരും പണ്ഡിതരുമായ ലക്ഷ്യഭാഷയിലുള്ള ആസ്വാദകരുടെ അഭിപ്രായത്തിനാണ് അർണോൾഡ് പ്രാധാന്യം കൽപ്പിക്കുന്നത്.
അത്തരം പണ്ഡിതരാണ് ശരിയായ വിധികർത്താക്കൾ. പഠിപ്പില്ലാത്ത ബ്രിട്ടീഷുകാരൻ്റെ കൈവശം വിധിനിർണ്ണയത്തിനുള്ള കരുക്കളില്ല. പണ്ടത്തെ ഗ്രീക്കുകാരാകട്ടെ, മരിച്ചും പോയി. പണ്ഡിതനല്ലാത്ത ഒരു വ്യക്തിക്ക് കാവ്യാസ്വാദനശീലം ഏറെയുണ്ടായാലും യഥാർത്ഥ മൂല്യനിർണ്ണയം ചെയ്യാൻ സാദ്ധ്യമല്ലെന്ന് അർണോൾഡു വാദിച്ചു. പണ്ഡിതർക്കു പ്രാധാന്യം നല്കുന്ന ഈ സിദ്ധാന്തം വേറൊരു രീതിയിൽ നിരൂപണമേഖലയിൽ അർണോൾഡ് അവതരിപ്പിച്ചു. ഒരു ക്ലാസ്സിക് കൃതിയുടെ മൂലരൂപവുമായി തുലനം ചെയ്ത് വിവർത്തനത്തിൻ്റെ മൂല്യം സങ്കൽപ്പിക്കുന്നതാണ് ഈ സിദ്ധാന്തത്തിൻ്റെ മർമ്മം. ഇതിനെ Touch stone Method അഥവാ നികഷോപലവാദമെന്നും വിളിക്കുന്നു.കാവ്യവിവർത്തന മേഖലയിലാണ് അർണോൾഡിൻ്റെ ചിന്തകൾ പ്രചരിച്ചത്. അർണോൾഡിന് ന്യൂമാൻ വീണ്ടും മറുപടി നൽകി. ‘Translation in theory and practice: A reply to Mathew Arnold’ എന്നാണ് കൃതിയുടെ പേര്. ചിന്തയുടെ ജഡത നീക്കം ചെയ്ത് പുതിയ ആശയങ്ങളും സിദ്ധാന്തങ്ങളും രൂപംകൊള്ളാൻ ന്യൂമാൻ - അർണോൾഡ് സംവാദം വഴിവെച്ചു. വിവർത്തനരംഗം കൂടുതൽ സജീവമാകാൻ ഇത് സഹായിച്ചു.
സഹായഗ്രന്ഥങ്ങൾ:
വിവർത്തനവിചാരം - ഡോ.എൻ. ഇ.വിശ്വനാഥയ്യർ, 2014.
വിവർത്തന ചിന്തകൾ - എഡി. വി. ആർ. പ്രബോധചന്ദ്രൻ, 1994.
വിവർത്തനവിചിന്തനം - ഡോ. ആർസു, 1990.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ